ചോരയും ചതിയും പേറുന്ന ദൈവങ്ങൾ

ജി.ആർ. ഇന്ദുഗോപൻ രചിച്ച്, ജയൻ നമ്പ്യാർ ആദ്യമായി സംവിധാനംചെയ്ത ഇന്ത്യൻ-മലയാള ഭാഷാനാടക ത്രില്ലർ ചിത്രമായ ‘വിലായത്ത് ബുദ്ധ’ കാണുന്നു. ആത്മാഭിമാനം വാക്കിലാണോ പ്രവൃത്തിയിലാണോ വേണ്ടത് ? അതല്ല, രണ്ടിലും വേണമെന്ന അഭിപ്രായക്കാരായിരിക്കും ഭൂരിഭാഗം പേരും. ലൈംഗികത്തൊഴിൽ സ്ത്രീകൾക്കു മാത്രം സ്വന്തമായിട്ടുള്ളതും പുരുഷൻ വെറും ഒളിസേവക്കാരനുമാണ്. ഈ ഒളിസേവ ​ൈകയോടെ പിടിക്കപ്പെട്ടാലും പുരുഷന് ജീവിതകാലം മുഴുവനും ചീത്തപ്പേരു കേൾക്കേണ്ടതില്ല. പക്ഷേ ഒരു വേശ്യയുടെ വീട്ടിലെ തീട്ടക്കുഴിയിൽ വീണ പൊതുപ്രവർത്തകന്റെ അവസ്ഥ എന്തായിരിക്കും? എത്ര തീട്ടം ചവിട്ടിയാലും കാല് കഴുകി, നാറ്റം മാറ്റാൻ കഴിയുന്ന...

ജി.ആർ. ഇന്ദുഗോപൻ രചിച്ച്, ജയൻ നമ്പ്യാർ ആദ്യമായി സംവിധാനംചെയ്ത ഇന്ത്യൻ-മലയാള ഭാഷാനാടക ത്രില്ലർ ചിത്രമായ ‘വിലായത്ത് ബുദ്ധ’ കാണുന്നു.

ആത്മാഭിമാനം വാക്കിലാണോ പ്രവൃത്തിയിലാണോ വേണ്ടത് ? അതല്ല, രണ്ടിലും വേണമെന്ന അഭിപ്രായക്കാരായിരിക്കും ഭൂരിഭാഗം പേരും. ലൈംഗികത്തൊഴിൽ സ്ത്രീകൾക്കു മാത്രം സ്വന്തമായിട്ടുള്ളതും പുരുഷൻ വെറും ഒളിസേവക്കാരനുമാണ്. ഈ ഒളിസേവ ​ൈകയോടെ പിടിക്കപ്പെട്ടാലും പുരുഷന് ജീവിതകാലം മുഴുവനും ചീത്തപ്പേരു കേൾക്കേണ്ടതില്ല. പക്ഷേ ഒരു വേശ്യയുടെ വീട്ടിലെ തീട്ടക്കുഴിയിൽ വീണ പൊതുപ്രവർത്തകന്റെ അവസ്ഥ എന്തായിരിക്കും? എത്ര തീട്ടം ചവിട്ടിയാലും കാല് കഴുകി, നാറ്റം മാറ്റാൻ കഴിയുന്ന പുരുഷ കേസരികളുള്ളിടത്ത് ആ നാറ്റം ഒരിക്കലും മറക്കാൻ കഴിയാത്തതാണ് ജി.ആർ. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’യിലെ തൂവെള്ള ഭാസ്കരന്റെ മനോവ്യഥക്ക് കാരണമായത്.

