‘മാധ്യമം വാർഷികപ്പതിപ്പു’കളിൽ (2023, 24, 25 വർഷങ്ങളിൽ) ‘ആത്മകഥയിലെ ഒരു അധ്യായം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഓർമകളുടെ തുടർച്ച.
1992 സെപ്റ്റംബര്‍.
എന്നെങ്കിലും എല്ലാ കാര്യങ്ങളും കൃത്യമായ ഒരു ദിശയില്‍ സഞ്ചരിക്കുമെന്ന് ആഗ്രഹിക്കുന്നതും അങ്ങനെ വിചാരിച്ച് മുന്നോട്ടു പോകുന്നതുമാവും ജീവിതം എന്നു കരുതും. എന്നാല്‍, സത്യമായി ഭവിക്കുന്നത് അതൊന്നുമായിരിക്കുകയില്ല. നമുക്കറിയാത്ത നൂറായിരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതില്‍ നമുക്കായി എന്താണുള്ളത് എന്ന് നാം അത്ഭുതത്തോടെ നോക്കിയിരിക്കും. വന്നു കഴിയുമ്പോള്‍ മാത്രമാവും നാമതിനെക്കുറിച്ച് അറിയുന്നതു തന്നെ. യാദൃച്ഛികതകളുടെ കൂമ്പാരമാണ് സിനിമ. എന്ത് എപ്പോള്‍ എങ്ങനെ സംഭവിക്കുമെന്നറിയാതെയുള്ള സഞ്ചാരം. ഒരു സംവിധായകന് ഒരു കഥ ലഭിക്കുന്നു, അതൊരു നിര്‍മാതാവിനോട് പറയുന്നു, അയാള്‍ കേട്ടിട്ട് ഇത് നമുക്ക് പരിചയമുള്ള ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒരു നടനോട് പറയാം എന്ന് തീരുമാനിക്കുന്നു. ആ നടനായാല്‍ നമുക്കിത് സ്വസ്ഥവും കൃത്യവുമായി കച്ചവടം ചെയ്യാമെന്നും അങ്ങനെയായാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നും നിർമാതാവ് ഉറപ്പിക്കുന്നു.
അതിനായി ഒരു പ്രൊഡക്ഷന്‍ കൺട്രോളറെ കണ്ട് സംസാരിക്കുന്നു. എഴുതിയ കഥ തിരക്കഥ ആവുന്നതിനുമുമ്പേ സംവിധായകനും നിര്‍മാതാവും ചിലപ്പോള്‍ കഥാകൃത്തും ചേര്‍ന്ന് നായകനടനെ കാണാന്‍ പോകുന്നു. അയാളുടെ സൗകര്യവും സമയവും നോക്കി കഥ പറയുന്നു. കഥ ഇഷ്ടപ്പെട്ടാല്‍ പിന്നെ തിരക്കഥയെഴുതുന്നു, നിര്‍മാണത്തിന്‍റെ മറ്റുഘട്ടങ്ങളിലേക്ക് അതിവേഗത്തില്‍ കടക്കുന്നു. എന്നാൽ, അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവത്താല്‍ അത് നിന്നുപോകുന്ന കാഴ്ചയുണ്ടാവുന്നു. മലയാളത്തില്‍ ഒരു സിനിമ അതിന്‍റെ എല്ലാ ഘടകങ്ങളും ഒത്തൊരുമിപ്പിച്ച് നായകനടനും മറ്റ് സാങ്കേതികപ്രവര്‍ത്തകരും നടീനടന്മാരും ഏറ്റവും മുന്നില്‍ നിൽക്കുന്ന നിർമാതാവുമൊക്കെയുണ്ടായിട്ട് ആഘോഷത്തോടെ ഷൂട്ട് തുടങ്ങിയിട്ട് രണ്ട് ദിവസം കഴിയുമ്പോള്‍ അറിയുന്നു, ഇപ്പോള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ കഥയാണെന്ന്, അതും ചില കുഞ്ഞുമാറ്റങ്ങളോടെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നതെന്നും. അതറിഞ്ഞ നിമിഷം ആ സിനിമയുടെ വിധി മറ്റൊന്നാവുന്നു. ഇനിയെന്ത് എന്ന വേവലാതി മുഴുവന്‍ സംഘത്തെയും ബാധിക്കുന്നു. ചിലപ്പോള്‍ ചിലര്‍ മാത്രം ആ വേവലാതിയെയും ആന്തലിനെയും മറികടന്ന് വേറെ വഴിക്ക് സിനിമ തുടരും. ചിലപ്പോള്‍ ചിലര്‍ മുടക്കിയ പണത്തിന്‍റെ നഷ്ടമോര്‍ത്ത് അവസാനിക്കും. സിനിമ അത്ഭുതങ്ങളുടെ പ്രഹേളികയാണ്.
‘ഓസ്ട്രേലിയ’യുടെ തിരക്കഥയും ചിത്രീകരിച്ചതുമെല്ലാം ഇനിയൊരു കഥക്ക് ഉപയോഗിക്കാനാവില്ലെന്ന് തീരുമാനിച്ച് പുതിയ കഥയെഴുതി അത് മോഹന്‍ലാല്‍ സാറിനോട് പറയാനൊരു സമയമുണ്ടാക്കുകയെന്നത് അത്ര വിഷമം പിടിച്ച ഒരു കാര്യമായിരുന്നില്ല. കാരണം സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമക്ക് മോഹന്‍ലാല്‍ എന്ന സുഹൃത്ത് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. സാജന്‍ കഥ വളരെ വിശദമായി മനസ്സില്‍ ഒരുക്കിയിരുന്നു. അത് വെള്ളപ്പേപ്പറിലേക്ക് മാറ്റിയിരുന്നില്ല എന്നുമാത്രം.
ജെ. വില്യംസ് എന്ന കാമറാമാന്‍ എഴുത്തുകാരനോട് പറയും: ‘‘നിനക്കൊക്കെ പത്തുപൈസയുടെ കടലാസും അഞ്ചുപൈസയുടെ മഷിയും മതി. എന്ത് തോന്നിയതും എഴുതിവെക്കാം. അതൊക്കെ ഒന്ന് സിനിമയാക്കണമെങ്കില്‍ എത്ര പൈസ വേണമെന്ന് നിനക്കറിയോ...’’
എഴുതിവെക്കുന്നത് സിനിമയാക്കാനുള്ള ശ്രമത്തെയും അതിന്‍റെ കഷ്ടപ്പാടുകളെയും ഇന്ന് കാണുന്നതുപോലെ ആയിരുന്നില്ല അന്നത്തെ പ്രവര്‍ത്തികള്‍. ഇന്ന് ചിന്തിക്കുന്നതെന്തും തിരശ്ശീലയില്‍ തെളിയിക്കാന്‍ കഴിയും. സിനിമ പരിപൂര്‍ണമായും യാന്ത്രികകല തന്നെയായി മാറിക്കഴിഞ്ഞു.
മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഒരു സുഹൃത്ത് സുരേഷ് കുമാര്‍ ആയതുകൊണ്ടുതന്നെ കഥ പറയാന്‍ ഒരു വെളുപ്പാന്‍കാലത്ത് രാജീവേട്ടനും സുരേഷേട്ടനും സാജനും കൂടി ചെന്നു. അന്നൊക്കെ ഒരു സിനിമ തീരുന്നതിന്‍റെ അടുത്ത ദിവസം തന്നെ പുതിയ സിനിമ ആരംഭിക്കുന്ന രീതിയായിരുന്നു.
‘ഓസ്ട്രേലിയ’ എന്ന സിനിമ, കാര്‍ റേസിന്‍റെ ദിവസങ്ങളിലും അതുകഴിഞ്ഞ് തിരുവനന്തപുരത്തെ സെറ്റിലും പിന്നെ പതിനഞ്ചുദിവസത്തെ ഇടവേളക്കു ശേഷം ലാല്‍ സാര്‍ ഒരു സിനിമയുടെ അവസാന ഷെഡ്യൂള്‍ തീര്‍ത്ത് നേരെ ‘ഓസ്ട്രേലിയ’യുടെ ബാക്കിഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച ദിവസങ്ങള്‍ക്ക് മുമ്പാണ് തിരിക്കഥ മാറ്റിയെഴുതിയതും അത് ഇഷ്ടപ്പെടാതെ പോവുകയും ചെയ്തത്. തിരുവനന്തപുരത്ത് മെരിലാൻഡില്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന രണ്ടാമത്തെ ദിവസം ഒരുച്ചക്ക് ലഞ്ച് ബ്രേക്കിനുപിരിഞ്ഞ് ഭക്ഷണം കഴിച്ചുവന്നപ്പോഴേക്കും ചെയ്തുകൊണ്ടിരുന്ന സിനിമയില്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായത് ഏത് ചിന്തയില്‍നിന്നെന്ന് ഇന്നും മനസ്സിലാകാതെ പോകുന്നു. അല്ലെങ്കിലും സിനിമയുടെ കാരണം അങ്ങനെയാണ്.
ചിലപ്പോള്‍ അന്ധവിശ്വാസം അല്ലെങ്കില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരാലോചന, അതുമല്ലെങ്കില്‍ ആരുടെയെങ്കിലും മനസ്സില്‍ തോന്നുന്ന വിജയപരാജയത്തിന്‍റെ കാര്യത്തിലുള്ള സംശയം. അതൊക്കെ സിനിമയെ പാടെ മാറ്റിയേക്കാം. അപ്പോള്‍ പുതിയ കഥയുണ്ടാവുന്നതും അത് തിരക്കഥയാവുന്നതിനും സമയം ആവശ്യമായി വരുന്നു. ഷൂട്ട് തുടങ്ങാനുള്ള തിയതി തീരുമാനിച്ച സമയത്തിനുള്ളില്‍ തിരക്കഥ പൂര്‍ണമാവുമോ എന്നൊരു അങ്കലാപ്പ് മോഹന്‍ലാല്‍ സാറിനുമുണ്ടായിരുന്നു. എങ്കിലും സര്‍വതിനെയും മറികടക്കുന്നത് പരസ്പരസ്നേഹവും വിശ്വാസവുമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. അത് സുരേഷേട്ടനും ലാല്‍ സാറും രാജീവ് അഞ്ചല്‍ എന്ന സംവിധായകനും തമ്മിലുള്ളതാണെന്ന് നമ്മള്‍ അനുഭവിക്കുന്നു.
കഥയുടെ ഒരു ഔട്ട്ലൈന്‍ ആയിരുന്നു ആദ്യം പറഞ്ഞത്. ഹ്യൂമറും ആക്ഷനും തുല്യപ്രാധാന്യമുള്ള ഔട്ട് ആൻഡ് ഔട്ട് എന്‍റര്‍ടെയ്നര്‍, അതായിരുന്നു രണ്ടാമത് പറഞ്ഞ കഥ. കഥ കേൾക്കുന്നതിന് മുമ്പേ ലാൽ സാർ, തീരുമാനിച്ച ഷൂട്ടിങ് തീയതിയില്‍ ഇത് നടക്കാതെ വരുമോ എന്നൊരു സംശയം പറഞ്ഞിരുന്നു. കഥ തൃപ്തിയാകണം, പിന്നെയത് എഴുതണം, അതിനു ചേരുന്ന നടീനടന്മാരുടെ ഡേറ്റ് കിട്ടണം, അങ്ങനെയൊരായിരം നൂലാമാലകള്‍ ഉള്ളപ്പോള്‍ എഴുതി തീര്‍ത്ത പിന്നീട് ചെയ്യാമെന്ന് തീരുമാനിച്ച ഒരു കഥ നോക്കുന്നതല്ലേ നല്ലത് എന്നൊരു ചിന്തയുണ്ടായിരുന്നു. എന്നാല്‍ രാജീവേട്ടന്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ലാല്‍ സാര്‍ ഏറെ ആഹ്ലാദത്തോടെ ഈ പറഞ്ഞ കഥ തന്നെ ചെയ്യാമെന്നൊരു തീരുമാനം ഉണ്ടാവുന്നു. വളരെ സമയമെടുത്ത് ചെയ്യേണ്ട ഒരു സിനിമയെന്നും ഇതിലെ രംഗങ്ങള്‍ അത്രമേല്‍ വിശാലമായി എഴുതപ്പെടേണ്ടതെന്നും അവര്‍ തീരുമാനിക്കുന്നു. നമ്മളിത് ചെയ്യുന്നു. ആദ്യം സ്ക്രിപ്റ്റ് തീരട്ടെ, എന്നിട്ട് ഷൂട്ടിങ് ഡേറ്റ് തീരുമാനിക്കാം എന്ന് ഉറപ്പിക്കുന്നു. ഈ കഥ നടക്കുന്ന കാലത്ത് തന്നെയാണ് രാജീവേട്ടനൊരു തമിഴ് സിനിമ സംവിധാനംചെയ്യാനുള്ള തീരുമാനം ഉണ്ടാവുന്നത്.
