ടി.കെ. സന്തോഷ് കുമാർ എഴുതിയ ‘ഉയിര്’ കവിത (ലക്കം 1476) കാലത്തിന്റെ പ്രവാഹത്തിലേക്ക് വായനക്കാരനെക്കൂടി അവന്റെ അനുവാദമില്ലാതെതന്നെ കൊണ്ടുചെന്നിടുന്ന അഗാധമായൊരു കാവ്യസരസ്സാണ്. ഈ കവിത കേവലം ജീവവായുവിന്റെ ബഹിർസ്ഫുരണമല്ല, മറിച്ച് അസ്തിത്വത്തിന്റെ അർഥത്തെക്കുറിച്ചുള്ള രാഷ്ട്രീയ ദാർശനികതയുടെ അന്വേഷണംകൂടിയാണ്.
‘‘പണ്ടു ഞാനടിയുറപ്പിച്ച മൺപാതയുരുൾ പൊട്ടലിലൊലിച്ചുപോയെങ്കിലും’’ എന്ന് തുടങ്ങുമ്പോൾതന്നെ, കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങൾ മാഞ്ഞുപോയതിനെക്കുറിച്ചുള്ള, അഥവാ മാഞ്ഞുപോകുമെന്നുള്ള വേദനയും എന്നാൽ, അവിടെ ശേഷിക്കുന്ന ‘ജീവശ്വാസ’ത്തെക്കുറിച്ചുള്ള ബോധവും കവി എത്ര സ്വാഭാവികതയോടെയാണ് പങ്കുവെക്കുന്നത്. (കവിതയുടെ ആസ്വാദനത്തെ സുഗമമാക്കുന്ന ചിത്രീകരണം ഗംഭീരം-പ്രകാശവലയത്തിനുള്ളിൽ ഇരിക്കുന്ന മനുഷ്യരൂപം, അനിത്യതയിലും നിലനിൽക്കുന്ന ജീവന്റെ തുടർച്ചയെ മനോഹരമായി വരച്ചിരിക്കുന്നു.)
‘ഉയിര്’ എന്ന ഈ കവിത ലളിതമായ പദങ്ങൾകൊണ്ട് സങ്കീർണമായ ആശയങ്ങളെ അവതരിപ്പിക്കുകയും ആകെയൊരു മിതത്വം പ്രദർശിപ്പിക്കുകയും ചെയ്യുന്നതായി കാണാം.
കവിതയിലെ ചില വരികൾ പരാജയത്തെക്കുറിച്ചും, അത് അവസാനമല്ലെന്നും പുതിയ തുടക്കമാണെന്നും സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇതിനെ ഇങ്ങനെ വായിക്കാം –‘‘ജയിക്കാനല്ല തോൽവി, തോൽക്കാനുമല്ല തോൽവി’’ എന്ന വരികൾ രാഷ്ട്രീയ പരാജയത്തെ കേവലം തോൽവിയായി കാണേണ്ടതില്ല എന്ന വലിയൊരു അർഥം ഉൽപാദിപ്പിക്കുന്നു. കൂടാതെ, അവസാനം ‘‘ശൂന്യത്തിൽനിന്നും ശൂന്യം ശൂന്യമായുയിർക്കുന്നു...’’ ശൂന്യതയെ ഭൗതികമായ ഒരു ഇല്ലായ്മയായല്ല, മറിച്ച് സർഗാത്മകതയുടെ മറ്റൊരവസ്ഥയായി കവി എഴുതുന്നു. അതായത്, പൂജ്യത്തിൽനിന്നും പൂജ്യം പൂജ്യമായുയിർക്കുന്നു എന്നതിനെ തന്റെ കാവ്യകൽപനാശേഷി ഉപയോഗിച്ച് എത്ര മനോഹരമായി എഴുതിെവച്ചിരിക്കുന്നു.
