എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ നിർമിക്കപ്പെട്ട ‘ആരണ്യകം’, ‘പഞ്ചാഗ്നി’ എന്നീ രാഷ്ട്രീയ സിനിമകളെ വീണ്ടും കാണുകയാണ് ലേഖകൻ. ഈ സിനിമകൾ എങ്ങനെയൊക്കെയാണ് അക്കാലത്തെ രാഷ്ട്രീയാവസ്ഥകളെ പ്രതിനിധാനം ചെയ്തത്?
‘ചലച്ചിത്രത്തിന്റെ സാഹിത്യരൂപമായ തിരക്കഥ ശില്‍പഭദ്രമായ കലാരൂപമായി ഒരുക്കുന്നതില്‍ എഴുത്തുകാരന്‍ എം.ടി. വാസുദേവൻ നായര്‍ പുലര്‍ത്തിയിരുന്ന ജാഗ്രത കലാലോകം സാകൂതം വീക്ഷിക്കുകയും വിലയിരുത്തുകയുംചെയ്തിട്ടുണ്ട്. സംവിധായകന് തന്റെ ചിത്രീകരണ നൈപുണ്യം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുമ്പോള്‍തന്നെ തിരക്കഥയെ സ്വതന്ത്രമായി നിര്‍ത്താനുള്ള ശ്രമം എം.ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. തിരക്കഥാരചനയില്‍ എം.ടി പ്രകടിപ്പിച്ച വൈദഗ്ധ്യവും ഗൗരവവും കൈയടക്കവും ശ്രദ്ധേയമാണ്. ചിത്രീകരണത്തിനു തൊട്ടുമുമ്പ് തിരക്കഥ തയാറാക്കുന്ന രീതിയും ഏതെങ്കിലും കടലാസില്‍ തിരക്കഥ കോറിവരക്കുന്ന സാഹസികതയും എം.ടി പരീക്ഷിച്ചിട്ടില്ല. മറിച്ച് കഥയുടെ സുഭഗമായ നീക്കത്തിനും ഉദ്വേഗത്തിനും അനുസരിച്ച് തിരക്കഥ മെനയുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
സംവിധാനരംഗത്തേക്ക് വരുന്നതിന് അഞ്ചെട്ടു വര്‍ഷം മുമ്പുതന്നെ എം.ടി തിരക്കഥാ രചനയില്‍ വ്യത്യസ്തമായ വഴി വെട്ടിത്തുറന്നു. സ്വന്തം കഥകള്‍തന്നെയാണ് ആദ്യഘട്ടങ്ങളില്‍ തിരക്കഥകളാക്കി മാറ്റിയത്. 1965ല്‍ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിന് തിരക്കഥയെഴുതുമ്പോഴും സിനിമയുടെ വെള്ളിവെളിച്ചം തന്നെ ആകര്‍ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ശോഭനാ പരമേശ്വരൻ നായരുടെ പ്രേരണകൊണ്ടാണ് എം.ടി തിരക്കഥയെഴുതാന്‍ തുനിഞ്ഞിറങ്ങിയത്. എന്നാല്‍, സിനിമാരചനയെ എം.ടി ലാഘവത്തോടെ ഒരിക്കലും കണ്ടിരുന്നില്ല. ഗൗരവമായ ഒരു തപസ്യതന്നെയായിരുന്നു അത്.
മലയാളത്തിലെ പ്രഗല്ഭരായ സംവിധായകര്‍ക്കുവേണ്ടി എം.ടി തുടക്ക കാലത്തുതന്നെ തിരക്കഥകള്‍ രചിക്കുകയുണ്ടായി. എ. വിൻസെന്റ് (‘മുറപ്പെണ്ണ്’, ‘നഗരമേ നന്ദി’, ‘അസുരവിത്ത്’, ‘നിഴലാട്ടം’, ‘വെള്ളം’, ‘കൊച്ചുതെമ്മാടി’), പി. ഭാസ്‌കരന്‍ (‘ഇരുട്ടിന്റെ ആത്മാവ്’, ‘വിത്തുകള്‍’), പി.എന്‍. മേനോന്‍ (‘ഓളവും തീരവും’, ‘കുട്ട്യേടത്തി’, ‘മാപ്പുസാക്ഷി’), സേതുമാധവന്‍ (‘ഓപ്പോള്‍’, ‘കന്യാകുമാരി’, ‘വേനല്‍ക്കിനാവുകള്‍’) തുടങ്ങിയവരുടെ സംവിധാനത്തില്‍ എം.ടിയുടെ രചനകള്‍ അഭ്രപാളിയിലെത്തി. തുടര്‍ന്ന് പി.എ. ബക്കര്‍, യൂസഫലി കേച്ചേരി, ഹരിഹരന്‍, ഐ.വി. ശശി, ഭരതന്‍, ഹരികുമാര്‍, സിബി മലയില്‍, പവിത്രന്‍, അജയന്‍, പ്രതാപ് പോത്തന്‍, വേണു, കണ്ണന്‍ തുടങ്ങിയ സംവിധായകര്‍ക്കുവേണ്ടിയും എം.ടി തിരക്കഥയൊരുക്കി. 1973ല്‍ എം.ടി ആദ്യമായി സംവിധാനംചെയ്ത ‘നിര്‍മാല്യം’ സുവര്‍ണകമലം നേടിയത് ചലച്ചിത്രകാരന്‍ എന്ന നിലയിലുള്ള എം.ടിയുടെ കൈയടക്കത്തിന്റെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘നിർമാല്യ’ത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഭരത് അവാര്‍ഡും ലഭിച്ചു. ‘ബന്ധനം’ (1978), ‘വാരിക്കുഴി’ (1982), ‘മഞ്ഞ്്’ (1983), ‘കടവ്’ (1991), ‘ഒരു ചെറുപുഞ്ചിരി’ (2000) എന്നിവയാണ് സ്വന്തം തിരക്കഥയില്‍ എം.ടി സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍.
