എഴുത്തുകുത്ത്

സ്വതന്ത്രസമുദായ വാദത്തിന്റെ പ്രസക്തി

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1444) രാജേഷ് കെ. എരുമേലി എഴുതിയ ‘ഈഴവർ ഹിന്ദുക്കളാണോ?’ എന്ന ലേഖനം വായിക്കാനിടയായി. ഇ. മാധവനെന്ന വിപ്ലവകാരിയായ മനീഷിയുടെ ‘സ്വതന്ത്ര സമുദായം’ എന്ന പുസ്തകത്തിന് 2025ൽ 90 വർഷം പൂർത്തിയായതിനോട് അനുബന്ധിച്ചാണ് ലേഖനം. ബ്രാഹ്മണിസം ക്രൂരതകൾകൊണ്ട് തിമിർത്താടിയ 1930കളിൽ ബ്രാഹ്മണരുടെ ജാത്യാധിപത്യത്തിനെതിരെയുള്ള ഉറച്ച ശബ്ദമായിട്ടായിരുന്നു ‘സ്വാതന്ത്ര സമുദായം’ എന്ന പുസ്തകത്തിന്റെ കടന്നുവരവ്.

ലേഖനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്ന് സർക്കാറുകളും പുസ്തകം നിരോധിച്ചതിനെതിരെ ലേഖകൻ രൂക്ഷവിമർശനം അഴിച്ചുവിടുന്നതായി കാണാം. ബ്രാഹ്മണിസം തലക്കുപിടിച്ച ചിലരുടെ വെപ്രാളം കാരണമാണ് മാധവന്റെ ആശയങ്ങളും എഴുത്തുകളും നിരോധിക്കപ്പെട്ടതും തള്ളപ്പെട്ടതെന്നുമുള്ള വ്യാഖ്യാനമാണ്, ‘സ്വതന്ത്ര സമുദായ’മെന്ന പുസ്തകത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച സ്വതന്ത്ര സമുദായ വാദമെന്ന ആശയത്തെ അപ്രസക്തമാക്കിയതെന്ന വാദമാണ് ലേഖനം ഉന്നയിക്കുന്നത്.

എന്നാൽ, സ്വതന്ത്ര സമുദായ വാദമെന്ന ഈ ആശയം ആർക്കും ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്തത് ഈ കാരണംകൊണ്ട് മാത്രമാണോ എന്നത് പുനഃപരിശോധിക്കേണ്ടതാണ്. ജാതിവിവേചനത്തിനെതിരെ അദ്ദേഹം മുന്നോട്ടുവെച്ച ഈ ആശയം അന്നത്തെ അവസ്ഥയനുസരിച്ച് നിലനിൽപിന് പ്രാപ്തമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

‘സ്വതന്ത്ര സമുദായ’ത്തിലൂടെ മാധവൻ മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങൾ ജാതിനിരാകരണവും മതനിരാകരണവും ദൈവനിരാകരണവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രസക്തിയാർജിച്ചപ്പോൾ, ഗുരുവിന്റെ ആശയങ്ങളെ പിന്തുടർന്നുവന്ന മാധവന്റെ ആശയങ്ങൾ എന്തുകൊണ്ട് വേണ്ടത്ര പ്രസക്തിയാർജിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമാണിത്. ഗുരു മുന്നോട്ടുവെച്ച ‘ഒരൊറ്റ ജാതി, ഒരൊറ്റ മതം, ഒരൊറ്റ ദൈവം’ എന്ന ആശയത്തിൽനിന്ന് പിന്നീട് മാധവൻ മാറിയത് ജാതിയും മതവും ദൈവവും വേണ്ട, എങ്കിലേ സമത്വമുണ്ടാകൂ എന്ന ആശയത്തിലേക്കാണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് ഈ ആശയത്തെ പിന്തുടരൽ അവ്യവഹാരമായി തോന്നി. ചുരുക്കത്തിൽ മാധവന്റെ ‘ആശയം ശക്തമായിരുന്നു, പക്ഷേ ആകാശത്തു പറന്നുപോയി, മണ്ണിൽ വേരൂന്നിയില്ല’ എന്നു പറയാം.

