‘ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...’ എന്ന തലക്കെട്ടിൽ ശ്രീകുമാരൻ തമ്പി എഴുതിയ മലയാള സിനിമാഗാന ചരിത്രം വായിച്ചപ്പോൾ (ലക്കം 1415) ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന സിനിമയെ കുറിച്ച് പറയണമെന്ന് തോന്നി. 50 വർഷത്തെ കേരളീയരിൽ പല തലമുറയിലെയും പ്രിയപ്പെട്ട പാട്ടായിട്ടാണ് ‘‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീര’’ത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ സിനിമ റിലീസ് കാലത്തിനു ശേഷം കണ്ടവർ വിരളമായിരിക്കും. സമൂഹമാധ്യമങ്ങളിലും പലവിധ സൗകര്യങ്ങളിലൂടെയും വയലാർ-ജി. ദേവരാജൻ-യേശുദാസ്-മാധുരി എന്നിവർ ചേർന്ന നിത്യഹരിത ഗാനം ആസ്വദിക്കുമ്പോഴും ആരായിരുന്നു ഈ ഗാനരംഗങ്ങളിൽ, എങ്ങനെയാണ് സിനിമയുടെ ഇതിവൃത്തം എന്നൊക്കെ അറിയാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. അശ്രദ്ധകൊണ്ട് നശിച്ചുപോയ ധാരാളം മലയാള സിനിമകളുടെ നെഗറ്റീവുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുന്നു. ഒരു ചാനലിലും പ്രദർശിപ്പിക്കാത്ത ‘കൊട്ടാരം വിൽക്കാനുണ്ടി’ന്റെ വിഡിയോ കാസറ്റ് ചില സിനിമാശേഖരക്കാർ ആർക്കും കൊടുക്കാതെ സൂക്ഷിക്കുന്നുമുണ്ട്!
ചിത്രം സംവിധാനംചെയ്ത കെ. സുകു എന്ന സംവിധായകനെയും ആരും ഓർക്കാറില്ല, ‘അനന്തശയന’മാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന് ‘കൊട്ടാരം വിൽക്കാനുണ്ട്’, ‘സമുദ്രം’, ‘സ്നേഹിക്കാനുണ്ടൊരു പെണ്ണ്’ എന്നിങ്ങനെ നാല് സിനിമകളാണ് തൃശൂർ സ്വദേശിയായിരുന്ന കെ. സുകുമാരൻ എന്ന മുഴുവൻ പേരുകാരനായ ഈ സംവിധായകന്റെ മറ്റു ചലച്ചിത്രങ്ങൾ. മെല്ലി ഇറാനി കാമറ ചലിപ്പിച്ച ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന പടത്തിൽ പ്രേംനസീർ, ജയഭാരതി, മുത്തയ്യ, കുഞ്ചൻ, ശങ്കരാടി, വഞ്ചിയൂർ രാധ തുടങ്ങി ധാരാളം അഭിനേതാക്കൾ വേഷമിട്ടിരുന്നു.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ് പെരിന്തൽമണ്ണ
കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച കവി ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ കവിത ‘സെബ്ദെല്ലജോതെയിലെ സിംഹസൂര്യൻ’ (ലക്കം 1416, 1417) പതിമൂന്ന് അടരുകളായി മനസ്സിലങ്ങനെ നിറഞ്ഞുനിൽക്കുകയാണ്.ഇന്നലെകളിൽ തീക്കാറ്റൂതിയ പ്രസ്ഥാനത്തിന്റെ അമരക്കാരായി നടന്നിരുന്നവരെക്കുറിച്ച് നിരവധി എഴുത്തുകൾ വന്നിരുന്നെങ്കിലും ഇത്രയും വലിയൊരു സ്മരണാഞ്ജലി ഇതാദ്യമായാണ്. കവിക്കും ഈ കവിതയെ വെളിച്ചത്തിലേക്ക് നയിച്ച ‘മാധ്യമം’ പ്രവർത്തകർക്കും നമസ്കാരം.