ചിത്രീകരണം നടക്കാത്ത ‘രണ്ടാമൂഴം’ (രണ്ടു ഭാഗങ്ങള്‍) ഉള്‍പ്പെടെ 62 തിരക്കഥകള്‍ എം.ടി. വാസുദേവൻ നായര്‍ രചിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും പ്രദര്‍ശനവിജയം നേടിയ ചിത്രങ്ങളാണ്. സാമൂഹികജീവിതത്തിന്റെ അടരുകളില്‍നിന്നാണ് എം.ടിയുടെ തിരക്കഥകള്‍ പിറവിയെടുത്തത്. വ്യക്തിബന്ധങ്ങള്‍, കുടുംബ ബന്ധങ്ങളിലെ അസ്വസ്ഥത, ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, സാമ്പത്തികമായ പരാധീനതകള്‍, പ്രവാസം തുടങ്ങിയ വിഷയങ്ങളെല്ലാം എം.ടിയുടെ തിരക്കഥകളില്‍ കടന്നുവന്നിട്ടുണ്ട്. ഗ്രാമീണജീവിതത്തിന്റെ ആവിഷ്‌കാരം പലതിലും തെളിഞ്ഞുനില്‍ക്കുന്നു. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വേദന, പക, പ്രതികാരം, പ്രണയം, ജീവിതത്തിന്റെ അർഥരാഹിത്യം ഇതെല്ലാം ഏറിയും കുറഞ്ഞും എം.ടിയുടെ തിരക്കഥകളില്‍ നിഴലിക്കുന്നു.
രക്തം പുരണ്ട മണ്‍തരികള്‍
ഇതിനിടെ എണ്‍പതുകളില്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട രണ്ടു തിരക്കഥകള്‍ എം.ടി രചിക്കുകയുണ്ടായി. 1986ല്‍ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’, 1988ല്‍ റിലീസ് ചെയ്ത ‘ആരണ്യകം’ എന്നിവയാണ് ആ ചിത്രങ്ങള്‍. അവയിലേക്ക് വാതില്‍ തുറക്കുന്ന ഒരു കഥ തുടക്കകാലത്ത് എം.ടി എഴുതിയിട്ടുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സാന്നിധ്യവും പൊലീസ് ഭീകരതയും തുറന്നുകാട്ടുന്ന ‘രക്തം പുരണ്ട മണ്‍തരികള്‍’ ആണ് ആ കഥ. 1952ല്‍ കൗമുദി ആഴ്ചപ്പതിപ്പിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഇതേ പേരില്‍ തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കിയ സമാഹാരത്തിലും ഉള്‍പ്പെടുത്തി. വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ നേരിട്ട പൊലീസ് നടപടിയുടെ സാക്ഷ്യപത്രമാണ് ഈ കഥ. പാലക്കാട് മുണ്ടൂര്‍ രാവുണ്ണിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ രചിക്കപ്പെട്ടത്.
