മസ്ജിദും മണ്ഡലും

ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വഴി സ്വീകരിക്കുന്ന കാലത്തെ ആശയസംഘർഷങ്ങളെക്കുറിച്ച് എഴുതുന്നു. ഇക്കാലത്ത് ഉയർന്നുവന്ന മണ്ഡൽ, ബാബരി മസ്ജിദ് വിഷയങ്ങളെക്കുറിച്ചും വിവരിക്കുന്നു.വ്യത്യസ്ത അഭിപ്രായങ്ങളിലൂടെയും ആശയസംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോഴും സാമൂഹിക പ്രശ്നങ്ങൾ മാത്രമല്ല, സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളും അധഃസ്ഥിത പക്ഷത്തുനിന്ന് നോക്കിക്കാണണമെന്ന സമീപനം മുന്നണിക്കുള്ളിൽ വളർന്നിരുന്നു. വർഗ ന്യൂനീകരണത്തെ മറികടക്കാൻ സംഘടനക്കുള്ളിലെ ഭൂരിപക്ഷത്തിനു കഴിയണം. ഈ സാഹചര്യം നൽകിയ ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കിൽ എനിക്ക് പാർട്ടിയിൽ തുടരാനാവില്ലായിരുന്നു. ഏതു കാര്യവും...

ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വഴി സ്വീകരിക്കുന്ന കാലത്തെ ആശയസംഘർഷങ്ങളെക്കുറിച്ച് എഴുതുന്നു. ഇക്കാലത്ത് ഉയർന്നുവന്ന മണ്ഡൽ, ബാബരി മസ്ജിദ് വിഷയങ്ങളെക്കുറിച്ചും വിവരിക്കുന്നു.

വ്യത്യസ്ത അഭിപ്രായങ്ങളിലൂടെയും ആശയസംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോഴും സാമൂഹിക പ്രശ്നങ്ങൾ മാത്രമല്ല, സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളും അധഃസ്ഥിത പക്ഷത്തുനിന്ന് നോക്കിക്കാണണമെന്ന സമീപനം മുന്നണിക്കുള്ളിൽ വളർന്നിരുന്നു. വർഗ ന്യൂനീകരണത്തെ മറികടക്കാൻ സംഘടനക്കുള്ളിലെ ഭൂരിപക്ഷത്തിനു കഴിയണം. ഈ സാഹചര്യം നൽകിയ ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കിൽ എനിക്ക് പാർട്ടിയിൽ തുടരാനാവില്ലായിരുന്നു. ഏതു കാര്യവും ജാതിയുമായി ബന്ധപ്പെട്ട് പരിശോധിക്കുന്ന എന്റെ രീതിതന്നെ പാർട്ടിക്കുള്ളിൽ അസ്വീകാര്യത സൃഷ്ടിച്ചു. ഒരിക്കൽ കൊയിലാണ്ടി സ്വദേശിയും, അധഃസ്ഥിതനുമായ സ. ശിവദാസൻ ഈ സമീപനത്തെ വിശേഷിപ്പിച്ചത് ‘ജാതി കണ്ണ്’ എന്നാണ്. തെക്കുള്ളതുപോലെ വടക്ക് ജാതി ഇല്ലെന്നു കരുതുന്നവരായിരുന്നു ശിവദാസനെപ്പോലുള്ള വടക്കൻ സഖാക്കൾ. ഈ കാലത്ത് പാർട്ടി നേതൃത്വങ്ങൾ തൃശൂരിൽ നടന്ന സവർണ ഫാഷിസ്റ്റ് വിരുദ്ധ കൺവെൻഷനിലും കോഴിക്കോട്ടു നടന്ന കുത്തകവിരുദ്ധ സമ്മേളനത്തിലുമെല്ലാം ഞാൻ പ​ങ്കെടുത്തത് ഈ ജാതി കണ്ണുകളുമായിട്ടാണ്.

ബ്രാഹ്മണിസമെന്നതുപോലെ, നവ കൊളോണിയലിസവും അധഃസ്ഥിതരെ എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു എന്റെ വിഷയം. അധഃസ്ഥിതരുടെ താൽപര്യങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളും തമ്മിലുള്ള ഈ സംഘർഷം പാർട്ടി കമ്മിറ്റികളിൽ കൃത്യമായി പ​ങ്കെടുക്കാനുള്ള മനസ്സാന്നിധ്യം നഷ്ടപ്പെടുത്തി. പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടെന്ന തോന്നലായി. പാർട്ടി സംഘടനാ തത്ത്വങ്ങൾ ലംഘിക്കപ്പെട്ടു. ഇക്കാലത്ത് പാർട്ടി നേരിടുന്ന പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിരവധി പ്രതിസന്ധികളും അധഃസ്ഥിത നവോത്ഥാന മുന്നണിപോലൊരു സവിശേഷ സംഘടനാ ചുമതലക്കാരനെന്ന നിലയിലാകാം പാർട്ടി എനിക്കുമേൽ അച്ചടക്കനടപടി സ്വീകരിക്കാതിരുന്നത്. മറിച്ചായാൽ ജാതിപ്രശ്നം ഉന്നയിക്കുന്നതുകൊണ്ടാണെന്ന വിമർശനത്തിനുള്ള സാധ്യതയുമുണ്ടായിരുന്നു.

