സജിൻ ബാബു സംവിധാനംചെയ്ത ‘തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമ കാണുന്നു. തടഞ്ഞൂ ഗാന്ധിയേയും!ഗാന്ധിയും നിന്നവിടെ! അതിന്റെ കാരണങ്ങളെന്തെന്നു തിരഞ്ഞാലും. ●‘ഗാന്ധിസന്ദേശം’, സഹോദരൻ അയ്യപ്പൻ 1925 സജിൻ ബാബു എഴുതി സംവിധാനംചെയ്ത ‘തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി’ എന്ന പുത്തൻ പടത്തിൽ വ്യവസ്ഥാപിത ചരിത്രത്തെ തകിടംമറിക്കുന്ന പല സൂചനകളും...
സജിൻ ബാബു സംവിധാനംചെയ്ത ‘തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമ കാണുന്നു.
തടഞ്ഞൂ ഗാന്ധിയേയും!
ഗാന്ധിയും നിന്നവിടെ!
അതിന്റെ കാരണങ്ങളെന്തെന്നു
തിരഞ്ഞാലും.
●‘ഗാന്ധിസന്ദേശം’,
സഹോദരൻ അയ്യപ്പൻ 1925
സജിൻ ബാബു എഴുതി സംവിധാനംചെയ്ത ‘തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി’ എന്ന പുത്തൻ പടത്തിൽ വ്യവസ്ഥാപിത ചരിത്രത്തെ തകിടംമറിക്കുന്ന പല സൂചനകളും ചരിത്രസന്ദർഭങ്ങളും ബിംബാവലികളും ഉപപാഠങ്ങളും കേരളത്തെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും വരുന്നുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് 1937ൽ കേരളത്തിലെത്തിയ ഗാന്ധി ദലിതരുമായി പത്മനാഭക്ഷേത്രദർശനം നടത്തുകയും വെങ്ങാനൂരു പോയി അയ്യൻകാളിയെ കാണുകയും അഭിനന്ദിക്കുകയും അദ്ദേഹത്തെ പുലയരാജാ എന്നു വിളിക്കുന്നതും മുഖ്യധാരാചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
‘തിയേറ്റർ’ എന്ന സജിൻ ബാബു സിനിമയിൽ ഒരു പുത്തൻ തകിടംമറിച്ചിൽ ഉരുത്തിരിയുന്നു. ഗാന്ധി 1937ൽ കൊല്ലത്തേക്കു പോയപ്പോൾ പാമ്പുകടിയേറ്റുവെന്നും സിനിമയിലെ കാരണവരായ നീലകണ്ഠവൈദ്യരുടെ കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന അറ്റകൈ പ്രയോഗത്തിലൂടെയാണ് മഹാത്മാവിന്റെ ജീവൻ രക്ഷപ്പെട്ടതെന്നും ഒരു വയോധികനായ സമകാലിക സാംസ്കാരിക നായകൻ വിശ്വാസ്യതയോടെ പടത്തിൽ പറഞ്ഞു ഫലിപ്പിക്കുന്നു. ഡി. രഘൂത്തമൻ എന്ന ‘അഭിനയ’ നാടകസംഘത്തിലെ നാടകപ്രതിഭ അവതരിപ്പിക്കുന്ന ഈ മുടിനീട്ടിയ വെള്ളികെട്ടിയ സാംസ്കാരിക നായകൻ ചാനലുകളിലൂടെയിതു പറഞ്ഞു പ്രഹർഷംകൊള്ളുന്നു. കടിച്ച പാമ്പ് വന്നു തലതല്ലിച്ചാകുന്നതും വലിയ വിശദാംശങ്ങളോടെ നാടകീയമായി വിസ്തരിക്കുന്നു. തന്റെ കുടുംബത്തിനും വരും തലമുറകൾക്കുംപോലും നാഗശാപം ഏറ്റുവാങ്ങിക്കൊണ്ടാണത്രേ കാരണവരായ വൈദ്യർ ഈ കർമംചെയ്തത്. സമാനമായ ഒരു ചരിത്രവസ്തുത അംബേദ്കർ മകൻ യശ്വന്തിനെ ചേർത്തല പാണാപള്ളി വൈദ്യരുടെ അടുത്താണ് ചികിത്സക്ക് കൊണ്ടുവന്നതെന്നതാണ്. വൈക്കം പോരാട്ടത്തിലെ “വരിക വരിക സഹജരേ...” എന്ന പോരാട്ടപ്പാട്ടെഴുതിയ കവിയും സാമൂഹിക രാഷ്ട്രീയ പ്രക്ഷോഭകനുമായിരുന്നു ഗുരുശിഷ്യനായ പാണാപള്ളി കൃഷ്ണൻ വൈദ്യർ.