ഭാസ്കരൻ എന്നെങ്കിലും ചെമ്പകത്തിന്റെ ശയ്യ തേടിപ്പോയിട്ടുണ്ടോ എന്ന് സിനിമയിൽ വ്യക്തമല്ല. എന്നാൽ, സന്ധ്യാസമയത്ത് ചെമ്പകത്തിന്റെ സെപ്റ്റിക് ടാങ്കിൽ വീണ ഭാസ്കരൻ നാട്ടുകാരുടെയും എതിർ പാർട്ടിക്കാരുടെയും പരിഹാസത്തിന് പാത്രമാകേണ്ടി വന്നതാണ് കഥാതന്തു. ശബ്ദംകൊണ്ടും ഭാവംകൊണ്ടും പഴയ ചാക്കോ മാഷിനെ ഓർമിപ്പിക്കുന്ന ഷമ്മി തിലകന്റെ ഭാസ്കരൻ മാഷാണ് ശിഷ്യനായ ഡബിൾ മോഹനനെക്കാൾ (പൃഥ്വിരാജ് സുകുമാരൻ) ഇത്തിരി മികച്ചുനിൽക്കുന്നത്. ‘‘തിന്നാനൊന്നുമില്ലാത്തതിനാൽ മോഷ്ടിക്കുന്ന താനും തിന്നിട്ട് മതിയാകാത്ത മാഷും ചെയ്യുന്നത് ഒരേ കുറ്റമാണോ’’ എന്ന് വിദ്യാർഥിയായ മോഹനൻ ചോദിക്കുന്നതാണ് മാഷിനെ പ്രകോപിപ്പിക്കുന്നത്. കുറ്റവും ശിക്ഷയും സമൂഹത്തിന്റെ രണ്ടു തട്ടിൽ വർത്തിക്കുന്നവർക്ക് എങ്ങനെയൊക്കെ അനുഭവപ്പെടുന്നു എന്ന് ചിന്തിക്കാവുന്ന ഒരു സന്ദർഭമാണത്.

ഒരു വിദ്യാർഥിയെ പഠനത്തിലും വിദ്യാലയത്തിലും തുടരാനായി ഒരു അധ്യാപകന് എന്തൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും കഴിയുമെന്ന വീണ്ടുവിചാരത്തിനും അവസരമുണ്ട്. ഷാജഹാൻ മുംതാസിന്റെ ഓർമ നിലനിർത്താൻ താജ്മഹൽ ഉണ്ടാക്കിയതുപോലെ മറയൂരിലെ ചെങ്കുത്തായ ആട്ടുമലയിലേക്ക് തന്റെ കാമുകിക്കുവേണ്ടി (വേശ്യയായ ചെമ്പകത്തിന്റെ മകളെന്ന പേരു ദോഷം മാറ്റാൻ) റോഡ് വെട്ടാനിറങ്ങുന്ന മോഹനന് എളുപ്പവഴി ചന്ദനമരങ്ങൾ മുറിച്ചുവിൽക്കുന്നതാണ്. ഭാസ്കരൻ മാഷിന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന ‘വിലായത്ത് ബുദ്ധ’ എന്ന വിശിഷ്ട ഗണത്തിൽ പെടുന്ന ചന്ദനമരമാണ് മാഷിനെയും മോഹനനെയും വീണ്ടും ബദ്ധശത്രുക്കൾ ആക്കുന്നത്.

നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുത്ത് ആത്മാഭിമാനം സംരക്ഷിക്കുക എന്നത് ബാധ്യതയായിത്തീർന്ന ഭാസ്കരൻ മാഷിന്റെയും ജന്മംകൊണ്ടുണ്ടായ ചീത്തപ്പേരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന വേശ്യയായ ചെമ്പകത്തിന്റെ മകൾ ചൈതന്യയുടെയും കള്ളനാണെങ്കിലും താൻ കൊടുത്ത വാക്ക് പാലിക്കേണ്ടത് ബാധ്യതയായിത്തീർന്ന മോഹനന്റെയും കഥയായി മാറുന്നു, ‘വിലായത്ത് ബുദ്ധ’. മറ്റു ചന്ദനമരങ്ങളിൽനിന്ന് വ്യത്യസ്തമായ, വളവോ തിരിവോ ഇല്ലാതെ ഒറ്റത്തടിയായി വളർന്ന് മാനം മുട്ടിനിൽക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഇലകൾക്കുപോലും സുഗന്ധമാണ്. വാടിയ ചന്ദനത്തിരിയുടെ സുഗന്ധമല്ല, മനംമയക്കുന്ന നറുഗന്ധമാണ് ഈ ചന്ദനത്തിന്.