തമിഴിലും ഹിന്ദിയിലും തെലുഗുവിലുമായി എം.ജി. രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, എന്‍.ടി. രാമറാവു, ജെമിനി ഗണേശന്‍, രാജേഷ് ഖന്ന, മമ്മൂട്ടി തുടങ്ങി എക്കാലത്തെയും സൂപ്പര്‍ സ്റ്റാറുകളെ െവച്ച് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത നിര്‍മാതാവ്, രാഷ്ട്രീയത്തിലും സിനിമയുടെ സംഘടനകളിലും സ്ഥാനം വഹിക്കുന്നയാള്‍, കോവൈ ചെഴിയന്‍. അദ്ദേഹം നിർമിക്കുന്ന ഒരു ചിത്രം എന്നത് തമിഴ് സിനിമാലോകത്ത് ഏറ്റവും ഗംഭീരമായ ഒരു തുടക്കമാകുന്നു. ‘ഉഴിക്കും കരങ്ങൾ’, ‘സുമൈതാങ്ങി’, ‘ഊട്ടി വരൈ ഉറവ്’, ‘സര്‍ക്കസ് രാമുഡു’, ‘മൗനം സമ്മതം’, ‘അഴകന്‍’ തുടങ്ങിയവയെല്ലാം അന്നത്തെ സിനിമ വ്യവസായത്തിലെ എണ്ണപ്പെട്ട ചിത്രങ്ങളായിരുന്നു.
ആ ലോകത്തെ ഏറ്റവും പ്രശസ്തമായ സിനിമ കമ്പനിയായ കെ.സി ഫിലിംസിനുവേണ്ടി രാജീവേട്ടന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്നറിയുമ്പോള്‍ നമ്മളുടെ വഴികളുടെ വിശാലത നമ്മളറിയുകയായിരുന്നു. കെ. ബാലചന്ദര്‍ സാറിന്‍റെ കൂടെ അനേകം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ അനന്തു സാര്‍ ആയിരുന്നു രാജീവേട്ടന്‍റെ കഥക്ക് തിരക്കഥയെഴുതുന്നത്. ‘ശിഖരം’ എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്നു അദ്ദേഹം. പതിനായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുള്ള പത്മശ്രീ വാലിയെഴുതുന്ന എട്ടു പാട്ടുകള്‍ക്ക് തേനിസൈ തെന്‍റ്രല്‍ ദേവ സംഗീതംചെയ്ത് എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര, മിന്മിനി പാടുന്നു. തെലുങ്ക്, തമിഴ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിർവഹിച്ച കോടീശ്വരറാവു (സൂര്യ) ആണ് രാജീവേട്ടന്‍റെ കണ്ണായി കൂടെ നിൽക്കുന്നത്.
കഥയിലെ നായകനും നായികയും പുതുമുഖങ്ങളായിരുന്നു. അവര്‍ക്ക് വേണ്ടിയൊരുപാട് ഓഡിഷന്‍ നടത്തിയൊടുവില്‍ കണ്ടെത്തിയതായിരുന്നു സഞ്ജയിനെയും ലാവണ്യയെയും. സഞ്ജയ് നൃത്തത്തില്‍ തന്‍റെ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു. ഈ കഥയില്‍ ക്ലാസിക് നൃത്തത്തിന് അത്രമേല്‍ പ്രാധാന്യം ഉണ്ടായിരുന്നതുകൊണ്ട് അതറിയുന്ന ഒരാള്‍തന്നെ വേണമെന്ന് രാജീവേട്ടന്‍ നിര്‍ബന്ധംപിടിച്ചിരുന്നു. മലയാളത്തില്‍നിന്നും കെ.ബി. ഗണേഷ് കുമാറിനെ തമിഴില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ‘തങ്കക്കൊലുസ്സ്’. മദ്രാസിലെ ലയോള കോളജ്, വൈ.എം.സി.എ, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വി.ജി.പി തുടങ്ങി നാഗര്‍കോവിലിലെ പത്മനാഭപുരം കൊട്ടാരം, തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോ എന്നിങ്ങനെ വിവിധയിടങ്ങളിൽ സിനിമ ചിത്രീകരിക്കാൻ തീരുമാനിക്കുന്നു.
തമിഴിലെ അന്നത്തെ ഏറ്റവും വലിയ ഹ്യൂമര്‍ കോമ്പോ ആയ ജനകരാജ്, മദന്‍ ബോബ് ഷർമിളി എന്നിവര്‍ക്കൊപ്പം ചാരുഹാസനും ഡല്‍ഹി ഗണേഷും രാജേഷും പ്രശാന്തിയും പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ ഉറപ്പിച്ചു. മലയാളത്തില്‍നിന്നും എന്‍.എല്‍. ബാലകൃഷ്ണനും സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെടുന്നു. ഇത്രയും മുന്നൊരുക്കങ്ങള്‍ ചെയ്ത് വെച്ചിട്ടായിരുന്നു രാജീവേട്ടന്‍ സിനിമചെയ്യുവാന്‍ ഞങ്ങളെയുംകൂട്ടി മദ്രാസിലേക്ക് പോകുന്നത്. മദ്രാസിലെ ലൊക്കേഷനുകളെല്ലാം ഒന്നുകൂടി കാണുകയും പാട്ടിന്‍റെ കമ്പോസിങ്ങും റെക്കോഡിങ്ങും തീര്‍ത്തിട്ട് തിരിച്ചുവരികയുംചെയ്തു.
ഗിണ്ടിയില്‍ ചെഴിയന്‍ സാറിന്‍റെ ഔട്ട് ഹൗസിലായിരുന്നു ഞങ്ങള്‍ക്ക് താമസിക്കാന്‍ ഇടംതന്നത്. ഗിണ്ടിയില്‍ കുതിരയോട്ടം നടത്തുന്ന റേസ് കോഴ്സിനടുത്തുള്ള ഒരു കോളനിയിലായിരുന്നു ആ വീട്. പ്രധാനപാതയില്‍നിന്നും കോളനിയിലേക്ക് കയറുമ്പോള്‍ ഒരു സന്തിലെത്തും. ആ സന്ത് ഒരു മുട്ടുസന്ത് ആയിരുന്നു. അതിനുമുന്നിലെ മതിലിനോട് ചേര്‍ന്ന് ഒരു പിള്ളയാരപ്പന്‍. ഒരു വഴി ചെന്ന് ഒരു മതിലിനെ മുട്ടിയിട്ട് രണ്ടുഭാഗത്തേക്കായി തിരിഞ്ഞുപോകുന്നുവെങ്കില്‍ അത് വിഘ്നം സൃഷ്ടിക്കുമെന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടുതന്നെ വിഘ്നമകറ്റാനായി ആ മുട്ടിലൊക്കെ ഗണപതിവിഗ്രഹങ്ങള്‍ വെക്കുകയും വിളക്ക് കത്തിക്കുകയോ തേങ്ങ ഉടക്കുകയോ ചെയ്യും. ചെഴിയന്‍ സാറിന്‍റെ വീട്ടിലേക്ക് പോകുന്ന ആദ്യവഴിയില്‍ ഒരു പിള്ളയാരപ്പനുണ്ട്.