മതവും ജാതിയും വിട്ടൊഴിഞ്ഞാൽ മനുഷ്യന് ലഭിക്കുന്ന മാനസിക സാമൂഹിക തിരിച്ചറിയൽ എന്താകും? മാധവൻ അതിനുള്ള വ്യക്തമായ ഉത്തരമൊന്നും നൽകിയിരുന്നില്ല. മതം ആളുകൾക്ക് ഒരു ആത്മീയ സുരക്ഷ നൽകുന്നു. ജാതി പലർക്കും സാമൂഹിക പിന്തുണയുടെ ശൃംഖലയായി പ്രവർത്തിക്കുന്നു. ഇവ രണ്ടും നഷ്ടപ്പെടുമ്പോൾ സ്വതന്ത്ര സമുദായം അതിന്റെ സ്ഥാനത്ത് എന്ത് നൽകുമെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല.

ചുരുക്കത്തിൽ, ആ കാലഘട്ടത്തിൽ മേൽപറഞ്ഞ കാരണങ്ങൾകൊണ്ടൊക്കെയും സ്വതന്ത്ര സമുദായ വാദം എന്ന ആശയത്തിന് വ്യക്തമായ നിലനിൽപ് സാധ്യമായിരുന്നില്ല. മാധവന്റെ ആശയങ്ങളിൽനിന്ന് ഒന്ന് പിറകോട്ടു ചിന്തിച്ചാൽ ശ്രീനാരായണ ഗുരുവിന്റെ ‘ഒരൊറ്റ ജാതി, ഒരൊറ്റ മതം, ഒരൊറ്റ ദൈവം’ എന്ന ആശയംതന്നെ ജാതിവിവേചനത്തിനെതിരായുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമാണെന്ന് ആളുകൾ മനസ്സിലാക്കി. കാലക്രമേണ മാധവന്റെ ആശയങ്ങൾ എല്ലായിടത്തും എതിർക്കപ്പെടുകയും തള്ളപ്പെടുകയുംചെയ്തു.

എന്നിരുന്നാലും, ‘സ്വതന്ത്ര സമുദായ’മെന്ന പുസ്തകം ആ കാലഘട്ടത്തിലുണ്ടായിരുന്ന ബ്രാഹ്മണരുടെ ജാത്യാധിപത്യത്തിനെതിരെ പോരാടിയതായതിനാൽതന്നെ എല്ലാ കാലത്തും വായനാ പ്രസക്തിയാർജിക്കുന്ന ഒന്നാണ്. സ്വതന്ത്രസമുദായ വാദം ശക്തമായ ആശയമായിരുന്നെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ അതിന് നിലനിൽപിനുള്ള ശേഷി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ജലാൽ നാട്ടുകൽ

അങ്ങനെ ഒരു പരാമർശം ഖുർആനിലില്ല

ചാരു നിവേദിതയുടെ ‘ഞാൻ ഔറംഗസേബ്’ എന്ന സറ്റയർ നോവൽ ചരിത്രത്തിന്റെ കള്ള പ്രചാരണങ്ങൾക്ക് കനത്ത ആഘാതമേൽപിക്കുന്ന രചനയാണ്. ഹിന്ദുത്വ സൈദ്ധാന്തികർ ചരിത്രം സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഇത്തരം സർഗ സൃഷ്ടികളുടെ പ്രസക്തി വിശേഷിച്ച് എടുത്തുപറയേണ്ടതില്ല. നോവലിസ്റ്റിന്റെ പരന്ന വായനയെയും അറിവു​കളെയും അടയാളപ്പെടുത്തുന്ന രചനകൂടിയാണിത്. എന്നാൽ, ലക്കം 1442ൽ സ്വാലിഹ് നബിയുടെ നാട്ടിലെ ഇടുങ്ങിയ മനസ്സുള്ളവർ, അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ അടയാളമായ ഒട്ടകത്തെ അറു​ത്തു എന്നല്ലാതെ അതിനെ വെട്ടി മാംസമാക്കി പാകംചെയ്ത് കഴിച്ചുവെന്നും അതിൽനിന്ന് പങ്കുപറ്റി തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി എന്നും ഭ്രാന്തുപിടിച്ച നായ്ക്കളെപ്പോലെ അവർ ആ മാംസം ഭക്ഷിച്ചുവെന്നും ഖുർആനിൽ പറയുന്നുണ്ട് എന്ന നോവലിസ്റ്റിന്റെ പരാമർശം ഖുർആനിലെ​വിടെയും ഇല്ലാത്തതാണ്. അത് നോവലിസ്റ്റിന്റെ ഭാവന മാത്രമാണ്. ഖുർആനിലില്ലാത്ത ഒരു പരാമർശം ഖുർആനിലുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലല്ലോ. ഒട്ടകത്തെ കശാപ്പ് ചെയ്തവർ സ്വാഭാവികമായും അതിനെ ശാപ്പിട്ടിട്ടുണ്ടാകാമെങ്കിലും.

