വൈക്കത്ത് 1989 സെപ്റ്റംബർ ഒന്നിന് മനുസ്മൃതി കത്തിച്ചതിനെക്കുറിച്ച് എഴുതുന്നു. ആ സംഭവം ഉണ്ടാക്കിയ അനുരണനങ്ങെളക്കുറിച്ചും വിശദമായി രേഖപ്പെടുത്തുന്നു.അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ജാഥ കോഴിക്കോട് എത്തുമ്പോൾ യോഗം നിരീക്ഷിച്ച ചില മുസ്ലിം യുവാക്കൾ സാമ്പത്തിക വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നു. ചില ദേശാന്തര ബന്ധങ്ങൾ അവർക്കുള്ളതായി സംസാരത്തിൽനിന്ന് തോന്നിയിരുന്നു. ബ്രാഹ്മണിസ്റ്റ് ആശയലോകം വെല്ലുവിളിക്കപ്പെടുന്നതായിരുന്നു അവരെ സന്തോഷിപ്പിച്ചത്....
വൈക്കത്ത് 1989 സെപ്റ്റംബർ ഒന്നിന് മനുസ്മൃതി കത്തിച്ചതിനെക്കുറിച്ച് എഴുതുന്നു. ആ സംഭവം ഉണ്ടാക്കിയ അനുരണനങ്ങെളക്കുറിച്ചും വിശദമായി രേഖപ്പെടുത്തുന്നു.
അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ജാഥ കോഴിക്കോട് എത്തുമ്പോൾ യോഗം നിരീക്ഷിച്ച ചില മുസ്ലിം യുവാക്കൾ സാമ്പത്തിക വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നു. ചില ദേശാന്തര ബന്ധങ്ങൾ അവർക്കുള്ളതായി സംസാരത്തിൽനിന്ന് തോന്നിയിരുന്നു. ബ്രാഹ്മണിസ്റ്റ് ആശയലോകം വെല്ലുവിളിക്കപ്പെടുന്നതായിരുന്നു അവരെ സന്തോഷിപ്പിച്ചത്. ഒപ്പം ബാബരി മസ്ജിദ് പ്രശ്നത്തിൽ ഞങ്ങൾ പുലർത്തിയ മുസ്ലിംപക്ഷ സമീപനവും. എന്നാൽ, ഇസ്ലാമിസ്റ്റ് ആശയലോകത്തോടും ഞങ്ങൾക്ക് വ്യത്യസ്തമായൊരു സമീപനമുണ്ടായിരുന്നില്ല. മനുഷ്യന് നിശ്വാസമായിത്തീരുന്നുവെന്നതിനപ്പുറം മതത്തെ ഞങ്ങൾ മാനിച്ചിരുന്നില്ല. അവരുടെ സഹായവാഗ്ദാനം സ്നേഹപൂർവം നിരസിച്ചു.
ജാഥ മലപ്പുറം ജില്ലയിലെത്തുമ്പോൾ പെരിന്തൽമണ്ണ ബാവക്കയെന്ന സ. അമീർ അലിയുടെ വീട്ടിൽ സംസ്ഥാന കമ്മിറ്റി കൂടുകയായിരുന്നു. ആ രാത്രി കമ്മിറ്റിയിലെത്തിയ എനിക്ക് ജാഥയെക്കുറിച്ചുള്ള ആവേശകരമായ അഭിപ്രായമാണ് കേൾക്കാൻ കഴിഞ്ഞത്. മുൻകൂട്ടി തീരുമാനിക്കപ്പെടാതിരുന്നിട്ടും അപ്രതീക്ഷിതമായ ആൾക്കൂട്ടങ്ങൾ പലയിടത്തും ദൃശ്യമായി. സുൽത്താൻ ബത്തേരിയും മലപ്പുറവുമെല്ലാം അവിസ്മരണീയമായി. വയനാടൻ ചുരമിറങ്ങി താമരശ്ശേരിയിലെത്തിയ ജാഥ തിരുവനന്തപുരം കാണില്ലെന്ന് ഏതോ സംഘ്പരിവാർ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. കൈയൂക്കിന്റെ ഭാഷയെ വെല്ലുവിളിച്ചു. ‘ഒന്നടിച്ചാൽ രണ്ടടിക്കുമെന്ന’ അയ്യൻകാളിയുടെ മോചന സങ്കൽപം ആവർത്തിച്ചു.
അധഃസ്ഥിതരുടെയും സ്ത്രീകളുടെയും അവസ്ഥ കേട്ട് ചഞ്ചലപ്പെടുന്ന മനുഷ്യാവസ്ഥ ഒരുഭാഗത്ത്, മനുസ്മൃതിപോലെ തങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നൊരു മൂല്യസങ്കൽപം ചുട്ടെരിക്കാൻ പോകുന്നുവെന്നു കേൾക്കുമ്പോൾ കോപാകുലരും വിറളിപിടിച്ചവരുമായിത്തീരുന്നവർ മറുഭാഗത്ത്. ഞാനോ പിടിവിട്ടവനെപ്പോലെ എന്റെ സമൂഹത്തിന്റെ ദുഃഖമാകെ രോഷാകുലമായി എന്നെ കേൾക്കുന്നവരോട് വിളിച്ചുപറഞ്ഞു. ഈ ദുഃഖം പങ്കിടുവാൻ യഥാർഥ മനുഷ്യനെ തിരയുന്നതുപോലെ.
