അധഃസ്ഥിത നവോത്ഥാന ദിനങ്ങൾ

അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരിച്ച ശേഷമുള്ള പ്രവർത്തനങ്ങളെയും വെല്ലുവിളികളെയുംകുറിച്ചാണ് ഈ ലക്കം. കുറവിലങ്ങാട്ടെ ജാതിവിരുദ്ധ സമരത്തിൽ പ​ങ്കാളിയാകുന്നതിനെക്കുറിച്ചും എഴുതുന്നു.അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആദ്യ തീരുമാനങ്ങളിലൊന്ന് ആഗസ്റ്റ് 15 കരിദിനമായി ആചരിക്കുക എന്നതായിരുന്നു. ഇന്ത്യയെ കപട ജനാധിപത്യമായി കാണുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തുടർച്ചയായിരുന്നു ഈ തീരുമാനം. എൻ.കെ. വിജയനും എം.ജെ. ജോണും സേവ്യറുമെല്ലാം അടങ്ങുന്ന കാണക്കാരിയിൽതന്നെയുള്ള ഒരു ഗ്രൂപ്പിന്റെ മുൻകൈയിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആദ്യത്തെ വിശദീകരണ യോഗം നടന്നത്. സംഘടനക്ക് രൂപംനൽകിയ കാണക്കാരിയിൽതന്നെ...

അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരിച്ച ശേഷമുള്ള പ്രവർത്തനങ്ങളെയും വെല്ലുവിളികളെയുംകുറിച്ചാണ് ഈ ലക്കം. കുറവിലങ്ങാട്ടെ ജാതിവിരുദ്ധ സമരത്തിൽ പ​ങ്കാളിയാകുന്നതിനെക്കുറിച്ചും എഴുതുന്നു.

അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആദ്യ തീരുമാനങ്ങളിലൊന്ന് ആഗസ്റ്റ് 15 കരിദിനമായി ആചരിക്കുക എന്നതായിരുന്നു. ഇന്ത്യയെ കപട ജനാധിപത്യമായി കാണുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തുടർച്ചയായിരുന്നു ഈ തീരുമാനം. എൻ.കെ. വിജയനും എം.ജെ. ജോണും സേവ്യറുമെല്ലാം അടങ്ങുന്ന കാണക്കാരിയിൽതന്നെയുള്ള ഒരു ഗ്രൂപ്പിന്റെ മുൻകൈയിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആദ്യത്തെ വിശദീകരണ യോഗം നടന്നത്. സംഘടനക്ക് രൂപംനൽകിയ കാണക്കാരിയിൽതന്നെ സേവ്യറെ ജില്ല കൺവീനറായി നിശ്ചയിച്ച് ആദ്യത്തെ ജില്ല കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതും കോട്ടയം ജില്ലയിലാണ്. ​സേവ്യറിന്റെ അധ്യക്ഷതയിൽ നിണ്ടൂർ പഞ്ചായത്തിൽപെട്ട കൈപ്പുഴയിലെ ഒരു ദലിത് കോളനിയിലാണ് മുന്നണി ആശയ പ്രചാരണത്തിന്റെ ഭാഗമായി ആദ്യത്തെ പൊതുയോഗം സംഘടിപ്പിച്ചത്. കൈപ്പുഴയിലെ പാർട്ടി പ്രവർത്തകരും അനുഭാവികളുമായ ദലിതരല്ലാതെ കോളനി നിവാസികളായ ദലിതരുടെ കാര്യമായ യാതൊരു സാന്നിധ്യവും ഈ യോഗത്തിൽ ഉണ്ടായിരുന്നില്ലെന്ന കാര്യം സ്മരണീയമാണ്. തിക്തമായൊരു ദലിത് അനുഭവമായിരുന്നു ഇത്. ആയിരത്തിലേറെ ദലിത് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ശിവഗിരി കനാൽ പുറമ്പോക്കിൽ മണിയുടെയും സുനിലിന്റെയും നേതൃത്വത്തിൽ നടന്ന ആദ്യത്തെ മുന്നണി യോഗത്തിന്റെയും സ്ഥിതി ഇതുതന്നെയായിരുന്നു.

