‘‘രണ്ട് ഇസ്രായേലി സൈനികർ, ലബനാനിൽ 400 പേർ മരിക്കാനിടയാക്കിയ ആക്രമണങ്ങൾക്കിടെ കൊല്ലപ്പെട്ടു. യു.എസ് വാർത്താ ചാനലായ സ്കൈ ന്യൂസിന്റെ (മാർച്ച് 8) ഒരു തലക്കെട്ടാണിത്. പക്ഷപാതം വ്യക്തം. 400 ലബനാൻകാരുടെ മരണത്തേക്കാൾ പ്രാധാന്യം രണ്ട് ഇസ്രായേലി സൈനികരുടെ മരണത്തിന് നൽകി. മാത്രമല്ല, ഇസ്രായേലികൾ ‘‘കൊല്ലപ്പെട്ട’’താണ്; ലബനാൻകാർ ‘‘മരിച്ച’’തും. അക്രമിയാര് എന്ന് എടുത്തുപറയാത്തതിനാൽ ഒറ്റനോട്ടത്തിൽ അക്രമികളായ ഇസ്രായേലി പട്ടാളക്കാരാണ് ഇരയാക്കപ്പെട്ടത് എന്ന തോന്നലുമുണ്ടാകും. വ്യാപകമായ വിമർശനമുയർന്നപ്പോൾ സ്കൈ ന്യൂസ് തലക്കെട്ടൊന്ന് മാറ്റി. ‘‘ലബനാനിലെ ആക്രമണങ്ങളിൽ 400ഓളം പേർ മരിച്ചതിനിടെ രണ്ട്...
‘‘രണ്ട് ഇസ്രായേലി സൈനികർ, ലബനാനിൽ 400 പേർ മരിക്കാനിടയാക്കിയ ആക്രമണങ്ങൾക്കിടെ കൊല്ലപ്പെട്ടു.
യു.എസ് വാർത്താ ചാനലായ സ്കൈ ന്യൂസിന്റെ (മാർച്ച് 8) ഒരു തലക്കെട്ടാണിത്.
പക്ഷപാതം വ്യക്തം. 400 ലബനാൻകാരുടെ മരണത്തേക്കാൾ പ്രാധാന്യം രണ്ട് ഇസ്രായേലി സൈനികരുടെ മരണത്തിന് നൽകി. മാത്രമല്ല, ഇസ്രായേലികൾ ‘‘കൊല്ലപ്പെട്ട’’താണ്; ലബനാൻകാർ ‘‘മരിച്ച’’തും.
അക്രമിയാര് എന്ന് എടുത്തുപറയാത്തതിനാൽ ഒറ്റനോട്ടത്തിൽ അക്രമികളായ ഇസ്രായേലി പട്ടാളക്കാരാണ് ഇരയാക്കപ്പെട്ടത് എന്ന തോന്നലുമുണ്ടാകും.
വ്യാപകമായ വിമർശനമുയർന്നപ്പോൾ സ്കൈ ന്യൂസ് തലക്കെട്ടൊന്ന് മാറ്റി. ‘‘ലബനാനിലെ ആക്രമണങ്ങളിൽ 400ഓളം പേർ മരിച്ചതിനിടെ രണ്ട് ഇസ്രായേലി പട്ടാളക്കാർ കൊല്ലപ്പെട്ടു’’ എന്നാക്കി.
വാക്കുകളുടെ ക്രമം മാറിയതല്ലാതെ തലക്കെട്ടിലെ അബദ്ധങ്ങൾ തിരുത്തിയില്ല –അക്രമിയാര് എന്ന് പറയുന്നില്ല; ഇസ്രായേലികൾ ‘‘കൊല്ലപ്പെടുകയും’’ ലബനാൻകാർ ‘‘മരിക്കുകയും’’ ചെയ്യുന്നു ഇപ്പോഴും; വിശദാംശങ്ങൾ വായിക്കാത്ത വായനക്കാർ തലക്കെട്ടു മാത്രം നോക്കി ലബനാൻകാരെ പഴിക്കുകയും ഇസ്രായേലികളോട് അനുതാപം കാട്ടുകയും ചെയ്താൽ അതിശയിക്കാനില്ല. (ഒരു പഠനമനുസരിച്ച്, ഓൺലൈൻ വാർത്തകൾ വായിക്കുന്നവരിൽ 85 ശതമാനത്തോളം പേർ തലക്കെട്ടിനപ്പുറം വായിക്കാറില്ല.)