അത് കഴിഞ്ഞ് നേരെ ചെന്നുകയറുന്നത് സാറിന്‍റെ വീട്ടിലേക്കാണ്. അതെത്തുന്നതിന് മുമ്പേയുള്ള വീട്ടിലായിരുന്നു ഞങ്ങള്‍ അന്തിയുറങ്ങിയത്. ആ സമയത്തൊന്നും തന്നെ ഞങ്ങള്‍ ചെഴിയന്‍ സാറിനെ കണ്ടിരുന്നില്ല. ചെഴിയന്‍ സാറിന്‍റെ മാനേജര്‍ ബാബു ആയിരുന്നു എല്ലാ കാര്യവും നോക്കിയിരുന്നത്. ബാബു തന്നെ ആയിരുന്നു അക്കാലത്ത് മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിയുടെ മദ്രാസിലെ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. മദ്രാസിലെ എ.വി.എമ്മില്‍ പാട്ട് ചിത്രീകരിക്കുമ്പോൾ ഒരിക്കല്‍ ബാബു ഇന്നത്തെ അനുഗൃഹീത നടന്‍ ദുല്‍ഖര്‍ സൽമാന്‍ എന്ന ചാലുവിനെയുംകൊണ്ട് ലൊക്കേഷനില്‍ വന്നിരുന്നു. കാറുകളോട് അത്യധികം താൽപര്യമുള്ള ചാലുവിനെ ഞങ്ങള്‍ അവിടെ കണ്ടിരുന്നു. അന്നയാള്‍ക്ക് എട്ടോ ഒമ്പതോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. കാണുന്ന കാറുകളുടെയെല്ലാം ബ്രാൻഡ് അതിവേഗത്തില്‍ പറയുന്ന ആ കുട്ടി ഒരത്ഭുതം തന്നെയായിരുന്നു. ഗിണ്ടിയില്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ പാചകമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ ബാബു താമസിക്കുന്ന വീട്ടില്‍ ചെന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
കൊങ്കുനാട് മേഖലയിലെ ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ മുതിര്‍ന്ന നേതാവായിരുന്നതു കൊണ്ടുതന്നെ ചെഴിയന്‍ സാറിന്‍റെ വീട്ടില്‍ കൊങ്കുനാടിന്‍റെ ഭക്ഷണം തന്നെയായിരുന്നു എന്നും ഒരുക്കിയിരുന്നത്. തമിഴ്നാടിന്‍റെ മറ്റു ഭാഗത്തേക്കാള്‍ എരിവ് കുറഞ്ഞ രീതിയിലാണ് അവര്‍ ഭക്ഷണമുണ്ടാക്കിയിരുന്നത്. കോയമ്പത്തൂര്‍, പൊള്ളാച്ചി, സേലം, കരൂര്‍, അവിനാശി, മേട്ടൂര്‍, തിരുപ്പൂര്‍, പഴനി പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കൊങ്കുനാടിന്‍റെ പാചക പാരമ്പര്യത്തിന്‍റെ സവിശേഷത ആ നാടിന്‍റെ മഹത്വമാണ്. നാട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന തേങ്ങയില്‍നിന്നും എള്ളില്‍നിന്നും ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയും എള്ളെണ്ണയും മഞ്ഞളും അവര്‍ പാചകത്തില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
രാവിലെയൊക്കെ പലതരത്തിലുള്ള ദോശകള്‍ ആയിരുന്നു വിഭവങ്ങൾ. മുരിങ്ങയില, ചീര തുടങ്ങി പലതരം ഇലകള്‍ ഉപയോഗിച്ചുള്ള ദോശകള്‍, കമ്പുദോശ, അരിസുപരിപ്പ് സാദം, കമ്പുപനിയാരം, മട്ടനും ചിക്കനുമുപയോഗിച്ച് ചിക്കന്‍ ചിന്താമണി, പള്ളിപാളയം ചിക്കന്‍, കൊങ്കു മട്ടണ്‍ കറി, പിച്ചിപോട്ടുകോഴി തുടങ്ങിയതൊക്കെ ഉണ്ടാക്കുമ്പോഴും പച്ചമുളകിനേക്കാള്‍ എരിവിനായി കുരുമുളകാണ് അവർ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആഹാരം കഴിയുമ്പോള്‍ ശരീരം ചൂടുപിടിക്കാറില്ല. തനത് വിളകളുപയോഗിച്ച് ഉണ്ടാക്കുന്ന കൊങ്കുനാടിന്‍റെ വിഭവങ്ങളായിരുന്നു ചെഴിയന്‍സാറിന്‍റെ വീട്ടില്‍നിന്നും ഉച്ചക്ക് സ്റ്റുഡിയോയിലേക്കും രാവിലെയും രാത്രിയും വീട്ടില്‍നിന്നും കഴിച്ചിരുന്നത്.
പത്മനാഭപുരം കൊട്ടാരം ഷൂട്ടിനു മുമ്പ് അനുവാദം വാങ്ങിയെടുക്കുകയെന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യംതന്നെയായിരുന്നു. അത് കൊടുക്കുന്നതിന് സര്‍ക്കാറിന് ഒട്ടും താൽപര്യമില്ലായിരുന്നു. എന്നാല്‍ രാജീവേട്ടന്‍ ആ സ്ഥലത്ത് കണ്ട ഫ്രെയിമുകള്‍ മറ്റൊരു സ്ഥലത്തും കിട്ടുകയില്ല എന്നതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും പാലസിന്‍റെ അനുവാദം വാങ്ങിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. അനുവാദം ലഭിക്കുന്ന കാര്യം വൈകുന്നതു കണ്ടപ്പോള്‍ ചെഴിയന്‍ സാര്‍ നാഗര്‍കോവില്‍ മാറ്റി ചെന്നൈയിലോ ഹൈദരാബാദിലോ ഉള്ള കൊട്ടാരങ്ങള്‍ നോക്കാമെന്ന് പറഞ്ഞു. അന്നേരം തന്നെ രാജീവേട്ടന്‍ ചെഴിയന്‍ സാറിനെ പത്മനാഭപുരം കൊട്ടാരം കാണാന്‍ ക്ഷണിച്ചു. ചെഴിയന്‍ സാര്‍ ചെെന്നെയില്നിന്നും വരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ പാർട്ടിയിലെ ഇരുപത്തഞ്ചോളം വരുന്ന പ്രവർത്തകർ തിരുവനന്തപുരത്ത് എത്തുന്നു. ചെഴിയന്‍ സാര്‍ വരുന്ന കാര്യം രാജീവേട്ടന്‍ എന്നെ വിളിച്ചുപറയുന്നു. അദ്ദേഹത്തിനും സംഘത്തിനും വിശ്രമിക്കാന്‍ പങ്കജ് ഹോട്ടലില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. രാജീവേട്ടന്‍ വരുന്നതിനു മുമ്പേ അവിടെ ചെല്ലാനും രാജീവേട്ടന്‍റെ ഒരാളായി അവിടെ നിൽക്കാനും അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അന്വേഷിക്കാനും എന്നോട് പറഞ്ഞയുടനെ ഞാന്‍ പങ്കജ് ഹോട്ടലില്‍ എത്തുന്നു.