കുറുവരും വേടരും പറയരുമെല്ലാം അധിവസിക്കുന്ന കോളനിയായിരുന്നു ഇത്. സഹപ്രവർത്തകർക്ക് പുറമെ ശുഷ്‍കമായ ദലിത് സാന്നിധ്യത്തിൽ കോളനികളിലും അവയുടെ പരിസരങ്ങളിലും മറ്റ് ദലിത് ജനവാസകേന്ദ്രങ്ങളിലുമെല്ലാം എത്രയെത്ര വിശദീകരണ യോഗങ്ങൾ നടത്തി. ദലിതരുടെ ശ്രദ്ധേയമായ സാന്നിധ്യം ഒരിടത്തും കണ്ടില്ല. നിരന്തരമായി ആവർത്തിക്കപ്പെട്ടൊരു സാമൂഹികാനുഭവം. ഇത്തരം യോഗങ്ങളിൽ നേരിട്ട് പങ്കാളിത്തം വരാതിരിക്കാനും മുന്നണി ഉന്നയിക്കുന്ന ആശയങ്ങൾക്ക് പുറംതിരിഞ്ഞു നിൽക്കാനുമുള്ള ദലിതരുടെ മനോഭാവം ആശ്ചര്യ​കരമായിരുന്നു. ഞങ്ങൾ നക്സ​െലറ്റുകൾ ആയതുകൊണ്ടാണ് ഇത്തരമൊരു സമീപനം എന്നായിരുന്നു ഞങ്ങൾ ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ, അതിനുമെത്രയോ ആഴത്തിലുള്ള സാമൂഹിക രാഷ്ട്രീയ കാരണങ്ങൾ അതിനുണ്ടായിരുന്നു. കോളനികൾ കീഴ്പ്പെടുത്തുന്ന ഉച്ചഭാഷിണി മാത്രമായിരുന്നു സംഘാടകരുടെ ആശ്വാസം. നമ്മുടെ അഭിപ്രായം എല്ലാവരും കേട്ടിട്ടുണ്ടെന്ന് അവർ സമാധാനിക്കും. അധഃസ്ഥിത നവോത്ഥാന മുന്നണിക്ക് ദലിതർക്കിടയിൽനിന്ന് ലഭിക്കുന്ന ആദ്യത്തെ സാമൂഹിക അനുഭവം ഇതായിരുന്നു.

വർഗസമരമാണ് ചരിത്രത്തിന്റെ ചാലകശക്തിയെന്ന് വിശ്വസിക്കുകയും വർഗരഹിതമായൊരു മനുഷ്യസമൂഹം സ്വപ്നം കാണുകയും ചെയ്യുമ്പോഴും ജാതിവിരുദ്ധമായൊരു ദിശാബോധമായിരുന്നു അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആത്മാവ്. ദലിതർക്കിടയിലെ നൂറുകണക്കിന് സംഘടനകളിൽനിന്ന് അധഃസ്ഥിത നവോത്ഥാന മുന്നണിയെ വ്യത്യസ്തമാക്കിയതും ഈ ഉള്ളടക്കമായിരുന്നു. ജാതിവ്യവസ്ഥയുടെ അടിത്തട്ടുകളിൽനിന്ന് ഉയർന്നുവന്ന നവോത്ഥാനകാല ഉൾക്കാഴ്ചകളെ മാറിയകാലത്തെ അധീശത്വ വ്യവഹാരങ്ങൾക്കെതിരെ ഉപയുക്തമാക്കിക്കൊണ്ട് ദലിതരുടെ വിമോചനത്തിലൂടെ കേരളീയ സമൂഹത്തിന്റെ ജാതിമുക്തമായൊരു പുനരാവിഷ്കാരമായിരുന്നു മുന്നണിയുടെ ലക്ഷ്യം.

ജാതിവ്യവസ്ഥ തകർന്നടിഞ്ഞുവെന്നും അത് നിലനിൽക്കുന്നില്ലെന്നുമുള്ള ശാഠ്യത്തിലേക്ക് മുതൽക്കൂട്ട് നടത്തിയിട്ടുള്ള കേരളീയ സമൂഹത്തിൽ തികച്ചും ദുഷ്കരമായൊരു ദൗത്യമായിരുന്നു ഇത്. പ്രായോഗിക പ്രവർത്തനങ്ങളോടൊപ്പം ബൗദ്ധികാന്വേഷണങ്ങളും ആശയസമരങ്ങളുമെല്ലാം നിറഞ്ഞ സങ്കീർണമായൊരു സ്ഥിതിയിലേക്കാണ് ഇത് മുന്നണി പ്രവർത്തകരെ നയിച്ചത്. ഏറെ ദുഃഖകരമായൊരു കാര്യം പാർട്ടിയുടെ മൂന്നാംനിരയിലോ നാലാംനിരയിലോ നിന്നവർ മാത്രമാണ് മുന്നണി പ്രവർത്തകരായി മുന്നോട്ടുവന്നത് എന്നതാണ്. പലരും സാമാന്യ വിദ്യാഭ്യാസംപോലും ഇല്ലാത്തവരായിരുന്നു. അയ്യൻകാളി സ്വപ്നം കണ്ട ബി.എക്കാരിൽ രണ്ടുപേർ മാത്രം. എൻ.കെ. വിജയനും എ.എം. രവിയും. രവി നിർജീവമായപ്പോൾ എം. പവിത്രൻ വന്നു. അങ്ങനെ മൂന്നുപേർ.