നിരോധിച്ച പാര്‍ട്ടിയിൽപെട്ട ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകന്‍. പാര്‍ട്ടി നിരോധിച്ചതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. പാര്‍ട്ടിയിൽപെട്ടവര്‍ക്ക് രാജ്യദ്രോഹികള്‍ എന്ന മുദ്ര ലഭിച്ചു. അതൊരു പ്രസിദ്ധി തന്നെയായിരുന്നു. അയാള്‍ ഓര്‍ക്കുന്നു. പൊലീസ് പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ തന്നെ രക്ഷിച്ച നാണുവിന്റെ വീടിന്റെ പരിസരത്ത് എത്തുകയാണ്. അന്ന് പൊലീസ് പിന്തുടര്‍ന്നപ്പോള്‍ നാട്ടുവഴികളിലൂടെ ഓടിയതിന്റെ ഓര്‍മകള്‍ ഇപ്പോഴുമുണ്ട്. നാണുവിന്റെ വീട്ടില്‍ അഭയം തേടിയതും ദിവസങ്ങളോളം അവിടെ താമസിച്ചതും മനസ്സിലുണ്ട്. എന്നാല്‍, ആ അഭയസ്ഥാനം അധികനാള്‍ നീണ്ടുനിന്നില്ല. നാട്ടിലെ അധികാരിയും കാര്യസ്ഥനും നാണുവിന്റെ വീട്ടിലെ ചെറുപ്പക്കാരനെപ്പറ്റി അന്വേഷിക്കുന്നു. അവരോട് നാണുവിന് കയര്‍ത്തു സംസാരിക്കേണ്ടിവരുന്നു. ഏതായാലും അതിന്റെ പരിണിതഫലം ക്രൂരമായിരുന്നു.
പൊലീസ് നാണുവിന്റെ വീട് വളഞ്ഞു. ചെറുപ്പക്കാരന്‍ പിടിക്കപ്പെട്ടു. പൊലീസിന്റെ ക്രൂരമായ മർദനം സഹിക്കേണ്ടിവന്നെങ്കിലും ജീവന്‍ തിരിച്ചുകിട്ടി. തന്നെ സംരക്ഷിച്ചതിന്റെ പേരില്‍ നാണു എന്ന വൃദ്ധന് നേരിട്ട ദുര്യോഗം അയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അറിയുന്നത്. വിപ്ലവകാരിയെ സംരക്ഷിച്ചതിന് പൊലീസ് നാണുവിനെ പിടികൂടി ഭീകരമായി മർദിച്ചു. ആ മർദനത്തിന്റെ കെടുതികള്‍ അയാളെ തളര്‍ത്തി. രക്തം ഛർദിച്ച് അയാള്‍ മരണത്തിന് കീഴടങ്ങി. ആ വീട്ടിലെ അലരിമരത്തിന്റെ ചുവന്ന പുഷ്പങ്ങള്‍ ഇന്നും നാണുവിന്റെ രക്തസാക്ഷിത്വത്തെ ഓർമിപ്പിക്കുന്നു. രക്തം വീണ ചുവന്ന മണ്‍തരികള്‍ക്ക് മുന്നില്‍ അന്നത്തെ ചെറുപ്പക്കാരന്‍ നമിച്ചുനില്‍ക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ആ മണ്‍തരികളെപ്പറ്റി കഥയുടെ ആരംഭത്തിലും കാണാം: ‘‘മനുഷ്യരക്തത്തില്‍ കുതിര്‍ന്ന് കറ പിടിച്ചതാണീ മണ്‍തരികള്‍. പുലരിയില്‍ കിഴക്ക് രക്തച്ഛായ പരക്കുമ്പോള്‍ ആ മണ്‍തരികളുടെ മുഖം വികസിക്കാറുണ്ട്്്. ലോകത്തിന്റെ മുരടിച്ച മോന്തക്ക് മുന്നില്‍ നിരത്തിവെക്കാന്‍ ഈ മണ്‍തരികള്‍ എണ്ണമറ്റ പ്രശ്‌നങ്ങള്‍ കരുതിവെച്ചിരിക്കുകയാണ്.’’ ഇവിടെ മണ്‍തരികള്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ഒറ്റപ്പെട്ട തരികള്‍തന്നെയാണ്. അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അധികാരികള്‍ കേള്‍ക്കേണ്ടിവരുമെന്നുതന്നെയാണ് കഥയില്‍ പറയുന്നത്.
പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭീകരത എത്രമാത്രം പൈശാചികമാണെന്ന് ഇവിടെ വ്യക്തമാവുന്നു. ഈ കഥയുടെ പേരില്‍ എം.ടിയെ പൊലീസ് ചോദ്യംചെയ്യുകയുണ്ടായി. നക്‌സലൈറ്റ് പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്ന രചന എന്ന നിലയിലായിരുന്നു പൊലീസിന്റെ നടപടി (ഇക്കാര്യം എം.ടി. വാസുദേവന്‍നായരുടെ ജീവചരിത്രത്തില്‍ ഡോ. കെ. ശ്രീകുമാര്‍ പറയുന്നുണ്ട്്). ഏതായാലും കഥ വായനക്കാര്‍ ഏറ്റെടുത്തു. ഈ കഥ ഉള്ളില്‍ നീറിപ്പുകഞ്ഞു കിടന്നതും ‘പഞ്ചാഗ്നി’യും ‘ആരണ്യക’വും എഴുതാന്‍ എം.ടിക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ടാവണം.