ഫലസ്തീനിലെന്നപോലെ ലബനാനിലും ഇറാനിലുമെല്ലാം പാശ്ചാത്യ മാധ്യമങ്ങൾ തീർത്തും ഏകപക്ഷീയമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
ആയത്തുല്ല അലി ഖാംനഈ വധിക്കപ്പെട്ടശേഷം അദ്ദേഹത്തിന്റെ പിൻഗാമിയെ നിശ്ചയിക്കാൻ പണ്ഡിതസഭ കൂടി. ഖാംനഈയുടെ മകൻ മുജ്തബയെ പിൻഗാമിയായി തീരുമാനിച്ചതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും പേര് പ്രഖ്യാപിക്കാൻ ദിവസങ്ങൾ വൈകി.
ആ കാലവിളംബവും വാർത്തയായി. പുതിയ നേതാവിനെയും വധിക്കുമെന്ന് ട്രംപും ഇസ്രായേലും ഭീഷണി മുഴക്കിയതാണ്. ഇറാൻ അതുകേട്ട് ഭയന്നു എന്ന നിലക്കാണ് വാർത്ത വന്നത്.
സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പേരു പുറത്തുവിടാതിരുന്നതിനു പിന്നിലുണ്ട് എന്ന് സ്വതന്ത്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ‘‘ഭീരുത്വമല്ല, കരുതൽ.’’ അതല്ലാതെ വേറെയും കാരണങ്ങളുള്ളത് പാശ്ചാത്യ മാധ്യമങ്ങളിലല്ല, സ്വതന്ത്ര മാധ്യമങ്ങളിലാണ് കണ്ടത്. അവയിൽ പ്രധാനം, പ്രഖ്യാപനത്തിനുമുമ്പ് പണ്ഡിതസഭ ഒരു യോഗം കൂടി ചേരണമെന്ന അഭിപ്രായം ഉയർന്നതാണത്രെ.
പാശ്ചാത്യ മാധ്യമങ്ങളുടെ കാഴ്ചപ്പാടിന് വിരുദ്ധമായി ഇറാൻ മാധ്യമങ്ങൾ ദേശീയ ഐക്യത്തെക്കുറിച്ചും യുദ്ധം ഇറാന് അനുകൂലമായി അവസാനിക്കുമെന്നും പറയുന്നു. യു.എസിന്റെ ‘ഫാഡ്’ റഡാർ സംവിധാനങ്ങൾ തരിപ്പണമാക്കിയത് അവ ചൂണ്ടിക്കാട്ടുന്നു. അനേകം യു.എസ് ഡ്രോണുകൾ തകർത്തതും യു.എസ് സൈനികത്താവളങ്ങളിലും ഇസ്രായേലിലും ആക്രമണം നടത്തിയതും ചൂണ്ടിക്കാട്ടുന്നു. ഒപ്പം, യുദ്ധം ഇറാൻകാരെ ഒന്നിപ്പിച്ചിരിക്കുന്നു.
എന്നാൽ ഇതെല്ലാം പൊള്ളയായ വീമ്പുപറച്ചിലാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ. ന്യൂയോർക് ടൈംസിന്റെ (മാർച്ച് 4) അഭിപ്രായത്തിൽ, കനത്ത നഷ്ടം മറച്ചുവെക്കാനാണ് ഇറാൻ മാധ്യമങ്ങൾ വ്യാജ അവകാശവാദങ്ങൾ പരത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല ദൃശ്യങ്ങളും നിർമിതബുദ്ധി കൊണ്ടുണ്ടാക്കിയതാണ്.
