രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്ന് പശ്ചിമ ബംഗാളിലാണ്. അവിടെ എന്താണവസ്ഥ? തൃണമൂൽ തുടരുമോ? എന്താകും ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് സാധ്യതകൾ? ബംഗാളിൽ നീണ്ട നാളുകളായി കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് നടത്തുന്ന നിരീക്ഷണവും വിശകലനവും.
ഗംഗ-ഭാഗീരഥി നദീതട സംസ്കാരത്തിന്‍റെ ഭാഗമായി നൂറ്റാണ്ടുകള്‍ക്കുമുമ്പ് രൂപപ്പെട്ടുവന്നതാണ് ഇന്നത്തെ ബംഗാള്‍ പ്രദേശങ്ങള്‍. ബംഗാള്‍ നിയമസഭയില്‍ 294 സീറ്റുകളാണുള്ളത്. ഏപ്രില്‍ 23, 29 തീയതികളിലായി തെരഞ്ഞെടുപ്പും മേയ് 4ന് ഫലവും പുറത്തുവരും. ഭരണം ലഭിക്കാൻ ആവശ്യമുള്ളത് 148 സീറ്റുകളാണ്. മേയ് 7ന് പശ്ചിമ ബംഗാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അത് കഴിഞ്ഞ മൂന്നുതവണയായി ഭരിക്കുന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തുടര്‍ച്ചയാവുമോ? അമിത് ഷാ ആഗ്രഹിക്കുന്ന 170 സീറ്റ് പിടിക്കാനാവാതെ ബി.ജെ.പിക്ക് ഇക്കുറിയും പ്രതിപക്ഷകക്ഷിയായി നിയമസഭയിലിരിക്കേണ്ടിവരുമോ?
ഇടതുപക്ഷവുമായുള്ള കൂട്ടുസഖ്യം ഉപേക്ഷിച്ച് 294 സീറ്റിലും ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് പത്ത് സീറ്റിലെങ്കിലും മികച്ച തിളക്കം കാഴ്ചവെക്കാന്‍ സാധിക്കുമോ –2011 മുതല്‍ തെരഞ്ഞെടുപ്പില്‍ പടിപടിയായി താഴേക്കു പതിച്ച ഇടതുമുന്നണിക്ക് കോണ്‍ഗ്രസുമായി സംഖ്യം ഉപേക്ഷിച്ചത് ഇക്കുറി തുണയാകുമോ? മേയ് നാലിന് പ്രധാനപ്പെട്ട ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. ഒരുകാര്യം ഇപ്പോഴേ വ്യക്തമാണ്. 2026ലെ ബംഗാള്‍ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ നേര്‍ക്കുനേരെ പോരാടുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണ്. ഭരണം പിടിക്കാനാവില്ലെങ്കിലും നൂറിനടുത്ത് സീറ്റുകള്‍ പിടിക്കാനെങ്കിലും ബി.ജെ.പിക്ക് സാധിച്ചാല്‍ ‘ബംഗാള്‍ ഇനിയെത്രനാള്‍’ എന്ന ചോദ്യത്തിനും ഉത്തരം കിട്ടും. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമായി കാണേണ്ടത് അതാണ്.
സംസ്ഥാനത്തെ മുഖ്യപാര്‍ട്ടിയും ഭരണകക്ഷിയുമായ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ഈ തെരഞ്ഞെടുപ്പിനുശേഷം ലക്ഷ്യം വെക്കുന്നത് കേന്ദ്രത്തിലെ മുഖ്യരാഷ്ട്രീയകക്ഷിയായി മാറുക എന്നതാണ്. പ്രായപരിധിയില്‍ തട്ടിനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഭാവി ഉള്‍പ്പെടെ പലതും തൃണമൂലിനും തനിക്കും വേണ്ടി മമത ബാനര്‍ജി ആഗ്രഹിക്കുന്നു. ഇൻഡ്യാ സഖ്യത്തോടൊപ്പം തട്ടിയും മുട്ടിയും ശണ്ഠകൂടിയും നില്‍ക്കുകയാണെങ്കിലും സഖ്യത്തിലെ പ്രധാനി മമത ബാനര്‍ജിയാണെന്നതും അവര്‍ക്കനുകൂലമാണ്. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും മുഖ്യ എതിരാളികളായി കാണുന്ന പഴയ ശീലത്തെ വിട്ടുകളയാന്‍ മമത തയാറല്ലെങ്കിലും അവരേക്കാള്‍ ശക്തരായ എതിരാളിയായി ബി.ജെ.പിയെ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ആ സത്യത്തെ നേര്‍ത്ത മറക്കുള്ളില്‍ നിര്‍ത്തി തങ്ങളാണ് കരുത്തര്‍ എന്ന അവകാശവാദത്തോടെ ഗോദയിലിറങ്ങി പോരാടുകയാണ് മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ആ വിജയത്തെ സംസ്ഥാനത്തിന്‍റെയും (സര്‍ക്കാറിന്‍റെയും) വിജയമാക്കിമാറ്റുകയും ചെയ്താല്‍ തന്‍റെ ഭാവിലക്ഷ്യത്തിന്‍റെ അടിത്തറ ഭദ്രമാകുമെന്ന് മമത കരുതുന്നു.