ഇ.എം.എസ് മാർക്സിസ്റ്റുകൾക്കിടയിൽ ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്ത വിഗ്രഹമായിരുന്നു അക്കാലത്ത്. വിമർശനം സഹിക്കാനുള്ള ശക്തി ചോർത്തിക്കളഞ്ഞുകൊണ്ട് നേതൃത്വം അണികളെ ശക്തമായ മതവത്കരണത്തിന് വിധേയമാക്കിയിരുന്നു. ശാരീരിക ആക്രമണത്തിലേക്ക് കടന്നില്ലെങ്കിൽപോലും പലയിടത്തും അവരുടെ ആേക്രാശങ്ങൾ കേൾക്കാമായിരുന്നു. അധഃസ്ഥിത സ്ത്രീകളുടെ മുലെഞട്ടുകൾ കടിച്ചുപറിക്കാമെന്ന് പ്രതിജ്ഞയെടുത്ത സവർണ ലോകത്തെ പുച്ഛിച്ച് അമ്മയുടെ കൈയിൽനിന്ന് മുലകുടിമാറാത്ത എന്റെ മകളെ (ബുദ്ധ) വാങ്ങി മടിയിലിരുത്തി യാത്ര തുടർന്നു. സഹോദരൻ അയ്യപ്പന്റെ നാട്ടിൽ മുത്തുകുന്നം ക്ഷേത്രത്തിന്റെ പരിസരത്തുവെച്ച് അസഹിഷ്ണുത പുരണ്ട ആരോ വാഹനം തടഞ്ഞുനിർത്തി. അയ്യപ്പൻ കത്തിച്ചിട്ടും എരിഞ്ഞടങ്ങാത്ത ജാതി ഭൂതങ്ങളുടെ അങ്കക്കലി.
അദ്വൈത വേദാന്തിയുടെ നാടായ കാലടിയിൽ പ്രസംഗിച്ചുനിന്ന എന്റെ മുന്നിലെ ടാർ റോഡിൽ ആഞ്ഞടിച്ച് ചോരയൊലിക്കുന്ന കൈയുമായി ഒരാളെ ചെമപ്പണിഞ്ഞ ചുമട്ടുതൊഴിലാളികൾ പിടിച്ചുമാറ്റി. പെരുമ്പാവൂരിൽ വെച്ച് കലക്ഷന് പോയ സംഘം തിരിച്ചുവന്നപ്പോൾ സണ്ണി കാവിൽ പറഞ്ഞു, ‘‘അധഃസ്ഥിതന് നാലണ’’ മതിയെന്ന് പരിഹസിച്ച് 25 പൈസ സംഭാവന നൽകിയത് അയാളുടെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ടാണ് പോയതെന്ന്. അരയൻകാവിൽ ചില കോൺഗ്രസുകാർ അസഹിഷ്ണുത മൂത്ത് രംഗത്തുവന്നു. ഞങ്ങൾ ജാതി പ്രചരിപ്പിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. ഇതുതന്നെയായിരുന്നു കമ്യൂണിസ്റ്റുകളുടെയും നിലപാട്. പറേക്കാട് എ.എൻ.എം പോസ്റ്ററുകളും ബോർഡും ചുട്ടെരിച്ചു. തിരുവനന്തപുരത്ത് ജാഥ അവസാനിക്കുമ്പോൾ നിരവധി യോഗങ്ങൾ നടക്കുകയും മനുസ്മൃതി ചുട്ടെരിക്കുന്നതിന്റെ രാഷ്ട്രീയം വിശദീകരിച്ചുകൊണ്ടുള്ള ഒരു ലഘുലേഖയും ആയിരക്കണക്കിന് നോട്ടീസുകളും ജനങ്ങളുടെ കൈകളിൽ എത്തുകയുംചെയ്തിരുന്നു. ദുഃഖകരമായൊരു കാര്യം കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റ് ഈയൊരു കാര്യം അറിഞ്ഞില്ല എന്ന ഭാഗം നടിച്ചതാണ്. ഭരണകൂടത്തിന്റെ അതേ നിറം തന്നെയുള്ളൊരു സ്ഥാപനമായിരുന്നു ഫോർത്ത് എസ്റ്റേറ്റ്.
അധഃസ്ഥിതരുടെ ദുഃഖം തിരിച്ചറിഞ്ഞ ഒരൊറ്റയാൾപോലും ഇല്ലാത്തൊരു സ്ഥാപനം. ജാഥ അവസാനിക്കുമ്പോൾ വാഹനത്തിന്റെ വാടകയിനത്തിൽ 5000 രൂപ കടമുണ്ടായിരുന്നു. അത് കണ്ണൂർ സഖാക്കളായ ജോർജും സുനിലുമെല്ലാമാണ് തന്നത്. മനുസ്മൃതി ചുട്ടെരിക്കുന്നതിന്റെ ഏതാനും ദിവസം മുമ്പ് വൈക്കം താലൂക്കിൽ മുന്നണി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കാൽനടപ്രചാരണ ജാഥയെ ചെമ്പ് പഞ്ചായത്തിലെ ടോളിൽ വെച്ച് സി.പി.എമ്മുകാർ ആക്രമിച്ചു. കാണക്കാരി സിബി നടത്തിയ പ്രസംഗത്തിലെ ഇ.എം.എസ് പരാമർശമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്. എ.എൻ.എം പ്രവർത്തകരായ ഏതാനും പേരെ ഇ.എം.എസ് ഭക്തരായൊരു വലിയ കൂട്ടം മൃഗീയമായി ആക്രമിച്ചു. ‘‘തങ്ങളും പുലയരാടാ’’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഉല്ലലയിലായിരുന്നു അന്നത്തെ സമാപന യോഗം. സമാപന സമ്മേളനത്തിനെത്തിയ ഞാൻ രക്തക്കറ പുരണ്ട വസ്ത്രങ്ങളണിഞ്ഞ സഹപ്രവർത്തകരെയാണ് കണ്ടത്.
