വൈലോപ്പിള്ളി ശ്രീധര മേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ ആസ്പദമാക്കി അഭിലാഷ് ബാബു സംവിധാനംചെയ്ത ‘കൃഷ്ണാഷ്ടമി’ എന്ന സിനിമയുടെ ദൃശ്യവിചാരം.വൈലോപ്പിള്ളിയുടെ തന്നെ ഭാഷ കടമെടുത്തു പറഞ്ഞാൽ ചോരതുടിക്കുന്ന യൗവനം തേടുന്ന പന്തമാണ് ‘കൃഷ്ണാഷ്ടമി’ എന്ന ചലച്ചിത്ര സൃഷ്ടി. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കവിത കാലത്തിലൂടെ സഞ്ചരിച്ച് അഭിലാഷ് ബാബു എന്ന യുവ ചലച്ചിത്രകാരന്റെ സിനിമയുടെ തിരിനാളമായിരിക്കുന്നു. ‘‘ജീവിതത്തിൻ കടലേ മഷിപ്പാത്രം’’ എന്ന അനശ്വര വരികളെ ഓർമിപ്പിക്കുന്ന രീതിയിൽ ജീവിതത്തിന്റെ, സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും തൂത്തുമാറ്റപ്പെടുന്ന കരിയില മനുഷ്യരുടെ...
വൈലോപ്പിള്ളി ശ്രീധര മേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ ആസ്പദമാക്കി അഭിലാഷ് ബാബു സംവിധാനംചെയ്ത ‘കൃഷ്ണാഷ്ടമി’ എന്ന സിനിമയുടെ ദൃശ്യവിചാരം.
വൈലോപ്പിള്ളിയുടെ തന്നെ ഭാഷ കടമെടുത്തു പറഞ്ഞാൽ ചോരതുടിക്കുന്ന യൗവനം തേടുന്ന പന്തമാണ് ‘കൃഷ്ണാഷ്ടമി’ എന്ന ചലച്ചിത്ര സൃഷ്ടി. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കവിത കാലത്തിലൂടെ സഞ്ചരിച്ച് അഭിലാഷ് ബാബു എന്ന യുവ ചലച്ചിത്രകാരന്റെ സിനിമയുടെ തിരിനാളമായിരിക്കുന്നു. ‘‘ജീവിതത്തിൻ കടലേ മഷിപ്പാത്രം’’ എന്ന അനശ്വര വരികളെ ഓർമിപ്പിക്കുന്ന രീതിയിൽ ജീവിതത്തിന്റെ, സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും തൂത്തുമാറ്റപ്പെടുന്ന കരിയില മനുഷ്യരുടെ കഥകൾ കടലിരമ്പമായി ഇതിൽ കടന്നുവരുന്നു.
കാവ്യാസ്വാദകനായ ചലച്ചിത്രകാരന്റെ ഏറ്റവും പ്രിയപ്പെട്ട കവിയുടെ തന്റെ മനസ്സിൽ പതിഞ്ഞ കവിത കാലത്തിലൂടെ ഒരു മുത്തുച്ചിപ്പിപോലെ മനസ്സിൽ രൂപാന്തരപ്പെടുകയും, ശക്തമായ ബിംബങ്ങളിലൂടെ വാങ്മയ ചിത്രങ്ങളിലൂടെ ചലച്ചിത്രസൃഷ്ടിയായി രൂപപ്പെടുകയുമാണ്. കാലത്തിലൂടെ കലാസൃഷ്ടിക്ക് സർഗാത്മക പരിണാമം സംഭവിക്കുമെന്ന് വിഖ്യാത തത്ത്വചിന്തകനായ ബർഗ്സൺ പറഞ്ഞിട്ടുണ്ട്. ഈ സിനിമയിൽ നാം കാണുന്നത് അഭിലാഷ് ബാബുവിന്റെ ‘കൃഷ്ണാഷ്ടമി’യാണ്. തുണ്ടുകളായി വേർപിരിഞ്ഞ ഇന്നലെയുടെ ചിതറിയ കഷണങ്ങൾകൊണ്ട് തുന്നിക്കൂട്ടിയ സിനിമയാണിത്.
