അസി. ഡയറക്ടർ എന്ന നിലയിൽനിന്ന് അഭിനയത്തിന്‍റെ പുതിയ ലോകത്തേക്ക് വരുന്നതും ഭരതൻ എന്ന നിത്യഹരിത സംവിധായകനൊപ്പമുള്ള ഓർമകളും മറ്റുമാണ് ഇത്തവണ എഴുതുന്നത്.
കൊടൈക്കനാലിലെ കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു താമസം. ഭരതേട്ടനും മധു അമ്പാട്ട് സാറും അവിടെയുണ്ടായിരുന്നു. ഭരതേട്ടനെ എനിക്ക് നേരത്തേ അറിയാം. ‘പ്രണാമം’ എന്ന സിനിമ തുടങ്ങാന്‍ പോകുന്ന കാലത്ത് ജോണ്‍ പോള്‍ എന്ന ജോണങ്കിള്‍ ആണെന്നെ പരിചയപ്പെടുത്തിയത്. എറണാകുളത്തെ ഗ്രാന്‍ഡ് ഹോട്ടലില്‍ ആ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് ഇരിക്കുമ്പോള്‍ ഇടക്കൊക്കെ അവിടെ പോയി കാണുമായിരുന്നു. ചിലപ്പോളത് ഗ്രാൻഡിലാവും അല്ലെങ്കില്‍ ബി.ടി.എച്ചിലാവും. മോഹന്‍സ് ബേക്കറിയുടെ മോഹനേട്ടനായിരുന്നു അങ്കിളിന്‍റെ മുന്നിലെന്നെ എത്തിച്ചത്. മോഹനേട്ടന്‍ കോഴിക്കോട്ടുകാരനായിരുന്നു.
നാട്ടിലുള്ളപ്പോഴെ അറിയുമായിരുന്നു. ഭരതേട്ടന്‍ വന്ന സമയത്ത് ചോദിച്ചനുവാദം വാങ്ങാന്‍ ഞാനൊരു കാര്യമേൽപിച്ചിരുന്നു. എങ്ങനെയെങ്കിലും ഭരതേട്ടന്‍റെ അസിസ്റ്റന്‍റായി സിനിമയില്‍ കയറണം. അങ്കിളത് പറഞ്ഞ് ശരിയാക്കാമെന്ന് സമ്മതിച്ചു. ഭരതേട്ടന്‍ വന്നപ്പോഴത് പറയുകയുംചെയ്തു. ഭരതേട്ടന്‍ എന്നെ കുറെനേരം നോക്കി. മെലിഞ്ഞ് കൊലുന്നനേയുള്ള ഞാന്‍. അധികമൊന്നും വളര്‍ന്നിട്ടില്ലാത്ത എന്‍റെ താടി. അതൊട്ടും കൃത്യമായി ഒതുക്കിയിട്ടില്ല. നീണ്ട തലമുടി. അയഞ്ഞ വേഷം. ഞാന്‍ ഒട്ടൊരു വിറയലോടെയാണ് അവര്‍ക്ക് മുന്നിലപ്പോള്‍ നിന്നത്. അന്ന് എന്‍റെ കഥകള്‍ ‘കലാകൗമുദി’യിലും ‘കഥ’ മാസികയിലും ‘ജനയുഗ’ത്തിലും ‘ദീപിക’യിലുമൊക്കെ അച്ചടിച്ച് വന്നിരുന്നു.
‘‘നീ കഥകളൊക്കെ എഴുതുന്നതല്ലേ... അസിസ്റ്റന്‍റ് പരിപാടി ഒരു ക്ലര്‍ക്കിന്‍റെ പണിയാണെടാ... മനസ്സില് കഥയുണ്ടായാ അത് ചെയ്യാനുള്ള ഒരു ഫ്രെയിം കിട്ടും... ചീത്തകേക്കണ പണിക്ക് നിക്കണ്ടാ...’’
സത്യത്തില്‍ ഭരതേട്ടന്‍ എന്നെ ഒഴിവാക്കിയതാണോ എന്നാണാദ്യം തോന്നിയത്. എന്നിട്ട് പിന്നെ പറഞ്ഞു: ‘‘നെനക്ക് വേണേ ആക്ട് ചെയ്യാം. കഥയെഴുതുന്നോണ്ട് അതും പറ്റും. അതൊന്ന് ട്രൈ ചെയ്യ്...’’
‘‘അയ്യോ... എന്നെക്കൊണ്ടത് പറ്റില്ല പ്ലീസ്...’’
ശരിക്കും ഞാന്‍ പിന്നീട് ഭരതേട്ടന്‍റെ മുന്നില്‍ പെടാതെ മാറി. അഭിനയിക്കാൻ ഈ രൂപം ശരിയാവില്ലെന്നും അതൊക്കെ വലിയ സാഹസകൃത്യമാണെന്നുമായിരുന്നു ഞാന്‍ കരുതിയത്. കോളജിൽ പഠിക്കുമ്പോള്‍ ഒരു പ്രാവശ്യം മാത്രം നാടകത്തില്‍ വേഷമണിഞ്ഞിട്ടുണ്ട്.
എടത്തറയിലെ കസ്തൂര്‍ബ വായനശാലയുടെ ശിവരാത്രി ആഘോഷത്തിന്‍റെയന്നുള്ള വാര്‍ഷികത്തിനായിരുന്നു. അതും സ്ത്രീ വേഷം. കാണാതെ ഡയലോഗ് പഠിച്ച് അത് സ്റ്റേജില്‍ എത്തി പറയുമ്പോള്‍ മുട്ടുകാലടിക്കും. പിന്നെ ആള്‍ക്കൂട്ടത്തെ നോക്കാതെ റിഹേഴ്സല്‍ ക്യാമ്പ് ആണെന്ന് കരുതിയാണ് ആ നാടകം തീര്‍ത്തത്. പിന്നെയൊരിക്കലും അഭിനയിക്കാന്‍ വേണ്ടിയൊരു ചാന്‍സ് ചോദിച്ചിട്ടില്ല. പലരും അഭിനയിക്കാന്‍ പറഞ്ഞെങ്കിലും അതിനു ശ്രമിച്ചില്ല. സിനിമയില്‍ സംവിധായകന്‍റെ പദവിയിലെത്താനായൊരു വഴിയായി ഞാന്‍ ജൂഡിന്‍റെ സഹായിയായി ചെന്നു. സന്ദര്‍ഭവശാല്‍ ഒരു വിധിപോലെ അതില്‍ അഭിനയിക്കേണ്ടി വന്നു, ഒരു സീനില്‍ മാത്രം എന്നു കരുതിയത് അഞ്ച് സീനിലായി ചെയ്തു.
മനസ്സില്‍ സിനിമയുടെ മോഹം സൂക്ഷിച്ചു നടന്നെങ്കിലും ജീവിതം മുന്നോട്ടു നയിക്കുന്നത് അവനവന്‍ തീരുമാനിക്കുന്നതുപോലെയൊന്നുമല്ലല്ലോ. എന്നിട്ടും അടങ്ങാത്ത ആഗ്രഹത്തിന്‍റെ സാക്ഷാത്കാരമായി സിനിമയെന്‍റെ ഉപജീവന മാര്‍ഗമായി. ‘കാശ്മീരം’ സിനിമ കഴിഞ്ഞ് പിന്നെയും കുറെ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ഒരുദിവസം ഭരതേട്ടനെ വിളിച്ചു. അന്ന് ഞാന്‍ ‘തച്ചോളി വർഗീസ് ചേകവര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മദ്രാസില്‍ വന്ന സമയമായിരുന്നു.
