സഹസംവിധായക വേഷത്തിൽനിന്ന് അഭിനയരംഗത്തേക്ക് വരുന്നതും ‘ബട്ടർഫ്ലൈസ്’ സിനിമയിലെ ചില അണിയറ കഥകളുമാണ് ഇത്തവണ പറയുന്നത്.
ബംഗളൂരുവിൽ സോമേശ്വര സ്വാമി ക്ഷേത്രത്തിനടുത്തുള്ള ഗംഗ ഹോട്ടലിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. ‘ബട്ടർഫ്ലൈസ്’ സിനിമക്ക് വേണ്ടി തീരുമാനിച്ച ലൊക്കേഷനുകള്‍ ഒന്നുകൂടി കണ്ട് വേണ്ട നിർദേശങ്ങള്‍ തന്ന് രാജീവേട്ടനും സുരേഷേട്ടനുമൊക്കെ ആശ്രയ ഇന്‍റര്‍നാഷനൽ ഹോട്ടലിലേക്ക് മാറി. അഭിനേതാക്കളെല്ലാം അവിടെ ആയിരുന്നു താമസിക്കുന്നത്.
കൊരമംഗലയിലെ ഒരു മാന്‍ഷനില്‍ കുട്ടികള്‍ വെളുപ്പാന്‍കാലത്ത് ആരെയും ഉണര്‍ത്താതെ എഴുന്നേറ്റ് പുറത്തേക്ക് പോകുന്ന സീനായിരുന്നു ആദ്യ ദിവസം ഷൂട്ട് ചെയ്തത്. സെറ്റില്‍ സുരേഷായിരുന്നു ക്ലാപ്പടിച്ചത്. ജെ. വില്യംസ് എന്ന കാമറാമാന്‍റെ മുന്നില്‍ ക്ലാപ് അടിക്കണമെങ്കില്‍ അസാധാരണമായ ധൈര്യം വേണമെന്ന് ആദ്യദിവസംതന്നെ സുരേഷ് മനസ്സിലാക്കി. തെറ്റിയാലുള്ള ചീത്തവിളിയുടെ കാഠിന്യം അത്രമേല്‍ ശക്തമായിരുന്നു. എല്ലാ കാര്യങ്ങളും, എന്തും ചെയ്യുമെന്ന ഒരു സ്വഭാവം സുരേഷിനുണ്ടായത് അതോടെ തീർന്നുകിട്ടി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ എന്‍റെയടുത്ത് വന്നു: ‘‘അണ്ണാ നമ്മ്ക്കീപ്പണി പറ്റൂല... ഞാന്‍ പരിപാടി നിര്‍ത്തീട്ട് പോണ്...’’ അപ്പോള്‍ വിനുവും അരികിലുണ്ടായിരുന്നു. അന്നേരം വിനോദ് പറഞ്ഞു:
‘‘സുരേഷേ നീയിതാഗ്രഹിച്ചിട്ട് വന്നതല്ലേ... ഇപ്പൊ വിട്ടിട്ട് പോയാപ്പിന്നെ ഒരിക്കലും ഇതിനകത്ത് കേറാന്‍ പറ്റൂലാ... നിക്കണോ പോണോന്ന് നീ തന്നെ തീരുമാനിക്ക്...’’
‘‘എന്തുപറഞ്ഞിട്ടാ നീ ഇവിട്ന്ന് പോകാന്‍ പോണത്... ക്ലാപ് അടിക്കാന്‍ പറ്റില്ലാന്നോ... അതോ വില്ലിയേട്ടന്‍ ചീത്ത വിളിക്ക്ന്ന്ന്നോ... എത്രയോ ആള്‍ക്കാര്‍ എന്തെങ്കിലും കിട്ടിയാ മതീന്ന് പറഞ്ഞ് നിക്ക്ണ്... കളഞ്ഞിട്ട് പോവല്ലേ...’’
ആ സുരേഷിന്‍റെ ആദ്യ സംവിധാന സംരംഭത്തിനു തിരക്കഥ എഴുതിയത് ഞാനായിരുന്നു –‘ഭാരതീയം’. സുരേഷ് ഗോപിയും സുഹാസിനിയുമൊക്കെ അഭിനയിച്ച ചിത്രം. അതിനുശേഷം അവന്‍റെ സംവിധാനത്തിനു കീഴില്‍ മോഹന്‍ലാലും ബിജു മേനോനും മുകേഷുമൊക്കെ അഭിനയിച്ചു. സിനിമ എപ്പോഴും അങ്ങനെയാണ്.
ഉള്ളില്‍ അമിതമായ ആഗ്രഹമുണ്ടെങ്കില്‍, അതിനോട് അദമ്യമായ സ്നേഹമുണ്ടെങ്കില്‍ അത് നമ്മളെ കൂടെ ചേര്‍ക്കും. തിരക്കഥയെഴുത്തിനു കൂടെയിരുന്നപ്പോള്‍ ഓരോ ചെറിയ കാര്യങ്ങള്‍പോലും എഴുതിവെച്ച ഒരു കുഞ്ഞു നോട്ട്ബുക്ക് ഞാനെപ്പോഴും പാന്‍റ്സില്‍ കരുതിയിരുന്നു. ഐശ്വര്യ അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ ഭൂതകാലത്തില്‍ അവളുടെ ഇരട്ട സഹോദരിയുടെ കാമുകനായി ഒരാളുടെ ഫോട്ടോ ഗണേഷിന്‍റെ കഥാപാത്രം പറയുന്ന സീനില്‍ കാണിക്കാന്‍ ഫോട്ടോ ക്രിയേറ്റ് ചെയ്യാന്‍ ആര്‍ട്ട് ഡയറക്ടർ വന്നു. ഐശ്വര്യയും അവളുടെ അച്ഛനായി അഭിനയിക്കുന്ന നാസര്‍ സാറിനൊപ്പം നിൽക്കുന്ന അവളുടെ കാമുകന്‍. രാജീവേട്ടന്‍ വിളിച്ചുകൊണ്ടുവന്ന മുത്തുരാജ് ആയിരുന്നു ലിസ്റ്റില്‍ ഫോട്ടോ ഉള്ള കാര്യം ചോദിച്ചത്. സാബു സിറിലിന്‍റെ കൂടെ ആയിരുന്നു അന്ന് മുത്തുരാജ് ജോലിചെയ്തോണ്ടിരുന്നത്. ‘ബട്ടർഫ്ലൈസി’ൽ ആയിരുന്നു മുത്തുരാജ് ആദ്യമായി സ്വതന്ത്രനാവുന്നത്. അന്ന് മധു ചെങ്ങന്നൂരും ആര്‍ട്ട് ഡയറക്ടറായി കൂടെയുണ്ടായിരുന്നു.