സ്വന്തമായി എന്തെങ്കിലും വ്യത്യസ്തമായി പറയാനുള്ള ചലച്ചിത്രകാരന് സിനിമയുടെ ഭാഷ പ്രധാനമാണ്. ലൂയി ബുന്വലും, സർജിപരജനോവും തർക്കോവ്സ്കിയും, ഋത്വിക്ഘട്ടക്കുമൊക്കെ സ്വന്തമായ ചലച്ചിത്രഭാഷ നെയ്തെടുത്തവരാണ്. കവിതയോട് ഏറ്റവും അടുപ്പമുള്ള കലാരൂപമാണ് സിനിമയെന്ന് ഘട്ടക് പറഞ്ഞു. ആത്മാവും ശരീരവും പീഡിപ്പിക്കപ്പെടുന്നവന്റെ കവിതയാണ് തന്റെ സിനിമയെന്ന് പരജനോവ് പറഞ്ഞു. അഭിലാഷ് ബാബു ‘കൃഷ്ണാഷ്ടമി’ ആവിഷ്‍കരിക്കുന്നത്, ‘സ്റ്റിൽ ഇമേജ് ഫിലിം’ എന്ന സാങ്കേതിക സാധ്യതയിലൂടെയാണ്. അടർന്നുപോയതും ചിതറിവീണതും പൊട്ടിപ്പോയതുമായ കാലത്തിന്റെ അടരുകളെ സന്നിവേശിപ്പിച്ച് പൂർത്തിയാകാത്ത ചിത്രങ്ങളിൽനിന്നും ചില ഇമേജുകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.
വൈലോപ്പിള്ളി എഴുതിയതുപോലെ ഉടഞ്ഞുപോയ സ്വപ്നം! ഇതൊരു ചലച്ചിത്രകാരന്റെ രഹസ്യഭാഷയായി അനുഭവപ്പെടുന്നു. സ്വപ്നവും യാഥാർഥ്യവും കാലവും ചരിത്രവും സമൂഹവും രാഷ്ട്രീയവും തത്ത്വചിന്തയും കവിതയും കഥയുമൊക്കെ ആഖ്യാനത്തിലൂടെ വിവരണത്തിലൂടെ ദൃശ്യങ്ങളുമായി ഒഴുകുന്നു. വാക്കുകൾ കരിയിലകളും കുപ്പിച്ചില്ലുകളുമാകുന്നു, വാക്കുകൾ കാറ്റും തീയുമാകുന്നു. വാക്കുകൾ ചിലപ്പോൾ ഛന്ദസ്സുകളാവുന്നു.
പതിറ്റാണ്ടുകൾക്കു മുമ്പ് മലയാള സാഹിത്യം കണ്ട ഏറ്റവും മനുഷ്യസ്നേഹിയായ കവി കൃഷ്ണസങ്കൽപമെന്ന ആദിബിംബത്തിന്റെ ‘നവീനാനുഭൂതി’ സൃഷ്ടിച്ചുകൊണ്ട് തടവറയിൽ കിടക്കുന്ന കുറെ രേഖയില്ലാത്ത പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ വ്യത്യസ്തമായ വൃത്തശിൽപത്തിൽ അപൂർവ ഭാവചാരുതയോടെ സൃഷ്ടിച്ച കവിത നമ്മുടെ സമകാലിക കാലഘട്ടത്തിലെ ഒരു യുവകവിയായ ചലച്ചിത്രകാരൻ ശിഥില ദൃശ്യങ്ങളിലൂടെ പുനരാവിഷ്‍കരിച്ചത് കാലം കാത്തുസൂക്ഷിച്ചുെവച്ച ഒരു കാവ്യസമസ്യയാകാം. വൈലോപ്പിള്ളിയുടെ കലഹവും വിശ്വാസവും കലർന്ന ജീവിതം ഇതിലുണ്ട്. വായനക്കാരന്റെ, േപ്രക്ഷകന്റെ, ആസ്വാദകന്റെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന കൃഷ്ണാവതാരമെന്ന ആദിപ്രരൂപത്തെ, രക്ഷകനെന്ന, ഈശ്വരനെന്ന, വിശ്വാസത്തെ ജീവിതം കരിയിലയായി മാറിക്കഴിഞ്ഞ തുറുങ്കിലടക്കപ്പെട്ട കുറെ മനുഷ്യജീവികളുടെ നിശ്ചല ജീവിതത്തിന്റെ നടുവിലേക്ക് സ്വപ്നാത്മകമായി അവതരിപ്പിക്കുകയാണ് വൈലോപ്പിള്ളി ചെയ്തത്.