​അതെന്തായാലും ഒരിക്കൽ പാർട്ടി അഖിലേന്ത്യ സെക്രട്ടറി കെ. വേണു എന്നെ അദ്ദേഹത്തിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് ക്ഷണിച്ചു. സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള സ. അമീർ അലിയും ഗീതാനന്ദനുമുണ്ടായിരുന്നു. മുന്നണി ഉണ്ടാക്കിയത് തെരുവിൽ പരസ്പരം ഏറ്റുമുട്ടുന്നതിനുവേണ്ടിയായിരുന്നോ എന്ന നിലയിലായിരുന്നു കെ.വി പ്രശ്നം ഉന്നയിച്ചത്. പാർട്ടിയും മുന്നണിയും അത്രമാത്രം അകന്നുകഴിഞ്ഞിരുന്നുവെന്ന് വ്യക്തം. സംഭാഷണം കമ്യൂണിസ്റ്റ് പാർട്ടികൾ പോഷകസംഘടനകളെ നിയന്ത്രിക്കുന്ന ഫ്രാക്ഷൻ സമ്പ്രദായത്തിലെത്തി. എന്നാൽ, മേയ്ദിന തൊഴിലാളി കേന്ദ്രവും കേരളീയ യുവജന വേദിയുംപോലെ ഫ്രാക്ഷൻ വഴി നിയന്ത്രിക്കുന്ന ഒരു സംഘടനയല്ല എ.എൻ.എം എന്ന എന്റെ അഭിപ്രായം തർക്കത്തിനിടയാക്കി. അമീർ അലിക്കും ഗീതാനന്ദനും ഇത് ഉൾക്കൊള്ളാനായില്ല. ഫ്രാക്ഷനിലൂടെയല്ലാതെ പോഷക സംഘടനകളെ നിയന്ത്രിക്കാൻ ഒരു വഴിയുമില്ല. പാർട്ടിയുടെ രാഷ്ട്രീയ കേന്ദ്രീകരണത്തെ നിയന്ത്രിക്കുന്ന ഒരു രീതിയാണിത്. എന്നിട്ടും ആദ്യ വിയോജിപ്പുകൾക്കുശേഷം എന്റെ അഭിപ്രായം തള്ളിക്കളയാൻ കെ.വി തയാറായില്ല. ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇത്രമാത്രം ലിബറലാകാൻ ആകുമോയെന്നത് അത്ഭുതകരമായിരുന്നു.

ഇത്തരം ആശയസംഘർഷങ്ങൾക്കിടയിലാണ് ‘പരിരക്ഷാ ഭാവത്തെ വെറുക്കുക, പരാശ്രയബോധം വലിച്ചെറിയുക’ എന്ന ലേഖനം എഴുതിയത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അധഃസ്ഥിതർ നേരിടുന്ന മുഖ്യപ്രശ്നം വിധേയത്വമാണെന്നും വിധേയത്വ ബന്ധങ്ങളിലൂടെയാണ് ജാതിവ്യവസ്ഥ നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്ന ഈ ലേഖനം മുന്നണി പ്രവർത്തകരു​ടെ സാമൂഹിക അന്വേഷണങ്ങളുടെ ആകത്തുകയായിരുന്നു. പിൽക്കാലത്ത് പ്രത്യയശാസ്ത്രപരമായി ആവിഷ്‍കരിക്കാൻ ശ്രമിച്ച ആശയങ്ങളുടെയെല്ലാം അടിത്തറ. ശിവഗിരിയിൽ നാരായണ ഗുരുവിന്റെ അന്ത്യവിശ്രമ സ്ഥലത്ത് ഒരു തണൽവൃക്ഷ ചുവട്ടിലെ ശാന്തതയിലിരുന്നാണ് ഈ ലേഖനം എഴുതിത്തീർത്തത്. കൂട്ടിന് ആശയ പരിസരത്തുനിന്ന് ഗുരുഭക്തനായിരുന്ന സുനിലും.

മറ്റുള്ളവരെ ആശ്രയിച്ചും അവരുടെ പരിരക്ഷയിലും കഴിയുകയെന്നത് അങ്ങേയറ്റം അപമാനകരമാണ്. എന്നാൽ, അധഃസ്ഥിതരുടെയും ആദിവാസികളുടെയും പൊതുസ്ഥിതി അതാണ് എന്ന് തുടങ്ങുന്ന ഈ ലേഖനം അവർ സ്വാശ്രയബോധവും ആത്മാഭിമാനവുമുള്ളവരായിത്തീരണമെന്ന തിരിച്ചറിവോടെയാണ് സമാപിക്കുന്നത്. ഹരിജൻ, ഗിരിജൻ കോളനികളിലും ലക്ഷംവീട് കോളനികളിലും അഞ്ചും പത്തും സെന്റുകളിലുമെല്ലാം തളക്കപ്പെട്ട ജീവിതമാണ് അവരുടേത്. ആഹാരത്തിനും വസ്ത്രത്തിനുമായി ഈച്ചക്കൂട്ടങ്ങളെപ്പോലെ ആർത്തുകൂടുകയും അമ്മയോ സഹോദരിയോ ഭാര്യയോ മാനഭംഗത്തിന് ഇരയായാൽ അതിന് ലഭിക്കുന്ന പാരിതോഷികത്തിനായി പോലും കൈനീട്ടുന്നൊരു ജനവിഭാഗം.