കുറവിലങ്ങാട് ഫൊറോന പള്ളി സെമിത്തേരിയിൽനിന്ന് ചിറയിൽ തോമസ് എന്ന ദലിത് ക്രൈസ്തവന്റെ മൃതദേഹം മാന്തിമാറ്റിയ സംഭവത്തിൽ മാന്നാനത്തുനിന്ന് കുറവിലങ്ങാട്ടേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് ANM നടത്തിയ ആദ്യത്തെ സാമൂഹിക ഇടപെടൽ. ‘ശവക്കല്ലറയിലെ ജാതി വിവേചനത്തിനെതിരെ’ എന്നതായിരുന്നു മാർച്ചിന്റെ സന്ദേശം. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരണശേഷവും ദലിത് ക്രൈസ്തവർ സഭക്കുള്ളിൽ ജാതിവിവേചനം അനുഭവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. എല്ലാക്കാലത്തും സഭാ മേധാവിത്വത്തോടൊപ്പം നിൽക്കുന്ന മലയാള മനോരമപോലും അയിത്തം എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ദലിത് ക്രൈസ്തവന്റെ മൃതശരീരം സവർണ ക്രൈസ്തവന്റെ മൃതശരീരത്തോട് പുലർത്തിയ സാമീപ്യം മാത്രമായിരുന്നു ഈ ശരീരം മാന്തിമാറ്റലിന് കാരണം.

ദൗർഭാഗ്യവശാൽ ഇത് തിരിച്ചറിയാൻ ദലിത് ക്രൈസ്തവർക്ക് ആകുന്നില്ല. ആത്മാവിന് മോചന വാഗ്ദാനവും ആചാരാനുഷ്ഠാനങ്ങൾക്ക് പുലപ്പള്ളിയും പറപ്പള്ളികളും ജീവിതയാഥാർഥ്യമാക്കി മാറ്റിയ ക്രൈസ്തവ സഭയെ തിരിച്ചറിഞ്ഞ് പൊയ്കയിൽ അപ്പച്ചനും പാമ്പാടി ജോൺ ​ജോസഫുമെല്ലാം ദശകങ്ങൾക്ക് മുമ്പ് ഇത്തരം നിന്ദ്യമായ നടപടിക​ൾക്കെതിരെ വിരൽചൂണ്ടിയിരുന്നു. എങ്കിലും തങ്ങളിൽ വർണവും ജാതിയുമില്ലെന്ന പൗരോഹിത്യ ഭാഷ്യങ്ങളാണ് ദലിത് ക്രൈസ്തവർക്കിടയിൽ വേരോടിയത്. തന്മൂലം സഭക്കുള്ളിൽ നടക്കുന്ന വിവേചനങ്ങളൊന്നും മനസ്സിലാക്കുവാനുള്ള ശേഷി അവർക്കില്ലായിരുന്നു. ഈ സാഹചര്യം ഭേദിക്കുവാനുള്ള സന്ദർഭമായിട്ടാണ് കോട്ടയം ജില്ലയിലെ അധഃസ്ഥിത നവോത്ഥന മുന്നണി പ്രവർത്തകർ കുറവിലങ്ങാട് സംഭവത്തെ കണ്ടത്. നൂറിൽ താഴെമാത്രം ആളുകളേ മാർച്ചിൽ പ​ങ്കെടുത്തിരുന്നുള്ളൂ. എന്നാലവരിൽ ക്രൈസ്തവരോടൊപ്പം ഹിന്ദുക്കളുമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ANM ജില്ല കൺവീനർ വി.ഡി. ജോസ്, അതിരമ്പുഴ തമ്പി, എൻ.കെ. വിജയൻ, കെ.എം. കുഞ്ഞുമോൻ, സണ്ണി കാവിൽ തുടങ്ങിയ ദലിത് യുവാക്കൾ അതിന് നേതൃത്വം നൽകി.

കുറവിലങ്ങാട് കേന്ദ്രീകരിച്ച് ഇതിനകം തന്നെ ചില ദലിത് ക്രൈസ്തവ സംഘടനകൾ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ, ഒരു സാമൂഹികപ്രശ്നമായി ഇതിനെ മാറ്റാൻ ANM അടക്കം ഒരു സംഘടനക്കും കഴിഞ്ഞില്ല. മാന്തിമാറ്റപ്പെട്ട ജഡത്തേക്കാൾ ​എത്രയോ ഉന്നതിയിലാണ് അതിൽനിന്ന് വേർപെട്ടുപോയ ആത്മാവ് എന്ന വിശ്വാസം സഭ ദലിത് ​െക്രെസ്തവർക്ക് നൽകിയൊരു സംഭാവനയായിരുന്നു. ആത്മാവിന്റെ സ്വൈരതക്കായി ജഡത്തി​ൻമേലുള്ള വിവാദങ്ങൾ അവസാനിപ്പിക്കാൻ ഏതെങ്കിലുമൊരു പുരോഹിതൻ ആവശ്യപ്പെട്ടാൽ പിന്മാറുന്നതായിരുന്നു ദലിത് ക്രൈസ്തവ സംഘടനകളും വിശ്വാസികളും. അവർ പിന്മാറുകയുംചെയ്തു. തങ്ങളുടെ ശവത്തോടുപോലും അനാദരവുകാട്ടുന്നത് കണ്ടുനിൽക്കേണ്ടിവന്നൊരു ജനവിഭാഗം. ഇതിനെ ചോദ്യംചെയ്യുന്നത് ദൈവത്തോടും വിശ്വാസത്തോടുമുള്ള നിന്ദയായി മനസ്സിലാക്കുന്നവർ. അവർ എങ്ങനെയാണ് അടിമത്തത്തിൽനിന്ന് മോചിതരാവുക​! ANM ആകട്ടെ ക്രൈസ്തവ സഭക്കുള്ളിൽ നിലനിൽക്കുന്ന ജാതിവിവേചനങ്ങളുടെ രൂക്ഷത ബോധ്യപ്പെടുത്താൻ ഈ സംഭവ​ത്തെ ദൃഷ്ടാന്തമാക്കി.

