എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളിയുടെ നിരാശയും നിസ്സഹായതയും പ്രാരബ്ധവും പ്രശ്നങ്ങളും പരിദേവനങ്ങളും ഉള്ളിൽ ആഞ്ഞുകൊത്തുന്ന നർമത്തിലൂടെ, അക്ഷരങ്ങൾകൊണ്ടും അഭിനയ മികവുകൊണ്ടും ചരിത്രത്തോട് ചേർത്തുവെച്ച ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭയുടെ ഓർമകൾക്കു മേലുള്ള അക്ഷരപൂജപോലെ സമർപ്പിക്കപ്പെട്ട മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1483) അതിമനോഹരമായി എന്നു പറയാതെ വയ്യ.
സ്വന്തം ന്യൂനതകളെ പരമാവധി കളിയാക്കിക്കൊണ്ട് ആക്ഷേപ ഹാസ്യത്തിന്റെ കുന്തമുനകൾ തന്നിലേക്കും, പിന്നീട് മലയാളിയുടെ കാപട്യത്തിലേക്കും തിരിച്ചുപിടിച്ച അദ്ദേഹത്തിന്റെ രചനകൾ നിത്യനൂതനങ്ങളായി ഇന്നും ആസ്വാദകമനസ്സുകളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. 40 വയസ്സ് പിന്നിട്ട ഒരാളുടെ ബാല്യ, കൗമാര, യൗവനങ്ങളെ മുഴുക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ എന്ന വ്യക്തിയുണ്ടായിരുന്നു.
രജനീകാന്ത് ഉൾപ്പെടെ ഇന്നത്തെ വലിയ പല താരങ്ങളും അദ്ദേഹത്തിന്റെ സഹപാഠികളായി ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ പഠിച്ചവരായിരുന്നു എന്നതും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. പക്ഷേ, ഒരിക്കലും അത്തരം ബന്ധങ്ങൾ പൊങ്ങച്ചം പറച്ചിലിനുവേണ്ടി ഉപയോഗിക്കാൻ ശ്രീനി മെനക്കെട്ടില്ല എന്നതാണ് പരമാർഥം. ഒരു കോമേഡിയൻ അല്ലായിരുന്നുവെങ്കിൽ, എം.ടിയെപ്പോലെ, ലോഹിയെപ്പോലെ കേരളം ഗൗരവമായി തന്നെ ചർച്ച ചെയ്യുമായിരുന്ന ഒരു തിരക്കഥാകൃത്തായി അദ്ദേഹം ചർച്ചചെയ്യപ്പെടുമായിരുന്നു എന്നു പലരും നിരീക്ഷിച്ചു കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ കഥകളിലെ സത്യസന്ധതയും, ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളും പൊങ്ങച്ചങ്ങളും പൊയ്മുഖങ്ങളുമെല്ലാം വേണ്ടവിധത്തിൽ സാംസ്‌കാരിക കേരളം ചർച്ചചെയ്തോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. മലയാള സിനിമയിലെ പരമ്പരാഗത നായകസങ്കൽപങ്ങളെ പൊളിച്ചെഴുതി ഗ്രാമവിശുദ്ധി നിറഞ്ഞ ആഖ്യാനങ്ങൾകൊണ്ട് സമ്പന്നമാക്കിയ ശ്രീനിവാസൻ എന്ന കലാകാരൻ വിടപറഞ്ഞു പോയെങ്കിലും അദ്ദേഹം ഉപേക്ഷിച്ചുപോയ കഥകൾ നിത്യവിസ്മയമായി തലമുറകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചില നേരങ്ങളിൽ കരയിപ്പിച്ചും കാലത്തിനു മായ്ക്കാൻ കഴിയാതെ ഈ മണ്ണിൽതന്നെയുണ്ടാവും.
അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നും പിറവിയെടുത്ത സംഭാഷണങ്ങളിൽ പലതും പറിച്ചെറിയാൻ പറ്റാതെ നമ്മുടെ ജീവിതത്തിൽ പറ്റിപ്പിടിച്ചു നിൽക്കുന്നു എന്നതുതന്നെ ആ തൂലിക എത്രമാത്രം ശക്തമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രേംചന്ദിന്‍റെ ഓർമയെഴുത്തിൽ സൂചിപ്പിച്ചപോലെ പലപല അടരുകളായി അദ്ദേഹം പറഞ്ഞുവെച്ച സിനിമയിൽ വന്നതിനു ശേഷമുള്ള അനുഭവങ്ങൾ തുന്നിക്കൂട്ടാൻ ഈ പതിപ്പ് പ്രചോദനമാകട്ടെ എന്നാശിക്കുന്നു.
ഇസ്മായിൽ പതിയാരക്കര
നഷ്ടപ്പെട്ടുപോയ കാർഷികപ്രഭാവത്തെക്കുറിച്ചുള്ള ഗൃഹാതുരമായ വേദന, ലളിതാംബിക അന്തർജനത്തിന്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലെ മൃഗസ്നേഹത്തിന് അടിയൊഴുക്കായി ഉണ്ടായിരുന്നു. ‘ശബ്ദിക്കുന്ന കലപ്പ’ പോലെ, ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവങ്ങൾ നിറഞ്ഞ നമ്മുടെ നവോത്ഥാനകാല കഥകൾ പരിഭാഷയിലൂടെ വിദേശീയർക്കുപോലും സ്വീകാര്യമായിത്തീർന്നിരുന്നു. അതിന്റെ കാരണം വിശകലനം ചെയ്തുകൊണ്ട് വി. രാജകൃഷ്ണൻ മനുഷ്യരും ജന്തുക്കളും തമ്മിലുള്ള അടുപ്പം എന്ന പ്രമേയത്തിന്റെ സാർവലൗകികതയിലാണ് ആ കഥകളുടെ വിജയം കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട് (കലപ്പയുടെ പാട്ട്).
സാംസ്കാരികമായ അടരുവ്യത്യാസങ്ങൾ അവയിൽ പ്രവർത്തിക്കുന്നത് സൂക്ഷ്മതലത്തിൽ മാത്രം ശ്രദ്ധിച്ചാൽ വെളിപ്പെടുന്ന സംഗതിയാണ്. തൊഴിലുമായി ബന്ധപ്പെട്ട വർഗബോധത്തിന്റെ പ്രതിനിധാനങ്ങൾകൂടിയായിരുന്നു യഥാതഥാവിഷ്കാരങ്ങളിലെ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധം. തങ്ങളേക്കാൾ എളിയ നിലയിലുള്ളവയും ഒരിക്കൽ ജീവിതായോധനത്തിന് ഉതകിയവയുമായുള്ള ആത്മബന്ധങ്ങൾ, ഊഷ്മളമായ സമസൃഷ്ടി സ്നേഹത്തിന്റെയും സാഹോദര്യത്തിൽ പുലരുന്ന സമത്വാകാംക്ഷകളുടെയും വിഭാവനകളും ആയിരുന്നു.
ഭൂതകാല കാർഷിക ജീവിതത്തിന്റെ അവശിഷ്ടങ്ങളായി ഓർമയിൽ കൂടെയുണ്ടായിരുന്ന മൃഗങ്ങൾ ആധുനികതയുടെയും നഗരജീവിതത്തിന്റെയും ഒറ്റപ്പെട്ട ജീവിതാവസ്ഥകളിൽ രൂപകാവസ്ഥയിലേക്ക് കളം മാറ്റി. കൊച്ചുബാവയുടെ ‘കാള’യിൽ, എയ്ഡ്സ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, വഴിവിട്ട പുരുഷജീവിതത്തിന്റെ പ്രതിമൂർത്തിയാണ് കാള. ശീർഷകത്തിലല്ലാതെ മറ്റെവിടെയും വായനക്കാരതിനെ നേരിട്ടുകാണുന്നില്ല. എസ്. ഹരീഷിന്റെ ‘മാവോയിസ്റ്റി’ലെത്തുമ്പോൾ നാടിനെ വിറപ്പിച്ചുകൊണ്ട് ഇറങ്ങിയോടുന്ന പോത്ത് മൂർത്തവാസ്തവമാണെങ്കിലും, അതിനു കഥയിൽ സമാന്തരമായി സൂചകാർഥങ്ങൾകൂടി കൈവന്നിരുന്നു. മനുഷ്യന്റെയും മൃഗത്തിന്റെയും ജീവിതങ്ങൾക്കുള്ള സമാനതയും വിധിയുമാണ് ഇര, വേട്ട തുടങ്ങിയ പ്രമേയങ്ങളുള്ള ആധുനികകാലത്തെ കഥകളെ നാടകീയമായി മുന്നോട്ടുകൊണ്ടുപോകുന്നത്. ലൈംഗികമായ അഴിഞ്ഞാട്ടങ്ങളുടെയും സ്ഥിതിയതാണ്.