സിനിമയുടെ ടൈറ്റില്‍ ലിസ്റ്റ് എഴുതിക്കൊടുത്തപ്പോള്‍ മധു ചെങ്ങന്നൂരിനൊപ്പം മുത്തുവിന്‍റെ പേരും ചേര്‍ത്തു. സത്യത്തില്‍ മുത്തു ആയിരുന്നു അന്ന് കൂടുതല്‍ കാര്യങ്ങളും ചെയ്തത്. ലഞ്ച് ബ്രേക്കിന്‍റെ സമയത്താണ് അടുത്ത ദിവസത്തേക്കുള്ള പ്രോപര്‍ട്ടീസിന്‍റെ ഡീറ്റെയില്‍സ് ഞങ്ങള്‍ രാജീവേട്ടനൊപ്പമിരുന്ന് തീരുമാനിക്കുന്നത്. എല്ലാ പ്രോപ്സും ഉണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള സ്പെഷല്‍ പ്രോപ്സ് വേണമെന്നോ അല്ലെങ്കില്‍ അത് എസ്റ്റാബ്ലിഷ് ചെയ്യുമ്പോള്‍ വേണ്ട കാര്യങ്ങളുമൊക്കെ അപ്പോള്‍ തീരുമാനിക്കും. ആ സമയത്താണ് ഇങ്ങനെയൊരു ഫാമിലി ഫോട്ടോ ആവശ്യമായി വന്നത്. ആ സമയത്ത് സുരേഷ് തന്നെയാണ് പറയുന്നത്: അണ്ണാ നമുക്ക് മധു അണ്ണനെ അഭിനയിപ്പിക്കാം. രാജീവേട്ടനും എല്ലാവരും എന്നെ നോക്കി. ‘തങ്കക്കൊലുസ്സി’ലും അങ്ങനെയൊരാവശ്യമുണ്ടായപ്പോള്‍ മധു ചെയ്തതാണെന്ന് രാജീവേട്ടന്‍ പറഞ്ഞു. ആ നിമിഷംതന്നെ സിനിമയുടെ മേക്കപ്പ് മാന്‍ ശങ്കറേട്ടനെ വിളിച്ച് എന്നെ മേക്കപ്പ് ചെയ്യാന്‍ ഏര്‍പ്പാടാക്കി.
ശങ്കറേട്ടനു മുന്നില്‍ ഇരിക്കുമ്പോള്‍ ആദ്യം അദ്ദേഹംചെയ്തത് എന്‍റെ മുടി മുഴുവനായി പിന്നിലേക്ക് മാടിയൊതുക്കുകയായിരുന്നു. എന്നിട്ട് എന്‍റെ മുഖം അതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വശങ്ങളില്‍നിന്നും ദൂരെമാറിയുമൊക്കെ നോക്കാന്‍ തുടങ്ങി.
‘‘എന്ത് ശങ്കറേട്ടാ, നമ്മള് ഫസ്റ്റൈമൊന്നുമല്ലല്ലോ കാണണത്...’’
ശങ്കറേട്ടന്‍ എന്‍റെ മുഖം നനഞ്ഞ തുണികൊണ്ട് വൃത്തിയായി തുടച്ചു. എന്നിട്ട് ഫൗണ്ടേഷന്‍ ക്രീംകൊണ്ട് നെറ്റിയില്‍ ഒരു ഗോപിക്കുറി വരച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഞാന്‍ മേക്കപ്പിട്ട ആള്‍ക്കാരൊക്കെ വലിയ നടമ്മാരും നടികളുമൊക്കെ ആയിട്ടുണ്ട്. നീയും ഒരു നടനാവും...’’
‘‘ശങ്കറേട്ടാ നമ്മളെ മൈന്‍റില്‍ അതെന്തായാലും ഇല്ല... ഞാനൊരു സംവിധായകനാവും. അതാണ് നമ്മടെ എയിം...’’
‘‘സംവിധായകനായാല്‍ എന്താ നടനാവൂലേ....നിന്നെ ആരെങ്കിലും ഇതുവരെ മേക്കപ്പ് ചെയ്തിട്ടുണ്ടോ... അതെനിക്കറിഞ്ഞാ മതി...’’
ഞാനൊരു നിമിഷം കണ്ണടച്ചു. ജൂഡിന്‍റെ കൂടെ ‘ശരറാന്തല്‍’ എന്ന സീരിയലില്‍ അഭിനയിച്ചപ്പോഴും അസിസ്റ്റന്‍റ് ആയിരുന്നു, അതായിരുന്നു ആദ്യമായി കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്, അന്നും ആരും മേക്കപ്പ് ചെയ്തില്ല. പിന്നെ ‘തങ്കക്കൊലുസ്സി’ലും അസിസ്റ്റന്‍റ് ആയിരുന്നു. അഭിനയിക്കാന്‍ കാമറക്ക് മുന്നിലെത്തിയത് സെറ്റില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണ്. സമയം പോകുന്നതുകൊണ്ട് അന്നും ആരും എന്നെ മേക്കപ്പ് ചെയ്തില്ല. ഞാന്‍ കണ്ണുതുറന്നു.
‘‘ശരിയാ ശങ്കറേട്ടാ, എന്നെ ആദ്യായിട്ട് മേക്കപ്പ് ചെയ്യണത് നിങ്ങളുതന്നെയാ... പക്ഷേ, ഈ സിനിമേലു ഞാന്‍ കാമറക്ക് മുന്നിൽ വര്ണില്ല... ഒരു ഫോട്ടോ മാത്രം... അത്രയേയുള്ളൂ...’’