അജിതയും പഞ്ചാഗ്നിയും
നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പൊതുജീവിതത്തിലും സാംസ്‌കാരികാന്തരീക്ഷത്തിലും ഉണ്ടാക്കിയ ചലനങ്ങള്‍ ‘പഞ്ചാഗ്നി’, ‘ആരണ്യകം’ എന്നീ തിരക്കഥകളില്‍ പ്രതിഫലിക്കുകയുണ്ടായി. ജന്മിത്തത്തിനും ഭൂവുടമകളുടെ കിരാതവാഴ്ചക്കും എതിരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സായുധസമരമായിരുന്നു നക്‌സലൈറ്റുകള്‍ നടത്തിയിരുന്നത്. കീഴാളവര്‍ഗത്തെ അതിനിഷ്ഠുരമായി പീഡിപ്പിച്ച് അടിമകളാക്കി വെച്ച അധികാരമേല്‍ക്കോയ്മയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള രക്തരൂക്ഷിത സമരം കേരളത്തിന്റെ പല ഭാഗങ്ങളില്‍ അരങ്ങേറി. അതിവിപ്ലവത്തിന്റെ ഈ ആശയമുന്നേറ്റങ്ങളോട് പൊതുവെ കേരളസമൂഹം പ്രതിപത്തി കാണിച്ചിട്ടില്ല. എന്നാല്‍ നക്‌സലൈറ്റ് ആശയക്കാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാനും നമുക്ക് സാധിക്കുമായിരുന്നില്ല. ഭൂപരിഷ്‌കരണ നിയമം ഉള്‍പ്പെടെ കേരളം പലവിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഘട്ടത്തില്‍ തന്നെയാണ് നക്‌സല്‍ പ്രസ്ഥാനം ഇവിടെ വേരുപിടിക്കുന്നത്.
നക്‌സലൈറ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തെ പരിഷ്‌കൃത സമൂഹം വെറുത്തു. എന്നാല്‍, അവര്‍ ഉയര്‍ത്തിപ്പിടിച്ച ചൂഷണരഹിതമായ സമത്വലോകം എന്ന ആശയത്തെയും അനീതിക്ക് എതിരെയുള്ള ചെറുത്തുനില്‍പിനെയും അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. ഇതുകൊണ്ടൊക്കെ തന്നെ നക്‌സലൈറ്റ് ആശയങ്ങള്‍ക്ക് പിന്നില്‍ പൂത്തുനിന്ന കാല്‍പനിക സ്വപ്‌നങ്ങള്‍ക്ക് എന്നും കാഴ്ചക്കാരുണ്ടായി. മലയാളത്തിലെ കഥകളിലും നോവലിലും സിനിമയിലുമെല്ലാം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ നിഴലുകള്‍ വീണുകിടക്കുന്നുണ്ട്. നമ്മുടെ കഥാകാരന്മാരും കവികളും പല ഘട്ടത്തിലും നക്‌സലൈറ്റ് പ്രസ്ഥാനത്തോട് പരോക്ഷമായെങ്കിലും അനുഭാവം പുലര്‍ത്തിയവരാണ്.
നക്‌സലൈറ്റ് പ്രസ്ഥാനത്തോട് മാത്രമല്ല, മറ്റ് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളോടും അടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളല്ല എം.ടി. പൊതുസമൂഹത്തെ പോലെ എം.ടിയും നക്‌സലൈറ്റുകളെ പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല. എന്നാല്‍, അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ശ്രവിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു എന്നുവേണം കരുതാന്‍. തിരക്കഥ തേച്ചുമിനുക്കിയെടുക്കുകയും കഥാഘടനക്കും കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ക്കും അനുസരിച്ച് സംഭാഷണം തീര്‍ക്കുകയുംചെയ്യുന്ന എം.ടി ‘പഞ്ചാഗ്നി’യിലും ‘ആരണ്യക’ത്തിലും അത് കൃത്യമായി തന്നെ നിര്‍വഹിച്ചു.