‘‘എന്താ നീ മദ്രാസില്..?’’
‘‘ഒരു സിനിമേടെ ഷൂട്ടുണ്ടായിരുന്നു. കഴിഞ്ഞു. അപ്പൊന്ന് വിളിച്ചതാ...’’
‘‘താടീം മുടീം ണ്ടല്ലോ...’’
‘‘ഇണ്ട്... എന്താ ഭരതേട്ടാ...’’
‘‘ന്നാ ഇങ്ങ്ട് വാ...’’
സേതു അടൂരിനോട് പറഞ്ഞ് കെ.കെ നഗറിലെ ഭരതേട്ടന്‍റെ വീട്ടിലേക്ക് ഒരു കാര്‍ ഏര്‍പ്പാടാക്കി. ഭരതേട്ടന്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഞാനെത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും സുരേഷ് മെര്‍ലിന്‍ എന്ന ഫോട്ടോഗ്രാഫറുമെത്തി.
‘‘സുരേഷേ... മധൂന്‍റെ കൊറച്ച് സ്റ്റില്‍സെടുക്കണം...’’
സുരേഷ് മെര്‍ലിന്‍ ആയിരുന്നു ‘ബട്ടർഫ്ലൈസി’ന്‍റെയും ‘കാശ്മീര’ത്തിന്‍റെയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. പരസ്പരം അറിയുന്ന ആള്‍. അയാളെന്‍റെയടുത്തെത്തി പതുക്കെ ചോദിച്ചു: ‘‘എന്ത്... ഭരതേട്ടന്‍റെ പടത്തിലഭിനയിക്കുന്നോ...’’
‘‘അറിയില്ല. വരാന്‍ പറഞ്ഞു, വന്നു...’’
ആ സമയം ഭരതേട്ടന്‍ അകത്തുനിന്നും ഒരു വെളുത്ത മുണ്ട് കൊണ്ടുവന്നു തന്നു. ‘‘നിന്‍റെ ഡ്രസ് മാറ്റീട്ട് ഇതൊന്നുടുക്ക്...’’
ഞാന്‍ പാന്‍റും ഷര്‍ട്ടും മാറ്റി മുണ്ടുടുത്തു. സുരേഷ് ഒരു സ്റ്റൂള്‍ കൊണ്ട് വന്ന് വെച്ചു. അതിലിരുന്നപ്പോള്‍ ഭരതേട്ടന്‍ എന്‍റെ താടിയും മുടിയും ഒരു ചീപ്പ് കൊണ്ട് കോതിയൊതുക്കി. തലമുടി നീണ്ടുകിടന്നത് നെടുപകുത്തു. താടിയില്‍ പൊങ്ങി നിന്ന രോമങ്ങള്‍ ഒരു കത്രികയെടുത്തുകൊണ്ടുവന്ന് വെട്ടിമാറ്റി.
‘കാശ്മീരം’ ചെയ്യുന്ന സമയത്ത് ഒരു പാതിരാത്രിയില്‍ രാജീവേട്ടന്‍ ശങ്കറേട്ടന്‍റെ മേക്കപ്പ് റൂമിലിരുന്ന് എന്‍റെ താടിവെട്ടിയൊതുക്കി എന്നെ മേക്കപ്പ് ചെയ്യിച്ചത് ആ നിമിഷം എന്‍റെയുള്ളില്‍ നിറഞ്ഞു. രണ്ട് കലാസംവിധായകര്‍, ചിത്രകാരന്മാര്‍, സംവിധായകര്‍, ഫ്രെയിമിന്‍റെ പൂര്‍ണതക്കായി അവരെടുക്കുന്ന എഫര്‍ട്ട് തന്നെയാണ് ഞാനെന്ന വ്യക്തിയുടെയും വളര്‍ച്ച എന്നെനിക്കിന്നറിയാം.
മുണ്ട് ഞാന്‍ സാധാരണമട്ടില്‍ ഉടുത്തതിനെ മാറ്റി തറ്റുടുക്കുവാന്‍ ഭരതേട്ടന്‍ സഹായിച്ചു. അരയിലൊരു തറ്റുടുത്ത് പാതിനഗ്നമായ ശരീരം. അകത്ത് നിന്നും കുറേ വെളുത്ത മുത്തുമാലകളെടുത്ത് എന്‍റെ കഴുത്തിലിട്ടു. നെറ്റിയില്‍ ഒരു ചുവന്ന കുറി വരച്ചു. കാതില്‍ ഒരു കമ്മല്‍ ഒട്ടിച്ചുെവച്ചു. എന്നിട്ട് നീളമുള്ള ഒരു വടി എന്‍റെ കൈയില്‍ തന്ന് സ്റ്റൂളില്‍ കാല്‍ രണ്ടും രണ്ടുഭാഗത്തേക്കായിട്ട് ഇരുത്തി. ഇടതുകൈയിലെ വടി അൽപം ദൂരേക്ക് നീട്ടിപ്പിടിച്ചു. വലതു കൈ എന്ത് ചെയ്യണമെന്നറിയാതെ അരയില്‍ മടക്കിവെച്ചു. ഭരതേട്ടന്‍ എന്‍റെ വേഷം നോക്കുകയായിരുന്നു. പിന്നെ അടുത്തേക്ക് വന്ന് ഒരു ചുവന്ന ഷാളെടുത്ത് എന്‍റെ ഇടതു തോളിലൂടെയെടുത്ത് വലത് കൈയിലൂടെയിട്ടു.
‘‘പുലിപ്പുറത്തിരിക്കണ അയ്യപ്പന്‍റെ ഫോട്ടോ കണ്ടിട്ടില്ലേ നീയ്യ്... ഒരു കയ്യില്‍ വില്ലും മറ്റേക്കയ്യില്‍ അമ്പ് പിടിച്ച്... അതുപോലെ ഒരു പോസ്... അതാ വേണ്ടത്...’’
സ്റ്റൂളിലിരുന്ന് ഞാന്‍ അയ്യപ്പനായി. പുലിപ്പുറത്തിരിക്കുന്ന ഒരു ചെറുമന്ദഹാസ മുഖവുമായി, ശാന്തനായ അയ്യപ്പന്‍. എനിക്ക് ചുറ്റും കുറച്ച് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഭരതേട്ടന്‍ കൊണ്ടുെവച്ചു. ചിത്രം വരച്ചുവരുമ്പോള്‍ അത് പുലിക്കുട്ടികളാവും. എന്നിട്ട് സുരേഷിനോട് ക്ലിക്ക് ചെയ്യാന്‍ പറഞ്ഞു. വിവിധ ആംഗിളുകളില്‍ ഏറ്റവും അടുത്ത് വില്ലുപിടിച്ച ഇടതുകൈ, അമ്പുപിടിച്ച വലതുകൈ. തലമുടി പിടിച്ച് കുടുമപോലെ കെട്ടി കൈയില്‍ അതേ വടിയെടുത്തുയര്‍ത്തി പരശുരാമനായി, മയില്‍പ്പുറത്ത് വലതു കാല്‍ മടിയിലേക്കുയര്‍ത്തിയിരിക്കുന്ന സമൃദ്ധി മുരുകനായി. സുരേഷിന്‍റെ കാമറയുടെ ക്ലിക്ക് ശബ്ദം മാത്രം. കുറേ ഫോട്ടോസ് എടുത്ത് കഴിഞ്ഞ് ഞാന്‍ ഉടുപ്പ് മാറ്റി വന്നപ്പോള്‍ ഭരതേട്ടന്‍ ചായകൊണ്ടുവന്നു.