‘‘എന്നാലെന്താ സിനിമേലുണ്ടല്ലോ... അപ്പോ ആദ്യായിട്ട് ഞാന്‍ മേക്കപ്പ് ചെയ്തേന്‍റെ ഗുണമുണ്ടാവും...’’
സുരേഷ് മെര്‍ലിന്‍ എന്ന സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ കാമറയുടെ മുന്നില്‍ നാസര്‍ സാറിനും ഐശ്വര്യക്കുമൊപ്പം കുറെ സ്റ്റില്‍സെടുത്തു. പിറ്റേദിവസം ഗണേശന്‍ മോഹന്‍ലാലിനു മുന്നില്‍ കഥപറയുമ്പോള്‍ കാണിക്കുന്ന ആൽബത്തില്‍ എന്‍റെ ഫോട്ടോയും ചേര്‍ത്ത് സീനെടുത്തു.
പക്ഷേ, എഡിറ്റിങ് സമയത്ത് സീന്‍ ഓര്‍ഡര്‍ ചെയ്യാനായി എഡിറ്റര്‍ എന്‍. ഗോപാലകൃഷ്ണന്‍ എന്ന അമ്പിയണ്ണന്‍റെ അസിസ്റ്റന്‍റ് ആദിക്കൊപ്പം ഇരിക്കുമ്പോൾ ഗണേശന്‍ കഥ പറയുന്ന സീനിന്‍റെ ലെങ്ത്ത് കൂടിപ്പോയതായി തോന്നി. ഐശ്വര്യയുടെ ഇരട്ട സഹോദരിയുടെ കഥ പറയുമ്പോള്‍ എന്‍റെ കാര്യമെല്ലാം പറയുന്നത് സിനിമക്ക് അത്ര ആവശ്യമായ ഒരു കാര്യമായി എഡിറ്റ് ചെയ്ത് വന്നപ്പോള്‍ തോന്നിയതുമില്ല. സിനിമയെപ്പോഴും വേഗത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ഒരാകാംക്ഷ നിലനിര്‍ത്തേണ്ടതുകൊണ്ട് ആ പോര്‍ഷനൊക്കെ എഡിറ്റിങ് ടേബിളില്‍തന്നെ മുറിച്ചുമാറ്റപ്പെട്ടു. പക്ഷേ, ശങ്കറേട്ടന്‍റെ വാക്ക് പാഴായില്ല എന്നത് സത്യം. ഞാനാദ്യമായി ഒരു പ്രധാന വേഷംചെയ്ത, ടൈറ്റിലില്‍ എന്‍റെ പേര് ഇൻട്രൊഡ്യൂസ് ചെയ്ത, ‘കാശ്മീരം’ എന്ന സിനിമയുടെ മേക്കപ്പ്മാന്‍ ശങ്കറേട്ടന്‍തന്നെയായിരുന്നു.
ഒരു സിനിമയെപ്പോഴും സംഭവിക്കുന്നത് ഒരുപാട് തടസ്സങ്ങളിലൂടെയായിരിക്കും. ഒരിക്കലും ശാന്തമായൊഴുകുന്ന ഒരു കടലിലെ കപ്പല്‍യാത്രയല്ല സിനിമ. അപ്രതീക്ഷിതമായതാവും പലപ്പോഴും മുന്നിലെത്തുന്നത്. ‘ബട്ടർഫ്ലൈസി’ൽ രാജീവേട്ടന്‍റെ ഒരു സുഹൃത്തായ ആര്‍ക്കിടെക്റ്റ് ചെറിയാന്‍ ‘മൈസൂരാന്‍’ എന്നൊരു കഥാപാത്രം ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ക്കുവേണ്ടി സിനിമയില്‍ മോഹന്‍ലാല്‍ ഒരു ഫൈറ്റ് ചെയ്യുന്നുണ്ട്. മൈസൂരാന്‍റെ കുതിരകളെയെല്ലാം പിടിച്ചുകൊണ്ടുപോയ ഒരു ഗൗഡയോട് പ്രിന്‍സ് ഏറ്റുമുട്ടുന്നു. ഗൗഡയായി അഭിനയിച്ചത് കന്നട സിനിമയിലൊക്കെ അഭിനയിക്കുന്ന സ്റ്റണ്ട് രംഗങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ഇരിട്ടിക്കാരനായ ഒരു ജോണിയായിരുന്നു. പഴനിരാജ് ആയിരുന്നു സംഘട്ടനരംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തത്. ജോണിക്കൊരിക്കലും ടൈമിങ് ഇല്ല എന്നു ഞങ്ങള്‍ക്ക് മനസ്സിലായി. വെറുതെ സ്വയം ബൂസ്റ്റ് ചെയ്ത് വന്ന ഒരാളായിരുന്നു എന്ന് ഒരു ദിവസത്തെ ഷൂട്ടുകൊണ്ടുതന്നെ തിരിച്ചറിഞ്ഞു. ആളെ മാറ്റുക എന്ന തീരുമാനമെടുക്കുന്നത് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെയായിരുന്നു. സിനിമ പൂര്‍ണമാകണമെങ്കില്‍ ഈ ഫൈറ്റ് വെറുതെ ആവരുതെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ കൂടി തൃപ്തിപ്പെടുത്തേണ്ടത് അന്നും ഇന്നും ആവശ്യംതന്നെയാണ്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ദിനേശ് എന്ന ഫൈറ്റര്‍ വന്നു. ദളപതി ദിനേശ് എന്നാണ് ഇന്നദ്ദേഹമറിയപ്പെടുന്നത്. ദിനേശും മോഹന്‍ലാലുമുള്ള ഫൈറ്റ് സീന്‍ തീര്‍ന്ന് കഴിഞ്ഞ അടുത്ത ദിവസം കബ്ബണ്‍ പാര്‍ക്കില്‍ മറ്റൊരു സീനെടുക്കുന്ന രാത്രി നേരത്ത് ജോണിയും ഒരു സുഹൃത്തും കൂടി എത്തുന്നു. അയാളെ സീനില്‍നിന്നും മാറ്റിയതിനെപ്പറ്റി ചോദിച്ച് അവര്‍ പ്രൊഡക്ഷന്‍ മാനേജരുമായി കശപിശയാവുന്നു. സുരേഷേട്ടനുമൊക്കെ ചേര്‍ന്ന് അവരെ സമാധാനിപ്പിച്ച് വിടുന്നു. അന്ന് രാത്രി മുഴുവനും പാര്‍ക്കില്‍തന്നെയായിരുന്നു ഞങ്ങളുടെ ഷൂട്ടിങ്. ഒരുമണിയൊക്കെ കഴിഞ്ഞപ്പോള്‍ ജോണി കുറെ ആളുകളുമായി ചേര്‍ന്ന് വീണ്ടും പാര്‍ക്കില്‍ എത്തുകയും അതൊരു വലിയ വഴക്കായി തീരുകയും ചെയ്തു. നോക്കിയിരിക്കെ സിനിമ സ്റ്റണ്ടിനേക്കാള്‍ ഭീകരമായ ഒരു സംഘട്ടനമായിരുന്നു നടന്നത്. അതിന്‍റെ അലയൊലികള്‍ പിന്നെയും കുറച്ച് ദിവസം ഞങ്ങളെ അലോസരപ്പെടുത്തിയിരുന്നു.