പരസ്പര സ്നേഹവും വി​ദ്വേഷവുമില്ലാതെ ജാതി തുരുത്തുകളായി വിഭജിക്കപ്പെടുന്ന സാമൂഹികാവസ്ഥ. തന്നെതന്നെയും തന്റെ സാമൂഹികാവസ്ഥയെയും മറച്ചുപിടിക്കാൻ പാടുപെടുന്നവർ. ജാതി ഘടനയുടെ മുൻതട്ടിലേക്ക് കാതോർത്ത് രക്ഷകരെ തേടുന്നവർ. ക്ഷേമപ്രവർത്തനങ്ങളും ഉദ്ധാരണ പ്രവർത്തനങ്ങളും സംവരണവും സൃഷ്ടിച്ച ആശ്രിതാവസ്ഥയും വിധേയത്വവും. മോചനത്തിനായി നടത്തിയ ശ്രമം അടിയായ്മയായി മാറിയ ക്രൈസ്തവാനുഭവം. ക്രിസ്ത്യാനി ആയാൽ ജാതി പോകുമെന്ന് കരുതിയതുപോലെ ദേശീയവാദിയോ കമ്യൂണിസ്റ്റോ ആയാലും ജാതി പോകുമെന്ന് കരുതിയ ദുരവസ്ഥ. രക്ഷകരെയും ഉദ്ധാരകരെയും ആവശ്യമില്ലെന്നും അധഃസ്ഥിതരുടെ മോചനം തങ്ങളുടെ മോചനമായി കാണുന്നവരോട് മാത്രമേ കൂറു പുലർത്തേണ്ടതുള്ളൂവെന്നും പ്രഖ്യാപിക്കുന്ന ലേഖനം പാർട്ടിക്കുള്ളിൽ മുന്നണിയുമായി ബന്ധ​പ്പെട്ടുണ്ടായിരുന്ന ആ​ശങ്കകൾ വർധിപ്പിച്ചു.

ഇക്കാലത്ത് 1991ൽ കൊടുങ്ങല്ലൂരിൽ നടന്ന സി.ആർ.സി സി.പി.ഐ (എം.എൽ) സംസ്ഥാന കോൺഫറൻസിൽ എ.എൻ.എം അവതരിപ്പിച്ച ‘ജാതിവ്യവസ്ഥയും വർഗസമരവും’ എന്ന കുറിപ്പ് പാർട്ടിയും മുന്നണിയും തമ്മിൽ നടന്ന ആശയസമരങ്ങളുടെ തുടർച്ചയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂ​െട സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്ന വിധേയത്വ ബന്ധങ്ങളെ ആത്മാഭിമാന ബോധമുണ്ടാക്കി മറികടക്കാനാവുമെന്ന മുന്നണി നിലപാടിനെ ‘അധഃസ്ഥിതരുടെ ആത്മാഭിമാനബോധത്തെ കമ്യൂണിസ്റ്റ് ബോധമാക്കി മാറ്റുകയെന്ന’ നിലപാടിലൂടെ പ്രതിരോധിക്കാൻ പാർട്ടി തയാറായ​പ്പോഴാണ് ഈ കുറിപ്പ് തയാറാക്കപ്പെട്ടത്. വിവിധ വിഷയങ്ങളിൽ അന്ന് പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കെ. വേണുവും അമീർ അലിയും സണ്ണി ജോസഫുമെല്ലാം നേതൃത്വം നൽകുന്ന ഔദ്യോഗിക രേഖയും കെ. മുരളിയും എം.എൻ. രാവുണ്ണിയും എം. ഗീതാനന്ദനും നേതൃത്വം നൽകുന്ന ബദൽരേഖയും അധഃസ്ഥിതരുടെ ആത്മാഭിമാനബോധത്തെ കമ്യൂണിസ്റ്റ്ബോധമാക്കുക എന്ന കാര്യത്തിൽ ഏകാഭിപ്രായമായിരുന്നു.

എന്നാൽ, കമ്യൂണിസ്റ്റ്ബോധത്തെ അമൂർത്തതലത്തിൽ പ്രതിഷ്ഠിക്കുകയും അതിന് ഒരുതരം അപ്രമാദിത്വം കൽപിക്കുകയുംചെയ്യുന്ന ഈ സമീപനങ്ങളെ ചോദ്യംചെയ്തുകൊണ്ട് കമ്യൂണിസ്റ്റ് ആയാൽ ജാതിയില്ലാതാകുമെന്ന യാന്ത്രിക നിലപാടിന്റെ ആവർത്തനമാണിതെന്നും തന്നെ തന്നെയും തന്റെ സാമൂഹിക ചുറ്റുപാടുകളെയും ഉടച്ചുവാർക്കുന്നതിനും പുനർരൂപവത്കരിക്കുന്നതിനും വേണ്ടിയാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ സ്വീകരിക്കുന്നതെന്നും അല്ലാതെ ബ്രാഹ്മണിസ്റ്റ് പൈതൃകങ്ങളുടെ സ്ഥാനത്ത് പകരം പ്രതിഷ്ഠിക്കുന്നതിനല്ലെന്നും കമ്യൂണിസ്റ്റ് ബോധത്തെ എല്ലാം തികഞ്ഞൊരവസ്ഥയിൽ പ്രതിഷ്ഠിക്കുന്നത് ബ്രാഹ്മണിസ്റ്റ് മൂല്യബോധത്തിൽ ഇഴുകിച്ചേർന്ന കമ്യൂണിസ്റ്റ് ബോധ​മാണെന്നും ചൂണ്ടിക്കാട്ടി. ഇതിന് ജാതിയെ അതിലംഘിക്കാനാവില്ല. മറിച്ച് അധഃസ്ഥിതരുടെ ആത്മാഭിമാനബോധം വ്യത്യസ്തമായൊരു കാര്യമാണ് -രേഖയിൽ ചൂണ്ടിക്കാട്ടി. ഒരു ജനവിഭാഗം അങ്ങേയറ്റത്തെ അടിച്ചമർത്തലിനും അപമാനത്തിനും വിധേയമായിരുന്നിട്ടും അത് തിരിച്ചറിയാതിരിക്കുകയും മറച്ചുവെക്കാൻ ഉത്സുകരാവുകയുംചെയ്യും.