‘‘ദൈവങ്ങള്‍ടെ ഒരു സീരീസ് പെയിന്റ് ചെയ്യ്ണു... അതിനൊരു മോഡലുവേണം. അതാ നെന്നെ വിളിച്ചത്...’’
ഭരതേട്ടന്‍ ആ പെയ്ന്‍റിങ്ങുകള്‍ ചെയ്തോ എന്നറിയില്ല. ‘പാഥേയം’ ചെയ്തു കഴിഞ്ഞ് പിന്നെ മൂന്നുവര്‍ഷം കഴിഞ്ഞ് ഭരതേട്ടന്‍ ‘ദേവരാഗം’ എന്ന സിനിമ ചെയ്യുമ്പോള്‍ അതിലഭിനയിക്കാന്‍ വിളിച്ചു. അന്ന് മദ്രാസില്‍ തന്നെ വിജയവാഹിനി സ്റ്റുഡിയോയില്‍ ഭരതേട്ടന്‍റെ സഹായി ആയിരുന്ന കരീമിന്‍റെ ‘ഏഴരക്കൂട്ട’ത്തിന്‍റെ ഫൈറ്റ് എടുക്കുകയായിരുന്നു. ‘ദേവരാഗ’ത്തില്‍ ശ്രീദേവിയുടെ ഷൂട്ടിനൊപ്പം ഒരു ലൊക്കേഷന്‍കൂടി തീര്‍ക്കാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ അവരുടെ ഭര്‍ത്താവായി അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ സീന്‍കൂടി ഒപ്പമെടുക്കാമെന്ന് തീരുമാനിച്ചാണ് ഭരതേട്ടന്‍ ആളെ വിട്ടത്. ആ ലൊക്കേഷനില്‍ ഒരു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ഭാഗങ്ങള്‍ ശ്രീദേവി വന്നതിനുശേഷം എടുക്കാമെന്ന് പറയുന്നു എന്ന് മോഹന്‍ രാജ് വിളിക്കാന്‍ വന്നപ്പോള്‍ പറഞ്ഞു. പക്ഷേ, കരീമിന്‍റെ വര്‍ക്ക് തീരാത്തതുകൊണ്ട് എനിക്ക് പോകാനായില്ല.
പിറ്റേദിവസം ഞാന്‍ ഭരതേട്ടന്‍റെ ലൊക്കേഷനില്‍ ചെന്നു. ശ്രീദേവിയോടൊപ്പമുള്ള ആ സീന്‍ രാജീവ് കൃഷ്ണ എന്നൊരു ആക്ടര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ തുടക്കമായിരുന്നു ആ ചിത്രം. ‘ലൂസിഫര്‍’ എന്ന സിനിമയില്‍ അബ്ദുൽ എന്ന വേഷത്തിലും ‘പുതിയ മുഖം’ എന്ന തമിഴ് ചിത്രം സംവിധാനംചെയ്ത് അതില്‍ നായകനായി അഭിനയിച്ച സുരേഷ് മേനോന്‍റെ ബന്ധു ആയിരുന്നു രാജീവ് കൃഷ്ണ. ‘ചുരം’, ‘മഞ്ജീരധ്വനി’ എന്നിവ ചെയ്തപ്പോഴും ഭരതേട്ടന്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. നിനക്ക് വിധിച്ചിട്ടുള്ള ധാന്യത്തില്‍ നിന്‍റെ നാമമെഴുതിയിട്ടുണ്ടാവും എന്നരുളപ്പാട് ഞാനറിയുന്നു.
സൗഹൃദവും സ്നേഹവും ഉണ്ടെങ്കിലും അനുവദിച്ച സമയംകൂടി കാരണമാകണം. എങ്കില്‍ മാത്രമേ അനുഭവിക്കാന്‍ യോഗമുള്ളൂ. ഭരതേട്ടന്‍ മരിച്ചപ്പോള്‍ കെ.കെ നഗറിലെ വീട് മാറി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ലളിതച്ചേച്ചിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാൻ അവസരമുണ്ടായി. അന്ന് ലളിതച്ചേച്ചി എന്‍റെ കൈ പിടിച്ച് കുറെനേരം ഒന്നും മിണ്ടാതെയിരുന്നു. പിന്നെ പതുക്കെപ്പറഞ്ഞു: ‘‘വീട് മാറുമ്പോ മധൂന്‍റെ കുറേ ഫോട്ടോ അവിടെ ഉണ്ടായിരുന്നു. ഒക്കെയെടുത്ത് ഞാന്‍ പുറത്തേക്കിട്ടു...’’
‘‘ചേച്ചിക്കെന്നെ ഒന്നു വിളിക്കായിരുന്നു... അതൊക്കെയായിരുന്നു എനിക്കുള്ളത്... ഇടയ്ക്കെപ്പോഴോ ഞാന്‍ ഭരതേട്ടനോട് ചോദിച്ചിരുന്നു. നോക്കട്ടെടാന്ന് പറഞ്ഞു...’’
ലളിതച്ചേച്ചി എന്‍റെ കൈ വിട്ടു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സനായി തിരക്കായപ്പോള്‍ ചേച്ചിക്ക് ആശ്വാസം കിട്ടിയെന്ന് തോന്നിയിരുന്നു. പക്ഷേ അങ്ങനെ പെട്ടെന്നൊന്നും മായ്ച്ചുകളഞ്ഞ് മറന്നുപോകുന്നതല്ലല്ലോ ഭരതന്‍ എന്ന മഹാത്ഭുതം.
ലോഹിതദാസ് ആയിരുന്നു ‘പാഥേയം’ സിനിമയുടെ തിരക്കഥാകൃത്ത്. അവിടെ താമസിച്ച ദിവസങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ലോഹിസാറിനെ കാണാന്‍ കഴിഞ്ഞത്. അത് ലൊക്കേഷനില്‍ വന്നപ്പോഴായിരുന്നു. ആരോടും അധികമൊന്നും സംസാരിക്കാതെ ഭരതേട്ടനോടും മധുസാറിനോടും സംസാരിച്ചിട്ട് ഗോപിയേട്ടന്‍റെ അരികില്‍ വന്ന് ആ കൈയില്‍ പിടിച്ച് കുറച്ചുനേരം നിന്ന് പിന്നെ ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു. ഗോപിയേട്ടന്‍ കുറെയേറെ സംസാരിച്ചു. പക്ഷേ, ലോഹി സാര്‍ അതൊക്കെ കേട്ടിരുന്നു. തിരക്കഥയുടെ എഴുത്ത് തീര്‍ന്നിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ യാത്രപറഞ്ഞെഴുന്നേറ്റു. പോകാന്‍ നേരമാണ് എന്നോട് പേരു ചോദിച്ചത്.
