ചിത്രീകരണം: തോലിൽ സുരേഷ്​

ഉഴവൂരും മാന്നാനവും -സമരദിനങ്ങൾ

ദലിത് സമുദായത്തിൽനിന്ന് ഉയർന്നുവന്ന സി.ടി. സുകുമാരൻ ​െഎ.എ.എസിന്റെ ദുരുഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധഃസ്ഥിത നവോത്ഥാന മുന്നണി നടത്തിയ സമരത്തെക്കുറിച്ചും മാന്നാനത്ത് ക്രൈസ്തവ സഭയിലെ ജാതിവിവേചനത്തിനെതിരെ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുമുള്ള ഓർമകൾ.

സി.ടി. സുകുമാരൻ ഐ.എ.സിന്റെ മരണവുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി കെ.ആർ. നാരായണന്റെ വസതിയിലേക്ക് മാർച്ച് നടത്തുക എന്നത് യഥാർഥത്തിൽ മുന്നണിക്കുള്ളിൽ ആരെങ്കിലും ഉന്നയിച്ചൊരാശയമായിരുന്നില്ല. എം.പി.ഇ.ഡി.എയുടെ പരിസരത്തുള്ള ഒരു ചായക്കടയിൽ ​കെ.കെ. രവിയും ഞാനും സി.ടി. സുകുമാരൻ പ്രശ്നം സംസാരിച്ചുകൊണ്ടിരിക്കെ അതിലിടപെട്ട അപരിചിതനാ​യൊരു സാധാരണക്കാരന്റെ അഭിപ്രായമായിരുന്നു. ആശയം ​െവച്ചയാൾ ഒന്നുമറിയാതെ ചായ കുടിച്ചു മടങ്ങിയെങ്കിലും, ഞങ്ങളതിനെ ഒരു പ്രാദേശിക പദ്ധതിയാക്കി മാറ്റാൻ ആലോചിച്ചു. ദലിതർക്കിടയിൽ അഭി​പ്രായവ്യത്യാസം ഉണ്ടാകാനിടയുള്ള ഒരാശയമായിരുന്നു ഇത്. കാരണം ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ ദലിതരു​െട അഭിമാനമായിരുന്നു.

എന്നാൽ, ഞ​ങ്ങൾ അതിനെ വിശദീകരിക്കാൻ ശ്രമിച്ചത് ഇങ്ങനെയാണ്: ഇന്ത്യയുടെ ആദ്യത്തെ ദലിതനായ ഉപരാഷ്ട്രപതിയാണ് കെ.ആർ. നാരായണൻ. രാജ്യത്ത് നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനം. അദ്ദേഹത്തെപ്പോലെ തന്നെ ഉന്നതപദവിയിലെത്തിയ മറ്റൊരു ദലിതൻ, സി.ടി. സുകുമാരൻ കൊല​ചെയ്യപ്പെട്ടിരിക്കുന്നു. അത് മൂടിവെക്കാനും കൊലപാതകമല്ലെന്ന് സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ നടന്നു. ഭരണകൂട സംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയും നീതി​ നിഷേധിക്കുകയുംചെയ്യുന്നു. ഈ യാഥാർഥ്യം ഉപരാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തുകയാണ് മാർച്ചിന്റെ ഉദ്ദേശ്യം. സമ്പത്തും അധികാരങ്ങളും പദവിയുമെല്ലാം സവർണർ കൈയടക്കിവെച്ചിരിക്കുന്ന മനുധർമ വ്യവസ്ഥ​ക്കെതിരെയുള്ള, അധഃസ്ഥിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും പോരാട്ടത്തിന്റെ സൃഷ്ടിയാണ് ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ.