സ്യൂട്ട് റൂമിന്‍റെ വാതില്‍ മുട്ടിയപ്പോള്‍ ഒരാള്‍ വാതില്‍ തുറന്നു: യാര്?
ഒരു സമ്മേളനത്തിനു ചേര്‍ന്ന ആള്‍ക്കൂട്ടംപോലെ ഒരുപാട് ആളുകള്‍ ആ മുറിയില്‍തന്നെ ഉണ്ടായിരുന്നു.
‘‘സാര്‍ നാന്‍ രാജീവ് സാറോടെ അസിസ്റ്റന്‍റ്... ചെഴിയന്‍ സാറെ പാക്കണം...’’
‘‘വാങ്ക ഉക്കാരുങ്കാ...’’
‘‘രാജീവ് സാര്‍ എപ്പോ വരും...’’
‘‘അവ വന്തിട്ടിരുക്ക സാര്‍...’’
സ്യൂട്ട് റൂമിലെ അകത്തെ മുറിയിലേക്ക് എന്നെ വിളിച്ചു. കട്ടിലില്‍ ചെഴിയന്‍ സാര്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിനു ചുറ്റും നിറയെ ആളുകള്‍. ചില തമിഴ് സിനിമകളില്‍ മന്ത്രിക്കും രാഷ്ട്രീയ നേതാവിനു ചുറ്റും കാണുന്ന ആളുകളെ പോലെ ഖദര്‍ വേഷ്ടിയും ഷര്‍ട്ടും തോളില്‍ ഷാളുമിട്ട ആളുകള്‍.
‘‘വാങ്ക തമ്പീ... രാജീവ് സാര്‍ എപ്പ വരും...’’
‘‘സാര്‍ അവ വന്തിട്ടിരുക്ക് സാര്‍... ഒരു ഫൈവ് മിനുറ്റ്സുക്കുള്ളെ വന്തിടുവാങ്ക...’’
ചെഴിയന്‍ സാര്‍ എന്നെ ഒന്ന് നന്നായി നോക്കി. എന്നിട്ട് അവിടെ നിൽക്കുന്നവരോട് പറഞ്ഞു: ‘‘തമ്പിക്ക് ടീ കൊട്.... തമ്പീ ടീയാ കോഫീയാ...’’
‘‘ടീ സാര്‍...’’
കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ ഒരു കപ്പില്‍ ചായ പകര്‍ന്ന് തന്നു.
‘‘തമ്പിക്ക് ബിസ്കറ്റ് കൊട് മുരുകേശാ...’’
മുരുകേശന്‍ എന്നയാള്‍ ഒരു പെട്ടി ബിസ്കറ്റ് എനിക്ക് നേരെ നീട്ടി. അതില്‍നിന്ന് ഒരെണ്ണം എടുത്തതും കാളിങ് ബെല്‍ മുഴങ്ങി.
‘‘രാജീവ് സാര്‍...’’ എന്നുപറഞ്ഞ് ഞാന്‍ ആ മുറിയില്‍നിന്നും പുറത്തിറങ്ങി. അവിടെ നിന്നവര്‍ രാജീവേട്ടനെ ഏറെ ആദരവോടെ ചെഴിയന്‍ സാറിന്‍റെ മുറിയിലേക്ക് നയിച്ചു. കൂടെ ഞാനും കയറി. അതിനിടയില്‍ ചായയൊന്ന് കുടിച്ച് കപ്പ് പുറത്തുതന്നെ െവച്ചു കഴിഞ്ഞിരുന്നു. ഊണു കഴിഞ്ഞ് പത്മനാഭപുരത്തേക്ക് പുറപ്പെടാമെന്ന് രാജീവേട്ടന്‍ പറഞ്ഞു. രാജീവേട്ടനിരിക്കാനായി ചിലര്‍ ആ മുറിയില്‍നിന്നും പുറത്തേക്കിറങ്ങി. ഞാന്‍ അപ്പോഴും നിൽക്കുകതന്നെയായിരുന്നു. ചെഴിയന്‍ സാര്‍ എന്നെ നോക്കി ‘‘തമ്പിക്കെന്ത ഊര്...’’ എന്ന് രാജീവേട്ടനോട് ചോദിച്ചു.
മധു തിരുവനന്തപുരത്ത് തന്നെയാണ് എന്നദ്ദേഹം പറഞ്ഞു
‘‘നല്ലാ തമിഴ് പേസറാങ്കെ...’’ എന്നിട്ട് വീണ്ടും എന്നെയൊന്ന് അടിമുടി നോക്കി.
‘‘രാജീവ് സാര്‍ ഇവ്വളവ് സെവപ്പാന ഒരുത്തരെ ഉങ്ക അസിസ്റ്റന്‍റാ വച്ച് കിട്ട് നാമെയെതുക്കാകെ ഒരു പുതുഹീറോയ്ക്കാക അലഞ്ചിട്ടീങ്കെ...പേസാമല്‍ ഇവങ്കളെ പോട്ടുക്ക്ലാമില്ലേയാ...’’
രാജീവേട്ടന്‍ ചിരിച്ചു. മധുവിന് അസിസ്റ്റന്‍റ് ഡയറക്ടർ ആകണമെന്ന് പറഞ്ഞാണ് കൂടെ കൂടിയത്.
‘‘തമ്പിയ്ക്കൊരു വായ്പിരുക്ക്... പാപ്പോം.’’
അതൊരനുഗ്രഹംപോലെയായിരുന്നു എനിക്ക് തോന്നിയത്.