ബംഗളൂരുവിൽ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിനൊപ്പം ഒരു ജിപ്സി ജീപ്പ് കൂടി ഉണ്ടായിരുന്നു. ഒരു കാര്‍ റേസ് ഡ്രൈവര്‍ എന്ന രീതിയില്‍ ഏത് തിരക്കിലും ഏത് വഴിയിലും അതിവേഗത്തില്‍ ഓടിക്കാനാവുന്ന ഒരു വാഹനം. അത് ജിപ്സി ആകാമെന്ന് തീരുമാനിക്കുന്നു. ജിപ്സി അന്നത്തെ ഒരു ട്രെന്‍റ് വെഹിക്ക്ള്‍ ആയിരുന്നു. ആ കാര്‍ സുരേഷേട്ടന്‍ വാങ്ങിക്കുകയാണ് ചെയ്തത്. കാരണം ഷൂട്ട് തീരുന്നതുവരെ അത് നമ്മോടൊപ്പം ഉണ്ടാവണം. വാഹനങ്ങള്‍ ഷൂട്ടിന്‍റെ ഭാഗമായി വാടകക്ക് എടുത്താല്‍ ഭീമമായ തുക ചിലപ്പോള്‍ വന്നേക്കും അത് ചിലപ്പോള്‍ ഒരു ജീപ്പ് വാങ്ങുന്ന അത്രതന്നെ ആയേക്കും. സ്വന്തമായാവുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. അങ്ങനെയൊരു ജീപ്പ് വാങ്ങിയപ്പോള്‍ അത് കുറച്ച് അട്രാക്ടിവ് ആവുന്ന രീതിയില്‍ വേണമെന്ന് തീരുമാനിച്ച് രാജീവേട്ടന്‍ ജിപ്സിയുടെ വാതിലുകള്‍ ചിത്രശലഭത്തിന്‍റെ ചിറകുകള്‍പോലെ ഡിസൈന്‍ ചെയ്തു. വരച്ച് തീര്‍ത്ത ആ ചിത്രം വാഹനത്തില്‍ പെയിന്‍റ് ചെയ്യാന്‍ വര്‍ക്ക് ഷോപ്പ് അന്വേഷിച്ചപ്പോഴാണ് ജോളി ബാസ്റ്റിന്‍ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്.
അയാള്‍ കന്നട സിനിമകളില്‍ ഡ്യൂപ് ആയി ഫൈറ്റ് സീനില്‍ അഭിനയിക്കുകയും അതിവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കാനാവുന്ന ഒരു ഡ്രൈവറുമായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ കന്നടയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ രവിചന്ദ്രയുടെ ഡ്യൂപ് ആയി സാഹസരംഗങ്ങളില്‍ അഭിനയിച്ച് പേരെടുത്ത ഒരു മലയാളി. അച്ഛനപ്പൂപ്പന്മാരായി ആലപ്പുഴയില്‍നിന്നും ബംഗളൂരുവിലേക്ക് വന്ന് ജീവിതം തുടങ്ങിയവര്‍. അവര്‍ക്ക് വാഹനങ്ങള്‍ നന്നാക്കുന്നൊരു വര്‍ക്ക് ഷോപ് ഉണ്ടായിരുന്നു. ജിപ്സി ജോളിയെ ഏൽപിച്ച് ഇന്ന് സിനിമയില്‍ കാണുന്നതുപോലെ മനോഹരമാക്കി ജോളി തന്നെ അതിവേഗത്തില്‍ ഓടിച്ച് ലൊക്കേഷനില്‍ കൊണ്ടുവരുകയുംചെയ്തു. ആ വരവുതന്നെ അതിമനോഹരമായൊരു ദൃശ്യമായിരുന്നു. സിനിമയില്‍ ലാല്‍ സാര്‍ ജീപ്പ് അസാധാരണമായ വേഗത്തില്‍ നഗരത്തിലൂടെ ട്രാഫിക് റൂള്‍സ് തെറ്റിച്ചു ഓടിക്കുന്ന സീനില്‍ ഡ്രൈവറായി ജോളിയെത്തന്നെ ഉപയോഗിക്കാമെന്ന് അന്ന് തീരുമാനിച്ച് ജോളിയോട് ചോദിച്ചു.