ഉല്ലലയും കമ്യൂണിസ്റ്റുകളുടെ ഒരു കോട്ടയായിരുന്നു. എന്നിട്ടും ഇവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയോ ജാഥ ഉപേക്ഷിക്കുകയോ ഉല്ലലയിലെ സമാപനം വേണ്ടെന്ന് വെക്കുകയോ ചെയ്തില്ല. അതിരമ്പുഴ തമ്പിയുമായി അന്ന് സന്ധ്യകഴിഞ്ഞ് സൈക്കിളിൽ പോകുമ്പോൾ ചുമച്ചുതുപ്പുന്നത് രക്തമായിരുന്നുവെന്നും അത് പത്തലുകൊണ്ട് പുറത്തേറ്റ മർദനത്തിന്റെ ഫലമായിരുന്നുവെന്നും സണ്ണി കാവിൽ പറഞ്ഞു. എനിക്കേറെ അഭിമാനം തോന്നിയൊരു സംഭവമായിരുന്നു അത്. ആത്മാഭിമാനത്തോടൊപ്പം ചെറുത്തുനിൽപ്പിനുള്ള തന്റേടവും അവരിൽ കണ്ടു. സണ്ണിക്കും തമ്പിക്കും സിബിക്കും പുറമെ ജോൺ കാണക്കാരിയും മുറിഞ്ഞപുഴ പത്മനാഭനും കൈപ്പുഴ തമ്പിയും വട്ടിയൂർകാവ് മണിയും വർക്കല സുനിലുമായിരുന്നു ജാഥയിലുണ്ടായിരുന്നത്. മറവന്തുരുത്തിൽനിന്ന് അധഃസ്ഥിതരായ സി.പി.എം യുവാക്കൾ ഈ മർദനത്തേക്കുറിച്ച് അന്വേഷിക്കാൻ അന്ന് വൈകീട്ട് ടോളിൽ എത്തിയിരുന്നുവെന്നും പാർട്ടിക്കുള്ളിൽ ഈ നടപടി ചോദ്യംചെയ്യപ്പെട്ടുവെന്നുമാണ് പിന്നീട് അറിഞ്ഞത്. പിന്നീട് ചിലപ്പോൾ ഞാൻ തന്നെ ഈ മർദനത്തെ സൂചിപ്പിച്ചുകൊണ്ട് സി.പി.എമ്മിനെയും ഇ.എം.എസിനെയും ഇതേ സ്ഥലത്ത് രൂക്ഷമായി വിമർശിച്ചിട്ടുണ്ടെങ്കിലും ഇൗ മർദകരിലാരെയും കണ്ടില്ല.
1989 സെപ്റ്റംബർ ഒന്നിന് സായാഹ്നത്തിൽ കേരളത്തിന്റെ പലഭാഗത്തുനിന്നും മനുസ്മൃതി ചുട്ടെരിക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിനായി നിരവധിപേർ വൈക്കത്ത് എത്തിച്ചേർന്നു. കാണികളായും അനേകരുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരും അനുഭാവികളുമായിരുന്നു അവരിലധികവും. വിപ്ലവകാരികളായ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും കുട്ടികളും അതിലുണ്ടായിരുന്നു. ഞാൻ തന്നെ ഒമ്പതും നാലും വയസ്സുള്ള മക്കളും അവരുടെ അമ്മയുമായാണ് മനുസ്മൃതി കത്തിക്കാനെത്തിയത്.
മനുസ്മൃതി കത്തിക്കുന്നത് തടയാൻ നായനാർ സർക്കാർ വലിയൊരു സംഘം പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു. പട്ടിക വിഭാഗ വകുപ്പ് മന്ത്രി പി.കെ. രാഘവൻ അന്ന് വൈക്കത്ത് ക്യാമ്പ് ചെയ്തതും ഇത് നിരീക്ഷിക്കാനാകാം. മനുസ്മൃതി ചുട്ടെരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എ.എൻ.എം കൺവീനർ എന്ന നിലയിൽ ഞാൻ വിവരിച്ചു. സി.വി. രാമൻ (CRC CPI (ML), അഡ്വ. എ.എക്സ് വർഗീസ് (മേയ്ദിന തൊഴിലാളി കേന്ദ്രം), സി.എസ്. ജോർജ് (കേരളീയ യുവജന വേദി), കെ.കെ. കൊച്ച് (സീഡിയൻ സർവിസ് സൊസൈറ്റി), ആർ. മണി (ANM) എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി മനുസ്മൃതി കത്തിക്കുന്നതും പൊലീസ് ഇടപെടുന്നതും ഒരേ സമയത്തായിരുന്നു.
