ജേണലിസ്റ്റുകളെ അവർ കൊല്ലുകതന്നെയാണ്

മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിടുന്നത് യുദ്ധതന്ത്രത്തിന്റെ ഭാഗമായിരിക്കുന്നു. ഇസ്രായേലാണ് ആപത്കരവും അന്യായവുമായ ഈ യുദ്ധസമ്പ്രദായത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. സിവിലിയന്മാരെ കൊല്ലുക, ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ആക്രമണത്തിന്റെ ഉന്നമാക്കുക എന്ന മനുഷ്യത്വഹീനമായ, യുദ്ധമര്യാദകളുടെ ലംഘനമായ, രീതി ഇസ്രായേലിന്റെ എല്ലാ യുദ്ധമുഖത്തും വ്യക്തമായി കാണാം. ലബനാനിൽ മാർച്ച് 28ന് രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ലക്ഷ്യമിട്ട് കൊന്നു. അൽ മായദീൻ റിപ്പോർട്ടർ ഫാതിമ ഫതൂനി, അൽമനാർ റിപ്പോർട്ടർ അലി ശുഐബ് എന്നിവരുടെ വാഹനം ബോംബിട്ട് തകർക്കുകയായിരുന്നു. ഇരുവരും...

മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിടുന്നത് യുദ്ധതന്ത്രത്തിന്റെ ഭാഗമായിരിക്കുന്നു. ഇസ്രായേലാണ് ആപത്കരവും അന്യായവുമായ ഈ യുദ്ധസമ്പ്രദായത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. സിവിലിയന്മാരെ കൊല്ലുക, ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ആക്രമണത്തിന്റെ ഉന്നമാക്കുക എന്ന മനുഷ്യത്വഹീനമായ, യുദ്ധമര്യാദകളുടെ ലംഘനമായ, രീതി ഇസ്രായേലിന്റെ എല്ലാ യുദ്ധമുഖത്തും വ്യക്തമായി കാണാം.

ലബനാനിൽ മാർച്ച് 28ന് രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ലക്ഷ്യമിട്ട് കൊന്നു. അൽ മായദീൻ റിപ്പോർട്ടർ ഫാതിമ ഫതൂനി, അൽമനാർ റിപ്പോർട്ടർ അലി ശുഐബ് എന്നിവരുടെ വാഹനം ബോംബിട്ട് തകർക്കുകയായിരുന്നു. ഇരുവരും തെക്കൻ ലബനാനിലെ ഇസ്രായേലി ആക്രമണത്തെപ്പറ്റി വാർത്തചെയ്യാനായി ‘പ്രസ്’ എന്ന് വ്യക്തമായി കാണിച്ച വാഹനത്തിൽ പോകുമ്പോഴാണത്. 2023 നവംബറിൽ ലബനാനിൽ കടന്നുകയറിയപ്പോഴും ഇസ്രായേൽ സേന അൽ മായദീന്റെ ഫറാഹ് ഉമർ എന്ന ലേഖികയെയും റബീഹ് മഅ്മറി എന്ന കാമറാമാനെയും വധിച്ചു. 2024 ഒക്ടോബറിലും ഇതേ മാധ്യമത്തിന്റെ ഗസ്സാൻ നജ്ജാർ, മുഹമ്മദ് രിദ എന്നിവരെ ഇസ്രായേൽ കൊന്നു.

ഗസ്സയിലെന്നപോലെ ലബനാനിലും മാധ്യമങ്ങൾക്കുനേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. അത് അറിഞ്ഞുതന്നെയാണ് ജേണലിസ്റ്റുകൾ പിന്തിരിയാതെ തങ്ങളുടെ ധർമം നിർവഹിക്കുന്നത്. ഇപ്പോൾ കൊല്ലപ്പെട്ട ഫാതിമ ഫതൂനി മുമ്പൊരിക്കൽ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതാണ്. അന്ന് റിപ്പോർട്ടിങ് തുടർന്നുകൊണ്ട് അവർ ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചു: ‘‘സത്യം ലോകത്തെ അറിയിക്കുക എന്ന ദൗത്യം ഞങ്ങൾ തുടർന്നും നിർവഹിക്കും. ഇസ്രായേലി അധിനിവേശ സേനയുടെ ക്രൂരകൃത്യങ്ങൾ അവസാനശ്വാസം വരെ ഞങ്ങൾ തുറന്നുകാട്ടും.’’