കുറവിലങ്ങാട് പള്ളി സെമിത്തേരിയിൽനിന്ന് ദലിതന്റെ മൃതശരീരം മാന്തിമാറ്റിയതും കോതമംഗലം പൊലീസ് സ്റ്റേഷനി​ൽ ദലിതനെ മലം തീറ്റിച്ചതും പോലുള്ള സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ANM പ്രാദേശിക പ്രവർത്തനങ്ങളിൽ സജീവമായത്. ഇതിന്റെ തുടർച്ചയായിരുന്നു 1989 സെപ്റ്റംബർ ഒന്നിന് നടന്ന മനുസ്മൃതി ചുട്ടെരിക്കൽ. ഒരു പ്രായോഗിക പ്രവർത്തനം എന്നതിനേക്കാൾ പ്രത്യയശാസ്ത്രപരമായൊരു ഇടപെടലായിരുന്നു ഇത്. ‘അധഃസ്ഥിതരെയും സ്ത്രീകളെയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിന്റെ നീതിശാ​ത്രം മനുസ്മൃതി ചുട്ടെരിക്കുക’യെന്നതായിരുന്നു ANM ഉയർത്തിയ രാഷ്ട്രീയ സന്ദേശം. രാജ്യവ്യാപകമായി തന്നെ അധഃസ്ഥിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പരസ്യമായൊരു സന്ദർഭമായിരുന്നു ’80കൾ. സമ്പത്തും അധികാരവും പദവികളും ബ്രാഹ്മണന് എന്ന മനുവാക്യം അന്വർഥമാക്കിക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ മുന്നേറാൻ തുടങ്ങിയത്. ഒപ്പം ‘നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി​’യെന്ന ആർഷ സങ്കൽപവും. ഈ കാലത്താണ് രാജസ്ഥാൻ ഹൈകോടതിയുടെ മുന്നിൽ ജാതിവ്യവസ്ഥയുടെ സൈദ്ധാന്തിക അടിത്തറ തീർത്ത മനുവിന്റെ പ്രതിമ ഉയർത്തപ്പെട്ടത്.

​കോൺഗ്രസ് ദുർഭരണം മുതലാക്കി തീവ്ര വലതുപക്ഷക്കാരായ ഹൈന്ദവ പുനരുജ്ജീവന ശക്തികൾ തങ്ങളുടെ രാഷ്ട്രീയ മുഖം ബി.ജെ.പിയിലൂടെ ദേശവ്യാപകമായൊരു കുതിപ്പിന് ഒരുങ്ങുകയായിരുന്നു. അടിയന്തരാവസ്ഥയെ നേരിട്ടുകൊണ്ട് 77-79 കാലത്ത് ജനതാ പാർട്ടി ഭരണത്തിൽ വഹിച്ച പങ്കാളിത്തവും സിഖ് മത ന്യൂനപക്ഷത്തിനും ഭാഷാദേശീയതകൾക്കുമെതിരെ കോൺഗ്രസിനോടൊപ്പം അഖണ്ഡതാ വാദമുയർത്തിയും ആജന്മശത്രുക്കളായി തങ്ങൾ കണ്ടെത്തിയ മുസ്‍ലിംകളെ പ്രതിസ്ഥാപിച്ച വർഗീയ ധ്രുവീകരണം ശക്തമാക്കിയുമെല്ലാം ഹിന്ദുത്വവാദികൾ മാറുന്ന കാലം. ദേശവ്യാപകമായി ഹിന്ദുത്വ രാഷ്ട്രവാദികളുടെ രഥചക്രങ്ങൾ ഉരുണ്ടുതുടങ്ങി. സവർണ സേവകരായിരുന്ന കോൺഗ്രസ് നോക്കുകുത്തിയായി മാറുകയായിരുന്നു.

തിരുവനന്തപുരത്ത് നടന്ന സി.പി.​എമ്മിന്റെ 13ാം പാർട്ടി കോൺഗ്രസ് അലങ്കരിച്ചിരുന്നത് മുഖ്യമായും ഹിന്ദുത്വ ചിഹ്നങ്ങൾകൊണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ഡി​.വൈ.എഫ്.ഐ സംസ്ഥാനത്തുടനീളം പർണശാലകൾ തീർത്ത് ഹിന്ദുത്വത്തോടുള്ള ചായ്വ് തെളിയിച്ചു. ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും പ്രമുഖ വക്താവായിരുന്ന ആദിശങ്കരന്റെ 1200-ാം ജന്മവാർഷികം പ്രമാണിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തെ ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായും ചിന്തകനുമായി പ്രകീർത്തിച്ചുകൊണ്ട് വൈദികധർമശാസ്ത്രത്തോടുള്ള ആദരവ് കാട്ടി. ആർ.എസ്.എസ്-ബി.ജെ.പി തുടങ്ങിയ ജാതി ഹിന്ദു സംഘടനകൾ മാത്രമല്ല കോൺഗ്രസിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും സവർണവത്കരിക്കപ്പെട്ടവർ മനുസ്മൃതിയുടെ സംരക്ഷകരായി രംഗത്തുവന്നു.

