സാംസ്കാരികോത്സവം

മനുസ്മൃതി കത്തിക്കലിനുശേഷം അധഃസ്ഥിത നവോത്ഥാന മുന്നണി ഏറ്റെടുത്ത പ്രവർത്തനങ്ങളെക്കുറിച്ചും അതിനിടയിൽ രൂപംകൊണ്ട വിയോജിപ്പുകളെക്കുറിച്ചും എഴുതുന്നു. അംബേദ്കർ ജന്മശതാബ്ദിയുടെ ഭാഗമായി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അധഃസ്ഥിത നവോത്ഥാന മുന്നണി (എ.എൻ.എം) നടത്തിയ ഒരിടപെടലായിരുന്നു 1991 ഏപ്രിൽ 13-14 തീയതികളിൽ കോട്ടയത്ത് നടന്ന അധഃസ്ഥിത ആദിവാസി സാംസ്കാ​രികോത്സവം. അധഃസ്ഥിതരുടെ ആത്മാഭിമാന ബോധത്തെ ജാതിവിരുദ്ധമായൊരു ദിശാബോധത്തിലേക്ക് ചലിപ്പിക്കുകയും അതിന് സാംസ്കാരികവും ചരിത്രപരവുമായ ആഴം ഉണ്ടാക്കുകയുമായിരുന്നു സാംസ്കാരികോത്സവത്തിന്റെ ലക്ഷ്യം. മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതുമായി...

മനുസ്മൃതി കത്തിക്കലിനുശേഷം അധഃസ്ഥിത നവോത്ഥാന മുന്നണി ഏറ്റെടുത്ത പ്രവർത്തനങ്ങളെക്കുറിച്ചും അതിനിടയിൽ രൂപംകൊണ്ട വിയോജിപ്പുകളെക്കുറിച്ചും എഴുതുന്നു.

അംബേദ്കർ ജന്മശതാബ്ദിയുടെ ഭാഗമായി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അധഃസ്ഥിത നവോത്ഥാന മുന്നണി (എ.എൻ.എം) നടത്തിയ ഒരിടപെടലായിരുന്നു 1991 ഏപ്രിൽ 13-14 തീയതികളിൽ കോട്ടയത്ത് നടന്ന അധഃസ്ഥിത ആദിവാസി സാംസ്കാ​രികോത്സവം. അധഃസ്ഥിതരുടെ ആത്മാഭിമാന ബോധത്തെ ജാതിവിരുദ്ധമായൊരു ദിശാബോധത്തിലേക്ക് ചലിപ്പിക്കുകയും അതിന് സാംസ്കാരികവും ചരിത്രപരവുമായ ആഴം ഉണ്ടാക്കുകയുമായിരുന്നു സാംസ്കാരികോത്സവത്തിന്റെ ലക്ഷ്യം. മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പ്രക്ഷോഭങ്ങളിലും സാമ്പത്തിക സംവരണവാദികൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചും ബാബരി മസ്ജിദ് തകർത്ത് ഹിന്ദുരാഷ്ട്രം പടുത്തുയർത്താൻ ഹിന്ദുത്വവാദികൾ നടത്തുന്ന നീക്കം തുറന്നുകാണിച്ചുകൊണ്ടും എ.എൻ.എം മുന്നോട്ടുനീങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അംബേദ്കർ ജന്മശതാബ്ദി കടന്നുവന്നത്.

ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന ഡോ. അംബേദ്കറെ പോലുള്ളവരുടെ ദാർശനിക ഉൾക്കാഴ്ചകളെ തങ്ങളുടെ സാമൂഹിക, രാഷ്ട്രീയ ഇടപെടലുകൾക്കായി വ്യാഖ്യാനിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന് പകരം അവരുടെ വാക്കുകൾ വചനങ്ങളായി കാണുകയും അവരെ ദീർഘമായി ഉദ്ധരിക്കുകയും വിഗ്രഹവത്കരിക്കുകയും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാക്കുകയും രക്ഷകനും അവതാരവുമായി ചിത്രീകരിക്കുകയുംചെയ്യുന്ന പ്രവണതയാണ് കോളനിയിലെ അധഃസ്ഥിതർക്കിടയിൽ ശക്തിപ്പെട്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി വർണജാതി സമ്പ്രദായത്തിനെതിരെ അംബേദ്കർ ഉയർത്തിയ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചും ജാതിമത ഗോത്ര പരിമിതികൾമൂലം പരസ്പര സ്നേഹവും ബഹുമാനവും​ ഭ്രാതൃത്വവുമില്ലാതെ അന്യരായി ജീവിക്കുന്ന അധഃസ്ഥിതരുടെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയും തകർക്കപ്പെട്ടൊരു ഭൂതകാലത്തെയോർത്ത് ശാപവാക്കുകൾ ചൊരിഞ്ഞതുകൊ​േണ്ടാ കൽപിത കഥകളും മിഥ്യാസങ്കൽപങ്ങളും കപടാവബോധനങ്ങളും സൃഷ്ടിച്ചതുകൊണ്ടോ ഈ സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നും ചങ്ങലക്കെട്ടുകളെ ആ​ശ്ലേഷിക്കുന്ന, അടിച്ചേൽപിക്കപ്പെട്ട പരമ്പരാഗത മനോഭാവം ഉപേക്ഷിക്കണമെന്നും അധഃസ്ഥിതരെ ഓർമിപ്പിച്ചുകൊണ്ടാണ് എ.എൻ.എം അംബേദ്കർ ജന്മശതാബ്ദിയിൽ പങ്കാളിയായത്.

ഈ ഭൂവിഭാഗത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രത്തിന് താളവും ലയവും നൽകിയത് തങ്ങളാണെന്ന തിരിച്ചറിവിൽനിന്ന് ബ്രാഹ്മണ്യത്തിനും ജാത്യാധിപത്യത്തിനുമെതിര അംബേദ്കർ നടത്തിയ പോരാട്ടങ്ങളെ ഓർമപ്പെടുത്തി ‘ഡോ.​ അംബേദ്കറും ജാതിവിരുദ്ധ സമരവും’, ‘കേരളത്തിന്റെ സാംസ്കാരിക ചരിത്രവും അധഃസ്ഥിതരും ആദിവാസികളും’ എന്നീ സെമിനാറുകൾ സംഘടിപ്പിച്ചു. കെ. വേണുവും ഡോ. ചുമ്മാർ ചൂണ്ടലും ഡോ. എം.കെ. മുനീറും പൊയ്കയിൽ സഭാ രാജുവുമെല്ലാം ഈ സാംസ്കാരികോത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. അധഃസ്ഥിതർക്കും ആദിവാസികൾക്കുമിടയിലും നിലനിൽക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളുടെ ആവിഷ്‍കാരമായിരുന്നു സാംസ്കാരികോത്സവത്തിന്റെ പ്രത്യേകത.