മനുഷ്യരുടെ ജീവിതസംഘർഷങ്ങളെ സഹവാസികളായ മൃഗങ്ങളുടെ ഭാവലോകവുമായി ചേർത്തവതരിപ്പിക്കുന്ന, ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘നട്ടപ്പാതിര’ (ലക്കം 1449) മലയാള ചെറുകഥയിലെ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെ, അതിന്റെ കാലികമായ തുടർച്ചയിൽ പിന്തുടരുന്ന രചനയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതത്തിന് മാത്രമല്ല ഭാവങ്ങൾക്കുപോലും കഥയിൽ സമാന്തരതയുണ്ട്. ജോളിപ്പെണ്ണ്-മേരിപ്പശു, അമ്മിണി-ഷീലപ്പശു, കുര്യച്ചൻ-ചാണ്ടി, വിജയൻ-ശൗരി എന്നിങ്ങനെ തൊട്ടു കാണിക്കാവുന്ന വിധത്തിൽ ദ്വന്ദ്വങ്ങൾ കഥയിൽ രസകരമായി പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് പത്രോസ്, ഏലി, നാണു നായർ, ഗോപാലനെസ്സൈ എന്നിവർക്ക് മൃഗസമാന്തരങ്ങളില്ല. അനുബന്ധങ്ങളായി ഗോപാലനെസ്സൈയെയും നാണു നായരെയും മാറ്റിനിർത്തിയാൽ കഥ മറ്റൊരു തരത്തിൽ മൃഗജീവിതത്തിലേക്കുള്ള താഴ്ചയെയും അതിൽനിന്നുള്ള ഉയർച്ചയെയും പരോക്ഷമായി അർഥമാക്കുന്നുണ്ടെന്നും വാദിക്കാവുന്നതാണ്. വിത്തുകാളക്ക് സമാനമായ ജീവിതമാണ് കുര്യച്ചന്റെ പരിണാമത്തെ ദുരന്തമാക്കുന്നതും പത്രോസിന്റെ ദൗത്യത്തെ വീരത്വമുള്ളതാക്കുന്നതും.
ഹിംസാത്മക രാഷ്ട്രീയം, ഭരണകൂട മർദക സംവിധാനങ്ങൾ, ജാതിവ്യത്യാസം, ലൈംഗികസദാചാരപരമായ നിരീക്ഷണങ്ങൾ –ഇങ്ങനെ ചില കാര്യങ്ങളുടെ ആഘാതത്തെയും കഥ പരോക്ഷവിചാരണക്കു വെക്കുന്നത് പശുവിന്റെയും കാളയുടെയും ഏകതാനമായ ജീവിതപശ്ചാത്തലത്തിലാണ്. കഥയുടെ അന്യാപദേശസ്വഭാവത്തിനു കഥയെ ആസ്വാദ്യകരമാക്കുന്നതിൽ പങ്കുണ്ട്. പൂർണമായ അർഥത്തിൽ പ്രധാനതന്തു അതിന്റെ സ്വരൂപം മറച്ചുവെച്ചിരിക്കുന്നു എന്ന അർഥത്തിലല്ല. വ്യംഗ്യഭംഗിയിലുള്ള ചില സൂചനകളെ അണിയിച്ചൊരുക്കാനുള്ള സാഹിത്യോപകരണമെന്ന നിലയിലാണ്. കുര്യച്ചന്റെ തൊഴുത്തിലെ സാധുവും ഉറക്കക്കാരിയുമായ മേരിപ്പശു, കയറുപൊട്ടിച്ച് നാണു നായരുടെ മൂരിയായ ശൗരിയുടെ അടുത്തേക്ക് പോകുന്നതിൽ സൂചിതമായിരിക്കുന്ന കുര്യച്ചന്റെ ദാമ്പത്യപരിണാമകഥയെ മാത്രമായെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രമേയത്തിനനുഗുണമായ നിലയിൽ പ്രാദേശികമായ സംഭാഷണത്തിന്റെ ഒഴുക്കോടെയുള്ള പറച്ചിൽരീതി അവലംബിച്ചു എന്നതൊരു ഗുണം. ഒപ്പം തൊഴുത്തിലെ ജന്തുജീവിതങ്ങൾക്ക് നൽകിയ മനുഷ്യഭാവരൂപങ്ങൾ, ആന്ത്രോപോമോർഫിസത്തിന്റെ ആകർഷകമായ ഒരു സമകാലിക ഉദാഹരണമായി ‘നട്ടപ്പാതിര’യെ മാറ്റുകയും ചെയ്യുന്നു.