രാഷ്ട്രത്തോടുള്ളതുപോലെ തന്നെ രാഷ്ട്രത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന താൻ ഉൾ​ക്കൊള്ളുന്ന സാമൂഹികവിഭാഗങ്ങളോടുള്ള സവിശേഷമായ ബാധ്യതയും ഇത് സൂചിപ്പിക്കുന്നുണ്ട്. ഈ ബാധ്യതക്ക് സാമൂഹികനീതിയെന്നല്ലാതെ മറ്റൊരർഥവും കൽപിക്കാനാവില്ല. ഈ ബാധ്യത നിർവഹിക്കാൻ തയാറാകണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഞങ്ങൾ പറഞ്ഞു. താൻ ഉപരാഷ്ട്രപതിയായിരിക്കുമ്പോൾ സത്യസന്ധനും ഉന്നതനുമായ തന്റെ ​സഹോദരൻ ജാതിമേധാവികളുടെ കൊലക്കത്തിക്ക് ഇരയായെന്നും തനിക്കത് നിശ്ശബ്ദമായി നോക്കിനിൽക്കേണ്ടിവന്നുവെന്നും ചരിത്രം രേഖപ്പെടുത്താൻ ഇടവരുത്തരുത്.

ഈ കാര്യം ഞങ്ങൾ ഉപരാഷ്ട്രപതിയു​െട അറിവിലേക്കായി അദ്ദേഹത്തിന്റെ സഹോദരിയെയും സഹോദരനെയും അറിയിച്ചു. നീതിനിഷേധിക്കപ്പെടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ. ഒരു നിവേദനം അയക്കുന്നതിനപ്പുറം ഡൽഹിയിലെത്തി നേരിട്ട് ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുന്നതിനുള്ള ത്രാണി ഞങ്ങൾക്കില്ലായിരുന്നു. 1987ൽ പട്ടികജാതി വർഗ അതിക്രമങ്ങൾ തടയുന്ന നിയമം നിലവിൽവന്നുവെങ്കിലും അനേകം ദലിത് കൂട്ടക്കൊലകളിലേക്ക് നീങ്ങുകയായിരുന്നു അപ്പോൾ രാജ്യം. ഈ കൂട്ടക്കൊലകളുടെയും പലായനങ്ങളുടെയും വേലിയേറ്റകാലത്ത് രാഷ്ട്രത്തെ അലങ്കരിച്ചിരുന്നത് കെ.ആർ. നാരായണനായിരുന്നു. കണ്ടുമടുത്തിട്ടാകാം ഒരിക്കൽ അദ്ദേഹം പറഞ്ഞു: ‘‘ആദിവാസികളുടെ അസ്ഥികൂനകൾക്ക് മുകളിലാണ് രാഷ്ട്രം പടുത്തുയർത്തപ്പെട്ടതെന്ന് പറയാനിടവരുത്തരുതെന്ന്.’’

എല്ലാ വഴികളുമടഞ്ഞപ്പോൾ സി.ടി. സുകുമാര​ന്റെ വൃദ്ധനായ പിതാവ് തേവൻ മാസ്റ്റർ അനിശ്ചിതകാല നിരാഹാര സമരത്തിന് തയാറായി. ദലിത് ഏകോപന സമിതിയുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റ് നടയിൽ സത്യഗ്രഹം തുടങ്ങി. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. അധികാരത്തിലെത്തുമ്പോഴെല്ലാം ദലിതർക്കു നൽകുന്ന വാഗ്ദാനങ്ങളുടെ പെരുമഴയിലൂടെ ദലിതേതര വിഭാഗങ്ങളുടെ അമർഷത്തിന് ദലിതരെ ഇരയാക്കുന്നൊരു ഭരണാധികാരിയായിരുന്നു കെ. കരുണാക​രൻ. നവോത്ഥാന മുന്നണി ഈ സത്യഗ്രഹവുമായി സഹകരിക്കാൻ തീരുമാനിച്ചു. സത്യഗ്രഹം തുടങ്ങിയ ദിവസം ഞാനുമുണ്ടായിരുന്നു. കേരള ദലിത് പാന്തേഴ്സ് സ്ഥാപകരിലൊരാളായ പന്തളം രാജേന്ദ്രനായിരുന്നു ഉദ്ഘാടകൻ.