തികച്ചും നിയമപരവും സമാധാനപരവുമായി നടന്നൊരു രാഷ്ട്രീയ ഇടപെടലിനെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കടന്നാക്രമിച്ചത്. പൊലീസിന് ലഭ്യമായ ഒരുത്തരവ് നടപ്പാക്കിയത് മാത്രമാണ് അവർ ചെയ്തതെന്ന് വ്യക്തമായിരുന്നു. കയറൂരിവിട്ടതുപോലെ നിയന്ത്രണരഹിതമായി പൊലീസ് മർദനമാരംഭിച്ചു. കാസർകോട്ടുകാരിയായ സഖാവ് ശാരദയെ തൊഴിച്ച് നിലത്തിട്ടു. കൊടുങ്ങല്ലൂരിൽനിന്ന് എം.കെ. രാജുവും മണ്ണൂരുനിന്ന് അജയനും മർദനമേറ്റ് ആശുപത്രിയിലായി. ചിതറിയോടിയവരെ പിന്തുടർന്ന് മർദിക്കുകയും അറസ്റ്റ് ചെയ്യുകയുംചെയ്തു. പ്രതിരോധത്തിന്റെ സൂചനകളുണ്ടായിരുന്നെങ്കിലും തിരിച്ചടി ഒരു പദ്ധതിയല്ലാതിരുന്നതുകൊണ്ടും പാർട്ടി സഖാക്കൾ സംയമനം പാലിച്ചതുകൊണ്ടും ഇതൊരു ദുരന്തത്തിലേക്ക് വഴുതിയില്ല.
ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമായ ഹിന്ദുരാഷ്ട്രവാദികൾ വെറും കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് അവരുടെ ധർമശാസ്ത്രത്തിന്റെ സംരക്ഷണത്തിനായി നായനാർ സർക്കാർ രംഗത്തുവന്നത്. ഇതേ നായനാർ സർക്കാറിൽതന്നെ റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ സ്ത്രീകൾക്കെതിരെ അനിയന്ത്രിതമായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മനുസ്മൃതി ചുട്ടെരിക്കുന്നതിനെ പറ്റി മുമ്പൊരിക്കൽ പറഞ്ഞിരുന്നതാണ്. എന്നാൽ, പാർട്ടിയുടെ ഭാഗത്തുനിന്നും പ്രത്യയശാസ്ത്ര നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റുകൾ ഗൃഹാതുരത്വം തുടിക്കുന്ന പൂർവ സ്മൃതികളുടെ സൂക്ഷിപ്പുകാർ മാത്രമല്ല മനുസ്മൃതിപോലുള്ള ധർമശാസ്ത്രങ്ങളുടെ സംരക്ഷകർകൂടിയാണെന്ന് വെളിപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു ഇത്. പുറത്തുനിന്നും സ്വായത്തമാക്കിയ കമ്യൂണിസ്റ്റ് മൂല്യബോധത്തിന് തുടച്ചുമാറ്റാൻ കഴിയുന്നതിലുമെത്രയോ ആഴത്തിലുള്ളതായിരുന്നു ഇ.എം.എസിനെയും നായനാരെയുംപോലുള്ളവർക്ക് പാരമ്പര്യമായി പകർന്നുകിട്ടിയതും ആന്തരികവത്കരിക്കപ്പെട്ടതുമായ ബ്രാഹ്മണിക മൂല്യബോധം. തങ്ങളുടെ ചുറ്റും നടക്കുന്ന ജാതിവിവേചനങ്ങളെയും ഉച്ചനീചത്വങ്ങളെയും ആക്രമണങ്ങളെയുമെല്ലാം തുറന്ന മനസ്സോടെ നോക്കിക്കാണുവാൻ ഈ മൂല്യബോധം അവരെ അനുവദിച്ചില്ല.
നിരീക്ഷകനും ശ്രോതാവുമായിരുന്ന കെ. വേണുവും അഡ്വ. എ.എക്സ് വർഗീസുമടക്കം 60 പേരാണ് മനുസ്മൃതി കത്തിക്കലിന്റെ പേരിൽ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടക്കപ്പെട്ടത്. കൊളോണിയൽ നാടുവാഴി ഭരണകാലത്ത് മനുസ്മൃതി കത്തിച്ച ഡോ. ബി.ആർ. അംബേദ്കർക്കും അനുയായികൾക്കുംപോലും നേരിടേണ്ടിവന്നിട്ടില്ലാത്തൊരു ദുരനുഭവം. അതും നവോത്ഥാനകാലം ഉഴുതുമറിച്ച മണ്ണിൽ പടർന്നു പന്തലിച്ചൊരു പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് അഭിമാനിക്കുന്ന കമ്യൂണിസ്റ്റുകളുടെ ഭരണകാലത്ത്.