ചാണകവരളിയിലും പച്ചമാവിന്റെ വിറകിലും കത്തിയമർന്ന് വാട്ട ഗന്ധം പരത്തുന്നതിന് പകരം ചന്ദന സുഗന്ധം പരത്തി മരണത്തിലെങ്കിലും തന്റെ ആത്മാവിന്റെ സുഗന്ധം നാട്ടുകാരെ അറിയിക്കണമെന്ന് വാശിപിടിക്കുന്ന ഭാസ്കരൻ മാഷിന്റെ നിർബന്ധബുദ്ധി കുലീനരാണ് എന്ന് അഭിമാനിക്കുന്ന ഓരോരുത്തരിലും കാണാവുന്നതാണ്. ആ കുലീനത്വത്തിലേക്ക് ഉയരാനാണ് മറ്റൊരു തരത്തിൽ ചൈതന്യയും മോഹനനും എല്ലാം ശ്രമിക്കുന്നത്. തന്റെ അച്ഛന്റെ ദുർവാശിയിൽ യാതൊരു കാതലും ഇല്ല എന്ന് മനസ്സിലാക്കുന്നത് മകനാണ്. വളരെ ദുർബലനായി കാണപ്പെടുന്നുവെങ്കിലും വർത്തമാനകാലത്തെ കൃത്യമായി മനസ്സിലാക്കുകയും താൻ ഉദ്ദേശിച്ച കാര്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള കുറുക്കുവഴികൾ കണ്ടെത്താനും അയാൾക്ക് നന്നായി അറിയാം.

 

ചൈതന്യയുടെ രണ്ട് കാമുകന്മാർ എന്ന രീതിയിൽ ബുദ്ധിയിലും ശക്തിയിലും മികച്ചുനിൽക്കുന്ന അനിയും മോഹനനും പരസ്പരം കൊമ്പുകോർക്കാതെ സമാന്തരമായി നീങ്ങുന്ന രസകരമായ കാഴ്ചയും സിനിമയിൽ കാണാം. ‘വിലായത്ത് ബുദ്ധ’യിൽ പതിനൊന്ന് നിർവാണ ബുദ്ധന്മാരെ കാണുന്ന കച്ചവടദൃഷ്ടി മാത്രമുള്ള ഡബിൾ മോഹനനും തന്റെ ശരീരം എരിച്ചുതീർത്ത് സുഗന്ധം പരത്താനുള്ള വെറും വിറകായി ആ മരത്തെ കണ്ട് അതിന് രാവും പകലും കാവലിരിക്കുന്ന ഭാസ്കരനും അതിസ്വാർഥതയുടെ പരിവേഷങ്ങളായി നിലനിൽക്കുന്നതല്ലാതെ ഒരു തരത്തിലും പ്രകൃതിയുടെ മൂല്യാധിഷ്ഠിതമായ അതിജീവനമോ ജീവന്റെ മേച്ചിൽപ്പുറങ്ങളോ ഒരു വിഷയമായി വരുന്നതേ ഇല്ല. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന വാനരന്റെ കണ്ണുകൾപോലെ കഥകൾ മനസ്സിലാക്കി മൂകസാക്ഷിയാകുക എന്നതാണ് ചുറ്റുമുള്ളവർക്ക് വിധിക്കപ്പെട്ടിട്ടുള്ളത്.

