ഗോവ ഐ.എഫ്.എഫ്.ഐ യിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകളിലൂടെയും ചലച്ചിത്ര വിശേഷങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ. 2025 നവംബർ രണ്ടാം പകുതിയിൽ പനാജിയിൽ നടന്ന ഇന്ത്യയുടെ 56ാമത് രാജ്യാന്തര ചലച്ചിത്രമേള, ലോക സിനിമയുടെ പുതുഭാവങ്ങളും നോട്ടങ്ങളും വിമർശനവ്യവഹാരങ്ങളും പുതുപ്രതിനിധാനങ്ങളും കലാപരമായി അവതരിപ്പിക്കുന്നു. ഇന്ത്യൻ പനോരമയും മറ്റു ജനപ്രിയവിഭാഗങ്ങളും കൂടുതലും അധീശ പൊതുബോധത്തെ ആവർത്തിച്ചുറപ്പിക്കുന്ന തരത്തിലേക്ക് രണ്ടു പതിറ്റാണ്ടായി മാറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കേരള സിനിമക്കും കേരള ചലച്ചിത്രപ്രവർത്തകർക്കും പ്രാതിനിധ്യം കിട്ടി. പക്ഷേ, പനോരമയിൽ കയറിയ...
ഗോവ ഐ.എഫ്.എഫ്.ഐ യിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകളിലൂടെയും ചലച്ചിത്ര വിശേഷങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ.
2025 നവംബർ രണ്ടാം പകുതിയിൽ പനാജിയിൽ നടന്ന ഇന്ത്യയുടെ 56ാമത് രാജ്യാന്തര ചലച്ചിത്രമേള, ലോക സിനിമയുടെ പുതുഭാവങ്ങളും നോട്ടങ്ങളും വിമർശനവ്യവഹാരങ്ങളും പുതുപ്രതിനിധാനങ്ങളും കലാപരമായി അവതരിപ്പിക്കുന്നു. ഇന്ത്യൻ പനോരമയും മറ്റു ജനപ്രിയവിഭാഗങ്ങളും കൂടുതലും അധീശ പൊതുബോധത്തെ ആവർത്തിച്ചുറപ്പിക്കുന്ന തരത്തിലേക്ക് രണ്ടു പതിറ്റാണ്ടായി മാറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കേരള സിനിമക്കും കേരള ചലച്ചിത്രപ്രവർത്തകർക്കും പ്രാതിനിധ്യം കിട്ടി. പക്ഷേ, പനോരമയിൽ കയറിയ പടങ്ങളെല്ലാം തികച്ചും ജനപ്രിയ വാണിജ്യസിനിമകളായിരുന്നു. ഡോ. ബിജുവിന്റെ പാപ്വന്യൂഗിനിയുമായി സഹകരിച്ച രാജ്യാന്തര നിർമിതി ‘പാപ്പാബുക്ക’ മേളയിൽ ഗാലാ പ്രീമിയർ വിഭാഗത്തിൽ അഭിമാനകരമായി പ്രദർശിപ്പിക്കപ്പെട്ടു.
ആധുനികതയുടെ വിമർശനവിചാരം സിനിമയെ സമകാലികമാക്കുന്നു. ചരിത്രത്തെയും രാഷ്ട്രീയത്തെയും നവീകരിക്കുന്നു. വിഖ്യാതരായ ലോക ചലച്ചിത്രപ്രതിഭകൾ നടത്തുന്ന ആധുനികതാ വിമർശനവും യൂറോപ്യൻ ജ്ഞാനോദയ വ്യവഹാര വിശകലനവും സർഗാത്മകവും വിമർശാത്മകവുമായ ചലച്ചിത്രപ്രതിനിധാനവും ഇന്ത്യയുടെ ലോകമേളയിൽ പുതുസംവാദ സാധ്യതകളുണർത്തുന്നു.