പാർട്ടിയുടെ സഹായവും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യവുമാണ് മനുസ്മൃതി ചുട്ടെരിക്കൽ സമരത്തെ ശ്രേദ്ധയമാക്കിയതെങ്കിലും ഞങ്ങൾ അധഃസ്ഥിത നവോത്ഥാന മുന്നണി പ്രവർത്തകർ അതൊരു ദലിത് പ്രവർത്തനമായി കാണാനാണ് ശ്രമിച്ചത്. തന്മൂലം കെ. വേണുവിന്റെ അറസ്റ്റ് ഞങ്ങൾക്ക് ബുദ്ധിമുട്ടുളവാക്കി. മനുസ്മൃതി കത്തിച്ചത് നക്സലൈറ്റുകളാണെന്ന് പറഞ്ഞുറപ്പിക്കുവാൻ മറ്റൊന്നും ആവശ്യമായിരുന്നില്ല. കൂട്ടത്തിൽ ‘മനുസ്മൃതി കത്തിക്കൊണ്ടേയിരിക്കുന്നു’ എന്ന ലഘുലേഖയും പാർട്ടി ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. വൈക്കത്ത് നടന്ന പൊലീസ് മർദനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പലയിടത്തും പാർട്ടി സഖാക്കൾ പ്രകടനം നടത്തി. അതിനിടയിൽ മനുസ്മൃതിയേന്തിയ ആദിശങ്കരനെ കത്തിക്കാൻ പാർട്ടി ആലോചിച്ചു. ഈ ആലോചന ജയിലിൽ കഴിയുന്ന ഞങ്ങളെ അറിയിച്ചത് സ. സി.വി. രാമനായിരുന്നു.
കെ.വിയെ വിളിച്ചാണ് സി.വി ആദ്യം ഈ തീരുമാനം അറിയിച്ചത്. എന്നാൽ, മുന്നണി പ്രവർത്തകരായ മണിയും സുനിലുമായി ആലോചിച്ച് മുന്നണിയുടെ പേരിൽ ഇത്തരമൊരു നീക്കത്തിന് ഞങ്ങൾ അനുകൂലമല്ലെന്ന് അറിയിച്ചു. അതോടെ ആ പദ്ധതി പാർട്ടി വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. ഒരാഴ്ചക്കുശേഷം ജാമ്യം ലഭിച്ചപ്പോൾ പാർട്ടിയുടെ തൃശൂർ ജില്ല കമ്മിറ്റി മുൻകൈയെടുത്ത് വിളിച്ചുചേർത്തൊരു പത്രസമ്മേളനത്തിൽനിന്ന് കെ.വി പങ്കെടുക്കുകയാണെങ്കിൽ ഞങ്ങൾ ഒഴിഞ്ഞുനിൽക്കുമെന്ന് അറിയിച്ചു. പാർട്ടി സഖാക്കൾക്ക് ഇതംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും കെ.വി പത്രസമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. എ.എക്സ് വർഗീസ് പങ്കെടുക്കുന്നതിലും ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നുവെങ്കിലും കെ.വി പങ്കെടുക്കുന്നതുകൊണ്ടുണ്ടാകുന്ന ദോഷം ഉണ്ടാവില്ലായെന്ന് സമാധാനിച്ചു. കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റ് മനുസ്മൃതി ജാഥയോട് സ്വീകരിച്ച സമീപനം തന്നെ ഇപ്പോഴും കൈക്കൊണ്ടു. ഒരു പ്രാദേശിക വാർത്തക്കപ്പുറം ഇതിന് പ്രാധാന്യമുണ്ടെന്ന് അവർ കരുതിയില്ല. മനുസ്മൃതിയുടെ ആരാധകരും അവജ്ഞയോടെ ഈ സംഭവം തള്ളിക്കളഞ്ഞു.
മനുസ്മൃതി ചുട്ടെരിക്കപ്പെട്ടതിന്റെ പിറ്റേദിവസം വൈക്കത്ത് പ്രത്യക്ഷപ്പെട്ടൊരു വാൾപോസ്റ്റർ ഇങ്ങനെയായിരുന്നു. ‘വർണസമരമല്ല വർഗസമരമാണ് നടക്കേണ്ടത്.’ സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗിന്റേതായിരുന്നു പോസ്റ്റർ. ജനകീയ സാംസ്കാരിക വേദിയുടെ പ്രമുഖ വക്താക്കളിലൊരാളായിരുന്ന സിവിക് ചന്ദ്രന്റെ മുൻകൈയിലുള്ള പാഠഭേദം ദലിതരായ ഡോ. എം. കുഞ്ഞാമനെയും കെ.കെ. കൊച്ചിനെയും ഉൾപ്പെടുത്തി ‘കോലം കത്തിക്കുന്നവരുടെ കാലത്തെ’ക്കുറിച്ച് എഴുതി. സത്യം ഇതല്ല എന്നതായിരുന്നു ഇവരുടെയെല്ലാം നിലപാട്. അതേസമയം മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് ‘ദേശാഭിമാനി’ നടത്തിയ നുണപ്രചാരണത്തെ ചോദ്യംചെയ്തുകൊണ്ട് ‘മാനുഷ’ എന്ന സ്ത്രീ വിമോചന സംഘടന നോട്ടീസിറിക്കി.