അടിച്ചമർത്തുന്നവരെയും അപമാനിക്കുന്നവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും തയാറാവുക. അവരിൽനിന്ന് ഉദ്ധാരകൻമാരെയും രക്ഷകന്മാരെയും കണ്ടെത്തുക. അവർക്ക് വി​ധേയരായി അവരുടെ ആശ്രിതത്വത്തിലും പരിരക്ഷയിലും കഴിയുന്നതിൽ സംതൃപ്തരാവുക, തങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമെല്ലാം അനുഭവിച്ചുതീർക്കേണ്ടതാണെന്നും അലംഘനീയമാണെന്നും കരുതുക, തനിക്ക് തന്നോടുതന്നെയും താൻ ഉൾക്കൊള്ളുന്ന സാമൂഹിക വിഭാഗത്തോടും അവമതിപ്പും പുച്ഛവും തോന്നുക; സ്വന്തം ചങ്ങലക്കെട്ടുകളെ ആശ്ലേഷിക്കാൻ തയാറാവുക -ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു ജനവിഭാഗത്തിന് ഒരിക്കലും തങ്ങളുടെ വിധികർത്താക്കളായി മാറാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അധഃസ്ഥിതരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നം ഉന്നയിക്കപ്പെട്ടത്. ഇത് കേവലമായ ജാതിബോധമല്ലെന്നും പൊതുസമൂഹത്തെ നിർമി​െച്ചടുക്കുന്നതിൽ തങ്ങളുടേതായ പങ്കുനിർവഹിച്ച ഒരു ജനവിഭാഗത്തിന്റെ തിരിച്ചറിവും ചരിത്രാവബോധവുമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. വർഗസമരവും, ജാതിവിരുദ്ധസമരവും തമ്മിലുള്ള ഇഴചേരലുകളും വ്യത്യസ്തതകളും ചൂണ്ടിക്കാട്ടി വർഗസമരത്തിലല്ല, ജാതിവിരുദ്ധ സമരത്തിലാണ് അധഃസ്ഥിതർ ഊന്നേണ്ടതെന്ന് നിഷ്‍കർഷിച്ചു. പാർട്ടിയുടെ ഒരു റിക്രൂട്ടിങ് സെന്ററല്ല മുന്നണി. മുന്നണിക്ക് സ്വതന്ത്ര അസ്തിത്വം ആവശ്യമുണ്ട്.

ഈ നിലപാട് അംഗീകരിച്ചെടുക്കുന്നതിനായി മുന്നണി പ്രവർത്തകർ നടത്തിയ ശ്രമം വിജയം കണ്ടു. ഔദ്യോഗികപക്ഷത്തുനിന്ന് കെ. വേണു അടക്കമുള്ളവർ തിരുത്തലിന് തയാറായി. എ.എൻ.എം സ്വാഭാവികമായും അവരോടൊപ്പം നിലകൊണ്ടു. വർഗസമരവും ജാതിവിരുദ്ധ സമരവും സമന്വയി​െച്ചാരു കമ്യൂണിസ്റ്റ് നിലപാടാണ് ഇതിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്.

പ്രക്ഷുബ്ധ നാളുകൾ

ബാബരി മസ്ജിദും മണ്ഡൽ കമീഷൻ റിപ്പോർട്ടും രാജ്യത്തെ സുപ്രധാനമായ രണ്ട് രാഷ്ട്രീയ പ്രശ്നങ്ങളായി ഉയർന്നുവന്ന കാലമായിരുന്നു അത്. മതത്തിന്റെ മണ്ഡലത്തിൽനിന്നും ജാതിയുടെ മണ്ഡലത്തിൽനിന്നും ഉയർന്നുവന്ന പ്രശ്നങ്ങളായിരുന്നു ഇത്. ഒന്നിന്റെ ഉള്ളടക്കം മതരാഷ്ട്ര വാദമായിരുന്നെങ്കിൽ മറ്റൊന്നിന്റെ ഉള്ളടക്കം സാമൂഹികനീതിയായിരുന്നു. സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ള ആർക്കും വ്യക്തമായ നിലപാടുകൾ സ്വീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്തൊരു ചരിത്രസന്ദർഭമായിരുന്നു ഇത്. കൊളോണിയൽ ഇന്ത്യയിൽ ദേശീയവികാരം സൃഷ്ടിച്ച സാമൂഹിക ധ്രുവീകരണത്തിന് സമാനമായി മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യ വിഭജിക്കപ്പെട്ടത് ഇക്കാലത്താണ്. എഴുപതുകളുടെ മധ്യത്തിൽ കോൺഗ്രസ് സ്വേച്ഛാധിപത്യത്തിനെതിരെ ഉയർന്നുവന്ന ജനരോഷത്തിന്റെ മുൻപന്തിയിലേക്കുവന്ന ഹിന്ദുത്വവാദികൾ അവരുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയിലൂടെ ഇന്ത്യയെ ഇളക്കിമറിച്ച കാലം.