പാർട്ടിയുടെ പൂർണ പങ്കാളിത്തത്തിലാണ് സാംസ്കാരികോത്സവം നടത്തപ്പെട്ടത് എന്നതുകൊണ്ട് അതിന്റെ ആവിഷ്‍കാരത്തിലും നടത്തിപ്പിലുമെല്ലാം മുന്നണിയും പാർട്ടിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. സാധ്യതകളിൽനിന്നല്ല പരിമിതികളിൽനിന്നാണ് കാര്യങ്ങൾ നോക്കിക്കാണുന്നത് എന്ന നിലയിൽ കോട്ടയം കരിപ്പുത്തട്ടയിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എനിക്കെതിരെ വിമർശനം ഉയർന്നു. 1500നും 2000നും ഇടയിൽ ആളുകൾ പ​ങ്കെടുക്കുമെന്നായിരുന്നു എ.എൻ.എം വിലയിരുത്തൽ. പാർട്ടി അത് 20,000 വരെയാക്കി വിപുലപ്പെടുത്തി. ജന്മശതാബ്ദിയുടെ ഭാഗമായി റെയി​ൽവേയിൽനിന്ന് സ്​പെഷൽ സാങ്ഷൻ വാങ്ങി ആളു​കളെ എത്തിക്കാൻ കഴിയുമെന്നായിരുന്നു ധാരണ. ഇത്തരത്തിൽ വലിയ ജനപങ്കാളിത്തമുള്ളതും ചെലവേറിയതുമായൊരു പദ്ധതിയായി സാംസ്കാരികോത്സവം മാറ്റപ്പെട്ടത് മുന്നണി പ്രവർത്തകരെ പ്രതിസന്ധിയിലാക്കി. അതേറ്റെടുക്കാനുള്ള ആത്മധൈര്യം നഷ്ടപ്പെട്ടു. സാമ്പത്തികമായിരുന്നു മുഖ്യപ്രശ്നം. ഈ സാഹചര്യത്തിൽ പാർട്ടിക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാവാം സാംസ്കാ​രികോത്സവത്തിന്റെ സംഘാടക ചുമതലയിലേക്ക് എം. ഗീതാനന്ദനെ നിയോഗിച്ചു. കെ. വേണു സംഘടിപ്പിച്ചു നൽകിയ പണമുപയോഗിച്ചുകൊണ്ടാണെന്നാണ് അറിഞ്ഞത്, ഗീതാനന്ദന്റെയും ബാബുവിന്റെയും മുൻകൈയിൽ കോട്ടയത്ത് സ്വാഗതസംഘം ഓഫിസ് തുറന്ന് മുന്നണി പ്രവർത്തകർക്ക് ഒപ്പം സമാന്തരമായും പാർട്ടി പ്രവർത്തിച്ചു.

രണ്ടായിരത്തോളം ആളുകൾ സാംസ്കാരികോത്സവത്തിൽ പ​ങ്കെടുത്തു. സെമിനാറുകളും റാലിയും പൊതുസമ്മേളനങ്ങളുമെല്ലാം തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്നത് മുന്നണി പ്രവർത്തകരെ സമാധാനിപ്പിച്ചു. പരിരക്ഷാഭാവത്തെ വെറുക്കുക, പരാശ്രയബോധം വലിച്ചെറിയുക, പഴയ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതസമ്പ്രദായങ്ങളും ചിന്താരീതിയും ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. റാലിയും പൊതുസമ്മേളനവും കഴിഞ്ഞ് കലാരൂപങ്ങൾ തുടങ്ങി. ഏറെ കഴിയുന്നതിനു മുമ്പ് വേനൽമഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ ഉറച്ചുനിൽക്കാനാവാതെ അതിനായി നാഗമ്പടത്ത് പടുത്തുയർത്തിയ പന്തൽ തകർന്നുവീണു. അഡ്വ. സി.വി. ആന്റണിയടക്കം കാണികളും സംഘാടകരും കാറ്റിലുലയുന്ന പന്തൽ തൂണുകളിൽ ആഞ്ഞുപിടിച്ച് നിലനിർത്താൻ തീവ്രമായൊരു ശ്രമം നടത്തി. അതിനിടയിൽ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന കാണികൾ പന്തലിന് പുറത്തെത്തി. എന്നാൽ, ഈ കൊടുങ്കാറ്റ് അടിച്ചില്ലായിരുന്നുവെങ്കിൽ എ.എൻ.എം വമ്പിച്ചൊരു കടബാധ്യതയിൽപെട്ട് നട്ടം തിരിയുമായിരുന്നുവെന്നത് മറ്റൊരു കാര്യം.