നാലാംവട്ടം അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിയായി മാറുന്നതോടെ, സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ബിധാന്‍ ചന്ദ്ര റോയിയുടെ (1950 മുതല്‍ 1962 വരെ, പ്രീമിയറായി ഇരുന്ന മൂന്നുവര്‍ഷം ഒഴികെ.) റെക്കോഡ് സ്വന്തമാക്കുകയാണ് മമത ബാനര്‍ജി ചെയ്യുക. ഒരുവട്ടം കൂടി ജയിച്ച് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ ജ്യോതിബസുവിന്‍റെ അഞ്ച് ടേം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി എന്ന റെക്കോഡും മമതക്ക് സ്വന്തമാകും. അതിനുള്ള ആരോഗ്യവും പ്രായവും മമതക്കുണ്ട് എന്നത് എതിരാളികളുടെ ഉറക്കം കളയുന്നുമുണ്ട്. സംസ്ഥാനത്ത് ആധിപത്യമുറപ്പിച്ച് ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് പാര്‍ട്ടിയെ വളര്‍ത്താനായാല്‍ അനുദിനം ദുര്‍ബലപ്പെടുന്ന കോണ്‍ഗ്രസിനെക്കാളും ഇന്ത്യയില്‍ വളരാമെന്ന കണക്കുകൂട്ടലും അതിനു പിന്നിലുണ്ട്. എന്നാല്‍, ബംഗാള്‍ വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക്, വിശേഷിച്ചും ദക്ഷിണേന്ത്യയിലേക്ക് എത്രകണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവുമെന്ന സംശയത്തിന് കൃത്യമായ മറുപടി തൃണമൂലിനും നബംഗാളിലെ ബി.ജെ.പിയുടെ ഇപ്പോഴത്തെ അവസ്ഥ ഏതുനിമിഷവും ഭരണം കഷ്ടിച്ചു കിട്ടാമെന്നും കിട്ടില്ലെന്നും എന്നതാണ്.
അമിത് ഷാ ബംഗാള്‍ ഘടകത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ 170 സീറ്റിന്‍റെ വിജയമാണ്. അത് ചിരിച്ചുതള്ളാന്‍ കഴിയുന്ന സാഹചര്യമല്ല ബംഗാളിലുള്ളതെന്ന് മമതക്ക് നന്നായറിയാം. 170 സാധിച്ചില്ലെങ്കിലും 125 മുതല്‍ 136 വരെ നേടാനാവുമെന്ന് ബംഗാള്‍ ബി.ജെ.പി കരുതുന്നു. എന്നാല്‍ ഇത് സുഗമമല്ല. അതിനായി ബി.ജെ.പിയുടെ കൈയിലുള്ളത് പതിവു ആയുധങ്ങള്‍ മാത്രമാണ്. പരമാവധി വർഗീയത ഇളക്കിയും ഭരണകക്ഷിയുടെ ന്യൂനപക്ഷപ്രീണനത്തെ കുറ്റപ്പെടുത്തിയും ഹിന്ദുവോട്ടുകളെ കൈയിലാക്കാമെന്ന് അവര്‍ കരുതുന്നു. ഒപ്പം ഭയപ്പെടുത്തി ന്യൂനപക്ഷവോട്ടുകളെയും. അതിനായി ബംഗാളിന്‍റെ തനത് ജീവിതശീലങ്ങളെയും ആചാരങ്ങളെയും അൽപാൽപമായി ഉത്തരേന്ത്യന്‍ ജീവിതശൈലിയുമായി ചേര്‍ത്തുകെട്ടാനാണ് ബി.ജെ.പി കുറെക്കാലമായി ശ്രമിച്ചുവരുന്നത്.