തൃശൂർ നഗരത്തിൽ പ്രഫ. നാരായണ പിഷാരടിയും മുഡാനന്ദ സ്വാമിയും കെ. വേണുവുമെല്ലാം പങ്കെടുക്കുന്നൊരു സംവാദത്തിൽ ‘എന്തുകൊണ്ട് മനുസ്മൃതിചുട്ടെരിച്ചു?’ എന്ന് വിശദീകരിക്കുവാൻ ഹൈന്ദവധാരയിലുള്ളൊരു സംഘടന എന്നെയും ക്ഷണിച്ചിരുന്നു. ഈശ്വര പ്രാർഥനയോടെയാണ് സംവാദം തുടങ്ങിയത്. വേദിയിലും സദസ്സിലുമുള്ള മുഴുവൻ ആളുകളും പ്രാർഥനക്കായി എഴുന്നേറ്റപ്പോൾ ഞാൻ അതിൽനിന്ന് വിട്ടുനിന്നു. ആരെങ്കിലും പ്രശ്നം ഉന്നയിച്ചാൽ പ്രാർഥനകളില്ലാതെ എന്റെ വഴി ചൂണ്ടിക്കാട്ടി സ്വന്തം നില വ്യക്തമാക്കാമെന്ന് കരുതി. അതു വേണ്ടിവന്നില്ല. എന്റേതായിരുന്നു ആദ്യത്തെ ഉൗഴം. ജാതി നിയമങ്ങളുടെ പ്രായോഗിക ആവിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് എന്നും ബഹിഷ്കൃതരായി ജീവിക്കേണ്ടിവരുന്ന അധഃസ്ഥിതരുടെ നിജഃസ്ഥിതി ചൂണ്ടിക്കാട്ടിയ മനുസ്മൃതി ചുട്ടെരിച്ചതിനെ ഞാൻ ന്യായീകരിച്ചു.
വേദിയിൽനിന്ന് ഒരാൾ മാത്രമാണ് ജാതിരഹിതമായൊരു ലോകത്തെക്കുറിച്ചുള്ള എന്റെ സങ്കൽപത്തെ വ്യാമോഹമായി കണ്ടത്. പണ്ഡിതോചിതമായൊരു പൊതുവേദിയിലും വിപുലമായൊരു സദസ്സിലും ഇത്ര സങ്കീർണമായൊരു വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കാനായി എന്ന ചാരിതാർഥ്യത്തോടെയാണ് ഞാൻ വേദി വിട്ടത്. കെ. വേണുവിനോടുള്ള സ്വകാര്യ സംഭാഷണത്തിൽ ശ്രോതാവായിരുന്ന എന്നെപ്പറ്റി വയോധികനായ പ്രഫ. നാരായണ പിഷാരടി പറയുന്നുണ്ടായിരുന്നു. ‘‘ചെറുപ്പം ആയതുകൊണ്ടാവാം ആവേശം കൂടുതലാണ്.’’
മനുസ്മൃതി ചുട്ടെരിക്കുന്നുവെന്ന നോട്ടീസ് നായരമ്പലത്തുള്ള വി.സി. രാജപ്പന് കൈമാറുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലുള്ള ഗോപി വള്ളോന്റെ പ്രതികരണം ‘‘എന്നാ രാജപ്പൻ ചേട്ടാ നമുക്ക് ശങ്കരനെ കത്തിക്കാം’’ എന്നായിരുന്നു. രാജപ്പൻ ചേട്ടനും ഗോപി വള്ളോനുമെല്ലാം സീഡിയൻ സർവിസ് സൊസൈറ്റി പ്രവർത്തകരായിരുന്നു. മനുസ്മൃതി കത്തിക്കുന്നതിന് സമാന്തരമായി ശങ്കരനെ കത്തിക്കുന്നതിനായുള്ള ഒരു പദ്ധതിയായി അത് രൂപംകൊണ്ടു. എന്നാൽ, മനുസ്മൃതി കത്തിച്ചവർക്കുണ്ടായ അനുഭവം അവരിൽ ഭീതിയുളവാക്കി. നേതൃത്വം പദ്ധതിയിൽനിന്ന് പിന്മാറി. കെ.കെ.എസ്. ദാസും ലൂക്കോസ് കെ. നീലംപേരൂരും എസ്. രാജപ്പനും കെ.കെ. കൊച്ചും വി.എൻ. സുകുമാരനും കെ. രാജപ്പനും, ഗോപി വള്ളോനും സണ്ണി എം. കപിക്കാടുമെല്ലാം അടങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നൊരു സംഘടനയായിരുന്നു സീഡിയൻ സർവിസ് സൊസൈറ്റി. തന്മൂലം നേതൃത്വത്തിന്റെ അഭാവത്തിൽ രാജപ്പൻ ചേട്ടനെ പോലുള്ള ചിലർ നടപ്പാക്കേണ്ടിവന്നൊരു പദ്ധതിയായി അതു മാറി.
മനുസ്മൃതി ചുട്ടെരിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നുമുണ്ടായ അനുകൂലവും പ്രതികൂലവുമായ എല്ലാ നിലപാടുകളെയും പ്രതികരണങ്ങളെയും സൂക്ഷ്മമായ അവലോകനത്തിന് ഞങ്ങൾ വിധേയമാക്കി. അതിൽ ഏറ്റവും ഗൗരവമായി തോന്നിയത് ‘വർണ സമരമല്ല വർഗസമരമാണ് വേണ്ടത്’ എന്ന സി.പി.ഐ (എം.എൽ) റെഡ്ഫ്ലാഗിന്റെ നിലപാടാണ്. വർഗസമരത്തിന്റെ വക്താക്കളോട് എന്തുകൊണ്ടാണ് അധഃസ്ഥിതർ വർണസമരത്തിൽ ഏർപ്പെടുന്നതെന്ന് വ്യക്തമാക്കാനും വർണസമരവും വർഗസമരവും തമ്മിലുള്ള േവർതിരിവും ബന്ധവും വ്യക്തമാക്കാനും തീരുമാനിച്ചു. കമ്യൂണിസ്റ്റുകളോട് പ്രത്യയശാസ്ത്ര രംഗത്ത് ഞങ്ങൾ നടത്തിവന്ന സമരത്തിന്റെ തുടക്കമായിരുന്നു അത്. 1990 ഫെബ്രുവരിയിൽ ‘വർഗസമരവും വർണസമരവും’ എന്ന പേരിൽ ഒരു ലേഖനം എ.എൻ.എം ബുള്ളറ്റിനിൽ ഞാൻ എഴുതി. ജാതി വർഗ പ്രശ്നങ്ങളെ സംബന്ധിച്ച ചില നിരീക്ഷണങ്ങളും നിഗമനങ്ങളുമായിരുന്നു ഈ ലേഖനം.
