ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന െക.എം. സലിംകുമാറിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. ഗോത്രജീവിതാന്തരീക്ഷവും പഠനകാലവുമാണ് ഇൗ അധ്യായത്തിൽ എഴുതുന്നത്.
നാട്ടിലേക്ക്
ഭാഷയാണ് മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നത്. സാമൂഹിക സ്വത്വത്തെയും വ്യക്തിസ്വത്വത്തെയും നിർണയിക്കുന്നതും ഭാഷയാണ്. കൊളോണിയൽ ആധുനികതയും ഹിന്ദു അധിനിവേശവും ഗോത്രഭാഷകൾക്കുമേലുള്ള കടന്നാക്രമണങ്ങളായിരുന്നു. ഗോത്രമനുഷ്യരുടെ ജീവിതസമ്പ്രദായത്തെയും ഭാഷയെയും അവർ പ്രാകൃതമെന്നും അപരിഷ്കൃതമെന്നും ചിത്രീകരിച്ചുകൊണ്ടായിരുന്നു ഈ ആക്രമണം. അതവരെ ബോധ്യപ്പെടുത്തുന്നതിലും ഹിന്ദുയിസം വിജയിച്ചു. ഗോത്രകാലത്തെ പിന്നിട്ടുകൊണ്ടാണ് മനുഷ്യൻ തന്റെ സഞ്ചാരപഥം തുറന്നതെന്നും പൂർവികരെയാണ് അപരിഷ്കൃതരെന്നും പ്രാകൃതരെന്നും ആക്ഷേപിക്കുന്നതെന്നും അവർ മറന്നുപോയി. മാനവികതയുടെ അഭാവമാണിത്. ഓരോ ഗോത്രത്തിനും അവരവരുടെ ഭാഷയുണ്ടായിരുന്നു. ഗോത്രനാമങ്ങളും വ്യക്തിനാമങ്ങളുമുണ്ടായിരുന്നു. അത് തൂത്തുമാറ്റുകയെന്ന ദൗത്യമാണ് ഹിന്ദു കൊളോണിയലിസ്റ്റുകൾ ഏറ്റെടുത്തത്.
മല അരയ ഗോത്രനാമങ്ങൾ നോക്കൂ. മുണ്ടൻ, കണ്ട, കേള, ആദിച്ചർ, ഇട്യാതി, വെളുമ്പൻ, തിരികണ്ഠൻ എന്നിങ്ങനെ പുരുഷനാമങ്ങളും കറുമ്പി, ചോതി, ചിരുത, വെളുമ്പി, ചക്കി, പാറു, അച്ഛാംപ്ല എന്നിങ്ങനെ സ്ത്രീനാമങ്ങളും അവർക്കിടയിൽ ഉണ്ടായിരുന്നു. ഊരാളിമാർക്കിടയിലും ഇതുതന്നെയായിരുന്നു സ്ഥിതി. കടുത്ത, മാണിക്കൻ, കൊലുമ്പൻ, ചാരൻ, കണ്ടൻ, വെള്ളാൻ, കരിമ്പൻ, കോവാലൻ, ചാമൻ, തേവൻ, കുമരൻ എന്നിങ്ങനെ പുരുഷനാമങ്ങളും കോത, നീലി, തേവി, ചെറിയ, മുണ്ടി, കരിമ്പി, കരിക്കി, ഏച്ചി, ചെമ്പി എന്നിങ്ങനെ സ്ത്രീ നാമങ്ങളുമുണ്ടായിരുന്നു. ചില പേരുകളിൽ അരയ-ഊരാളി സാദൃശ്യം കാണാമെങ്കിലും അന്തരത്തിനായിരുന്നു പ്രാമുഖ്യം. അതാണ് ഗോത്രതനിമ. ഓരോ ഗോത്രത്തിലും സംസർഗത്തിനായി അവർ ഉപയോഗിച്ചുകൊണ്ടിരുന്ന പദാവലികളുണ്ടായിരുന്നു.
ഊരാളി ഗോത്രത്തിലെ ചില പദങ്ങൾ നോക്കൂ. ഏറുമാടം, തീപൂട്ടുക, കിടിയം, തങ്കിള്, മാറാപ്പ്, കൊച്ചാനു, കാർന്നോന്മാര്, രോകം, മണ്ടരുത്, ചത്തതാ, തോണിക്കൽ, ചത്തത്, ചാവേരി, ചാവറുകോൽ, കാണിനത്, കേക്കിനത്, പാത്രം പൂപുക, പിഞ്ഞാണി, കക്കുക, മുടിച്ചൊരുക്കി, ചാത്തിരം, ചങ്കിരാന്തി, വലിയപ്പൻ, കാട്ടുചീവാതികൾ, പൂണുക, പൊക്കിനതാരാ, എന്നേനി കൊണ്ടോയികളയോ, മനിച്ചോന്മാർ, പിടിച്ചകാട്ടിൽ, നൂറോൻ, ചോകോൻ, കുയല, ഉച്ചക്കുമുന്നേ, എവനേലും, വരവേനി മുന്നമെ, എലുപ്പുവെട്ടി, പിലാത്തി, ഓത്ത്, അനക്ക്, തുലുക്കൻ എന്നിങ്ങനെ നീണ്ടുപോകുന്നു സംസാരഭാഷയിലെ പദങ്ങൾ. ഈ ഭാഷയാണ് ഊരാളിമാരെ ഗോത്രത്തിനകത്തും പുറത്തും ബന്ധിപ്പിച്ചിരുന്നത്. ഈ ബന്ധങ്ങൾ മുറിച്ചുകളയുകയും അയിത്തജാതിഘടനയുടെ അടിത്തട്ടായി ഗോത്രസമൂഹങ്ങളെ പരിഗണിക്കുകയും ചെയ്തതോടെ അവർ പ്രതിസന്ധിയിലായി. ഈ പ്രതിസന്ധിയുടെ ആഴം തിരിച്ചറിയാൻ കഴിഞ്ഞുവെന്നത് എന്റെ നേട്ടമായിരുന്നു.
