എഴുത്തുകുത്ത്

അത്ര നിഷ്കളങ്കമല്ല പി.എം ശ്രീ

ആഴ്ചപ്പതിപ്പിൽ പി.എം ശ്രീയുമായി ബന്ധപ്പെട്ടു വന്ന ലേഖനങ്ങൾ (ലക്കം 1445) വായിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾകൂടി പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഈ എഴുത്ത്. ‘രാജ്യത്തിന്റെ ഭാവി ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നത്’ (The destiny of India is being shaped in our classrooms) -ഡോ. കോത്താരി വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ട്‌ തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. ഒരു രാജ്യത്തിന്റെ പൗരന്മാർ രാജ്യത്തിന്റെ ഭരണാധികാരികൾക്ക് വഴങ്ങണമെന്ന ആഗ്രഹം ഭരണാധികാരികൾക്ക് സ്വാഭാവികമായും ഉണ്ടാവും. ഫാഷിസ്റ്റ് ഏകാധിപതികൾ അതിനുള്ള നീക്കം നടത്തുകയും ചെയ്യും. പൗരർ തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാവരുതെന്ന സ്വാർഥ മോഹവും അവർക്കുണ്ടാവും. വിദ്യാഭ്യാസത്തിൽ കൈകടത്തി തങ്ങളുടെ ലക്ഷ്യം നേടാനുള്ള കുടിലബുദ്ധി ഭരണാധികാരികൾ നടത്തും. അത്തരമൊ രു നീക്കമാണ് ഇന്ന് നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത്.

ഡോ. കസ്തൂരിരംഗൻ ചെയർമാനായുള്ള കമ്മിറ്റി 2020ൽ സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം അങ്ങനെയുള്ളതായിരുന്നു. പിന്തിരിപ്പനും രാജ്യം ഇതുവരെ സൂക്ഷിച്ച മതേതര കാഴ്ചപ്പാടുകൾക്ക് കടക വിരുദ്ധമായ നിർദേശങ്ങൾ അടങ്ങിയതായിരുന്നു ആ റിപ്പോർട്ട്‌. ഏറെ ചർച്ച ചെയ്യേണ്ട കരട് റിപ്പോർട്ട്‌ പാർലമെന്റിന്റെ മേശപ്പുറത്തു വെക്കുകയോ അംഗങ്ങൾക്ക് അഭിപ്രായം പറയാനോ ഭേദഗതികൾ വരുത്താനോ അവസരമൊരുക്കിയില്ല. സ്വാഭാവികവും എല്ലാ നിഗൂഢപദ്ധതിയുടെയും ലക്ഷണമെന്നും ഇതേകുറിച്ച് പറയാം. കേന്ദ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യ ചുവട് എന്ന രീതിയിൽ കരാറിൽ ഒപ്പിട്ടപ്പോൾ കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ഘടക കക്ഷികളോടോ സ്വന്തം പാർട്ടിയോടോ പോലും അന്വേഷിച്ചില്ല.

പ്രാഥമിക വിദ്യാഭ്യാസം രാജ്യത്തെ എല്ലാ കുട്ടികളുടെയും മൗലികാവകാശമായി ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ദേശീയ വിദ്യാഭ്യാസനയം ആ ഉത്തരവാദിത്തത്തിൽനിന്നും സ്റ്റേറ്റിനെ ഒഴിവാക്കുന്നു. ശിശുക്കളുൾ​െപ്പടെയുള്ള കുട്ടികൾക്ക് ബദൽ സ്ഥാപനങ്ങളെ ഏൽപിക്കുന്നു. എന്താണ് ബദൽ സ്ഥാപനങ്ങൾ? സരസ്വതീ വിദ്യാലയങ്ങൾ, ഗുരുകുലങ്ങൾ, മഠങ്ങൾ, വേദപാഠശാലകൾ, മദ്റസകൾ എന്നിവയാണവ. എവിടേക്കാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കുട്ടികളുടെ പ്രായം പരിഗണിക്കാത്ത വിദ്യാഭ്യാസ കാഴ്ചപ്പാടാണ് നയരേഖയിലുള്ളത്. 5+3+3+4 എന്നീ ക്രമത്തിലാണ് കുട്ടികളെ തരംതിരിച്ചിരിക്കുന്നത്. നഴ്സറിതലം മുതൽ അഞ്ചുവരെ എൽ.പിയിൽ വരുന്നു. ഇവിടെ കുട്ടി ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നത് നഴ്സറി പ്രായത്തിലാണ്. ഇത് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്.