‘പഞ്ചാഗ്നി’ എന്ന തിരക്കഥ മനസ്സില്‍ രൂപപ്പെടുന്നതിനെപ്പറ്റി എം.ടി എഴുതിയിട്ടുണ്ട്: ‘‘ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിക്കുന്ന ഒരു നക്‌സല്‍ നേതാവ് വര്‍ഷങ്ങള്‍ക്കുശേഷം ചെറിയ കാലത്തേക്ക് ഒരു പരോള്‍ അനുവദിച്ചുകിട്ടിയതും വീട്ടിലെത്തി അമ്മയെ കണ്ട് മടങ്ങിപ്പോയതും വാര്‍ത്തയായിരുന്നു. ഈ പരോള്‍ കാലത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ‘പഞ്ചാഗ്നി’യുടെ കഥ പതുക്കെ പതുക്കെ മനസ്സില്‍ രൂപംകൊള്ളുന്നത്. പിന്നീട് അത് സ്ത്രീയാവാമെന്നു തോന്നി. നക്‌സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്ത്രീകളും ഇവിടെ ശിക്ഷ അനുഭവിച്ചിട്ടുണ്ടല്ലോ.’’
നക്‌സല്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച സ്ത്രീകള്‍ വേറെയും ഉണ്ടാവാം. എന്നാല്‍ ചെറുപ്പത്തില്‍ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടയാവുകയും ആക്ഷനുകളില്‍ പങ്കെടുക്കുകയുംചെയ്ത കെ. അജിതയുടെ വിപ്ലവജീവിതം തീര്‍ച്ചയായും ‘പഞ്ചാഗ്നി’യിലെ ഇന്ദിര എന്ന കഥാപാത്രത്തിന് രൂപംനല്‍കുമ്പോള്‍ എം.ടി ഓര്‍ത്തിരിക്കണം. 1960കളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ ആളാണ് അജിത. തലശ്ശേരി, പുൽപള്ളി ആക്ഷനുകളില്‍ പങ്കാളിയായിരുന്നു. പുൽപള്ളിയില്‍ എസ്.ഐയുടെ കൈ വെട്ടിയ കേസില്‍ പ്രതിയായിരുന്നു. അജിതയുടെ അറസ്റ്റും തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അന്നത്തെ പത്തൊമ്പതുകാരിയെ പ്രദര്‍ശിപ്പിച്ചു നിര്‍ത്തിയതും ചരിത്രമാണ്. 1968 മുതല്‍ 72 വരെ അജിത ജയില്‍ജീവിതം നയിച്ചു. അജിതയുടെ നക്‌സല്‍ ജീവിതവും തുടര്‍ന്നുള്ള പൊതുജീവിതവും വിപ്ലവപ്രസ്ഥാനത്തിന്റെ ചുവന്ന അധ്യായങ്ങളാണ്. അത്തരമൊരു പശ്ചാത്തലം എം.ടിയെ സ്വാധീനിച്ചിട്ടുണ്ടാവും. എന്നാല്‍ അതോടൊപ്പം ഒട്ടേറെ സങ്കല്‍പങ്ങളും തിരക്കഥയില്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇന്ദിരക്ക് ശിക്ഷയില്‍നിന്ന് ഇളവ് ലഭിക്കാനും ജയിലില്‍നിന്ന് പുറത്തിറങ്ങാനും റഷീദിന്റെയും രാമേട്ടന്റെയും പരിശ്രമങ്ങള്‍ തിരക്കഥാകൃത്തിന്റെ ഭാവനയാണ്.
ബോംബെ അധോലോകത്തെയും അധികാര കേന്ദ്രങ്ങളെയും ഒരുപോലെ വിറപ്പിച്ച രാമചന്ദ്രൻ നായര്‍ എന്നൊരു പത്രപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. അവസാനകാലം ഒന്നിലും താല്‍പര്യമില്ലാതെ മദ്യത്തിന് അടിമയായി. അക്കാലത്താണ് താന്‍ പരിചയപ്പെടുന്നതെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. സംഭാഷണത്തില്‍ ഇടക്ക് പഴയ പ്രതാപങ്ങള്‍ ഓര്‍ക്കുന്ന രാമചന്ദ്രൻ നായര്‍ അടുത്ത നിമിഷം മദ്യം വാങ്ങാന്‍ പണം ചോദിക്കും. ഒടുവില്‍ തെരുവില്‍ കിടന്നു മരിച്ചു. രാമചന്ദ്രൻ നായരുടെ ഓര്‍മയില്‍നിന്നാണ് രാമേട്ടന്‍ എന്ന കഥാപാത്രത്തെ എം.ടി സൃഷ്ടിച്ചത്.