ഖത്തർ ആസ്ഥാനമായ അൽ അറബി മാധ്യമ ശൃംഖലയുടെ തെഹ്റാൻ ഓഫിസിനുനേരെ ഈയിടെ ഉണ്ടായ ആക്രമണത്തിൽ 14 പേർക്ക് പരിക്കുപറ്റി. അൽ അറബി ടി.വിയുടെ കെട്ടിടത്തിനു മേലായിരുന്നു യു.എസ്-ഇസ്രായേൽ ആക്രമണം. മാർച്ച് 29ന് സംപ്രേഷണം നടക്കുമ്പോഴായിരുന്നു അത്. ഇറാനിലും ഇസ്രായേൽ ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്നു. 2025ലെ 12 ദിന യുദ്ധത്തിൽ ഇറാനിലെ മൂന്ന് മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് വധിച്ചു.

ഇസ്രായേൽ അനേകം ഫലസ്തീൻ ജേണലിസ്റ്റുകളെ തടവിലാക്കിയിട്ടുണ്ട്. തടങ്കലിൽ കടുത്ത പീഡനങ്ങളാണ് നടക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകളും അനുഭവകഥകളും പറയുന്നു. 2026 ജനുവരി 8ന് ഇസ്രായേൽ സേന തടവിൽ പിടിച്ച ഒരു ഫലസ്തീൻ ജേണലിസ്റ്റ് മാർച്ച് 29ഓടെ മരിച്ചു. ഫലസ്തീൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (പി.ബി.സി) എന്ന നബ്‍ലൂസിലെ മാധ്യമ സ്ഥാപനത്തിലെ ജേണലിസ്റ്റ് മർവാൻ ഫത്ഹി ഹുസൈൻ ഹെർസുല്ല എന്ന 54കാരനാണ് കുറ്റപത്രം പോലുമില്ലാതെ തടവിലാക്കപ്പെട്ട്, ജയിലിൽ പീഡനമേറ്റ് മരിച്ചത്. മുമ്പ് 1995ൽ, ഇസ്രായേൽ സേനയുടെ വെടിയേറ്റ് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നു.

2023 ഒക്ടോബർ മുതൽ 2026 മാർച്ച് അവസാനം വരെയുള്ള 30 മാസങ്ങളിൽ, ഗസ്സയിലും ലബനാനിലുമായി 280ലധികം ജേണലിസ്റ്റുകളെ ഇസ്രായേൽ കൊന്നിട്ടുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. സി.പി.ജെ, ആർ.എസ്.എഫ്, യു.എൻ തുടങ്ങിയ സ്ഥാപനങ്ങളാണ് നേരിയ വ്യതിയാനങ്ങളോടെ ഈ കണക്ക് നൽകുന്നത്.

ഒരുഭാഗത്തേക്ക് ചായുന്നവർ

കൊന്നും ​ജയിലിലിട്ടും ജേണലിസ്റ്റുകളെ ഒരുഭാഗത്ത് നിശ്ശബ്ദരാക്കുമ്പോൾ മറുഭാഗത്ത് ഇസ്രായേലി-യു.എസ് പക്ഷത്തിന് ആഗോള മാധ്യമങ്ങളിൽ വമ്പിച്ച കവറേജ് കിട്ടുന്നുണ്ട്. യുദ്ധം നടക്കുന്നത് പോർക്കളത്തിൽ മാത്രമല്ല, പ്രചാരണരംഗത്തുകൂടിയാണ് എന്നർഥം. ഇസ്രായേൽ-യു.എസ് പക്ഷം ഫെബ്രുവരി ഒടുവിൽ ഇറാനെ ആക്രമിച്ചു. തുടർന്നുള്ള മാർച്ച് മാസത്തിൽ ഈ വ്യത്യാസം പ്രകടമാണ്. ന്യൂയോർക് ടൈംസിന്റെ മാത്രം ഉദാഹരണമെടുക്കാം. (ഫെയർ വെബ്സൈറ്റിൽനിന്ന്).

ഇറാന്റെ മിസൈലുകൾ കാരണം ജനങ്ങൾക്കുണ്ടാകുന്ന ജീവഹാനിയും അസൗകര്യങ്ങളും നാശനഷ്ടങ്ങളുമെല്ലാം ദിനേന നേരിട്ടന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്ന ഒമ്പത് ടൈംസ് റിപ്പോർട്ടർമാർ ഇസ്രായേലിൽ സജീവമാണ്. ജനങ്ങൾ യുദ്ധത്തെ എങ്ങനെ കാണുന്നു, സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ ചെയ്യേണ്ടത്, ഖാംനഈ കൊല്ലപ്പെട്ടതിൽ ഇസ്രായേലികൾക്ക് ആശ്വാസം എന്നിങ്ങനെ പോയി അനേക ഡസൻ വാർത്തകൾ.