മൂന്നു മുതൽ ആറു വരെയുള്ള വയസ്സിലാണ് കുട്ടികളുടെ മസ്‌തിഷ്ക വളർച്ച നടക്കുന്നത്. ഇക്കാലത്ത് കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വവും കരുതലും പരിചരണവും ആവശ്യമാണ്. കൂട്ടുകാരുടെയും സ്വന്തം അച്ഛനമ്മമാരിലൂടെയും കളികളിലൂടെയുമാണ് ഈ പ്രായത്തിൽ കുട്ടികൾ പഠിക്കുന്നത്. നിർബന്ധത്തിലൂടെയുള്ള ഔപചാരിക വിദ്യാഭ്യാസം കുട്ടികളുടെ വ്യക്തിത്വം നശിപ്പിക്കും. അഞ്ചു വയസ്സിനു മുമ്പുതന്നെ കുട്ടി അക്ഷരവും അക്കങ്ങളും എണ്ണവും പഠിച്ചിരിക്കണമെന്ന് നിഷ്കർഷിക്കുന്നു. തികച്ചും അപ്രായോഗികമായ വിദ്യാഭ്യാസ കാഴ്ചപ്പാടാണ് കമ്മിറ്റിക്കുള്ളത്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നെഹ്‌റുവിന്റെ കാലം മുതലേ ഇന്ത്യയിൽ നടക്കുന്ന പ്രവർത്തനമാണ്. 12ാം ക്ലാസിന് ശേഷമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകാറുള്ളത്. എന്നാൽ, എൻ.ഇ.പി 2020ലെ വിദ്യാഭ്യാസ നയം ആറാം ക്ലാസു മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകണമെന്ന് പറയുന്നു. ആറാം ക്ലാസു മുതൽ തൊഴിൽ പരിശീലിക്കുന്നത് നിലവിലുള്ള ബാലാവകാശ നിയമത്തിന് എതിരാണ്. കുട്ടികളെ കോർപറേറ്റുകൾക്കുവേണ്ടി ഒരുക്കലാണ് ഇതിന്റെ പിന്നിലുള്ള രഹസ്യം. ആറാം ക്ലാസു മുതൽ തൊഴിൽ പരിശീലിക്കുന്ന ഒരു കുട്ടി വഴിക്കുവെച്ച് പഠനം നിർത്താനും, കൊഴിഞ്ഞുപോക്ക് വർധിക്കാനുമാണ് സാധ്യത.

484 പേജുള്ള ഈ നയരേഖയിൽ എവിടെയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങൾ തന്നെയില്ല എന്നത് വലിയ ദൗർബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണാധികാരികളുടെ നിഗൂഢതയാണ് ഇതിലൂടെ വെളിവാകുന്നത്. രാജ്യത്തെ ജനാധിപത്യ മതേതരമാക്കുന്നതിന് പകരം മത രാഷ്ട്രമാക്കുക എന്ന ആർ.എസ്.എസിന്റെ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇതിലെ ഓരോ വ്യവസ്ഥയും. തികച്ചും വർഗീയതയും അപരവിദ്വേഷവും കുട്ടികളിൽ വളർത്തലാണ് ഈ വിദ്യാഭ്യാസ രീതിയുടെ മറ്റൊരു ഉദ്ദേശ്യം. മുസ്​ലിം സ്വാതന്ത്ര്യ സേനാനികളെയും ദേശീയ നേതാക്കളെയും മുഗൾ ഭരണകാലത്തെയും മാറ്റിനിർത്തി തങ്ങളുടെ താൽപര്യത്തിനനുസരിച്ച് ചരിത്രത്തെ മാറ്റിയെഴുതൽ ഇതിന്റെ മറ്റൊരു നിഗൂഢ ലക്ഷ്യമാണ്. അതനുസരിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാഠപുസ്തകങ്ങൾ മാറ്റി എഴുതിക്കഴിഞ്ഞു. വ്യാജമായതും അയുക്തി നിറഞ്ഞതുമായ ഇത്തരം വിവരങ്ങൾ സ്കൂളിൽനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ രാജ്യത്തിന് അനുഗുണമാവുകയില്ല എന്നതിൽ പക്ഷാന്തരമില്ല. ഈ വിദ്യാഭ്യാസം കുട്ടികൾക്ക് അവരുടെ ഭാവിയിലേക്ക് ഒരുതരത്തിലും ഗുണകരമാവില്ലെന്ന് മാത്രമല്ല, ദുരന്തമാവുകയും ചെയ്യും.