കോൺഗ്രസ് നേതൃത്വം കൊടുത്ത ഇന്ത്യയുടെ ബ്രാഹ്മണവത്കരണം, ജാതി ഹിന്ദുക്കൾ ഉയർത്തിക്കൊണ്ടുവന്ന ഹിന്ദുത്വവാദത്തിന് ആഴവും പരപ്പുമുണ്ടാക്കി. കോൺഗ്രസിന്റെ ബ്രാഹ്മണ-ബനിയ സഖ്യം അകറ്റിനിർത്തുകയോ ഒഴിവാക്കുകയോ ചെയ്ത പിന്നാക്ക ദലിത് വിഭാഗങ്ങളിലേക്ക് അവർ ഇറങ്ങിച്ചെന്നു. അയോധ്യയിലെ രാമക്ഷേത്രം മോചിപ്പിക്കാനായി വിശാല ഹിന്ദു പരിഷത്ത് 1984ൽ ആരംഭിച്ച ധർമ പാർല​മെന്റ് പ്രക്ഷോഭം അനേകം കലാപങ്ങളും കൂട്ടക്കൊലകളുമായാണ് മുന്നേറിയത്. ’90ന്റെ മധ്യത്തിൽ എൽ.കെ. അദ്വാനി നയിച്ച രഥയാത്ര ഈ സ്ഥിതി പിന്നെയും മൂർച്ഛിപ്പിച്ചു. രാമശില ഘോഷയാത്ര കടന്നുപോയപ്പോൾ ബിഹാറിലെ ഭഗത്പൂരിൽ മാത്രം ആയിരത്തോളമാളുകളാണ് കൊലചെയ്യപ്പെട്ടത്. ’80കളിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. മുസ്‍ലിംകളെ പ്രതിസ്ഥാപിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രവാദികൾ നടത്തുന്ന ഈ നീക്കം മുസ്‍ലിംകളെപ്പോലെതന്നെ ദലിതർക്കും അപകടകരമാണെന്നാണ് ഞങ്ങൾ വിലയിരുത്തിയത്.

തന്നെയല്ല, രാമന്റെ ജന്മസ്ഥലത്ത് നിലനിന്ന രാമക്ഷേത്രം തകർത്തിട്ടാണ് ബാബരി മസ്ജിദ് സ്ഥാപിക്കപ്പെട്ടതെന്ന ഹിന്ദുത്വവാദികളുടെ കള്ളക്കഥ വിശ്വസിക്കാനും ഞങ്ങൾ തയാറായില്ല. അന്യമത ഗ്രന്ഥങ്ങൾ താരതമ്യംചെയ്തു പഠിച്ചും അതിന്റെ സാരാംശങ്ങൾ സ്വജീവിതത്തിൽ പകർത്തിയും മറ്റ് മതങ്ങൾക്ക് സാധ്യമായ സഹായങ്ങൾചെയ്തും വ്യത്യസ്തമായ ഒരു മാതൃകയായിരുന്ന ബാബർ രാമക്ഷേത്രം ആക്രമിച്ച് തകർക്കുമെന്നും ഞങ്ങൾ കരുതിയില്ല. ഈ ഗുണങ്ങൾ പിന്തുടരുന്ന അദ്ദേഹത്തിന്റെ പിൻഗാമിയായ അക്ബർ ഗോവധം നിരോധിച്ചും നെറ്റിയിൽ തിലകം ചാർത്തിയും ഹിന്ദുവേഷം അണിഞ്ഞും ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് പിന്നെയും വ്യത്യസ്തനാകുന്നത് ചരിത്രത്തിൽ നിരീക്ഷിച്ചു.

ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എത്തിച്ചേർന്ന നിഗമനം ‘ബാബരി മസ്ജിദ് തകർത്ത് ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറ പണിയുന്നവർ ദലിതരുടെ ശത്രുക്കളാണ്’ എന്നതാണ്. ഈ പേരിൽ എ.എൻ.എം സംസ്ഥാന കമ്മിറ്റി അംഗം എ.എം. രവി ബുള്ളറ്റിൻ ആറാം ലക്കത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഹൈന്ദവവത്കരണത്തിന് വിധേയമാക്കപ്പെട്ട ദലിതർക്കിടയിൽ ഈ നിലപാട് ഞങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ദലിതർക്കിടയിൽ വ്യാപരിക്കുന്ന മുസ്‍ലിം വിരോധത്തെ പ്രതിരോധിക്കുകയും ദലിതരെ ചട്ടുകവത്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ നീക്കങ്ങളെ പ്രതിരോധിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട് കണ്ടത് ദലിതർക്കിടയിലെ ഇത്തരം സമീപനങ്ങൾ മുതലാക്കി മുസ്‍ലിം അടിത്തറയിൽ രൂപംകൊണ്ട ചില രാഷ്ട്രീയ സംഘങ്ങൾ ദലിതരെ ചട്ടുകവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്.