ഷഹ്നാസ് ബീഗം, കോഴിക്കോട്

മന്ദാകിനി നാരായണൻ എന്ന ധീരവനിത

രാജേഷ് കെ. എരുമേലി, മന്ദാകിനി നാരായണൻ എന്ന ധീരവനിതയെക്കുറിച്ച് എഴുതിയത് വായനക്കാരിൽ സൃഷ്ടിക്കുന്ന ആവേശം വാക്കുകൾക്കപ്പുറമാണ് (ലക്കം 1444). അധികാരം ദുർവിനിയോഗം ചെയ്ത എല്ലാ ഭരണ സംവിധാനങ്ങളോടും നിരന്തരം കലഹിച്ച മന്ദാകിനിയും കെ. അജിതയും സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ ഉൾക്കൊള്ളാനും അവരെ അനുധാവനം ചെയ്യാനും പിന്തുടർച്ചാവകാശികൾ ഇല്ലാതെ പോയത് കേരളീയ സമൂഹത്തിൽ അഴിമതി വർധനക്ക് കാരണമായി. രാഷ്ട്രീയമെന്നത് ‘സാധ്യതയുടെ കല’യാണെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞതും ‘‘മനുഷ്യരിൽ ഉത്തമരായവർ വിശ്വാസദാർഢ്യം നഷ്ടപ്പെട്ട് വിഷമിക്കുന്നു. നീചന്മാരാവട്ടെ അരങ്ങ് കൈയടക്കി ഉത്സാഹത്തിമിർപ്പിൽ പ്രവർത്തിക്കുകയും ചെയ്യുന്നു’’ എന്ന ഐറിഷ് കവിയുടെ നിഗമനവും കൂട്ടിവായിക്കു​മ്പോഴാണ് കുന്നിക്കൽ നാരായണന്റെ കുടുംബം കാഴ്ചവെച്ച പ്രായോഗികബുദ്ധിയുടെ പൊരുൾ മനസ്സിലാക്കാൻ കഴിയുക. ഈ കുടുംബത്തിന്റെ നിശ്ചയദാർഢ്യം, സമൂഹവ്യവസ്ഥിതിയെ വെല്ലുവിളിക്കാനുള്ള പോരാട്ടവീര്യം അവിസ്മരണീയംതന്നെ! രാഷ്​ട്രീയം വയറ്റുപിഴപ്പായി കൊണ്ടുനടക്കുന്നവർക്ക് മേൽപറഞ്ഞ വ്യക്തിത്വങ്ങളുടെ മഹത്വം മനസ്സിലാകില്ല.

വഞ്ചിക്കുന്നവരെയും ധനം അപഹരിക്കുന്നവരെയും മാടമ്പികളെയും വിറപ്പിച്ച നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ട പ്രവർത്തകരായി മാറിയ ഈ കുടുംബം പ്രതികരണശേഷി നഷ്ടപ്പെട്ട് ഷണ്ഡന്മാരായി ജീവിക്കുന്നവർക്ക് ഒരു മാതൃകയാണ്. സാഹസിക ജീവിതം നയിച്ച മന്ദാകിനി കുടുംബത്തെ ഓർക്കാനവസരം നൽകിയ ‘മാധ്യമ’ത്തിന് നന്ദി.