ഗാന്ധിയെ തീണ്ടിയ വിഷപ്പാമ്പ് ഇത്തരത്തിൽ ചരിത്രത്തിൽ മൂർത്തമായ ജാതിയാണ്. ജാതിയണലിപ്പാമ്പുപോലെ ചരിത്രത്തിൻ ഓർമയുടെ ആഴങ്ങളിലേക്കിറങ്ങിക്കിടക്കുന്നുവെന്ന ആശാനെ ഉപയോഗിച്ച് തലമുറകളിൽ വിജയൻ നടത്തുന്ന പ്രസ്താവമാണിവിടെ പാഠാന്തരമാകുന്നത്. സിനിമ പാഠാന്തരവും പാഠബാഹ്യവുമായ ഈ ഉപപാഠത്തിലൂടെ വിശദീകരിക്കുന്നത് കേരളത്തിലെ തിരുവിതാംകൂറിലെ കായൽത്തുരുത്തിലെ വിഷവൈദ്യരുടെ മകളും കൊച്ചുമകളുമെല്ലാം പിൽക്കാലത്ത് വലിയ നാഗശാപങ്ങളും രോഗപീഡകളും അനുഭവിക്കുന്നതും അവസാനം കൊല്ലപ്പെടുന്നതുമാണ്. ഗാന്ധിയെപ്പോലെ ജാതിപ്പാമ്പിൻ തീണ്ടലിന്റെ ഇരകളാകുന്നു പെണ്ണുങ്ങൾ. അഷ്ടമുടിക്കായലിലെ കടലിനടുത്തുള്ള ഒരു കായൽത്തുരുത്തിലാണിവരുടെ പ്രാചീന കുടുംബവും കുടിയും. കേരളത്തിന്റെ പ്രാചീനമായ അശോക നാഗരികവും നാഗബൗദ്ധ അടിസ്ഥാന പാരമ്പര്യവുമാണ് ഭംഗ്യന്തരേണ ഐറണിയിലൂടെ സൂചിതമാകുന്നത്. ഇവരുടെ മരണാനന്തരം ബന്ധുവായ ധനികൻ ഇതെല്ലാം ഒരു റിസോർട്ടാക്കി മാറ്റുന്നു. വിദേശികൾ അവിടെ വരുന്നു. ടൂറിസ സമ്പദ് വ്യവസ്ഥയുടെയും വികസനമാതൃകയുടെയും കാരിക്കേച്ചറും ആക്ഷേപ വിമർശനവും നർമത്തോടെ കാണാം.
വൈദ്യരുടെ പ്രാദേശിക വൈജ്ഞാനിക ജൈവിക നൈതിക പാരമ്പര്യം കൊച്ചുമകളിലേക്കും കടന്നുവരുന്നു. തെങ്ങും പ്ലാവും കയറുന്ന പെണ്ണാണ് മീര. റിമക്കു മാത്രം അവതരിപ്പിക്കാനായി എഴുത്തുകാരനായ സംവിധായകൻ നിർമിച്ച പാത്രമാണിത്. മൂന്നോളം തെങ്ങുകളിൽ തുഞ്ചംവരെ കയറാനും വിളവുനോക്കി തേങ്ങയിടാനും ഒരാഴ്ചത്തെ കഠിന പരിശീലനവും അനന്യമായ ധൈര്യവും ആവശ്യമായിരുന്നു.