വില്ലനാര്, നായകനാര് എന്ന ചോദ്യത്തിന് ജീവിതത്തിൽ സ്ഥാനമില്ലാത്തതുപോലെ ഈ സിനിമയിലും ഇത്തരം അന്വേഷണങ്ങൾക്ക് പ്രസക്തിയില്ല. ഭാസ്കരന്റെ പതനത്തിനു കാരണം മാലിന്യക്കുഴിയിലേക്കുള്ള വീഴ്ച മാത്രമായിരുന്നില്ല, അധികാരക്കസേരയിൽ കണ്ണും നട്ടുകൊണ്ട് അനുയായികളായി കൂടെ നടക്കുന്നവരുടെ ഒത്താശയോടുകൂടി അരങ്ങേറിയ എതിർപാർട്ടിക്കാരുടെ ക്രൂരമായ അധിക്ഷേപ പ്രചാരണംകൂടിയായിരുന്നു. അധികാര പ്രഭയിൽ തിളങ്ങിനിൽക്കുന്ന പല ഗജകേസരികളും പെണ്ണ് കേസാകുന്ന വാരിക്കുഴിയിൽ വീണുപോകുന്നത് പുത്തരിയല്ല. അധികാരം വീണ്ടെടുക്കാനായി അത് മാത്രം പ്രചാരണായുധമാക്കുന്ന ചീഞ്ഞളിഞ്ഞ രാഷ്ട്രീയ നെറ്റ്‌വർക്കിങ് സംവിധാനത്തെ സിനിമയിൽ വിമർശനബുദ്ധ്യാ സമീപിക്കുന്ന സന്ദർഭങ്ങളും കാണാം.

ആദിവാസികളും അവരനുഭവിക്കുന്ന ദുരിതങ്ങളും തികഞ്ഞ മെലോഡ്രാമയായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അണലി കടിച്ച പെൺകുട്ടിയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ തടസ്സമായി നിന്നത് പൊലീസിന്റെ ചെക്ക് പോസ്റ്റ് ആണ്. അതിനെതിരെയുള്ള നായകന്റെ പ്രതികരണം പ്രതീക്ഷിക്കത്തക്കതായിരുന്നു. അതിശയോക്തി ഏറെയുണ്ടെങ്കിലും ആദിവാസികളുടെ മറപറ്റി കാട്ടിലെ ഉരുപ്പടികൾ രായ്ക്കുരാമാനം കടത്തിക്കൊണ്ടു പോകുന്നവരും അതിന് തടസ്സമായ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നവരും ഏറെയുള്ള പശ്ചിമഘട്ടത്തിൽ ഡബിൾ മോഹനന്റെ കഥാപാത്രം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാകുന്നുണ്ട്. വനസംരക്ഷണ നിയമങ്ങൾ ശക്തമായിരിക്കുമ്പോഴും അവ എത്രത്തോളം ദുരുപയോഗം ചെയ്യുന്നുവെന്നത് ഗവേഷണത്തിന് സ്കോപ്പുള്ള വിഷയമാണ്.

‘വിലായത്ത് ബുദ്ധ’ ഏറ്റിറക്കങ്ങളുടെ കഥയാണ്. ലോക്കൽ രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി നാട്ടിൽ വിരാജിച്ച വെള്ള ഭാസ്കരന് തന്റെ ചന്ദനമരവും തോക്കുമൊന്നും തുണയാകാതെ വന്നു. തന്റെ ചൊൽപ്പടിക്ക് നിൽക്കുമെന്ന് കരുതിയ മകൻപോലും അയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നില്ല. ഒടുവിൽ മകന്റെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വരുന്നു. കാമുകിക്കുവേണ്ടി മലമുകളിലേക്ക് ഏറെ വീറോടെ ജീപ്പോടിച്ച ഡബിൾ മോഹനന് ചെക്ക് വെക്കുന്നത് കാമുകിയായ ചൈതന്യ തന്നെയാണ്. ഭാസ്കരന്റെ തോക്കും മോഹനന്റെ ജീപ്പും കൃത്യമായി ഓരോ ഫ്രെയിമിലും ഏതു നിമിഷവും തകർന്നുവീഴാവുന്ന നിരർഥകമായ ദുരഭിമാനത്തിന്റെ പ്രതീകങ്ങളായി മാറുന്നുണ്ട്.