മാര്‍ച്ച് 21ന് ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബി.ജെ.പിയില്‍ ചേര്‍ന്നത് യുവാക്കള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും ചെറുതല്ലാത്ത ഉേന്മഷം ഉണ്ടാക്കിയിട്ടുമുണ്ട്. സെലിബ്രിറ്റികളെ കളത്തിറക്കി വോട്ടുപിടിക്കുകയും പിന്നീടവരെ പാവകളാക്കി മാറ്റുകയും ചെയ്യുന്ന ബി.ജെ.പി തന്ത്രത്തില്‍ ലിയാന്‍ഡര്‍ പേസും വീണുപോയി എന്നതിനർഥം ഈ തെരഞ്ഞെടുപ്പ് വിജയം ടി.എം.സിക്കു ദുഷ്കരമാക്കുന്ന വിധത്തിലുള്ള മത്സരം സാധ്യമാക്കാന്‍ ബി.ജെ.പിക്ക് സാധിക്കും എന്നതാണ്. എങ്കിലും ഇക്കുറിയും ബംഗാളിന്‍റെ രാഷ്ട്രീയ പ്രതിപക്ഷമാകാനാണ് ബി.ജെ.പിക്കു യോഗമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ ശ്രദ്ധേയമാകുന്ന ചില വസ്തുതകള്‍ കൂടിയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം പടിഞ്ഞാറന്‍ ബംഗാളായി ഇന്ത്യന്‍ യൂനിയനില്‍ തുടരുന്ന സംസ്ഥാനത്തിന്‍റെ വിസ്തീര്‍ണം 623 കി.മീ നീളവും 320 കി.മീ വീതിയും ഉള്‍പ്പെടെ 88,752 ചതുരശ്ര കിലോ മീറ്ററാണ്. അഞ്ച് ഡിവിഷനുകളിലായി 23 ജില്ലകളും അഭയാർഥികളടക്കം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്‍ക്കത്ത നഗരം കൂടാതെ അക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുവരുന്ന അസന്‍സോളും കൃത്യമായ രൂപരേഖകളോടെ വികസിപ്പിച്ചെടുത്ത ഹല്‍ദിയ, കല്യാണി, ദുര്‍ഗാപൂര്‍, ബിധാനഗര്‍, ഖരക്പുര്‍, ന്യൂടൗണ്‍, സിലിഗുരി നഗരങ്ങളും ഹൗറ, ചന്ദന്‍നഗര്‍, ബർധമാന്‍, ബെര്‍ഹാംപൂര്‍, ജയ്പാല്‍ഗുരി, പുരൂലിയ തുടങ്ങിയ പരമ്പരാഗതനഗരങ്ങളും കൂടിച്ചേര്‍ന്നതാണ് സംസ്ഥാനം. ജനസംഖ്യാനുപാത പ്രകാരം വലുപ്പത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനംകൂടിയാണ് ബംഗാള്‍.
അതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ഒട്ടും അനായാസമല്ല. നാലും അഞ്ചും ഘട്ടങ്ങളിലായിട്ടാണ് സാധാരണ തെരഞ്ഞെടുപ്പുകള്‍ നടക്കാറുള്ളതും. 2023ല്‍ ബംഗാള്‍ ജനസംഖ്യ 103 മില്യണ്‍ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായോ കിഴക്കന്‍ സംസ്ഥാനങ്ങളുമായോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായോ മധ്യേന്ത്യന്‍ സംസ്ഥാനങ്ങളുമായോ കാര്യമായ ബന്ധമില്ലാത്തതും ഒട്ടേറെ തനത് പ്രത്യേകതകളും ചരിത്രവും ഉള്ളതുമായ സംസ്ഥാനമാണ് ബംഗാള്‍. ബംഗാളിയും അസമിയും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ പന്ത്രണ്ടോളം ഭാഷകളുടെ സാന്നിധ്യം. വാണിജ്യസംബന്ധിയായി ഏറെ പ്രധാനപ്പെട്ട സിലിഗുരി കോറിഡോര്‍. ഒഡിഷ, ബിഹാര്‍, ഝാർഖണ്ഡ്, സിക്കിം, അസം എന്നീ സംസ്ഥാനങ്ങളുമായും ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ വിദേശ രാജ്യങ്ങളുമായും അതിര്‍ത്തി തുടങ്ങിയ സങ്കീര്‍ണസാഹചര്യങ്ങള്‍ പണ്ടുതൊട്ടേ സംസ്ഥാനത്തുണ്ട്.
