എഴുത്തുകുത്ത്

‘ഒറ്റുകാരന്റെ പെട്രോൾ പമ്പ്’: വെളിപ്പെടുത്തലിന്റെ വിപ്ലവം

​കെ.ജി.എസിന്റെ ‘ഒറ്റുകാരന്റെ പെട്രോൾ പമ്പ്’ എന്ന കവിതയെക്കുറിച്ച കെ. വിനോദ് ചന്ദ്രന്റെ നിരീക്ഷണങ്ങൾ സമകാലിക ചരിത്രത്തിന്റെ അഗാധവും ബീഭത്സവുമായ തലങ്ങളെ തുറന്നുകാട്ടുന്ന ‘വിപ്ലവകരമായ വെളിപ്പെടുത്തലിന്റെ’ പ്രസക്തിക്കാണ് അടിവരയിടുന്നത്. നരഭോജനത്തിന്റെയും ബലിരക്തപാനത്തിന്റെയും പ്രാചീന രാത്രികൾ ആധുനികോത്തരമായ കോർപറേറ്റ് നേരങ്ങളിൽ എങ്ങനെ കൂട്ടിമുട്ടുന്നു എന്നതിന്റെ പൈശാചിക രംഗവിധാനമാണ് കവിതയുടെ പ്രമേയം.

കോർപറേറ്റ് ലോകം ഒരുക്കുന്ന തേൻ-തണ്ണീർ-രക്ത ബാറുകളുടെ പരസ്യവാചകങ്ങളിലൂടെയാണ് കവിതയുടെ യാത്ര ആരംഭിക്കുന്നത്. തേൻ, തണ്ണീർ, രക്തം എന്നിവയുടെ വിനിമയങ്ങളിൽ ഒളിപ്പിച്ചുവെച്ച പൊയ് പേച്ചുകളും നുണപ്പേച്ചുകളും മെല്ലെ സ്വയം വെളിവാക്കുന്നു. തേനിനായുള്ള പ്രാചീനമായ ധാർമിക വിനിമയക്രമം അവസാനിച്ചു എന്നും, തേനറകൾ ഇനിമേൽ കോർപറേറ്റുകൾക്കുമാത്രം കൊള്ളയടിക്കാനുള്ളതാണെന്നുമുള്ള ക്രൂരമായ ഐറണി കവി തുറന്നുകാട്ടുന്നു. തണ്ണീർശാലകൾ ലോകത്തിലെങ്ങുമുള്ള ജലാശയങ്ങൾ ഊറ്റിവറ്റിച്ചതിനെ സൂചിപ്പിക്കുമ്പോൾ, അതിലൂടെ ഒഴുകിയെത്തുന്നത് കാര്യങ്കോട് പുഴയും ഗംഗയും വോൾഗയുമടക്കമുള്ള ലോകവിപ്ലവ സ്മരണകളാണ്. ഇത് വിപ്ലവ ബലിഗാഥകളുടെ ഉപഭോഗത്തിനായി നിന്ദിതവർഗം ക്ഷണിക്കപ്പെടുന്നു എന്ന പരിഹാസച്ചിരി മുഴക്കുന്നു. രക്തശാലയിൽ വെച്ച്, കോർപറേറ്റ് ഭാഷകൻ രക്തരതനായ ഡ്രാക്കുളയും കുരുതിക്കായി നാവുനീട്ടുന്ന ദുഷ് കാളിയുമായി മാറുന്നു. ലോകചരിത്രം ഒരു ബലിരക്തയജ്ഞമാണെന്നും, കോർപറേറ്റ് ലോകക്രമം മനുഷ്യമേധത്തിന്റെ പൈശാചികോത്സവമാണ് ഒരുക്കുന്നതെന്നും നാം തിരിച്ചറിയുന്നു –ഈ ഭാഗം നമ്മെ ഞെട്ടിക്കുന്നു.

