എഴുത്തുകുത്ത്

ആകാശവാണിയും ദൂരദർശനും പകരുന്നത് നിലവാരമുള്ള ശ്രവണ-ദൃശ്യാനുഭവങ്ങൾ

ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ വാർത്ത പ്രക്ഷേപണം 30 വർഷം പിന്നിട്ട സാഹചര്യത്തിൽ അതിന് കളമൊരുക്കിയ ‘ഏഷ്യാനെറ്റി’ന് ചുക്കാൻപിടിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറുമായി അധ്യാപകനും മാധ്യമപ്രവർത്തകനുമായ ബെൽബിൻ പി. ബേബി നടത്തിയ ദീർഘ അഭിമുഖം ശ്രദ്ധാപൂർവം വായിച്ചു (ലക്കം 1442). താൻ ടെലിവിഷൻ മാധ്യമപ്രവർത്തനം നടത്തുന്ന കാലത്തിൽനിന്നും ഇന്നത്തെ ടെലിവിഷൻ മാധ്യമപ്രവർത്തനം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നെന്നും അതിന് ഏതുതരത്തിലുള്ള മാറ്റമാണ് ഇനി അനിവാര്യമെന്നും ടെലിവിഷൻ മാധ്യമരംഗത്തിന്റെ ഭാവി എന്തൊക്കെയെന്നുമുള്ള കാര്യങ്ങൾ ഇതിൽ വിശദമായി വരുന്നുണ്ട്.

അഭിമുഖത്തിൽ പരാമർശിച്ചു പോകുന്ന ഒന്നുരണ്ട് കാര്യങ്ങളിലേക്ക് വിരൽചൂണ്ടാനാണ് ഇവിടെ ശ്രമിക്കുന്നത്. അതിലൊന്ന്, അലറിവിളിക്കുന്ന വാർത്ത അവതരണത്തെപ്പറ്റിയാണ്. ഈ അലറിവിളിയുടെ പ്രസക്തി വാർത്ത വായനയിൽ എന്തെന്ന് സാമാന്യ ബോധമുള്ള ആരും ചോദിച്ചുപോകും. എന്നാൽ, അധികമാരും ചോദിക്കാതെ പോയ ഈ ചോദ്യവും ഉത്തരവും ശശികുമാർ അഭിമുഖത്തിൽ വിശദമാക്കുന്നുണ്ട്. എന്നാൽ, വാർത്ത വായനയിലെ ഈ അലറിവിളി എങ്ങനെ വേ​െണ്ടന്നുവെക്കാം എന്നതിന്റെ ഉത്തരം ലളിതമാണ്. അതായത്, വാർത്തകൾ വായിക്കാനുള്ളതാണ്; അഭിനയിക്കാനുള്ളതല്ല എന്ന തിരിച്ചറിവ് ഉണ്ടായാൽ മതി (അത് ദൃശ്യ മാധ്യമത്തിലായാലും ശ്രവ്യ മാധ്യമത്തിലായാലും).

അലറിവിളികളുടെയും അട്ടഹാസത്തിന്റെയും രീതി മാറ്റിക്കഴിഞ്ഞാൽ തങ്ങളുടെ ‘റേറ്റിങ്’ കുറയുമെന്ന് ഭയപ്പെടുന്ന ചാനൽ പ്രഭുക്കൾ അത്ര പെട്ടെന്നൊന്നും ഈ രീതി കൈവിടുമെന്ന് കരുതുന്നില്ല. 24 മണിക്കൂർ വാർത്ത ചാനലുകളിലെ സ്ഥിരം അവതാരകർ ഇത്തരത്തിലുള്ള ഗോഷ്ഠി കാണിച്ചുള്ള തുടർച്ചയായ വാർത്ത വായനയിലൂടെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസംകൊണ്ട് ജോലി അവസാനിപ്പിച്ചുപോകുന്ന സാഹചര്യത്തിനാണ് സാധ്യത.