അധഃസ്ഥിതരും ആദിവാസികളും ഏതെങ്കിലും ഒരു വർഗത്തിൽപെടുന്നവരല്ല. അവർക്കിടയിൽനിന്നുതന്നെ വർഗപരമായ ചില വേർതിരിവുകൾ രൂപപ്പെട്ടുവന്നിട്ടുണ്ട്. അതില്ലാത്ത സമൂഹങ്ങളുമുണ്ട്. ഇന്ത്യയിലെ ഭൂവുടമകളും കൃഷിക്കാരും കർഷകത്തൊഴിലാളികളും വ്യവസായികളും വ്യാപാരികളും ഇടത്തരക്കാരും ആധുനിക തൊഴിലാളികളുമെല്ലാം ഏതെങ്കിലും ചില നിശ്ചിത ജാതിമുദ്രകൾ പേറുന്നവരാണ്. സാമ്രാജ്യത്വ ദല്ലാളൻമാരായ വൻകിട ബൂർഷ്വാസിയും ഉദ്യോഗസ്ഥ മേധാവിത്വ ബൂർഷ്വാസിയുമെല്ലാം ബ്രാഹ്മണ, ബനിയ, രജപുത്ര തുടങ്ങിയ ജാതിശ്രേണിയുടെ ഉന്നതതലങ്ങളിൽനിന്ന് കടന്നുവന്നവരാണ്. കേരളംപോലൊരു സമൂഹത്തിന്റെ അധികാരഘടനയിൽപോലും നായർ-സംവരണ ക്രൈസ്തവ താൽപര്യങ്ങൾക്കാണ് പ്രാമുഖ്യം.‘ഹരിജനങ്ങളെന്നും’ ‘ഗിരിജനങ്ങളെന്നും’ വിലയിരുത്തി ക്ഷേമ പ്രവർത്തനങ്ങളുടെയും ഉദ്ധാരണ പ്രവർത്തനങ്ങളുടെയും മറവിൽ കോൺഗ്രസ് അധഃസ്ഥിത ആദിവാസി സമൂഹങ്ങളെ തങ്ങളുടെ ഭാഗമാക്കാൻ ശ്രമിക്കുമ്പോൾ ‘ഹിന്ദുദേശീയത’യുടെ ഭാഗമാക്കുവാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്.
ഇതൊന്നും കമ്യൂണിസ്റ്റുകൾക്ക് കാണാൻ കഴിയുന്നില്ല. ഡാെങ്ക, നമ്പൂതിരിപ്പാട്, രാജേശ്വരറാവു നേതൃത്വങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാന ത്തെ ബ്രാഹ്മണവത്കരിക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ തെറ്റായ ചരിത്രവായനയിലൂടെ പ്രാകൃത കമ്യൂണിസവും അടിമയുടമ സമ്പ്രദായവും നാടുവാഴിത്വവും മുതലാളിത്തവുമെല്ലാം അന്വേഷിക്കുകയാണ് എസ്.എ. ഡാെങ്കയെ പോലുള്ള ആദ്യകാല കമ്യൂണിസ്റ്റുകൾ ചെയ്തത്. വർഗസമരത്തിന്റെ സാധ്യതകളെയേ അവർക്ക് അന്വേഷിക്കുവാൻ കഴിയുമായിരുന്നുള്ളൂ. വർഗസമരംപോലെ തന്നെ ജാതിവിരുദ്ധ സമരവും പ്രസക്തമാണെന്നും വർഗസമരത്തിൽ മാത്രം ഊന്നുന്ന ഏകപക്ഷീയമായ സമീപനം അശാസ്ത്രീയവും ജാതിവ്യവസ്ഥയെ സേവിക്കുന്നതുമാണെന്ന് ഈ ലേഖനത്തിൽ സമർഥിച്ചു.
ചരിത്രകാരനും വൈക്കം സ്വദേശിയുമായ ദലിത് ബന്ധു എൻ.കെ. ജോസ് മനുസ്മൃതി ചുട്ടെരിച്ചതിന് ദൃക്സാക്ഷിയായിരുന്നുവെന്നാണ് അറിഞ്ഞത്. അദ്ദേഹം ആയിടെ എഴുതിയ ‘അംബേദ്കർ’ എന്ന കൃതിയിൽ ഒരു ഖണ്ഡിക ഇൗ സംഭവം രേഖപ്പെടുത്താനായി മാറ്റിവെച്ചിട്ടുണ്ട്. അതിൽ അദ്ദേഹം മനുസ്മൃതി ചുട്ടെരിച്ചതുമായി ബന്ധപ്പെട്ട ഗവൺമെന്റ് നടപടിയെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. മനുസ്മൃതിയുടെ രൂക്ഷമായ ഫലങ്ങൾ അനുഭവിക്കുന്ന ജനവിഭാഗത്തിലെ സന്തതികൾ അതിന്റെ ഒരു കോപ്പി 1989 സെപ്റ്റംബർ ഒന്നിന് പരസ്യമായി കത്തിച്ച് അതിലെ ആശയങ്ങളോട് പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ അവരെ കേരള സർക്കാറിന്റെ പൊലീസ് മൃഗീയമായി മർദിച്ചു. ഒരുപക്ഷേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ മർദനങ്ങളിലെ ഏറ്റവും ഭീകരമായത് എന്ന് അതിനെ വിശേഷിപ്പിക്കാവുന്നതായിരുന്നു.