മുപ്പത് വെള്ളിക്കാശിനുവേണ്ടി ക്രിസ്തുവിനെ വഞ്ചിച്ചതുപോലെ 1500 കോടി രൂപക്കുവേണ്ടി കേരളത്തിലെ കുട്ടികളോട് കാട്ടുന്ന കടുത്ത വഞ്ചന. ഫാഷിസം നമ്മെ ഭരിക്കുന്നത് വളരെ പതുക്കെയായിരിക്കും. നാം പോലും അറിയാതെ നമ്മെ നശിപ്പിക്കുന്ന കാൻസറാണത്. ഫാഷിസത്തിന്റെ കടുത്ത വിമർശകർപോലും അതിന്റെ കരവലയത്തിൽപെടുന്ന ചിത്രമാണ് പി.എം ശ്രീ പദ്ധതിയിൽ സി.പി.എം ഭരിക്കുന്ന കേരളം ഒപ്പിടുന്നതിലൂടെ നാം കാണുന്നത്.

കെ.എ. റഹീം, കുളത്തൂർ

ദാമോദര്‍ പ്രസാദിന്‍റെ ചോര കിനിയുന്ന വാക്കുകൾ

‘‘ഈ കുഞ്ഞുങ്ങള്‍ എന്‍റെ ഉള്ളില്‍ നിലവിളിക്കുന്നു/ എനിക്ക് കേള്‍ക്കാം കരച്ചിലും ദീനരോദനങ്ങളും’’ -കരളില്‍ തീ കോരിയിടുന്ന പ്രതീതിയുളവാക്കുന്ന വരികള്‍. എന്‍റെ കണ്ണുകള്‍ നിറയുന്നു. ഹൃദയം വിതുമ്പുന്നു. ഞാന്‍ വീണ്ടും കവിതയുടെ തുടക്കത്തിലേക്ക് ചെന്നു. ഒന്നുകൂടി മനസ്സിരുത്തി വായിക്കണം. രക്തത്തില്‍ തൂലിക മുക്കി എഴുതിയ ആ വരികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലണം.

‘നാമഹാരി’ (ഗസ്സയില്‍ പറഞ്ഞ സുവിശേഷം -ലക്കം 1445) എന്ന കവിതയെഴുതിയ ദാമോദര്‍ പ്രസാദിന്‍റെ ചോര കിനിയുന്ന വാക്കുകൾ ഞാൻ നെഞ്ചേറ്റുന്നു. ഗസ്സയില്‍ നടക്കുന്നതെല്ലാം ഇതിലുണ്ട്. അതെന്നെ ഉരുക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളേയും മിണ്ടാപ്രാണികളെയും ഹിംസിക്കുന്നതിനേക്കാള്‍ വലിയ ക്രൂരത നരകത്തിൽപോലും കാണാനാകില്ലെന്ന് എഡ്മണ്ട് ദാന്തെയുടെ ‘ഡിവൈൻ കോമഡി’ വായിച്ചിട്ടുള്ളവർക്കറിയാം. ഗസ്സയിലെ കൂട്ടിയിട്ട മൃതശരീരങ്ങളുടെ മേലാണ് എന്‍റെ ഈ ചുടുകണ്ണീര്‍ അടര്‍ന്നുവീഴുന്നത്. കനംതൂങ്ങിയ ആഷാഢമേഘങ്ങള്‍ പരപരാന്ന് പെയ്തിറങ്ങുകയാണ്. ആ വേപഥുവില്‍ നനയാന്‍ കൊതിച്ച് മറവിയുടെ കിളിവാതില്‍ പതുക്കെ ചാരുകയാണ് ഞാന്‍.