പേരുമാറ്റി നാഗരികതയിലേക്കു പ്രവേശിക്കാനായ ഗോത്രവിദ്യാർഥികൾക്ക് എന്റെ പേര് പരിഹാസ്യമായിരുന്നു. സ്വാഭാവികമായിരുന്നു ഇത്. ഞാൻ ചെയ്യുന്ന ഏതു പ്രവർത്തനത്തിന്റെയും വിശേഷണമായി അവർ ഈ പേര് ഉപയോഗിച്ചു. എന്റെ കൗമാരത്തിന് താങ്ങാവുന്നതായിരുന്നില്ല ഈ പരിഹാസങ്ങൾ. ജന്മം നൽകിയ ഗോത്രത്തിലേക്ക് നീളുന്ന മൂർച്ച ഈ പരിഹാസത്തിനുണ്ടായിരുന്നു. എന്റെ ബാല്യവും കൗമാരവും ആവോളം ആസ്വദിച്ച പുള്ള, കുഞ്ഞുകടുത്ത എന്നീ വ്യാഖ്യാനങ്ങളുണ്ട് ഈ പേരിന്. ഈ പേരിന് അവർ കൽപിച്ചുകൊടുത്ത പ്രാധാന്യമായിരുന്നു ഈ വാത്സല്യവും സ്നേഹവും. നാഗരികതയും മലയാള ഭാഷയും കരുതുന്നതുപോലെ കടുത്ത ഒരു വിശേഷണമായിരുന്നില്ല. എന്നാൽ, എന്താണ് ഈ വാക്കിന്റെ അർഥമെന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. ഒരിക്കലും ഉത്തരം കണ്ടെത്താൻ കഴിയാതെപോയൊരു ചോദ്യം. ഗോത്രങ്ങൾക്കുള്ളിലെ ഒരു പ്രതിഭാസമായിരുന്നു ഇത്. അർഥം തിരക്കിനടക്കുന്നവർക്ക് ഉൾക്കൊള്ളാനാവാത്തൊരു പ്രതിഭാസം. അതേസമയം, ഉൗരാളി ഗോത്രത്തിൽ പുരുഷനാമധേയങ്ങളിൽ ഏറ്റവും ഉയരത്തിൽനിന്നൊരു പദമായിരുന്നു കടുത്ത.
അവർ ഈ പേരിന് കൽപിച്ചുെകാടുത്ത പ്രാധാന്യമായിരുന്നു അതിന് കാരണം. ഈ പരിഹാസങ്ങളിൽനിന്ന് രക്ഷനേടാനുള്ള ഏകവഴി ഗോത്രനാമം തള്ളിക്കളയുകയായിരുന്നു. സ്വന്തം വേരുകൾ അറുത്തുകളയുന്നൊരു നടപടിയായിരുന്നു ഇത്. ഈ മാർഗം സ്വീകരിച്ചില്ല. ഗോത്രാഭിമാനം നാഗരികതക്ക് അടിയറ വെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പൊരുതിനിൽക്കാൻ ഉറച്ചു. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാനും. അപഹസിക്കപ്പെടുന്നിടത്ത് എന്റെ വ്യക്തിസ്വത്വം ഗോത്ര സ്വത്വമായി ഹൃദയത്തെയും ശരീരത്തെയും വിറകൊള്ളിച്ചു. ഭാഷ കരുത്തുറ്റതായി. ദൈനംദിന ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും അതിനായി വാദിച്ചു. ഗോത്രത്തിൽനിന്ന് നാഗരികത സ്വന്തമാക്കി സാർവത്രികമാക്കിയ മൂല്യങ്ങളെല്ലാം അവർക്കുതന്നെ നൽകി. പ്രകൃതിയും അതിന്റെ െജെവിക ഭാവങ്ങളും, കൂട്ടായ ഭക്ഷണം തേടലും, കൂട്ടായ അധ്വാനവും പങ്കിടലും, സ്വകാര്യ സ്വത്തിനോടുള്ള വിരക്തിയും ആർത്തിയില്ലായ്മയും, സ്ത്രീകളെ മുന്നിൽനിർത്തിയുള്ള സഞ്ചാരവും, ഗോത്രങ്ങൾക്കിടയിലെ സഹവർത്തിത്വവും, തുല്യതയും സാഹോദര്യവും മനുഷ്യാന്തസ്സുമെല്ലാം ആധുനികതയിലേക്ക് സംക്രമിപ്പിക്കാൻ ശ്രമിച്ചു. മറിച്ചായിരുന്നെങ്കിൽ എനിക്ക് എന്റെ ഗോത്രനാമം ഉച്ചരിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല.
ഠഠഠ
എന്നോടൊപ്പം മറ്റു രണ്ട് ഊരാളി കുട്ടികൾകൂടി പൂച്ചപ്ര സ്കൂളിലുണ്ടായിരുന്നു. എന്നേക്കാൾ വളരെ മുതിർന്നവർ. തോളത്തിൽ ഗോപാലനും സുകുമാരനും. സുകുമാരൻ നല്ല ചാട്ടക്കാരനായിരുന്നു. ഓടക്കുഴൽ വായിക്കുകയും പാടുകയുംചെയ്യും. രണ്ടുപേരും അഞ്ചാം ക്ലാസ് കടന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ അറക്കുളം സെന്റ് തോമസ് യു.പി സ്കൂളിൽ ചേർത്തു. എല്ലാ കുട്ടികളും മെല്ലിച്ചവരായിരുന്നു. വിണ്ടുകീറിയ ചുണ്ടുകളും ചൊറിയും ചിരങ്ങും വിട്ടുമാറാത്ത ശരീരങ്ങളുമുള്ള പട്ടിണിക്കോലങ്ങളായിരുന്നു ഇവർ. വനാതിർത്തി കടന്നാൽ നാടാണ്. അവിടെയുള്ളവർ നാട്ടുകാരും. കാടും നാടുമായി വിഭജിക്കപ്പെട്ടിരുന്ന ലോകത്ത് കാട്ടിൽനിന്ന് നാട്ടിലേക്കുള്ള കടന്നുചെല്ലലായി എന്റെ സെന്റ് തോമസ് സ്കൂളിലെ പ്രവേശനം.
