എഴുത്തുകുത്ത്

ഹിന്ദുത്വ എന്തെന്ന് കൃത്യപ്പെടുത്തിയ പ്രത്യേക പതിപ്പ്

ഇന്ത്യയിലെ ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനയെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആർ.എസ്.എസിന്‍റെ നൂറു വർഷത്തെ പാരമ്പര്യത്തെയും പ്രവർത്തനങ്ങളെയും വിലയിരുത്തുന്ന പഠനാർഹങ്ങളായ ലേഖനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പതിപ്പ് (ലക്കം 1446) ശ്രദ്ധേയമായി. പരമതവിദ്വേഷവും അസഹിഷ്ണുതയുംമൂലം അന്ധത ബാധിച്ച ഒരുപറ്റം ആളുകളുടെ കൂട്ടായ്മ എന്നതിലുപരി മറ്റൊരു വിശേഷണത്തിനും ആർ.എസ്.എസിന് അർഹതയില്ല. ആർഷഭാരത സംസ്കാരത്തിന്‍റെയോ മനുഷ്യത്വത്തിന്റെയോ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത, ജനങ്ങൾ അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളിൽ ഒന്നിനുപോലും പരിഹാരം നിർദേശിക്കാൻ അവരുടെ ഐഡിയോളജിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

100 വർഷം പിന്നിട്ട ആർ.എസ്.എസിന്റെ ചരിത്രത്തിൽ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അവർ നൽകിയ സംഭാവനകൾ ഏതൊക്കെയാണെന്ന് അക്കമിട്ട് പറയാൻ എന്താണുള്ളത്? രാഷ്ട്രപിതാവിന്‍റെ വധം, ബാബരി മസ്ജിദ് ധ്വംസനം, നൂറുകണക്കിന് വർഗീയ കലാപങ്ങൾ, ഗോസംരക്ഷണത്തിന്റെ പേരിൽ നടത്തിയ അതിക്രൂരമായ കൊലപാതകങ്ങൾ, ഭരണഘടന അനുവദിച്ച മതപ്രചാരണ സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും അനുവദിക്കാതിരിക്കൽ തുടങ്ങിയവയിൽ നേരിട്ടോ അല്ലാതെയോയുള്ള മനുഷ്യത്വ/ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ മാത്രമാണ് അവരുടെ ബാക്കിപത്രം.

അബൂറമീസ് ചേന്ദമംഗലൂർ

തെയ്യത്തിനു വേണം, ഒരു തിരുത്തൽ ഭാഷ്യം

തെയ്യവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തൊട്ടുകൂടായ്മയും അകറ്റിനിർത്തലും ആദ്യമായി അറിയുകയാണ്, അധ്യാപകനും തെയ്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന അനിൽകുമാർ സി.വിയുമായി രൂപേഷ് കുമാർ നടത്തിയ അഭിമുഖത്തിലൂടെ (ലക്കം 1447). ചില തെയ്യത്തെ പുരയിടത്തിന് പുറത്തുനിർത്തുന്നതും ചിലതിനെ ചില ദലിത് സമുദായത്തിന് മാത്രമായിട്ടുള്ളതും ചില പ്രത്യേക വിഭാഗത്തിൽപെട്ട തെയ്യം കലാകാരൻമാർ കെട്ടിയാടാൻ പോകുമ്പോൾ ഭക്ഷണം കഴിക്കാൻ പാത്രങ്ങൾപോലും സ്വന്തമായി കൊണ്ടുപോകണമെ​െന്നല്ലാം കേൾക്കേണ്ടിവരുന്നത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്താചാരവുമെല്ലാം വേരോടെ പിഴുതെറിഞ്ഞു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണെന്നോർക്കണം.

ദൈവമായിട്ട് കാണുന്ന തെയ്യത്തിന്റെ മുന്നിലാണ് ഈ വിവേചനമെങ്കിൽ കലയായിട്ടു കാണുന്ന തെയ്യത്തിന്റെ മുന്നിൽ ഇതിലപ്പുറവും സംഭവിച്ചി​െല്ലങ്കിലേ അത്ഭുതമുള്ളൂ എന്ന തോന്നലാണ് അനിൽ കുമാറുമായുള്ള അഭിമുഖം വായിക്കു​മ്പോൾ ഉളവാകുന്നത്. ജാതിവ്യവസ്ഥ അല്ലെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം തെയ്യങ്ങളിലേക്ക് കടന്നുകയറുമ്പോൾ ജാതിയുടെ പേരിൽ വേർതിരിച്ചു കാണുന്ന തെയ്യങ്ങൾ വർത്തമാന കാലത്ത് ചർച്ചചെയ്യപ്പെടേണ്ടതുതന്നെയാണ്. എന്നാൽ, ദൈവികമായ കാഴ്ചപ്പാടുള്ള ഒരു കലാരൂപമായിട്ടുപോലും ഈ അവഗണന ദലിത് സമൂഹം തന്നെ കാണാതെ പോകുന്നത് അവരിൽതന്നെ ചിലർ തങ്ങൾ ദലിതരാണെന്ന് പറയാൻ ഇഷ്ടപ്പെടാത്തതുകൊ​ണ്ടോ, ദലിതരായിട്ടുതന്നെ നിൽക്കാനുള്ള ധൈര്യം അവർ സംഭരിക്കാത്തതുകൊ​ണ്ടോ ആണെന്ന് അനിൽകുമാർ പറയുന്നത് കാണാതിരുന്നിട്ടു കാര്യമില്ല.