‘‘മധു എന്‍റെ കഴിഞ്ഞ പടത്തില്‍ സഹായി ആയിരുന്നു...’’ ഗോപിയേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കൊരു സ്പെയ്സ് കിട്ടിയതുപോലെ തോന്നി. ആള്‍ ദ ബെസ്റ്റ് പറഞ്ഞ് ലോഹി സാര്‍ കാറില്‍ കയറി.
കൊടൈക്കനാലില്‍ മഞ്ഞും തണുപ്പും. പുകപോലെ മഞ്ഞിന്‍റെ മേഘങ്ങള്‍. എന്നിട്ടും അതിരാവിലെ ഷൂട്ട് തുടങ്ങും. നെടുമുടി വേണു ചേട്ടന്‍റെ ബംഗ്ലാവായിരുന്നു ആദ്യദിവസങ്ങളിലെ ലൊക്കേഷന്‍. ആ വീട് തന്നെയായിരുന്നു പ്രധാന ലൊക്കേഷനും. ആ ബംഗ്ലാവിന്‍റെ മുന്നിലിടാനായിരുന്നു ആ ആന്‍റിക് കാര്‍ തേടിയത്. പക്ഷേ, അത് കിട്ടാതിരുന്നതുകൊണ്ട് പിന്നെ പോര്‍ച്ചില്‍ വേറെയൊന്നും വേണ്ടെന്ന് തീരുമാനിച്ചു. അതൊരലങ്കാരമായിരുന്നു എന്നാണ് ഭരതേട്ടന്‍ പറഞ്ഞത്.
ഷൂട്ട് തുടങ്ങിയപ്പോള്‍ ചന്ദ്രദാസിന്‍റെ ഗുരുതുല്യനായ ഒരു കഥാപാത്രം ഉള്ളത് ഗോപിയേട്ടന്‍ തന്നെ അഭിനയിച്ചാല്‍ മതി എന്ന് മമ്മൂക്കയും ഭരതേട്ടനും തീരുമാനിച്ചു. മമ്മൂക്കയുടെ ഇൻട്രോ സീനില്‍ ആയിരുന്നു ഗോപിയേട്ടന്‍റെ വരവും. മലയാള സാഹിത്യത്തില്‍ സകലരെയും മുന്നിലേക്ക് നയിച്ച ഇപ്പോഴും എഴുതുന്ന വാക്കുകളില്‍ കാരിരുമ്പിന്‍റെ കരുത്തുള്ള കെ.വി. രാഘവന്‍ എന്ന രാഘവേട്ടന്‍റെ വേഷം ഗോപിയേട്ടന്‍ മനോഹരമായി ആടി. അദ്ദേഹത്തിനു മുന്നില്‍ സര്‍വതും കേട്ട് ശാന്തനായി ചന്ദ്രദാസ് എന്ന മമ്മൂക്ക. ഓരോ വാക്കും അത് പറയുമ്പോഴുള്ള പെയ്സുമൊക്കെ ഷൂട്ട് കാണുമ്പോഴേ തരിച്ചുകയറും. ഒരാള്‍ അഭിനയിക്കുമ്പോള്‍ അത് കണ്ട് നിൽക്കുമ്പോള്‍ അവരുടെ ഓരോ നീക്കവും നമ്മളെയെത്രമാത്രം ആവേശിപ്പിക്കുന്നു എന്നറിയുന്നത് ഈ മഹത്വങ്ങളെ തിരിച്ചറിയുമ്പോഴാണ്. ശരിക്കും സീനെടുത്തു കഴിഞ്ഞപ്പോള്‍ ഗോപിയേട്ടന്‍ വല്ലാത്തെ ആവേശത്തിലായിരുന്നു.
ആരോഗ്യം ഒട്ടും സുഖകരമല്ലെങ്കിലും ഒരു സീന്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ അസാധാരണമായ ഒരു ഊര്‍ജം ലഭിച്ചതുപോലെ തോന്നി. രാത്രി റൂമില്‍ വന്ന് കിടന്നപ്പോഴും ഗോപിയേട്ടന്‍ ചെയ്ത സീനിനെക്കുറിച്ചും അത് ഡബ് ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട സൗണ്ട് മോഡുലേഷനുമൊക്കെ വീണ്ടും പറഞ്ഞു കാണിച്ചുതന്നു. രാത്രി എല്ലാവരുമായിരുന്ന് ഭക്ഷണം കഴിച്ച് റൂമിലെത്തിയിട്ടും കെ.വി.ആര്‍ എന്ന വേഷത്തിന്‍റെ ബാക്കി ആ ശരീരത്തില്‍ ഉള്ളതുപോലെ. അത് വേറൊന്നുകൊണ്ടുമായിരുന്നില്ല എന്നറിയാം. ഏറെ നാളായി കാമറക്ക് മുന്നില്‍ അഭിനയിച്ചിട്ടില്ലാത്ത ഒരാള്‍ അതിനായൊരവസരം ലഭിച്ചപ്പോള്‍ അതൊരു ലഹരിയായി ആ മനസ്സില്‍ നിറയുന്നത് കണ്ടു. അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ലാത്ത ഒരു മനസ്സായിരുന്നു ഗോപിയേട്ടന്‍റേത്.
ഞാന്‍ ‘കാശ്മീരം’ കഴിഞ്ഞ് രണ്ടാമത് അഭിനയിച്ചത് രാജസേനന്‍ സംവിധാനംചെയ്ത ‘വാര്‍ദ്ധക്യപുരാണം’ എന്ന സിനിമയിലായിരുന്നു. നാടകനടനായ വൈശാഖന്‍ എന്ന വേഷം. ആ സിനിമയില്‍ നായികയായ കനകയുടെ അച്ഛനായി ഗോപിയേട്ടനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ച് സേനന്‍ ചേട്ടന്‍ ചെന്നു കാണുന്നു. ശശിധരന്‍ ആറാട്ടുവഴി എന്ന തിരക്കഥാകൃത്തും സേനന്‍ ചേട്ടനും കഥയെല്ലാം പറഞ്ഞ് തീര്‍ന്നപ്പോള്‍ ഗോപിയേട്ടന്‍ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നു ചോദിച്ചു.
‘‘ഗോപിയേട്ടന്‍റെ കൂടെയുള്ള മധുപാല്‍ ഈ സിനിമയില്‍ വൈശാഖന്‍റെ വേഷം ചെയ്യുന്നുണ്ട്. ഗോപിയേട്ടന്‍റെ കോമ്പിനേഷന്‍ മുഴുവനും മധൂം കനകയുമായിട്ടാണ്. പിന്നെ ക്ലൈമാക്സില്‍ ആള്‍ ആര്‍ട്ടിസ്റ്റ് കോമ്പിനേഷന്‍ ഉണ്ട്...’’
‘‘നന്നായി... മധു ഉണ്ടല്ലോ...’’
അന്ന് ഞാനും ആ സിനിമയില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷത്തോടെയായിരുന്നു ആ സിനിമയെ സ്വീകരിച്ചത്. എന്നിട്ട് എന്നെ വിളിച്ചു: ‘‘രാജസേനന്‍റെ സിനിമയില്‍ മധു അഭിനയിക്കുന്നു എന്നു പറഞ്ഞു. അവരെന്നെ കാണാന്‍ വന്നു. മധു ഉള്ളതുകൊണ്ട് ഞാന്‍ ഇത് ചെയ്യാം എന്നവരോട് പറഞ്ഞിട്ടുണ്ട്... പക്ഷേ മധു കൂടെയുണ്ടാവണം...’’