റാലിയിലും പൊതുസമ്മേളനത്തിലും ഉണ്ടായൊരു ദലിതാനുഭവം സഭാ രാജിന്റെയും അനുയായികളുടെയും സാന്നിധ്യമായിരുന്നു. ഡി.യു.സി.എഫ് എന്ന സംഘടനയിലൂടെ അദ്ദേഹം വിഭാവനം ചെയ്യുന്ന സഭയുടെ അധിപനായിരുന്നു സഭാ രാജ്. ദ്രാവിഡ രാജ്യവും രാജർഷി, ബ്രഹ്മർഷി സങ്കൽപങ്ങളും തനതായൊരു ഡ്രസ് കോഡുമെല്ലാം ഈ സംഘടനയുടെ പ്രത്യേകതകളായിരുന്നു. റാലി തുടങ്ങുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ ചുമതല എന്നെ ഏൽപിച്ചു. റാലിയിൽ പിന്നിലാണ് സ്ഥാനമെന്ന് നിശ്ചയിച്ചു. എന്നാൽ, നാഗമ്പടത്തുനിന്ന് റാലി കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ ഈ ധാരണകൾ ലംഘിച്ച് സഭാ രാജ് റാലിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൂടെ അനുചരന്മാരും. അതിനേക്കാൾ അരോചകമായിരുന്നു സമ്മേളനത്തിൽ അ​ദ്ദേഹത്തിന്റെ പ്രസംഗം.

പ്രസംഗം തുടങ്ങിയതുതന്നെ ‘‘സലിംകുമാർ മൈ സൺ, ആരാടാ പട്ടി ഈ അധഃസ്ഥിതർ’’ എന്ന ആക്രോശത്തോടെയായിരുന്നു. പൊയ്കയിൽ അപ്പച്ചനും പാമ്പാടി ജോൺ ജോസഫിനും ശേഷം ’50കളുടെ ഒടുവിൽ മധ്യകേരളത്തിൽ ഉയർന്നുവന്ന അധഃസ്ഥിത നേതാവായിരുന്നു സഭാ രാജ്.​ പൊയ്കയിൽ അപ്പച്ചനാണ് തന്റെ പിതാവെന്നാണ് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നത്. അപ്പച്ചന് പുലയസ്ത്രീയിലുണ്ടായ മകനാണ് താനെന്ന് സഭാ രാജ് അവകാശപ്പെട്ടു. അപ്പച്ചൻ അടിമകളായാണ് അധഃസ്ഥിതരെ കണ്ടത്; സഭാ രാജ് ഉടമകളായും. താൻ ഉടമകളാണെന്ന് കരുതുന്നവരെ ഞാൻ അധഃസ്ഥിതർ എന്ന്‍ വിളിക്കുന്നുവെന്നതായിരുന്നു എനിക്കെതിരെ ഇത്ര ശക്തമായ ആക്രമണത്തിന് കാരണം. സാംസ്കാരികോത്സവം വിജയകരമായൊരു കാര്യമായിട്ടാണ് എ.എൻ.എം വിലയിരുത്തിയത്. ഒപ്പം പാർട്ടിയുടെ കാൽപനികമായ നിലപാടുകളും പരിശോധിക്കപ്പെട്ടു. ഇത് പാർട്ടിയും മുന്നണിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നയിച്ചു.

 

