പാപചിന്തകളിൽ ഒരു സീരിയൽ കില്ലർ

പാപികളെ ശിക്ഷിക്കാനുള്ള പരമാധികാരം ആരാണ് കൈയാളുന്നത്. അത്തരം അവകാശം ഒരു സൈക്കോ കൊലയാളി സ്വയം ഏറ്റെടുത്താലോ? ആ കുറ്റവാളിയെ പിടിക്കാനുള്ള രണ്ടു ഡിറ്റക്ടിവുകളുടെ കഥ പറയുന്ന, 1995ൽ ഇറങ്ങിയ അമേരിക്കൻ ത്രില്ലർ സിനിമയാണ് 'സെവൻ'. ഓരോ ദിവസവും നഗരം ഉണരുന്നത് ഓരോ ക്രൂരമായ കൊലപാതകത്തിന്റെ മനം മടുപ്പിക്കുന്ന വാർത്തയുമായാണ്. ബൈബ്ളിൽ പറഞ്ഞിരിക്കുന്ന അഹങ്കാരം, അസൂയ, കാമം, അത്യാര്‍ത്തി എന്നിങ്ങനെ ഏഴു ചാവുപാപങ്ങളെ അടിസ്ഥാനമാക്കി തികച്ചും വ്യത്യസ്തമായ കൊലപാതകങ്ങളാണ് നടക്കുന്നത്.

പാപത്തിന്റെ മരണം ശമ്പളമായി കണക്കാക്കി ഇരകളെ കണ്ടെത്തി വധശിക്ഷ വിധിക്കുന്ന കില്ലർ. കൊലയാളിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ രണ്ടു ഡിറ്റക്ടിവുകൾ നിയമിക്കപ്പെടുകയാണ്. ഒരാൾ അടുത്തുതന്നെ റിട്ടയറാകാൻ പോകുന്ന, സർവിസ് ജീവിതത്തിൽ ഒരിക്കൽപോലും തോക്ക് ഉപയോഗിക്കേണ്ടിവന്നിട്ടില്ലാത്ത പക്വതയുള്ള മനുഷ്യൻ. മറ്റേയാളാകട്ടെ തന്റെ കഴിവുതെളിയിക്കാൻ വെമ്പൽകൊള്ളുന്ന അരക്കിറുക്കനായ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ. അവർ തമ്മിലെ ഈഗോയും ക്ലാഷുകളും സിനിമയെ സജീവമാക്കുന്നു. എന്നാൽ, ഇവരുടെ എല്ലാ നീക്കവും പാളിപ്പോകുന്നത് കൊലപാതകങ്ങൾ ആവർത്തിക്കുമ്പോഴാണ്. കൃത്യം നടന്ന ഓരോയിടത്തുനിന്നും ലഭിക്കുന്ന ഓരോ വാക്യങ്ങളിലൂടെയും തെളിവുകളിലൂടെയും അതിവിദഗ്ധനായ കൊലപാതകിയിലേക്ക് എത്താനുള്ള ഡിറ്റക്ടിവുകളുടെ ശ്രമങ്ങൾ വിജയിക്കുമോ എന്ന് കണ്ടറിയണം.

പതുക്കെ തുടങ്ങി തീർത്തും എൻഗേജ്ഡായി മാറുന്ന രീതിയിൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥയാണ് സിനിമ പറയുന്നത്. ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേണിൽനിന്നും വഴിമാറിയുള്ള സഞ്ചാരം പ്രേക്ഷകനെ ആകർഷിക്കും. മാനസിക സമ്മർദത്തിലേക്ക് പ്രേക്ഷകനെ തള്ളിവിട്ടുകൊണ്ടാണ് ക്ലൈമാക്സ്‌ അവസാനിക്കുന്നത്. ക്ലൈമാക്സിനു തൊട്ടുമുമ്പ് ഡിറ്റക്ടിവുകൾ കാറിൽ സഞ്ചരിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്തെ സംഭാഷണമൊന്നും മറക്കാനാകില്ല. ഡിറ്റക്ടിവ് സോമർസെറ്റ് ആയി മോർഗൻ ഫ്രീമാനും ഡേവിഡ് മിൽസ് ആയി ബ്രാഡ് പിറ്റും അരങ്ങുതകർക്കുന്നു. സൈക്കോ കൊലയാളി ജോൺ ഡോ ആയി കെവിൻ സ്പാസിയും തന്റെ വേഷം മികച്ചതാക്കി. ഇരുണ്ട കളര്‍ടോണും നിര്‍ത്താതെ തുടരുന്ന മഴയും സിനിമയുടെ നിഗൂഢസ്വഭാവത്തെ സാധൂകരിക്കുന്നു. ത്രില്ലറുകളുടെ കളിത്തോഴൻ ഡേവിഡ് ഫ്ലിഞ്ചറാണ് സംവിധായകൻ. ആ സംവിധാന ചാതുരിയും കൈയടക്കവും സിനിമയിലുടനീളം കാണാം. ആർഡ്രു കെവിൻ വാൾക്കറാണ് തിരക്കഥ.

ഹോവെഡ് ഷോറിന്റെ പശ്ചാത്തല സംഗീതം

കിടയറ്റതാണ്. ഏറ്റവും മികച്ച ഹോളിവുഡ് ക്രൈം ത്രില്ലർ സിനിമാ ലിസ്റ്റിൽ മുന്നിൽത്തന്നെ ഉണ്ടാകും ഈ ചിത്രം.

Tags:    
News Summary - A serial killer in Sinful Thoughts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.