അമ്മയാകട്ടെ നാട്ടുമരുന്നു ചികിത്സയിൽ പ്രവീണയാണ്. പ്രകൃതിയോടിണങ്ങിയാണവർ ജീവിച്ചുപോന്നത്. അമ്മയുടെയും മകളുടെയും മൈത്രീപൂർണമായ ജീവിതം സിനിമയുടെ കാതലാണ്. പരിശ്രമിയും ധീരയുമായ മീരയെ തേനീച്ചപോലുള്ള ഒരു പ്രാണി കടിക്കുന്നതോടെയാണ് രോഗമരണപീഡകളുടെ തുടക്കം. കൊച്ചുമകൾ മീര ദീനക്കാരിയായി മരണത്തോടു മല്ലടിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ധനസമാഹരണം നടത്തി കോടികൾ പിരിവെടുത്താണ് സുഹൃത്തുക്കൾ ഇതെല്ലാം ശരിയാക്കുന്നത്. വെളിയനാടവതരിപ്പിക്കുന്ന നാട്ടുകാരനായ വ്യാപാരി സഹായിയാകുന്നു. പക്ഷേ രോഗം ഭേദമാകുന്നതോടെ അമ്മയും മകളും നിരോധിക്കപ്പെട്ട തുരുത്തിലേക്കു തിരികെപ്പോവുകയും അവിടെ കളമെഴുത്തും പാട്ടും നടത്തുന്നതിനിടെ മരണപ്പെടുകയുംചെയ്യുന്നു. കവർച്ചയും കൊലപാതകവും സൂചിതമാകുന്നു. അനുഷ്ഠാനപരതയിലേക്കു മടങ്ങുന്ന ജനതയുടെ അപചയസൂചനയും കാണാം. പലയടരുകളും ഓരങ്ങളും അടിത്തട്ടുകളുമുള്ള സങ്കീർണവും സങ്കലിതവുമായ മിശ്രാഖ്യാനമാണ് ചലച്ചിത്രത്തെ പ്രശ്നഭരിതമാക്കുന്നത്. കലർപ്പിൻ കലയായി സജിൻ സിനിമ മാറുന്നു.
കേരളത്തിലെ വ്യതിരിക്ത ചരിത്രവംശാവലികളുള്ള നാഗാരാധനയും പാമ്പിൻകാവുകളും സിനിമയുടെ സാമൂഹിക ചരിത്ര പരിസ്ഥിതിയായി വരുന്നു. സിനിമയുടെ ഫീൽഡും ഹാബിറ്റസും ബ്രാഹ്മണികമല്ല, പക്ഷേ ബ്രാഹ്മണികാഖ്യാനങ്ങൾ ഇരകളിലൂടെ അധീശത്വപരമായി പ്രവർത്തിക്കുന്നത് സിനിമ സാന്ദർഭികമായി പ്രതിനിധാനംചെയ്യുന്നു. പുള്ളുവരുടെ പാട്ടും കുടവും വീണയും അമ്മയിന്നും ആ പഴയ പുരയിൽ പെട്ടകത്തിൽ സൂക്ഷിക്കുന്നു. ഇന്നെലകളുടെ അബദ്ധങ്ങൾ ഇന്നത്തെയാചാരമാകുന്നതും നാളത്തെ ശാസ്ത്രമാകുന്നതും ഹൈന്ദവജാതിയുടെ പലമകളിലുള്ളതാണ്. പല വൈദ്യചികിത്സാവിധികളും പ്രയോഗങ്ങളും അവർക്കറിയാം. വൈദ്യവും അനുഷ്ഠാനങ്ങളും ഇടകലർന്ന ഈ സംസ്കാരസമുച്ചയം വർത്തമാനകാല കേരള ചരിത്ര പഠനങ്ങൾ വ്യക്തമാക്കുന്നപോലെ താന്ത്രികവും മാന്ത്രികവുമായ ബൗദ്ധ സംസ്കാരധാരകളുമായും പ്രാദേശികാനുഷ്ഠാനങ്ങളുമായും കലരുന്നു.