ഇസ്രായേലി പൗരന്മാരുടെ അനുഭവങ്ങൾക്കുപുറമെ അവിടത്തെ അധികൃതരുടെ വീക്ഷണങ്ങൾ അഭിമുഖങ്ങളായും ലേഖനങ്ങളായും പ്രസ്താവനകളായും നിരന്തരം ടൈംസിൽ വന്നുകൊണ്ടിരിക്കുന്നു. ഇറാന്റെ, ഇറാൻകാരുടെ, വീക്ഷണങ്ങളോ? അവരുടെ അനുഭവങ്ങളോ? അവ റിപ്പോർട്ട് ചെയ്യാൻ എത്രപേരെ ടൈംസ് ഇറാനിലേക്ക് അയച്ചിട്ടുണ്ട്?

ഉത്തരം: പൂജ്യം.

അതെ, ഇസ്രായേലിൽനിന്ന് റിപ്പോർട്ട് ചെയ്യാൻ ഒമ്പതുപേർ; ഇറാനിൽനിന്ന് ആരുമില്ല.

പക്ഷേ ഇറാൻ വാർത്തകൾ ടൈംസിൽ വരുന്നു. എങ്ങനെ? അവിടെനിന്ന് ഇന്റർനെറ്റിലൂടെയും ഉപഗ്രഹം വഴിയുമൊക്കെ എത്തുന്ന ദൃശ്യങ്ങൾ ആണത്രെ ഒരു സ്രോതസ്സ്. അവ പരിശോധിച്ച് വാർത്തയുണ്ടാക്കുന്ന ഒരുവിഭാഗം തന്നെ ‘വിഷ്വൽ ഇൻവെസ്റ്റിഗേഷൻസ് ടീം’ എന്ന പേരിൽ പ്രവർത്തിക്കുന്നു.

മറ്റൊരു മാർഗം, മറ്റു സ്ഥലങ്ങളിലെ ‘സ്വ.ലേ’കളിൽനിന്ന് ഇറാൻ വാർത്തകൾ വരുത്തുകയാണ്. മറ്റേത് മാധ്യമസ്ഥാപനം ചെയ്താലും തെറ്റാകുന്ന ഈ രീതി ന്യൂയോർക് ടൈംസാകുമ്പോൾ സ്വീകാര്യമാകുന്നു-വിശ്വസി​ക്കേണ്ട വാർത്തകളും. വാർത്തകൾതന്നെ വിവിധ സ്ഥലങ്ങളിൽനിന്ന് നിർമിക്കപ്പെടുന്ന ഉൽപന്നം മാത്രമാണെന്നർഥം.

അങ്ങനെ ഇറാനെപ്പറ്റിയുള്ള ‘‘ആധികാരിക’’മായ ബൈലൈൻ വാർത്തകൾ വരുന്നത് എവിടെനിന്നൊക്കെയാണ്? തുർക്കിയ, ലബനാൻ, സൗദി അറേബ്യ, ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, പിന്നെ ഇസ്രായേലിൽനിന്നും!

ഇത്തരം ‘‘പുറംപണിക്കരാർ’’ വാർത്തകൾ എത്രയേറെ അരിപ്പകളിലൂടെ കടന്നാണ് വായനക്കാരിലെത്തുകയെന്ന് ഊഹിക്കാനേ കഴിയൂ.

മൂന്നാമതൊരു സ്രോതസ്സ്, മറ്റുരാജ്യങ്ങളിൽ താമസിക്കുന്ന ഇറാൻകാരിൽനിന്ന് (കൂടുതലും ‘‘വിമതർ’’) ടെലിഫോൺ വഴി ശേഖരിക്കുന്ന ‘‘വിവരങ്ങ’’ളാണ്. വീക്ഷണപ്രധാനമായ ആ വിവരങ്ങളും ‘‘വാർത്ത’’യുടെ വേഷമിട്ടാണ് വായനക്കാരിലെത്തുകയെന്ന് എടുത്തുപറയേണ്ടതില്ല.

ഇനിയൊരു വക വാർത്തകൾ, സമൂഹമാധ്യമങ്ങളിലൂടെ പ്രസരിക്കുന്ന പോസ്റ്റുകളാണ്. അതിന് ഒരു പത്രം ഇടനിലക്കാരനാകേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

എന്തുതന്നെയായാലും നേരിട്ടുള്ള വാർത്തകൾ ഇറാനിൽനിന്ന് ടൈംസിൽ വരുന്നില്ല. അത് നിസ്സാരമായ പോരായ്മയല്ല.