ഇങ്ങനെ ഭൂമിശാസ്ത്രപരമായും സാമൂഹികമായും വൈവിധ്യം പുലര്‍ത്തുന്ന ബംഗാളിന്‍റെ ചരിത്രമാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പരന്നതും സങ്കീര്‍ണവുമാണ്. വംഗം (Vanga), ഗൗഡം (Gauda), പുണ്ഡ്രവർധന (Pundravardhana) എന്നീ പേരുകളുണ്ടായിരുന്ന പുരാതനകാലം, മൗര്യ, ഗുപ്ത സമ്രാജ്യങ്ങളുടെ ഭരണം, ബൗദ്ധരുടെ പാലവംശം, ഹിന്ദുക്കളുടെ സേനവംശം, സുല്‍ത്താനേറ്റ് ഭരണകാലം, മുഗള്‍ഭരണം, 1690 മുതല്‍ ജോബ് കര്‍ണോക്കിന്‍റെ നേതൃത്വത്തിലുണ്ടായ കൃഷി, വാണിജ്യ, വ്യാപാരനേട്ടങ്ങള്‍, 1757ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നേരിട്ടുള്ള ഭരണം, 1772 മുതല്‍ 1911 വരെയുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണസിരാകേന്ദ്രം, കഴ്സണ്‍ പ്രഭുവിന്‍റെ നേതൃത്വത്തില്‍ 1905ല്‍ നടത്താന്‍ നോക്കിയ ബംഗാള്‍ വിഭജനം, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, ബംഗാളില്‍നിന്നും ദേശീയതലത്തിലേക്കുയര്‍ന്ന നേതാക്കളുടെ പ്രാധാന്യം, 1946ലെ വർഗീയ ലഹളകള്‍, 1947ലെ യഥാർഥ വിഭജനം, ഇന്ത്യ-ചൈന യുദ്ധം, ബംഗ്ലാദേശ് യുദ്ധം, ബംഗ്ലാദേശ് രൂപവത്കരണം, കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍റെ അധികാരത്തിലേറല്‍, ലോക രാഷ്ട്രീയഭൂപടത്തില്‍ നിര്‍ണായകമായി മാറിയ തെരഞ്ഞെടുപ്പുകള്‍, ഏറെക്കാലം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയും കക്ഷിയും (സി.പി.എം) എന്ന ചരിത്രപരമായ വിശേഷണം, ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടെയുള്ള സുപ്രധാനമായ നിയമനിർമാണങ്ങള്‍, ബ്രിട്ടീഷ് ഇന്ത്യന്‍ കാലം മുതലുള്ള ഹിന്ദു -മുസ്‍ലിം സമുദായഭിന്നിപ്പുകളുടെ മേല്‍ നേടിയ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍റെ വിജയം, താരതമ്യേന സമാധാനത്തെയും വികസനത്തെയും സംസ്കാരത്തെയും നഷ്ടപ്പെടുത്താതെ പരിപാലിച്ച 34 വര്‍ഷത്തിനുശേഷമുള്ള ഇടതുമുന്നണിയുടെ ഭരണത്തകര്‍ച്ച... ഇങ്ങനെ വളരെ ചുരുക്കിപ്പറഞ്ഞ ചരിത്രഘട്ടങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ബംഗാള്‍ നേരിടാന്‍ പോകുന്നത്.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുവെക്കാന്‍ സാധിക്കാത്തവിധം സമാനതകളില്ലാത്തതും പരന്നതും സങ്കീര്‍ണമായതുമെന്ന് വ്യക്തമാക്കിയ ഈ ചരിത്രസന്ധികളില്‍നിന്നും രൂപപ്പെടേണ്ടിയിരുന്ന ‘ബംഗാള്‍’ രൂപപ്പെടാതെ പോയതിനു പിന്നില്‍ ഇടതുപക്ഷത്തിന്‍റെ ജാഗ്രതക്കുറവും വീഴ്ചയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയും കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിനെ നിർജീവമാക്കി സ്വതന്ത്ര ഇന്ത്യ ഏതുവിധമാണ് മതേതര ജനാധിപത്യ പുരോഗമന രാജ്യമായി മാറേണ്ടതെന്നത് സംസ്ഥാന രാഷ്ട്രീയമാറ്റത്തിലൂടെ ബംഗാളിലെ ഇടതുമുന്നണി 21-06-1977 മുതല്‍ വ്യക്തമായി കാണിച്ചുകൊടുത്തതാണെങ്കിലും ഇന്ത്യന്‍ ഇടതുപക്ഷത്തിന് അത് രാജ്യമാകെ ശക്തിപ്പെടുത്താനോ നിലനിര്‍ത്താനോ സാധിച്ചില്ല. അവിടെനിന്നും കൂടുതല്‍ മോശമായ ബംഗാളിനെ സൃഷ്ടിക്കാനാണ് ഇന്ന് ബി.