ശിവകുമാർ ആർ.പി, തിരുവനന്തപുരം
മലയാളികളുടെ പ്രിയപ്പെട്ട മധുപാൽ പങ്കുവെക്കുന്ന സിനിമാനുഭവങ്ങളും ഓർമകളുമായി ‘ആസ്പെക്ട് റേഷ്യോ’യുടെ അധ്യായങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു. എത്രമാത്രം സൂക്ഷ്മതയോടെയാണ് അദ്ദേഹം തന്റെ കഴിഞ്ഞ കാലഘട്ടത്തെ ഓർത്തെടുക്കുന്നത്
താൻ സംവിധാനസഹായിയായ ‘കനൽക്കിരീടം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് അഭിനയ മോഹവുമായെത്തിയ വ്യക്തിയെ ഓർത്തെടുത്തത് ശ്രദ്ധേയമായി (ലക്കം 1449). അമ്പത് വർഷമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘നാന’യിൽ വന്ന സിനിമാവിശേഷങ്ങൾ കണ്ടിട്ടാണ് ആ വരവ് എന്നതും കൗതുകമായി. 1990-2010 സിനിമ പ്രസിദ്ധീകരണങ്ങളുടെ വസന്തകാലമായിരുന്നല്ലോ. മൊബൈൽ ഫോണും മറ്റു നവമാധ്യമങ്ങളൊന്നും വ്യാപകമല്ലാത്ത കാലത്ത് ഇത്തരം പ്രസിദ്ധീകരണങ്ങൾ ഓരോ സിനിമകളുടെയും പ്രധാന വിജയഘടകങ്ങളായ സാധാരണക്കാരായ പ്രേക്ഷകരിൽ വരുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.
താരങ്ങൾക്ക് കത്തെഴുതാൻ നിങ്ങളാവശ്യപ്പെട്ട വിലാസങ്ങൾ, നേരിൽകണ്ടിട്ടുള്ള സിനിമ ചിത്രീകരണത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ‘ഞാൻ കണ്ട ഷൂട്ടിങ്’ സിനിമ ലോകത്തെ കുറിച്ച് പറയാൻ പല പേരുകളിൽ വന്ന വായനക്കാർക്കുള്ള പേജുകൾ തുടങ്ങി എന്തെല്ലാം പംക്തികളാണ് അന്ന് വായനക്കാരെ ആനന്ദിപ്പിച്ചിരുന്നത്. സിനിമാലോകത്ത് മാറ്റമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട് (ലക്കം 1448).
