എഴുത്തുകുത്ത്

വന്ദേമാതരം, നിന്ദയും വന്ദനവും

പി.ബി. ജിജീഷ് എഴുതിയ ‘ആർക്കാണ് വന്ദേമാതരം ആലപിക്കണമെന്ന വാശി’ (ലക്കം 1475) വായിച്ചു. തമിഴ്നാട്ടിലും കേരളത്തിലും ബംഗാളിലും ‘വന്ദേമാതര’ത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുകയും ബംഗാളിൽ മുസ്​ലിം മതകാര്യങ്ങൾ പഠിപ്പിക്കുന്ന മദ്റസകളിൽ നിർബന്ധമായും ‘വന്ദേമാതരം’ പാടണമെന്ന കൽപന ഭരണകൂടം പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ ചിന്ത കാലോചിതമായിരിക്കുന്നു. ‘വന്ദേമാതര’മെന്ന ദേശീയഗീതം നിർബന്ധമായും പാടണമെന്ന് ഒരു ഭരണകൂടം പറയുമ്പോൾ തഴയപ്പെടുന്നതും തിരസ്കരിക്കപ്പെടുന്നതും ദേശീയഗാനമായി കണക്കാക്കപ്പെടുന്ന ‘ജനഗണമന’ എന്ന ഗാനവും ഇന്ത്യൻ സാഹിത്യത്തെ അന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ രവീന്ദ്രനാഥ ടാഗോറുമാണ്. അതാണ് സംഘ്പരിവാർ സംഘടനയുടെ ലക്ഷ്യവും.

യഥാർഥത്തിൽ ‘വന്ദേമാതര’ ഗീതത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷ് പൂജകനും മുസ്​ലിം വിരുദ്ധനുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സംഘ്പരിവാർ സംഘടനകൾക്ക് ഇത്ര ഇഷ്ടക്കാരനാകുന്നത്.

‘ആനന്ദമഠം’ എന്ന നോവലിന്റെ പശ്ചാത്തലം തന്നെ മുസ്​ലിം വിരുദ്ധമാണ്. മുസ്​ലിം ഭരണാധികാരികൾക്കെതിരെ, അതായത് മുഗളന്മാർക്കെതിരെ ഹിന്ദു സന്യാസിമാർ നടത്തുന്ന യുദ്ധമാണ് നോവലിൽ ആവിഷ്കരിക്കുന്നത്. മാതൃഭൂമിയുടെ വിമോചനം സാധ്യമാകുന്നത് ബ്രിട്ടീഷിൽനിന്ന് രാജ്യം മോചിപ്പിക്കുമ്പോഴല്ല നീരീസിൽനിന്ന് (മുസ്​ലിംകളെ വിളിക്കാൻ നോവലിൽ ഉപയോഗിച്ച അശ്ലീല പദം) രാജ്യത്തെ മോചിപ്പിക്കുമ്പോഴാണ് എന്നാണ് നോവൽ മുന്നോട്ടുവെക്കുന്ന ആശയം.

നോവലിന്റെ അവസാന ഭാഗത്ത്‌ ബ്രിട്ടീഷുകാരെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ‘‘യഥാർഥ ഹിന്ദു ആത്മീയജ്ഞാനം അർജിക്കണം. അതിന് ആദ്യം ഭൗതികജ്ഞാനം പഠിക്കണം. അതിന് ഏറ്റവും പ്രാപ്തർ ഇംഗ്ലീഷുകാരാണ്. അവർ നല്ല അധ്യാപകരാണ്. അതുകൊണ്ട് നാം ഇംഗ്ലീഷ് ഭരണം സ്വീകരിക്കണം’’ എന്നെല്ലാം ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയിട്ടുണ്ട്.