രണ്ടു മണിക്കൂർ യാത്രയുണ്ട് സ്കൂളിലേക്ക്. മലഞ്ചെരിവിലൂടെ വനാതിർത്തി കടന്നാൽ കുത്തനെയുള്ള മലയിറക്കമാണ്. കോട്ടയം മുന്തിയിലെത്തിയാൽ അടിവാരത്തിലുള്ള വെള്ളിയാമറ്റം അറക്കുളം മൺറോഡിലൂടെ സ്കൂളിലെത്താം. രണ്ട് പലചരക്കുകടകളും ഒരു ചായക്കടയും ബാർബർഷോപ്പും കൊല്ലന്റെ ആലയും ഗവൺമെന്റ് ഡിസ്പെൻസറിയും കച്ചവടസ്ഥലവും ഇവിടെയുണ്ട്. നാലഞ്ച് കിലോമീറ്റർ പടിഞ്ഞാറ്റ് പോയാൽ കാഞ്ഞാർ ടൗണും കിഴക്കോട്ട് പോയാൽ അറക്കുളം ടൗണും. അറക്കുളം അയ്യപ്പക്ഷേത്രത്തിലെ ഉത്സവകാലത്ത് ആദിവാസികൾ കൂട്ടമായി മലയിറങ്ങാറുണ്ട്.
പൂച്ചപ്രയിലും കുന്നംകുടിയിലുമുള്ളവരുടെ കമ്പോളം കാഞ്ഞാറാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വസ്ത്രവും കുടയും വാങ്ങാൻ അച്ഛനോടൊപ്പം കാഞ്ഞാറിൽ പോയിട്ടുണ്ട്. ബസ് സർവീസ് അവസാനിക്കുന്ന സ്ഥലം. അവിടെനിന്നാദ്യമായി നാട്ടിലെ ഭക്ഷണം കഴിച്ചു. കുടിയിലെ വെറ്റില കച്ചവടക്കാരനായി എത്തുന്നത് മുസ്ലിമാണ്. നാട്ടിൽ അന്ന് ആദ്യമായി സിനിമ കണ്ടു. ‘വേലുത്തമ്പി ദളവ’. പൊലീസുകാർ വട്ടമിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന, പൊട്ടിക്കരയുന്നൊരു സ്ത്രീ മായാത്തൊരോർമയായിരുന്നു. ചോദ്യചിഹ്നവും.
സ്കൂളാരംഭത്തിലെ വിട്ടുമാറാത്ത കാലവർഷത്തിൽ കാട്ടുവഴിയിലൂടെയും പാറക്കൂട്ടങ്ങൾക്കിടയിലൂടെയും തൊണ്ടുകളിലൂടെയും മലവെള്ളം പായുന്ന തോടുകൾ മുറിച്ചുകടന്നുമെല്ലാമുള്ള മലയിറക്കവും കയറ്റവും ഭീതിജനകമായിരുന്നു. കാഞ്ഞാറിലേക്കും അറക്കുളത്തേക്കുമെല്ലാം കുടിയിലുള്ളവർ സംഘമായി മാത്രമേ പോയി കണ്ടിട്ടുള്ളൂ. നാടു കണ്ട പലരുടെയും കാഴ്ചയുടെ അതിരുകളായിരുന്നു അറക്കുളവും കാഞ്ഞാറും. അവിടെ ഒരാൾ ഒറ്റക്ക് എല്ലാ ദിവസവും പോയിവരണം. ബുദ്ധിമുട്ട് മാത്രമല്ല, മടിയും തോന്നിത്തുടങ്ങി. സ്കൂളിലെത്താതെ ചില ദിവസങ്ങളിൽ ഭക്ഷണപ്പൊതികളുമായി തിരിച്ചെത്തി. ഒരിക്കൽ അച്ഛൻ പിടിച്ചു. സ്കൂളിൽ പോകാതിരുന്നതിന്റെ പേരിൽ അച്ഛന്റെ തല്ല്. പിന്നീടൊരിക്കലും മറ്റൊന്നിന്റെയും പേരിൽ അച്ഛനെന്നെ തല്ലിയിട്ടില്ല. ഇംഗ്ലീഷും ഹിന്ദിയും കണക്കുമെല്ലാം പഠിക്കാൻ ബുദ്ധിമുട്ടായിരുന്നു. മലയാളം വഴങ്ങിത്തുടങ്ങി. ആറാം ക്ലാസ് തോറ്റു.
നാടും നാട്ടിലേക്കുള്ള പോക്കുവരവും കാട്ടിലേക്കുള്ള തിരിച്ചുപോക്കും നിരുത്സാഹപ്പെടുത്തി. മുടങ്ങാതെ ക്ലാസിൽ പോകാൻ തുടങ്ങി. ആനിക്കാട് തോമസും പുളിക്കൽ ജോർജും ഫിലിപ്പുമെല്ലാം മലയിൽനിന്നുതന്നെ കൂട്ടുകാരായി കിട്ടി. കോട്ടയം മുന്തിയിലെത്തിയാൽ മയിലാട്ടൂർ ജേക്കബും ക്രിസ്ത്യൻ പുലയനായ ഔസേപ്പുമുണ്ട്. ഏറെ അടുപ്പം ഔസേപ്പിനോടാണ്. ഔസേപ്പിന്റെ വീട് ഒരിടത്താവളമായി. അച്ഛന്റെ പരിചയക്കാരനായിരുന്നു ഔസേപ്പിന്റെ ചാച്ചൻ. എന്റെ അഭ്യുദയകാംക്ഷിയുമായി. അവർ കുടികിടപ്പുകാരായിരുന്നു. ഔസേപ്പ് പിന്നെ മണിയായി (ഹിന്ദു) സർക്കാർ സർവീസിലെത്തി.