കെ.കെ. കൊച്ചിനെ​പ്പോലെ യോഗ്യരായ ആളുകൾ ഉദ്ഘാടനത്തിന് ഉള്ളപ്പോൾ ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് സംശയംതോന്നി. രാജേന്ദ്രനപ്പോൾ ഇസ്‍ലാം മത പണ്ഡിതനായ മഅ്ദനിയോടും പി.ഡി.പിയോടുമൊപ്പമുള്ളൊരു ബിലാൽ ആയിരുന്നു. സവർണർക്കെതിരെ ഇസ്‍ലാമിക വേഷധാരികളുമായി ഖുർആൻ ഉദ്ധരിച്ച് വൈകാരിക വിക്ഷോഭം നടത്തുന്ന അംബേദ്കറിസ്റ്റുകളിലൊരാൾ. തേവൻ മാസ്റ്ററുടെ സത്യഗ്രഹത്തിന് ഫലമുണ്ടായി. കരുണാകരൻ ഗവൺമെന്റ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. ദലിതർക്കിടയിൽ ഒരു ആവശ്യത്തിനായി സ്വന്തം നിലയിൽ ഇത്ര നീണ്ടൊരു സമരം ആദ്യമായിരുന്നു. അല്ലെങ്കിൽ അപൂർവമായിരുന്നു. അത് വിജയം കണ്ടുവെന്ന് പറയാം. എന്നാൽ, സി.ബി.ഐ അന്വേഷണം പ്രഹസനമായിരുന്നു.

സി.ടിയുടെ മരണം കൊലപാതകമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമംമാത്രമായിരുന്നു അത്. ഇക്കാലത്തു നടന്ന പിന്നാക്കക്കാരനായ ആർ.ഡി.ഒ സന്തോഷിന്റെ ദുരൂഹമരണം അ​ന്വേഷണവിധേയമാക്കണമെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല. സിസ്റ്റർ അഭയയുടെ മരണത്തിന് പിന്നാലെ ജോമോൻ പുത്തൻപുരയ്ക്കലിനെപ്പോലെ ചിലർ നിഴൽപോലെ പിന്തുടർന്നതിനാൽ ​അതൊരു കൊലപാതകമല്ലെന്ന് ഒരു സർക്കാർ ഏജൻസിക്കും എഴുതി തള്ളാനായില്ല. എന്നും നീതിയുടെ വഴി കൊട്ടിയടയ്ക്കപ്പെട്ടുകൊണ്ടിരുന്നു. ദൈവത്തിന്റെ വഴിയിൽ നീതിയില്ലെന്ന് സ്ഥാപിക്കാനുള്ള ദുർവാശിപോലെ ദലിതരും സ്ത്രീകളും നീതിയർഹിക്കുന്നില്ലെന്ന് ഉറപ്പാക്കപ്പെടുന്നപോലെ. സി.ടിയുടെ കാര്യത്തിൽ സി.ബി.ഐയുടേത് അന്ത്യവിധിയായിരുന്നു. തന്റെ മകൻ കൊലചെയ്യപ്പെട്ടതാണെന്ന ഉറച്ചവിശ്വാസത്തിൽ തേവൻ മാസ്റ്റർക്ക് മരിക്കേണ്ടിവന്നു. അപ്പോഴേക്കും ഈ വിഷയം ഉന്നയിക്കുവാൻ ദലിതർക്കിടയിൽ ആരുമില്ലായിരുന്നു.