വസ്തുത എന്തെന്ന് തിരിച്ചറിയുക പ്രയാസമാണ്. കാരണം, ‘‘യുദ്ധത്തിൽ ആദ്യം മരിക്കുക സത്യമാണ’’ല്ലോ. എന്നാൽ ഇത് ഇറാന്റെ കാര്യത്തിൽ മാത്രമല്ല, മറുപക്ഷത്തിനും ബാധകമാണ്. ‘‘യുക്രെയ്നിൽ റഷ്യ പയറ്റുന്ന വ്യാജ പ്രചാരണ തന്ത്രമാണ് ഇറാൻ ഇപ്പോൾ പയറ്റുന്നത്. ഇറാൻ റഷ്യയുടെ കൂട്ടാളിയാണല്ലോ’’ എന്ന് ന്യൂയോർക് ടൈംസ്.
ന്യൂയോർക് ടൈംസ് പറയാതെവിട്ട കാര്യം, ഗസ്സയിലെ ഇസ്രായേലി വംശഹത്യ മറച്ചുവെക്കാൻ ന്യൂയോർക് ടൈംസ് അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ നിരന്തരം കള്ളക്കഥകൾ ഇറക്കി എന്നതാണ്. ഹമാസ് പോരാളികൾ ഇസ്രായേലിൽ സ്ത്രീകളെ പീഡിപ്പിച്ചു എന്ന കഥ വ്യാജ അന്വേഷണ റിപ്പോർട്ടിലൂടെ ആവർത്തിച്ച ചരിത്രമുണ്ട് ടൈംസിന്. ആ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അര ഡസനോളം സ്വതന്ത്ര വസ്തുതാ പരിശോധനകളിൽ വ്യാജമെന്ന് തെളിഞ്ഞു. അനേകം ജേണലിസം പ്രഫസർമാർ ടൈംസിനോട് തെറ്റ് സമ്മതിച്ച് തിരുത്താൻ ആവശ്യപ്പെട്ടു. പക്ഷേ, പത്രം അനങ്ങിയില്ല. തെളിഞ്ഞ വസ്തുതകളോട് പുറംതിരിഞ്ഞുനിന്ന പത്രമാണ് ഇപ്പോൾ പാശ്ചാത്യ പ്രചാരണങ്ങളെപ്പറ്റി ഒന്നും പറയാതെ ഇറാന്റെ ‘‘കള്ളങ്ങൾ’’ വിസ്തരിക്കുന്നത്. ഇറാൻ മാധ്യമങ്ങൾ അവിടത്തെ ഭരണകൂടത്തിന്റെ ആഖ്യാനത്തോട് ചേർന്നുനിൽക്കുന്നു എന്ന് പറയുന്ന ടൈംസ് തങ്ങളും സി.എൻ.എൻ, എൻ.പി.ആർ, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മറ്റ് അമേരിക്കൻ മാധ്യമങ്ങളും വ്യത്യസ്തമല്ല എന്ന കാര്യം മറച്ചുപിടിക്കുകയാണ്.
സ്വതന്ത്ര, ഓൺലൈൻ മാധ്യമങ്ങൾ
മുഖ്യധാരയിൽ പെടാത്ത അനേകം സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളും ജേണലിസ്റ്റുകളും ഇറാൻ വിഷയം മറ്റൊരു തരത്തിലാണ് അവതരിപ്പിക്കുന്നത്. പലരും അമേരിക്ക-ഇസ്രായേൽ സഖ്യത്തിന് എളുപ്പത്തിൽ ജയിച്ചുകയറാമെന്ന് കരുതാത്തവരാണ്. മാക്സ് ബ്ലൂ മന്താൾ (ദ ഗ്രേ സോൺ), മെഹ്ദി ഹസൻ (സെറ്റേയോ), റിച്ചഡ് മെഡ് ഹേഴ്സ്റ്റ്, അലി അബൂനിമ (ഇലക്ട്രോണിക് ഇൻതിഫാദ), ഗ്ലെൻ ഗ്രീൻ വൾഡ്, ദ ക്രേഡ്ൽ, ക്രിസ് ഹെജസ്, പീറ്റർ ഓബേൺ തുടങ്ങി ഉദാഹരണങ്ങൾ ധാരാളം. ഓൺലൈനിലാണ് ഇവ മിക്കതും.