മറ്റൊന്ന്, ദൂരദർശനിൽ വാർത്ത അവതാരകനായി ടെലിവിഷൻ ജീവിതം ആരംഭിച്ച ശശികുമാർ ആ പരിസരത്തെക്കുറിച്ച് പറയുന്ന കാര്യമാണ്. അവിടെ വാർത്ത അവതരണം എന്നത് തീർത്തും യാന്ത്രികമായ പരിപാടിയാണെന്നും സർക്കാർ സ്ഥാപനമായതുകൊണ്ട് അവിടെ വാർത്ത വായനക്കാർക്കും മറ്റുള്ളവർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. ശരിയായിരിക്കാം, അതിനോട് ആർക്കും എതിരഭിപ്രായം ഉണ്ടാകണമെന്നില്ല. എന്നാൽ, എന്തുകൊണ്ടാണ് ആകാശവാണി, ദൂരദർശൻ വാർത്തകളും മറ്റു പരിപാടികളും സ്വകാര്യ ചാനൽ പരിപാടികളിൽനിന്നും വ്യത്യസ്തമായിരിക്കുന്നത് എന്ന് ചെറുതായെങ്കിലുമൊന്ന് അന്വേഷിക്കാം.

ആകാശവാണിയുടെയോ ദൂരദർശന്റെയോ വാർത്ത ബുള്ളറ്റിനോ വാർത്താധിഷ്ഠിത പരിപാടികളോ എന്തുതന്നെ ആയാലും ശ്രോതാക്കളുടെയോ പ്രേക്ഷകരുടെയോ സമയംകൊല്ലി പരിപാടികൾ അല്ല എന്നത് സ്പഷ്ടം. വിനോദമോ വിജ്ഞാനമോ എന്തുമാവട്ടെ ഒരു നിശ്ചിത നിലവാരം ഉണ്ടായിരിക്കും പരിപാടികൾക്ക്. ശരിയായ ഉച്ചാരണം, ശുദ്ധമായ ഭാഷ, വ്യാകരണ തെറ്റില്ലാത്ത ഭാഷാശൈലി... ഇതെല്ലാം സ്വായത്തമാക്കണമെങ്കിൽ ആകാശവാണി കേൾക്കണമെന്നുള്ള അറിവ് കുട്ടിക്കാലം മുതൽക്കെ പകർന്നു ലഭിച്ചതാണ്.

ആകാശവാണിയിലെ മുൻകാല വാർത്ത വായനക്കാരെ എടുത്താൽ അവരുടെ വാർത്ത വായനയിൽ അക്ഷരത്തെറ്റ് കണ്ടുപിടിക്കുക അത്രകണ്ട് പ്രയാസമായിരിക്കും. (ആകാശവാണിയിലും ദൂരദർശനിലും ഇപ്പോഴും അങ്ങനെതന്നെ എന്നുപറയാം. കാരണം, വ്യക്തമായ കഴിവ് പരിശോധനയിലൂടെ തിരഞ്ഞെടുക്കുന്നതുകൊണ്ടാണത്) ഉച്ചാരണശുദ്ധിയും ഭാഷാ പ്രയോഗങ്ങളുമൊക്കെ മാതൃകയാക്കാവുന്നതുമായിരുന്നു. ഇന്നും ആകാശവാണിയുടെയും ദൂരദർശന്റെയും വാർത്ത ബുള്ളറ്റിനുകൾക്ക് ആയിരക്കണക്കിന് ശ്രോതാക്കൾ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. ചാനൽ കാഴ്ചകൾ കണ്ടുമടുത്ത ഒരു വിഭാഗം ആകാശവാണിയിലേക്ക് മടങ്ങുന്നതും കാണാതിരുന്നിട്ട് കാര്യമില്ല.