ഗോവയുടെയും കൊച്ചിയുടെയും കേരളത്തിന്റെയും കൊങ്കണതീരത്തിന്റെയും കൊളോണിയൽ ചരിത്രത്തെക്കൂടി തൊട്ടുണർത്തുന്നതായിരുന്നു വിശ്രുത തെക്കുകിഴക്കനേഷ്യൻ സംവിധായകൻ ലാവ് ഡിയസിന്റെ പുതിയ പടമായ മഗല്ലൻ. ആധുനിക മനുഷ്യചരിത്രത്തിലെ നിർണായക നാവികനായിരുന്ന മഗല്ലന്റെ ബയോപിക്കായും പീരിയഡ്മൂവിയായും ആധുനികതയുടെ വിമർശന ചലച്ചിത്രണമായും കാണാവുന്ന ഐതിഹാസികമായ സിനിമയാണീ ഫിലിപ്പിനോ ചലച്ചിത്രകാരൻ സാധ്യമാക്കിയിരിക്കുന്നത്. 2025 മധ്യത്തിൽ പൂർത്തീകരിച്ച സിനിമ ഇതിനകംതന്നെ കാൻ, ടൊറന്റോ, ബി.എഫ്.ഐ ലണ്ടൻ, ന്യൂയോർക് സിനിമാമേളകളിൽ കാണിക്കുകയും ചർച്ചകളുണർത്തുകയും ചെയ്തുകഴിഞ്ഞു.
ഇന്ത്യയിലെ കൊച്ചിയും ഗോവയും പിടിച്ചതിനുശേഷം തെക്കുകിഴക്കനേഷ്യയിലെ മലേഷ്യൻ തീരത്തുള്ള മലാക്കാ തുറമുഖവും തീരദേശങ്ങളും കീഴടക്കുന്ന പോർചുഗീസ് വൈസ്രോയിയായ ആൽബുക്കർക്കും കൂട്ടരും നടത്തുന്ന നരമേധങ്ങളും അധിനിവേശങ്ങളും ആൾനാശങ്ങളും തിരിച്ചടികളുമെല്ലാം ലാവ് ഡിയസ് സംതുലനത്തോടെ അടയാളപ്പെടുത്തുന്നു. മഗല്ലനെന്ന മനുഷ്യവിഷയിയുടെ വ്യക്തിജീവിതവും ദുരിതമനുഭവിച്ചില്ലാതാകുന്ന കുടുംബവും എല്ലാം ഡിയസ് മാനവികമായ കാരുണ്യത്തോടെ പകർത്തുന്നു. തികഞ്ഞ സംയമന സമഭാവനയോടെ ചരിത്രത്തെയും ഭാവനയെയും കലർത്തി സ്ഥലകാലപരാമർശങ്ങളോടെ ആഖ്യാനത്തിൻ ചരിത്രമൂർത്തമായ ചലച്ചിത്രണം. ഐതിഹാസികമായ വികാരവിച്ഛേദവും അനുഭവിക്കാം. ചരിത്രകർതൃത്വങ്ങളുടെ ശക്തമായ തിരിച്ചുവരവായി തികഞ്ഞ രാഷ്ട്രീയ സൂക്ഷ്മതയും സമഗ്രതയും സംതുലനവുമുള്ള തിരപ്പടം സിനിമാവ്യവഹാരത്തെ മാറ്റുന്നു.
തദ്ദേശീയരായ ഏഷ്യൻ ജനതയുടെ പ്രതിരോധവും അധിനിവേശവിരുദ്ധപ്പോരാട്ടവും അവരുടെ പ്രാകൃതവും കിരാതവും അനുഷ്ഠാനപരവുമായ അപചയ സംസ്കാരങ്ങളും തദ്ദേശീയാധീശത്തങ്ങളുംകൂടി സംതുലനത്തിലും ആത്മവിമർശനത്തിലും അടയാളപ്പെടുത്തുന്നു. രാജാവിനും ദൈവത്തിനും കത്തോലിക്കാസഭക്കും വേണ്ടി നടത്തിയ അധിനിവേശങ്ങളും നരമേധങ്ങളും മതാവരോധങ്ങളും പര്യവേക്ഷണങ്ങളും അടരടരായി പരിശോധിക്കപ്പെടുന്നു, നൈതികവിചാരണ ചെയ്യപ്പെടുന്നു. വർത്തമാന ലോകത്തിൻ ആത്മവിചിന്തനമായി സിനിമ മാറുന്നു. പോർചുഗൽ, സ്പെയിൻ, ഫ്രാൻസ്, തായ്വാൻ രാജ്യങ്ങളൊന്നിച്ചു നടത്തിയിരിക്കുന്ന തികച്ചും രാജ്യാന്തരമായ ചലച്ചിത്രനിർമിതി.