ഏഴാം ക്ലാസിലായപ്പോൾ പഠിക്കണമെന്ന് തോന്നിത്തുടങ്ങി. മറ്റുകുട്ടികൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ക്ലാസിലിരുന്ന എന്നെ ടീച്ചേഴ്സ് റൂമിലേക്ക് വിളിച്ച് സാമൂഹ്യപാഠം ടീച്ചർ ലീലാമ്മ ഭക്ഷണം പങ്കിട്ടുതന്നത് മറക്കാനാവാത്ത ഓർമയായി. ടീച്ചർ പലപ്പോഴുമത് ആവർത്തിച്ചു. വെള്ളിയാമറ്റത്തുനിന്നെത്തുന്ന ആന്റണി സാർ ചെറിയ തല്ലുതന്ന് ഇംഗ്ലീഷ് നന്നായി പഠിപ്പിക്കാൻ ശ്രമിച്ചു. ഹിന്ദി പഠിപ്പിക്കുന്ന സരോജിനി ടീച്ചർ ചൂരൽകൊണ്ട് കണങ്കാൽ തല്ലിപ്പൊളിച്ചു. എങ്കിലും എനിക്കവരോട് സ്നേഹമായിരുന്നു; ഭയവും.
കന്യാസ്ത്രീകൾ പഠിപ്പിക്കുന്ന സ്കൂളാണ്. എല്ലാ ദിവസവും സർവശക്തനായ ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് അത് തുടങ്ങുന്നത്. പരിശുദ്ധ പിതാവും കന്യാമറിയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന പ്രാർഥന. എന്നാൽ, കാട്ടിലെ നിരക്ഷരർക്കിടയിൽനിന്ന് ഏകാകിയായെത്തുന്ന എന്നോട് കർത്താവിന്റെ മണവാട്ടിമാരിലാരും സ്നേഹമോ കരുതലോ ഒരിക്കലെങ്കിലും കാണിച്ചതായി ഓർമയില്ല. ഉപദ്രവിച്ചില്ലതന്നെ. പൂർവവിദ്യാർഥിയായ ഇടവക്കാരൻ മഞ്ഞക്കുന്നേൽ അച്ചന് സ്കൂളിൽ വൻ സ്വീകരണമൊരുക്കി. കന്യാസ്ത്രീകളായ അധ്യാപികമാരായിരുന്നു മുന്നിൽ. വിദേശപഠനം കഴിഞ്ഞുവന്നതാണ്. പഠിച്ചാൽ സ്വീകരിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുമെന്ന് തോന്നി.
ഈ സമയത്താണ് പത്രം വായിക്കാൻ തുടങ്ങിയത്. അച്ഛന് പറ്റുപടിയുള്ള കൈതോലിൽ തൊമ്മച്ചന്റെ കടയിൽനിന്ന് ഏതെങ്കിലും നേരം പത്രം വായിക്കുന്നത് പതിവായി. ഒരിക്കൽ പത്രം വിടർത്തുന്നതിനിടയിൽ ഒരു പേജ് കീറിയപ്പോൾ വഴക്കു പറഞ്ഞാലോയെന്നോർത്ത് ഭയപ്പെട്ടു. പകരം തൊമ്മച്ചൻ എനിക്കൊരു പത്രം ഏർപ്പാടാക്കി തന്നു. വായിക്കാൻ പഠിച്ചതോടെ വീട്ടിലെനിക്ക് രണ്ട് പണി കിട്ടി. അച്ഛൻ വാങ്ങിക്കൊണ്ടുവരുന്ന പഞ്ചാംഗത്തിൽനിന്നുള്ള കാലഗണനയും മറ്റും വായിച്ചുകേൾപ്പിക്കണം. കടംകൊടുക്കുന്ന പണത്തിന്റെ കണക്ക് എഴുതിവെക്കുകയും വേണം. അതിനായൊരു കൊച്ചു പുസ്തകവുമുണ്ട്. പലിശയില്ല, വാക്കു പാലിച്ചാൽ മതി. അച്ഛനായി തുടങ്ങിയതാണ്. ഇങ്ങനെ കൊടുത്ത ഒരു തുലാം കുരുമുളക് (10 Kg) ഞാൻ കോളജിൽനിന്ന് വീട്ടിലെത്തിയ ദിവസം അപ്പന്റെ അകന്ന ബന്ധുവും സമപ്രായക്കാരനുമായ തുമ്പിച്ചിയിൽ കൊലുമ്പൻ വർഷങ്ങൾക്കുശേഷം ‘നിന്റെ അപ്പനോട് വാങ്ങിയതാണെ’ന്നു പറഞ്ഞ് എന്നെ തിരിച്ചേൽപിക്കുന്നുണ്ടായിരുന്നു –ചോദിച്ചിട്ടല്ല. എന്റെ വയറ്റാട്ടിത്തള്ളയായ ഈഴവസമുദായത്തിൽപെട്ട പാമ്പൂരി അമ്മയുടെ മക്കളിലൊരാൾ ഈടായി നൽകിയ ചെത്തുകത്തി ദീർഘകാലം വീട്ടിലുണ്ടായിരുന്നു.