ഏതൊരു വാർത്ത വായിക്കേണ്ടിവരുമ്പോഴും ഏത് സാഹചര്യത്തിലായാലും സ്വതഃസിദ്ധമായ രീതിയിലും ശൈലിയിലും വാർത്ത വായിക്കണമെന്നുള്ളത് ആകാശവാണിയുടെ കർശന നിലപാടാണ് എന്നാണ് അറിവ്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധിപോലുള്ള നേതാക്കൾ അതിദാരുണമായി വധിക്കപ്പെട്ട വാർത്തപോലും ആകാശവാണിയിലെ അന്നത്തെ വാർത്ത വായനക്കാർ ദുഃഖം കടിച്ചമർത്തി മുഖത്തോ ശബ്ദത്തിലോ ഭാവവ്യത്യാസം വരുത്താതെ എങ്ങനെ വായിച്ചുവെന്ന് പിന്നീട് അവർ പുറംലോകത്തോട് പറഞ്ഞിട്ടുണ്ട്. ന്യൂസ് റൂമിൽ വാർത്ത വായനക്ക് കയറിയപ്പോൾ സ്വന്തം മാതാവ് മരണപ്പെട്ട വിവരം അറിഞ്ഞിട്ടും അത് ഉള്ളിലൊതുക്കി സാധാരണപോലെ വാർത്ത വായിച്ച് പുറത്തിറങ്ങിയ അനുഭവം അടുത്തിടെ ആകാശവാണിയിലെ ന്യൂസ് റീഡർ ഹൃദയവേദനയോടെ പറഞ്ഞത് വായിച്ചത് ഓർക്കുന്നു.

ചാനലിലെ ‘ഇമോഷനൽ ബ്ലാക്ക്മെയിലിങ്ങി’നെക്കുറിച്ച് ശശികുമാർ പറയുന്നത് എത്രയോ ശരിതന്നെ. ദുഃഖവാർത്തകളും സങ്കടവാർത്തകളുമൊക്കെ ജനങ്ങളിലേക്ക് എത്തിക്കേണ്ടി വരുമ്പോൾ സാമാന്യ മര്യാദയുടെ സീമകൾപോലും ലംഘിക്കുന്ന പതിവാണ് ചാനലുകളിൽ എവിടെയും. വ്രണത്തിൽ കുത്തി വേദനിപ്പിക്കുന്നതുപോലെ മരണപ്പെട്ടവന്റെ വീട്ടിൽ കാമറയും മൈക്രോഫോണുമായി എത്തിവിടാതെ പിന്തുടരുന്നത് വേദനജനകം എന്നതിലപ്പുറം ഏറെ അരോചകവുമാണ്. മരണവീട്ടിലെത്തി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നതിൽ പോലും ആ വീട്ടിലെ സാമ്പത്തിക നില ഘടകമാകുന്നത് സമ്പന്ന ഭവനത്തിലാണെങ്കിൽ അങ്ങോട്ട് കടന്നുചെല്ലാതെയും പാവപ്പെട്ടവനാണെങ്കിൽ അവനെ കുത്തിനോവിച്ചുമാണ് എന്ന് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ തുറന്നു പറയുമ്പോൾ അത് അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.

അലറിവിളിക്കുന്ന വാർത്താവതരണവുമായി ചാനലുകൾക്ക് എന്താണ് ഭാവി എന്ന് ആഴ്ചപ്പതിപ്പിന്റെ മുഖചിത്രത്തിൽ ചോദ്യമുന്നയിച്ച് വാർത്തകൾക്കുമേൽ അവതാരകർ പ്രതിഷ്ഠിക്കപ്പെടരുത് എന്ന ഉത്തരം അഭിമുഖത്തിനു തലക്കെട്ടായി നൽകി വർത്തമാനകാല ടെലിവിഷൻ മാധ്യമ പ്രവർത്തനത്തെ വിലയിരുത്തുമ്പോൾ ഗഹനമായതും ആഴത്തിലുള്ളതുമായ വായനാനുഭവമാണ് നൽകുന്നത്. മൂല്യബോധമുള്ള വാർത്ത വായനക്കാരും (അവതാരകരും) വേണമെന്നു തന്നെയാണ് ആഴമേറിയ ഈ അഭിമുഖം പറയുന്നത്.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