അതിഭീകരമായ സമ്പത്ത് സിനിമ നിർമാണത്തിന് മുടക്കുമ്പോൾ തിരിച്ചുകിട്ടണമെന്ന അതിയായ ആഗ്രഹം കൊണ്ടുകൂടിയാണ് നിരീശ്വരവാദികളായ സംവിധായകരുടെ സിനിമകളുടെ പൂജാവേളക്കും പിന്നീടും തേങ്ങയുടക്കൽ അടക്കം പലതും തുടരുന്നത്. കോര എന്ന ജോത്സ്യൻ പറയുന്നതിനനുസരിച്ച് മുന്നോട്ട് പോയിരുന്ന കാലം 1980കളിലുണ്ടായിരുന്ന കാര്യം പല പ്രഗല്ഭരും പങ്കുവെച്ചിട്ടുള്ളതാണ്. മധുപാൽ പറയുന്നതുപോലെ സിനിമ വിശ്വാസങ്ങളുടെ കല കൂടിയാകുന്നു -‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പേരിൽ സിനിമയിറങ്ങിയ മലയാള സിനിമയിലും അത് അങ്ങനെതന്നെ.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ
അബ്ദുള്ള പേരാമ്പ്രയുടെ ‘മരിച്ചവന്റെ ചെരിപ്പ്’ എന്ന കവിത (ലക്കം 1451) വായിക്കുന്തോറും മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നു. അപകടത്തിൽപെട്ട് മരിച്ച ഒരാളുടെ ചെരിപ്പിന്റെ ചിന്തയിലൂടെ മരിച്ചുപോയവൻ ബാക്കിവെക്കുന്ന ശൂന്യത, അനാഥത്വം, കാത്തിരിപ്പ്... അങ്ങനെ എല്ലാം കവിത പറയുന്നു.
‘‘റോഡിലെ ചോര കഴുകിക്കളഞ്ഞതും, ആളുകൾ ഒച്ചയിട്ടു പിരിഞ്ഞു പോയതും’’ –അതേ കിടപ്പിൽ ചെരിപ്പ് കാണുന്നുണ്ട്, ആ കൂട്ടത്തിലൊന്നും അവനില്ലല്ലോ എന്ന വേദനയും അതിനുണ്ട്. അങ്ങനെ പ്രതീക്ഷയുടെയും, സ്വപ്നങ്ങളുടെയും ഇടയിലെപ്പഴോ വിശന്നുവലഞ്ഞ നായ്ക്കൾ അതിനെ കീറിമുറിക്കുന്നതു വരെ അവൻ തിരിച്ചുവരുമെന്ന് അത് വിചാരിക്കുന്നുണ്ട്. കവിത മരിച്ചുപോയവന്റെ വീട്ടിലേക്കും, നമ്മെ നടത്തിക്കുന്നുണ്ട്. പരിചിതമായ വാക്കുകളാൽ രചിച്ച ബുദ്ധി വ്യായാമം ചെയ്യാതെ വായിച്ച ഒരു നല്ല കവിത. കവിക്കും ആഴ്ചപ്പതിപ്പിനും ആശംസകൾ.
വിജു വി. രാഘവ്, വടക്കംപൊയിൽ, തലക്കുളത്തൂർ
അവിസ്മരണീയമായ വായനാനുഭവമാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം1452) പ്രസിദ്ധീകരിച്ച ഫൈസൽ വൈത്തിരിയുടെ ‘ജീവപര്യന്ത’മെന്ന കഥ സമ്മാനിച്ചത്. ആകർഷിക്കുന്ന അവതരണശൈലിയും ആധുനികജീവിതങ്ങളുമായി ബന്ധപ്പെടുത്തിയുള്ള എഴുത്തുമെല്ലാം പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. ഗോപാലനെയും തന്റെ കലാസൃഷ്ടിയെയുമെല്ലാം വായനക്കാരുടെ ഹൃദയങ്ങളിൽ കല്ലുകളിലെന്നപോലെ ആഴത്തിൽ പതിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെയും ആഗോള ഡിജിറ്റൽവത്കരണത്തിന്റെയും അതിപ്രസരം മാനവരാശിയിൽനിന്ന് വായനയെന്ന സവിശേഷമായ സ്വഭാവത്തെ സാവധാനം അടർത്തിയെടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം കൃതികളും പതിപ്പുകളുമാണ് വായനയെ യുവതലമുറയിലേക്ക് തിരികെ എത്തിക്കുന്നത്. ഇതിന് ജീവൻ നൽകിയ കഥാകൃത്തിനും വായനക്കാരിലേക്ക് എത്തിച്ച ആഴ്ചപ്പതിപ്പിനും ആശംസകൾ.
മുഹമ്മദ് വാഹിദ്, മുണ്ടക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.