‘‘സേനൻ ചേട്ടന്‍ ഗോപിയേട്ടനെ കണ്ട് തീരുമാനിച്ച കാര്യം എന്നെയും വിളിച്ചുപറഞ്ഞിരുന്നു. ഒരുപാട് സന്തോഷം തോന്നി. ഞാനൊപ്പമുണ്ട് തീരുന്നതുവരെ...’’
‘‘മധു താമസിക്കുന്ന സ്ഥലത്തുതന്നെ എനിക്കും റൂം വേണമെന്ന് ഞാനവരോട് പറഞ്ഞിട്ടുണ്ട്...’’
‘‘അതൊക്കെ അവരു ചെയ്തോളും.. ഡെയ്റ്റ് എന്നാന്ന് പറഞ്ഞിട്ടുണ്ടോ...’’
‘‘വിളിച്ച് കണ്‍ഫേം ചെയ്യാന്ന് പറഞ്ഞു...’’
അപ്പുറത്ത് ഗോപിയേട്ടന്‍ ഫോണ്‍ വെച്ചിട്ടില്ല. ഒന്നും മിണ്ടാതെ അദ്ദേഹത്തിന്‍റെ ശ്വാസത്തിന്‍റെ ശബ്ദം എനിക്ക് കേള്‍ക്കാം. ഞാനെന്താ ഗോപിയേട്ടാ എന്നു ചോദിച്ചെങ്കിലും പിന്നെ അൽപനേരം കഴിഞ്ഞദ്ദേഹം പറഞ്ഞു: മധു, ഞാനഭിനയിച്ചാല്‍... അതൊരു പുതിയ ടീമല്ലേ.... ശരിക്കും ഒരു ബിഗിനിങ്... സേനന്‍റെ ഫിലിമിലൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല...’’
‘‘ഏയ് അതൊന്നും ഒരിഷ്യൂം ണ്ടാവില്ലാ... പാഥേയത്തില്‍ ചെയ്തില്ലേ... അത് നന്നായില്ലേ... അതുപോലെ ഇതും ചെയ്യും...’’
‘‘അതെന്‍റെ ആള്‍ക്കാരായിരുന്നു. എത്രയോ കാലമായുള്ള കൂട്ട്... അവിടെ ഞാനൊരു സ്ട്രെയ്ഞ്ചറല്ല... ആ ധൈര്യമുണ്ട്...’’
‘‘ഗോപിയേട്ടന്‍ വന്നാമതി ഞാനുണ്ട് കൂടെ...’’ ഗോപിയേട്ടന്‍ ഒന്ന് മൂളി ഫോണ്‍ െവച്ചു.
കൊടൈക്കനാലില്‍ കാള്‍ട്ടണ്‍ ഹോട്ടലിന്‍റെ മൂന്നാം നിലയിലെ വരാന്തയിലെ ജനലിലൂടെ താഴേക്ക് നോക്കിയപ്പോള്‍ ഒരു കേരള രജിസ്ട്രേഷൻ കാറില്‍ ഒരു കുടുംബം വന്നിറങ്ങി. ശ്രദ്ധിച്ചപ്പോള്‍ അത് ‘പാഥേയ’ത്തില്‍ അഭിനയിക്കുന്ന ചിപ്പിയും വീട്ടുകാരുമാണെന്നറിഞ്ഞു. ചിപ്പിയുടെ ആദ്യ സിനിമയായിരുന്നു അത്. ഭാവചിത്ര ജയകുമാര്‍, ആന്‍റിക് കാര്‍ കിട്ടുമോയെന്നറിയാന്‍ വിളിച്ചുപറഞ്ഞതുപോലെ ഒരുദിവസം എന്നെ വിളിച്ചു പറഞ്ഞു: ‘‘മധൂ, കവടിയാറിലൊരു കുട്ടിയെ ചെന്നു കാണണം. എന്നിട്ട് അവരുടെ കുറച്ച് വീഡിയോ എടുത്തയക്കണം. ആ കുട്ടിയെയാണ് ഭരതേട്ടന്‍ നായികയാക്കാമെന്ന് പറഞ്ഞിട്ടുള്ളത്. അവരുടെ അച്ഛന്‍റെ നമ്പര്‍ എഴുതിക്കോളൂ...’’
എന്നിട്ട് ആ നമ്പറും പറഞ്ഞുതന്നു. ചിപ്പിയുടെ അച്ഛന്‍ ഷാജിയെ വിളിച്ച് വരുന്ന കാര്യം പറഞ്ഞു. ലാലു എന്ന കാമറമാനെയും കൂട്ടി വിഡിയോ കാമറയുമായി കവടിയാറില്‍ മുരുകന്‍ കോവിലിനടുത്തുള്ള വീട്ടിലേക്ക് ചെന്നു. ചിപ്പിയെ ഒട്ടും മേക്കപ്പില്ലാതെ നടക്കുന്നതും ഇരിക്കുന്നതും വര്‍ത്തമാനം പറയുന്നതുമായ കുറെ വിഷ്വലുകളെടുത്ത് ഞങ്ങള്‍ പിരിഞ്ഞു.
ഇങ്ങനെയൊരു കാര്യം ഞാനാക്കുട്ടിയോട് പറയുന്നത് 32 വര്‍ഷത്തിനുശേഷമായിരുന്നു. അമ്മ സംഘടനയുടെ 2025ലെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചിപ്പി വന്നിരുന്നു. പഴയ കാര്യങ്ങള്‍ പലതും പറഞ്ഞ കൂട്ടത്തില്‍ ചിപ്പിയെ ആദ്യമായി ‘പാഥേയ’ത്തിനു സെലക്ട് ചെയ്തപ്പോള്‍ വിഡിയോ എടുക്കാന്‍ വന്നവരെക്കുറിച്ച് എന്തെങ്കിലുമറിയുമോയെന്ന് ചോദിച്ചു.
ആരോ വന്ന് വിഡിയോ എടുത്തു എന്നല്ലാതെ അത് ഞാനും ലാലുവുമായിരുന്നു എന്നവര്‍ക്കറിയില്ലായിരുന്നു. അതാ കുട്ടിയുടെ തുടക്കമായിരുന്നല്ലോ. അന്നത്തെ ഒരന്ധാളിപ്പില്‍ സിനിമയെന്ന പ്രപഞ്ചത്തിലേക്കുള്ള വാതിലിനരികെ ഒരു വിളി മാത്രമായി അവരതിനെ കണ്ടിരിക്കും. അപ്പോള്‍ മമ്മൂട്ടിയുടെ, ഭരതന്‍റെ സിനിമ എന്നു മാത്രമായിരിക്കും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. അങ്ങനെയൊരു തുടക്കം കുറിച്ചതിനു ഞാനും കാരണമായി എന്നു പറഞ്ഞു. ആ വിഡിയോ എടുത്തതിനുശേഷം പലവട്ടം കണ്ടെങ്കിലും ഒന്നിച്ചഭിനയിച്ച സിനിമകളുണ്ടായെങ്കിലും അന്നൊന്നും പറയാതെ ഇപ്പോള്‍ പറഞ്ഞതെന്ത് എന്ന് ഞാനാലോചിച്ചു. ചിലതു പറയാനും കേള്‍ക്കാനും ഒരു കാലമുണ്ടാകും എന്ന് കരുതി അവരുടെയരികില്‍നിന്നും മാറി.