ഏറെ സന്തോഷത്തോടെയായിരുന്നു ജോളി അത് സ്വീകരിച്ചത്. പിന്നീട് എല്ലാ ദിവസവും ജോളി ഞങ്ങളൊടൊപ്പമുണ്ടായിരുന്നു. ഒരുപാട് സിനിമകളില്‍ ഫൈറ്റ് സീനില്‍ അഭിനയിച്ച് ജോളി സിനിമകള്‍ക്ക് ഫൈറ്റ് കമ്പോസ് ചെയ്യുന്ന ഫൈറ്റ് മാസ്റ്റര്‍ ആയി. ‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന ചിത്രത്തില്‍ രണ്ട് ബസുകള്‍ക്കിടയിലൂടെ സെക്കൻഡ്സിന്‍റെ വേഗത്തില്‍ ജീപ്പ് ഓടിച്ചുകയറുന്ന സീനില്‍ പ്രേക്ഷകനെ ശ്വാസമടക്കിപ്പിടിച്ചിരുത്തിയ രംഗത്തില്‍ ജോളി ബാസ്റ്റിന്‍ എന്ന മാസ്റ്ററുണ്ടായിരുന്നു. വേഗതയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന അസാധാരണനായ പ്രതിഭയായിരുന്നു ജോളി ബാസ്റ്റിന്‍. ‘ബട്ടര്‍ഫ്ലൈസി’ൽ ജോളി ഓടിക്കുന്ന ജീപ്പില്‍ കാമറയുമായി ഇരുന്ന് ഷൂട്ട് ചെയ്യാന്‍ വില്യംസേട്ടനും നല്ല താൽപര്യമായിരുന്നു. കാമറകൊണ്ട് സാഹസികമായ ഫ്രെയിമുകള്‍ ഒരുക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാഴ്ചക്ക് വിസ്മയം തീര്‍ക്കുന്നതുപോലെ ജീപ്പ് ചേസ് രംഗത്തിലും രണ്ടു പേരും ഒരു കോംബോ ഒരുക്കുകയായിരുന്നു. മനുഷ്യമനസ്സില്‍ ആശ്ചര്യകരമായ ദൃശ്യപകര്‍പ്പുകളൊരുക്കിയ ആ രണ്ട് മഹാരഥന്മാരും ഇന്ന് നമ്മളോടൊപ്പമില്ല.
യെലഹങ്കയിലെ ഒരു ഫാം ഹൗസിലായിരുന്നു മോഹന്‍ലാലിന്‍റെ കഥാപാത്രമായ പ്രിന്‍സ് ഐശ്വര്യയെ കൊണ്ടുവന്ന് പാര്‍പ്പിക്കുന്നത്. സിനിമയിലൊരുപാട് സീനുകളും പാട്ടുമൊക്കെ അവിടെ ഷൂട്ട് ചെയ്തിരുന്നു. അവരുടെ തന്നെ മുന്തിരിത്തോട്ടത്തിലായിരുന്നു ഒരു പാട്ട് എടുത്തത്. ആ വീട്ടില്‍ ജഗദീഷിനെയും കൽപനയെയും മണിയന്‍പിള്ള രാജുവിനെയും ഒരു മുറിയില്‍ പൂട്ടിയിട്ട് ഐശ്വര്യ രക്ഷപ്പെടുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീനിന്‍റെ തുടക്കത്തില്‍ അവര്‍ മൂന്നുപേരും കൂടി ഐശ്വര്യയെ താമസിപ്പിച്ച മുറിയുടെ അപ്പുറത്തുനിന്നു പറയുന്നത് ഐശ്വര്യ ഒളിച്ചുനിന്ന് കേൾക്കുന്നത് ഒരുദിവസം ഷൂട്ട് ചെയ്തു.
അതു കഴിഞ്ഞ് വേറെയൊരു ദിവസമായിരുന്നു മോഹന്‍ലാല്‍ വന്ന് അവരെ മുറിയില്‍നിന്നും തുറന്നിറക്കുന്നത്. ആ സീനിന്‍റെ കുറേ ഷോട്ട്സ് എടുത്തുകഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയത്. കൽപനയും ജഗദീഷും രാജു ചേട്ടനും കൂടി മുറിയില്‍നിന്ന് സംസാരിക്കുമ്പോള്‍ കൽപന ധരിച്ചിരുന്ന ബ്ലൗസിന്‍റെ നിറം കറുപ്പും അതില്‍ വെളുത്ത പുള്ളികളുമുള്ളതായിരുന്നു. എന്നാല്‍ മുറി തുറന്നിറക്കിയപ്പോള്‍ ബ്ലൗസിന്‍റെ നിറം ജെറ്റ് ബ്ലാക്ക് ആണ്. ബ്ലൗസ് മാറിയിട്ടുണ്ടെന്ന് ഞാന്‍ വിനോദിനോട് പറഞ്ഞു. ഇനിയത് റീടേക്കെടുക്കുന്ന കാര്യം പറഞ്ഞാല്‍ ഈ പരിപാടി ഇന്നുകൊണ്ടവസാനിക്കും. എന്ത് ചെയ്യുമെന്ന് ആലോചിച്ച് അത് കൽപനയോട് പറയാന്‍ തന്നെ തീരുമാനിച്ചു. ആ സമയത്ത് അവരാണ് എന്നെ സഹായിച്ചത്.
‘‘കുഞ്ഞൊന്നുകൊണ്ടും പേടിക്കണ്ടാ...ഞാനിത് സാരികൊണ്ട് മൂടിക്കോളാം. അപ്പ അറിയില്ലല്ല്... മക്കള് പോയി സമാധാനത്തോടെ ഷൂട്ട് ചെയ്യ്...’’
നിറഞ്ഞ കണ്ണുകളോടെയായിരുന്നു ഞാനവരെ നോക്കിയത്. അന്ന് ഇന്നത്തെപ്പോലെ മോണിറ്ററുകള്‍ ഇല്ല. മൊബൈല്‍ കാമറകളില്ല. എടുത്തുകഴിഞ്ഞത് കാണുന്നത് എഡിറ്റിങ് ടേബിളില്‍ അല്ലെങ്കില്‍ ഫിലിം ഡെവലപ്പ് ചെയ്ത് സ്റ്റുഡിയോ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇന്ന് സംവിധാനസഹായികള്‍ ഒരു സീനിലെ ഷോട്ട് തുടങ്ങുന്ന സമയത്തും അവസാനിക്കുമ്പോഴും മൊബൈലില്‍ ഷൂട്ട് ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ആക്ഷന്‍ കണ്ടിന്യൂയിറ്റി നോക്കാനും എന്തെങ്കിലും സംശയം തോന്നിയാല്‍ ഷൂട്ട് ചെയ്തത് മോണിറ്ററില്‍ കണ്ട് നിവര്‍ത്തിക്കാനും കഴിയുന്നു.