ഇസ്രായേലി ജേണലിസ്റ്റും സയണിസ്റ്റ് വിരുദ്ധനുമായ അലോൺ മിസ്റഹി തന്റെ യൂട്യൂബ് ചാനലിൽ സ്വന്തം നിലയിലുള്ള വിലയിരുത്തലുകൾ നടത്തുന്നുണ്ട്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിലൂടെ തോൽവി ചോദിച്ചുവാങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഉപരോധം കാരണം ഇറാനെ കീഴടക്കാൻ എളുപ്പമാകുമെന്ന് കരുതി. അത് തെറ്റി. പരമോന്നത നേതാവിനെ വധിച്ചാൽ വിമതർ നേതൃത്വം പിടിക്കുമെന്നും ഭരണമാറ്റത്തിന് എളുപ്പമാകുമെന്നും കരുതി. അതും പിഴച്ചു. യുദ്ധം തുടങ്ങിയാൽ എളുപ്പത്തിൽ കീഴടക്കാമെന്ന് വിചാരിച്ചതും തെറ്റി.
മിസ്റഹിയുടെ അഭിപ്രായത്തിൽ ഇറാൻ അതിന്റെ ആയുധശക്തി പുറത്തെടുക്കാൻ പോകുന്നതേയുള്ളൂ. ഇതുവരെ വിലകുറഞ്ഞ പഴഞ്ചൻ മിസൈലുകൾ തൊടുത്ത് ശത്രുപക്ഷത്തെ പ്രതിരോധ സാമഗ്രികൾ ഉപയോഗിച്ച് തീർക്കാൻ ഇടയാക്കി. അമേരിക്കയുടെ സാമ്പത്തിക താൽപര്യങ്ങളെ ലക്ഷ്യമിടുന്നതോടെ ഗൾഫ് മേഖലയിൽനിന്ന് അവരെ പൂർണമായും പുറത്താക്കാനാകുമെന്ന് ഇറാൻ കണക്കുകൂട്ടുന്നുണ്ടത്രേ.
യുദ്ധമാണ്. ഏത് ശരി, ഏത് തെറ്റ് എന്ന് പറയാനാകില്ല. നാം കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും നേരാകണമെന്നില്ല എന്നുമാത്രം പറയാനാകും. പക്ഷേ, പാശ്ചാത്യ, പാരമ്പര്യ മാധ്യമങ്ങളിലൂടെ എത്തുന്ന വാർത്തകൾ ഏറെയും വസ്തുതകളല്ല, പ്രചാരണമാണ്.
എപ്സ്റ്റീനാണ് എങ്ങും
ഒരു മടിയുമില്ലാതെ സ്ത്രീകളെ പീഡിപ്പിച്ച്, ശിക്ഷാമുക്തി ആസ്വദിക്കുന്ന പൊതുപ്രവർത്തകർ ഇന്ന് വാർത്തയല്ലാതായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയരംഗത്ത് ചിലപ്പോൾ (മാത്രം) വിവാദം (മാത്രം) ഉണ്ടായേക്കാമെങ്കിലും ‘ആത്മീയ ആചാര്യർ’ കുറ്റവാളികളാകുമ്പോൾ നിയമവും മാധ്യമങ്ങളും ഒട്ടും കണ്ടില്ലെന്ന് വെക്കും.
ഗുർമീത് റാം റഹീം സിങ് അത്തരമൊരു ‘ആൾദൈവ’മാണ്. ഹരിയാനയിലെ അദ്ദേഹത്തിന്‍റെ ‘ദേര സച്ചാ സൗദ’യുടെ പത്തംഗ എക്സിക്യൂട്ടിവ് സമിതി അംഗമായ രഞ്ജിത് സിങ്ങിന്‍റെ സഹോദരിയെപ്പോലും ഗുർമീത് പീഡിപ്പിച്ചു. ഇതറിഞ്ഞ രഞ്ജിത് സിങ് പ്രതിഷേധിച്ചു. പിന്നെ കേട്ടത് രഞ്ജിത് കൊല്ലപ്പെട്ട വാർത്തയാണ്.