ആ ചിപ്പി എന്ന പുതുമുഖ നായിക ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ പോയി കാണാമെന്ന് വിചാരിച്ച് താഴേക്കിറങ്ങാന്‍ തുടങ്ങിയതും സേതു വിളിച്ചു: ‘‘മധൂനൊരു ഫോണുണ്ട്... നാട്ടീന്നാ...’’ മുറിയില്‍ കയറി ഫോണ്‍ അറ്റന്‍റ് ചെയ്തപ്പോളറിഞ്ഞു, അമ്മിണിയെ ആര്‍.സി.സിയില്‍ കാണിക്കാന്‍ പറഞ്ഞിട്ട് കണ്ണൂരില്‍നിന്നും അവരെത്തിയിട്ടുണ്ടെന്ന്. അമ്മിണി എന്‍റെ അനിയത്തിയാണ്. അച്ഛന്‍ പെങ്ങളുടെ മകള്‍. കോഴിക്കോട് ഡോക്ടര്‍മാരെ കാണിച്ചപ്പോൾ ബ്രസ്റ്റില്‍ കാന്‍സറിന്‍റെ ഒരു സംശയം അവളെ നോക്കിയവര്‍ പറഞ്ഞിട്ട് വന്നതായിരുന്നു. ഞാന്‍ ഗോപിയേട്ടനെ കണ്ട് അമ്മിണിയുടെ കാര്യം പറഞ്ഞു. ആ സമയത്ത് മുറിയില്‍ വേണുവേട്ടനുമുണ്ടായിരുന്നു.
‘‘ആര്‍.സി.സിയില്‍ ഡോക്ടര്‍ കൃഷ്ണന്‍ നായരുണ്ട്. അയാളെ കാണിച്ചാ മതി. അതാ നല്ലത്...’’
‘‘മധൂന്‍റെ ആരാന്നാ പറഞ്ഞത്...?’’ വേണുവേട്ടന്‍ ചോദിച്ചു. ‘‘അച്ഛന്‍റെ സിസ്റ്റര്‍ടെ മോളാ... അവള്‍ക്കാ...’’
‘‘23 വയസ്സുള്ള അവള്‍ക്ക് ഇങ്ങനെയോ എന്നൊരു സംശയം തോന്നിയപ്പോഴെ ഉള്ളിടറി.’’
‘‘അപ്പോ മധൂന്‍റെ മൊറയായിട്ട് വരും ല്ലേ... മധു ന്നാ പൊയ്ക്കോളൂ... ഇവടെ സേതുണ്ടല്ലോ...’’ എന്ന് ഗോപിയേട്ടന്‍ എന്നെ സമാധാനിപ്പിച്ചു.
സേതു എന്നെ ബസ് സ്റ്റാൻഡിൽ കൊണ്ടുവന്നാക്കി. കുട്ടിക്കാലത്ത് കോഴിക്കോടുനിന്നും അച്ഛമ്മയോടൊപ്പം അച്ഛന്‍റെ നാടായ കണ്ണൂരിലേക്കുള്ള യാത്രയില്‍ പലപ്പോഴും അമ്മിണി കൂട്ടുണ്ടായിരുന്നു. എന്തും പറയുന്ന എല്ലാവരോടും നന്നായി ഇടപെടുന്ന ഒന്നിനെയും പേടിയില്ലാത്ത കുട്ടി. ഇരുട്ടിനെയും രാത്രിയെയും എനിക്ക് ഭയമായിരുന്നു. പുഴാതിയിലെ ആ വലിയ എട്ടുകെട്ട് വീട്ടിലും മരങ്ങള്‍ നിറഞ്ഞ പറമ്പിലും കറുത്ത ഇരുട്ടായിരുന്നു. സൂര്യവെളിച്ചംപോലും കടക്കാത്ത വിശാലമായ പറമ്പ്. അവിടേക്കൊക്കെ പോകാനും ഞാവൽപഴം പെറുക്കാനുമൊക്കെ അന്നവളും അനിയന്‍ അജിയും കൂട്ടുണ്ടായിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷം അവളെ ഞാന്‍ കാണാന്‍ പോകുന്നത് ഇങ്ങനെയൊരു അവസ്ഥയിലാവുന്നു.
വീട്ടിലെത്തിയതും കലാകൗമുദി എഡിറ്റര്‍ എന്‍.ആര്‍.എസ് ബാബുസാറിനെ വിളിച്ച് ആര്‍.സി.സിയിൽ ഒരു അപ്പോയിന്റ്മെന്റ് കിട്ടുന്ന കാര്യം ചോദിച്ചു. സാര്‍ കൃഷ്ണന്‍ നായര്‍ സാറിനെ വിളിച്ച് വീട്ടില്‍ കാണാനുള്ള അനുവാദം വാങ്ങിത്തന്നു. രോഗമതിന്‍റെ മൂര്‍ധന്യത്തിലായിരുന്നു എന്ന് ടെസ്റ്റ് റിസൽട്ടുകള്‍ പറഞ്ഞു. അന്നത്തെക്കാലത്ത് സാധാരണ അവിവാഹിതകള്‍ക്ക് ഈ രോഗം വന്നാല്‍ ചിലപ്പോള്‍ കണ്ടുപിടിക്കാൻ ഇന്നത്തെ പോലെ സൗകര്യങ്ങളില്ലായിരുന്നു. അതിനേക്കാള്‍ അന്നത്തെ പെണ്‍കുട്ടികള്‍ മുലയിലൊരു കല്ലിപ്പോ തടിപ്പോ ഉണ്ടായാല്‍ അത് പുറത്ത് പറയാനും മടികാണിച്ചിരുന്നു. കീമോ തുടങ്ങിയപ്പോഴേ അവള്‍ വീണുപോയി. ശരിക്കും കണ്ടുനിൽക്കാന്‍ പറ്റാത്ത അവസ്ഥ. ആശുപത്രിയിലേക്കുള്ള യാത്രയും ഡോക്ടറെ കാണലുമൊക്കെയായി ദിവസങ്ങള്‍ നീങ്ങവേ രാജീവേട്ടന്‍ വിളിച്ചു.
‘ബട്ടർഫ്ലൈസ്’ റിലീസ് ചെയ്യുന്ന ദിവസം പറഞ്ഞു. നഗരത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നെങ്കിലും അമ്മിണിയെയുംകൊണ്ടുള്ള യാത്രകളില്‍ അത് ശ്രദ്ധിച്ചിരുന്നില്ല. റിലീസ് ദിവസം രാജീവേട്ടന്‍റെ കാറില്‍ തിരുവനന്തപുരത്ത് അജന്ത തിയറ്ററില്‍ ഉച്ചത്തെ ഷോക്ക് കയറി. സുരേഷേട്ടനും മേനകയും കല്ലിയൂര്‍ ശശിയേട്ടനും ഞങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷും ഒക്കെ ഒരുമിച്ച് സിനിമ കാണുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരു സിനിമ അതേ ആള്‍ക്കൂട്ടം ഏറ്റെടുക്കുന്നത് അറിയുന്നു. വലിയ തിരശ്ശീലയില്‍ ആദ്യമായി പേരെഴുതിക്കണ്ടതിന്‍റെ അത്ഭുതത്തിലായിരുന്നു ഞാനപ്പോഴും. സഹസംവിധായകരുടെ പേരില്‍ ആദ്യത്തെ നാമം. ഗുരുക്കന്മാരുടെ കാരുണ്യം.