ജെ.പി ശ്രമിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ ടി.എം.സി ജയിച്ചാലും ബി.ജെ.പിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന മാരകമായ പ്രവണതകള്‍ക്ക് തടയിടാന്‍ മമതക്കാവുകയില്ല. എന്നുതന്നെയുമല്ല, അതേ വീഞ്ഞ് വേറെ കുപ്പിയിലാക്കുന്നതുപോലെ കുറച്ചെങ്കിലും ബി.ജെ.പിയുടെ നയങ്ങളെ പിന്‍പറ്റുകയുമാണ് ടി.എം.സി ചെയ്യുന്നത്. ഇനി ചെയ്യാന്‍ പോകുന്നതും അതായിരിക്കും. ഉദാഹരണത്തിന്, പുരി ജഗന്നാഥ ക്ഷേത്രത്തിന്‍റെ മാതൃകയില്‍ 25 ഏക്കറോളം സ്ഥലത്ത് ഇരുനൂറ്റിയമ്പതോളം കോടിരൂപ മുടക്കി നിർമിച്ച ഡിഗയിലെ ജഗന്നാഥ ക്ഷേത്രം. 2025 ഏപ്രിലില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ഈ ക്ഷേത്രം ബംഗാളിലെ ഹിന്ദുവോട്ടുകളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണല്ലോ. കൂടാതെ, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മാതൃകയില്‍ ബംഗാളിലെ രാമനെ പ്രതിഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്ന നാദിയ ജില്ലയിലെ ബംഗാളി രാം മന്ദിര്‍, ലോകത്തിലെ ഉയരം കൂടിയ മഹാകാളി പ്രതിമ, അന്തർദേശീയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുടങ്ങിയ വിശേഷണങ്ങളോടെ സിലിഗുരിയില്‍ വരാന്‍ പോകുന്ന മഹാകല്‍ മഹാതീർഥ ക്ഷേത്രം, ന്യൂടൗണില്‍ വരാന്‍ പോകുന്ന ദുര്‍ഗ അങ്കണ്‍ കോംപ്ലക്സ്, മായാപൂരില്‍ പണി നടക്കുന്ന വേദിക് പ്ലാനേറ്ററിയം, ഹൂഗ്ലിയില്‍ ഉദ്ദേശിക്കുന്ന ബഹുക്ഷേത്ര സമുച്ചയമായ ലാഹിരി ബാബ ആശ്രമം...
ഇതെല്ലാം ബി.ജെ.പിയുടെ ദേശീയ നയങ്ങളും ടി.എം.സിയുടെ സംസ്ഥാന താല്‍പര്യങ്ങളും തമ്മില്‍ അകലമില്ലെന്ന് ഉറപ്പിക്കുന്നതാണ്. അതായത് ടി.എം.സിക്ക് പതനം സംഭവിച്ചാല്‍ അവരുടെ വഴികളെ അൽപം ഭേദഗതികളോടെ ബി.ജെ.പിക്ക് പിന്തുടര്‍ന്നാല്‍ മതിയാകുമെന്ന മട്ടിലാണ് നിലവിലുള്ള സംസ്ഥാനരാഷ്ട്രീയം മുന്നോട്ടുനീങ്ങുന്നത്. ഇതുണ്ടാക്കുന്ന രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധി നിസ്സാരമല്ല. എന്നാല്‍, വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂര്‍മബുദ്ധി (കുബുദ്ധിയും) കാണിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളില്‍ ഒരാളായ മമത ബാനര്‍ജി, ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് കണ്ണും പൂട്ടി പറയാനും സാധിക്കില്ല. ബി.ജെ.പി വന്നാല്‍ നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നതോ, നിങ്ങളാഗ്രഹിക്കുന്നതോ ആയതെന്തോ അതിപ്പോഴേ നല്‍കുന്നു എന്നതാണ് മമതയുടെ നിലവിലുള്ള നയം. അതിനാല്‍ ബി.ജെ.പിക്ക് ഇടം കൊടുക്കേണ്ടതില്ലെന്ന് ഭൂരിപക്ഷം ഹിന്ദുവോട്ടുകളെ ലക്ഷ്യമിട്ട് മമത പറയാതെ പറയുന്നു.