ഇത്തരത്തിൽ ഏഷ്യാചരിത്രങ്ങളെ പ്രത്യേകിച്ചും യൂറോപ്യനധിനിവേശം സ്ഥാപിതമായ പതിനാറാം നൂറ്റാണ്ടിനു മുന്നോട്ടുള്ള പ്രബുദ്ധ ചരിത്രങ്ങളെ വെളിപ്പെടുത്തുന്ന വിമർശനനിർമിതികൾ ലാവ് ഡിയസിനിന്നുണ്ടാകേണ്ടത് സിനിമയുടെ വർത്തമാനചരിത്രത്തിൻ ആവശ്യമാണ്. തികച്ചും പ്രാദേശികവും വൈകാരികവുമായ അല്ലെങ്കിൽ സ്ഥലകാലബന്ധമില്ലാത്ത സാർവദേശീയവാദപരമായ പഴയ ഏഴും എട്ടും മണിക്കൂറു നീണ്ട സിനിമാമേള രചനകൾക്കു പകരം രണ്ടരമണിക്കൂറിലൊതുക്കി ലോകമാകെയുള്ള ബഹുജനങ്ങൾക്കും യുവജനതക്കും കാണാനും മനസ്സിലാക്കാനുമാകുന്ന ചരിത്രമൂർത്തമായ രചനകൾ അലക്സാണ്ടർ സൊകുറോവിനെപ്പോലെ ഡിയസിൽനിനിന്നിനിയും ഉണ്ടാകേണ്ടതുണ്ട്. ചരിത്രത്തിൽ അഗാധമായി ആണ്ടിറങ്ങി സിനിമയുടെ പരിധികളെയും പരിമിതികളെയും മറികടക്കുന്ന ഡിയസിന്റെ ലോകോത്തരമായ ഐതിഹാസികചലച്ചിത്രണം പുത്തൻ ലോകാന്തര യാത്രകളിലേക്കു കടക്കുന്നത് നാം കണ്ടറിയുന്നു, അനുഭവിക്കുന്നു. ദി എൻഡ് ഓഫ് ഹിസ്റ്ററി, ഫ്രം വാട്ടീസ് ബിഫോർ തുടങ്ങിയ ഫിലിപ്പൈൻ ചരിത്രത്തെയും സാമൂഹിക സംസ്കാര രാഷ്ട്രീയത്തെയും അഗാധമാക്കിയ ചിത്രങ്ങളിൽനിന്നും പലപടികളും തുരുത്തുകളും കടന്ന് തെക്കുകിഴക്കനേഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഐതിഹാസികാഖ്യാനങ്ങളും പെരുംപേച്ചുകളും മറനീക്കിപ്പുറത്തുവരുന്നത് കാലികവും കലാപരവുമാണ്.
‘ബ്ലാക് ഓക്സ്’ എന്ന ജാപ്പനീസ് തിരപ്പടം ഏറെ സാംസ്കാരിക നാഗരിക പ്രാധാന്യമുള്ള അപൂർവ സിനിമാ നിർമിതിയാണ്. ജപ്പാനിലെ ആദിമനിവാസികളിൽപെടുന്ന മലയിൽ ജീവിക്കുന്ന യുവാവ് ഞാറ്റുപണി പഠിച്ച് കാളയെ മെരുക്കിയുപയോഗിക്കുന്നതിന്റെ കഥയാണിത്. ഗോത്രസമൂഹങ്ങൾ നെൽവയൽകുടികളായി മാറുന്നതിന്റെ സാമൂഹിക ചരിത്രത്തെയാണ് വ്യക്തിപരമായ അറിവുതിരയലായും അരുളനുഭവമായും സെൻ ബൗദ്ധചിത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. എട്ടോളം സെൻ വെറുംകൈ പടചിത്രങ്ങളെ ഉപജീവിച്ച് എട്ടു തുണ്ടുകളായി സിനിമയെ സമ്യക്മാർഗത്തിലേക്കു നയിക്കുന്നു. അവസാന തുണ്ടിലൂടെ ബോധോദയപ്രാപ്തിയിലേക്കും വിശ്വപരിസ്ഥിതിയിലേക്കും ലയിക്കുന്നു.