കൽപന എന്നെ സഹായിച്ച ആ സീന്‍ അമ്പിയണ്ണന്‍റെ എഡിറ്റിങ് റൂമിലെ മൂവിയോളയില്‍ ഓര്‍ഡര്‍ ചെയ്തത് എഡിറ്റിങ്ങിനായി പലപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോള്‍ ഉള്ളില്‍ പേടിയായിരുന്നു. അമ്പിയണ്ണനരികില്‍ രാജീവേട്ടനും വേണുവും ഒപ്പം ഞാനുമുണ്ടായിരുന്നു. ഷോട്ട് ഓരോന്നായി കൂട്ടിയോജിപ്പിക്കുമ്പോള്‍ എപ്പോഴെങ്കിലും ബ്ലൗസിന്‍റെ നിറംമാറ്റം കണ്ടുപിടിക്കപ്പെടുമോ എന്ന ഭയത്തിലായിരുന്നു ഞാന്‍ നിന്നത്. പക്ഷേ, കൽപനയുടെ ക്ലോസ് അപ് ഷോട്ടില്‍ അവര്‍ സാരിയാല്‍ ബ്ലൗസ് മറച്ചതുകൊണ്ട് നിറം അത്ര വ്യക്തമല്ല. മാത്രവുമല്ല, പ്രേക്ഷകശ്രദ്ധ ആ സമയത്ത് നടക്കുന്ന സീനിന്‍റെ ടെന്‍ഷനിലാവും എന്നും ഞാന്‍ തിരിച്ചറിഞ്ഞു. സിനിമ ഒരു സങ്കരകലയാണ്. അതിനേക്കാള്‍ പരസ്പരം തിരിച്ചറിഞ്ഞുകൊണ്ട് പൂര്‍ത്തിയാക്കേണ്ട ഒരു സ്വപ്നവും. കണ്ടതു മുഴുവനും യാഥാർഥ്യമാവണമെങ്കില്‍ ഒന്നിച്ചുള്ള ഒരു തീര്‍പ്പുണ്ടാവണം. ഒരു മനസ്സുണ്ടാവണം. അത് മാത്രമാണ് വിജയമന്ത്രവും.
എഡിറ്റര്‍ എന്‍. ഗോപാലകൃഷ്ണന്‍റെ എഡിറ്റിങ് കണ്‍സോള്‍ ഒരു പാഠശാലയാണ്. പ്രിയദര്‍ശന്‍ എന്ന ചലച്ചിത്രകാരന്‍റെ ആരംഭകാലത്ത് സിനിമകളെല്ലാം എഡിറ്റ് ചെയ്തത് അമ്പിയണ്ണനായിരുന്നു. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ചിത്രങ്ങള്‍... ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന ചലച്ചിത്രത്തിന്‍റെ നിര്‍മാതാവ്. രാജീവേട്ടന്‍ ചെയ്ത ‘കാശ്മീര’ത്തിെന്റയും ‘തേന്മാവിന്‍ കൊമ്പത്തി’ന്‍റെയും എഡിറ്റിങ് ഒരേ സമയത്തായിരുന്നു. ‘കാലാപാനി’, ‘ഹീരാഫേരി’, ‘വിരാസത്’, ‘കിലുക്കം’, ‘അഭിമന്യു’ തുടങ്ങി ഒരുപാട് സിനിമകള്‍. ആ ചലച്ചിത്രങ്ങളൊക്കെ എഡിറ്റ് ചെയ്ത അമ്പിയണ്ണന്‍റെ മുറിയിലായിരുന്നു ഞാന്‍ ഒരു കമേഴ്സ്യല്‍ സിനിമയുടെ, പ്രേക്ഷകലക്ഷങ്ങളെ ആവേശത്തിലാക്കുന്ന സിനിമകളുടെ പിറവി അനുഭവിച്ചത്. അന്ന് ഫിലിമിലായിരുന്നു ഷൂട്ട് ചെയ്തത്. ഷോട്ട് നമ്പര്‍ അനുസരിച്ച് യോജിപ്പിച്ച ഷോട്ടുകള്‍, അതിന്‍റെ തുടക്കത്തിലുള്ള ക്ലാപ് നമ്പര്‍ വെട്ടിമാറ്റി ഷോട്ടുകള്‍ക്കിടയില്‍ കഥാപാത്രങ്ങളുടെ ചില സൈലന്‍റ് ഷോട്ട്സ് ഇട്ട് സീന്‍ കൊഴുപ്പിക്കുന്ന ഒരു പ്രോസസ്. ഒരു സീന്‍ ഷൂട്ട് ചെയ്തതില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഒരുക്കുന്ന രീതി. ഓരോ ഷോട്ട്സും ഫിലിം സ്പലൈസർ മെഷീനില്‍ വെച്ച് കൂട്ടിച്ചേര്‍ക്കുന്നത് സെലോഫെയ്ന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചിട്ടായിരുന്നു.
‘‘പണ്ട് ഫിലിം ഒട്ടിക്കാന്‍ ടേപ് അല്ലായിരുന്നു... അറിയോ...’’ അമ്പിയണ്ണന്‍ എന്‍റെ മുഖത്തേക്ക് നോക്കി.
‘‘അന്നൊക്കെ സിമന്‍റ് കൊണ്ടാ ഒട്ടിച്ചിരുന്നത്...’’ ഞാന്‍ പെട്ടെന്ന് കയറി പറഞ്ഞു.
ഒട്ടൊരു വിസ്മയത്തോടെ അമ്പിയണ്ണന്‍ ചോദിച്ചു: ‘‘നിനക്കിതെങ്ങനെ അറിയാം... സിമന്‍റ് കൊണ്ട് ഫിലിം ഒട്ടിക്കുന്ന കാലത്ത് നീ മുട്ടിലിഴയാവൂല്ലോ..."