സ്വാതന്ത്ര്യപൂർവ ബംഗാളില്‍ കരുത്താർജിച്ചുനിന്നിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍നിന്നും മായാന്‍ തുടങ്ങിയത് സിദ്ധാർഥ ശങ്കര്‍ റേയുടെ കാലം മുതലാണ്. പിന്നീടങ്ങോട്ട് 34 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം തീരുന്നതുവരെ പ്രതിപക്ഷത്തിരിക്കാനല്ലാതെ സംസ്ഥാനഭരണം പിടിക്കുന്നതിനുള്ള ഏതെങ്കിലും ശ്രമങ്ങള്‍ നടത്താന്‍ ബംഗാള്‍ കോണ്‍ഗ്രസിനായിട്ടില്ല.
2011 നുശേഷം ബംഗാള്‍ ഇടതുമുന്നണിയെയും ബംഗാള്‍ കോണ്‍ഗ്രസിനെയും ബാധിച്ച അമ്പരപ്പുകളും ശൂന്യതയും മാറാന്‍ തന്നെ വര്‍ഷങ്ങളെടുത്തു. അതിനുശേഷം, അതുവരെ വർഗശത്രുക്കളും രാഷ്ട്രീയ എതിരാളികളുമായി പോരടിച്ചുപോന്ന ബംഗാള്‍ ഇടതുമുന്നണിയും ബംഗാള്‍ കോണ്‍ഗ്രസും തമ്മില്‍ സംയോജിച്ച് 2016ലെയും 2021 ലെയും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് തീരുമാനിച്ചതും ഇരുകൂട്ടരെയും ബാധിച്ച ഈ അങ്കലാപ്പും അമ്പരപ്പും വീക്ഷണനഷ്ടവും കാരണമാണ്. രണ്ടു തെരഞ്ഞെടുപ്പുകളിലും ആ സഖ്യം ദയനീയമായ പ്രകടനം നടത്തി എന്നുമാത്രമല്ല, വോട്ടുശതമാനത്തില്‍ ഗണ്യമായ കുറവ് സമ്പാദിക്കുകയും ചെയ്തു. 2011ല്‍ 39 ശതമാനം വോട്ട് നേടിയ സി.പി.എമ്മിന് 2021ല്‍ അത് അഞ്ച് ശതമാനത്തിനു ചുവട്ടിലേക്ക് എത്തുന്നതു കാണേണ്ടിവന്നു.
സാധാരണക്കാരായ മനുഷ്യരുടെ വികാരം മനസ്സിലാക്കാതെ നടപ്പാക്കാനൊരുങ്ങിയ ഈ രാഷ്ട്രീയബാന്ധവം സമ്മാനിച്ച മുറിവുകളില്‍നിന്നും കരകയറാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസും ഇടതുമുന്നണിയും അതിലെ മുഖ്യകക്ഷിയായ സി.പി.എമ്മും ബംഗാളില്‍ കിണഞ്ഞുശ്രമിക്കുന്നത്. മമത ബാനര്‍ജിയുടെ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിട്ടുള്ളത് സൗത്ത് കൊല്‍ക്കത്ത ജില്ല അധ്യക്ഷന്‍ പ്രദീപ് പ്രസാദിനെയാണ്. ഇവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി, 2021 ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ്. നിലവില്‍ ബംഗാളിലെ പ്രതിപക്ഷനേതാവും ബി.ജെ.പിയുടെ അനിഷേധ്യ നേതാവുമായ സുവേന്ദു അധികാരിയും മമത ബാനര്‍ജിയും നേരിട്ടുനടത്തുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിനും പ്രദീപ് പ്രസാദിനും എന്തുചെയ്യാനാവുമെന്ന് കൂടുതല്‍ തല പുകക്കേണ്ടതില്ല. മമതയുടെ ഉറച്ച സീറ്റായ ഭവാനിപൂര്‍ നിലനിര്‍ത്താന്‍ ടി.എം.സിക്ക് അത്രയധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ല.