ഒരു ജനതതിയുടെ നോവൂറുന്ന ഓർമകൾ; ചരിത്രത്തിന്റെ അടരുകളിൽ മണ്ണ് മൂടിക്കിടന്നിരുന്ന ചിത്രങ്ങൾ, പോരാട്ടങ്ങളുടെ ഭൂമികയിൽ നെഞ്ചുറച്ച് നിന്ന കനൂദാ, ധാർഷ്ഠ്യത്തിന്റെ, ഏകാധിപത്യത്തിന്റെ ആൾരൂപമായ ചാരൂദാ… വിപ്ലവത്തിലൂടെ വന്നെത്തുത്ത പുതിയ പുലരിയെ സ്വപ്നം കണ്ടിരുന്ന കർഷകർ, ആദിവാസികൾ, ദലിതർ, വഴിനടക്കാൻപോലും സവർണ മേലാളർ അനുവദിക്കാത്ത പട്ടിണിപ്പാവങ്ങൾ ഒക്കെയും മിഥ്യയായി മാറിയ, ചരിത്രം പിന്നിലോട്ട് നടന്ന നാളുകൾ; വരച്ചുവെക്കുന്നുണ്ട് കവി, സത്യത്തിന്റെ നോവുകൾ!
ഇരുൾ പൂവിലൊളിച്ച ചെന്താരകത്തെക്കുറിച്ച്; ശ്വാസം പിടഞ്ഞ മണ്ണിൽ, കരച്ചിൽ കണ്ണിൽ പിടിച്ചു വെച്ച് കിതച്ചുപായുന്ന മനുഷ്യരൂപങ്ങൾ… രൂപങ്ങൾ മാത്രമാണവർ. ഒരു കണക്കുപുസ്തകത്തിലും അവർക്കു പേരില്ല. അവർക്കു നഷ്ടമായത് സ്വന്തം ജീവൻതന്നെയാണ്.
സിലുഗിരി പട്ടണത്തിനോരത്ത് കറുത്ത വൃദ്ധന്റെ മെലിഞ്ഞ ദേഹം പകപ്പൊന്നുമില്ലാതെ തൂങ്ങിയാടുമ്പോൾ മലങ്കാറ്റു മങ്കപോലും ചെറു കൂറ്റുതിർക്കാതെ വഴിമാറി വീശുകയാണ്. കുറെക്കാലങ്ങൾക്ക് മുമ്പ് ഒരു വെടിയുണ്ട കറുത്തു മെലിഞ്ഞൊരു മറ്റൊരു വൃദ്ധന്റെ ശ്വാസമെടുത്ത നേരത്തും കാറ്റ് വഴിമാറി വീശിയിരുന്നു. ഹേ റാമെന്ന വാക്കിനെയും കൊരുത്ത് കാലത്തിനകത്തേക്ക് മിണ്ടാതെ പോയതാണത്. ചരിത്രം പിന്നെയും ആവർത്തിക്കുന്നതായി കവി മൗനമായി പറയുന്നുണ്ട്!
വാക്കിന്റെ ഞാണൊലി തീർത്ത് ബാലഗോപാലൻ കാഞ്ഞങ്ങാട് സാഹോദര്യത്തിന്റെ പടപ്പാട്ട് പാടുകയാണ്. കവിത മൗനത്തിന്റെ വല്മീകമുടച്ച് സങ്കടങ്ങളുടെ പേമാരി പെയ്യിക്കുന്നുണ്ട്. കാലത്തിന്റെ കാൽച്ചിലമ്പൊലി കേൾപ്പിക്കാൻ കവിക്കു സാധ്യമാകുന്നുണ്ട്. ഭാഷയുടെ തീക്ഷ്ണത തൊട്ടറിഞ്ഞതാണ് ഓരോ അടരും.
