അനാഥ രാത്രി

വിരിപ്പിടാതിത്തറയില്‍ തണുപ്പില്‍

കുറച്ചുനേരം തലചായ്ചിരിക്കെ.

തുറസ്സിലേയ്ക്കാഞ്ഞ വരാന്ത താരാ-

പഥങ്ങളെക്കോരി മനസ്സിലിട്ടു.

എരിഞ്ഞു നില്‍പേയിതിലെങ്ങു കാണും

പൊടുന്നനെപ്പോയ കഴിഞ്ഞകാലം.

തുടഞ്ഞുപോയെന്‍റെ വിചാരലോകം.

പ്രഭാതപാതയ്ക്കിരു തോളിലേറി

വിരിഞ്ഞ കണ്ണിന്‍ വിപുലപ്രപഞ്ചം...

പിടിച്ചുനില്‍ക്കും തെരുവിന്‍ വിളക്ക-

ത്തപൂര്‍വ്നാട്യച്ചുവടില്‍ കണങ്ങള്‍

കളിച്ചു താരാപഥമെന്ന കേളി,

ഇറുന്നുവീഴുന്നതിലേറെയെന്മേല്‍,

ഞൊടിച്ചെറിഞ്ഞിപ്പൊഴസഹ്യനോ ഞാന്‍.

അളന്നുതൂക്കിത്തളിരിട്ടു പൂവി-

ട്ടനന്തസാധ്യതയിരുന്നു മൂളും

പടര്‍പ്പിലാണ്ടെന്‍റെയിരിപ്പു കണ്ടോ

മുഖം ചുളിച്ചോ, ക്ഷയചന്ദ്ര, താരം

കുമിഞ്ഞു കൂടും ചെറുചെമ്പരത്തി

ത്തലപ്പെഴുന്നള്ളുമിരുണ്ട വാനില്‍.

ജലം ചിറഞ്ഞങ്ങിവിടെത്തി നോട്ടം

അപാരദാഹത്തെത്തിരിച്ചങ്ങറിഞ്ഞോ,

എടുത്തുചാടുന്നൊരു തുള്ളിയായി

ചുടുന്ന കോശങ്ങളിലമൃതൂട്ടായ്,

അകത്തൊരാറ്റില്‍ പ്രളയപ്രകാശം.

‘‘ഇവിടെന്തു നിങ്ങളിതൊറ്റയായി

തിരിഞ്ഞിരിക്കുന്നു, അഗാധരാവില്‍?’’

അകം പുറത്തേയ്ക്കൊരു ‘നുള്ളു’വാതില്‍

തുറന്നുനോക്കുന്നു -സനാഥനേ, ഞാന്‍!

എനിക്കൊരാളെങ്കിലുമുണ്ടുണര്‍ത്താന്‍.

അകത്തുകേറിത്തഴുതിട്ടു വാതില്‍,

തുറന്നിരിക്കും ജനലിന്‍റെ പാളി

വലിച്ചടയ്ക്കുന്നിതു നേരമല്ലോ

വിതുമ്പലിന്‍ പൂവിളി, മാറിനില്‍ക്കു-

ന്നനാഥരാവിന്‍ ചെറുതാരകങ്ങള്‍.

ഒരൊറ്റനില്‍പാലെയുറക്കമില്ലാതെ

ഇലതല്ലിക്കരഞ്ഞു ഭൂമിയെങ്ങും...


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.