സര്‍ക്കാര്‍ ഓഫിസിനെ പോലും ചൊല്‍പ്പടിയില്‍ വെച്ച് നിയമം കാറ്റില്‍പറത്തി നടക്കുന്ന അവറാച്ചനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദിരയാണ് ‘പഞ്ചാഗ്നി’യിലെ നായിക. കേസില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഇന്ദിര അസുഖമായി കിടക്കുന്ന അമ്മയെ കാണാന്‍ പരോള്‍ അനുവദിച്ചുകിട്ടാന്‍ ജയിലില്‍ നിരാഹാരസമരം നടത്തുന്നുണ്ട്. ജയില്‍ സൂപ്രണ്ട് പോലും ഇന്ദിരയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ തോറ്റു പിന്മാറുന്നത് കാണാം. ഏറെക്കാലം ജയിലില്‍ കഴിഞ്ഞ ഇന്ദിര പുറത്തുവരുമ്പോള്‍ ഉണ്ടാവുന്ന സമൂഹത്തിന്റെ പ്രതികരണവും ഇന്ദിരയുടെ മാനസിക ഭാവങ്ങളും ഇഴചേര്‍ന്നാണ് തിരക്കഥ മുന്നോട്ടുപോവുന്നത്. ഇന്ദിര ജയിലില്‍നിന്ന് 14 ദിവസത്തെ പരോളില്‍ പുറത്തിറങ്ങുമ്പോള്‍, സൂപ്രണ്ട് പറയുന്ന ഒരു വാചകമുണ്ട്. ‘‘വിപ്ലവം അടുത്ത കവലയില്‍ എത്തി എന്ന് വിചാരിച്ച് ചാടിപ്പുറപ്പെട്ടാല്‍... ഉം, ഗവണ്‍മെന്റിന് പരോള്‍ റദ്ദു ചെയ്യാം.’’ സൂപ്രണ്ടിന്റെ വാക്കുകളില്‍ ഉപദേശവും താക്കീതുമുണ്ട്. ജയിലില്‍നിന്ന് പുറത്തുവരുന്ന ഘട്ടത്തില്‍ ഇന്ദിരയെ തട്ടി കടന്നുപോകുന്ന ആദ്യത്തെ വാക്കാണിത്. പിന്നീട് പല വാക്കുകളും നോട്ടങ്ങളും ഇന്ദിരയെ തല്ലിയും തലോടിയും സാന്ത്വനപ്പെടുത്തിയും ആകാംക്ഷയിലേക്ക് നയിച്ചും കടന്നുവരുന്നുണ്ട്. ജയിലില്‍ സാരിയാണോ കൈലിമുണ്ടാണോ ഉടുക്കാന്‍ കിട്ടുക എന്ന വേലക്കാരി മാളുവിന്റെ സംശയം മുതല്‍ അനുജത്തി സാവിത്രിയുടെ ചോദ്യങ്ങള്‍ വരെ ഇന്ദിര നേരിടുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദിര വരുമ്പോള്‍ രോഗശയ്യയിലും അമ്മ ഉത്സാഹവതിയും ആഹ്ലാദവതിയുമാകുന്നുണ്ട്. കൈക്കുഞ്ഞുമായി ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്ത അമ്മക്ക് പൊതുജീവിതത്തിന്റെ പ്രതിസന്ധികള്‍ മനസ്സിലാവും. എന്നാല്‍, കിടക്കയില്‍ എഴുന്നേറ്റിരുന്ന അമ്മയെ തിരികെ കിടത്താന്‍ താങ്ങേണ്ടിവരുമ്പോള്‍ മകള്‍ അസ്വസ്ഥയാവുന്നു. താന്‍ തൊട്ടാല്‍ അമ്മക്ക് പേടിയാവുമോ എന്നാണ് ഇന്ദിരയുടെ ആശങ്ക. എന്നാല്‍, അമ്മ അമ്പരപ്പോടെ വിതുമ്പുകയാണ്. അമ്മ ഏന്തി കൈ പിടിച്ചപ്പോള്‍ അവള്‍ വികാരാധീനയായി തൊട്ടിരുന്നു. ദുർബലമായ ആശ്ലേഷത്തില്‍ ഇന്ദിര അമരുമ്പോള്‍ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ: ‘‘ഞങ്ങള് പഠിച്ച തത്ത്വശാസ്ത്രത്തില്‍ സ്‌നേഹം ഈശ്വരനാണ്.