പാർട്ടി ഏറക്കുറെ നിശ്ചലമായ സമയമായിരുന്നു അപ്പോൾ. മുന്നണി അനുഭാവികളായ ചില പാർട്ടി പ്രവർത്തകർ നൽകുന്ന തുച്ഛമായ സാമ്പത്തിക സഹായംകൊണ്ടായിരുന്നു ഈ കാലത്തെ എന്നെപ്പോലുള്ളവരുടെ സാമൂഹിക പ്രവർത്തനം. അത് യാത്രക്കൂലിയാണ്. ആരെയെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാൽ ചിലപ്പോൾ ഭക്ഷണം ലഭിക്കും. അല്ലെങ്കിൽ പട്ടിണിയാകും. ഏതെങ്കിലും അർധപട്ടിണിക്കാരുടെ വീട്ടിലാണ് അന്ന് അന്തിയുറക്കം. സി.ടി പ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ റവന്യൂ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന അദ്ദേഹത്തിന്റെ സഹോദരിയടക്കം സാമ്പത്തിക സ്ഥിതിയിലുള്ള ചിലരെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെങ്കിലും ‘ഭക്ഷണം കഴിച്ചോ’ എന്നുപോലും ചോദിക്കുന്ന ഒരു സ്ഥിതി ഉണ്ടായില്ലായെന്നത് ദുഃഖകരമായിരുന്നു. സാമൂഹിക പ്രവർത്തകരായ ദലിതരിലുള്ള അവിശ്വാസമാകും ഇതിന് കാരണം. എന്നാൽ സമരമുഖത്തൊരിടത്തും സി.ടിയുടെ ഭാര്യയെയോ മക്കളെയോ കാണാതെപോയത് എന്തുകൊണ്ടായിരുന്നു. മകനെ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖം, അച്ഛനെ നഷ്​ടപ്പെട്ട മക്കൾക്കും ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യക്കും ഇല്ലായെന്നാകുമോ? ഒരിക്കൽ അരയൻകാവിലുള്ള അപ്പച്ചൻ ചേട്ടൻ എന്നോട് ചോദിച്ചിരുന്നു. അവർക്ക് അമ്മക്കും മക്കൾക്കുംപോലും വേ​​ണ്ടെങ്കിൽ സഖാവ് എന്തിനാണ് ഇതിന്റെ പിന്നാലെ നടക്കു​ന്നതെന്ന്.

 

മാന്നാനം സമരം

ക്രൈസ്തവ സഭയിലെ ജാതിവിവേചനത്തിനെതിരെ എ.എൻ.എം നടത്തിയ രണ്ടാമത്തെ ഇടപെടലായിരുന്നു സി.എം.​ഐ സഭയുടെ അധീനതയിലുള്ള മാന്നാനം പള്ളിയിലെ സമരം. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ സ്ഥാപിച്ചതാണ് മാന്നാനം പള്ളി. പുലപ്പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്. ദലിതരായിരുന്നു ഈ പള്ളിയിലെ വിശ്വാസികൾ. പള്ളി വളർന്നുവെങ്കിലും വിശ്വാസികൾ വളർന്നില്ല. അവരുടെ അധ്വാനവും പ്രാർഥനയുമായിരുന്നു പള്ളിക്ക് ആവശ്യം. പള്ളിയുടെ സമ്പത്തിലോ അധികാരത്തിലോ ഒന്നും അവർക്ക് ഒരിക്കലും പങ്കുണ്ടായിരുന്നില്ല.

സ്വർഗം ചൂണ്ടിക്കാട്ടി ഭൂമിയിലവർക്ക് സെമിത്തേരി പണിതുകൊടുത്തു. പാരിഷ് ഹാളിലും പ്രവേശനം അനുവദിച്ചിരുന്നു. ഒരു തീർഥാടനകേ​ന്ദ്രമായി പള്ളി വികസിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദലിതർക്കുള്ള ഈ പരിഗണന പള്ളി നിഷേധിച്ചു. കുറവിലങ്ങാട് ഫൊറോന പള്ളിയിൽ ശവം മാറ്റിയതിനെതിരായിരുന്നു ദലിതർക്ക് സമരം ചെയ്യേണ്ടിവന്നതെങ്കിൽ മാന്നാനത്ത് സെമിത്തേരി തന്നെ മാറ്റുന്നതിനെതിരായിരുന്നു സമരം ചെയ്യേണ്ടിയിരുന്നത്. ഒപ്പം പാരിഷ് ഹാളും. സെമിത്തേരിയിൽ എത്തിച്ചേരുന്ന ശവങ്ങളായിരുന്നു സഭക്ക് പ്രശ്നമെങ്കിൽ പാരിഷ് ഹാളിൽ ഒത്തുകൂടുന്നവരുടെ രൂപവും ഭാവവും ഭാഷണങ്ങളുമായിരുന്നു പ്രശ്നം.