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

തമിഴ്, മലയാളം ചരിത്രം ഉൾതുറന്ന് വിവരിച്ച സംഭാഷണം

അ.ക. പെരുമാളുമായി എം.എൻ. സുഹൈബ് നടത്തിയ അഭിമുഖം (ലക്കം 1445) വായിച്ചു. സംസ്കാരം കൊണ്ടും ശൈലികൊണ്ടും ഭാഷകൊണ്ടും ലാളിത്യംകൊണ്ടും കലകൾകൊണ്ടും വലിയ അന്തരമൊന്നുമില്ലാത്ത ഒന്നായിരുന്നവർ രണ്ടായിത്തീർന്നാലും വലിയ മാറ്റമൊന്നുമില്ലാത്ത തമിഴിന്റെയും മലയാളത്തിന്റെയും ചരിത്രംകൂടിയാണ് ഈ അഭിമുഖത്തിൽ പങ്കുവെക്കുന്നത്.

വിൽപാട്ട്, പാവക്കൂത്ത്, കണിയാനാട്ടം, സിലംബം, കളരി, ചിന്തുപാട്ട് തുടങ്ങി അന്യമായിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളും ഇതിൽ ഓർക്കപ്പെടുന്നു. അഭ്യസ്തവിദ്യരേക്കാൾ നിരക്ഷകരായ സാധാരണക്കാർ എഴുതിയ നാടൻ കവിതകൾ, ഗാന്ധിജിയെക്കുറിച്ചെഴുതിയ വരികൾ എല്ലാം വേറിട്ടനുഭവമായി. ആരാണെന്നറിയാതെ പ്രചരിച്ച ആ വരികൾ ക​െണ്ടത്തി തലമുറകളാൽ കൈമാറുകയാണ് ചരിത്രകാരൻ. വലുപ്പ ചെറുപ്പമില്ലാതെ ചേർത്ത് പിടിക്കാനാവുക, തന്നെക്കാൾ താഴ്ന്നവരുടെയും ഹൃദയത്തുടിപ്പുകളറിയുക, അവരുടെ സംഭാവനകളെ മാനിക്കുക, വിലകുറച്ചു കാണാതിരിക്കുക എന്നിങ്ങനെ ഒരു എഴുത്തുകാരനായ ചരിത്രകാരൻ എങ്ങനെയായിരിക്കണമെന്നുകൂടി ഇതിൽ കൃത്യമായി വരച്ചിടുന്നുണ്ട്.

ഫൈസൽ ടി.പി, അഞ്ചച്ചവിടി

തത്ത്വശാസ്ത്രപരമായ രണ്ടു കവിതകൾ

പ്രേം കൃഷ്ണന്റെ രണ്ടു കവിതകൾ (ലക്കം 1441) ഒന്നാന്തരമൊരു വായനാനുഭവമായി. ‘മരിച്ച പലരുടെയും ചുണ്ടുകൾ എന്ത് ചെയ്യുന്നു’ എന്ന ശീർഷകത്തിലായിരുന്നു ആദ്യ കവിത. മാനവിക ശരീരത്തിന്റെ തത്ത്വശാസ്ത്രപരമായ കാര്യങ്ങളെ സാഹിത്യമെന്ന ആയുധം ഉപയോഗിച്ചുകൊണ്ട് പ്രശ്നവത്കരിക്കുകയാണ് ഈ കവിത. നിഴൽപാടുകളിൽ നിൽക്കുന്ന ഒരുപറ്റം ജീവിതയാഥാർഥ്യങ്ങളിലേക്കാണ് ഈ കവിത വെളിച്ചം വീശുന്നത്. മരിച്ച പല വ്യക്തികളുടെയും ചുണ്ടുകൾ എന്തുചെയ്യുന്നുവെന്നതിനുള്ള കൃത്യമായ ഉത്തരമാണ് ഈ കവിതയെ പ്രശംസനീയമാക്കുന്നത്. ‘നുണച്ചാർ’ എന്ന തലക്കെട്ടിലുള്ള രണ്ടാം കവിത വളരെ ഹൃദ്യവും ദീപ്തവുമായിരുന്നു. ഇത് വായിച്ചപ്പോൾ സലിം പഴയന്നൂരിന്റെ ‘‘ഓർമ ആനന്ദവും വേദനയും വിരഹവും തൂങ്ങിക്കിടക്കുന്ന ഒരു ഭാരമാണ്. അതെനിക്ക് അത്ഭുതവും അസ്വസ്ഥതയുമാണ്’’ എന്നുള്ള രണ്ടു വരികളാണ് മനസ്സിലേക്ക് രംഗപ്രവേശം നടത്തിയത്.