‘ആൾദൈവ’ത്തിന്‍റെ ആശ്രമത്തിലെ ഒരു സ്ത്രീ 2002ൽ പ്രധാനമന്ത്രി വാജ്പേയിക്ക് ഒരു ഊമക്കത്തയച്ചു. ഒരു സന്യാസിനിയെ പീഡിപ്പിക്കാൻ ന്യായീകരണമായി ഗുർമീത് ശ്രീകൃഷ്ണനെ പരാമർശിച്ചതായി അതിൽ പറഞ്ഞിരുന്നു. രഞ്ജിതിന്‍റെ സഹോദരിയായ സ്വാധിയുടെ അനുഭവത്തെപ്പറ്റി കേട്ടുകേൾവികൾ പരന്നുകൊണ്ടിരിക്കെ ഈ കത്തിന്‍റെ കാര്യം ചിലർ ഓർത്തു. എങ്കിലും വാർത്തയാക്കാൻ മാധ്യമങ്ങൾ ധൈര്യപ്പെട്ടില്ല.
അപ്പോഴാണ് പൂരാ സച്ച് എന്ന പ്രാദേശിക പത്രത്തിൽ ജേണലിസ്റ്റ് രാം ചന്ദ്ര ഛത്രപതി ആ കത്ത് പ്രസിദ്ധപ്പെടുത്തി ദേരക്കെതിരെ പൊതുജന രോഷം ആകർഷിക്കുന്നത്. ദൈനിക് ഭാസ്കർ, ദൈനിക് ജാഗരൺ പത്രങ്ങളും ശൈശവാവസ്ഥയിലുള്ള ഏതാനും ചാനലുകളും അത് ഏറ്റെടുത്തു. അതിനിടെ രാംചന്ദ്ര ഛത്രപതിയെ ‘‘ഏതോ’’ കൊലയാളികൾ കൊന്നു.
കത്ത് പ്രസിദ്ധപ്പെടുത്തിയ ലേഖ ജോഖ എന്ന മറ്റൊരു പ്രാദേശിക പത്രത്തിന്‍റെ ഓഫിസിന് തീവെച്ചു. ദേരക്കെതിരെ പത്രം കേസ് കൊടുത്തപ്പോൾ ഗുർമീതിന്‍റെ കൂലിപ്പട്ടാളം അധികൃതരെ ഭീഷണിപ്പെടുത്തി കേസ് ഒതുക്കി.
പക്ഷേ, പ്രാദേശിക പത്രങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ ഒതുക്കാനാവാത്തത്ര ഭീകരമായിരുന്നു. ഒടുവിൽ ഗുർമീതിനെതിരെ കേസ് എടുക്കേണ്ടിവന്നു.
രാം ചന്ദ്ര ഛത്രപതിയെ കൊന്ന കേസിൽ അയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും കഴിഞ്ഞാഴ്ച (മാർച്ച് 7) മേൽക്കോടതി അയാളെ ശിക്ഷാമുക്തനാക്കി. രഞ്ജിത് സിങ് വധക്കേസിലും ഗുർമീത് ശിക്ഷിക്കപ്പെട്ടു; മേൽക്കോടതി ആ ശിക്ഷയും റദ്ദാക്കി.
2015ൽ ഇന്ത്യൻ എക്സ്പ്രസ് കരുത്തരായ 100 ഇന്ത്യക്കാരുടെ പട്ടിക ഉണ്ടാക്കിയപ്പോൾ 96ാമനായി ഗുർമീത് ഉണ്ടായിരുന്നു.
ഭരണസ്ഥാനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കും നീളുന്ന കരുത്താകും അത്. എപ്സ്റ്റീൻ ഫയലുകൾ പുതിയതല്ല; അമേരിക്കയിൽ മാത്രവുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.