​ഈ ചതിച്ചരിത്ര സംഭരണിയിൽ, കൊള്ളമുതലിന്റെ ഓഹരി പറ്റുന്ന ‘ഒറ്റുകാരനായി’ നിലകൊണ്ടിരുന്ന ‘ഞാൻ’, ആത്മമൊഴികളിലൂടെ ഒരു വിപ്ലവകരമായ പരിവർത്തനത്തിന് വിധേയനാകുന്നു. സഹജീവികളുടെ ബലിച്ചോര പുരണ്ട ഈ കൂലി പിൻവലിച്ച് ഉടമ്പടി തകരുമ്പോൾ, ഒറ്റുകാരനായ ‘ഞാൻ’ പൊട്ടിപ്പിളരുകയും, ആ രോഷത്തിൽനിന്ന് ‘എതിർ ഒറ്റുകാരൻ’ ഉദയം ചെയ്യുകയും ചെയ്യുന്നു. ഭൂമിയുടെ ഒറ്റുകാരായ കോർപറേറ്റ് യജമാനന്മാരെ ഒറ്റിക്കൊടുക്കുന്ന ഈ പുതിയ ‘ഞാൻ’, താൻ ചെയ്ത കൊലകളും, തേൻ, തണ്ണീർ, ബലിച്ചോര ലേബലുകളും വലിച്ചുകീറി, ‘‘ഇവ പലപല സഹമരണ ബാങ്കുകളിലെ ജീവനും വിസർജ്യദ്രവ്യങ്ങളുമാണ്’’ എന്ന് വിളിച്ചുകൂവുന്നു.

ബലിച്ചോരയാണ് മനുഷ്യചരിത്രത്തിന്റെ വികസനത്തിന്റെ പെട്രോൾ എന്ന മർമം ഒറ്റുകാരൻ വെളിപ്പെടുത്തുന്നു. ​കവിതയുടെ ഈ വെളിപ്പെടുത്തൽ ആഗോളതലത്തിൽ കോർപറേറ്റ് നാഗരികതയെ ഒറ്റിക്കൊടുക്കുമ്പോൾതന്നെ, സൂക്ഷ്മ ദേശീയ വിവക്ഷകളിൽ വിശ്വസ്തത പുലർത്തുന്നുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവ മേലങ്കികളെയും രക്തസാക്ഷി ലേബലുകളെയും അത് വലിച്ചുകീറുന്നു. പാർട്ടി നേതാക്കളുടെ പ്രതാപാഘോഷങ്ങൾ പാവങ്ങളുടെയും സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെയും ജീവരക്തം ചോർത്തിയെടുത്തതാണെന്ന് കവിത വിളിച്ചുപറയുമ്പോൾ, ഈ എതിരൊറ്റുകാരൻ ഒരേസമയം ആഗോളവും കേരളീയവുമാകുന്നു.

​ഹൈദഗറിന്റെ ദർശനത്തെ പിൻപറ്റി, കവിത ‘ഉണ്മ’യുടെ (Da-sein) വെളിപ്പെടുത്തലാണ്. ഈ ആത്മസംവാദത്തിന്റെയും ആത്മവിമർശനത്തിന്റെയും പ്രക്രിയകളാണ് കവിതയെ വിപ്ലവത്തിന്റെ ആവിഷ്കാരവും ആവിഷ്കാരത്തിന്റെ വിപ്ലവവും ആക്കുന്നത്. ‘‘ഒറ്റുകാരനെ, നീതിയുടെ പോരാളിയാക്കാൻ, സ്ഫോടകമായ വെളിപ്പെടുത്തലുകൾക്കാവും’’ എന്ന സന്ദേശമാണ് ഈ കവിതയുടെ ഗൂഢസന്ദേശം. ചരിത്രത്തെയും നാഗരികതയെയും ഒറ്റിനെ ഒറ്റിക്കൊടുക്കുന്ന ഈ ‘എതിർ ഒറ്റുകാരാണ്’ നാളെയുടെ നീതിയുടെ പോരാളികൾ എന്ന വിപ്ലവകരമായ കാഴ്ചപ്പാടോടെയാണ് കവിത പ്രകാശം പരത്തുന്നത്.