‘യമന’വും ‘തങ്കകൊലുസ്സും’ തിയറ്ററിലെ തിരശ്ശീലയില്‍ വെളിച്ചമാവാന്‍ കഴിഞ്ഞില്ല. പക്ഷേ, ആദ്യമായി പേരെഴുതിക്കണ്ടത് ‘ബട്ടർഫ്ലൈസ്’ എന്ന രാജീവ് അഞ്ചലിന്‍റെ മോഹന്‍ലാല്‍ സിനിമയിലായത് ജീവിതത്തിന്‍റെ നിയോഗമാവും. കാരണം എന്‍റെയമ്മയുടെ ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമയിലെ ആക്ടര്‍ പത്മശ്രീ പത്മഭൂഷൺ ഡോക്ടർ മോഹന്‍ലാല്‍ ആണ്. കേരളത്തിലെ പ്രായഭേദമന്യേയുള്ള സകലരുടെയും ആരാധ്യപുരുഷന്‍; ലാലേട്ടന്‍.
‘ബട്ടർഫ്ലൈസി’ന്‍റെ വിജയമാഘോഷിക്കുമ്പോൾ ഞങ്ങള്‍ കാത്തിരുന്നത് മറ്റൊരു മോഹന്‍ലാല്‍ സിനിമക്കായിരുന്നു. അതായിരിക്കും രേവതി കലാമന്ദിറിന്‍റെ അടുത്ത സിനിമ എന്നു പ്രതീക്ഷിച്ചു. പക്ഷേ മറ്റൊരു താരോദയത്തിന്‍റെ പ്രകാശം ഞങ്ങള്‍ക്ക് കാണാനായി.
അമ്മിണിയുടെ ആശുപത്രിവാസം ഒരു വല്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു. കീമോ ചെയ്തുകഴിഞ്ഞപ്പോള്‍ അവളുടെ മുടി കൊഴിയുകയും തൊലിയുടെ നിറം മാറാന്‍ തുടങ്ങുകയുംചെയ്തു. അതവള്‍ക്ക് സഹിക്കാന്‍ വയ്യാതായി. ആരെയും കാണാതെ ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന ഒരനിയത്തിയായി അവള്‍ എനിക്കു മുന്നില്‍ നിന്നു. ഏതെങ്കിലും രീതിയില്‍ എല്ലാം ഭേദമാകുന്ന ഒരു ദിവസമുണ്ടാവും എന്നുതന്നെ ഞങ്ങള്‍ പ്രാര്‍ഥിച്ചു.
മൂന്നാമത്തെ കീമോയും കഴിഞ്ഞപ്പോഴേക്കും അവള്‍ നാട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചു. കലശലായ ഛർദിയും മനംപുരട്ടലുമൊക്കെയായി അവള്‍ ക്ഷീണിതയായി. അതു കണ്ടു നിൽക്കാന്‍ വയ്യാത്തതുകൊണ്ടുതന്നെ രുഗ്മിണി മേമക്കൊപ്പം അവളെ ഞങ്ങള്‍ രാവിലത്തെ കണ്ണൂര്‍ക്കുള്ള വണ്ടിക്ക് ടിക്കറ്റ് ഏര്‍പ്പാടാക്കി. തീവണ്ടി കയറ്റി വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു: ഗോപിയേട്ടന്‍ വിളിച്ചിരുന്നു. തിരിച്ചുവിളിക്കാന്‍ പറഞ്ഞിട്ടുണ്ട്.
ഗോപിയേട്ടന്‍ കോഴിക്കോടുണ്ട്. ‘പാഥേയ’ത്തിന്‍റെ കാലിക്കറ്റ് ഷെഡ്യൂള്‍ തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് അങ്ങോട്ട് ചെല്ലാനായി ഗോപിയേട്ടന്‍ വിളിച്ചതാണ്. ഇത് നേരത്തേയറിഞ്ഞിരുന്നുവെങ്കില്‍ അമ്മിണിക്കൊപ്പം പോകാമായിരുന്നു എന്നമ്മ പറഞ്ഞു.
‘‘രുഗ്മിണീം ആ കുട്ടീം കൂടി ഒറ്റക്കാവില്ലായിരുന്നു...’’
ഉച്ചയായപ്പോഴേക്കും രുഗ്മിണി മേമ അമ്മിണിയേയുംകൂട്ടി ഒരു ടാക്സിയില്‍ വന്നിറങ്ങി. വണ്ടിയില്‍ വെച്ച് അവളാകെ അസ്വസ്ഥയായി. പിന്നെ കണ്ട സ്റ്റേഷനിലിറങ്ങി ടാക്സി പിടിക്കുകയായിരുന്നു. ഡോക്ടറെയൊക്കെ കണ്ട് എല്ലാം ശരിയായതിന്‍റെ രണ്ടാമത്തെ ദിവസം അവര്‍ക്കൊപ്പം ഞാനും കോഴിക്കോടിനു തീവണ്ടി കയറി. രാവിലെ അവരെ വീട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഗോപിയേട്ടന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ലൊക്കേഷനിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഗോപിയേട്ടന്‍. കാറില്‍ ഞാനും ഒപ്പം കയറി.
‘ഗോഡ്ഫാദര്‍’ എന്ന സിദ്ദിഖ് ലാല്‍ സിനിമയില്‍ ആനപ്പാറ അച്ചാമ്മയുടെ വീടായി ഷൂട്ട് ചെയ്ത സ്ഥലമായിരുന്നു ‘പാഥേയ’ത്തില്‍ ഡോ. ഹരികുമാരന്‍ നായരുടെ വീടിന്‍റെ ലൊക്കേഷന്‍. ആഴ്ചവട്ടത്തുള്ള വൈദ്യരുടെ വീടായിരുന്നു അത്. മലയാള സിനിമകളില്‍ പല കഥാപാത്രങ്ങളും ആ വീടിന്‍റെ അകത്തും പുറത്തുമായി ആടിത്തീര്‍ത്തിട്ടുണ്ട്. ഞങ്ങള്‍ ചെന്ന നേരത്ത് സിനിമയിലെ അവസാനരംഗം ഷൂട്ട് ചെയ്യുകയായിരുന്നു. മംഗലശ്ശേരി ഗോവിന്ദമേനോന്‍ തന്‍റെ മകളായ അനിതയോട് ചന്ദ്രദാസിനൊപ്പം പോയ ഹരിത മേനോന്‍ എന്ന മകള്‍ മരിച്ചുപോയതുപോലെ കരുതണമെന്ന് പറഞ്ഞ് വഴക്കുപറയുകയും അതെല്ലാം കേട്ട ഡോ. ഹരികുമാരന്‍ നായര്‍ കോടതിയും കേസും വിചാരണയുമൊക്കെ ഒഴിവാക്കി ഈ നാട് വിട്ടുപോകാമെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന നേരത്ത് ചന്ദ്രദാസ് മകളായ ഹരിതയെ തിരിച്ചുകൊണ്ടുവന്നാക്കുന്ന സീന്‍ തുടങ്ങിയിരുന്നു.