പ്രപഞ്ചമൈത്രിയെന്ന മെത്തയിലേക്കു വികസിക്കുന്ന ഒരു തികഞ്ഞ മൈത്രേയനായി മേത്തനായി ആദിവാസിയായ യുവാവു മാറുന്നു. വിപസനധ്യാനത്തിലൂടെ ശ്വാസത്തെ മാത്രം ചലച്ചിത്രണംചെയ്യുന്ന മനോപൂർണമായ ചലച്ചിത്രണം സിനിമയെ മാറ്റിയെഴുതി മാറ്റത്തിൻ കലയും ജീവിതവുമാക്കുന്നു. ശബ്ദലേഖനകല സിനിമയുടെ ജീവനാകുന്നു. വിശ്വസാഹോദര്യം നിറയുന്ന അവസാന തുണ്ടിലാണ് സിനിമ മനോഹരമായ ലോകവർണങ്ങളെ ചാലിക്കുന്നത്. അതുവരെ തികഞ്ഞ അനാത്മവാദത്തിലൂടെ കരിവെള്ളരൂപത്തിലാണ് തിരപ്പട ചാലകത. നാഗാർജുനാദികളുടെ മായികവും മാന്ത്രികവും പിന്നെ താന്ത്രികവുമായ ഗൂഢാത്മകവ്യാഖ്യാനമായ ശൂന്യവാദത്തെ മറികടക്കുന്ന ഭൗമികവും ജൈവികവുമായ ഗോതമരുടെ അഥവാ തമിഴക കോതയുടെ അനാത്മവാദവും അനിത്യവാദവും ശക്തവും യുക്തവും മൂർത്തവുമാകുന്ന തികഞ്ഞ അരുളാർന്ന തിരപ്പടമാണ് കറുത്ത കാള.
ഫാദർ, മദർ, സിസ്റ്റർ, ബ്രദർ എന്ന യിം യാർമൂഷിൻ മൂന്നാഖ്യാനങ്ങൾ ഇഴചേർത്ത തിരപ്പടവും തികച്ചും ബോധോദയപരവും മനുഷ്യരെ മോചിപ്പിക്കുന്ന തലത്തിലുമുള്ളതുമാണ്. അയർലൻഡ്, ഫ്രാൻസ്, അമേരിക്ക എന്നീ ലോകരാജ്യങ്ങൾ ചേർന്നു നിർമിച്ചിരിക്കുന്ന ഈ 2025 തിരപ്പടം യൂറോപ്പിൻ കാലികതയാണ്. 2005ലെ ബ്രോക്കൺ ഫ്ലവേസ് യാർമൂഷിന് കാനിലെ ഗ്രാൻഡ്പ്രൈസ് നേടിക്കൊടുത്തിരുന്നു. പ്രായമായ, പണിയെടുക്കുന്ന മക്കളും മാതാപിതാക്കളും തമ്മിലുള്ള കരുണയും വേദനയും സങ്കടവും നിറഞ്ഞ മാനവബന്ധങ്ങളെയും മനസ്സിലാഴത്തിലെഴുതുന്ന തിരപ്പടമാണിത്. സങ്കടസത്യത്തെയും മനുഷ്യജീവിതസത്യമായ വാർധക്യത്തെയും മരണത്തെയും രോഗദൈന്യത്തെയുംകുറിച്ചുള്ള ഗാഢമായ ചലച്ചിത്ര വിലാപവും അനിത്യസമീക്ഷയും കൂടിയായി പടം മാറുന്നു, കാണികളെ മാറ്റുന്നു. കാരുണ്യത്തിലേക്കും സ്നേഹത്തിലേക്കും ഓർമകളിലേക്കും മനുഷ്യബന്ധങ്ങളിലേക്കും അടുക്കാതെ മനസ്സുള്ളവർക്കാർക്കും കൊട്ടകപ്പള്ളിവിടാനാവാത്ത പടമാണ് ഇത്.