​കെ.ജി.എസിന്റെ കവിതയുടെ ഈ ബഹുതല സ്പർശിയായ ആഖ്യാന വിന്യാസം, വായനക്കാരെ സമകാലിക യാഥാർഥ്യങ്ങളിലേക്ക് വലിച്ചിഴക്കുന്നു. കവിതയുടെ ആഴവും പ്രമേയത്തിന്റെ തീവ്രതയും ചോർന്നുപോകാതെ, അതിന്റെ അസ്തിത്വപരവും ഭാവപരവുമായ വിപ്ലവത്തെ കൃത്യമായി അടയാളപ്പെടുത്തിയ കെ. വിനോദ് ചന്ദ്രന്റെ നിരൂപണ വൈഭവം അഭിനന്ദനാർഹമാണ്. മലയാള കവിതയുടെ ശക്തിയും പ്രസക്തിയും വെളിവാക്കുന്ന ഈ കാവ്യ-നിരൂപണ സംവാദം, തീർച്ചയായും മലയാള സാഹിത്യത്തിന് മുതൽക്കൂട്ട് തന്നെയാണ്.

സുദർശനൻ പി.സി, അങ്കമാലി

ഹിറ്റുകൾ സമ്മാനിച്ച വയലാർ

ആഴ്ചപ്പതിപ്പ് കിട്ടിയാൽ ശ്രദ്ധയോടെ വായിക്കുന്ന പംക്തികളിൽ ഒന്നാണ് ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്ര. രാമവർമയുടെ 50ാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് വയലാർ ഗാനങ്ങളെക്കുറിച്ച് പറഞ്ഞത് (ലക്കം 1442) അനുയോജ്യമായി. വയലാർ അവസാനം എഴുതിയത് 1975ൽ പുറത്തിറങ്ങിയ ‘ചന്ദനച്ചോല’ എന്ന ചിത്രത്തിലെ ‘‘മുഖശ്രീ കുങ്കുമം’’ എന്ന ഗാനമായിരുന്നു. 1960ലും 70ലും 80ന്റെ പകുതിയിലുമായി മലയാള ചലച്ചിത്രഗാനങ്ങളിൽ 90 ശതമാനവും ഹിറ്റുകളായിരുന്നു.

വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി എന്നിവർ എഴുതി ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ എന്നിവർ ഈണമിട്ട് കെ.ജെ. യേശുദാസ്, പി. ജയച​​ന്ദ്രൻ, പി. സുശീല, എസ്. ജാനകി എന്നിവർ പാടിയ 90 ശതമാനം പാട്ടും ശ്രവണമധുരമായിരുന്നു. ഒക്ടോബർ ഏഴ് സംഗീതസംവിധായകൻ ബാബുരാജിന്റെ 47ാം ചരമ വാർഷിക ദിനമായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ 1976ൽ ഇറങ്ങിയ ‘അംബ അംബിക അംബാലിക’ എന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റുകളായിരുന്നു. 1960, 70 ​കാലത്ത് ഇറങ്ങിയ പല സിനിമകളും മോശമായാലും അതിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു. തുടർന്നുള്ള പംക്തികൾക്ക് കാത്തിരിക്കുന്നു.

ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം

ശ്രീകുമാരൻ തമ്പിയോട് ഒരഭ്യർഥന

മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തുന്ന ശ്രീകുമാരന്‍ തമ്പിയുടെ ‘മലയാള ചലച്ചിത്രഗാന ചരിത്രം/ സംഗീതയാത്രകള്‍’ മുടങ്ങാതെ വായിക്കുന്ന ആളാണ്‌ ഞാന്‍. അദ്ദേഹത്തിന്‍റെ ഹൃദയാവര്‍ജകമായ രചനയും സാഹിത്യത്തിനുള്ള വയലാര്‍ അവാര്‍ഡ്‌ നേടിയതുമായ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയും എനിക്കേറെ ഇഷ്ടമാണ്. ഈ കത്തിന്‍റെ ഇനിയുള്ള ഭാഗം ശ്രീകുമാരൻ തമ്പിക്കുള്ളതാണ്:

‘‘എന്നും വൈകുന്നേരങ്ങളില്‍ അരമണിക്കൂർ മുറ്റത്ത് നടക്കുന്ന സ്വഭാവമുണ്ടെനിക്ക്. അപ്പോള്‍ മൊബൈൽ ഫോണിൽനിന്നും ഹെഡ് ഫോണിലൂടെ കേള്‍ക്കാറുള്ള പാട്ടുകള്‍ നടത്തത്തിന്‍റെ ബോറടി മാറ്റും. അങ്ങനെ ഇന്നലെ ഞാന്‍ കേട്ട പാട്ടുകളിൽ ഒന്ന് അങ്ങയുടെ രചനയിൽ ഗാനഗന്ധർവൻ ആലപിച്ച ‘വെളുത്ത കത്രീന’യിലെ ‘‘പ്രഭാതം വിടരും/ പ്രദോഷം വിടരും’’ എന്ന ഗാനമാണ്.

അതിൽ നാലാം വരിയില്‍ കേട്ട ‘അസ്തമനം’ എന്ന വാക്ക് തെറ്റായ പ്രയോഗമായാണ് എനിക്ക് തോന്നിയത്. പകരം ‘അസ്തമയം’ എന്നായിരുന്നില്ലേ വേണ്ടത്? ഒന്നു വിശദീകരിക്കാമോ? എന്‍റെ സംശയം അങ്ങേക്ക് അരോചകമായി തോന്നുന്നുവെങ്കിൽ ക്ഷമിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

സണ്ണി ജോസഫ്‌, മാള

നട്ടെല്ലൊടിയുന്ന ഇന്ത്യൻ ജനാധിപത്യം

ആഴ്ചപ്പതിപ്പിൽ ഹസനുൽ ബന്ന എഴുതിയ ‘ബിഹാർ എന്ന ബൃഹദ് പദ്ധതി’ (ലക്കം 1448) ലേഖനം വായിച്ചു. ജനാധിപത്യ വിശ്വാസിക്ക് ചിന്തിക്കാൻപോലും കഴിയാത്ത സംഭവങ്ങളാണ് ബിഹാറിലെ തെരഞ്ഞെടുപ്പിൽ നടന്നത്. ഭരണാധികാരികളുടെ കളിപ്പാവയായി മാറുന്ന ഇലക്ഷൻ കമീഷൻ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതിന് ജനങ്ങൾ തടയിട്ടിട്ടില്ലെങ്കിൽ, അതിന്റെ വലിയ വില പിന്നീട് ഇന്ത്യയിലെ ജനാധിപത്യത്തിനുതന്നെ നൽകേണ്ടിവരും. സ്വന്തം അധികാരികൾ ആരാകണമെന്നത് തീരുമാനിക്കൽ ജനങ്ങളുടെ അവകാശമാണ്. ആ അവകാശം ലംഘിക്കുന്നതിനെതിരെ ശബ്ദിക്കാതിരിക്കാൻ തിരഞ്ഞെടുക്കുന്ന പക്ഷം, അതിന്റെ ദൂഷ്യഫലങ്ങൾ നേരിടേണ്ടതും അവർ തന്നെയായിരിക്കും.

ചില അധികാരികളുടെ സ്വാർഥ താൽപര്യങ്ങളെ സംരക്ഷിക്കാനായി ഇലക്ഷൻ കമീഷൻപോലുള്ള സ്ഥാപനങ്ങൾ വഴങ്ങുമ്പോൾ, മഹത്തായ ഇന്ത്യൻ ജനാധിപത്യ സംവിധാനം മറ്റ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ചെറുതായി തോന്നാനും രാജ്യത്തിന്റെ ആഗോള പ്രശസ്തിയിലെ ഇടിവിലേക്കും നയിക്കുന്നതാണ്. അതുപോലെ, എസ്.ഐ.ആർ കാരണത്താൽ അവകാശപ്പെട്ട വോട്ട് നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള വലിയൊരു അപാകത കൂടിയാണ്.