ഒരു കഥാകാവ്യമെന്ന നിലയിൽ കനുദായുടെ ജീവിതം വരച്ചിടാൻ കവി കാണിക്കുന്ന മിടുക്ക് അത്ഭുതകരമാണ്. പാറമേൽ വീണ വിത്തു പോലെ പൊരുതിയാണ് കനുദായെന്ന വൃക്ഷം വളർന്നുവരുന്നത്. കാറ്റിലുലയാതെ തനിക്കു ചുറ്റുപാടുമുള്ള അനേകം വൃക്ഷങ്ങൾക്കു നേരെ കുതിച്ചെത്തിയ അധികാര കോടാലികളെ ഒറ്റക്കുനിന്ന് എതിരിടുന്നുണ്ട് ആ മനുഷ്യൻ. പക്ഷേ സ്വയം അധികാരിയാകുന്നതിന്റെ സുഖമുള്ള നൊമ്പരം വിപ്ലവത്തിനു മേൽ കോടാലിക്കൈ പണിയുമ്പോൾ തന്നിലർപ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ പറ്റാതിരിക്കുമ്പോൾ മരണമെന്ന പ്രഹേളികയിൽ സ്വയം സമർപ്പിച്ച് വിപ്ലവത്തിനെ രക്തസാക്ഷിത്വത്തിലേക്ക് നയിക്കുകയാണ് കനു സന്യാൽ എന്ന പച്ച മനുഷ്യൻ.
കവിത കാലത്തിനൊപ്പം നടക്കണമെന്ന വിശ്വാസത്തെ മുറുകെപ്പിടിക്കുന്നുണ്ട് കവി ഈ നീണ്ട കവിതയിലൂടെ. വാക്കുകൾകൊണ്ട് കപടമായി സൃഷ്ടിക്കുന്ന ഈജിപ്ഷ്യൻ പിരമിഡുപോലുള്ള കവിതകൾക്കിടയിൽ എന്നും ഉയർന്നു നിൽക്കും ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ ‘സെബ്ദെല്ലജോതെയിലെ സിംഹസൂര്യൻ’.
നാരായണൻ അമ്പലത്തറ
മനുഷ്യന്റെ ഭാവനകൾപോലും പകർത്താൻ കഴിവുള്ള ആധുനിക സാങ്കേതികവിദ്യകളുടെ കാലത്താണ് നമ്മൾ റുമേനിയൻ എഴുത്തുകാരനായ മിർച്ച കർത്തരെസ് ക്കു എന്ന അസാമാന്യ ധിഷണാശാലിയുടെ ഭാവനാസൃഷ്ടിയാണെന്ന് ഊഹിക്കാവുന്ന ‘സോളിനോയ്ഡ്’ വായിക്കുന്നത്.
റുമേനിയയിലെ നിക്കോളായ് ചൗഷെസ്കു എന്ന കമ്യൂണിസ്റ്റ് ഏകാധിപതിയുടെ ഭരണകാലമാണ് മിർച്ച കർത്തരെസ് ക്കുവിന്റെ ‘സോളിനോയ്ഡ്’ എന്ന നോവലിന്റെ രാഷ്ട്രീയ പരിസരം. ഒഴിഞ്ഞു കിടക്കുന്ന ഫാക്ടറി പരിശോധിക്കാൻ ഫാക്ടറി കെട്ടിടത്തിനുള്ളിലെ ഭീമാകാരമായ യന്ത്രങ്ങൾക്കു നടുവിലൂടെ നടക്കുന്ന നോവലിലെ ആഖ്യാതാവിന് ഒരു പ്രാണിയുടെ ശരീരത്തിൽ ജീവിക്കേണ്ടി വരുന്ന സന്ദർഭം ദിവ്യ അരുണിന്റെ പഠനത്തിലൂടെ (എഴുത്തിന്റെ നാലാം തലം -ലക്കം 1417) വായിക്കുമ്പോൾ പെട്ടെന്നോർമവരുന്നത് ഇവാൻ മറ്റേവിച്ചിനെയാണ്.