ഡോ. ബി.ആർ. അംബേദ്കർ രചിച്ച ‘ഹിന്ദുമതത്തിന്റെ പ്രഹേളികകൾ’ (Riddle in Hinduism) എന്ന കൃതി മഹാരാഷ്ട്രയിലെ ഹിന്ദുക്കൾ ചുട്ടെരിച്ചിട്ട് അപ്പോൾ രണ്ടു വർഷം കഴിഞ്ഞിരുന്നു. സവർണ മൂല്യങ്ങളും പ്രതീകങ്ങളും മാതൃകകളും പുനഃസ്ഥാപിച്ചുകൊണ്ട് ഹിന്ദുത്വവാദികൾ രാജ്യവ്യാപകമായി തന്നെ വമ്പിച്ചൊരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. സർവോപരി രാജ്യത്താകമാനം ദലിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പൂർവാധികം ശക്തിപ്പെട്ടിരുന്നു. കേരളത്തിൽതന്നെ ​നവോത്ഥാന പ്രസ്ഥാനങ്ങളെയും ജനാധിപത്യ ഇടതുപക്ഷ -കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയുമെല്ലാം വർണജാതി ചിന്തകൾ വലിയ രീതിയിൽ സ്വാധീനിക്കുകയും കീഴ്പെടുത്തുകയുംചെയ്തിരുന്നു.

ഇ.എം.എസിനെ പോലുള്ള കമ്യൂണിസ്റ്റ് സൈദ്ധാന്തികർ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രകാരനായിരുന്ന ആദിശങ്കരനെ ഹെഗലിന് സമാനനായി ഉയർത്തിക്കാട്ടിയാണ് ഹിന്ദുത്വയെ നേരിടാനൊരുങ്ങിയത്. ആദിശങ്കരനെ ‘മഹാനായ ഋഷി’ എന്ന് വി​േശഷിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ എന്നല്ല ലോകത്തുതന്നെ ഉന്നതരായ ചിന്തകരിലൊരാളായിരുന്നു അദ്ദേഹമെന്നും ഇന്ത്യൻ തത്ത്വചിന്തയുടെ വികാസം ശങ്കരചിന്തയുടെ വികാസമായിരുന്നുവെന്നും ശങ്കരൻ ഹെഗലിന് സമാനമായിരുന്നുവെന്നും വിലയിരുത്തി (സോഷ്യൽ സയന്റിസ്റ്റ് 1988-89). എന്നാൽ വർണജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട് ശങ്കരന്റെ അദ്വൈത ദർശനത്തിന്റെ പ്രായോഗികാവിഷ്കാരം എന്തായിരുന്നുവെന്നും അത് ഇന്ത്യൻ സമൂഹത്തിന്റെ വികാസത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും മാത്രം പറഞ്ഞില്ല.

ഒപ്പം ഗാന്ധിയൻ ചിന്താധാരയിലൂടെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ കീഴടക്കാനാരംഭിച്ച പ്രഫ. സുകുമാർ അഴീക്കോട് ‘തത്ത്വമസി’യിലൂടെ ശങ്കരന്റെ മായാവാദം കേരളത്തിലേക്ക് ആവാഹിച്ചെടുക്കാൻ നോക്കുന്നു. തിരുവനന്തപുരത്ത് ഇക്കാല​ത്ത് നടന്ന സി.പി.എമ്മിന്റെ 13ാം പാർട്ടി കോൺഗ്രസ് സവർണ ചിഹ്നങ്ങൾകൊണ്ടായിരുന്നു അലങ്കരിച്ചിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയെ സംഘ്പരിവാർ ഭഗവാൻ കൃഷ്ണനായി അവതരിപ്പിക്കാൻ ശ്രമിച്ചപോലെ. ഇ.എം.എസിനെ കൃഷ്ണനായും ‘മൂലധനം’ ഗ്രന്ഥത്തെ അർജുനനായും ചിത്രീകരിക്കുന്ന രീതിയിലുള്ള നടപടികൾ അരങ്ങേറി. യുവ മാർക്സിസ്റ്റുകൾ കേരളമാകെ കുരുത്തോലകളും പർണശാലകളുംകൊണ്ട് അലങ്കരിച്ചു. ശക്തമായ ഹൈന്ദവവത്കരണത്തിനും ക്രൈസ്തവവത്കരണത്തിനും വിധേയമാക്കപ്പെടുന്ന സമൂഹമായി കേരളത്തിലെ അധഃസ്ഥിതർ മാറിക്കഴിഞ്ഞിരുന്നു. സംഘ്പരിവാർ ശക്തികൾ മുമ്പൊരിക്കലുമില്ലാത്തവണ്ണം തങ്ങളുടെ സംഘടനാസാന്നിധ്യം കേരളത്തിൽ ഉറപ്പാക്കുന്നു. ഹിന്ദു ദലിത​രെ തങ്ങളുടെ റെജിമെന്റുകളിലൊന്നായി മാറ്റുവാനുള്ള നീക്കം ശക്തമായി മാറിയിരുന്നു. അതിനാൽ ദലിത് ക്രൈസ്തവരെ ശത്രുപക്ഷത്തുനിർത്തി പട്ടികജാതി സംവരണ പ്രശ്നത്തിൽ ഇടപെട്ടു. മനുസ്മൃതിയുടെ ആരാധകർ അധഃസ്ഥിതർക്കിടയിലും പെരുകിവരുന്നൊരു കാലമായിരുന്നു അത്.