ഈ ഗാനം എങ്ങനെയാണ് സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമാകുന്നത്. ഇതിന്റെ വിഗ്രഹപൂജയും മുസ്​ലിം വിരുദ്ധതയും മനസ്സിലാക്കിയതുകൊണ്ടാണ് അന്നത്തെ മുസ്​ലിംകൾ ഇതിനെ പൊതുവേദികളിൽ പാടുന്നതിനെ എതിർത്തത്. ഇത് ബ്രിട്ടീഷ് വിരുദ്ധ സമരത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, മനുഷ്യ മനസ്സുകളിൽ വർഗീയതയും വിദ്വേഷവും ഉണ്ടാക്കുകയും ചെയ്യുന്നു. ആർ.എസ്.എസിന്റെ ക്ലാസുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ‘വന്ദേ മാതരം’ മാറിയത് അതുകൊണ്ടാണ്. ആർ.എസ്.എസിന്റെ പല മുദ്രാവാക്യങ്ങളും കടമെടുത്തത് ‘ആനന്ദമഠ’ത്തിൽ നിന്നാണ്. ‘‘ഒരു മുസ്​ലിം ഭരണാധികാരിക്ക് നമ്മെ എങ്ങനെ സംരക്ഷിക്കാൻ കഴിയും. നമുക്ക് മതം നഷ്ടപ്പെട്ടു. ജാതി നഷ്ടപ്പെട്ടു. ബഹുമാനവും കുടുംബ നാമവും നഷ്ടപ്പെട്ടു. ഇനി നമുക്ക് ജീവൻ നഷ്ടമാവാൻ പോകുന്നു. ദുർവൃത്തരായ കാട്ടുപന്നികളെ ആട്ടിയോടിക്കാതെ ഹിന്ദു വാസം എങ്ങനെ സാധ്യമാകും.’’

‘വന്ദേമാതര’ത്തിന്റെ നിറം തിരിച്ചറിഞ്ഞ് അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മുസ്​ലിം ലീഗാണ്. ലഖ്നോവിൽ 1937ൽ നടന്ന ലീഗ് സമ്മേളനം ‘വന്ദേമാതര’ത്തിനെതിരെ പ്രമേയം പാസാക്കി. ‘‘വന്ദേമാതരം ദേശീയഗാനമാക്കാനുള്ള കോൺഗ്രസിന്‍റെ മനോഭാവത്തിൽ ഈ യോഗം ശക്തിയായ അമർഷം രേഖപ്പെടുത്തുന്നു. അത് തത്ത്വത്തിലും പ്രേരണയിലും അനിസ്​ലാമികവും വിഗ്രഹാരാധനാപരവും ഇന്ത്യയിലെ യഥാർഥമായ ദേശീയതയുടെ വളർച്ചക്ക് വിഘാതവുമാണ്’’ ലീഗ് പ്രമേയം പാസാക്കി.

അതേസമയം, ടാഗോർ ബ്രിട്ടീഷ് നയങ്ങളെ നഖശിഖാന്തം എതിർത്തിരുന്ന വ്യക്തിയായിരുന്നു. മതപരമായ സങ്കുചിത ദേശീയതയുടെ വിമർശകനുമായിരുന്നു. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല ഉണ്ടായപ്പോൾ അദ്ദേഹം തനിക്ക് ബ്രിട്ടീഷ് രാജാവ് നൽകിയ സാർ പദവി തിരസ്കരിച്ചു കൊണ്ട് വൈസ്രോയ് ലോർഡ് ചേംസ് ഫോർഡിന് കത്തെഴുതി.

‘ജനഗണമന’ക്കെതിരെ സംഘ്പരിവാർ ആരോപിക്കുന്ന ഒന്നാണ് അത് ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനമാണ് എന്നത്. ആ ആരോപണത്തെ തന്റെ ജീവിതകാലത്തുതന്നെ ടാഗോർ തള്ളിയതാണ്. ജോർജ് അഞ്ചാമനായിരുന്നു ടാഗോറിന് സാർ പദവി നൽകിയത്. ജാലിയൻവാലാ ബാഗ് സംഭവത്തോടെ അത് ടാഗോർ തിരസ്കരിച്ചു. ടാഗോർ വ്യക്തമാക്കി - ‘‘ജോർജ് അഞ്ചാമനോ ജോർജ് ആറാമനോ മറ്റേതെങ്കിലും ജോർജോ മനുഷ്യവിധിയുടെ നിർണായകൻ ആകില്ല. ഇന്ത്യയുടെ വിധി നിർണയിക്കുന്ന ദൈവത്തെയാണ് ഞാൻ സ്തുതിച്ചത്.”