അഭിലാഷ് ബാബു ഇതിനെ വർത്തമാനകാലത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. രൂപാന്തരപ്പെടുത്തുന്നു. യാഥാർഥ്യത്തിന്റെ തൊലിപ്പുറമാണ് സിനിമയെന്നും യഥാർഥ ജീവിതം സിനിമക്കു പുറത്താണെന്നും ഈ സിനിമ ഓർമിപ്പിക്കുന്നു. ഈ സിനിമയിലൂടെ അഭിലാഷ് ബാബു വൈലോപ്പിള്ളിയുടെ കവിതയിലെ ആത്മാവു നഷ്ടപ്പെടാതെ തന്നെ പുതിയ കാലഘട്ടത്തിലെ പുതിയ സംഭവങ്ങളെയും കഥാപാത്രങ്ങളെയും സമന്വയിപ്പിച്ചിരിക്കുന്നു. സാമ്രാജ്യത്വം ഭക്തിമാർഗത്തെ മാർക്കറ്റ് ചെയ്യുന്നതും ഭരണകൂടത്തെ ചോദ്യംചെയ്യുന്നവരെ വേട്ടയാടുന്നതും ഇരുളിൽ ഭയന്നിരിക്കുന്ന അനാഥരും നിരാലംബരുമായ മനുഷ്യർ ഇരകളാകുന്നതും ഇതിലുണ്ട്. അനാഥരായ രക്തസാക്ഷികൾ തെരുവിൽ പെരുകുന്നതുമുണ്ട്. അദൃശ്യരാകുവന്നവരെക്കുറിച്ച് നിങ്ങൾ എന്നോടു ചോദിച്ചാൽ മറുപടിയില്ല എന്ന് വിഖ്യാത എഴുത്തുകാരനായ ബോർഹസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്.
സിനിമയുടെ പശ്ചാത്തല വിവരണത്തിന് ആനന്ദിന്റെ കൃതികളിലെപ്പോലെ തത്ത്വചിന്താപരവും ചരിത്രബോധം സ്പന്ദിക്കുന്നതും നൈതികബോധം തിരയടിക്കുന്നതുമായ ഒരു സംവേദന തീക്ഷണതയുണ്ട്. കാറ്റിനെക്കുറിച്ചും മഴയെക്കുറിച്ചും സൂര്യനെക്കുറിച്ചും നക്ഷത്രത്തെക്കുറിച്ചും എഴുതാനാളുണ്ട്. കരിയിലകളെക്കുറിച്ച് ആരെഴുതും? എല്ലാം കണ്ടു കൈകെട്ടി നിൽക്കുന്നവർ ആരാണ്? അവർ എത്രനാൾ ഇങ്ങനെ നിൽക്കും? തെരുവിൽനിന്ന് പെറുക്കിയെടുത്ത് അവരെ നിയമപാലകർ എങ്ങോട്ട് കൊണ്ടുപോകുന്നു? ജയിലറകളിലെ അവസാന കഥകൾ മക്കളോട് അവർ പറയുമോ? പൂർത്തിയാകാത്ത സിനിമയും പൂർത്തിയാകാത്ത പുസ്തകവുമേയുള്ളൂ, ഒന്നും പൂർത്തിയാകുന്നില്ല... തുടങ്ങിയ കത്തുന്ന ചിന്തകളും ചോദ്യങ്ങളുമായി ചലച്ചിത്രകാരൻ േപ്രക്ഷകന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു.
ചിത്രത്തിന്റെ ആദ്യംതന്നെ അധികാരികളാൽ തെരുവിൽ വലിച്ചെറിയപ്പെട്ട തകർന്ന പ്രതിഭയുടെ ദൃശ്യം കാണാം. കവിയും എഴുത്തുകാരനും ചിത്രകാരനും ഗായകനും കലാകാരനുമായ എന്നാൽ സ്വന്തം ജീവിതത്തിൽ പരാജിതനുമായ ശ്രീധരന്റെ ദൃശ്യമാണ് വൈലോപ്പിള്ളിയുടെ സ്വത്വം ആവിഷ്‍കരിക്കുന്നത്. ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ശ്രീധരന്റെ ദാരുണവും അവ്യവസ്ഥവുമായ മുഖവും ജീവിതവും തങ്ങിനിൽക്കും. തെരുവും തടവറയും ജീവിതഭൂമികയായ എത്രയെത്ര കവികളും കലാകാരന്മാരും (പരജനോവ് ഉൾപ്പെടെ) ചരിത്രത്തിലൂടെ കടന്നുപോയിരിക്കുന്നു.