ചാവറയച്ചൻ സ്നാനപ്പെടുത്തിയ ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്ന ഉദ്ബുദ്ധരായ ചില യുവാക്കളും യുവതികളുമായിരുന്നു മാന്നാനം സമരത്തിന്റെ മുൻനിരയിൽ. ബ്രാഹ്മണിസത്തിന്റെ വകഭദമാണ് ഇതെന്നും, അത് തങ്ങളെ വീണ്ടും അടിമകളാക്കുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞവർ. അവരോടൊപ്പം ക്രൈസ്തവരല്ലാത്ത ദലിതരും ചേർന്നു. കൈപ്പുഴയിൽ നിന്നുള്ള കുഞ്ഞുമോനും സണ്ണിയും തമ്പിയും ജെസ്സിയും മണിയപ്പനും അടുത്ത പ്രദേശങ്ങളായ കരിപ്പുതട്ടയിൽനിന്നുള്ള രവിയും മോനിച്ചനും പാറമ്പുഴനിന്നുള്ള ജോസും അതിരമ്പുഴനിന്നുള്ള തമ്പിയും കുട്ടായിയുമെല്ലാം അതിൽപ്പെടും. അവരെല്ലാം നവോത്ഥാന മുന്നണി പ്രവർത്തകരായിരുന്നു.

മാന്നാനം പള്ളിയും, പരിസരങ്ങളും കൈപ്പുഴയുമായിരുന്നു സമരത്തി​ന്റെ കേന്ദ്രം. കൈപ്പുഴയിലെ ദലിതർക്ക് മറ്റുചില അനുഭവങ്ങൾകൂടിയുണ്ടായിരുന്നു. തൊഴിലിടങ്ങളിലെ മനുഷ്യാവശ്യങ്ങൾക്കു​വേണ്ടി കുട്ടനാട്ടിൽ നടന്ന സമരങ്ങൾക്കിടയിൽ നീണ്ടൂരിൽ പൊരുതിമരിച്ച തങ്ങളുടെ രക്തബന്ധുക്കളുടെ ഓർമകൾ പേറുന്നവരായിരുന്നു അവർ. ചെ​ങ്കൊടിക്കൊപ്പമായിരുന്നു അവർ. ക്രൈസ്തവരായ ഭൂവുടമകളും കോൺഗ്രസും കുറുവടി സേനയുമായിരുന്നു അവരുടെ ശത്രുക്കൾ. പള്ളിയിൽ മാ​ത്രമല്ല, ഭൂമിപോലുള്ള വിഭവങ്ങൾക്കുമേലും യാതൊരവകാശവുമില്ലാത്തവരായിരുന്നു ദലിതർ. അവരുടെ അധ്വാനത്തിന്മേൽ മാത്രമല്ല, ശരീരത്തിന്റെ മേലും ഭൂവുടമകളായ സവർണ ക്രൈസ്‍തവർക്ക് അധികാരമുണ്ടായിരുന്നു. ഇത്തരം അധികാരങ്ങളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കൈപ്പുഴ കോളനിയിലെ സ്ത്രീകളെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്ന ഐപ്പ് എന്ന സവർണ ക്രൈസ്തവനെ ഡി.സി.യു.എഫ് പ്രവർത്തകർ വകവരുത്തിയത്. കൈപ്പുഴയിൽ മാത്രമല്ല, ഉരസലുകളിലൂടെയും സംഘർഷങ്ങളിലൂടെയും മാത്രമേ ദലിതർക്ക് പലയിടത്തും തങ്ങളുടെ നിലനിൽപും അന്തസ്സും ഉയർത്തിപ്പിടിക്കാൻ കഴിയുമായിരുന്നുള്ളൂ.