ടൈംസിന് പറയാനൊരു കാരണമുണ്ട്. ഇറാനിൽ മാധ്യമപ്രവർത്തകർക്ക് വലിയ നിയന്ത്രണങ്ങളാണ് എന്നതത്രെ അത്. വിസ കിട്ടില്ലത്രെ.

കിട്ടില്ലെന്ന് ടൈംസ് ആദ്യമേ തീരുമാനിച്ചു എന്നതാണ് സത്യം. അതിന് തെളിവ്, സി.എൻ.എൻ ശ്രമിച്ചപ്പോൾ തടസ്സമില്ലാതെ വിസ ലഭിച്ചു എന്നതുതന്നെ. സി.എൻ.എൻ ലേഖകൻ ഫ്രെഡറിക് പ്ലൈറ്റ്ജൻ പറയുന്നു: ‘‘നിയന്ത്രണങ്ങളുണ്ട്; പക്ഷേ എന്നാലും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതുതന്നെ നല്ലത്.’’

വിസക്ക് അപേക്ഷിച്ചപ്പോൾ, അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പ്രവേശനം നൽകുന്നത് നല്ലതാണെന്ന തന്റെ വീക്ഷണം ഇറാൻ സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥൻ ശരിവെച്ചതായി അദ്ദേഹം പറയുന്നു. ആദ്യത്തെ എട്ടുദിവസം ഒരു ഡസനിലേറെ വാർത്തകൾ അദ്ദേഹത്തിന് അയക്കാൻ കഴിഞ്ഞു. ‘‘നിയന്ത്രണങ്ങളുണ്ട്. പക്ഷേ ഞങ്ങൾ വിചാരിച്ചതെല്ലാം ചെയ്യാൻ സാധിച്ചു’’ എന്ന് പ്ലൈറ്റ്ജൻ.

നിയന്ത്രണങ്ങളുടെ കാര്യമാണെങ്കിൽ, ഇസ്രായേലിലും അതുണ്ട്. സൈന്യവുമായി ‘‘എംബെഡ്’’ ചെയ്ത് മാത്രം പോകാവുന്ന ഇടങ്ങൾ ഇസ്രായേലും നിശ്ചയിച്ചിട്ടുണ്ട്. ഇസ്രായേലാകുമ്പോൾ ‘‘സുരക്ഷാ ക്രമീകരണ’’മെന്ന തലക്കെട്ടും ഇറാനാകുമ്പോൾ ‘‘വാർത്താ നിയന്ത്രണ’’മെന്ന ലേബലുമാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ നൽകുക എന്നുമാത്രം.

റിപ്പോർട്ടിങ്ങിലെ വളഞ്ഞ വഴികാരണം ഇറാൻ വാർത്തകൾ പലപ്പോഴും വക്രീകരിച്ചും വൈകിയുമാണ് എത്താറ്. ഇതിന്റെ ​പ്രയോജനം യു.എസ്-ഇസ്രായേൽ അധികൃതർക്കാണ്. അവർ ചെയ്യുന്ന യുദ്ധക്കുറ്റങ്ങൾ വരെ മറച്ചുവെക്കാൻ അത് സഹായകമാകുന്നു. മിനാബ് സ്കൂളിൽ കരുതിക്കൂട്ടി ബോംബിട്ട് 175 കുട്ടികളെ കൊന്ന സംഭവം ഉദാഹരണം. അമേരിക്കൻ സേനയാണ് ‘‘മിക്കവാറും ആ ആക്രമണം നടത്തിയിരിക്കാൻ സാധ്യത’’ എന്നെങ്കിലും ന്യൂയോർക് ടൈംസ് ഒന്ന് പറഞ്ഞുകിട്ടാൻ അഞ്ചുദിവസമെടുത്തു.

ഇസ്രായേലി-യു.എസ് യുദ്ധക്കുറ്റങ്ങളെ പേരിട്ട് വിളിക്കാൻ വലിയ മടിയാണ് പാശ്ചാത്യ മാധ്യമങ്ങൾക്ക്. മിക്ക ലോകമാധ്യമങ്ങൾക്കും വാർത്തകൾ നൽകുന്ന എ.പി (അസോസിയേറ്റഡ് പ്രസ്) കഴിഞ്ഞയാഴ്ച കൗതുകകരമായ ഒരു പ്രസ്താവന ഇറക്കി: ‘‘തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തുന്നത് ഒരു അധിനിവേശം (invasion) തന്നെയാണെന്ന് എ.പി തീരുമാനിക്കുന്നു’’ എന്ന്. ഇത്തവണത്തെ അധിനിവേശം മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് പെട്ടെന്നുള്ള ഈ ബോധോദയം!


Tags:    
News Summary - Targeting the media and media workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.