സെന്റിമെന്റൽ വാല്യൂ എന്ന യോചീം ട്രയറുടെ പടം കാനിൽ ഗ്രാൻഡ്പ്രൈസ് നേടിയതാണ്. പ്രായമായ പിതാവും പെൺമക്കളും തമ്മിലുള്ള ബന്ധങ്ങളെയും പൊരുത്തക്കേടുകളെയും സൂക്ഷ്മമായി ചിത്രീകരിക്കുന്ന മനുഷ്യബന്ധ രചനയാണിതും. വലിയ ചലച്ചിത്രകാരനായ പിതാവ് നിർമിക്കുന്ന പുത്തൻപടത്തിലേക്ക് മകളെ ക്ഷണിക്കുന്നുവെങ്കിലും സാധിക്കുന്നില്ല. കലാകാര കർതൃത്വവും കുടുംബ പശ്ചാത്തലവും പുരാതനകുടിയും ചുറ്റുപാടും സർവോപരി ഭൂതകാലവും എങ്ങനെ കർതൃത്വത്തെയും വർത്തമാന ചരിത്രത്തെയും നിർണയിക്കുന്നുവെന്നു വളരെ വൈയക്തികവും മാനവസൂക്ഷ്മതലത്തിലും അടയാളപ്പെടുത്തുന്നു. തിരപ്പടകാരനായ ഗുസ്താവിന്റെ മാതാവ് നാസികളുടെ പീഡനപരമ്പരകളുടെ മാനസികാഘാതത്തിലാണ് മരിച്ചതെന്ന ചരിത്രവസ്തുതയുംകൂടി ഈ കുടുംബകഥ പുറത്തുകൊണ്ടു വരുന്നു, ഹോളോകോസ്റ്റ് ചരിത്രവുമായി ആഴത്തിലിഴചേരുന്നു. ഫാഷിസത്തിൻ ചരിത്രവർത്തമാനങ്ങൾ എങ്ങനെ മനുഷ്യസമൂഹത്തെ നിർണയിക്കുകയും കലാനിർമിതികളെപ്പോലും സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് സൂചിതമാക്കപ്പെടുന്നു.
ഷേക്സ്പിയർ നാടകങ്ങളിന്നും ആഫ്രിക്കൻ ചലച്ചിത്രകാരരെപ്പോലും വിടുന്നില്ല. ബുർകിനഫാസോയിലെ ഡാനി കൗയാതേ എന്ന യുവസംവിധായകൻ എടുത്ത കതങ്ക ദ് ഡാൻസ് ഓഫ് ദ് സ്കോർപിയൻ എന്ന പടം കരിവെള്ള തിരശ്ശീലയിൽ പകർന്നാടിയെങ്കിലും പോളാൻസ്കിയും കുറോസാവയുമെല്ലാമെടുത്ത മാക്ബത്തിൻ അനുവാദനങ്ങളുമായി നോക്കുമ്പോൾ മികച്ചതായി മാറുന്നില്ല. സമകാലികതലവും കുറവാണ്. അഭിനേതാക്കളുടെ പ്രകടനവും കഥാപാത്ര ചിത്രണവും ചലച്ചിത്രത്തെ രസകരമാക്കുന്നു. കറുത്ത ലേഡി മാക്ബത്ത് വ്യതിരിക്തമായ ഒരു നരവംശീയ ബിംബമായി മാറുന്നു.
ദ ബോട്ടണിസ്റ്റ് എന്ന കസാഖ്-മാൻഡാരിൻ തിരപ്പടം വിപുലവും വിസ്മയകരവുമായ വംശീയബന്ധങ്ങളെയും മാനവസ്നേഹത്തെയും അടയാളപ്പെടുത്തുന്നു. ചീനയുടെ വടക്കുപടിഞ്ഞാറേ അതിർത്തിയിൽ കസാഖ് സംസ്കാര മേഖലയിൽ വളരുന്ന സസ്യശാസ്ത്രതൽപരനായ ഗ്രാമീണനായ ആൺകുട്ടിയും മാൻഡാരിൻ ഹാൻവംശജയുമായ പെൺകുട്ടിയും തമ്മിലുള്ള അടുപ്പവും നിത്യസ്നേഹവും ആഴമേറിയതാണ്. പക്ഷേ അനിത്യമായ മാനവബന്ധങ്ങളുടെ യാഥാർഥ്യത്തെ കാഴ്ചപ്പെടുത്തി അവൾ ഷാങ്ഹായിയെന്ന തുറമുഖ പട്ടണത്തിലേക്കു പോകുന്നു. ആയിരം കാതമകലെയാണെങ്കിലും കാലമേറേപ്പോയെങ്കിലും നായകൻ ഓർമിക്കുന്നു. ഓർമകളിലൂടെ ജീവിക്കുന്നു. പച്ചയായ ഓർമകളുടെ പകർച്ചയായി ചലച്ചിത്രം മാറുന്നു. സത്യസങ്കടങ്ങളുടെ ചലച്ചിത്രണം ജിങ്-യീ എന്ന യുവസംവിധായകരെ ഈ ആഴമേറിയ രചനക്ക് ബർലിനിൽ പുരസ്കാരം നേടിക്കൊടുത്തു. ചൈതന്യ തംഹാനേ, നീരജ് ഖയവാൻ തുടങ്ങിയ യുവസംവിധായകരുടെ പുതുരചനകളുമായി താരതമ്യമുണർത്തുന്ന കലാകാരനാണ് യീ. സാമൂഹിക-നരവംശീയ പ്രശ്നങ്ങളെ സൗമ്യമായും കലാപരമായും അവതരിപ്പിക്കാനുള്ള മികവ് കാണേണ്ടതാണ്.