സ്‌നേഹം പാടില്ലെന്ന് നിന്റെ പുസ്തകത്തില് പറേണില്ലല്ലോ.’’ ‘‘ഇല്ലമ്മേ... ഇല്ല’’ എന്ന ഇന്ദിരയുടെ മറുപടി വാസ്തവത്തില്‍ നക്‌സലൈറ്റുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന എല്ലാവര്‍ക്കുമുള്ളതാണ്. രണ്ട് ആശയഗതികളുടെ സംഗമം ഇന്ദിരയും അമ്മയും കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്നു. അഹിംസയുടെയും സഹനത്തിന്റെയും സമരമാണ് അമ്മ നയിച്ചത്. അതില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മകളാകട്ടെ ആയുധങ്ങളുടെ വഴി സ്വീകരിച്ചു. വിദേശ സര്‍ക്കാറിനോടുള്ള സമരമായിരുന്നു അമ്മയുടേത്. മകള്‍ പുതിയ അധികാര കേന്ദ്രങ്ങളുടെ ദുഷിച്ച അവസ്ഥകളോടാണ് പോരാടുന്നത്. ഈ സന്ദര്‍ഭത്തില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാതെ വയ്യ. ഇതാണ് എം.ടി പറഞ്ഞുവെക്കുന്നത്. പുതിയ വിപ്ലവവും പഴയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും നേര്‍ക്കുനേര്‍ നില്‍ക്കുന്ന കാഴ്ച ഇവിടെയുണ്ട്.
ചെറുപ്പം മുതലുള്ള കൂട്ടുകാരി ശാരദയോടും ഇന്ദിര ചോദിക്കുന്നുണ്ട്, ശാരദക്കിപ്പോള്‍ എന്നെ കാണുമ്പോള്‍ പേടി തോന്നുന്നുണ്ടോ. ഉണ്ടെങ്കില്‍ ഞാനിനി വരില്ല എന്ന്. പൊലീസ് സ്റ്റേഷനില്‍ പോയി ഒപ്പിട്ട് മടങ്ങുന്ന ഇന്ദിര ഒരു കാഴ്ചവസ്തുവാണ്. ചിലര്‍ അവളോട് സംസാരിക്കാന്‍ ധൈര്യപ്പെടുന്നു. എന്നാല്‍, അതിന്റെ പേരില്‍ പൊലീസ് പിടിക്കുമോ എന്ന ഭയം കാരണം പിന്മാറുകയാണ് പലരും. ഇങ്ങനെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി കഴിഞ്ഞവരോട് സമൂഹം അകന്നും അടുത്തും പ്രതികരിക്കാന്‍ മടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. സ്വന്തം കുടുംബത്തില്‍പോലും ഇന്ദിര വെറുക്കപ്പെട്ടവളായി മാറുന്നുണ്ട്. അനുജന്‍ രവിയുടെ പ്രതികരണം രൂക്ഷമാണ്. അവന്‍ തന്റെ ദുര്യോഗം രോഷത്തോടെ ഇങ്ങനെ പറയുന്നു: ‘‘ഒമ്പത് ടെസ്റ്റെഴുതി. ജയിച്ച് ഇന്റര്‍വ്യൂവിന് ചെല്ലുമ്പോള്‍ എന്നെ തട്ടും. കാരണറിയോ? തലവെട്ടിയ കേസിലെ പ്രതീടെ പൊന്നനിയന്‍ ആയി എന്ന ക്വാളിഫിക്കേഷന്‍.’’ എങ്ങനെയെങ്കിലും പണം സമ്പാദിക്കുക, ജോലി സംഘടിപ്പിക്കുക എന്നൊക്കെയാണ് രവിയുടെ ചിന്തകള്‍. വീട് വില്‍ക്കാന്‍ വരെ അവന്‍ ആലോചിക്കുന്നു. ആവശ്യത്തിന് പണം കിട്ടാതെ വരുമ്പോള്‍ അമ്മയുടെ ആശ്രിതനായ ശേഖരട്ടേനോട് തര്‍ക്കിക്കുന്നുണ്ട്.
അമ്മയുടെ മരണശേഷം നാട്ടിലെത്തുന്ന ജ്യേഷ്ഠന്‍ മോഹനനും ഇന്ദിരയെ ശത്രുപക്ഷത്താണ് നിര്‍ത്തുന്നത്. തനിക്ക് പ്രമോഷന്‍ കിട്ടാതെ പോയതും മറ്റും ഇന്ദിര ഉള്‍പ്പെട്ട നക്‌സലൈറ്റ് കേസ് കാരണമായി എന്നാണ് മോഹനന്‍ പറയുന്നത്. ഇതിന്റെ പേരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാനും അയാള്‍ മടിക്കുന്നില്ല. നക്‌സലൈറ്റ് ആക്ഷനില്‍ പങ്കെടുത്ത പലരും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത് ഇന്ദിര കാണുന്നുണ്ട്. നേതാവായ ചന്ദ്രശേഖരന്‍ അതില്‍ ഒരാളാണ്. തിരക്കുള്ള അഭിഭാഷകനായി മാറിയ ചന്ദ്രശേഖരന്‍ പഴയ കഥകളൊന്നും ഓര്‍ക്കാൻ ഇഷ്ടപ്പെടുന്നില്ല. അതില്‍ ആവേശം കൊള്ളാനും വയ്യ. അതൊക്കെ ചെറുപ്പത്തിന്റെ എടുത്തുചാട്ടം മാത്രമായാണ് കാണുന്നത്. ഇന്ദിരയുടെ സഹോദരി സാവിത്രിയും പഴയ വിപ്ലവത്തെ ചോദ്യംചെയ്യുന്നുണ്ട്. ഇതുകൊണ്ടെല്ലാം എന്തുനേടി എന്ന ചോദ്യം. നാട്ടുകാരെ നന്നാക്കാന്‍ ചേച്ചിക്ക് ആവുമോ എന്ന ചോദ്യം. ഇതിനൊന്നും അവളുടെ മനസ്സില്‍ ഉത്തരമില്ല. എന്നാല്‍, വിപ്ലവത്തിന്റെ, തത്സമയ പ്രതികരണത്തിന്റെ ഒരു കനല്‍ അവളില്‍ കെടാതെ കിടക്കുന്നുണ്ട്.