ഇത്തരം പ്രവൃത്തികളോട് കൂട്ടുനിൽക്കുന്നത് ഭാവിയിൽ ‘കാവിവത്കരിച്ച’ ഇന്ത്യയിലേക്കുള്ള വഴിയെ കൂടുതൽ വിപുലമാക്കുന്നു. സ്വാതന്ത്ര്യസമര പോരാളികളും രാഷ്ട്രനേതാക്കളും സ്വപ്നം കണ്ട ഇന്ത്യക്ക് ഇത് വിപരീതമാണ്. അധികാരികളുടെ താൽപര്യസംരക്ഷണത്തിന് വഴങ്ങാതെ, ഇലക്ഷൻ കമീഷൻ തങ്ങളുടെ നിഷ്പക്ഷത തെളിയിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കണം. നട്ടെല്ലുള്ള ജനാധിപത്യം ഇന്ത്യയിൽ വളർത്താൻ അത് അത്യാവശ്യമാണ്.

ഷിഫാൻ പി.പി, കാടാമ്പുഴ

ദുരന്തം വിളിച്ചുവരുത്തുന്ന നിഷ്ക്രിയത്വം

‘ഇരുതുള്ളി പുഴയിലെ പലതുള്ളി മാലിന്യം’ എന്ന ലേഖനത്തിൽ സുധീർ മുക്കം വ്യക്തമാക്കുന്ന കാര്യങ്ങൾ സാധാരണ പൗരന്മാരെ അമ്പരപ്പിക്കുന്നു. ഫ്രഷ് കട്ട് എന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രം തന്നെ മലിനീകരണം നടത്തുമ്പോൾ സംസ്കരണം എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. മാലിന്യരഹിത കേരളമെന്ന് പെരുമ്പറ മുഴക്കുന്ന സംസ്ഥാന സർക്കാറും മന്ത്രിമാരും താമരശ്ശേരി താലൂക്കിലെ ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ച ദുരന്തത്തെ കാണാൻ കഴിയാത്തത് അങ്ങേയറ്റത്തെ ജനദ്രോഹമാണ്.

മലിനീകരണത്തിന് കുടപിടിക്കുന്ന ബ്യൂറോക്രസിയും പൊലീസും ഫ്രഷ് കട്ട് സ്ഥാപനത്തെ സംരക്ഷിക്കുകയാണ്. ഇത് സർക്കാറിന്റെ നിരുത്തരവാദപരമായ നിലപാടിനെയാണ് കാണിക്കുന്നത്. നാലു പഞ്ചായത്തുകളിൽ ജീവിക്കുന്ന ജനങ്ങളുടെ കുടിവെള്ളത്തിലും അന്തരീക്ഷത്തിലും മലിനീകരണം നിർബാധം നടത്തി ഫ്രഷ് കട്ട് സ്ഥാപനം വിരാജിക്കുമ്പോൾ അതിനെതിരെ ജനങ്ങളുടെ സമരം സ്വാഭാവികമാണ്. സമരത്തെ പരാജയപ്പെടുത്താൻ കമ്പനിയുടെ ആളുകൾ നുഴഞ്ഞുകയറി ​പൊലീസിനെ പ്രകോപിപ്പിക്കുന്നത് അധാർമികവും ജനാധിപത്യ വിരുദ്ധവുമാണ്.

ജനാധിപത്യ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാറിന്റെ ജനവിരുദ്ധ നയം ഇവിടെ സൂര്യനെപ്പോലെ തെളിഞ്ഞുവരുന്നു. സമരത്തിലായിരുന്ന സാധാരണ ജനങ്ങൾക്കെതിരെ കള്ള​ക്കേസ് എടുക്കുന്ന പൊലീസും കമ്പനിയുടെ കാശ് വാങ്ങുന്നുണ്ടാകാം. ഈ സമരക്കാർക്ക് നീതി ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സുഭാഷ് ചാർവാകൻ,കൂത്താട്ടുകുളം

ജീവിതഗന്ധിയായ ‘നെരൂദയും കാഫ്കയും’