ഇടുക്കി റോഡ് പണിയുന്ന സമയമാണ്. റോഡുപണിയാൻ വനാതിർത്തിക്കുള്ളിലെ ഷെഡിൽ തമ്പടിച്ചിരിക്കുന്ന തൊഴിലാളികൾക്ക് പത്രം എത്തിച്ചുകൊടുക്കുന്നത് ഞാനാണ്. തുമ്പിച്ചി മലയുടെ അടിവാരത്ത് പടിഞ്ഞാറൻ ചൂടിനെ നേരിടാൻ മെടഞ്ഞ് ചാരിനിർത്തിയ ഓലമടലുകൾക്ക് കീഴിൽ മിറ്റലടിച്ചുകൊണ്ടിരുന്ന തലക്കെട്ടുകാരനായ കറുത്തുകുറുകിയ മാണിക്യൻ ചിരിച്ചും വർത്തമാനം പറഞ്ഞും എനിക്ക് അന്നദാതാവായി. കൊല്ലംകാരനാണെന്ന് മാത്രം പറഞ്ഞു. ഉച്ചക്കുണ്ടാക്കുന്ന ഭക്ഷണത്തിലൊരു വിഹിതം പതിവായി എനിക്ക് മാറ്റിവെച്ചു. ഒരുദിവസം ഞാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. പിറ്റേന്ന് തിരിച്ചുപോകുമ്പോൾ ഒരു സിൽക് കൈലേസ് അദ്ദേഹം എനിക്കുതന്നു. ഏറെക്കാലം അത് അമ്മ പെട്ടിയിൽ സൂക്ഷിച്ചുവെച്ചിരുന്നു. മാണിക്കൻ മറ്റെവിടെയോ പോയി. അടുത്ത മിറ്റിലടി സ്ഥലത്തേക്കായിരിക്കും.
ഇക്കാലത്താണ് അച്ഛൻ നിർമാണത്തിൽ മാറ്റം വരുത്തി ഓടുവെച്ച വീട് പണിതത്. കുടിയിലെന്നല്ല, ഊരാളിമാർക്കിടയിൽതന്നെ ആദ്യശ്രമങ്ങളിലൊന്നായിരുന്നു ഇത്. ദുഷ്കരമായൊരു ദൗത്യമായിരുന്നു ഇത്. കാഞ്ഞാറിൽനിന്ന് തലച്ചുമടായി വേണം ഓടുകൊണ്ടുവരുവാൻ. വീടുപണിക്കുള്ള തടിയും വനാതിർത്തിക്കു പുറത്തുനിന്ന് കൊണ്ടുവരണം. വനം ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്ക് അതിൽനിന്ന് ഒരു തടിയറുത്ത് വീട് വെക്കാൻ പാടില്ല. ഈട്ടിയും തേക്കുമടക്കമുള്ള വൻമരങ്ങൾ കത്തിയമരാറുണ്ട്. വെട്ടിക്കീറി തീ കത്തിക്കാറുമുണ്ട്. പക്ഷേ, വീടുവെക്കാൻ ഉപയോഗിച്ചുകൂടാ. ഇന്നും തുടരുന്നു നിയമങ്ങൾ.
1964-65ൽ മൂലമറ്റം ഗവൺമെന്റ് ഹൈസ്കൂളിൽ ചേർന്നു. പത്തു കിലോമീറ്റർ നടക്കണം. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പവർപമ്പ് പണി തുടങ്ങിയതോടെ അറക്കുളം ടൗൺ മൂലമറ്റത്തേക്ക് മാറ്റി. തുമ്പിച്ചിമലയുടെ അനുബന്ധമായി തലയുയർത്തി നിൽക്കുന്ന നാടുകാണിമലയുടെയും ഇലവീഴാപുഞ്ചിറയുടെ അനുബന്ധമായി നീണ്ടുകിടന്ന ഇലപ്പുള്ളി, എടാട്ട് മലയുടെയുമെല്ലാം സംഗമത്തിന്റെ മടിത്തട്ടാണ് മൂലമറ്റം. മലകയറ്റവും ഇറക്കവും വേണ്ട. മൂലമറ്റം ഇടുക്കി റോഡിലൂടെയായി പോക്കുംവരവും. പത്താംക്ലാസ് ആയപ്പോഴേക്കും ബസ്സർവീസായി. അതിനുമുമ്പുതന്നെ ജീപ്പ് സർവീസ് വന്നു. ആദ്യത്തെ വാഹനയാത്ര യാത്രയേ വേണ്ടെന്നു തോന്നിപ്പിക്കുന്ന വണ്ണം ക്ലേശകരമായിരുന്നു. വീടിനടുത്തെത്തിയ ജീപ്പിൽനിന്ന് ഇറങ്ങിയത് ശക്തമായ തലകറക്കത്തോടെയും ഛർദിയോടെയുമാണ്. റോഡിനരികിൽ തളർന്ന് ഏറെനേരം കിടന്നു.
യാത്രയിലൂടെ തന്നെ ക്രമേണ ഈ സ്ഥിതിയിൽ മാറ്റമുണ്ടായെങ്കിലും എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ കുടയത്തൂർ ഹൈസ്കൂളിൽ ഓരോ ദിവസവും ഛർദിച്ചവശനായിട്ടായിരുന്നു എത്തിയിരുന്നത്. ഇത് പരീക്ഷയെ തന്നെ സാരമായി ബാധിച്ചുകാണും. ഇക്കാലത്ത് പുസ്തക കച്ചവടക്കാരൻ എനിക്ക് വിക്രമാദിത്യ ചരിതവും ചങ്ങമ്പുഴയുടെ വാഴക്കുലയും രമണനും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും കരുണയുമെല്ലാം എത്തിച്ചുതന്നു. ഇവയെല്ലാം ആവർത്തിച്ചു വായിക്കുകയും ചില ഭാഗങ്ങൾ മനഃപാഠമാക്കുകയുംചെയ്തു. രമണനിലെ ദിവ്യാനുരാഗത്തെ ആശ്ലേഷിച്ചപ്പോൾ വാഴക്കുലയിലെ ജന്മിത്തത്തെ ശത്രുപക്ഷത്തു നിർത്തി. ആശാന്റെ ബുദ്ധൻ മറ്റൊരറിവും ഉൾക്കാഴ്ചയുമായി. യൗവനകാലത്തുതന്നെ അകാലചരമമടഞ്ഞ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ സാർ പരോക്ഷമായി എന്റെ വായന പ്രോത്സാഹിപ്പിച്ചു. ക്ലാസിൽ ഞാൻ ഉന്നയിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും നിരുത്സാഹപ്പെടുത്തിയില്ല.