ഇന്ത്യൻ ദേശീയരംഗത്ത് തിളങ്ങിനിൽക്കുന്ന മറ്റൊരു പേരാണ് ‘‘സാരേ ജഹാം സെ അച്ഛാ’’ പാടിയ അല്ലാമ ഇഖ്ബാൽ. അദ്ദേഹത്തിന്റെയും മുഖ്യപ്രമേയം സ്നേഹവും സാഹോദര്യവുമായിരുന്നു. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല ഉണ്ടായപ്പോൾ അദ്ദേഹം മനമുരുകി. ‘‘രക്തസാക്ഷികളുടെ രക്തത്താൽ ശുദ്ധമാക്കപ്പെട്ട മണ്ണ് സർവ സന്ദർശകരോടും പറയുന്നു. ഈ വൃക്ഷം ചുവന്നത്, രക്തസാക്ഷികളുടെ രക്തത്താലാണ്.’’

കെ.എ. റഹീം, കുളത്തൂർ

‘വന്ദേമാതരം’ വിവാദം രാഷ്ട്രീയപ്രേരിതം

വന്ദേമാതരം വിഷയത്തിൽ പി.ബി. ജിജീഷിന്റെ ലേഖനമാണ് ഈ കുറിപ്പിന് ആധാരം (ലക്കം 1475) ഇന്ത്യയുടെ ദേശീയബോധത്തെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും കുറിച്ച് പറയുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ഗാനമാണ് ‘വന്ദേമാതരം’. മാതൃഭൂമിയെ വണങ്ങുകയും അവളുടെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്ന ഈ ഗാനം ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ ദേശീയബോധത്തിന്റെ ഭാഗമാണ്. എന്നിട്ടും കാലാകാലങ്ങളിൽ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നുവരാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വിവാദങ്ങളിൽ പലതും ചരിത്രസത്യങ്ങളേക്കാളും രാഷ്ട്രീയലാഭക്കണക്കുകളുമായി ബന്ധപ്പെട്ടവയാണെന്ന് കാണാം.

അതുകൊണ്ടുതന്നെ ‘വന്ദേമാതര’ത്തെ ചൊല്ലി ഇന്ന് പ്രചരിക്കുന്ന വിവാദങ്ങളിൽ വലിയൊരു പങ്കും അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പറയേണ്ടിവരും. പ്രധാന വിമർശനം അതിലെ ചില ഭാഗങ്ങളിൽ മാതൃഭൂമിയെ ദേവീസങ്കൽപവുമായി ബന്ധപ്പെടുത്തുന്നു എന്നതാണ്. എന്നാൽ, ഇതിൽ ഇന്ത്യയുടെ ദേശീയനേതൃത്വം സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഗാനത്തിന്റെ ആദ്യത്തെ രണ്ട് പദ്യങ്ങളാണ് പൊതുവായി ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. അവയിൽ മതപരമായ ആരാധനയോ പ്രത്യേക മതവിശ്വാസങ്ങളെ നിർബന്ധിക്കുന്ന ആശയങ്ങളോ ഇല്ല. പച്ചപ്പാർന്ന വയലുകളും ശീതളമായ കാറ്റും സമൃദ്ധമായ പ്രകൃതിയും നിറഞ്ഞ മാതൃഭൂമിയുടെ സൗന്ദര്യമാണ് അവിടെ ചിത്രീകരിക്കപ്പെടുന്നത്. അതിനാൽ, മുഴുവൻ ഗാനത്തെയും ഒരേ അളവുകോലിൽ അളന്ന് വിവാദമാക്കുന്നത് യുക്തിസഹമല്ല.

ജനങ്ങളുടെ വൈകാരിക വിഷയങ്ങളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല. മതം, ഭാഷ, സംസ്കാരം, ചരിത്രം എന്നിവയെല്ലാം പലപ്പോഴും ഇത്തരം രാഷ്ട്രീയ സംഘർഷങ്ങളുടെ ഉപകരണങ്ങളായി മാറിയിട്ടുണ്ട്. ‘വന്ദേമാതര’വും അതിൽനിന്ന് ഒഴിവല്ല. ഒരു വിഭാഗം അതിനെ ദേശസ്നേഹത്തിന്റെ ഏക മാനദണ്ഡമായി ഉയർത്തിക്കാട്ടുമ്പോൾ മറ്റൊരു വിഭാഗം അതിനെ പൂർണമായും നിരാകരിക്കാൻ ശ്രമിക്കുന്നു. ഈ രണ്ട് സമീപനങ്ങളും ഗാനത്തിന്റെ യഥാർഥ ചരിത്രപ്രാധാന്യത്തെ മങ്ങിച്ചുകളയുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യമുണ്ട്. ആരെയും ഒരു ഗാനം പാടാൻ നിർബന്ധിക്കാനാവില്ല. അതേസമയം, രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ ഭാഗമായ ഒരു ഗാനത്തെ തെറ്റായി ചിത്രീകരിക്കുകയും അതിന്റെ ചരിത്രപരമായ സംഭാവനയെ അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. ‘വന്ദേമാതര’ത്തെ ബഹുമാനിക്കുന്നത് ഒരു പ്രത്യേക മതത്തെയോ രാഷ്ട്രീയപ്രസ്ഥാനത്തെയോ പിന്തുണക്കുന്നതിന് തുല്യമല്ല; മറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണ്.