എന്നാൽ, അധഃസ്ഥിതരായ ആരോ ചിലർ വൈക്കത്തെത്തി മനുസ്മൃതി കത്തിച്ചുവെന്നല്ലാതെ അതിന് നേതൃത്വം നൽകിയ അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ പേരു പോലും എഴുതാൻ അദ്ദേഹത്തിനായില്ല. ചരിത്രരചനയിൽ സാധുജനപരിപാലന സംഘത്തെയും അയ്യൻകാളിയെയും കാണാതെപോയ ഇ.എംഎസിന്റെ ചരിത്ര സമീപനത്തെ വിമർശിക്കാൻ കഴിഞ്ഞ എൻ.കെ. ജോസിന് തന്റെ കൺമുന്നിൽ നടന്നൊരു സംഭവം വസ്തുതാപരമായി രേഖപ്പെടുത്താൻ കഴിയാതെപോയ കാര്യം 2009ൽ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ വൈക്കത്ത് നടത്തിയ ഒരു ചരിത്ര സെമിനാറിൽ ഡോ. കെ.കെ.എൻ. കുറുപ്പിന്റെയും എൻ.കെ. ജോസിന്റെയും അഡ്വ. വി.കെ. ഹരികുമാറിന്റെയും സാന്നിധ്യത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ഡോ. യു.ആർ. അനന്തമൂർത്തി ആയിരുന്നു ഇൗ സമ്മേളനം ഉദ്ഘാടനംചെയ്തത്. മറുപടിയുണ്ടായില്ല. ചില വിലക്കുകൾക്കും പിൻവിളികൾക്കും ഇ.എം.എസ് മാത്രമല്ല, ദലിത് ബന്ധുവും വിധേയനാകാം.
ഈ സമരത്തെ വിലയിരുത്തിക്കൊണ്ട് ’89 ഒക്ടോബർ ഒന്നിന് ചൊവ്വരയിൽ നടന്ന സംഘാടക കമ്മിറ്റി ഇത്തരമൊരു കാര്യം നിർവഹിക്കുന്നതിലെ മുന്നണിയുടെ ദൗർബല്യങ്ങളും കെ.വിയുടെ അറസ്റ്റ് പ്രത്യേകിച്ചും ഈ സംരംഭത്തെ ഒരു നക്സലൈറ്റ് ആക്രമണമായി ചിത്രീകരിക്കാൻ ഇടയാക്കിയതും കോഴിക്കോടും എറണാകുളവുംപോലെ മുന്നണിക്ക് കമ്മിറ്റിയുണ്ടായിരുന്ന സ്ഥലങ്ങളിൽ ജാഥക്ക് അനുഭവപ്പെട്ട സഹകരണവും സംഘടനയില്ലാത്ത വയനാടും മലപ്പുറവും ഇടുക്കിയുംപോലുള്ള ജില്ലകളിലുണ്ടായ അനുകൂലമായ പ്രതികരണങ്ങളും സമൂഹത്തിലാകെയുണ്ടായ ആശയ ധ്രുവീകരണവും മാതൃഭൂമി ഒഴികെയുള്ള മാധ്യമങ്ങൾ സ്വീകരിച്ച അവഗണനയും നിഷേധാത്മകമായ സമീപനവുമെല്ലാം ചർച്ചചെയ്യപ്പെട്ടു.
സവർണ മേധാവിത്വത്തിനെതിരായ ഈ സമരം അധഃസ്ഥിതരുടെ ആത്മാഭിമാനബോധം തട്ടിയുണർത്തുന്നതിന് പര്യാപ്തമായിട്ടുണ്ടെന്നും നവോത്ഥാനകാല കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളുടെ തുടർച്ചയായി ഇത് മാറിയിട്ടുണ്ടെന്നും വിലയിരുത്തി. പാർട്ടി പ്രഖ്യാപിച്ച കുത്തകവിരുദ്ധ സമരവും ബാബരി മസ്ജിദ് തർക്കവും ഈ കമ്മിറ്റിയിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. ബാബരി മസ്ജിദ് തകർക്കുവാനുള്ള ഹിന്ദുരാഷ്ട്ര വാദികളുടെ നീക്കത്തിനെതിരെ മുസ്ലിം പക്ഷത്ത് ഞങ്ങൾ നിലയുറപ്പിച്ചു. ‘‘ബാബരി മസ്ജിദ് തകർത്ത് ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറ പണിയുന്നവർ നമ്മുടെ ശത്രുക്കളാണ്’’ എന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. കെ.വി. രവി ബുള്ളറ്റിനിൽ ഈ തലക്കെട്ടിൽ സംഘടനയുടെ നിലപാട് വിശദമാക്കി ലേഖനമെഴുതി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.