ഏഴാം ക്ലാസിലെ പഠനം കഴിയാറായി. അറക്കുളം അയ്യപ്പ ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തിന് പി. സാംബശിവന്റെ കഥാപ്രസംഗം കർണനാണെന്നറിഞ്ഞപ്പോൾ അതു കേൾക്കാൻ വല്ലാത്ത താൽപര്യമായി. അച്ഛനെ വീട്ടിലാക്കി ഒരു മുത്തച്ഛന്റെ നേതൃത്വത്തിൽ മുത്തശ്ശിമാരും അമ്മയും മറ്റുള്ളവരുമെല്ലാം മലയിറങ്ങി ക്ഷേത്രത്തിലെത്തിയപ്പോൾ ഞാൻ സ്കൂൾവിട്ട് നേരെ അങ്ങോട്ടുപോയി. നാദസ്വരം കേട്ട് പ്രദക്ഷണത്തിനെത്തിയ ആനകളുടെ പിന്നാലെയുമെല്ലാം നടന്നു. കഥാപ്രസംഗം തുടങ്ങുംവരെ നടന്നു. കർണനെ കൂടുതലറിഞ്ഞു. പിന്നെയും രാമായണം വായിക്കാനുള്ള പ്രചോദനം. ഒപ്പം സാംബനെപ്പോലെ പ്രസംഗിക്കാൻ കഴിഞ്ഞെങ്കിലെന്ന ആഗ്രഹവും അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലെ സി ബ്ലോക്കിൽവെച്ച് നേരിട്ട് കാണാൻ കഴിഞ്ഞപ്പോൾ കുട്ടിക്കാലത്തെ ഈ അനുഭവം അദ്ദേഹവുമായി പങ്കുവെച്ചു.
അവധി ദിവസങ്ങളിൽ കൃഷിയിലേർപ്പട്ടു. എട്ടാം ക്ലാസിൽ ചേർന്നപ്പോൾ അച്ഛനുമമ്മയും വാച്ച് വാങ്ങിത്തന്നു. കുരുമുളകിന് വിലയുള്ള കാലം. അപ്പൻ അമ്മക്കൊരു സ്വർണമാല വാങ്ങി. ഒന്നര പവന്റെ മാല. കുടിയിൽ മറ്റാർക്കും ഇല്ലാത്തൊരു വസ്തു. ആ സമയത്ത് അപ്പൻ വാങ്ങിയ വിലപിടിപ്പുള്ള മറ്റൊരു വസ്തു ഒരു വലിയ ഓടിന്റെ ഉരുളിയായിരുന്നു. കപ്പ വാട്ടുന്നതിനും മറ്റും വേണ്ടി ഒരു ചെമ്പുപാത്രവും വാങ്ങി. ചെമ്പുപാത്രത്തിൽ എഴുതിവെച്ചു: മാണിക്യൻ മകൻ കടുത്ത വക. കടുക്കനിടുന്നവരായി അപ്പോൾ കുട്ടികളാരുമുണ്ടായിരുന്നില്ല. കാൽനൂറ്റാണ്ടിലേറെക്കാലം അതുപയോഗിച്ചു. കാതിലണിഞ്ഞിരുന്ന ചുവന്ന കല്ലുവെച്ച കടുക്കൻ അമ്മയെ ഏൽപിച്ചു. എട്ടാം ക്ലാസുമുതൽ ഇംഗ്ലീഷിനും കണക്കിനും ഹിന്ദിക്കും ട്യൂഷനുണ്ടായിരുന്നു. നരിമറ്റത്തിൽ തോമസ് നടത്തുന്ന ട്യൂഷൻ സെന്ററിൽ യു.പി സ്കൂളിലെ സരോജിനി ടീച്ചർ തന്നെയായിരുന്നു ഹിന്ദി പഠിപ്പിച്ചത്. ഹൈസ്കൂൾ ക്ലാസുകളിൽ തോൽക്കാതെ പഠിക്കുവാൻ ഇത് സഹായിച്ചു.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി മരച്ചീനി കൃഷിചെയ്തു. മുക്കാൽ പവന്റെ സ്വർണമോതിരം വാങ്ങി. പത്താം ക്ലാസ് സമയത്ത് സ്വന്തമായും രണ്ട് കൊച്ചച്ഛന്മാരോട് പങ്കുചേർന്ന് നടത്തിയ കൃഷിയിൽനിന്ന് ഒന്നര പവന്റെ മാല വാങ്ങി. അധ്വാനിക്കണമെന്നും സമ്പത്തുണ്ടാക്കണമെന്നും വലിയ മോഹം തോന്നിയ കാലം. കൊച്ചച്ഛൻ അമ്മയുടെ പണച്ചെല്ലം പൊളിച്ചെന്ന പരാതിക്കിടയിൽ എനിക്കൊരു വാല്മീകി രാമായണം കൊണ്ടുവന്നു. തട്ടിയും മുട്ടിയും രാമായണവായന പതിവായി. മാനിഷാദയും വനവും സന്യാസജീവിതവും രാമനും സീതയും ശൂർപ്പണഖയും ശംബൂകനും രാവണനുമെല്ലാം മനസ്സിനെ പലതരത്തിൽ സ്വാധീനിച്ചു. എന്നാൽ, രാമായണത്തിലും മഹാഭാരതത്തിലും കണ്ട രാമനും കൃഷ്ണനുമൊന്നും ആരാധ്യരായി തോന്നിയില്ല. താടകയുടെയും ശൂർപ്പണഖയുടെയും ബാലിയുടെയും ശംബൂകന്റെയും സീതയുടെയും കർണന്റെയുമെല്ലാംകൂടെയായിരുന്നു എന്റെ മനസ്സ്. ഒരിക്കലും ആരെയും സ്തുതിച്ചുകാണാത്തവർക്കിടയിൽനിന്ന് നിലവിളക്കിന്റെ മുന്നിൽ ഞാൻ രാമായണം ചൊല്ലി. തോന്നുമ്പോൾ മാത്രം കുളിക്കുന്നവർക്കിടയിൽനിന്ന് പ്രഭാതത്തിലെ കുളി എനിക്ക് ദിനചര്യയായി. കുളികഴിഞ്ഞാൽ സൂര്യനെ വന്ദിക്കലും. എല്ലാ സ്തുതികളും പഠനത്തിലെ വിജയം ലക്ഷ്യമാക്കി.