ഊണു കഴിക്കുന്നത്, പോകുന്ന വഴിക്ക് ചെഴിയന്‍ സാറിന്‍റെ സംഘത്തിനു പരിചയമുള്ള ഒരിടമുണ്ടെന്ന് പറഞ്ഞതുകൊണ്ട് ഉച്ചക്ക് മുമ്പുതന്നെ നാഗര്‍കോവിലിലേക്ക് യാത്ര തുടങ്ങി. പതിനഞ്ച് വെളുത്ത അംബാസഡര്‍ കാറുകള്‍ക്ക് പിന്നിലായി ഞാനും രാജീവേട്ടനൊപ്പം വന്ന രണ്ടുപേരുമായി ഒരു ജീപ്പില്‍ പിന്തുടർന്നു. കളിയിക്കാവിളയിലുള്ള ഒരു ഹാളില്‍ ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നു. ചെഴിയന്‍ സാറിന്‍റെ സമുദായ സംഘടനയിലെ ആളുകളായിരുന്നു അതെല്ലാം തയാറാക്കിയത്. അതും കഴിച്ച് ഏകദേശം രണ്ടര മണിയായപ്പോഴേക്കും പാലസിലെത്തുകയും വൈകുന്നേരം അത് അടക്കുന്നതു വരെ കണ്ട് തിരിച്ചുപോരികയും ചെയ്തു. പത്മനാഭപുരം കൊട്ടാരത്തിനു മുന്നില്‍വെച്ചു തന്നെ ചെഴിയന്‍ സാര്‍ പറഞ്ഞു: ‘‘രാജീവ് സാര്‍ ഇന്തയിടം പെര്‍മിഷന്‍ കിടയ്ക്കര്റുതുക്ക് നാന്‍ എന്ന പണ്ണണുംന്ന് സൊന്നാ പോതും... ഉങ്ക ഇഷ്റ്റപ്പടി എല്ലാം നടക്കട്ടും. ഇത് താന്‍ ഉങ്ക സ്റ്റോറിയ്ക്ക് തകുന്തയിടം. അല്ലവാ.’’
എന്നുപറഞ്ഞ് അദ്ദേഹം ചുറ്റിലും നോക്കി. കൂടെ വന്ന എല്ലാവര്‍ക്കും ആ കൊട്ടാരം അത്രമേല്‍ അനുയോജ്യം എന്നുറപ്പായിരുന്നു. പത്മനാഭപുരം കൊട്ടാരം കന്യാകുമാരി ജില്ലയിലെ നാഗര്‍ കോവിലില്‍ ആണ് സ്ഥിതിചെയ്യുന്നതെങ്കിലും അതിന്‍റെ പൂര്‍ണ അവകാശം കേരള സര്‍ക്കാറിന്‍റെ സാംസ്കാരിക വകുപ്പിലെ പുരാവസ്തു വകുപ്പിനായിരുന്നു. അന്ന് ടി.എം. ജേക്കബ് ആയിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി.
അദ്ദേഹത്തിന് ഒരു കത്തുമായി ഞാന്‍ കാണാന്‍ ചെന്നു. മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി കെ. ജയകുമാര്‍ സാറിന്‍റെ അനുവാദവുമുണ്ടായിരുന്നു. കത്ത് കൊടുത്ത് കാര്യങ്ങള്‍ വിശദമായി പറഞ്ഞെങ്കിലും നോക്കാമെന്ന പതിവ് മറുപടി കേട്ട് തിരിച്ചിറങ്ങി. പോകപ്പോക കാര്യങ്ങള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് പത്മനാഭപുരം കൊട്ടാരം ഷൂട്ടിങ്ങിന് കൊടുക്കുന്നത് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അറിഞ്ഞത്. അതിനു കാരണമായി പറഞ്ഞത്, പത്മനാഭപുരം കൊട്ടാരത്തില്‍വെച്ച് ഒരു മലയാള സിനിമയുടെ സംഘട്ടനരംഗങ്ങള്‍ മുമ്പ് ഷൂട്ട് ചെയ്തതാണ്. ചിത്രീകരണം മൂലം കൊട്ടാരത്തിന്‍റെ പഴമക്ക് സാരമായി കേടുവന്നു. മേൽക്കൂരയില്‍നിന്ന് ചാടിയതുകൊണ്ട് കുറെ ഭാഗങ്ങള്‍ക്ക് വലിയതോതില്‍ കേട്പാട് പറ്റി. തമിഴ്നാട് സര്‍ക്കാറില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ ഒരു സര്‍ക്കാര്‍ തീരുമാനിച്ച കാര്യത്തില്‍ എങ്ങനെ ഇടപെടുമെന്നറിയാതെ ചെഴിയന്‍ സാറിന്‍റെ മാനേജര്‍ ബാബു തിരുവനന്തപുരത്തെ മന്ത്രിയുടെ വകുപ്പിലേക്ക് തമിഴ്നാട്ടില്‍നിന്നും ഒരു കത്തയപ്പിച്ചു.
രാജീവേട്ടന്‍ ശരിക്കും കൊട്ടാരത്തിന്‍റെ അനുവാദത്തിനായി പല വഴികളിലൂടെയും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സുരേഷേട്ടനും ജയകുമാര്‍ സാറും അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ സാറുവഴി ജേക്കബ് സാറിനടുത്ത് അറിയിക്കുകയും വെറും ഏഴു ദിവസം ഷൂട്ടിങ് നടത്താനുള്ള അനുവാദം വാങ്ങിത്തരുകയും ചെയ്തു. അനുവാദം കിട്ടി ഷൂട്ട് ചെയ്യാനുള്ള ചാര്‍ട്ട് തീരുമാനിച്ചപ്പോഴാണ് ഏഴു ദിവസംകൊണ്ട് കൊട്ടാരത്തിലെ മുഴുവന്‍ രംഗങ്ങളും ഷൂട്ട് ചെയ്തു തീരില്ലെന്ന് മനസ്സിലാകുന്നത്. വീണ്ടും മന്ത്രിയാപ്പീസില്‍ ഇടപെട്ട് രാവും പകലും ഷൂട്ട് ചെയ്യാനുള്ള അനുവാദം വാങ്ങിച്ചിട്ടാണ് അവിടെ ചിത്രീകരണം ആരംഭിച്ചത്. സത്യത്തില്‍ അഞ്ചു പാട്ടുകളും സിനിമയുടെ അറുപത് ശതമാനത്തോളം സീനുകളും ആ പാലസില്‍ തന്നെയാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ഏഴ് ദിവസവും 23 മണിക്കൂര്‍ ഷൂട്ട് ചെയ്തിട്ടാണ് സീനുകള്‍ തീര്‍ത്തത്.