സണ്ണി ജോസഫ്‌, മാള

ആനന്ദവും വിരഹവും തൂങ്ങിക്കിടക്കുന്ന ഓർമ

ആഴ്ചപ്പതിപ്പിൽ (ലക്കം 1444) പ്രസിദ്ധീകരിക്കപ്പെട്ട ജസ്റ്റിൻ പി. ജയിംസിന്റെ ‘പൊരുൾത്തിരിവ്’ എന്ന കവിത ഏറെ ചിന്തനീയമാണെന്ന് തോന്നി. കവി തന്റെ ഓർമകളെ സാഹിതീയമായി കൊത്തിവെക്കുന്ന രൂപരേഖയാണ് ഒന്നാം ഖണ്ഡികയിൽ കാണാൻ സാധിക്കുന്നത്. ഓർമ വിരഹവും വേദനയും തൂങ്ങിക്കിടക്കുന്ന ഒരു ഭാരമാണ്. അതെനിക്ക് സ്വസ്ഥതയും അത്ഭുതവുമാണ്. നാമോരോരുത്തരും നമ്മുടെ ജീവിതങ്ങളിൽ കടന്നുപോകുന്ന വ്യതിരിക്ത സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും ഒരു ഓർമയായി ചിത്രീകരിക്കാൻ കവി നമ്മളോട് പങ്കുവെക്കുന്നു.

‘‘കാടുകയറി ചത്തുപൊയ്‌പോയ പൂച്ചകളുടെ/ ഉടലുതിന്നു-വീർത്ത പുഴുക്കൾ/ മയങ്ങി വീണ് താഴേക്കുരുണ്ടുരുണ്ട്’’ എന്നീ വരികൾ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നു​െവന്നതും ഈ കവിതയെ പ്രശംസാർഹമാക്കുന്നുണ്ട്. ഇത്തരം വിവിധ ജീവിതതലങ്ങൾ ഒരേസമയം പ്രതിധ്വനിക്കുന്ന വിധത്തിലുള്ള ഈ കവിത ഓർമകൾക്കും പ്രകൃതിക്കും ഒരുപോലെ കൈയൊപ്പ് ചാർത്തുന്നുണ്ട്

കെ. മുഹമ്മദ് ആരിഫ്, കാഞ്ഞിരപ്പുഴ

ഹിന്ദുത്വക്ക് ചുവപ്പ് പരവതാനി വിരിക്കരുത്

ആഴ്ചപ്പതിപ്പിൽ ‘ഹി​ന്ദു​ത്വ​ക്ക് ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ക്ക​രു​ത്’ എന്ന തുടക്കം (ലക്കം 1445) വായിച്ചു. ജനാധിപത്യ വിശ്വാസികൾ ഏറെ ഗൗരവമായെടുക്കേണ്ട വിഷയമാണ് ഇതിൽ പറയുന്നത്. 2014 മുതലുള്ള ബി.ജെ.പി ഭരണം വിദ്യാഭ്യാസരംഗം ഉൾപ്പെടെ എല്ലാം കാവിവത്കരിക്കുകയാണ്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ബി.ജെ.പി, ആർ.എസ്.എസിനെ ശക്തമായി എതിർത്തിരുന്നെങ്കിലും നിലവിൽ നയത്തിന് വിരുദ്ധമായി ബി.ജെ.പിക്ക് അനുകൂലമായി സംസാരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എൽ.ഡി.എഫിന്‍റെ പ്രധാന വോട്ടുബാങ്ക് എന്ന് പറയുന്നത് ഈഴവ, ദലിത് പോലുള്ള പിന്നാക്കക്കാരാണ്. എന്നാൽ, അവശ, പാർശ്വവത്കൃത ജനങ്ങൾക്കുവേണ്ടിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആർ.എസ്.എസ് അവിടെയും കടന്നുകയറുകയാണ്.

ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പറഞ്ഞു. ആർ.എസ്.എസിന്റെ തെറ്റായ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ അനുവദിക്കില്ലെന്ന്. എന്നാൽ, മിക്ക നേതാക്കൾക്കും അങ്ങനെ പറയാൻ ധൈര്യമില്ല. നെഹ്റുവിനെയും ഗാന്ധിജിയെയും തെറ്റായി ചിത്രീകരിച്ച് ഗോദ്സെ, ഗോൾവാൾക്കർ, ദേവ് ആരവ് തുടങ്ങിയ ഫാഷിസ്റ്റ്, സവർണ നേതാക്കളെ വലിയ മനുഷ്യർ ആയി ആർ.എസ്.എസ് ചിത്രീകരിക്കുന്നു.