ചരിത്രപരമായി വിമർശനാത്മകമായി കാണാനും ചലച്ചിത്രണത്തിലേക്കു കടത്താനും ചരിത്രവുമായുള്ള ബിംബാത്മക ഇടപാടുകളിലൂടെ സിനിമക്ക് സാധിക്കുന്നു. നാഗവംശജരെയും നാഗജനതയെയും നാഗരാജാവും നാഗയക്ഷിയുമായി ഓരോ കുടികളിലും പുരകളിലും ആരാധിക്കപ്പെട്ട പുത്തരെയും മാതാവായ മഹാമായയെയും പിന്നീടു മഹായാന താന്ത്രിക ബൗദ്ധധാരകളിലൂടെ ജനപ്രിയരായ എണ്ണമറ്റ ബോധിസത്വ, താരാഭഗവതിരൂപങ്ങളെയും കുറിച്ചുള്ള നരവംശീയവും സംസ്കാരസൂക്ഷ്മമായ ചിത്രണവുമായി തിരപ്പടം മാറുന്നു. എന്നാലവയിൽ കേന്ദ്രീകരിക്കുന്നുമില്ല. അധീശത്വത്തെ നാടകീയമാക്കിയാവർത്തിച്ചുറപ്പിക്കുന്ന തൂക്കവും ശൂലംകുത്തും സനൽകുമാർ ശശിധരന്റെ സെക്സി ദുർഗയിൽ ദീർഘവിശദാംശങ്ങളോടെ വിമർശന പ്രതിനിധാനം ചെയ്യപ്പെടുന്നത് സമാനമായ ഒരു സംസ്കാര രാഷ്ട്രീയ സിനിമാറ്റിക് സന്ദർഭമാണ്.
അമ്മൂമ്മക്കഥകളിലൂടെയും പഴകിയ സവർണ ബോധനതന്ത്രത്തിൻ പാഠപുസ്തകങ്ങളിലൂടെയും കേരള മ്യൂസിയത്തിനു മുന്നിലുള്ളപോലുള്ള പരശുരാമ പ്രതിമകളിലൂടെയും നടരാജശിൽപങ്ങളിലൂടെയും പകരുന്ന അധീശചരിത്രത്തിലാകട്ടെ പരശുരാമസൃഷ്ടമായ കേരളവും നാഗത്താന്മാരുടെയും ബ്രാഹ്മണരുടെയും വൈഷ്ണവീകരിക്കപ്പെട്ട വാസുകിയുടെയും അനന്തന്റെയും കഥകളാണ് കെട്ടുപിണയുന്നത്. അമ്മ പെൺകുട്ടിക്കു പറഞ്ഞുകൊടുക്കുന്നത് ഇത്തരം കഥകളാണ്. വിമർശനാത്മകമായ പ്രതിനിധാനം സിനിമയിൽ ഇത്തരം രംഗത്തുവരുന്നുണ്ട്. ഐറണിയും വിരോധാഭാസവും വിമർശനവും സൂചിതമാകുന്നു.