കഥാപാത്രത്തെ അധികാര ഭീകരതയുടെ ഇരയാക്കിയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ബേബിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള പ്രതിഭാശാലിയായ, സത്യസന്ധനായ ജീവിതത്തിൽ പരാജിതനായ യഥാർഥ കലാകാരന്റെ മുഖഭാവം ശ്രീധരനുണ്ട്. ‘കൃഷ്ണാഷ്ടമി’യുടെ ആനന്ദിപ്പിക്കുന്ന ദൃശ്യാവിഷ്‍കാരവും ഔസേപ്പച്ചന്റെ മാന്ത്രിക സംഗീതവും വിദ്യാധരൻ മാഷ് ഉൾപ്പെടെയുള്ളവരുടെ ആലാപനഭംഗിയും ഈ സിനിമയെ ഭ്രമാത്മക ലാവണ്യത്തിലേക്കുയർത്തുന്നു. ഭഗവാൻ അവതരിക്കുന്ന ഈ സ്വപ്നദൃശ്യമാണ് ഈ സിനിമയുടെ ആത്മാവ്.
വൈലോപ്പിള്ളിയുടെ ‘‘കാലിക്കുളമ്പണി’’ എന്നു തുടങ്ങുന്ന വരികൾക്ക് ചാരുകേശി രാഗത്തിൽ ഔസേപ്പച്ചൻ ആത്മാവുകൊണ്ട് ആലപിച്ചിരിക്കുന്നു. വിദ്യാധരൻ മാഷ് പാടിയ ‘‘ഒപ്പം നടക്കാൻ...’’ എന്ന ഗാനവും മനോഹരമായി. സംവിധായകൻ അഭിലാഷ് ബാബു തന്നെയാണ് ഇതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ജയരാജ് വാര്യരും സ്വർണ കെ.എസും ഇന്ദുലേഖാ വാര്യരും അമൽ ആന്റണിയും ചാർലി ബഹറിനും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. എല്ലാ ഗാനങ്ങളും ശ്രുതിമധുരമാണ്. തടവറയിൽ ഒരുമിക്കുന്ന കരിയില ജീവിതങ്ങൾക്ക് ക്ഷണികമായ ജീവിതാസ്വാദ്യം, ഉത്സവം, ആഘോഷം, പ്രത്യാശ പകരുന്ന കൃഷ്ണാവതാര ‘ദൃശ്യത്തിന്’ സ്വപ്നഭംഗിയുണ്ട്. സംഗീതം ആത്മാവിൽ കിനിഞ്ഞിറങ്ങുന്ന വേദനയായി അനുഭവപ്പെടുന്ന അപൂർവ അനുഭൂതി ഇതിലെ ഗാനങ്ങൾക്കുണ്ട്.
വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’യെന്ന കവിതയുടെ അടിത്തട്ടിൽ ആരും ശ്രദ്ധിക്കാതെ അറുപതു വർഷക്കാലമായി എരിഞ്ഞുകൊണ്ടിരുന്ന കനലിനെ ഊതി ഊതി കത്തിച്ചാണ് അദ്ദേഹത്തിന്റെ ആരാധകനായ യുവ ചലച്ചിത്രകാരൻ ഈ സിനിമ ചെയ്തത്. അടിച്ചമർത്തപ്പെട്ട, വലിച്ചെറിയപ്പെട്ട ആരുമില്ലാത്ത എങ്ങുമില്ലാത്ത മനുഷ്യരുടെ രക്ഷകനെന്ന പ്രതീക്ഷയെ മോചനമെന്ന സ്വപ്നത്തെ പുതിയ കാലഘട്ടത്തിൽ പുതിയ ദൃശ്യാഖ്യാനങ്ങളിലൂടെ പുനരാവിഷ്‍കരിക്കാനുള്ള ശ്രമമാണ് ഈ സിനിമ.
സർഗകലാപത്തിന്റെ ഒരു തരി പോലുമില്ലാത്ത ഇരുളിന്റെ അവസ്ഥയിൽ ആശ്വാസത്തിന്റെ ഒരു തുള്ളി വെളിച്ചമാണ് കാഴ്ചക്കാരന്റെ ‘‘കണ്ണിലെ കൃഷ്ണമണിപോലെ പൊട്ടിത്തെറിക്കുന്ന’’ ‘കൃഷ്ണാഷ്ടമി –കരിയിലകളുടെ പുസ്തകം’. നൂറാം ജന്മദിനവാർഷികമാഘോഷിക്കുന്ന മഹാനായ ഋത്വിക് ഘട്ടക്കിന്റെ സിനിമകളെക്കുറിച്ചുള്ള പഠനത്തിൽ ചിദാനന്ദദാസ് ഗുപ്ത പറഞ്ഞതുപോലെ ഈ പരീക്ഷണം ഭൗതികമായി ഒരു പരാജയമായിരിക്കാം. എന്നാൽ, ധാർമികമായി ഒരു വിജയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.