‘‘നാലാം ക്ലാസിലു പഠിക്കുമ്പഴേ എനിക്കറിയാം... അച്ഛന്‍ ഒരു തിയറ്റര്‍ നടത്തിയിരുന്നു. അവിടത്തെ ഓപറേറ്റര്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. മൂപ്പരാ പറഞ്ഞു തന്നത്.... ഫിലിമിന്‍റെ എമൽഷന്‍ ബ്ലേഡോണ്ട് ചുരണ്ടി സ്പലൈസറില്‍ െവച്ച് ഒട്ടിക്കുന്ന പണി പത്താം ക്ലാസിലായപ്പോ ഞാനും ചെയ്തിട്ടുണ്ട്. എന്‍റെ സിനിമ തുടങ്ങണത് അച്ഛന്‍റെ ഓപറേറ്റര്‍ കാബിനിലായിരുന്നു. അവിടെ സ്ലൈഡ് പ്രോജക്ടറിന്‍റെ അരികില്‍ ചുവരിലെ ചതുരത്തിനു താഴെ പൊക്കമുള്ള സ്റ്റൂളില്‍ ഇരുന്നാ ഞാന്‍ സിനിമ കണ്ട് തുടങ്ങിയത്...’’
‘‘സത്യത്തില്‍ നെന്‍റെ സിനിമ ലൈഫ് ഒരു റിവേഴ്സ് പ്രോസസ് ആണല്ലേ... നന്നായി...’’ അനുഗ്രഹത്തിന്‍റെ പ്രകാശം ആ കണ്ണുകളില്‍ എനിക്ക് കാണായി.
‘‘ഓപറേറ്ററുടെ കാബിനില്‍ ഇരുന്ന് സിനിമ കണ്ട് സംവിധായകനായ ഒരു പയ്യന്‍റെ കഥയുള്ള ഒരു സിനിമയുണ്ട്. നീ കണ്ടിട്ടുണ്ടോ...’’
‘‘ഗ്യൂസെപ്പെ ടൊര്‍ണാറ്റോറിന്‍റെ നുവോവോ സിനിമ പാരഡിസോ... എറണാകുളത്ത് ഉണ്ടായിരുന്നപ്പോ ഞങ്ങള്‍ടെ കൊച്ചിന്‍ ഫിലിം സൊസൈറ്റീന്ന് കണ്ടതാ... ഒരു പരിധി വരെ എന്‍റെ കുട്ടിക്കാലം അതിലുണ്ട്...’’
അന്ന് മദ്രാസിലെ ഉമാ ലോഡ്ജിലായിരുന്നു താമസം. മലയാള സിനിമ ചരിത്രത്തില്‍ എഴുതപ്പെട്ട പേര്. സിനിമയുടെ ആവശ്യവുമായി വന്നവരും സിനിമയില്‍ ജോലിചെയ്യുന്നവരുമായ എല്ലാ മലയാളിയുടെയും ആശ്രയസങ്കേതം. രാവിലെ ആവുമ്പോള്‍ സുരേഷേട്ടന്‍റെ ഡ്രൈവര്‍ മാധവണ്ണന്‍ വരും. വന്ന് വിളിക്കുകയൊന്നുമില്ല. കാര്‍ വന്നു എന്ന് അറിയിക്കുകയുമില്ല. വാച്ചില്‍ നോക്കുന്നതുപോലെയാണ് മാധവണ്ണന്‍റെ വരവ്. ഏഴര മണി എന്നു പറഞ്ഞാല്‍ വാച്ചിലും റോഡില്‍ ലോഡ്ജിനു മുന്നിലും ഒരേ സമയമായിരിക്കും. നേരെ ബ്രൗണ്‍സ്റ്റോണ്‍ അപ്പാർട്മെന്‍റ്. രാജീവേട്ടനൊപ്പം അവിടെനിന്ന് പ്രാര്‍ഥന ഡബിങ് തിയറ്റർ. ഡബിങ് കഴിഞ്ഞപ്പോള്‍ അത് സൗണ്ട് സിങ്ക് ചെയ്യാന്‍ സമയമെടുക്കുമെന്ന് ആദി പറഞ്ഞു. വൈകുന്നേരംവരെ ആദിയോടൊപ്പം സ്റ്റീന്‍ ബെക്കില്‍ സൗണ്ട് പാരലല്‍ ചെയ്യുന്നത് കണ്ടിരുന്നു. രാത്രിയുള്ള തിരുവനന്തപുരം മെയിലില്‍ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് കല്ലിയൂര്‍ ശശിയേട്ടന്‍ വിളിച്ചുപറഞ്ഞു.
മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനില്‍ ഡോള്‍ഫിന്‍ രാജയുണ്ടാവും. മാധവണ്ണന്‍ കാറില്‍ സ്റ്റേഷനു മുന്നിലിറക്കി വിട്ടു. സെൻട്രല്‍ സ്റ്റേഷന്‍ എന്നും അഭൂതപൂര്‍വമായ തിരക്കിലാവും. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ലാതെ, വരുന്നവരും പോകുന്നവരുമായി ഒരേ സത്തം. എല്ലാ പ്ലാറ്റ്ഫോമിലും ട്രെയിനുകള്‍ നിരന്നുകിടക്കുന്നു. ചിലതൊക്കെ യാത്ര തുടങ്ങുന്നതിന്‍റെ ബഹളം. ചിലതൊക്കെ പ്ലാറ്റ്ഫോമിലേക്ക് വന്നുകയറുന്നു. യാത്രക്കാര്‍ കയറുകയും ഇറങ്ങുകയുംചെയ്യുന്നു. ആള്‍ക്കൂട്ടത്തില്‍ മുഖങ്ങള്‍ ഇല്ലാതെയാവുന്നു. ടിക്കറ്റ് കണ്‍ഫേം അല്ലെങ്കിലും രാജ എങ്ങനെയെങ്കിലും യാത്രികനെ വണ്ടിയിലേക്ക് ചവിട്ടിക്കയറ്റും. സീറ്റ് ശരിയാക്കുന്നതെന്നും അന്നത്തെ ടിക്കറ്റ് എക്സാമിനര്‍മാരായിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാജയെ കണ്ടു. ടിക്കറ്റ് തന്നു. കണ്‍ഫേം അല്ല. യാത്രകളുടെ ആരംഭകാലത്ത് കണ്‍ഫേം അല്ലാത്ത ടിക്കറ്റില്‍ യാത്രചെയ്യാന്‍ വലിയ പേടി ആയിരുന്നു. ഏതു സമയത്തും എവിടെ വേണമെങ്കിലും ഇറക്കിവിട്ടേക്കാം. അങ്ങനെ ഇറങ്ങിവന്നിട്ടുമുണ്ട്. അതും രാജ തന്ന ടിക്കറ്റില്‍ തന്നെ. അതുകൊണ്ട് ടിക്കറ്റ് വാങ്ങി നോക്കിയപ്പോള്‍ ചോദിച്ചു: ‘‘എന്ത സ്റ്റേഷന്‍ വരേക്ക്... ആര്‍ക്കോണം വരെയ...’’