ചൈനീസ് പടങ്ങൾ മനുഷ്യജീവിത ദുരിതങ്ങളെയും സങ്കടങ്ങളെയും ആഴത്തിലും അടുപ്പത്തിലുമവതരിപ്പിക്കുന്നു. നവോദാര പിൽക്കാല മുതലാളിത്ത ചീനയുടെ മാനവദുരന്തം മുഴുവൻ ഒപ്പിയെടുക്കാൻ ഗേൾസ് പോലുള്ള ചീനാത്തിരപ്പടങ്ങൾക്കു കഴിഞ്ഞു. ഭ്രാന്തമായ മുതലാളിത്ത മത്സരസാമ്രാജ്യമായി ചീന മാറിക്കഴിഞ്ഞു. മനുഷ്യജീവിതത്തിനും കുട്ടികൾക്കും പെണ്ണുങ്ങൾക്കുമൊന്നും ഒരു വിലയുമില്ല. ദുർബലരും നിരാലംബരും വലിയ വിലകൊടുക്കേണ്ടിവരുന്നു. കമ്യൂണിസത്തിൻ അനന്തരം ഭീകരമാകുന്നു. അവരുടെ ജീവിതം എരിഞ്ഞുതീരുന്നു. പട്ടിണിയും പരിവട്ടവും വിഭവമില്ലായ്മയും ബഹുജനങ്ങളെ വിഴുങ്ങുന്നു.
അവരുടെ ദുരന്തജീവിതം വാർത്തയല്ലാതാകുന്നു. ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ഏറെ അടുത്തുള്ള ചീനാ സിനിമയുടെയും തെന്നേഷ്യൻ രാജ്യങ്ങളുടെയും കൂടുതൽ സിനിമകളാണ് ഇന്ത്യൻ മേളകളിൽ കാണിക്കേണ്ടത്. ആത്മവിചിന്തനവും ആത്മവിമർശനവും മാത്രമേ കലയെയും സമൂഹത്തെയും മൂന്നോട്ടുകൊണ്ടുപോകൂ. വലിയ വികസന വായ്ത്താരികളും വാഴ്ത്തുപാട്ടുകളും പാരിസ്ഥിതിക നേട്ടവാദങ്ങളുമെല്ലാം പലയിന്ത്യൻ പനോരമ നോൺഫിക്ഷൻ രചനകളിലും പ്രസംഗ പൈങ്കിളിയാടുന്നതു കാണാം. ഡോക്യുമെന്ററിയെപോലും ഭരണകൂടാധീശപ്രചാരണായുധമായി ഉപയോഗിക്കുന്നതും പനോരമയിൽ കണ്ടു. ഇന്റർസെക്ഷനൽ യാഥാർഥ്യങ്ങളെയും മനുഷ്യാനുഭവങ്ങളെയും പ്രതിനിധാനംചെയ്യുന്ന സിനിമകളുടെ പരിമിതിയുണ്ട് 2025ലെ ഇന്ത്യൻ മേളയിൽ. സവർക്കറുടെ ബയോപിക്കിനെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമാക്കുന്ന 2024ലെ അവസ്ഥയിൽനിന്നും നേരിയ വ്യതിയാനം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.