വർഗ വിശകലനവും ജാതി വിശകലനവും

കേരളത്തി​​െല ദലിത് പ്രവർത്തനങ്ങളിൽ ബൗദ്ധികാന്വേഷണം ശക്തിപ്പെട്ടത് സീഡിയൻ സർവിസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലൂടെയാണ്. രജിസ്ട്രേഷനും ഭരണഘടനയുമായാൽ സംഘടനയായി എന്നതായിരുന്നു ദലിതർക്കിടയിലെ പൊതുവായ സംഘടനാസങ്കൽപം. സീഡിയനുള്ളിൽ നടന്ന പ്രബന്ധാവതരണങ്ങളും ചർച്ചകളും ഈ കൂട്ടർ പരിഹാസ്യമായിട്ടാണ് നോക്കിക്കണ്ടത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണി ‘കേരളത്തിലെ അധഃസ്ഥിതർ നേരിടുന്ന പ്രശ്നങ്ങളും സമീപനവും’ എന്ന രേഖ എ.എൻ.എം ബുള്ളറ്റിനിൽ ആദ്യ ലക്കത്തിൽ 1989 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത്. മുന്നണിയിൽ നടന്ന ചർച്ചയിലൂടെ ഞാൻ തയാറാക്കിയതായിരുന്നു ഈ സമീപനരേഖ. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി കെ. വേണു പ​ങ്കെടുത്ത വടാട്ടുപാറയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി ഈ രേഖ അംഗീകരിച്ചു. പ്രായോഗിക പ്രവർത്തനങ്ങളുടെയും അന്വേഷണങ്ങളുടെയും വെളിച്ചത്തിൽ ചില തിരുത്തലുകൾ വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 1989 ഒക്ടോബറിൽ ഈ രേഖ പൊതുചർച്ചക്കായി എ.എൻ.എം ലഘുലേഖയിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.

ദലിത് എന്ന സംജ്ഞ വളരെ വൈകി സ്വീകരിച്ചവരാണ് അധഃസ്ഥിത നവോത്ഥാന മുന്നണി പ്രവർത്തകർ. അധഃസ്ഥിതർ എന്നതുതന്നെ ആദിവാസികളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പ്രയോഗമായിരുന്നു. കേരളീയ സമൂഹത്തിലെ 12 ശതമാനത്തോളം വരുന്ന ഒരു​​ ജനവിഭാഗമാണ് ‘അധഃസ്ഥിതരും ആദിവാസികളും’ എന്ന ആമുഖ വാചകംതന്നെ അധഃസ്ഥിത ക്രൈസ്തവരെ മാറ്റിനിർത്തിക്കൊണ്ടുള്ളതായിരുന്നു. എന്നാൽ, അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃനിരയിലെ മുഖ്യമായൊരു സാന്നിധ്യം ദലിത് ക്രൈസ്തവ സഖാക്കളായിരുന്നുവെന്നത് മറ്റൊരു കാര്യം. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ സവിശേഷത ചൂണ്ടിക്കാട്ടിയാണ് അവരെ അധഃസ്ഥിതരിൽനിന്ന് മാറ്റിനിർത്തിയത്. അധഃസ്ഥിതരിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തരമൊരു പരികൽപനയെങ്കിലും അവരുടെ അംഗസംഖ്യയുടെ വെളിപ്പെടുത്തലിലും അവ്യക്തതയുണ്ടായിരുന്നു. കേരളീയ സമൂഹത്തിലെ 12 ശതമാനത്തോളം വരുന്നൊരു ജനവിഭാഗമാണ് അധഃസ്ഥിതരും ആദിവാസികളും എന്നത്. ഇത് എ.എൻ.എം മാത്രം നേരിടുന്നൊരു പ്രശ്നമായിരുന്നില്ല. തങ്ങൾ ആരാണെന്ന് നിർവചിക്കുന്ന കാര്യത്തിൽ കേരളത്തിലെ ദലിതർ എത്തിനിന്നൊരു പ്രതിസന്ധിയായിരുന്നു.