ഈ കവിതയിലെ ആശയങ്ങൾ പാശ്ചാത്യ സാഹിത്യത്തിലെ ചില ദർശനങ്ങളുമായി ചേർന്നുനിൽക്കുന്നു എന്നതും കൗതുകമുണർത്തുന്നു. അസ്തിത്വവാദിയും ചിന്തകനുമായി ജീൻ പോൾ സാർത്രിനെപ്പോലുള്ളവരുടെ രചനകളിൽ കാണുന്ന ‘അർഥമില്ലായ്മയിൽ അർഥം കണ്ടെത്തുക’ എന്ന ചിന്ത, ‘‘വരയ്ക്കാനാവില്ലല്ലോ വരയാൽ മാത്രം ചിത്രം’’ എന്ന വരികളിൽ പ്രതിഫലിക്കുന്നുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘ഫോർ ക്വാർട്ടെറ്റ്സ്’ (Four Quartets) എന്ന കവിതയിൽ സമയത്തെക്കുറിച്ചും അനന്തതയെക്കുറിച്ചും പറയുന്ന ആശയങ്ങളുമായി ഇക്കവിയുടെ ശൂന്യതയെക്കുറിച്ചുള്ള ചിന്തകൾക്ക് സാമ്യമുണ്ട്. എലിയറ്റിന്റെ കവിതകളിലെ വർത്തമാനകാല പ്രസക്തി, ഈ കവിതയിലെ തോൽവിയും വിജയവും കൂടിക്കലരുന്ന അവസ്ഥയുമായി ചേർന്നുനിൽക്കുന്നതു കാണാൻ പ്രയാസമില്ല. സാമുവൽ ബെക്കറ്റിന്റെ നാടകങ്ങളിലെ ശൂന്യതയെക്കുറിച്ചുള്ള ഭയവും എന്നാൽ, അതിജീവിക്കാനുള്ള ശ്രമവും ഈ കവിതയിലെ ‘ശ്വാസ’ത്തിന്റെ തുടർച്ചയിൽ കാണാൻ സാധിക്കും.
‘ഉയിര്’ കേവലം ഒരു കവിതയല്ല, അതൊരു അനുഭവമാണ്. നഷ്ടപ്പെട്ടതിലേക്ക് തിരിഞ്ഞുനോക്കുമ്പോഴും, നിലനിൽക്കുന്ന ശ്വാസത്തിൽ ഊന്നി പുതിയതായി മറ്റൊന്നിനെ നിർമിക്കാനുള്ള മനുഷ്യന്റെ ആത്മവീര്യത്തെക്കൂടിയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. പരാജയത്തെ അന്ത്യകൂദാശയായി കാണാതെ, ആത്മപരിശോധനക്കുള്ള ദത്തമായി കാണാനും പുതിയ തിരുത്തലിനും മാറ്റത്തിനുമുള്ള അവസരമായി കാണാനുമാണ് കവി ഇവിടെ ശ്രമിക്കുന്നത്. പരാജയം നിത്യമല്ലെന്നും, അതിൽനിന്ന് പുതിയൊരു ഉയിർത്തെഴുന്നേൽപ് സാധ്യമാണെന്നും കവിത ഓർമിപ്പിക്കുന്നു.
ബെർണാഡ് മൊറൈസ്, തിരുവനന്തപുരം
ഡോ. ടി.കെ. സന്തോഷ് കുമാറിന്റെ ‘ഉയിര്’ എന്ന കവിത (ലക്കം 1476) പ്രകൃതി, മനുഷ്യൻ, അസ്തിത്വം എന്നിവയുടെ പാരസ്പര്യത്തെ ദാർശനികമായി അന്വേഷിക്കുന്ന മികച്ചൊരു കാവ്യാനുഭവമാണ്. “പണ്ടു ഞാനടിയുറപ്പിച്ച മൺപാതയുരുൾപൊട്ടലിലൊലിച്ചുപോയെങ്കിലും ശേഷിക്കുന്നു മണ്ണടരിലായ് ശ്വാസം നിലയ്ക്കാത്തതാം ജീവതന്തു” എന്നാരംഭിക്കുന്ന കവിത, തകർച്ചകളുടെ നടുവിലും നഷ്ടപ്പെട്ടുപോകാത്ത നിലനിൽപിന്റെ അദൃശ്യമായ തുടർച്ചയെ അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ അതിജീവനം പ്രകൃതിയുടെ പുനർജനനവുമായി എത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന പാരിസ്ഥിതികദർശനവും ‘മണ്ണടരിലെ ശേഷിക്കുന്ന ആ ജീവതന്തു’വിൽ തെളിയുന്നുണ്ട്.