ആദ്യത്തെ ദിവസം മദ്രാസിലെ ഒരു കോളജില്‍നിന്ന് വന്ന ചരിത്രവിദ്യാര്‍ഥിനികള്‍ കൊട്ടാരവും അതിന്‍റെ ചരിത്ര പശ്ചാത്തലവും ഒരു ഗൈഡിന്‍റെ നേതൃത്വത്തില്‍ കണ്ട് നടക്കുന്നതും ആ കൂട്ടത്തില്‍ നായിക അവള്‍ക്ക് താൽപര്യമുള്ള കാര്യങ്ങള്‍ കാണാന്‍ കൂടുതല്‍ സമയം ചെലവഴിച്ച് ഒറ്റക്കായി പോകുന്നതും, അതേസമയം ആ പാലസിലെ ഒരു ഗൈഡിന്‍റെ മകന്‍ ചെന്നൈയിലേക്ക് പോകാന്‍ അനുവാദം ചോദിക്കാന്‍ അപ്പനെ കാണാന്‍ വരുന്നതും ഒടുവില്‍ കൊട്ടാരം അടക്കാനുള്ള സമയമായപ്പോള്‍ സെക്യൂരിറ്റിക്കാര്‍ വിസില്‍ മുഴക്കി ആളുകളെ മാറ്റിയെങ്കിലും നായികയും നായകനും മാത്രം ആ കൊട്ടാരത്തിനകത്ത് അടക്കപ്പെടുകയുംചെയ്യുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടായിരുന്നു പാലസിനകത്ത് ചിത്രീകരണം ആരംഭിച്ചത്.
പിന്നെയുള്ള മുഴുവന്‍ ഭാഗങ്ങളിലും സഞ്ജയും ലാവണ്യയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പഴയകാലത്തെ രാജസഭയിലെ നൃത്തവും കാര്യങ്ങളും രാജകുമാരന്‍റെയും അവിടത്തെ ദാസിയുടെയും പ്രണയവും അവരെ രാജാവ് കണ്ടുപിടിച്ചപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ അവരൊരു ഗുഹയില്‍ ചെന്ന് ഒളിക്കുന്നതും അതിലുണ്ടാവുന്ന അപകടവുമൊക്കെയുള്ള സാഹസികരംഗങ്ങളും രാപ്പകലില്ലാതെ ഷൂട്ട് ചെയ്യുകയായിരുന്നു. മിക്കവാറും എല്ലാ യൂനിറ്റ് അംഗങ്ങളും വെളുപ്പാന്‍കാലത്ത് ഒരഞ്ചു മണിയാവുമ്പോള്‍ ഹോട്ടലില്‍ പോയി പ്രാഥമിക കർമങ്ങള്‍മാത്രം ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ലൊക്കേഷനിലേക്ക് തിരിച്ചുവന്ന് ഷൂട്ടാരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇത്രമേല്‍ മനസ്സര്‍പ്പിച്ച് ഓരോ രംഗങ്ങളും അത്രമേല്‍ ഭംഗിയോടെ സൃഷ്ടിക്കുകയുമായിരുന്നു. ചെയ്തുകഴിഞ്ഞ ചില ഭാഗങ്ങള്‍ ചെന്നൈയില്‍ ഫിലിം ഡെവലപ് ചെയ്തുകണ്ടപ്പോള്‍ വളരെയധികം ആഹ്ലാദം തോന്നിയിരുന്നു. അത്രയും മനോഹരമായ ദൃശ്യങ്ങളായിരുന്നു അതെല്ലാം.
ഈ ഏഴു ദിവസത്തിനുള്ളില്‍ ‘തങ്കക്കൊലുസ്സി’ല്‍ അഭിനയിക്കേണ്ട ഒരാളായിരുന്നു എന്‍.എല്‍. ബാലകൃഷ്ണന്‍. കൊട്ടാരത്തിലെ മ്യൂസിയത്തിന്‍റെ ക്യൂറേറ്റര്‍ ആയി അദ്ദേഹത്തെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ ഫോട്ടോ കാണിച്ചുകൊടുത്ത് ബാലേട്ടനുള്ള ജുബ്ബയും പൈജാമയുമൊക്കെ തയാറാക്കി വെച്ചിരുന്നു. ബാലേട്ടന്‍ ആ സമയത്ത് കോഴിക്കോട് ഷൂട്ടിലായിരുന്നു. ഐ.വി. ശശി ഷൂട്ട് ചെയ്യുന്ന ‘കള്ളനും പൊലീസും’ എന്ന ചിത്രമായിരുന്നു അത്. എല്ലാ ദിവസവും തക്കലയിലെ എസ്.ടി.ഡി ബൂത്തില്‍ ചെന്ന് രാത്രി ഒമ്പതു കഴിയുമ്പോള്‍ ഞാന്‍ ബാലേട്ടനെ വിളിക്കും: ‘‘ബാലേട്ടാ എന്നാ വരുന്നത്...’’ നാളെ കഴിഞ്ഞാല്‍ എത്താമെന്ന് ബാലേട്ടന്‍ പറയും. ഞാനത് രാജീവേട്ടനോട് വന്ന് പറയും. ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചു. കൊട്ടാരത്തില്‍ ഷൂട്ടിന് അനുവദിച്ചുകിട്ടിയ സമയം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ള രാത്രിയിലും ഞാന്‍ ചെന്ന് ബാലേട്ടനെ വിളിച്ചു. ബാലേട്ടന്‍ പഴയ ഉത്തരമായ നാളെ കഴിഞ്ഞ് തീര്‍ച്ചയായും എത്താമെന്നത് വീണ്ടും പറഞ്ഞു. അന്ന് രാജീവേട്ടന്‍ ഒരു തീരുമാനത്തിലെത്തി.
ഒരുദിവസം കൂടി കാത്തുനിൽക്കുമെന്ന് ബാലേട്ടന്‍റെ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജറായ പ്രവീണ്‍ പരപ്പനങ്ങാടിയോട് പറഞ്ഞു. അയാള്‍ നോക്കട്ടെ എന്നു പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്തു. ഉച്ചവരെ ഒരു മറുപടിയും കിട്ടാതെ വന്നപ്പോള്‍ അന്നു വൈകുന്നേരം രാജീവേട്ടന്‍ ആ കഥാപാത്രത്തെ എന്നോട് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അന്നും മുടിയും താടിയും നീട്ടി വളര്‍ത്തിയ എനിക്ക് ഒരു മ്യൂസിയം ക്യൂറേറ്ററുടെ ലുക്ക് ഉണ്ടെന്ന് അവരങ്ങു തീരുമാനിച്ചു. അസിസ്റ്റന്‍റ് ആയി കൂടെയുള്ള സേതുരാജ് ആണ് അന്നെനിക്ക് ഒരു വെളുത്ത ഷര്‍ട്ടും വെളുത്ത പാന്‍റും എടുത്തുതന്ന് രാജീവേട്ടന്‍റെ മുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തിയത്. ആ പാന്‍റും ഷര്‍ട്ടും സത്യത്തില്‍ എന്‍റെ ശരീരത്തോട് ഒട്ടും ചേര്‍ന്നതല്ലായിരുന്നു. പക്ഷേ, സിനിമ പറഞ്ഞ സമയത്ത് തീര്‍ക്കുകയെന്ന ഒറ്റ ഉദ്ദേശ്യത്തില്‍ ക്യൂറേറ്റര്‍ ആയ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു.