മന്ത്രം അറിയുന്ന തന്ത്രിയും തന്ത്രം അറിയുന്ന മന്ത്രിയും

അമ്പലം വിഴുങ്ങികളെക്കുറിച്ചുള്ള ‘തുടക്ക’ത്തിലെ (ലക്കം 1443) ഹ്രസ്വവും കാലികപ്രസക്തിയുള്ളതുമായ എഴുത്ത്​ കേരളത്തിലെ പൊതുമനസ്സ് ചിന്തിക്കുന്ന ചർച്ചാ വിഷയമാണ്. അമ്പലം വിഴുങ്ങികളെന്ന് കേട്ടിട്ടേയുള്ളൂ. ശബരിമലയിൽ അതും നേരിൽ കാണുവാൻ ഉണ്ണികൃഷൻ പോറ്റിയുടെ മോഷണം കാരണമായി. ശബരിമലയുടെ പ്രസിദ്ധവും എല്ലാവർക്കും നോട്ടം കിട്ടുന്നതുമായ പൂമുഖത്ത് ഇതാണ് മോഷണത്തിന്റെ വ്യാപ്തിയെങ്കിൽ പിന്നാമ്പുറങ്ങളിൽ എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകും? ഭഗവാനെന്തിനാണ് പാറാവ് എന്ന നായനാരുടെ പ്രസിദ്ധമായ ചോദ്യം ഇത്തരുണത്തിൽ ഓർക്കുകയാണ്. കള്ളൻ തുനിഞ്ഞിറങ്ങിയാൽ ദൈവത്തിനുപോലും തടുക്കാനാവില്ലാത്ത ദുരവസ്ഥ പരമദയനീയമാണ്.

സി.പി.എം ബോർഡ് പ്രസിഡന്റുമാരുടെ കാലത്താണ് ആരോപണത്തിനാധാരമായ സംഭവങ്ങൾ മുഴുവനും നടന്നിരിക്കുന്നത്. അയ്യപ്പസംഗമം നടത്തി മൂന്നാം തവണയും ഭരണത്തിലേറാമെന്ന വ്യാമോഹം അയ്യപ്പൻതന്നെ പൊളിക്കുന്നു എന്നാണ് സി.പി.എമ്മിലെ നിർദോഷികൾ അടക്കംപറയുന്നത്. മന്ത്രം അറിയുന്ന തന്ത്രിയും തന്ത്രം അറിയുന്ന മന്ത്രിയും സി.പി.എം ബോർഡ് പ്രസിഡന്റുമാരും അറിയാതെ കള്ളനു കഞ്ഞിവെച്ചവനായും പോറ്റിക്ക് കളവ് നടത്തുക അസാധ്യമാണ്. ലോക തട്ടിപ്പുകാരനായ വ്യവസായി വിജയ് മല്യ 1998ൽ ശബരിമലയിൽ കാണിക്കവെച്ചത് 30 കിലോ സ്വർണവും 1900 കിലോ​ ചെമ്പും ആണെന്ന് പറയപ്പെടുന്നു.

ആഗോള കള്ളൻ കാണിക്കവെച്ചത് നമ്മുടെ നാട്ടിലെ കായംകുളം കൊച്ചുണ്ണിയുടെ പിൻഗാമിയായ പോറ്റിയും കൽപേഷും നാഗേഷും നിലവിലെ ഇടതുപക്ഷ ഭരണക്കാരും ചേർന്ന് അടിച്ചുമാറ്റി. ഹൈകോടതി ഇടപെട്ടതിനാൽ അന്വേഷണം എന്ന പ്രഹസനം നടക്കുന്നു. അന്വേഷണങ്ങളെ അട്ടിമറിക്കാൻ പ്രാപ്തനായ പിണറായി വിജയൻ എന്തെല്ലാം കുതന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് കണ്ടറിയണം.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.