‘‘എന്ന സാര്‍... കണ്ടിപ്പാ കണ്‍ഫേം ആയിടും സാര്‍... ടി.ടി നമ്മ ആള് സാര്‍...’’
‘‘അപ്പടീന്നാ അവരെ ഇങ്കെയിരുന്തെ ഇൻട്രൊഡ്യൂസ് പണ്ണിട്... ഇല്ലാട്ട തെരിയാമലൊരുത്തന്‍ ന്ന അത് പ്രച്നായിടും...’’
രാജക്ക് അയാള്‍ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായി. അടുത്ത നിമിഷം വാ എന്നു പറഞ്ഞ് ആള്‍ത്തിരക്കിനിടയിലൂടെ രാജ ഊളിയിട്ടു. അയാളുടെ പിറകെ പോകണോ എന്ന് മറുനിമിഷം ഞാനുമാലോചിച്ചു. എന്തായാലും ഇനിയും രാജയുടെ ടിക്കറ്റ് പ്രതീക്ഷിച്ച് കുറേ ആളുകള്‍ വരാനുണ്ട്. തിരുവനന്തപുരം മെയില്‍ കഴിഞ്ഞാല്‍ ആലപ്പുഴ മെയിലുണ്ട്. കേരളത്തിലേക്ക് വരുന്ന എല്ലാ സിനിമക്കാരുടെയും യാത്രയുടെ തീരുമാനം രാജയുടെ കൈയിലാണല്ലോ. ഞാന്‍ രാജയുടെ പിറകെ പോകാതെ രാജ എല്ലാവരോടും വന്നു നിൽക്കാന്‍ പറയാറുള്ള ഹിഗ്ഗിന്‍ ബോതംസിന്‍റെ മുന്നില്‍തന്നെ നിന്നു. പല സിനിമക്കായി വന്ന സിനിമ പ്രവര്‍ത്തകര്‍, പലരെയും സ്റ്റേഷനില്‍ കണ്ടു. അവരുടെയൊക്കെ ആശ്രയവും രാജ തന്നെ ആയിരുന്നു. പരസ്പരം കാണുമ്പോഴുള്ള ചോദ്യവും രാജയെ കണ്ടോ എന്നതായിരുന്നു. കാത്തുനിന്ന് ട്രെയിന്‍ പുറപ്പെടാനുള്ള അനൗണ്‍സ്മെന്‍റ് മുഴങ്ങിയപ്പോള്‍ രാജ ഒരു ടി.ടിയുമായി വന്നു. രാജയെ കണ്ടതും പയനികളെല്ലാം അയാള്‍ക്ക് ചുറ്റും കൂടി. പലര്‍ക്കും കമ്പനി പേരുപറഞ്ഞ് ടിക്കറ്റടങ്ങിയ കവര്‍ കൊടുത്തു. കണ്‍ഫേം ടിക്കറ്റുള്ളവര്‍ അതുമായി ട്രെയിനിനടുത്തേക്ക് നടന്നുപോയി. ഞാന്‍ രാജയുടെ നേരെ നോക്കി.
‘‘കണ്‍ഫേം ആവുമാ...’’ രാജ എന്നെ പിടിച്ച് ടി.ടി.ഇയുടെ അടുത്തേക്ക് നീക്കിനിര്‍ത്തി. ‘‘ഇവര്‍താന്‍ നാന്‍ സൊന്ന ആള്. നമക്ക് വെണ്ടിയ കമ്പനി സാര്‍. കൊഞ്ചം കൗനിച്ചിട്ങ്ക...’’
ട്രെയിന്‍ പുറപ്പെടാനുള്ള അവസാന ഹോണ്‍ മുഴങ്ങി.
‘‘വാങ്ക സാര്‍ എസ് സെവനിലേ ഏറിട്ങ്കേ... നാന്‍ വര്റേന്‍...’’ ടി.ടി.ഇ എന്നെ ഒഴിവാക്കിക്കൊണ്ട് നേരെ ഒരു കമ്പാർട്മെന്‍റിലേക്ക് കയറി. ആ കമ്പാർട്മെന്‍റിന്‍റെ നമ്പര്‍ ഞാന്‍ നോക്കി. എസ് നയന്‍.
‘‘സര്‍ ധൈര്യമാ ഏറുങ്കേ... കണ്‍ഫേം ആയിടും...’’ രാജ എനിക്കുറപ്പ് നൽകി. പിന്നെ ഞാനയാളെ കണ്ടില്ല. വണ്ടി നീങ്ങിത്തുടങ്ങിയ നേരത്ത് ആളുകളുടെ തിരക്കിലൂടെ ഓടി ഞാന്‍ എസ് സെവന്‍ കമ്പാർട്മെന്‍റിലേക്ക് ചാടിക്കയറി. ഉച്ചക്ക് തിരുവനന്തപുരം എത്തുന്നതുവരെ രാത്രി ഉറങ്ങാനും പകലിരിക്കാനുമായി ഒരു ബര്‍ത്ത് കിട്ടുമെന്ന് വിശ്വസിച്ച് ഒഴിഞ്ഞൊരു സീറ്റില്‍ ഞാനിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.