 

സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അധഃസ്ഥിത നവോത്ഥാന മുന്നണി എറണാകുളം ജില്ലാ കൺവീനർ സി.എസ്. മുരളിയുടെ അനിശ്ചിതകാല നിരാഹാര സമരം രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

പുലയപ്പള്ളി ആയിരുന്നിട്ടും ദലിതരുടെ മൃതശരീരം ദേവാലയത്തിനുള്ളിൽ കയറ്റി അന്ത്യശുശ്രൂഷ നൽകുന്നൊരു സംസ്കാരം മാന്നാനം പള്ളിക്കുണ്ടായിരുന്നില്ല. പള്ളിക്കു പുറത്തായിരുന്നു അന്ത്യകർമം. അത് പുലയപ്പള്ളിയിലെ സവർണനീതി. കൈപ്പുഴയിൽനിന്ന് പുറപ്പെട്ടൊരു ശവസംസ്കാര യാത്ര ഈ ക്രൈസ്തവ നീതിക്ക് അന്ത്യം കുറിച്ചു. പള്ളിമുറ്റത്ത് ജഡമെത്തുന്നതും പള്ളിവാതിൽ തുറക്കുന്നതും ഒരുമിച്ചായിരുന്നു. ആരുടെയും അനുമതിക്കായി കാത്തുനിൽക്കാതെ, നാളിതുവരെയുള്ള എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ജഡം പള്ളിക്കുള്ളിൽ കയറ്റി. കൈപ്പുഴയുള്ള ​നവോത്ഥാന മുന്നണി പ്രവർത്തകരായിരുന്നു അതിന് മുൻകൈ യെടുത്തത്. പള്ളിക്കുള്ളിലായ മൃതദേഹം പുറത്തെടുക്കുവാൻ പൗരോഹിത്യത്തിനായില്ല. അന്ത്യകർമങ്ങൾ പള്ളിക്കുള്ളിൽ അനുഷ്ഠിക്കേണ്ടിവന്നു. അപ്പോ​ഴേക്കും ഈ പുലപ്പള്ളി ദലിത് വിരുദ്ധമായ അതിന്റെ ഒരു ശതാബ്ദി പിന്നിട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് സെമിനാരിയും പാരിഷ് ഹാളും പൊളിച്ചുമാറ്റുന്നതിനെതിരെ ദലിതർ രംഗത്തുവന്നത്.

സാധാരണക്കാരായ ദലിത് ക്രൈസ്‍തവരും അവർക്കിടയിലെ സംഘടനകളും സഭാ മേധാവികളുടെ നീക്കത്തെ തങ്ങൾക്കെതിരായ വിവേചനമായി കണ്ടിരുന്നുവെങ്കിലും സാമൂഹിക വിവേചനമായി അംഗീകരിക്കാൻ വിമുഖതയുള്ളവരായിരുന്നു. രക്ഷയുടെ വഴിയിലൂടെയല്ല, വിവേചനത്തിന്റെ വഴിയിലൂടെയാണ് തങ്ങൾ ആട്ടി തെളിക്കപ്പെടുന്നതെന്ന് അവർക്ക് വിശ്വസിക്കാനാവില്ലായിരുന്നു. അല്ലെങ്കിൽത്തന്നെ അത് വിളിച്ചുപറയുവാനുള്ള ആത്മശേഷി അവർക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടവകയിലെ പ്രമുഖനായൊരു ദലിത് ക്രൈസ്തവൻ, ദേവസ്യ സാർ, മാന്നാനം കവലയിൽ ‘നമുക്ക് പ്രാർഥിക്കാം’ എന്ന് തന്റെ സഹോദരങ്ങളായ വിശ്വാസി​കളോട് പറഞ്ഞത്.