മുണ്ടഴിച്ചിട്ട് മെല്ലിച്ചൊരു ജുബ്ബാക്കാരൻ ഒരു കെട്ട് പുസ്തകവും തലയിൽ പേറി ആയിടക്ക് കുടിയിലൂടെ കടന്നുപോകുമായിരുന്നു. ആരെയെങ്കിലും തേടിയിറങ്ങിയതുപോലെ നിരക്ഷരർക്കിടയിലെ പുസ്തകവ്യാപാരി. പേരോ ഊരോ അറിയില്ല. മുസ്ലിമാണെന്നറിയാം. അദ്ദേഹത്തിൽനിന്ന് ആദ്യം മഹാഭാരതം വാങ്ങി. വ്യാസനും ഭീഷ്മരും കൃഷ്ണനും പാഞ്ചാലിയും ഗാന്ധാരിയും കർണനും അർജുനനും അഭിമന്യുവും ഘടോൽക്കചനുമെല്ലാം എങ്ങനെയെല്ലാമോ മനസ്സിനെ സ്വാധീനിച്ചു. സമീപകാലത്ത് കാഞ്ഞാർ സന്ദർശിച്ച സമയത്ത് മുസ്ലിം കച്ചവടക്കാരനുമായി ആത്മഭാഷണം നടത്തുന്നതിനിടയിൽ ഇക്കാര്യം പറയാനിടയായപ്പോൾ, അദ്ദേഹം പറഞ്ഞത് ഈ പുസ്തക കച്ചവടക്കാരൻ ഏറ്റുമാനൂർ സ്വദേശിയായൊരു ഒസ്സാൻ (മുടിവെട്ടുകാരൻ) ആണെന്നും പാരമ്പര്യതൊഴിൽ അവമതിപ്പുള്ളതാകയാൽ അതുപേക്ഷിച്ച് പുസ്തകക്കച്ചവടവുമായി ഇറങ്ങിത്തിരിച്ചതാണെന്നുമാണ്.
ഇക്കാലത്തൊരു ദിവസം സ്കൂൾ വിട്ട് മലകയറുമ്പോൾ ചെത്തുകാരനായ തോളത്തിൽ രാമൻ വഴിയരികിലുള്ള കപ്പിയാരുടെ പനയുടെ ചുവട്ടിൽവെച്ച് സ്നേഹപൂർവം എനിക്ക് കള്ള് പകർന്നുനൽകി. വീട്ടിലെത്തിയപ്പോൾ അച്ഛൻ കാര്യം മണത്തറിഞ്ഞു. അച്ഛനുമമ്മക്കും ഇത് സഹിക്കാനായില്ല. എവിടെനിന്നാണെന്ന് ചോദിച്ചു. പിറ്റേദിവസം അതിരാവിലെ ചെത്തുകാരന്റെ വീട്ടിലെത്തി ഇതാവർത്തിക്കരുതെന്ന് പറഞ്ഞു. രാമനെ കണ്ട കാര്യം ഉടൻതന്നെ തിരിച്ചുവന്ന് എന്നോട് പറഞ്ഞു. മന്ത്രവാദി മുത്തച്ഛൻ കാരണവന്മാർക്ക് വെച്ചുകൊടുക്കുന്നതിനിടയിൽ പകർന്നുനൽകിയ കള്ളിൻതുള്ളികൾ കുടിയിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ. പിന്നീടൊരിക്കലും ഞാൻ മദ്യപിച്ചിട്ടില്ല. സഹോദരങ്ങളടക്കമുള്ള പിൻതലമുറകൾ മദ്യപാനംമൂലം തകർന്നടിഞ്ഞ് ഭ്രാന്തമായി ഇന്ന് ജീവിക്കുന്നത് കാണുമ്പോൾ അച്ഛന്റെ ദീർഘവീക്ഷണത്തിൽ അഭിമാനംതോന്നുന്നു. ഗോത്രജീവിതത്തിന് പുകയില ജീവിതചര്യപോലെയായിരുന്നു. ഭക്ഷണത്തേക്കാൾ പ്രാധാന്യമുള്ള കാര്യം. അതിന് വിധേയനാവില്ല. മദ്യപാനം ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയുംചെയ്തു. നാട്ടിലെത്തിയപ്പോൾ മുതിർന്നവർക്കും സഹപാഠികൾക്കും ഇടയിൽ കണ്ട പുകവലിയും സ്വാധീനിച്ചില്ല.