ബിജോയ് ചന്ദ്രന്റെ കവിത ‘നെരൂദയും കാഫ്കയും’ (ലക്കം 1448) ഓർമയിൽ തങ്ങിനിൽക്കുന്ന കഴിഞ്ഞകാല ഗൃഹാതുര സ്മരണകളെ പൊടിതട്ടിയെടുക്കുന്നതായി. മാത്രമല്ല, കാഫ്കയും നെരൂദയും ഡി. വിനയചന്ദ്രനും കടമ്മനിട്ടയും എ. അയ്യപ്പനുമൊക്കെ കടന്നുവരുമ്പോൾ ഒരു കവിസമ്മേളന വേദി കൂടിയായി മാറുന്നു ഈ കവിത എന്നുപറയാൻ സന്തോഷമുണ്ട്. കവിത ആരംഭത്തിൽനിന്ന് അവസാനത്തിലേക്ക് എത്തുമ്പോൾ തുടർച്ച നഷ്ടപ്പെടുന്നില്ലേ എന്നൊരു ആശങ്കയില്ലാതെയില്ല. എന്നാൽ, അവസാനഭാഗത്ത് കവിതയിൽ വരച്ചിടുന്ന രംഗം അത്രമേൽ ജീവിതഗന്ധിയാണ്.

ജോലികഴിഞ്ഞ് ജീവിതഭാരം ചുമന്നു മടുത്ത മനുഷ്യർ വീട്ടിലെത്താനുള്ള തത്രപ്പാടിന്റെ ബസ് യാത്ര സിംബോളിക് ആയിട്ടാണോ കവി അവതരിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. എങ്കിലും നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന ഒരു യാഥാർഥ്യത്തിന്റെ ദൃശ്യാവിഷ്കാരംപോലെ തന്നെയാണ് കവി വരച്ചിടുന്നതും വായനക്കാർക്ക് അനുഭവവേദ്യമാകുന്നതും. കവിതയുടെ ഏറ്റവും ഒടുവിൽ കടന്നുവരുന്ന ചോദ്യമാണ് അക്ഷരാർഥത്തിൽ വായനക്കാരനെ ഈ കവിയുടെ അടുത്തേക്ക് എത്തിക്കുന്നത്. ‘‘സത്യത്തിലെത്ര എളുപ്പമാണല്ലേ, അൽപനേരത്തേക്ക് ജീവിച്ചിരിക്കുവാൻ.’’ ലളിതവും അർഥഗാംഭീര്യവും ഉൾക്കാമ്പുമുള്ള ആ ചോദ്യം. സമീപകാല കവിത വായനയിലെ മികച്ചൊരു വായനാനുഭവമായി ബിജോയ് ചന്ദ്രന്റെ ഈ കവിത.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

തിരിച്ചറിവിന്റെ വലിയ ആശയങ്ങളുള്ള കഥ

തിരിച്ചറിവിന്റെ വലിയ ആശയങ്ങൾ തരുന്ന മികച്ചൊരു രചനയായിരുന്നു വി.കെ. ദീപ എഴുതിയ ‘ജോഷ്വായും പുണ്യാളനും’ എന്ന കഥ (ലക്കം 1448). മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന ആകുലതകളും ആഗ്രഹങ്ങളും രണ്ട് സ്ത്രീകളിലൂടെയും, അവരിലൊരാളുടെ മകനിലൂടെയും തുറന്നുകാണിക്കുന്ന സന്ദർഭങ്ങൾ കാലത്തിന്റെ ഉണങ്ങാത്ത മുറിവുപോലെ അസ്വസ്ഥമായി ചിന്തിപ്പിക്കുന്നു.  പുണ്യാളൻ എന്ന ബിംബത്തെ എത്ര മനോഹരമായാണ് കഥാവസാനം, മുറിവേറ്റ പുറവുമായി മടങ്ങുന്ന രൂപത്തെ, കഥാകാരി പറഞ്ഞുവെക്കുന്നത്. മനോഹരമായ വായന സമ്മാനിച്ച കഥാകാരിക്കും, മികച്ച ചിത്രങ്ങളിലൂടെ കഥയുടെ ജീവനെ ജ്വലിപ്പിച്ച ചിത്ര എലിസബത്തിനും ആഴ്ചപ്പതിപ്പിനും നന്ദി.

സുഭാഷ് പയ്യാവൂർ

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.