കേവലമായ അതിജീവനത്തിനപ്പുറം നിരന്തരമുള്ള രൂപാന്തരീകരണമാണ് കവിതയുടെ കേന്ദ്രപ്രമേയം. ജയം/തോൽവി, പൂർണം/ശൂന്യം, പുതുമ /പഴമ എന്നീ പരമ്പരാഗത ദ്വന്ദ്വങ്ങൾ കവിതയിൽ തകർക്കപ്പെടുന്നുണ്ട്. ഇവയൊന്നും തന്നെ സ്ഥിരമായ സത്തകളല്ലെന്നും, നിരന്തരം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന പ്രപഞ്ചസത്യങ്ങളാണെന്നും കവി ഓർമിപ്പിക്കുന്നു. “ജയിക്കാനല്ല തോൽവി, തോൽക്കാനുമല്ല തോൽവി...” എന്ന വരികളിലൂടെ പരാജയത്തെ അന്തിമവിധിയായല്ല, മനുഷ്യന്റെ ആത്മബോധത്തിനും വളർച്ചക്കും വഴിയൊരുക്കുന്ന സജീവമായ അനുഭവമായി കവിതയിൽ പുനർനിർവചിക്കുകയാണ്. “വരകൾക്കുള്ളിൽനിന്നും നീളുന്നവരയെത്തും, വരികൾക്കുള്ളിൽ വേറെ വരികളൊളിഞ്ഞെത്തും” എന്നത് ജീവിതസാധ്യതകളുടെ അനന്തതയെക്കുറിച്ചുള്ള ആലോചനയായി മാറുന്നു.
കവിതയിലെ ‘ശൂന്യത’യെക്കുറിച്ചുള്ള നിരീക്ഷണം, ബൗദ്ധദർശനത്തിലെ ‘ശൂന്യത’യെ വായനക്കാരിലേക്ക് പടർത്തുന്നുണ്ട്. ഇവിടെ ശൂന്യമെന്നത് ഒന്നിന്റെയും ഇല്ലായ്മയല്ല; അത് പുതിയ രൂപപ്പെടലുകൾക്കിടം നൽകുന്ന സൃഷ്ടിപരമായ അവസ്ഥയാണ്. ഒരു ചിത്രത്തിന് വരകളെന്നപോലെ തന്നെ അനിവാര്യമാണ് അതിനു ചുറ്റുമുള്ള ശൂന്യമായ ഇടങ്ങൾ (Negative Space). അതുപോലെ, കവിതയിലെ വാക്കുകൾക്കിടയിലുള്ള നിശ്ശബ്ദത അതിന് അർഥം പകരുന്നുണ്ട്. “വരയാൽ മാത്രം ചിത്രം തികയ്ക്കാനാവില്ല” എന്ന് ഓർമിപ്പിക്കുമ്പോൾ, കലയിലും ജീവിതത്തിലും ആ ‘ശൂന്യത’കൂടി വേണമെന്നാണ് കവി സമർഥിക്കുന്നത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, കവിതയുടെ രൂപഘടന തന്നെയും അതിന്റെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നതാണ്. ഒരു വാക്ക് മറ്റൊരു വാക്കിലേക്കും ഒരാശയം മറ്റൊരാശയത്തിലേക്കും പടർന്നുപോകുന്ന ആന്തരികതാളമുള്ള കാവ്യഘടന, ജീവിതത്തെക്കുറിച്ച് കവിത മുന്നോട്ടുവെക്കുന്ന നിരന്തരചലനത്തിന്റെ തത്ത്വത്തെ രൂപപരമായും സാക്ഷ്യപ്പെടുത്തുന്നു.
യുദ്ധങ്ങളും കുടിയേറ്റങ്ങളും പാരിസ്ഥിതികമായ വെല്ലുവിളികളും വ്യക്തിജീവിതത്തിലെ നിരാശകളുമടക്കമുള്ള സമകാലിക പ്രതിസന്ധികളിൽ ഉഴലുന്ന മനുഷ്യന്, പുതിയൊരുയിർപ്പ് സാധ്യമാണെന്ന പ്രത്യാശയുടെ രാഷ്ട്രീയമാണ് ഈ കവിത പങ്കുവെക്കുന്നത്. ശൂന്യതയിൽനിന്നുപോലും പുതിയൊരു ജീവനെ മുളപ്പിച്ചെടുക്കാൻ കെൽപുള്ള മനുഷ്യന്റെ ശ്വാസവും ആത്മവിശ്വാസവുമാണ് എല്ലാറ്റിനുമാധാരമെന്ന് കവി പറയുന്നു. “ശൂന്യത്തെയുയിർപ്പിക്കുമുയിരാണല്ലോ ശ്വാസം” എന്ന അവസാന വരികൾ ഈ കാവ്യദർശനത്തിന്റെ സാരാംശമായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ കവിത ഒരു വ്യക്തിയുടെ ആത്മാനുഭവത്തെ മറികടന്ന് സമൂഹത്തിന്റെ കൂട്ടായ അതിജീവനസ്മരണയായി വളരുന്നു.