ഫിയോദർ ദസ്തയേവ്സ്കിയുടെ ‘The Crocodile’ എന്ന കഥയിൽ ഒരു പ്രദർശനത്തിന് െവച്ചിരിക്കുന്ന മുതലയുടെ വയറ്റിൽ അകപ്പെട്ടു പോയ ഇവാൻ മറ്റേവിച്ച് മുതലയുടെ ഉദരത്തിനുള്ളിൽതന്നെ കഴിഞ്ഞുകൊണ്ട് തന്റെ സർക്കാറുദ്യോഗം തുടരുന്നുണ്ട്. റഷ്യയിൽ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളെ പാരഡി ചെയ്യുന്ന ഒരു ആക്ഷേപഹാസ്യ കൃതിയായിരുന്നല്ലോ ‘The Crocodile’. ‘സോളിനോയ്ഡി’ൽ മാതാവിന്റെ പ്രതിമയിലേക്ക് ആഞ്ഞുതുപ്പുന്ന വിദ്യാർഥിയെ മികച്ച നിരീശ്വരവാദിയായി തെരഞ്ഞെടുക്കുന്ന രീതി നിക്കോളായ് ചൗഷെസ്കുവിന്റെ സ്വേച്ഛാധിപത്യ മനോഭാവവും വിശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും തുറന്നുകാട്ടുന്നതുതന്നെ.
ഒരു കത്തുന്ന കെട്ടിടത്തിൽ നിന്ന് ഒരു പ്രശസ്ത ചിത്രത്തിനും നവജാത ശിശുവിനും ഇടയിൽനിന്നൊന്നുമാത്രം രക്ഷിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയാൽ എന്തുചെയ്യുമെന്ന ചോദ്യം നേരിടേണ്ടിവരുന്ന ആഖ്യാതാവ് കുട്ടിയെയാകും രക്ഷപ്പെടുത്തുക എന്നു പറയുന്നു. കാരണം, ഒരു കുഞ്ഞും നിരപരാധികളെ ദ്രോഹിക്കണമെന്ന വിധിയോടെ ജനിക്കുന്നില്ല എന്നതുതന്നെ. നോവലിന്റെ അവസാനം, ‘സോളിനോയ്ഡി’ന്റെ കൈയെഴുത്തു പ്രതി തീയിലേക്ക് വലിച്ചെറിഞ്ഞ് കുഞ്ഞിനെ രക്ഷിച്ചുകൊണ്ട് അയാൾ സ്വന്തം നിലപാടിനെ സാധൂകരിക്കുകയും ചെയ്യുന്നു.
മനുഷ്യർക്ക് പരിചിതമായ ദ്വിമാന, ത്രിമാന തലങ്ങളിൽ നിന്നും നാലാം തലത്തിലേക്കും സങ്കൽപാതീതങ്ങളായ ബഹുതല പ്രതലങ്ങളിലേക്കും മനസ്സിനെ നയിക്കുന്ന ‘സോളിനോയ്ഡി’ന്റെ വായന ഒരു സാധാരണ വായനക്കാരന് സങ്കീർണമായി അനുഭവപ്പെട്ടേക്കാമെങ്കിലും നോവലിനെക്കുറിച്ചുള്ള ദിവ്യ അരുണിന്റെ പഠനം അത്തരം സങ്കീർണതകളെ ലഘൂകരിക്കാൻ വളരെയേറെ പ്രയോജനംചെയ്യുന്നുണ്ട്. പരസ്പരബന്ധിതമായ യാഥാർഥ്യങ്ങളുടെ താരതമ്യങ്ങളില്ലാത്ത ഇതിഹാസമെന്നാണല്ലോ ബുക്കർ പുരസ്കാര വിധികർത്താക്കൾ ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
എം.എസ്. മുരളീ മനോഹർ, പൗഡിക്കോണം
നിയമസഭ പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രഭാഷണം രണ്ട് ഭാഗങ്ങളായി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത് (ലക്കം 1414, 1415) ഗൗരവമേറിയ വായനക്കുള്ള വിഭവമായി. ലോകത്തിന്റെ പല ഭാഗത്തും, വിശിഷ്യ ഇന്ത്യയിൽ ജനാധിപത്യം പലവിധ ഭീഷണികൾ നേരിടുമ്പോൾ ജനാധിപത്യവാദിയുടെ ആകുലതകൾ പങ്കുവെച്ചുകൊണ്ട് ജനാധിപത്യ ധ്വംസനത്തിനെതിരെ നാം പോരാടിയേ പറ്റൂ എന്നു പറയുമ്പോൾ അത് ഓരോ ജനാധിപത്യ വിശ്വാസിയെയും ഇരുത്തി ചിന്തിപ്പിക്കുന്നതായി.