ഇടക്ക് നായാട്ടിന് പോകുന്നൊരു പാരമ്പര്യം കുടിയിലിപ്പോഴുമുണ്ട്. തേനിന്റെയും മറ്റും ഓർമയിൽ ശാഠ്യം പിടിച്ചു കരഞ്ഞാലും അച്ഛൻ എന്നെ ഒഴിവാക്കും. ഇക്കാലത്ത് പാമ്പൂരിക്കൽ കുഞ്ഞേട്ടന്റെ ശിക്ഷണത്തിൽ ഗരുഡൻതൂക്കവും പാലകുന്നേൽ ഇട്ട്യാതിയുടെ ശിക്ഷണത്തിൽ ചെണ്ടമേളവും പഠിക്കാൻ തുടങ്ങി. വീട്ടിലെ മുറ്റത്ത് സന്ധ്യയായാൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ കുടിയിലുള്ളവർ മുഴുവൻ ഒത്തുകൂടും. സമപ്രായക്കാരും കൊച്ചച്ഛന്മാരുമെല്ലാം പഠിക്കുന്നുണ്ട്. എന്നെമാത്രം പഠിക്കാൻ അച്ഛനുമമ്മയും അനുവദിച്ചില്ല. പഠനത്തെ ബാധിക്കുമെന്നതായിരുന്നു കാരണം. ശിഷ്യപ്പെടാതെ തന്നെ കണ്ടും കേട്ടും ഗരുഡൻതൂക്കവും ചെണ്ടമേളവും പഠിച്ച എന്നെ ഒരിക്കൽ ആശാന്റെ വീട്ടിൽനിന്ന് അറക്കുളം ദേവീക്ഷേത്രത്തിലേക്ക് ഗരുഡൻ പറവക്കായി അച്ഛൻതന്നെ കൊണ്ടുപോവുകയുംചെയ്തു.
പരിഷ്കൃത സമൂഹത്തിന്റെ മുന്നിൽ നിസ്തേജനായി നിൽക്കുന്ന ഗോത്രമനുഷ്യന് അതിജീവനത്തിനപ്പുറത്തേക്ക് വഴിതുറക്കുകയെന്നത് ദുഷ്കരമാണ്. പരിഹാസങ്ങളും അവഗണനകളും ഒഴിവാക്കലുകളും നിറഞ്ഞതാണ് അവരുടെ സഞ്ചാരപഥം. ഊരും പേരും കൂട്ടവുമെല്ലാം അതിനുള്ള ഉപാധികളാണ്. മുന്നോട്ടുപോകുന്നവർ പിന്നിൽ നിൽക്കുന്നവരെ തങ്ങളുടെ ഭാഗമായിക്കാണുകയല്ല, അവരുടെ പ്രാകൃതത്വത്തെ തങ്ങളുടെ പരിഷ്കൃതത്വവുമായി തുലനംചെയ്ത് സ്വന്തം മഹത്വം പ്രഖ്യാപിക്കുകയാണ്. നിരക്ഷരതയുടെയും പട്ടിണിയുടെയും അകാലമരണത്തിന്റെയും ലോകത്തുനിന്ന് സംഘർഷങ്ങൾ നിറഞ്ഞ ദുഃഖാകുലമായ മറ്റൊരു ലോകത്തേക്ക്; ഹിംസാത്മകമായ മറ്റൊരു ലോകം.
അറിഞ്ഞോ അറിയാതെയോ ചില നിഷ്ഠകളിലേക്കും ചര്യകളിലേക്കും സങ്കൽപങ്ങളിലേക്കും കുട്ടിക്കാലം ചേക്കേറി. കണ്ടതിലും കേട്ടതിലും അറിഞ്ഞതിലും നിന്ന് ചിലതെല്ലാം സ്വീകരിച്ചു. ചിലതെല്ലാം തള്ളിക്കളഞ്ഞു. സ്വീകരിച്ചവയെ തന്നെ വീണ്ടും തിരസ്കരിച്ച് പുതിയവ തേടി. ഒരു യാത്രായജ്ഞംപോലെ. ഗോത്രസംസ്കൃതിയുമായുള്ള സംഘർഷത്തിൽ സഹജമായ ജീവിതരീതികളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ചോദ്യംചെയ്യപ്പെട്ടു. വിലക്കുകളുടെ മേളനമാണത്. പകരം സ്വീകരിച്ച നിലവിളക്കും രാമായണ പാരായണവും വേണ്ടെന്നുവെച്ചു. മുകളിലുള്ള ദൈവത്തെ അപ്രസക്തമായിക്കണ്ട് പിശാചുകൾക്കിടയിൽ ജീവിതസാധ്യതകൾ തേടുന്നവർക്കിടയിൽനിന്ന് പിശാചുക്കളെയും ദൈവെത്തയും നിഷേധിക്കാൻ എളുപ്പമായിരുന്നു.
സ്നേഹവും സാഹോദര്യവും കാരുണ്യവുമെല്ലാം ഉന്നതമായ മൂല്യങ്ങളാണെന്നറിഞ്ഞു. കള്ളവും ചതിയും പാടില്ല. മദ്യപാനം പോലെതന്നെ ചൂതാട്ടവും വ്യഭിചാരവും തിന്മകളാണ്. ധീരതയും ത്യാഗവും ഗുണങ്ങളാണ്. പരാജയം ഉറപ്പായിരുന്നിട്ടും പത്മവ്യൂഹത്തിൽനിന്ന് പൊരുതുന്ന അഭിമന്യുവിന്റെ ധീരയൗവനത്തോട് ഏറെ ഇഷ്ടമായിരുന്നു. ഒന്നുകൊണ്ടറിയണം അതിന്റെ ബലാബലം എന്ന വിദുരവാക്യം സ്വന്തമാക്കി- ഒരുൾക്കാലംകൊണ്ടങ്ങോട്ട് ചാടിയാൽ ഇരുൾകാലംകൊണ്ട് ഇങ്ങോട്ട് പോരുമോയെന്ന്. നിഷ്കാമ കർമമെന്ന കൃഷ്ണോപദേശത്തിലെ നിസ്വാർഥതയും സ്വീകാര്യമായി. സർവോപരി അറിവാണ് ആയുധം എന്ന തിരിച്ചറിവ്. അക്ഷരത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ കൊതിച്ചവർ നിരക്ഷരരായി തന്നെ മടങ്ങിപ്പോകുന്നത് കണ്ടു. അസാധ്യമായതിനെ സാധ്യമാക്കുകയെന്ന ചുമതല എന്നെ ഏൽപിച്ചിട്ടെന്നപോലെ. ഞാനോ സഞ്ചാരപഥത്തിൽ കൂട്ടംവിട്ട് ഏകാകിയായി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.