മുഗൾ, മുസ്‍ലിം ഭരണം മിക്കതും പാഠ്യവിഷയത്തിൽനിന്ന് മാറ്റുന്നു. പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന യു.പി, ഹരിയാന, ചണ്ഡിഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ. പഴയ പല മുസ്‍ലിം ​പേരുകൾ ഹിന്ദുവത്കരിക്കുന്നു. മുസ്‍ലിം പള്ളികൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ ഭീഷണിയിൽ കഴിയുന്നു. തെറ്റായ വിദ്യാഭ്യാസ നയം നമ്മുടെ കുട്ടികളിൽ തെറ്റായ ചരിത്രം, ഇന്ത്യയെക്കുറിച്ച് പഠിപ്പിക്കുന്നു. ഇതിനെ ശക്തമായി ചെറുത്തുതോൽപിക്കണം. എം. ശ്രീകുമാർ എഴുതിയ ‘കാവിവത്കരണത്തിന് ചുവപ്പ് പരവതാനി’, ജോമി പി.എൻ എഴുതിയ ‘ഇരട്ടത്താപ്പിന് കേരളം കൊടുക്കേണ്ടിവരും വലിയ വില’ എന്നീ ലേഖനകൾ കാലികപ്രസക്തമായി.

ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം

അവകാശാരവങ്ങൾ ഉണ്ടാകുമ്പോൾ

ആഴ്ചപ്പതിപ്പ് വായനയിൽ മുഴുകിയിരിക്കവെയാണ് എന്റെ മിഴി എട്ടാം പേജിലെ കവിതയിലേക്ക് (ലക്കം 1446) ആകർഷിക്കപ്പെട്ടത്. കവികളിൽ പേരു കുറിച്ച ശരൺ കുമാർ ലിംബാളെയുടെ ‘വെള്ളക്കടലാസ്’ എന്ന കവിതയെ അതിന്‍റെ എല്ലാതലത്തിലുള്ള അർഥങ്ങളെയും ഉൾ​ക്കൊണ്ട് മൊഴിമാറ്റം നിർവഹിച്ച മിനി അനാമികയെ പ്രശംസിക്കാതെ വയ്യ. മനുഷ്യാവകാശത്തിന്റെ മൂല്യതയെക്കുറിച്ച് വളരെ സ്പഷ്ടമായി തന്നെ ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. 

എഴുത്തുകാരി കവിതയിലൂടെ നമ്മോട് തുറന്നുപറയുന്നത് കവിക്ക് മറ്റുള്ളവരുടെ വ്യഥകളെയോ സ്മരണകളെയോ മനസ്സിൽ സൂക്ഷിച്ചുവെക്കാൻ മോഹമില്ല എന്നാണ്. കൂടാതെ തന്റെ ശരീരത്തിന് ആർജിച്ചെടുക്കേണ്ടതായ അവകാശങ്ങളെ മാത്രം മതി എന്നാണ് ചൊല്ലുന്നത്. കവിയുടെ ഈ ദയനീയാവസ്ഥയെ കേട്ടറിയുന്ന ഞാൻ ആ ഹൃദയ ആഴങ്ങളെ കണ്ടറിയുന്നു. കൂടാതെ നാം താഴ്ന്നിറങ്ങി ചിന്തിക്കുന്ന ചോദ്യങ്ങളും പ്രതികരണങ്ങളും ഇതിലൂടെ ഉണർത്തുകയും ചെയ്യുന്നുണ്ട്. നാം കെട്ടിവെച്ചു പൂട്ടിപ്പോയ കവിയുടെ അവകാശങ്ങളും സമൂഹത്തോട് യാചിക്കുന്നുണ്ട്. കവിയുടെ ഈ നിസ്സഹായാവസ്ഥ എന്റെ മാറിൽ ഒരു വിടവുണ്ടാക്കിയതുപോലെയാണ് അനുഭവപ്പെട്ടത്.

നുജൂം വല്ലപ്പുഴ

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.