സാന്ദ്രലക്ഷ്മി ആർ. (ഗവേഷക, കേരള സർവകലാശാല, തിരുവനന്തപുരം)
മനോജ് ഭാരതി എഴുതിയ കഥ ‘കാലമാപിനി’യുടെ (ലക്കം 1477) പ്രമേയം ഏറെ ഇഷ്ടമായി. വളരെ വേഗത്തിൽ ഓടുന്ന ഇന്നത്തെ സമൂഹത്തിൽ, ഈ കഥയിലെ സിദ്ധാർഥിനെ പോലെ ശാന്തമായി, സ്വന്തം രീതിയിൽ ജീവിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് ഇതിൽ വളരെ നന്നായി കാണിച്ചു.
നായിക നൈലയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ കഥ കൂടുതൽ മനസ്സിൽ തട്ടുന്നു. അവൾ ആദ്യം അയാളിലെ ഏത് പ്രത്യേകത കണ്ടാണോ ഇഷ്ടപ്പെട്ടത്, അവസാനം അതേ പ്രത്യേകതതന്നെ അയാളിൽനിന്നും അവളെ അകറ്റുന്നു. അവരുടെ മാനസികാവസ്ഥകളും ബന്ധത്തിന്റെ മാറ്റങ്ങളും വായിക്കുമ്പോൾ ഒരു നല്ല സിനിമ കാണുന്ന അനുഭവംപോലെയായിരുന്നു. ശാസ്ത്രീയ ചിന്തകളും മനുഷ്യബന്ധങ്ങളിലെ വികാരങ്ങളും ചേർത്ത് എഴുതുന്ന കഥകൾ വായിക്കാൻ ഒരു പ്രത്യേക രസമാണ്. നല്ലൊരു കഥ നൽകിയ എഴുത്തുകാരനും അത് തെരഞ്ഞെടുത്ത ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
അരവിന്ദ് ജി. കോതമംഗലം
‘മാമ്പഴം’ എന്ന കവിതയിൽ വിഷാദ ഭാവം മുറ്റിനിൽക്കുന്നതുകൊണ്ടാണ് കവിത ഇത്രയേറെ വികാരഭരിതവും ഹൃദയാകർഷകവുമാകുന്നത്. വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയെ കുറിച്ച് പി.പി. സത്യൻ എഴുതിയ പഠനം (ലക്കം 1469) ആലോചനാമൃതമാണ്. ഒരമ്മയുടെയും കുഞ്ഞിന്റെയും വേർപാടിലുള്ള അമ്മയുടെ ഹൃദയവികാരങ്ങളാണ് കവി അതീവ ഹൃദ്യമായി ‘മാമ്പഴ’ത്തിൽ അവതരിപ്പിക്കുന്നത്. എത്ര വർഷം കഴിഞ്ഞാലും ആ വികാരപരത നിലനിൽക്കുകതന്നെ ചെയ്യും. കവിതയിലെ മനഃശാസ്ത്രപരമായ വശവും ചർച്ച ചെയ്യാവുന്നതാണ്.
മനഃശാസ്ത്ര സമീപനത്തേക്കാൾ അനുഭൂതിപരമായ ഹൃദ്യതതന്നെയാണ് ഹൃദയസ്പർശിയാകുന്നത്. കവിത വായനക്കാരിൽ അനുഭൂതി ജനിപ്പിക്കുന്നതാകണം എന്ന നിഷ്കർഷ ഈ കവിതയിൽ കവിക്ക് ഉണ്ടുതാനും. കവി ബോധപൂർവം ആവിഷ്കരിക്കുന്നതാണ് ഈ വികാരപരത. ചുരുക്കത്തിൽ കവിയുടെ ബോധപൂർവമായ വികാരാവിഷ്കരണമാണ് കവിയെ ഇത്രയും ഹൃദ്യമാക്കുന്നത്. കവി എഴുതിക്കഴിയുമ്പോൾതന്നെ കവിത വായനക്കാരുടേതായി മാറുകയാണെന്ന യാഥാർഥ്യവും അംഗീകരിക്കേണ്ടതുണ്ട്. സഹൃദയരായ വായനക്കാർക്ക് കവിത എങ്ങനെ വേണമെങ്കിലും ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും പിന്നീട് ലഭിക്കുന്നു. ആസ്വാദനമാണ് പരമപ്രധാനം. അല്ലാതെ കവിതയെ കീറിമുറിച്ച് പരിക്കേൽപിക്കുന്നതിൽ അർഥമില്ല.
അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴമാണ് ‘മാമ്പഴം’ എന്ന കവിതയുടെ ഇതിവൃത്തം. ഈ വിഷയം വികാരജനകവും അനുഭൂതിപരവുമായി അവതരിപ്പിക്കുന്നതിലാണ് കവിയുടെ വിജയം. ഈ കവിതയിൽ അമ്മയും കുഞ്ഞും തമ്മിലുള്ള വികാരപരമായ ഇടപെടലുകൾക്കാണ് പരമപ്രാധാന്യമുള്ളത്. കുഞ്ഞുങ്ങളിലെ തെറ്റ് കണ്ടെത്തി അമ്മ ശാസിക്കുന്നത് സ്വാഭാവികമാണ്. ആ ശാസന കുഞ്ഞിൽ അളവറ്റ വിഷാദചിന്ത ഉണ്ടാക്കുമെന്ന് അമ്മക്ക് പ്രതീക്ഷയില്ല താനും. കുഞ്ഞിന്റെ അകാല വേർപാട് താങ്ങാൻ അമ്മക്ക് സാധിക്കാതെ വരുന്ന സന്ദർഭമാണ് ഈ കവിതയിലെ വികാരപരമായ സന്ദർഭം.
യാദൃച്ഛികതകളാണ് പെട്ടെന്നുണ്ടായ കുഞ്ഞിന്റെ വേർപാടിനും അമ്മയുടെ തീവ്രദുഃഖത്തിനും കാരണമാകുന്നത്. അമ്മക്ക് ആദ്യ മാമ്പഴം വീണപ്പോൾ ഹൃദയമുരുകി കരയാതിരിക്കാൻ കഴിഞ്ഞില്ല. അത് ഒരമ്മയുടെ മാത്രം ദുഃഖമാണുതാനും. ഈ സന്ദർഭത്തെയാണ് കവി ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുള്ളത്. കവിഭാവനയുടെ വിജയമാണ് എന്നുമാത്രം ധരിച്ചാൽ മതിയാകും.
സദാശിവൻ നായർ, എരമല്ലൂർ
‘തുടക്കം’ പംക്തിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ ശരവേഗത്തിലുള്ള വളർച്ചയെക്കുറിച്ച് എഴുതിയിരിക്കുന്ന ഓരോ വാക്കും അർഥവത്താണ് (ലക്കം 1475). ഇന്ത്യയിലെ തൊഴിൽരഹിതരായ യുവതീ യുവാക്കളെ ഇത്തിക്കണ്ണികളോടും പാറ്റയോടും ആവഹേളനപരമായി ഉപമിച്ച സുപ്രീംകോടതി ജഡ്ജിക്ക് അക്ഷരാർഥത്തിൽ തെറ്റുപറ്റി. ആത്മാഭിമാനമുള്ള യുവലോകം ദിവസങ്ങൾകൊണ്ട് 22.4 മില്യൺ അനുഗാമികളെ സൃഷ്ടിച്ചുവെന്നത് നിലവിലുള്ള രാഷ്ട്രീയ പാർട്ടിക്കാരെ ഒന്നടങ്കം ഭയപ്പെടുത്തുന്നതാണ്. കോക്രോച്ച് ജനത പാർട്ടിയുടെ നയരേഖകൾ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടേതുപോലെ കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല, മറിച്ച് ഭരണഘടനാമൂല്യങ്ങൾ വീണ്ടെടുക്കാനുള്ള പ്രഖ്യാപനങ്ങളാണ്.
വിമർശനങ്ങളെ രാജ്യദ്രോഹമായി കാണുന്ന ഫാഷിസ്റ്റ് ശൈലിക്കെതിരെ വിയോജിക്കാനും ചോദ്യംചെയ്യാനുമുള്ള പൗരന്റെ അവകാശത്തെ ഏറ്റവും വലിയ കരുത്തായി സി.ജെ.പി പ്രഖ്യാപിക്കുന്നു എന്നത് പുതിയ പാർട്ടിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു. വഴിമുട്ടുന്ന യുവത്വത്തിന്റെ ഈ ഡിജിറ്റൽ മുന്നേറ്റം നാളത്തെ ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് കാരണമായേക്കാം. ഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാറ്റ പാർട്ടി രൂപവത്കരിച്ചതെന്ന് അവകാശപ്പെടുന്നവർക്ക് അരവിന്ദ് കെജ്രിവാളിന്റെയും കുറ്റിച്ചൂൽ ചിഹ്നമാക്കിയ പാർട്ടിയുടെയും അധോഗതി വരാതിരിക്കട്ടെ!
ഫാ. ഡാർലി എടപ്പാക്കാട്ടിൽ, മുളന്തുരുത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.