 

​നവോത്ഥാന കാലം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച മൂല്യമണ്ഡലത്തിന് ശക്തമായ വരൾച്ച ബാധിച്ചിരുന്നു. അധഃസ്ഥിതരാണ് അതിന്റെ ദുരന്തം ഏറെ അനുഭവിക്കേണ്ടിവന്നത്. അവർ ജാതികളും ​ഉപജാതികളുമായി ശിഥിലമായിപ്പോയി. നാരായണഗുരു ഇൗഴവർക്കൊരു മൂർത്തിക്കും വഴങ്ങാത്തവരായി; അധഃസ്ഥിതർ അയ്യൻകാളിയുടെ ‘സാധുജനവും’ പൊയ്കയിൽ യോഹന്നാന്റെ ‘അടിമകളും’ പാമ്പാടി ജോൺ ജോസഫിന്റെ ‘ചേരമരും’ ഒന്നും അവരെ ഏകീകരിക്കുന്ന സങ്കൽപങ്ങളായി മാറിയില്ല. പകരമവർ പുലയരും പറയരും വേട്ടുവരുമായി. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായി പരസ്പരം അങ്കം കുറിച്ചു.

അതുപോലെ തന്നെ അയിത്തവും തൊട്ടുകൂടായ്മയും അടക്കമുള്ള സാമൂഹികദുരന്തങ്ങൾ ഒഴിവാക്കി മുന്നോട്ടുനീങ്ങിയ കേരളത്തെ നയിച്ച പൊതു പ്രസ്ഥാനങ്ങൾ കോൺഗ്രസ് ആയാലും കമ്യൂണിസ്റ്റ് ആയാലും അധഃസ്ഥിതർക്കുനേരെ മുഖം തിരിക്കുകയും അവർക്ക് മുകളിലുള്ള ജാതിമത സമുദായങ്ങളുടെ താൽപര്യങ്ങളിൽ ഊന്നുകയുംചെയ്തു. ​അധഃസ്ഥിതരാകട്ടെ തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട സംരക്ഷണത്തിന്റെ പേരിൽ പണിയാളരായി. ​നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ ജാതിവിരുദ്ധമ​ായൊരു ദിശയിലേക്ക് ചലിച്ച കേരളം ജാത്യാധിഷ്ഠിതമായൊരു സമൂഹമായി വീണ്ടും മാറുകയും ചെയ്തു.

അപ്പോഴേക്കും​ കേരളത്തിലെ അധഃസ്ഥിതർക്കിടയിൽ മഹാഭൂരിപക്ഷവും കോളനികളിലെത്തിയിട്ട് കാലമേറെ; രണ്ടു പതിറ്റാണ്ടുകളോളമെത്തിയിരുന്നു. പത്ത് സെന്റും, ‘ഹരിജൻ’, ‘ഗിരിജൻ’ കോളനികളും ലക്ഷംവീട് കോളനികളുമെല്ലാം കിട്ടിയ കാലത്ത് ഭൂരഹിതരായ ഈ ജനസമൂഹത്തിന്റെ ആഘോഷങ്ങളായിരുന്നു അവ. അവരെ അവിടെയെത്തിച്ച വലതുപക്ഷത്തും ഇടതുപക്ഷത്തുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം മൂലം അതിലെന്തെങ്കിലും സാമൂഹികമായ വിവേചനങ്ങളോ ഒഴിവാക്കലുകളോ ഉണ്ടെന്നവർ കരുതിയില്ല. അതിലുമെത്രയോ വലിയ ദുരന്തങ്ങളായിരുന്നു അവർ പിന്നിട്ടത്. പൊതുസമൂഹത്തിനും കോളനിവാസികളല്ലാത്ത അധഃസ്ഥിതർക്കുപോലും അറപ്പും വെറുപ്പും തോന്നുന്നൊരു ബഹിഷ്കൃതലോകമായി ഈ കോളനികൾ മാറുമ്പോഴും കേരളം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ജാതിമുക്തമായൊരു സമൂഹമെന്നായിരുന്നു. അയിത്ത ജാതിക്കാരായിരുന്ന അധഃസ്ഥിതർ മാത്രം എന്തുകൊണ്ട് ഈ കോളനികളിൽ എത്തിയെന്ന പ്രശ്നംപോലും കേരളത്തിൽ ഉന്നയിക്കപ്പെട്ടില്ല. അതുപോലെ തന്നെ അധഃസ്ഥിത സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടാൽ 5000 രൂപ പാരിതോഷികം നൽകുന്ന കാലമായിരുന്നു അന്ന്.