 

സിനിമക്ക് കൈയടി കിട്ടണമെങ്കിൽ നായകൻ അതിമാനുഷനായിരിക്കണമെന്ന കച്ചവട ഫോർമുല ഒട്ടും കുറവില്ലാതെ പൃഥ്വിരാജിന് ഒരു ഭാരമായി മാറുന്നുണ്ട്. ‘അയ്യപ്പനും കോശി’യിലെ തെമ്മാടിയും സമ്പന്നനുമായ വെളുത്ത കോശി കറുത്ത പെയിന്റടിച്ച് ചന്ദനക്കൊള്ളക്കാരനായി കറുത്ത മോഹനനായി പ്രത്യക്ഷപ്പെടുന്നു എന്ന വ്യത്യാസം മാത്രമേ വലുതായിട്ടുള്ളൂ. ആണത്തത്തിന്റെ അടയാളം പെണ്ണിന്റെ മാനം കാക്കലും ആരെയും ഒറ്റയടിക്ക് തല്ലിവീഴ്ത്താനുള്ള കഴിവുമാണെങ്കിൽ ചന്ദനം കട്ട് മലമുകളിലേക്ക് റോഡ് വെട്ടാനുള്ള അവന്റെ പദ്ധതിയും സാധാരണ പ്രേക്ഷകൻ അംഗീകരിച്ചേ മതിയാകൂ. മറ്റു സിനിമകളിലെ പോലെ തന്നെ ഫോറസ്റ്റ് ഡിപ്പാർട്മെന്റും പൊലീസുകാരും എന്തിന് മജിസ്ട്രേറ്റ് വരെ കള്ളന് കഞ്ഞിവെക്കുന്നവരും കളി കണ്ട് രസിക്കുന്നവരുമായി കാണുമ്പോൾ കിട്ടുന്ന സന്തോഷം കൂടുതൽ പറയേണ്ടതില്ലല്ലോ?

കാടും പരിസരങ്ങളും പ്രമേയമായി വരുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇന്ന് റിലീസാവുന്നുണ്ട്. ‘നരിവേട്ട’, ‘കാർബൺ’, ‘അയ്യപ്പനും കോശി’യും തുടങ്ങിയവ​െയാക്കെ മികച്ച വിജയം നേടിയവയാണ്. സമാന്തര സിനിമകളായ ‘പൊയ്യാമൊഴി’, ‘പാപ്പിലിയോ ബുദ്ധ’, ‘കാടു പൂക്കുന്ന നേരം’ തുടങ്ങിയവയൊക്കെ പ്രദർശനവിജയം നേടിയില്ലെങ്കിലും മികച്ച സിനിമകളാണ്. ‘പുലിമുരുകൻ’ പോലെ വാണിജ്യ താൽപര്യം മാത്രം പരിഗണിച്ച് നിർമിച്ചിട്ടുള്ള സിനിമകളും ഏറെയാണ്. എന്നാൽ, ചന്ദനക്കൊള്ളയുടെ കഥ പറഞ്ഞ് 2021ൽ സൂപ്പർഹിറ്റായി മാറിയ ‘പുഷ്പ’യെക്കാൾ യാഥാർഥ്യബോധത്തോടെയാണ് ‘വിലായത്ത് ബുദ്ധ’ ഒരുക്കിയിരിക്കുന്നത്.

ഒരു അനുവർത്തിത കഥ എന്ന നിലയിൽ ‘വിലായത്ത് ബുദ്ധ’ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാണാനെത്തുന്നത്. എഴുത്തുകാരനായ ഇന്ദുഗോപൻ തന്നെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നതിനാൽ കഥയുടെ പിരിമുറുക്കം നിലനിർത്താനും ഏകാഗ്രത നിലനിർത്താനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. രാജേഷ് പിന്നാടനും തിരക്കഥ-സംഭാഷണത്തിൽ പങ്കാളിയായിട്ടുണ്ട്. 2 മണിക്കൂർ 56 മിനിറ്റുള്ള സിനിമ രണ്ടാം പകുതിയിൽ കുറച്ച് മുഷിയുന്നുണ്ടെങ്കിലും സ്റ്റണ്ടും പാട്ടും ഡാൻസുംകൊണ്ട് പ്രേക്ഷകരെ പിടിച്ചുനിർത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ആട്ടുമലയിലേക്കുള്ള ഡബിൾ മോഹനന്റെ യാത്രയും ക്ലൈമാക്സിലുള്ള ചെറിയ വ്യത്യാസവുമാണ് പ്രധാനമായി നോവലിൽനിന്ന് വ്യത്യസ്തമായി സിനിമയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ. നോവലിന്റെ വായനസുഖം സിനിമയിൽ അനുഭവിക്കാൻ കഴിയാതിരുന്നത് തിരക്കഥയുടെ ദൗർബല്യംകൊണ്ടായിരിക്കണം.