എന്നാൽ, ദലിത് കീഴാള ആത്മീയതകൂടിയായ തെയ്യത്തെ ഒരു കല എന്ന രൂപത്തിലേക്ക് മാറ്റുന്നതിലൂടെ ഇടതുപക്ഷം അടക്കമുള്ള പുരോഗമനവാദികൾ ചെയ്യുന്നത് അവയെ ഇല്ലാതാക്കുകയാണ് എന്നു പറയുന്നതിനോട് എത്ര പേർ യോജിക്കുമെന്ന് അറിയില്ല. ഉത്തര മലബാറിന്റെ ആഖ്യാനങ്ങളിൽ മാത്രം ഒതുങ്ങിനിന്ന തെയ്യത്തിന് ആത്മീയതയിലൂടെ മാത്രംലഭിച്ചതിനേക്കാൾ വ്യാപ്തി കലയെന്ന പരിവേഷംകൂടി ലഭിച്ചപ്പോൾ കൈവന്നു എന്നു വേണം കരുതാൻ. അങ്ങനെയെങ്കിൽ അതിനു ശ്രമിച്ച ഇടതുപക്ഷ പുരോഗമന വാദികളോ അല്ലാത്തവരോ അവർ ആരായിരുന്നാലും എങ്ങനെയാണ് വിമർശിക്കാനാകുക. തെയ്യം സംസാരിക്കേണ്ടത് സംസ്കൃതമല്ല; സാധാരണക്കാരന്റെ ഭാഷയിലാണ് എന്ന് പറയുന്നത് അംഗീകരിക്കപ്പെടേണ്ടതു തന്നെ. സംസ്കൃതം ഒരു ചെറിയ ശതമാനത്തിനു മാത്രം പ്രാപ്യമാകുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന മലയാളത്തിൽ തന്നെയാണ് തെയ്യം സംവദിക്കേണ്ടത്; അത് ആത്മീയമായാലും കലയായാലും. എന്തുതന്നെ ആയിരുന്നാലും തെയ്യത്തിനൊരു തിരുത്തൽ അനിവാര്യമാണെന്ന് തന്നെയാണ് അനിൽകുമാർ സി.വി പറഞ്ഞുവെക്കുന്നത്.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

തന്റേടിയായ മധു ആലപ്പുഴ

തന്ത്രങ്ങളുടെയും വിട്ടുവീഴ്ചകളുടെയും വലിയ ലോകമാണ് സിനിമ. ഇതൊന്നുമറിയാത്തവർ എത്ര കഴിവുണ്ടെങ്കിലും ഉയരങ്ങളിലെത്താൻ ഏറെ പ്രയാസപ്പെടും. മലയാള സിനിമ വളരെപ്പെട്ടെന്നുതന്നെ മറന്ന അനുഗൃഹീത പ്രതിഭയാണ് ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ മധു. 1970-80 കാലഘട്ടങ്ങളിൽ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകളും വ്യത്യസ്ത വിഷയങ്ങളിൽ ലേഖനങ്ങളും എഴുതി സാഹിത്യലോകത്ത് നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന് കുറച്ചു പടങ്ങളിൽ മാത്രമാണ് പാട്ടുകൾ എഴുതാനുള്ള അവസരങ്ങൾ ലഭിച്ചത്. 1980 എന്ന അതിമനോഹരമായ കാലഘട്ടത്തിൽ മധു ആലപ്പുഴയുടെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങളെല്ലാം മലയാളി മനസ്സിന് അത്രമേൽ പ്രിയപ്പെട്ടതായി. ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകളിൽ (ലക്കം 1447) പരാമർശിച്ചു പോയ ചിത്രങ്ങളിൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘മിസ്സി’യുമുണ്ടായിരുന്നല്ലോ. കോളജ് പഠനകാലത്ത് യുക്തിവാദി ആശയങ്ങളിൽ ആകൃഷ്ടനായി എ.ടി. കോവൂരിന്റെ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോഴാണ് മഞ്ഞിലാസ് നിർമിച്ച ‘മിസ്സി’യിൽ അവസരം ലഭിക്കുന്നത്. ‘‘അനുരാഗം അനുരാഗം അന്തർലീനമാം...’’ എന്നു തുടങ്ങുന്ന ആദ്യ പാട്ട് മനോഹരമായിരുന്നെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് കുറച്ചെങ്കിലും അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നത്.

ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത പടങ്ങളിലൂടെയാണ് ആ ഹിറ്റുകൾ പിറക്കുന്നത്. വേണു നാഗവള്ളിയും ജലജയും അഭിനയിച്ച ‘ഇത്തിരിനേരം ഒത്തിരി കാര്യ’ത്തിലെ ജോൺസൺ ഈണമിട്ട ‘‘ഇതളഴിഞ്ഞു വസന്തം...’’ എങ്ങനെ മറക്കാനാണ്. ‘താരാട്ടി’ലെ ‘‘പൂവിനുള്ളിൽ പൂവിരിയും പൂക്കാലം വന്നു...’’ ‘ആരാന്റെ മുല്ല കൊച്ചുമുല്ല’യിലെ ‘‘ശാലീന സൗന്ദര്യമേ...’’ ഭരതൻ സംവിധാനംചെയ്ത ‘ഓർമക്കായ്’ ചിത്രത്തിലെ ‘‘മൗനം പൊന്മണി തംബുരു മീട്ടി...’’,

‘ഇലഞ്ഞിപൂക്കളി’ലെ ‘‘വിഷുപക്ഷി ചിലച്ചു’’, ‘മിണ്ടാപ്പൂച്ചക്ക് കല്യാണ’ത്തിലെ ‘‘മേടമാസപുലരിയിൽ...’’ ഇവയെല്ലാംതന്നെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗ്രാമവിശുദ്ധി നിറഞ്ഞ പാട്ടുകളാണ്. നാടക-ഭക്തി ഗാനങ്ങൾ രചിച്ചും സാംസ്കാരിക ഇടപെടലുകൾ നടത്തിയും ഇന്നും നമുക്കിടയിൽ ജീവിക്കുന്ന ഈ കലാകാരൻ ഒരിക്കൽ ഒരു സിനിമയിൽ പാട്ട് എഴുതാൻ ചെന്നപ്പോൾ ഈണത്തിനനുസരിച്ച് പാട്ടെഴുതാൻ പറഞ്ഞപ്പോൾ തനിക്കതിന് പറ്റില്ലെന്ന് പറഞ്ഞതോടെ പലരുടെയും കണ്ണിലെ കരടായി. മറ്റൊരു സിനിമക്ക് എഴുതിയ പാട്ട് താൻ അറിയാതെ വേറൊരു സിനിമക്ക് ഉപയോഗിച്ചതിന് സംവിധായകനെതിരെ കേസ് കൊടുത്ത സംഭവവും കൂടിയായപ്പോൾ കവിത കിനിയുന്ന വരികളടങ്ങിയ പാട്ടുകളുടെ സ്രഷ്ടാവായ മധു ആലപ്പുഴയെ മലയാള സിനിമ അകറ്റിനിർത്തി. യാതൊരു പരിഭവവും ഇല്ലാതെ ജീവിച്ചു പോരുന്നു ഈ കലാകാരൻ ഇന്നും നമുക്കിടയിൽ.

കെ.പി. മുഹമ്മദ് ഷെരീഫ്. കാപ്പ്, പെരിന്തൽമണ്ണ

നവാഗതർക്ക് ബിഗ് സല്യൂട്ട്

മലയാള സിനിമയിലെ ആധുനിക മിത്തുകളെ കുറിച്ച് ശ്വേത ​ശ്രീവത്സൻ എഴുതിയ കാഴ്ചയുമായി ബന്ധപ്പെട്ട പുനർവായന, ലേഖികയുടെ അപാരമായ അറിവിനെ വ്യക്തമായി ഗ്രഹിക്കാൻ സഹായകരമായി (ലക്കം 1445). അടിസ്ഥാനപരമായി സിനിമ ഒരു നേരമ്പോക്കാണ്. ‘കുമാരി’, ‘ഭ്രമയുഗം’, ‘എ.ആർ.എം’, ‘ലോക’ എന്നിവ പ്രേതത്തെ ചുറ്റിപ്പറ്റിയുള്ള സിനിമകളാണ്. യക്ഷിക്കഥകളും നാടോടിക്കഥകളും പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്നു. ‘ലോക’, ‘ലൂക്ക’, ‘കുറുപ്പ്’, ‘റോഷാക്ക്’, ‘കിങ് ഓഫ് കൊത്ത’, ‘ലക്കി ഭാസ്കർ’ എന്നീ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച കലാകാരനായ നിമിഷ് രവി, യൂട്യൂബിൽനിന്നാണ് ഛായാഗ്രഹണം പഠിച്ചതെന്ന് അറിയുമ്പോഴാണ് നാം അത്ഭുതപ്പെടുക. ഇന്ന​ത്തെപ്പോലെ സാ​ങ്കേതിക വിദ്യ വികസിക്കാത്ത 1964ൽ റിലീസായ ‘ഭാർഗവീനിലയ’ത്തി​ലെ പാട്ടുകൾ കാലത്തെ അതിജീവിച്ച് ഇന്നും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നു!.