കെ. മുഹമ്മദ് ആരിഫ്, കാഞ്ഞിരപ്പുഴ

മനസ്സിന്റെ വൈകാരിക സന്നിവേശങ്ങൾ സൂക്ഷിച്ച കവിത

ഷംല ജഹ്ഫറിന്റെ ‘പറയാനാവാത്ത കഥകൾ’ (ലക്കം 1443) എന്ന കവിത വായിച്ചു. അതിനെക്കുറിച്ച് രണ്ട് വരിയെങ്കിലും കുറിക്കാതിരിക്കാനാവുന്നില്ല. സമകാലിക സ്പന്ദനം കൃത്യമായി ആവാഹിക്കപ്പെട്ട എഴുത്തായാണ് എനിക്ക് തോന്നിയത്. മനുഷ്യ മനസ്സിന്റെ വൈകാരിക സന്നിവേശങ്ങൾ അതിരുകൾക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ച രചന. വായന എന്ന ലഹരി ഒട്ടും ചോരാതെ കവിതയിൽ തന്നെ നിലനിർത്തി. സമകാലിക കൗമാരക്കാരുടെ വിവാഹം എന്ന അടിസ്ഥാനമാണ് ഈ കൃതിക്ക്. ഇന്നത്തെ മനുഷ്യരാശി ആധുനിക യുഗത്തിലേക്ക് കടന്നതോടുകൂടി ബന്ധങ്ങൾ മുറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു യുവതി ആഗ്രഹിക്കുന്നത് അവളുടെ കഥകൾ അവളുടെ മാരന് കേൾപ്പിക്കാനാണ്. പക്ഷേ, പറയാനാവാത്ത കഥകളിൽ കണ്ണ് തുറന്നങ്ങനെ നിൽക്കുകയാണ് അവൾ.

സ്വാദിഖലി അമീൻ, ഫറോക്ക്

വിയർപ്പൊലി ഗന്ധം വിടർന്ന രാത്രികൾ

ആഴ്ചപ്പതിപ്പിൽ അടുത്തിടെ വന്ന കവിതകളിൽ ഏറെ ആകർഷണീയമായി തോന്നിയ ഒന്നാണ് സുരേഷ് നാരായണന്റെ ‘ബൂട്ട് മാർച്ച്’ (ലക്കം 1444). ഒരറ്റത്ത് ഫലസ്തീനിനായി മതിലുനെയ്ത സൈന്യത്തെയും മറ്റൊരിടത്ത് പൊഴിയുന്ന ഇലകളെ വെച്ചുപിടിപ്പിക്കുന്ന നഴ്‌സുമാരെയും ഈ കവിതയിൽ കവി എടുത്തുകാണിക്കുന്നു. അപ്പുറത്ത് ഉയർന്നുനിൽക്കുന്ന ഫലസ്തീൻ പൂക്കളെ പിഴുതെറിയാൻവേണ്ടി തോക്കുകളിൽ ഉണ്ട ആഴ്ത്തിയിറക്കിക്കൊണ്ട് ക്രൂരശബ്ദ താരാവലി മുഴക്കുന്ന മേധാവിയെയും കവി ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. ‘ഹകര മണമുള്ള കാറ്റിൽ ശിരോ വസ്തുക്കളുലഞ്ഞു’ -ഇതിലൂടെ കവി തുറന്നിടുന്നത് ഫലസ്തീൻ ജനതയുടെ പ്രതിസന്ധികളും വ്യഥകളുമാണ്. അതുപോലെ നീലപ്പടയുടെ ചിറകിൽനിന്ന് വരുന്ന അന്ധകാരം ആ ജനതയെ അല്ലലേൽപിക്കുന്ന സങ്കടാവസ്ഥയും കവി ഇതിൽ ആവിഷ്കരിക്കുന്നുണ്ട്.