ഞങ്ങളെത്തുമ്പോള്‍ ചന്ദ്രദാസ് ആയ മമ്മൂക്കയുടെ കാര്‍ വന്ന് നിൽക്കുന്നതും അതില്‍നിന്ന് മമ്മൂക്കയും ചിപ്പിയും ഇറങ്ങുന്നതുമായ ഷോട്ട് എടുക്കുകയായിരുന്നു. ആ ഷോട്ട് കഴിയുന്നതുവരെ ഞങ്ങള്‍ ആ വീട്ടിലേക്കുള്ള ഇടവഴിയില്‍ കാറില്‍ തന്നെയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോഴായിരുന്നു ഞാന്‍ ലാലു അലക്സിനെ പരിചയപ്പെട്ടത്. എണ്‍പതുകളില്‍ കോളജില്‍ പഠിക്കുമ്പോള്‍ ‘ഈനാട്’ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ ആര്‍ട്സ് കോളജില്‍ ചെന്നതും അന്ന് ദൂരെ മാറിനിന്ന് കണ്ട ഒരുപാട് താരങ്ങള്‍ക്കൊപ്പം ലാലു അലക്സ് എന്ന ഉശിരുള്ള പൊലീസുകാരന്‍റെ പ്രകടനം കണ്ടതുമൊക്കെ ഓര്‍ത്ത് പറഞ്ഞപ്പോള്‍ ഒരുപാട് സ്നേഹത്തോടെ ഒരു പ്രാര്‍ഥനപോലെ എന്‍റെ കൈ പിടിച്ചു. മനസ്സുനിറയെ നന്മയുള്ള സ്നേഹമുള്ള കരുതലുള്ള ഒരു വ്യക്തിയെ പരിചയപ്പെടുകയായിരുന്നു.
‘പാഥേയ’ത്തില്‍ മമ്മൂക്കയായിരുന്നു ആ വേഷത്തിനുവേണ്ടി റെക്കമെന്‍റ് ചെയ്തത് എന്നദ്ദേഹം പറഞ്ഞു. ഞാന്‍ സിനിമയില്‍ തന്നെ അസിസ്റ്റന്‍റ് ആയി വര്‍ക്ക് ചെയ്യുന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ എന്‍റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു. ദൈവഭയമുള്ള ദൈവസ്നേഹമുള്ള ആ മനുഷ്യന്‍റെ പ്രാർഥനയും അനുഗ്രഹവുമൊക്കെ തന്നെയാവും എന്നെ മുന്നോട്ടു നയിക്കുന്നതും. അന്ന് കിട്ടിയ ആ സ്നേഹത്തിനൊരു തുടര്‍ച്ചയുണ്ടാവുമെന്ന് അപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല.
ഉച്ച കഴിഞ്ഞപ്പോള്‍ ആ സീനിലെ ബാക്കി ഷോട്സ് എടുത്തുകൊണ്ടിരുന്നു. വൈകുന്നേരം പകല്‍വെളിച്ചം മറയാന്‍ തുടങ്ങിയ നേരത്തായിരുന്നു മമ്മൂക്കയുടെ ചന്ദ്രദാസ് മകളായ ചിപ്പിയെ ചേര്‍ത്തുപിടിച്ച് യാത്രപറയുന്ന ഷോട്ട് എടുത്തത്. ഷോട്ട് കഴിഞ്ഞതും മധു ചേട്ടന്‍റെ (മധു അമ്പാട്ട്) അസിസ്റ്റന്‍റ് വന്ന് ഒരു ലൈറ്റ് തെളിഞ്ഞിരുന്നില്ല എന്നു പറയുകയും അത് റീടേക്ക് വിളിച്ചുപറയുകയും ചെയ്തു. അതുകേട്ടതും മമ്മൂക്ക വല്ലാതെ ചൂടായി. അത്രമേല്‍ ഇന്‍റെന്‍സോടെ ചെയ്യുന്ന ഒരു ഷോട്ട് അശ്രദ്ധകൊണ്ട് വീണ്ടുമെടുേക്കണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്നം പറഞ്ഞദ്ദേഹം ദേഷ്യപ്പെട്ടു. കാരണം ഗ്ലിസറിനില്ലാതെയായിരുന്നു ആ ഷോട്ടില്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍നിന്നും കണ്ണീരൊഴുകിയത്. ഒട്ടു നേരത്തെ ശാന്തതക്കുശേഷം ഭരതേട്ടന്‍ മമ്മൂക്കയെ വിളിച്ചു. അതേ തീവ്രതയോടെ ഒട്ടും ഗ്ലിസറിനില്ലാതെ നിറഞ്ഞ കണ്ണുകളോടെ മമ്മൂക്ക ചന്ദ്രദാസായി മകളെ ചേര്‍ത്തുപിടിച്ച് വിട്ടകന്നു.
പിന്നണിയില്‍ കൈതപ്രത്തിന്‍റെ കവിത യേശുദാസിന്‍റെ ആലാപനത്തില്‍ നിറഞ്ഞപ്പോള്‍ സത്യത്തില്‍ കണ്ടുനിൽക്കുന്നവരുടെയും ഹൃദയം പിടഞ്ഞു. എത്രമാത്രം ഉള്ളറിഞ്ഞാണ് മമ്മൂക്കയുടെ മനസ്സും ദേഹവും ആ കഥാപാത്രമാവുന്നത്. എത്രമാത്രം തന്മയത്വത്തോടെയാണ് ആ വേഷം ആടിയമരുന്നത്. കാലമെത്ര കഴിഞ്ഞാലും ഈ മഹാനടന്മാര്‍ തിരശ്ശീലയില്‍ ചെയ്തുവെച്ച വേഷങ്ങളൊക്കെ ഓരോരോ പാഠപുസ്തകങ്ങളായി നമ്മള്‍ കാണും. ജീവിതത്തില്‍ ഓരോ വഴിയും പുതിയ ഇടങ്ങള്‍ മനസ്സിലാക്കിത്തരും. കണ്ടവരും അടുത്തവരും കൂട്ടായി കൂടെയുണ്ടാകുമെന്നൊരു വിശ്വാസം കൈത്താങ്ങാവും. പക്ഷേ, എങ്കിലും അതുതന്നെയാണ് സത്യമെന്ന് ഉറപ്പിക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് ശിഷ്ടജീവിതം മനസ്സിലാക്കിത്തരും. ആരൊക്കെ കൂടെയുണ്ടായാലും സ്വന്തം കഴിവും പ്രയത്നവും തന്നെയാവും കൈമുതലായി അന്ത്യംവരെ ശേഷിക്കുന്നത്.
കോഴിക്കോട്ടുനിന്ന് തിരിച്ചെത്തി അടുത്തതെന്ത് എന്നു ചിന്തിച്ചിരുന്ന സമയത്താണ് അമ്മിണിയുടെ വിയോഗവാര്‍ത്തയറിയുന്നത്. വേദനകളില്ലാത്ത ഒരു ലോകം അവള്‍ക്ക് പ്രാപ്യമായി. സത്യത്തില്‍ അതൊരാശ്വാസം തന്നെയായിരുന്നു. എത്രകാലം ശരീരം ഈ വേദന താങ്ങും. എത്രകാലം ഈ ശരീരം മറ്റാരും കാണാതെ ഒളിപ്പിച്ചുവെക്കും. അവളുടെ പ്രാര്‍ഥന വേദനയറിയാതെ അവസാനിക്കണമെന്നായിരിക്കും. അതവസാനിച്ചു, വേദന സഹിച്ചുകൊണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.