അവധിക്ക് അടച്ചുപൂട്ടിയ പാലസ് തുറക്കുകയും അതില്‍ ഒരു ഭാഗത്ത് കാലങ്ങളായി തുറക്കാത്ത ഒരു ഗുഹയിലേക്ക് ഇറങ്ങുന്നയിടത്ത് രക്തം തുള്ളിത്തുള്ളിയായി കാണുകയും മറ്റുമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. അന്ന് ഞാന്‍ കൂടെ അഭിനയിച്ചത് തമിഴിലെ പ്രശസ്ത നടന്മാരായ രാജേഷിനും ഡെല്ലി ഗണേഷിനുമൊപ്പമായിരുന്നു. ചെഴിയന്‍ സാര്‍ പറഞ്ഞതുപോലെ ഒരു വായ്പായിരുന്നു അത്. സത്യത്തില്‍ ആദ്യം എന്നെ സ്ക്രീനില്‍ കണ്ട സിനിമയില്‍ ഞാന്‍ തമിഴ് പറഞ്ഞു. രണ്ടാമത് ഹിന്ദി പറഞ്ഞു.
ഒരുവിധം ഭംഗിയായി എല്ലാ ഭാഗങ്ങളുമെടുത്ത് ഞങ്ങള്‍ ചെന്നൈയിലേക്ക് വണ്ടി കയറി. ഗണേഷ് കുമാറിന്‍റെ എഡിറ്റിങ് സ്യൂട്ടില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഭാസ്കറിനൊപ്പം സിനിമയിലെ രംഗങ്ങള്‍ക്ക് ഒരടുക്കും ചിട്ടയുമുണ്ടായി. പാട്ടുകള്‍ എഡിറ്റ് ചെയ്തുകഴിഞ്ഞപ്പോള്‍ പലയാവര്‍ത്തി അത് വലിയ സ്ക്രീനിലിട്ടു കണ്ടു. ‘‘ഓര്‍ തങ്കക്കൊലുസ്സും’’, ‘‘നാന്‍ വന്തയിടം ഒരു രാജമാളിക’’, ‘‘കൂട്ടുക്കുള്ളൈ കലന്തത് കലന്തത്’’ എന്നീ പാട്ടുകളുടെ ചിത്രീകരണം കാണാന്‍ ഒരുപാട് പേര്‍ ദിവസവും വന്നുകൊണ്ടിരുന്നു.
അങ്ങനെയായിരുന്നു ‘തങ്കക്കൊലുസ്സി’ന്‍റെ പാട്ടുകള്‍ പുറത്തിറക്കുന്ന ഓഡിയോ ലോഞ്ച് തീയതി തീരുമാനിച്ചത്. തമിഴിലെ പ്രശസ്തരായ കെ. ബാലചന്ദര്‍ അടക്കം വന്‍ താരങ്ങളുടെ അകമ്പടിയില്‍ നാലു പാട്ടുകള്‍ ചിത്രീകരിച്ചത് കാണിച്ചുകൊണ്ട് കാസറ്റ് ഇറങ്ങി. ഓരോ പാട്ടു കഴിയുമ്പോഴും അടുത്തത് എന്നുപറഞ്ഞുകൊണ്ട് നീണ്ട കരഘോഷമായിരുന്നു. ദേവ എന്ന സംഗീത സംവിധായകന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനമായിരുന്നു അത്. കാസറ്റ് ഇറങ്ങിയ ദിവസം മൂന്നുലക്ഷത്തിലേറെ കാസറ്റുകള്‍ വിറ്റുപോയി എന്ന മഹാഭാഗ്യം ആ സിനിമക്കുണ്ടായി.
അതുകഴിഞ്ഞ് ബാക്കിഭാഗങ്ങള്‍ ചെന്നൈയില്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരുദിവസം ചെഴിയന്‍ സാര്‍ ആശുപത്രിയിലായി. ഷൂട്ട് ചെയ്ത് തീര്‍ത്ത് സിനിമ പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹത്തെ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നെയും കുറേനാള്‍ ആശുപത്രി വാസവും ചികിത്സയുമൊക്കെയായി അദ്ദേഹത്തിന്‍റെ ദിനങ്ങള്‍ കടന്നുപോയി. എന്തൊക്കെയോ കാരണങ്ങളാല്‍ ‘തങ്കക്കൊലുസ്സ്’ വെള്ളിവെളിച്ചത്തിന്‍റെ പ്രഭയിലേക്ക് തെളിഞ്ഞുവന്നതേയില്ല. ഒരുപാട് കഷ്ടപ്പാടുകൾക്കുള്ളില്‍നിന്നും ഒരു കൃതി പൂര്‍ത്തിയാക്കിയെങ്കിലും അത് പൂര്‍ണമായി കാണാനുള്ള ഭാഗ്യമില്ലാതെ അവസാനിച്ചു.
ലാവണ്യ പിന്നീട് സിനിമകളില്‍ വന്നില്ല. സഞ്ജയ് ചില മലയാള ചിത്രത്തിലും പിന്നെ ടെലിവിഷനിലും അഭിനയിച്ചു. കാഴ്ചയുടെ ഇരുട്ടില്‍ ‘തങ്കക്കൊലുസ്സി’ന്‍റെ ശബ്ദം നേര്‍ത്തുപോയി. എങ്കിലുമിപ്പോഴും ആ സിനിമയിലെ പാട്ടുകള്‍ യൂട്യൂബില്‍ ഒരുപാട് പേരുടെ ഇഷ്ടഗാനമായി ഇന്നും കേള്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ‘തലപ്പാവും’, ‘ഒഴിമുറി’യും ചെയ്ത് അതിന്‍റെ സാറ്റലൈറ്റ് നൽകിയത് സണ്‍ നെറ്റ് വര്‍ക്കിനായിരുന്നു. മൂന്നാമത്തെ സിനിമ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ചെയ്ത് സണ്‍ നെറ്റ് വര്‍ക്കിനെ സമീപിക്കുമ്പോഴാണ് കോവൈ ചെഴിയന്‍ സാറിന്‍റെ മകന്‍ സെമ്പിയന്‍ ശിവകുമാര്‍ സണ്‍ നെറ്റ് വര്‍ക്കിന്‍റെ ഡയറക്ടര്‍ ആയി കാണുന്നത്. അപ്രതീക്ഷിതമായ അനുഭവങ്ങളുടെ പ്രഖ്യാപനമാണ് മുന്നില്‍ തെളിയുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.