 

ഷമ്മി തിലകൻ ‘വിലായത്ത് ബുദ്ധ’യിൽ

പാർശ്വവത്കൃതരായ മനുഷ്യരെ അവതരിപ്പിക്കുന്ന മറ്റു കച്ചവട സിനിമകളെപ്പോലെ തന്നെ ഇതിലും പൃഥ്വിരാജിനെയും പ്രിയംവദ കൃഷ്ണനെയും മേക്ക് ഡൗണ്‍കൊണ്ട് മലയോര ജീവിതവുമായി ഇണക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പലപ്പോഴും അത് പാളിപ്പോവുകയാണ് ചെയ്തിട്ടുള്ളത്. പൊതുവെ സിനിമക്കെതിരെ ഉയർന്ന മറ്റൊരു വിമർശനം വാണിജ്യച്ചേരുവകൾ ഒട്ടും കുറയാതെയുള്ള തിരക്കഥയായതിനാൽ നല്ലൊരു കഥയിലൂടെ ഒരിക്കൽ ആവിഷ്കരിക്കപ്പെട്ട കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളും അവരുടെ പോരാട്ടങ്ങളും വേണ്ടരീതിയിൽ പ്രമേയ പരിസരത്ത് പരിചരണം കിട്ടാതെ പോയി എന്നുള്ളതാണ്.

ഇത്രയേറെ വലിച്ചു നീട്ടലുകൾ ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി കഥക്ക് ദൃഢത കൈവന്നേനെ. എങ്കിലും മറയൂരിലെ ശർക്കരയുടെയും ചന്ദനത്തിന്റെയും മധുരവും സുഗന്ധവും അനുഭവിക്കുമ്പോൾതന്നെ ചന്ദനമരത്തെപ്പോലെ പരാന്നഭോജികളായി ജീവിക്കുന്ന പല മനുഷ്യരുടെയും അന്തസ്സാരശൂന്യതയും കാടിന്റെ നിഗൂഢമായ സൗന്ദര്യവും വന്യതയും ഒരുപോലെ പകർത്താൻ സിനിമക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ അനീഷ് എം. തോമസും സന്ദീപ് സേനനും ചേർന്നാണ് ചിത്രം നിർമിച്ചത്. അകാലത്തിൽ അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്നമായിരുന്ന ഈ സിനിമ അദ്ദേഹത്തിന് ആദരമർപ്പിച്ചാണ് ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായിരുന്ന ജയൻ നമ്പ്യാരുടെ ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ ‘വിലായത്ത് ബുദ്ധ’ക്ക് ശരാശരിക്കും മുകളിൽ മാർക്ക് കൊടുക്കാവുന്നതാണ്. സ്ത്രീ കഥാപാത്രങ്ങളായ ചൈതന്യയും ചെമ്പകമായി അഭിനയിച്ച പ്രിയംവദ കൃഷ്ണനും രാജശ്രീയും തങ്ങളുടെ റോളുകൾകൊണ്ട് നിരാശപ്പെടുത്തിയിട്ടില്ല. ജേക്സ് ബിജോയിയുടെ സംഗീതവും കാന്താര, ചാർലി എന്നിവയുടെ ഛായാഗ്രാഹകനായ അരവിന്ദ് എസ്. കശ്യപിന്റെ കാമറയും ശ്രീജിത് സാരംഗിന്റെ എഡിറ്റിങ്ങും ഏറെ മികച്ചുനിൽക്കുന്നു.

Tags:    
News Summary - Vilayat Buddha’ is an Indian-Malayalam language drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.