ഈ സന്ദർഭത്തിലാണ് 1989ൽ വി.പി. സിങ് ഗവൺമെന്റ് പട്ടികജാതി-വർഗ സംവരണം 10 കൊല്ലത്തേക്കു കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. 10 വർഷമായി കോൺഗ്രസ് ഗവൺമെന്റ് പൂഴ്ത്തിവെച്ച മണ്ഡൽ കമീഷൻ റി​േ​പ്പാർട്ട് നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ രണ്ടു പ്രഖ്യാപനങ്ങളും ഇന്ത്യയിലെ സംവരണ വിരുദ്ധരായ സവർണരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. രാജ്യം സാമൂഹികമായ മറ്റൊരു ധ്രുവീകരണത്തിലേക്ക് മുതലക്കൂപ്പു നടത്തി. സവർണ-അവർണ ഭേദത്താൽ വിണ്ടുകീറി. ജാതിയുടെ പ്രവർത്തനമണ്ഡലം സാമൂഹികമല്ല, രാഷ്ട്രീയമാണെന്ന് തുറന്ന് പ്രഖ്യാപിക്കുന്നൊരു സാഹചര്യം വളർന്നുവന്നു. മണ്ഡൽ കമീഷൻ റിപ്പോർട്ടിനെതിരെ ദേശവ്യാപകമായി സംവരണ വിരുദ്ധർ പ്രക്ഷോഭം അഴിച്ചുവിട്ടു. ഈ സാഹചര്യത്തെക്കുറിച്ച് 1990 ഫെബ്രുവരിയിൽ അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ ഞങ്ങൾ നടത്തിയ വിലയിരുത്തൽ ഇങ്ങനെയായിരുന്നു.

‘‘ഈ ദശകം ആരംഭിച്ചതുതന്നെ ഉത്തരേന്ത്യയെ ഇളക്കിമറിക്കുന്ന സാമ്പത്തിക സംവരണവാദ പ്രക്ഷോഭങ്ങളുമായിട്ടാണ്. ’70കളുടെ അവസാനത്തിലും ’80കളുടെ ആരംഭത്തിലും ബിഹാറിലും ഗുജറാത്തിലും പൊട്ടിപ്പുറപ്പെടുകയും നൂറുകണക്കിനാളുകളുടെ മരണത്തിലും വമ്പിച്ച നാശനഷ്ടങ്ങളിലും കലാശിക്കുകയുംചെയ്ത കലാപങ്ങളാണ് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുന്നത്. സംവരണം പത്തു വർഷത്തേക്കു കൂടി നീട്ടുമെന്ന ജനതാദൾ ഗവൺമെന്റിന്റെ ഡിസംബർ ആറിലെ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസംതന്നെ ഉത്തരേന്ത്യയി​െല പ്രസിദ്ധമായ അലഹബാദ് സർവകലാശാലയിൽ സംവരണ വിരുദ്ധരുടെ ആദ്യ മുറവിളി ഉയർന്നത്, ഗൊരഖ്പൂരിലും വാരാണസിയിലും കാൺപൂരിലും ഫൈസാബാദിലുമെല്ലാം ഇത് വ്യാപിച്ചു.

കൊള്ളയും കൊലയുമായി പ്രക്ഷോഭം വളർന്നു. ഇതിനിടയിൽതന്നെ മധ്യപ്രദേശിലും ഒഡിഷയിലും ആന്ധ്രാപ്രദേശിലുമെല്ലാം പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിരുന്നു. ആസന്ന ഭാവിയിൽ ഇന്ത്യയിലെമ്പാടും അധഃസ്ഥിത ഗോത്രവർഗ വിഭാഗങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും ബാധിക്കാൻ പോകുന്ന സുപ്രധാനമായൊരു വെല്ലുവിളിയായി ഈ ​പ്രക്ഷോഭം മാറിക്കൊണ്ടിരിക്കുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ ഏറിയോ കുറഞ്ഞോ ഇന്ത്യയെ ഒന്നാകെ ഗ്രസിക്കാൻ പോകുന്ന ഈ പ്രക്ഷോഭങ്ങൾ അഖിലേന്ത്യാ തലത്തിൽ കേന്ദ്രീകരിക്കാനും ഏകോപിതമായൊരു സംരംഭമായി മാറുവാനുമുള്ള തീവ്രശ്രമങ്ങളും അണിയറനീക്കങ്ങളും ഇതിന് നേതൃത്വം കൊടുക്കുന്ന ശക്തികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.

ഇന്ത്യയിലുടനീളം സവർണ ഹിന്ദുക്കൾ ഒരുഭാഗത്തും അധഃസ്ഥിതരും ആദിവാസികളും ഗോത്ര വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും മറുഭാഗത്തും മുഖാമുഖം ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. ഇന്നല്ലെങ്കിൽ നാളെ എല്ലാ ഒളിച്ചുകളികളും നിർത്തി ഇന്ത്യയിലെ മുഴുവൻ സാമൂഹിക രാഷ്ട്രീയ ശക്തികൾക്കും ഈ പ്രശ്നങ്ങളിൽ ഖണ്ഡിതമായ നിലപാടെടുത്തുകൊണ്ട് പക്ഷംപിടിക്കേണ്ട ഒരു സമൂർത്ത രാഷ്ട്രീയ പ്രശ്നമായി സംവരണം മാറിക്കൊണ്ടിരിക്കുകയാണ്.

തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളുടെ ഈ വിലയിരുത്തൽ പൂർണമായും ശരിയാണെന്ന് കാണാൻ കഴിയും. ജാതിയുടെ പ്രവർത്തന മണ്ഡലം രാഷ്ട്രീയമാണെന്ന തിരിച്ചറിവായിരുന്നു മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനം. തന്മൂലം സംവരണത്തിന്റെ മാനദണ്ഡം ജാതിയാണെന്ന് വ്യക്തമാക്കുകയുമാണ്. അതിന്റെ അടിസ്ഥാനത്തിൽ 27 ശതമാനം സംവരണം പിന്നാക്ക ദലിത് വിഭാഗങ്ങൾ ആഹ്ലാദത്തോടെ സ്വാഗതംചെയ്തു. ഈ ശിപാർശ സവർണ വിഭാഗങ്ങളെ വിളറി പിടിപ്പിക്കുകയും അക്രമോത്സുകമാക്കുകയുംചെയ്തു. രാജ്യത്തിന്റെ തലസ്ഥാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു. വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലും കലാപങ്ങൾ നേരിടുന്നതിനായി സൈന്യത്തെ ഇറക്കി. മധ്യപ്രദേശ്, ഒഡിഷ, ഹിമാചൽപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ സംവരണ തീരുമാനം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങൾ ജാതിസംവരണത്തോടൊപ്പം സാമ്പത്തിക സംവരണംകൂടി നടപ്പിലാക്കാൻ നിശ്ചയിച്ചു.

ദേവിലാലിനെയും ചന്ദ്രശേഖറിനെയും പോലുള്ള ജനതാദളിന്റെ സമുന്നത നേതാക്കൾ എന്നും സമുദായ സംവരണത്തിന് എതിരായിരുന്നു. ബി.ജെ.പിയും സി.പി.ഐ, സി.പി.എം തുടങ്ങി ഗവൺമെന്റിനെ പിന്തുണക്കുന്ന പാർട്ടികളും മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്നു. ദേശവ്യാപകമായി സംവരണ വിരുദ്ധ പ്രക്ഷോഭം അഴിച്ചുവിട്ടു. ബി.ജെ.പി നേതാവ് മദൻലാൽ ഖുരാനയെപ്പോലുള്ളവർ സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലായിരുന്നു. മണ്ഡൽ സൃഷ്ടിക്കുന്ന സവർണ-അവർണ ധ്രുവീകരണത്തെ നേരിടാനും ഹൈന്ദവ ഏകീകരണം ശക്തമാക്കാനുമായി ബി.ജെ.പി ‘​േജ്യാതിരഥ’യാത്ര നടത്തി. സി.പി.ഐ, സി.പി.എം ഇടതുപക്ഷ പാർട്ടികൾ സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി സംവരണത്തിന് മാനദണ്ഡമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എച്ച്.കെ.​എൽ. ഭഗത്തും ജഗന്നാഥ മിശ്രയുംപോലുള്ള കോൺഗ്രസ് ദേശീയ നേതാക്കൾ മണ്ഡൽ റിപ്പോർട്ടിനെതിരെ രംഗത്തുവന്നു. സി.പി.എം ഒരു പടികൂടി കടന്ന് പിന്നാക്ക വിഭാഗങ്ങളിൽ ഒരു സമ്പന്നവിഭാഗം ഉയർന്നുവന്നിട്ടുണ്ടെന്നും അവരെ ഒഴിവാക്കി അവർ നേടുന്ന സ്ഥാനങ്ങൾ അവരുടെ സമുദായത്തിൽപെട്ട സാമ്പത്തിക പി​ന്നാക്കം നിൽക്കുന്നവർക്ക് നൽകണമെന്ന നിലപാട് പിന്നീട് സ്വീകരിച്ചു.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതിന് തങ്ങൾ എതിരില്ലെന്ന് പറഞ്ഞു. എന്നാൽ, അതേ സ്വരത്തിൽതന്നെ ‘റിപ്പോർട്ട് നടപ്പാക്കുന്നതിൽ അതീവ താൽപര്യം കാണിക്കുന്ന ചിലർ രാജ്യത്ത് ജാതിയുദ്ധം ഇളക്കിവിടുകയാണെ’ന്നും ആരോപിച്ചു. എച്ച്.കെ.എൽ. ഭഗത്തിനെയും ജഗന്നാഥ് മിശ്രയെയുംപോലുള്ളവർ സംവരണ വിരുദ്ധ പ്രസ്ഥാനങ്ങളിലേക്ക് തങ്ങളുടെ അനുയായികളെ തള്ളിവിട്ടപ്പോൾ കർണാടകയിൽനിന്നുള്ള ജനാർദന പൂജാരി മണ്ഡൽ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പറഞ്ഞത്, ‘‘കോൺഗ്രസിലെ ബ്രാഹ്മണ നേതൃത്വം മൂലമാണ് മണ്ഡൽ റിപ്പോർട്ട് നടപ്പാക്കാൻ കഴിയാതെപോയത്’’ എന്നാണ്. ഒടുവിൽ സാമ്പത്തിക സംവരണ വാദികളുടെ മുന്നിൽ വി.പി. സിങ്ങിന് മുട്ടുമടക്കേണ്ടിവന്നു.