തലമുറ മാറി; പ്രേക്ഷകരുടെ അഭിരുചിയും മാറിയത് മനസ്സിലാക്കി, മലയാള സിനിമയുടെ ആഖ്യാനങ്ങളിൽ സമഗ്രമാറ്റം വരുത്തിയ നവാഗതരായ സിനിമ നിർമാതാക്കൾക്കും സംവിധായകർക്കും ഒരു ബിഗ് സല്യൂട്ട്. 17ാം നൂറ്റാണ്ടിലെ കഥപറഞ്ഞ് കൊടുമൺ പോറ്റിയായി തകർത്താടിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് സംസ്ഥാന അവാർഡും ലഭിച്ചതോടെ എല്ലാം ശുഭം. ബി.ജെ.പി മോഹൻലാലിന് അവാർഡുകൾ നൽകി ആദരിക്കുമ്പോൾ, ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടിയെ കേരള സർക്കാറും ആദരിച്ചുവെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ വാക്കുകളിൽനിന്നും മനസ്സിലാക്കാം. ബഹുമതികളും കാവിനിറത്തിലും ചുവപ്പ് നിറത്തിലും പ്രത്യക്ഷപ്പെടുകയാണ്.

ഫാ. ഡാർലി എടപ്പക്കാട്ടിൽ, മുളന്തുരുത്തി

അനന്യമായ ഭാവനാചാരുത

ഫസീല മെഹര്‍ എഴുതിയ ‘അരുന്ധതി റോയ് Comes to me’ എന്ന കഥ വായിച്ചപ്പോള്‍ ഞാനെന്‍റെ കലാലയ ജീവിതകാലത്ത് ഒ.വി. വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ പിറന്ന തസ്രാക്ക് ഗ്രാമം തേടിപ്പോയത്‌ ഓര്‍മ വന്നു. എന്നെപ്പോലെ ഇതിലെ നായികയായ എഴുത്തുകാരി അരുന്ധതി റോയിയുടെ ജന്മസ്ഥലമായ അയ്മനം തേടി പോകുമ്പോള്‍ ഒപ്പിയെടുക്കുന്ന വഴിയോരക്കാഴ്ചകൾ അനന്യമായ ഭാവനാചാരുതയോടെയും, അനന്തമായ വൈവിധ്യങ്ങളോടെയും അവതരിപ്പിച്ചിരിക്കുന്നതു വായിച്ചപ്പോൾ മനസ്സിൽ വർണമഴ പെയ്തു. ഇതില്‍ കഥയുടെ നീരൊഴുക്കുകളില്‍ കണങ്കാല്‍ നനഞ്ഞ്, വ്രീളാവിവശയായ പാദസരങ്ങളുടെ സംഗീതം കേള്‍പ്പിക്കുന്ന ഒരു കൊച്ചുകുട്ടിയെ കാണുന്നു ഞാന്‍. വായനാസുഭഗത നല്‍കുന്ന എഴുത്തു ശൈലിയാണ് ഈ കഥയുടെ പ്രത്യേകതകളില്‍ ഒന്ന്‌. ഓര്‍മകളും അനുഭവങ്ങളുംകൊണ്ട് കോര്‍ത്തെടുത്തിരിക്കുന്ന ഈ പളുങ്കുമാലക്ക് ഏഴല്ല എഴുനൂറാണ് അഴക്‌.

സണ്ണി ജോസഫ്‌, മാള

ആ കൃഷ്ണൻ നായരല്ല ഈ കൃഷ്ണൻ നായർ

ശ്രീകുമാരൻ തമ്പി എഴുതിയ മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ കലാനിലയം കൃഷ്ണൻ നായർ നിർമിച്ച ‘നീലസാരി’ എന്ന ചിത്രം സംവിധാനംചെയ്തത് എം. കൃഷ്ണൻ നായരാ​െണന്ന് ആഴ്ചപ്പതിപ്പിൽ (ലക്കം 1447) പരാമർശിച്ചിട്ടുണ്ട്. ഇദ്ദേഹം പ്രസിദ്ധനായ ചലച്ചിത്ര സംവിധായകനായിരുന്നു. എന്നാൽ ഈ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന ചിത്രം പ്രഫസർ എം. കൃഷ്ണൻ നായരുടേതാണ്. രണ്ടുപേരും രണ്ടാണെന്ന് വ്യക്തമാക്കുന്നു.

ബദറുദീൻ എം, കുന്നിക്കോട്

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.