ഇത്തവണ കോണ്‍ഗ്രസിന്‍റെ അധീര്‍ രഞ്ജന്‍ ചൗധരിയും മത്സരരംഗത്തുണ്ട്. ബഹ്റാംപൂര്‍ സീറ്റില്‍നിന്നു മത്സരിക്കുന്ന മുതിര്‍ന്ന നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ സാന്നിധ്യം എന്നത് കോണ്‍ഗ്രസ് മത്സരരംഗത്തുണ്ട് എന്ന പ്രതീതിയുണ്ടാക്കാന്‍ സഹായകമായിട്ടുണ്ട് എന്നതിനപ്പുറം നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. മാല്‍തിപൂരില്‍ മുന്‍ എം.പി മൗസം നൂര്‍, അസന്‍സോള്‍ സൗത്തില്‍ സൗവിക് മുഖര്‍ജി, അസന്‍സോള്‍ നോര്‍ത്തില്‍ പ്രസേന്‍ജിത് പുയിതാണ്ടി, ഡാര്‍ജീലിങ്ങില്‍ മാധവറായ്, സുജാപൂരില്‍ അബ്ദുൽ ഹന്നാന്‍, ദം ദമ്മില്‍ സുസ്മിത ബിശ്വാസ്, ഡയമണ്ട് ഹാര്‍ബറില്‍ ഗൗതം ഭട്ടാചാര്യ എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായി ജനവിധി തേടുന്നുണ്ട്. 294 സീറ്റുകളിലും ഇത്തവണ ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന് പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളെ മാനിച്ചും മമത ബാനര്‍ജി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ടും കുറച്ചു സീറ്റുകളെങ്കിലും പിടിക്കാനായാല്‍പ്പോലും അത് വിജയമാകും. എന്നാല്‍, ഈ മാർഗം അത്രയെളുപ്പമുള്ളതല്ലെന്ന് കോണ്‍ഗ്രസിനും അറിയാം.
തെരഞ്ഞെടുപ്പുരംഗത്തെ ഇത്തവണ തീക്ഷ്ണമാക്കുന്നത് ബംഗാളില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ നടക്കുന്ന പോരാട്ടംതന്നെയാണ്. സമ്പൂര്‍ണ സവര്‍ണ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റണമെന്ന ലക്ഷ്യത്തോടെ നിയമനിർമാണവും നയങ്ങളും കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ തലവേദനയായി മാറുന്നതു പലപ്പോഴും ടി.എം.സിയും മമത ബാനര്‍ജിയുമാണ്. Special Intensive Revision (SIR) സംസ്ഥാനത്ത് നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി എടുത്ത നിലപാടുകളും എതിര്‍പ്പുകളും സംസ്ഥാനത്തൊട്ടാകെ ശ്രദ്ധനേടിയിട്ടുണ്ട്. ഇലക്ഷന്‍ കമീഷന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ കൈയിലെ പാവയാണെന്ന ടി.എം.സിയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ അവരെ സഹായിക്കുമെന്നതില്‍ സംശയമില്ല. മാല്‍ഡയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം, മുര്‍ഷിദാബാദിലെ ടി.എം.സി നേതാവ് രാജു മൊണ്ടാല്‍ അടക്കം അനവധി നേതാക്കന്മാര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതടക്കമുള്ള സംഭവങ്ങള്‍, നിര്‍ഭയവും സുരക്ഷിതവുമായ വോട്ടെടുപ്പ് എന്ന കാരണം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമീഷന്‍ ഇടപെട്ട് നടപ്പാക്കിയ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുള്ളവയാണ്.
രാഷ്ട്രപതിഭരണം വന്നേക്കുമോ എന്ന ആശങ്കയാണ് ടി.എം.സിയും മമത ബാനര്‍ജിയും നേരിടുന്ന വര്‍ത്തമാനകാല വിപത്തുകളിലൊന്ന്. അതത്ര എളുപ്പമല്ലെങ്കിലും. ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്‍റെ അപ്രതീക്ഷിത രാജിയാണ് അതിന് വഴിവെച്ചിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള പശ്ചിമ ബംഗാളില്‍ നാലുവട്ടം രാഷ്ട്രപതിഭരണമുണ്ടായിട്ടുണ്ട്. സിദ്ധാർഥ ശങ്കര്‍ റേക്കുശേഷം ജ്യോതിബസു അധികാരത്തിലേറുന്നതുവരെയുള്ള ഇടക്കാലത്താണ് ഒടുവില്‍ രാഷ്ട്രപതി ഭരണം ബംഗാളിലുണ്ടായത്. ഈ കാലഘട്ടത്തിന്, അതായത് ജ്യോതിബസു മുതല്‍ ബുദ്ധദേബ് ഭട്ടാചാര്യ വരെയുള്ള കാലഘട്ടത്തിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നു എന്നതുമാത്രമല്ല പ്രത്യേകത, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബംഗാളിന് മേല്‍ക്കൈയും മേല്‍വിലാസവും സുസ്ഥിരതയും ഉണ്ടാക്കിക്കൊടുത്ത കാലഘട്ടംകൂടിയാണ് അത് എന്നതാണ്. പതിനേഴാം നൂറ്റാണ്ടു മുതല്‍ വിദേശാധിപത്യത്തിലേക്കും അതിന്‍റെ ഭാഗമായുള്ള അനവധി ചരിത്രമുഹൂര്‍ത്തങ്ങളിലേക്കും കടന്നുപോയ ബംഗാള്‍ 21ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്നത് അധഃപതനങ്ങളുടെയും അഴിമതി ഭരണത്തിന്‍റെയും അത്യന്തം മോശപ്പെട്ട സാഹചര്യങ്ങളിലാണ്.