ചരിത്രത്തെ അതിന്റെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കാനുള്ള പക്വത സമൂഹത്തിന് ആവശ്യമാണ്. 19ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു സാഹിത്യസൃഷ്ടിയെ 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ താൽപര്യങ്ങളുടെ കണ്ണാടിയിലൂടെ മാത്രം വിലയിരുത്തുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ചരിത്രസ്മാരകങ്ങളെയും ദേശീയചിഹ്നങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ വികാരത്തേക്കാൾ വിവേകത്തിനാണ് മുൻഗണന നൽകേണ്ടത്. വന്ദേമാതരം ഒരു ഗാനത്തേക്കാൾ കൂടുതലാണ്. അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമയാണ്, ത്യാഗങ്ങളുടെ പ്രതീകമാണ്, ദേശീയബോധത്തിന്റെ ചരിത്രരേഖയാണ്. അതിനാൽ, വന്ദേമാതരത്തെ മതപരമോ രാഷ്ട്രീയമോ ആയ സംഘർഷങ്ങളുടെ കണ്ണിലൂടെ കാണാതെ, സ്വാതന്ത്ര്യസമരത്തിന്റെ അമൂല്യ പൈതൃകമായി കാണാൻ നമുക്ക് കഴിയണം.

കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം

കവിതകളിലേക്ക് അടുപ്പിച്ചത് ‘മാധ്യമം’ ആഴ്ചപ്പതിപ്പ്

ആഴ്ചപ്പതിപ്പില്‍ വരുന്ന കവിതകള്‍ വായിച്ചു വായിച്ചാണ് കവിതകളോടുള്ള എന്‍റെ വിരക്തി മാറിക്കിട്ടിയതെന്ന് പറയട്ടെ. ഇപ്പോള്‍ ഏതു സമകാലിക പ്രസിദ്ധീകരണങ്ങള്‍ കിട്ടിയാലും ആദ്യം വായിക്കുക കവിതകളാണ്. മാധവന്‍ പുറച്ചേരിയുടെ ‘അതിരാവിലെ നികിതാ ക്രൂഷ്ചേവ്..!’ എന്ന കവിതയും, സെബാസ്റ്റ്യന്‍റെ ‘പാട പുസ്തകത്തിലെ കുള’വും (ലക്കം 1476) എന്നെ ഹഠാദാകർഷിച്ചു.

‘നന്നെ പുലര്‍ച്ചയിലേക്കാണ്, സഖാവ് വന്നത്.

വന്നപാടെ, വെറൈറ്റി കോക്റ്റെയില്‍

‘വൈറ്റ് റഷ്യന്‍’, ചെറുഗ്ലാസില്‍ പകര്‍ന്ന്

അൽപാല്‍പം നുണഞ്ഞ് ചെറുചിരിയോടെ പറഞ്ഞുതുടങ്ങി’ എന്ന മാധവൻ പുറച്ചേരിയുടെ ആദ്യ വരികള്‍ വായിച്ചതും മനസ്സിലായി റഷ്യന്‍രീതികള്‍ നന്നായറിയുന്ന ആളാണ്‌ കവിയെന്ന്. സ്ത്രീ-പുരുഷ ഭേദമന്യേ രാവിലെ മുതൽ വോഡ്‌ക നുണയുന്ന റഷ്യക്കാരെ ഞാന്‍ കാണുന്നത് അബൂദബിയില്‍ വെച്ചാണ്. ചിന്തയും ചിരിയും പകർന്നുതന്ന അതിന്‍റെ ഉണർവിലാണ് സെബാസ്റ്റ്യന്‍റെ കവിത കൊറിക്കുന്നത്.

