സന്ദേഹിയുടെ തുന്നൽപ്പണികൾ

സൂചിദ്വാരത്തിലേക്ക് കണ്ണുകോര്‍ത്ത് നൂലിനറ്റത്ത് പട്ടം കെട്ടിയാര്‍ത്ത് കാറ്റുള്ള അന്തിനേരത്ത് കീറലുള്ള മനോരാജ്യത്ത് കാലുനീട്ടിയിരിക്കുന്നു കീറലിനൊപ്പമിരിക്കുന്നു അന്തിയൊപ്പിയ തുണിത്തുണ്ടത്തില്‍ ഒതുങ്ങിയുരുണ്ട ചുവന്ന മുയലിന്റെ നീളന്‍ ചെവിയുടെ ചെരിവിലൊരുറുമ്പ് നീളെ കാണുന്ന പുഴയുടെ കുറുകെ കാരറ്റിന്റെ ചരട് വലിക്കുന്നു വെളുത്ത നൂലില്‍നിന്നൊരു കൈ കഴുകിയാറ്റിയ കാരറ്റിനെ തൊട്ടതും വിശപ്പിന്റെ മാളവുമായി മുയലെത്തി ഒരു കാരറ്റ് കൊണ്ടൊന്നുമാവില്ലല്ലോ സൂചിത്തുമ്പില്‍ അടുക്കളയെ കോര്‍ക്കുന്നു ചോറിലെ തവിടിന് ചുവന്ന വരകളണിഞ്ഞുകൊടുക്കുന്നു വാടിയ ചീരയിലയിലൂടെ കടുകിന്റെ...

സൂചിദ്വാരത്തിലേക്ക് കണ്ണുകോര്‍ത്ത്

നൂലിനറ്റത്ത് പട്ടം കെട്ടിയാര്‍ത്ത്

കാറ്റുള്ള അന്തിനേരത്ത്

കീറലുള്ള മനോരാജ്യത്ത്

കാലുനീട്ടിയിരിക്കുന്നു

കീറലിനൊപ്പമിരിക്കുന്നു

അന്തിയൊപ്പിയ തുണിത്തുണ്ടത്തില്‍

ഒതുങ്ങിയുരുണ്ട ചുവന്ന മുയലിന്റെ

നീളന്‍ ചെവിയുടെ ചെരിവിലൊരുറുമ്പ്

നീളെ കാണുന്ന പുഴയുടെ കുറുകെ

കാരറ്റിന്റെ ചരട് വലിക്കുന്നു

വെളുത്ത നൂലില്‍നിന്നൊരു കൈ

കഴുകിയാറ്റിയ കാരറ്റിനെ തൊട്ടതും

വിശപ്പിന്റെ മാളവുമായി മുയലെത്തി

ഒരു കാരറ്റ് കൊണ്ടൊന്നുമാവില്ലല്ലോ

സൂചിത്തുമ്പില്‍ അടുക്കളയെ കോര്‍ക്കുന്നു

ചോറിലെ തവിടിന് ചുവന്ന വരകളണിഞ്ഞുകൊടുക്കുന്നു

വാടിയ ചീരയിലയിലൂടെ കടുകിന്റെ കണ്ണു വരക്കുന്നു

കഴിച്ചു ബാക്കിയായ പരിപ്പുകറിയുടെ

മഞ്ഞയില്‍ കുത്തി സൂചിത്തലയെ കിടത്തിയുറക്കുന്നു

വിശപ്പ് ചുണ്ട് തുടച്ചിറങ്ങിപ്പോവുന്നു

അടുക്കള സൂചിയില്‍നിന്നടര്‍ന്നു പോവുന്നു

മുയലും തുന്നല്‍ക്കാരന്‍പക്ഷിയും

സൂചിയുടെ തണുപ്പില്‍ മയങ്ങുന്നു.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.