എന്നാൽ, രേഖയുടെ ആദ്യ ഖണ്ഡികയിൽതന്നെ ജാതീയമായ വേർതിരിവുകളും ഉച്ചനീചത്വങ്ങളും അസമത്വങ്ങളും സ്പർധയും ജാതിമനോഭാവവും ഇന്നും ശക്തമായി നിലനിൽക്കുന്ന കേരളീയ സമൂഹത്തിൽ ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിൽ നിലയുറപ്പിക്കേണ്ടി വന്ന അധഃസ്ഥിതർ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മർദനങ്ങളോടൊപ്പം മധ്യമജാതികൾ തൊട്ട് മുകളിലേക്കുള്ള മുഴുവൻ ജാതികളുടെയും അവഹേളനങ്ങൾക്കും നിന്ദക്കും അടിച്ചമർത്തലുകൾക്കും വിധേയരാണെന്ന് വിലയിരുത്തുന്നു. തുടർന്ന് ജാതിമർദനങ്ങൾക്കെതിരെ കീഴ്ജാതികൾ നൂറ്റാണ്ടുകളായി നടത്തിപ്പോരുന്ന പോരാട്ടങ്ങളുടെ ചരിത്രത്തിൽനിന്ന് നമ്മുടേതുപോലുള്ള സമൂഹങ്ങളുടെ പൊതു ചരിത്രത്തെ വേർപെടുത്താനാവില്ലെന്നും ഇത്തരം പോരാട്ടങ്ങളുടെ ഫലമായി ഈഴവരടക്കമുള്ള മുകൾ ജാതികൾ രാഷ്ട്രീയ അധികാരഘടനയിൽ പങ്കാളിത്തം വഹിക്കുമ്പോൾ പുലയൻ, പറയൻ തുടങ്ങിയ അധഃസ്ഥിത ജാതികൾ ബഹിഷ്‍കൃതരായി നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

 

വർഗ വിശകലനത്തോടൊപ്പം ജാതി വിശകലനവും രാഷ്ട്രീയ നീതിയോടൊപ്പം സാമൂഹിക നീതിയും വിഭാവനംചെയ്യുന്നൊരു സമീപനമാണ് രേഖ സ്വീകരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ അപചയത്തിന്റെയും ജാതി പരിണാമത്തിന്റെയും പശ്ചാത്തലത്തിൽ കേരള രാഷ്ട്രീയം ജാത്യാധിഷ്ഠിതമായിത്തീരുകയും ഒരു രാഷ്ട്രീയ ഘടകമായി ഉയർന്നുവരാൻ കഴിയാതെ പോയ അധഃസ്ഥിതർ സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവഗണിക്കപ്പെട്ടതായി നിരീക്ഷിക്കുന്നു. ഭൂപരിഷ്‍കരണത്തിലൂടെ അവർ പത്തു സെന്റിലും കോളനികളിലുമെത്തി. സംവരണവും ക്ഷേമപ്രവർത്തനങ്ങളും അവരെ വിധേയത്വബന്ധങ്ങളിലൂടെ ജാതിഘടനയുടെ അടിത്തട്ടിൽ ഉറപ്പിച്ചുനിർത്തി.

ആധുനിക സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ഏകശക്തി തൊഴിലാളി വർഗമാണെന്നും തൊഴിലാളി വർഗ പ്രത്യയശാസ്ത്രത്തിന് മാത്രമേ മുഴുവൻ മനുഷ്യരുടെയും വിമോചനം ഉറപ്പുവരുത്താൻ കഴിയുകയുള്ളൂവെന്നും എന്നാൽ ഏതെങ്കിലും വർഗത്തിൽപെടാത്ത അധഃസ്ഥിതർക്ക് തൊഴിലാളിവർഗത്തിന് നേരിടേണ്ടിവരാത്ത ജാതീയമായ സവിശേഷ മർദനം അനുഭവിക്കേണ്ടിവരുന്നുവെന്ന വസ്തുത മറ്റേതെങ്കിലും ശക്തികൾ തങ്ങളുടെ വിമോചകരായി മാറുമെന്നും അങ്ങനെ തങ്ങൾ വിമോചിതരായിത്തീരുമെന്നുമുള്ള യാതൊരു മിഥ്യാധാരണക്കും വകനൽകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട് തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രീയ അധികാരഘടനയിൽ മറ്റു വിപ്ലവ വർഗങ്ങളോടൊപ്പം തുല്യ അധികാരമുള്ളൊരു ഘടകമായിട്ടാണ് അധഃസ്ഥിതരെ വിലയിരുത്തിയിരുന്നത്. ജാതിവ്യവസ്ഥ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഉറപ്പായി ഇതിനെ കാണാമെന്ന് പറയുന്നു.

(തുടരും)

Tags:    
News Summary - kmsalimkumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.