വായനാലോകത്ത് ഇതിനകം ഇടം നേടിയ പല വിഖ്യാത കൃതികളെയും പ്രതിപക്ഷ നേതാവ് പ്രഭാഷണത്തിൽ കൂടെ നിർത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഹിറ്റ്ലർ ഉൾപ്പെടെയുള്ള ഏകാധിപതികൾ ജനാധിപത്യത്തെക്കുറിച്ചാണ് പറഞ്ഞതെങ്കിലും അതെങ്ങനെ ഭീകരാധിപത്യമായി മാറി എന്ന് ചരിത്രം പറഞ്ഞുതരുന്നുണ്ട്. അതിനൊപ്പം വർത്തമാനകാലവും വർത്തമാന ലോകവും മറ്റൊന്നുകൂടി പറഞ്ഞുതരുന്നുണ്ട്, അതാണ് ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്ര ത്തലവന് (യു.എസ് പ്രസിഡന്റ് ട്രംപ്) ലഭിക്കുന്ന ലൈക്കുകളിൽ 75 ശതമാനവും അദ്ദേഹത്തെ അറിയുക പോലും ചെയ്യാത്ത വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണെന്നുള്ള വസ്തുത.
ഇത് രണ്ടും കാണിച്ചുതരുന്നത് ജനാധിപത്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന രണ്ടു തരത്തിലുള്ള അപകടങ്ങളാണ്. ആദ്യത്തേത് പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ ധ്വംസനമാണെങ്കിൽ രണ്ടാമത്തേത് നവലോകക്രമത്തിൽ സമൂഹമാധ്യമങ്ങളെ അധികാരത്തിന്റെ പിൻബലത്തിൽ ഭരണാധികാരികൾ കൈപ്പിടിയിലൊതുക്കി തങ്ങൾക്കുവേണ്ടി വളച്ചെടുക്കുന്നതിന്റെ ഭീകര രൂപമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇത്തരം പ്രവണതകൾ അല്ലാതെ മറ്റെന്താണ്?
കൈ വിറക്കുന്നവന് വെള്ളം കുടിക്കാൻ സ്ട്രോ നിഷേധിച്ച ‘ജനാധിപത്യക്രമം’ കാണുമ്പോൾ പിന്നെ എങ്ങനെയാണ് ചിന്തിക്കേണ്ടത്? ഇത് ഒരു സ്റ്റാൻ സ്വാമിയുടെ മാത്രം ദുരന്തകഥയാകാൻ വഴിയില്ല. ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു, അതിൽ ചിലത് തനിയാവർത്തനവുമാണ്. ആവർത്തനമായാലും തനിയാവർത്തനമായാലും ചരിത്രം നാം പഠിച്ചുകൊണ്ടേയിരിക്കുന്നു; എന്നാൽ ചരിത്രത്തിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് ചരിത്രവായന എന്ന രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സുവ്യക്തമായി പറയുന്നത്. നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമരവും സമര നേതാക്കളും പാഠപുസ്തക താളുകളിൽനിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വേളയിലാണ് പ്രതിപക്ഷ നേതാവിന് ചരിത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയേണ്ടിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും കരിക്കുലം വഴിയും ഭരണാധികാരികൾ അവർക്കിഷ്ടമുള്ള രീതിയിൽ ചരിത്രനിർമിതി നടത്തുമ്പോൾ ഇത്തരത്തിലുള്ള ഓർമപ്പെടുത്തലുകൾ അനിവാര്യമാണ്. അതില്ലാതെ വരുമ്പോഴാണ് ചരിത്രത്തിലെന്നല്ല, ജനാധിപത്യത്തിൽതന്നെ പുഴുക്കുത്തുകൾ കടന്നുകൂടുന്നത്.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.