നുജൂം വല്ലപ്പുഴ

പൊലീസ് രാജിന് അറുതിവേണം

പൊലീസ് രാജിനെക്കുറിച്ച ‘തുടക്കം’ (ലക്കം 1438) വായിച്ചു. ഇതിൽ പറഞ്ഞതുപോലെ ഇന്ത്യയിൽ ഇന്നുവരെയുള്ള പൊലീസ് സംവിധാനം മാതൃകാപരമോ രാഷ്ട്രീയപരമോ അല്ല. പൊലീസ് ഉദ്യോഗസ്ഥരിൽ പകുതി ശതമാനം നല്ലവരും ബാക്കി പാതി കുറ്റകൃത്യ പശ്ചാത്തലമുള്ളവരുമാണ് എന്ന് പറയേണ്ടിവരും. ഇതിനു കാരണവും ഹിന്ദുമതത്തിലെ ജാതി സവർണാധിപത്യംതന്നെ.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. രണ്ടര വർഷം മുമ്പ് തൃശൂർ, കുന്നംകുളത്ത് സുജിത്ത് എന്ന കോൺഗ്രസ് പ്രവർത്തക​നെതിരെ നടന്ന പൊലീസ് സ്റ്റേഷൻ മർദനം സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതിനെ തുടർന്ന് പൊലീസ് വകുപ്പിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. ഇതിലെ കുറ്റക്കാരെ സസ്​പെൻഡ് ചെയ്യുകയുംചെയ്തു. സുജിത്തിന്റെ നിയമപോരാട്ടം പലരുടെയും കണ്ണ് തുറപ്പിച്ചു. ഇതുപോലുള്ള പല പൊലീസ് മർദന കേസുകളിലെയും പ്രതികൾ ഭൂരിപക്ഷവും ദലിതർ, ദരിദ്രർ, മറ്റ് അവശ ജനവിഭാഗമാണ്. പ്രതികൾ മുന്നാക്ക, സമ്പന്നരാണെങ്കിൽ സ്വാധീനംകൊണ്ട് രക്ഷപ്പെടും.

നെടുമങ്ങാട് സ്വദേശിനി ബിന്ദു (ദലിത് സമുദായം) പേരൂർക്കട ഓമന ഡാനിയേലിന്റെ വീട്ടിൽ ജോലിക്ക് നിന്നപ്പോൾ കള്ളക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ നിർത്തി പീഡിപ്പിച്ചു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ടോയ്​ലറ്റിൽ പോയി കുടിക്കാനാണ് പറഞ്ഞത്. ബിന്ദു സവർണ ഹിന്ദുവായിരുന്നു​ വെങ്കിലോ. ഇത് എഴുതുന്ന രണ്ടു ദിവസം മുമ്പ് ബിന്ദുവിന്റെ വീട്ടിൽ പോയിരുന്നു. ഇത്തരം സംഭവങ്ങളിൽ സർക്കാർ ശക്തമായ നടപടിതന്നെ എടുക്കേണ്ടതുണ്ട്.

ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം

ഗോഗു ശ്യാമള തെലുഗു കവിയാണ്

ആഴ്ചപ്പതിപ്പിൽ (ലക്കം 1446) ‘ജീവനാണ് ബീഫ്’ എന്ന കവിത എഴുതിയ ഗോഗു ശ്യാമള മറാത്തി കവിയാണ് എന്നാണ് അടിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. അവർ തെലുഗു കവിയാണ്. ദലിത് കർഷക കുടുംബത്തിലാണ് ജനനം. നക്സലൈറ്റ് പ്രസ്ഥാനത്തിനൊപ്പം നിലയുറപ്പിച്ച ഗോഗു ശ്യാമള തെലുഗിൽ നിരവധി കവിതകളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സന്തോഷ് പി.ഡി, എറണാകുളം

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.