പട്ടിക വിഭാഗ സ്ത്രീകളുടെ ചാരിത്ര്യത്തിന് ഭരണകൂടം വില നിശ്ചയിക്കുമ്പോൾ മറ്റ് വിഭാഗങ്ങളിലെ സ്ത്രീകൾക്ക് അതിലെന്തെങ്കിലും അരുതായ്മ ഉണ്ടെന്ന് തോന്നുകയില്ല. കാരണം അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് വന്നവരാരും ജാതികളിൽനിന്ന് മനുഷ്യരിലേക്ക് കടന്നുവന്നവരായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ജാത്യാധിഷ്ഠിതമായ കേരളീയ സമൂഹത്തിന്റെ നിജഃസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് മനുസ്മൃതി ചുട്ടെരിക്കുവാൻ ANM തീരുമാനിച്ചത്. അധഃസ്ഥിതരുടെ ആത്മാഭിമാനബോധം തട്ടിയുണർത്തുകയായിരുന്നു അതിന്റെ പ്രാഥമിക ലക്ഷ്യം. ഹിന്ദുമതത്തിന്റെ ആത്മാവായ ജാതികളുടെ സദാചാര സംഹിതയും നീതിശാസ്ത്രവും നിയമവ്യവസ്ഥയുമാണ് മനുസ്മൃതി. അതിനെയാണ് ആക്രമിക്കാൻ തീരുമാനിച്ചത്.​

വൈക്കം താലൂക്കിലെ മുറിഞ്ഞപുഴയിൽ മുന്നണി പ്രവർത്തകനായ പത്മനാഭന്റെ വീട്ടിൽ കൂടിയ എ.എൻ.എം സംസ്ഥാന കമ്മിറ്റിയാണ് മനുസ്മൃതി ചുട്ടെരിക്കുവാൻ തീരുമാനിച്ചത്. അയിത്ത ജാതിക്കാർ സഞ്ചാര സ്വാതന്ത്ര്യത്തിനായി പൊരുതി നീങ്ങിയ ച​രിത്ര പ്രസിദ്ധമായ വൈക്കമായിരുന്നു അതിനായി കണ്ടെത്തിയ സ്ഥലം. ഇത് ഒരു പാർട്ടി തീരുമാനമായിരുന്നില്ല. പാർട്ടി എ.എൻ.എം തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. പാർട്ടിയുടെ പൂർണ സഹകരണത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നടന്നത്. സാധ്യമായ സ്ഥലങ്ങളിലെല്ലാം ചുവരെഴുത്തുകൾ നടത്തി. ആയിരക്കണക്കിന് നോട്ടീസുകൾ വിതരണംചെയ്തു.

മനുസ്മൃതി ചുട്ടെരിക്കുന്നതിന്റെ രാഷ്ട്രീയം വിശദമാക്കിക്കൊണ്ട് ഒരു ലഘുലേഖ ഇറക്കി. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വാഹന ജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് മുന്നണി സംസ്ഥാന കമ്മിറ്റി അംഗം ആർ. മണിയും വർക്കലയിൽനിന്ന് ബി. സുനിലും കോട്ടയത്തു നിന്ന് സണ്ണി കാവിലും കാണക്കാരി സിബിയും പാറമ്പുഴ ബാബുവും എറണാകുളത്തുനിന്ന് വി.സി. രാജപ്പന്റെ മകൻ പ്രസാദും, എന്നോടൊത്ത് ജി. ആനന്ദവല്ലിയും നാല​ു വയസ്സുള്ള മകൾ ബുദ്ധയുമുണ്ടായിരുന്നു. സായുധ വിപ്ലവത്തിന്റെ രഹസ്യാത്മകതയിൽനിന്നുള്ള എന്റെ പൂർണമായ വേർപിരിയലായിരുന്നു ഈ നീക്കം. വിപ്ലവ യുദ്ധത്തിന്റെയും ഏറ്റുമുട്ടലുകളുടെയുമെല്ലാം ഭാഷ്യം മനസ്സിൽനിന്ന് ഒഴിവാക്കി.