ഇതിനിടക്കാണ് നവോത്ഥാന മുന്നണി പ്രവർത്തകർ മാന്നാനം പള്ളി സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിലും നീണ്ടൂർ, ആർപ്പൂക്കര, കുമാരനല്ലൂർ തുടങ്ങിയ സമീപ പഞ്ചായത്തുകളിലുമെല്ലാം സെമിത്തേരിയും പാരിഷ് ഹാളും ​പൊളിച്ചുനീക്കാനുള്ള സഭാമേധാവികളുടെ നീക്കങ്ങളെ തുറന്നുകാട്ടി ‘​ക്രൈസ്തവ സഭക്കുള്ളിലെ ജാതി വിവേചനങ്ങൾക്കെതിരെ ദലിതർ ഒന്നിക്കുക’ എന്ന ചുവർ പരസ്യം എ.എൻ.എം നടത്തിയത്. പള്ളിക്കു മുന്നിലുള്ള മാന്നാനം കവലയിൽ വിശദീകരണ യോഗം നടന്നു. ചങ്ങനാശ്ശേരി ബിഷപ് ഹൗസിലേക്ക് മാന്നാനത്തുനിന്ന് വിശ്വാസികൾ നടത്തിയ കാൽനടജാഥയുടെ നേതൃനിരയിൽ വി.ഡി. ജോസും കെ.എം. കുഞ്ഞുമോനുമെല്ലാമായിരുന്നു.

സി.എം.ഐ സഭയുടെ എറണാകുളത്തുള്ള ആസ്ഥാനത്തേക്ക് എ.എൻ.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ. രവിയു​െട ചുമതലയിലായിരുന്നു മാന്നാനം പള്ളിയിലെ എ.എൻ.എം ഇടപെടൽ. ക്രൈസ്തവരല്ലാത്ത രവിക്കും, സലിംകുമാറിനും പള്ളി​യിലെന്തു കാര്യമെന്നത് സഭാവിശ്വാസികളായ ചില ദലിതുകളുടെ ചോദ്യമായിരുന്നു. ഇത് സഭയുടെ തന്നെ ചോദ്യമായിരുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങൾ അപ്രസക്തമാക്കി മാറ്റിക്കൊണ്ട് ഒരു ചെറുവിഭാഗം സഭാവിശ്വാസികൾ മാത്രമേ നവോത്ഥാന മുന്നണിയുടെ ഈ നീക്കങ്ങളോട് സഹകരിച്ചുള്ളൂവെങ്കിലും സെമിത്തേരിയും പാരിഷ് ഹാളുമെല്ലാം പൊളിച്ചു മാറ്റുവാനുള്ള നീക്കങ്ങളിൽനിന്ന് സഭാനേതൃത്വം പിന്തിരിയുകയാണ് ചെയ്തത്.

ഇതിന്റെ പിന്നാലെ എറണാകുളം ജില്ലയിലെ (സേവ്യപുരം) പള്ളി ഇടവകയിലെ ദലിത് ​ക്രൈസ്തവർ ജാതിവിവേചനത്തിനെതിരെ രംഗത്തുവന്നു. സെമി​ത്തേരിയിൽ സവർണ ക്രൈസ്തവരെയും ദലിത് ക്രൈസ്തവ​രെയും രണ്ടിടത്താണ് മറവ് ചെയ്തിരുന്നത്. സവർണന്റെയും ദലിതന്റെയും ശവമാടങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ചിരുന്നു. പല പള്ളികളിലും പാരമ്പര്യമായി നടന്നുപോന്നിരുന്ന ജാത്യാചാരമായിരുന്നു ഇത്. അയിത്തമാണിത്. ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല മരിച്ചവരോടും നീതിപുലർത്താനാവാത്ത മനുഷ്യാവസ്ഥ. സമര പ്രഖ്യാപന സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട ആളായിരുന്നു ഞാൻ. കുറവിലങ്ങാടിന്റെയും മാന്നാനത്തിന്റെയും അനുഭവപാഠങ്ങൾ വിശദീകരിച്ചു. അന്നത്തെ രാത്രി സീഡിയൻ പ്രവർത്തകനായിരുന്ന ഷാജി ജോസഫിന്റെ വീട്ടിലായിരുന്നു. സവർണ ക്രൈസ്തവ വിഭാഗത്തിൽപെട്ട ആളായിരുന്നു ഷാജി ജോസഫ്. ക്രൈസ്തവസഭയിലെ ജാത്യാചാരങ്ങളെ ചോദ്യംചെയ്യുന്ന ആൾ. അദ്ദേഹവും സമരത്തോടൊപ്പമായിരുന്നു.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.