വിവിധ ആഖ്യാനങ്ങളെ ചേർത്തുെവച്ചുകൊണ്ട് അക്കാദമികമായ ഒരു സംതുലനശ്രമവും സംവിധായകയെഴുത്തുകാരൻ നടത്തുന്നു. യാഥാർഥ്യ ചരിത്രത്തിൽനിന്നും മിത്തിലേക്കുള്ള സംക്രമണങ്ങളെയും അപഭ്രംശങ്ങളെയും നിഴലാട്ടത്തിലൂടെ വിമർശനപ്രതിനിധാനംചെയ്യുന്നു. സിനിമയുടെ ശക്തിയും സൗന്ദര്യവും കുതിപ്പും കിതപ്പും പ്രശ്നവും പ്രതിസന്ധിയും ചാലകതയും നായികയിലൂടെയാണ് സാധ്യമാകുന്നത്. റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന മീരയാണ് ശബ്ദവും സൗന്ദര്യവും ലൈംഗികതയുമുള്ള കർതൃത്വമായി ചലിക്കുന്നത്. ചരിത്രം കർതൃത്വത്തെ നിർണയിക്കുന്നതും പരിമിതപ്പെടുത്തുന്നതും ഈ കഥാപാത്രത്തിലൂടെ വ്യക്തമാകുന്നു.
പക്ഷേ, ഉയരമേറിയ തെങ്ങിൽപോലും കയറുന്ന നായികയെയും നാഗശാപങ്ങളും അമ്മൂമ്മക്കഥകളും കീഴ്പ്പെടുത്തുന്നു. പിലാവിൽ കയറി ചക്കയെന്നു അനായാസം മൂപ്പുനോക്കി വെട്ടിയിടുന്ന റിമയെ വ്യതിരിക്ത ദൃശ്യബോധത്തോടെ ചിത്രീകരിക്കുന്നത് ശ്രദ്ധേയം. ലിംഗവാർപ്പുമാതൃകയെയും ചലച്ചിത്രം അട്ടിമറിക്കുന്നു. പക്ഷേ പ്രകൃതിയുമായി ഇത്രയും ഇഴചേർന്നു ജീവിക്കുന്ന ഈ ഈഴത്തി അഥവാ ചമക്രിതത്തിലെ സംഘക്കാരി അനിത്യതയിലേക്കു മറയുന്നു. കളമെഴുതിമായിച്ചവർ മരിച്ചുവീഴുന്നു. അനിത്യവാദത്തിൻ താന്ത്രികാനുഷ്ഠാന കലാപ്രകടനമാണ് കളമെഴുത്തും മായിക്കലും. ആശാന്റെ 1907ലെ ‘വീണപൂവു’പോലെ ചില കാവ്യാഖ്യാനങ്ങൾ അനിത്യവാദത്തെ കലാപരമായി ആവിഷ്കരിച്ചു. സജിൻ ബാബുവിൻ ചലച്ചിത്രവും അത്തരം സമകാലികാവിഷ്കാരംതന്നെ.
സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, ഡയീൻ ഡേവീസ് എന്നീ അനുപമ കലാകാരന്മാരുടെ പ്രകടനവും മികച്ചതാണ്. സൂക്ഷ്മഭാവഹാവാദികളിലൂടെ ശബ്ദനിയന്ത്രണത്തിലൂടെ പകർന്നാടുന്ന വെളിയനാടിനെ മറക്കില്ല. സയീദ് അബ്ബാസിൻ സംഗീതവും ഉചിതം. ശ്യാമപ്രസാദിന്റെ കാമറയും മിഴിവുറ്റതാണ്. ഗ്രാഫിക്സ്, മേക്കപ്പ്, ആനിമേഷൻ എന്നിവയും മികച്ചുനിൽക്കുന്നു. രോഗാവസ്ഥയിലൂടെ അതിജീവിക്കുന്ന റിമയുടെ ശരീരവും മുഖവും ആഴത്തിലടുപ്പത്തിൽ ജൈവാധികാരത്തോടെ പകർത്താൻ ചലച്ചിത്രത്തിനു കഴിഞ്ഞു. ഉടലാഴങ്ങളുടെ ഉപ്പുകടലായി സിനിമാശരീരം തിളയ്ക്കുന്ന വെളിച്ചകാലങ്ങളിൽ പരിണമിക്കുന്നതു പ്രേക്ഷകർ അനുഭവിക്കുന്നു. സിനിമയുടെ സൂക്ഷ്മമായ സംവേദനീയതയും ഭാവമൂർത്തതയും ബിരിയാണിയിൽ വെന്തുപാകമായ സംവിധായകന്റെ പുത്തൻ മിസൻസീനായി പ്രകമ്പനംകൊള്ളുന്നു. തികഞ്ഞ കൈയടക്കമുള്ള കലാകാരനായി സജിൻ മാറുന്നത് ഓരോ ഫ്രെയിമിലും അടയാളപ്പെടുന്നു. കൊറിയോഗ്രഫിയും പ്രോപ്പുകളും ലളിതവും മിഴിവുള്ളതുമാണ്. സെറ്റിട്ട കാവിലേക്ക് യഥാർഥ നാഗം വന്നുവെന്നും പറയുന്നു. തിയേറ്റർ അടയാളപ്പെടുത്തുന്നപോലെ നാടകീയമായ ആവിഷ്കാരമാണ് സജിൻ സിനിമ.
‘ബിരിയാണി’യും ‘അസ്തമയം വരെ’യുമെല്ലാമെടുത്ത സജിൻ പെൺമയുടെയും കേരളമണ്ണിന്റെയും ജലത്തിന്റെയും പുതുപുത്തനായ രൂപഭാവങ്ങളെയും മാനവകർതൃത്വങ്ങളെയും പ്രതിസന്ധികളെയും മൂർത്തമാക്കി അവതരിപ്പിക്കുന്നതിൽ ഏറെ പക്വത നേടുന്നു ഈ പടത്തിലൂടെ. കനി, റിമ എന്നിങ്ങനെ പ്രബുദ്ധരായ കലാമർമജ്ഞരായ അവർണ വനിതകളുടെ ഉടലൊച്ചകളെയും കർതൃത്വങ്ങളെയും ഭാഷണങ്ങളെയും നിർവാഹകത്വത്തെയും കേരള സിനിമയുടെ മലയാളി കുലീന വരേണ്യ പരിസരങ്ങളിലേക്കു സമ്യക്കായി പടിപടിയായി പടുത്തുവെക്കുന്ന തിരപ്പടമാണിത്. കാസ്റ്റിങ്ങിൽ സംവിധായകൻ പരിപൂർണവിജയം നേടി. പ്രകടനത്തിൽ റിമയും നന്നായി ചെയ്തു. ക്രിട്ടിക്സ് പുരസ്കാരവും നേടി. വെളിയനാടിനും പുരസ്കാരം കിട്ടി. സജിൻ പടങ്ങളിൽ മണ്ണും പെണ്ണും മനസ്സും മനുഷ്യരും കലരുന്നു. പ്രകൃതിയുടെ മടിത്തട്ടിലെ കുഞ്ഞുങ്ങളായി നാം ജീവാജീവങ്ങളായ ചെറുതുകളാകുന്നു. ജൈവലോകത്തിനും ഭൂമിക്കും പ്രപഞ്ചത്തിനുമായുള്ള വലിയ ഈടുവെപ്പുകൾ സജിൻ തിരപ്പടത്തെ മാറ്റത്തിൻ മറുമൊഴിയാക്കുന്നു. സമഗ്രമായ തിയറ്ററിക്കൽ അനുഭവം ശക്തമായ രാഷ്ട്രീയബോധത്തോടെ സാങ്കേതികമികവോടെ വ്യക്തമായി ആവിഷ്കരിക്കുന്നു. ശബ്ദം മികച്ചുനിൽക്കുന്നു. കൊറിയോഗ്രഫിയും തിരപ്പടപരിചരണവും മൂർത്തം, സജീവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.