ജാഥക്ക് വാഹനം ഒരുക്കുന്നത് കണ്ണൂർ സഖാക്കളായിരുന്ന ജോർജും സുനിലുമൊക്കെയായിരുന്നു. കാസർകോട്ടുനിന്ന് ജാഥ തുടങ്ങാനുള്ള സൗകര്യം അമ്പലത്തറ കുഞ്ഞുകൃഷ്ണനും സഖാക്കളും ചെയ്തുതന്നു. ജാഥക്ക് ആവശ്യമായ പണം​ തെരുവുകളിൽനിന്ന് കണ്ടെത്തി സണ്ണി കാവിലും മണിയും സിബിയും ബാബുവുമെല്ലാം അതിനായി കഠിനമായി പണിയെടുത്തു. ഓരോ ജില്ലയിലും മുന്നണിയോട് ആഭിമുഖ്യമുള്ള സഖാക്കൾ സഹായികളായി മാറി. അല്ലാത്തവർ വിട്ടുനിന്നു. സമാപന സന്ധ്യകളിൽ ഏതെങ്കിലും സഖാക്കളുടെ വീട്ടിൽ ചേക്കേറി. ജാഥയുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി. വരവുചെലവുകൾ പരസ്പരം ബോധ്യപ്പെടുത്തി. ഏറ്റവും ചെലവുകുറഞ്ഞ രീതിയിലും പരമാവധി ആളുകളെ അറിയിക്കുന്ന രീതിയിലുമായിരുന്നു പ്രചാരണം.

 

മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെയാണ് ജാഥ കടന്നുപോകുന്നതെങ്കിലും സ്വീകരണ യോഗങ്ങൾ വിരളമായിരുന്നു. ‘‘മാറു മാറു തമ്പ്രാൻമാരെ മാറ്റത്തിന്റെ പട വരുന്നേ, മണ്ണിന്റെ മക്കടെ പടവരുന്നേ...’’ എന്ന പാറാമ്പുഴ ബാബുവിന്റെയും പ്രസാദിന്റെയും ഉണർത്തുപാട്ടോടെ പൊതുവീഥിയിൽനിന്ന് പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും. പൊതുസമൂഹത്തിന് അരോചകവും ചിലപ്പോഴെല്ലാം അസഹ്യവുമായിരുന്നു ഇൗ നാടൻ പാട്ടുകൾ. പിൽക്കാലത്ത് നാടൻ പാട്ടുകൾ എന്ന നിലയിൽ ശരാശരി ​കേരളീയ മനസ്സിനെ ആസ്വാദ്യതയിലേക്ക് നയിച്ച അധഃസ്ഥിതരുടെ ഈണവും താളവുമെല്ലാം അക്കാലത്ത് പരക്കെ അവജ്ഞയോടെയാണ് പൊതുസമൂഹം നോക്കിക്കണ്ടത്. അധഃസ്ഥിതർപോലും ഇതിനെ പുച്ഛിച്ചു. എന്നാൽ, ഈ ഈണവും താളവുംകേട്ട് ഓടിയെത്തുന്നവർ എവിടെയും ഉണ്ടായിരുന്നു. മനുസ്മൃതി ചുട്ടെരിക്കുന്നതിന്റെ രാഷ്ട്രീയം തെരുവുകളിൽ വിശദീകരിക്കുമ്പോൾ ഈ സംഗീതം എന്റെ ആവേശമായിരുന്നു. നട്ടുച്ചയിലെത്തിയ സൂര്യന് പോലും തളർത്താനാകാതെ അതിന്റെ അർഥതലങ്ങൾ എനിക്ക് തണലും കരുത്തുമായിരുന്നു.

രസകരമായൊരു കാര്യം, ജാഥ തുടങ്ങി ഒരു ജില്ല പിന്നിട്ടിട്ടും അധഃസ്ഥിത നവോത്ഥാന മുന്നണി സംസ്ഥാന കൺവീനർ കെ.എം. സലിംകുമാർ നയിക്കുന്ന വാഹനജാഥയെന്ന് അനൗൺസ് ചെയ്യുവാൻ ജാഥാംഗമായിരുന്ന കാണക്കാരി സിബിക്ക് കഴിയുന്നില്ലായിരുന്നു. പാർട്ടിയുടെ കോട്ടയം ജില്ല കമ്മിറ്റി ജാഥാംഗമായി കണ്ടെത്തിയ ആളായിരുന്നു സിബി. സണ്ണി കാവിലും മണിയു​മെല്ലാം ആവർത്തിച്ച് അനൗൺസ് ചെയ്യുന്നത് പിന്തുടരുവാൻ സിബിക്ക് കഴിയാതെ വന്നപ്പോൾ ഞാൻ തന്നെ ഈ പാർട്ടി പ്രവർത്തകനോട് ‘സലിംകുമാർ നയിക്കുന്ന ജാഥ’യെന്ന് പറയുവാൻ ആവശ്യപ്പെടേണ്ടിവന്നു. ഇത് പാർട്ടിയിലെ ഒരു അധഃസ്ഥിതാവസ്ഥകൂടിയായിരുന്നു. അവർ കെ. വേണുവിനെയും കെ.എൻ. രാമചന്ദ്രനെയുംപോലുള്ളവരെ മാത്രമേ ​നേതൃത്വത്തിൽ കാണാൻ ശ്രമിച്ചിരുന്നുള്ളൂ.

(തുടരും)

Tags:    
News Summary - KM Salim Kumar Biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.