5-10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ഗവൺമെന്റിന് നിലനിൽക്കാനായില്ലെന്നതാണ് മറ്റൊരു കാര്യം. വി.പി. സിങ്ങിനെ അട്ടിമറിച്ച് സംവരണ വിരുദ്ധനായ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. എന്നാൽ, ഇതുകൊണ്ടൊന്നും മണ്ഡൽ ഉയർത്തിവിട്ട സാമൂഹിക ചലനങ്ങൾ അവസാനിച്ചില്ല. സമ്പന്നർ വലതുപക്ഷത്തുനിന്ന് തീവ്ര വലതുപക്ഷത്തേക്ക് ചലിച്ചപ്പോൾ ഹൈന്ദവവത്കരിക്കപ്പെട്ട പിന്നാക്കക്കാരിലെയും ദലിതരിലെയും ചെറിയൊരു വിഭാഗം അവരോടൊപ്പം ചേർന്നു. അതിനേക്കാൾ ശക്തമായി പിന്നാക്ക-ദലിത്-വിഭാഗങ്ങൾക്കിടയിൽ അവ​ന്റെ രാഷ്ട്രീയം ശക്തിപ്പെട്ടു. ജാതിവിരുദ്ധമായൊരു ദിശയിൽ ജാതി രാഷ്ട്രീയം ഉയർന്നുവന്നു. കോൺഗ്രസിനെയാണ് ഇത് ഏറെ ബാധിച്ചത്. കോൺഗ്രസിന്റെ അടിത്തറയിൽനിന്ന് പിന്നാക്ക-ദലിത്-മുസ്‍ലിം-ആദിവാസി വിഭാഗങ്ങൾ ഒലിച്ചുപോകാൻ തുടങ്ങി. ജനാധിപത്യത്തിന്റെ പേരിലുള്ള കോൺഗ്രസിന്റെ സവർണ സ്വേച്ഛാധിപത്യ വാഴ്ചകൾക്ക് ഇളക്കംതട്ടി. സ്വാതന്ത്ര്യ പ്രക്ഷോഭണ കാലത്തും ഭരണഘടനാ നിർമാണ സമയത്തും സംവരണം ഉയർത്തിവിട്ട സാമൂഹിക പരിവർത്തനത്തിന്റെ തുടർച്ചയായി മണ്ഡൽ മാറി.

 

ഇത്തരം സംഭവവികാസങ്ങൾ സൂക്ഷ്മമായി പരിശോധിച്ചും വിശകലനം ചെയ്തും എ.എൻ.എം മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാട് സ്വീകരിച്ചു. ബാബരി മസ്ജിദ് പ്രശ്നംപോലെ ദലിതരെ നേരിട്ട് ബാധിക്കു ന്നൊരു പ്രശ്നം അല്ലാതിരുന്നിട്ടും മണ്ഡൽ റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു നിലപാടിൽ ഞങ്ങൾ എത്തിച്ചേർന്നത്. സംവരണവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാടുകൾ വിശദീകരിച്ചുകൊണ്ട് ‘സാമ്പത്തിക സംവരണവാദികൾ ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന​ ലേഖനം ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു. അതു ലഘുലേഖയായി പ്രചരിപ്പിച്ചു. ദലിതർക്കിടയിലെന്നല്ല, പിന്നാക്കക്കാർക്കിടയിൽപോലും ആ സമയത്ത് ആശയതലത്തിലുള്ള ഇത്തരം ഇടപെടലുകൾ അപൂർവമായിരുന്നു.

കെ.പി.എം.എസിനെ പോലുള്ള ദലിതർക്കിടയിലെ ജാതി സംഘടനകളും പട്ടികജാതി പട്ടികവർഗ സംഘടനകളും മണ്ഡൽ റിപ്പോർട്ട് തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ആദ്യം നിസ്സംഗത പാലിച്ചു. പിന്നീട് പട്ടികജാതിക്കാരായ ചില വിഭാഗങ്ങളെ പിന്നാക്കക്കാരായി മാറ്റാനുള്ള ശിപാർശയുണ്ടെന്ന് പറഞ്ഞ് റിപ്പോർട്ടിനെ എതിർത്തു. ഒപ്പം സംവരണത്തിന്റെ മാനദണ്ഡം ജാതിയാണെന്ന് പ്രഖ്യാപിച്ചതു വഴി ക്രിസ്തുമതംപോലുള്ള മറ്റു മതങ്ങളിൽ ജാതി പീഡനമനുഭവിക്കുന്ന ദലിതർക്കും സംവരണാവകാശത്തിന് അർഹതയുണ്ടെന്ന നിലപാട് അവർക്ക് ഒട്ടും ഉൾക്കൊള്ളാനായില്ല. സംവരണത്തിന്റെ മാനദണ്ഡം എന്തായാലും ഹിന്ദുക്കളല്ലാത്ത പുലയർക്കും പറയർക്കുമൊന്നും സംവരണാവകാശത്തിന് അർഹതയില്ലെന്നവർ വാദിച്ചു. ‘ഹരിജൻ മോർച്ച’പോലുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അധഃകൃത സംഘടനകളുടെ നിലപാടുകളായിരുന്നു അവ. ഇത്തരം ജാതി-മത സങ്കുചിത നിലപാടുകളെയെല്ലാം സാമൂഹിക നീതിയുടെ വീക്ഷണത്തിൽ ഞങ്ങൾ വിമർശന വിധേയമാക്കി.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.