‘ഞങ്ങളുടെ ഗ്രാമാതിര്‍ത്തിയിലെ പാടത്തിന്‍റെ ഓരം ചേര്‍ന്ന്ഒരു കുളമുണ്ടായിരുന്നതോര്‍ക്കുന്നു, പാടമാണ് അതിനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്’ എന്ന തുടക്കംതന്നെ മനോഹരം. എന്‍റെ സ്കൂൾവഴിയിലുണ്ടായിരുന്ന കുളത്തെ അതോർമിപ്പിച്ചു. പോത്തട്ടകളുടെയും തവളകളുടെയും ആവാസകേന്ദ്രമായിരുന്ന അത് ഉഴവുകാളകളുടെയും, പോത്തുകളുടെയും കുളിക്കടവുകൂടിയായിരുന്നു. അതിലൊരു യുവതിയുടെ ജഡം പൊങ്ങിയതോടെ നാട്ടുകാർ ആ വഴിതന്നെ ഉപേക്ഷിച്ചു.

തുടര്‍ന്ന് രോഷ്ന ആർ.എസിന്‍റെ ‘പച്ചൈയമ്മാളിന്‍റെ വെയില്‍പ്പൂക്കളി’ലേക്കും, ടി.കെ. സന്തോഷ്‌ കുമാറിന്‍റെ ‘ഉയിരി’ലേക്കും പോയി. വായിക്കാന്‍ സുഖമുണ്ടെങ്കിലും എനിക്കവയുമായി ഇഴുകിച്ചേരാന്‍ കഴിഞ്ഞില്ല. എന്‍റെ കവിതാസമ്പർക്കത്തിന്‍റെ കുറവായിരിക്കാം കാരണം. ഏകദേശം 30,000 കവികളുള്ള നമ്മുടെ മലയാളത്തിൽ നാലു കവിതകളില്‍ രണ്ടെണ്ണം ഇഷ്ടമായാല്‍തന്നെ വലിയൊരു കാര്യമാണ്. അതുകൊണ്ട് തുടരട്ടെ ആഴ്ചപ്പതിപ്പിന്‍റെ കവിതാപ്രണയങ്ങൾ... ഇടമുറിയാതൊഴുകട്ടെ അതിന്‍റെ ശ്രുതിലയതാള വര്‍ണങ്ങൾ... ആറ്റിക്കുറുക്കി സാന്ദ്രമാകുന്ന കവിതകൾ വായിക്കാന്‍ കാത്തിരിക്കുന്നു ഞാനെന്ന വായനക്കാരൻ...

സണ്ണി ജോസഫ്‌, മാള

ഗാന്ധി കവിതപോലെ മനോഹരം

ടി.എസ്. ദീപ എഴുതി രണ്ട് ആഴ്ചകളിലായി പ്രസിദ്ധീകരിച്ച ലണ്ടൻ യാത്രാനുഭവം (ലക്കം 1472, 1473) ഹ്രസ്വമെങ്കിലും ദീർഘമായ യാത്രാവിവരണങ്ങളേക്കാളും വായനസുഖം നൽകുന്നതും ആസ്വാദ്യകരവുമായിരുന്നു. ലണ്ടൻ നഗരത്തിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ കണ്ടതും കേട്ടതുമെല്ലാം കോറിയിടാൻ ശ്രമിച്ചപ്പോൾ ഗാന്ധി പ്രതിമയിൽ കണ്ണിലുടക്കുന്നതും പിന്നീടങ്ങോട്ട് ഗാന്ധിസ്മൃതിയിൽ മുങ്ങിത്താഴുന്നതും ഹൃദ്യമായി. ഒരു പ്രതിമയെ നോക്കി ഗാന്ധിയെ വരച്ചിടുമ്പോൾ യാത്രാവിവരണം എന്നുതോന്നുകയില്ല; ഒരു ഗാന്ധി കവിതപോലെയാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷുകാർ ഏറ്റവും ഭയപ്പെട്ടിരുന്ന കൃശഗാത്രനായ ആ മഹാത്മാവിന്റെ പ്രതിമ ലണ്ടൻ നഗരം തങ്ങളുടെ ഭരണസിരാകേന്ദ്രത്തിൽ നെഞ്ചിലേറ്റുന്നത് കാലം തീർത്ത മധുര പ്രതികാരം തന്നെ! ഗാന്ധിജിയുടെ ദർശനം വരച്ചുകാട്ടിയ ഒരു കവിതതന്നെയായി ഈ യാത്രാവിവരണം. ഒപ്പം എബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല പോലുള്ള ലോക വ്യക്തിത്വങ്ങൾ വേറെയും.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.