ഇന്ദിരയെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാവുകയാണ്. അത് ഇന്ദിരയിലും റഷീദിലും വലിയ ആഹ്ലാദവും ആത്മവിശ്വാസവും ജനിപ്പിക്കുന്നുണ്ട്. അവരുടെ ഇഷ്ടവും അടുപ്പവും കൂടുതല്‍ ദൃഢമാവുകയാണ്. തന്നെ പറ്റി എന്തറിയാം എന്ന റഷീദിന്റെ ചോദ്യത്തിന് പേര് റഷീദ്, ജാതി പുരുഷന്‍, മതം മനുഷ്യന്‍ എന്നാണ് ഇന്ദിര മറുപടി പറയുന്നത്. അതിലപ്പുറം ഒന്നും അറിയേണ്ടതില്ല എന്നാണ് സൂചന. ഇന്ദിരയെ തിരിച്ചു കിട്ടുന്നു എന്നത് സഹോദരി സാവിത്രിക്കും ഭര്‍ത്താവ് പ്രഭാകരനും ആശ്വാസം പകരുന്ന സംഭവമാണ്. ധാര്‍മികരോഷത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന, ചേച്ചിയെ ശത്രുവായി കാണുന്ന രവിയുടെ മനസ്സും മാറുന്നുണ്ട്. ചേച്ചിയോട് മാപ്പു ചോദിക്കാന്‍ അവന്‍ സന്നദ്ധനാവുന്നു.
ആരുടെ മുന്നിലും തല കുനിക്കരുത് എന്നാണ് ഇന്ദിര അവന് നല്‍കുന്ന ഉപദേശം. മാറ്റത്തിന്റെയും ശുഭസൂചനകളുടെയും അന്തരീക്ഷത്തിന് അധികം ആയുസ്സുണ്ടാവുന്നില്ല. ചിരകാല സുഹൃത്തായ ശാരദയോട് യാത്ര ചോദിക്കാനുള്ള പോക്കില്‍ എല്ലാം അവസാനിക്കുകയാണ്. വെടിവെച്ചു പിടിച്ച കാട്ടുപക്ഷിയുടെ തൂവല്‍ പറിക്കുന്ന പുറംപണിക്കാരിയുടെ ചിത്രമാണ് ഇന്ദിര ആദ്യം കാണുന്നത്. ശാരദയെ അന്വേഷിച്ച് വീട്ടിനുള്ളിലേക്ക് കയറുന്ന ഇന്ദിര മറ്റൊരു പക്ഷിയെ പിച്ചിച്ചീന്തുന്നതിന് സാക്ഷിയാവുന്നു. മാളു എന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജന്‍. ആ കാഴ്ച ഇന്ദിരയെ സ്ത്രീത്വത്തെ ചവിട്ടിമെതിച്ച പല ഓര്‍മകളിലേക്കും കൊണ്ടുപോവുന്നു. രാജന്‍ വേട്ടക്ക് ഉപയോഗിക്കുന്ന തോക്കെടുത്ത് ഇന്ദിര അയാളെ വെടിവെക്കുന്നു. ‘‘സോറി എനിക്ക് എന്നില്‍നിന്ന് ഒളിച്ചോടാന്‍ വയ്യ റഷീദ്’’ എന്നാണ് ഇന്ദിര ഒടുവില്‍ പറയുന്നത്. വീണ്ടും പൊലീസ് വാഹനത്തിലേക്ക് കയറുന്ന ഇന്ദിര പുതിയൊരു പോരാട്ടത്തിന് നാന്ദി കുറിക്കുകയാണ് എന്നുവേണം കരുതാന്‍.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.