വരള്‍ച്ച, വെള്ളപ്പൊക്കം, കൃഷിനാശം എന്നിവ നൂറ്റാണ്ടുകളായി ബംഗാള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മതിയായ ആഹാരം എന്നത് സ്വപ്നംപോലെ കാണുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഇന്നും ബംഗാളിലുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഏതുകാലത്തും ഭക്ഷണം രാഷ്ട്രീയവിഷയമായി ബംഗാളില്‍ ഉയരാറുണ്ട്. മാ, മാട്ടി, മാനുഷ് (Mother, Land, People) എന്ന വിഖ്യാതമായ മുദ്രാവാക്യത്തിലൂന്നിയാണ് മമത സംസ്ഥാനരാഷ്ട്രീയത്തിന്‍റെ അടിവേരിളക്കിയത്. ഇപ്പോഴും അതേ വൈകാരികതയോടെ മമത ‘മാ, മാട്ടി, മാനുഷ്’ മുദ്രാവാക്യമായി ഉയര്‍ത്തുന്നു. ഇക്കുറി ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ മുട്ടയും പാലും നിരോധിക്കുമെന്ന പ്രചാരണം അഴിച്ചുവിട്ട് ടി.എം.സിയും അതിനെ നിഷേധിച്ച് ബി.െജ.പിയും രംഗത്തിറങ്ങി. ബംഗാളില്‍ ബീഫ് പ്രധാനപ്പെട്ട ഭക്ഷണവസ്തുവല്ല പണ്ടുകാലം മുതലേ. അതിനാല്‍ ബീഫ് ഒരു വികാരമാക്കാന്‍ സാധിക്കുകയില്ല. ലക്ഷ്മിര്‍ ബന്ദര്‍പോലുള്ള സ്കീമുകളെയും ടി.എം.സി ജനസമക്ഷം വോട്ടിനായി വെക്കുന്നുണ്ട്. എന്നാല്‍, ലവ് ജിഹാദ്, ലാൻഡ് ജിഹാദ് പോലുള്ള വിഷയങ്ങളുമായി ബി.ജെ.പിയും ജനങ്ങള്‍ക്കുമുന്നില്‍ വോട്ടിനായി എത്തുന്നു.
ഇവിടെ സംഭവിക്കുന്ന രാഷ്ട്രീയവീഴ്ച എന്നത് ബംഗാള്‍ സംസ്ഥാനത്തിന്‍റെ സ്വത്വനഷ്ടമാണ്. എന്നാല്‍, അമ്മയും മണ്ണും മനുഷ്യരുമാണ് എന്‍റെ രാഷ്ട്രീയം എന്നു പറയുന്ന മമത ബാനര്‍ജിപോലും താന്‍ ശ്രദ്ധയൂന്നുന്നത് അതിന്‍റെ സ്വത്വ നിർമിതിയിലല്ല, രാഷ്ട്രീയനേട്ടങ്ങളിലാണെന്നത് മറച്ചുവെക്കുന്നു. ബംഗാളിന്‍റെ തനതായിരുന്ന മികച്ച വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്കാരം, സാഹിത്യം, മതാതീതമായ ആത്മീയത തുടങ്ങിയ അനേകം ഘടകങ്ങളുടെ രാഷ്ട്രീയവത്കരണമാണ് 2011നു ശേഷം ബംഗാള്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്. വലുപ്പത്തിലും ജനസംഖ്യയിലും ആദ്യത്തെ സ്ഥാനങ്ങളില്‍ വരുന്ന ബംഗാളിലെ ചെറുപ്പക്കാരെയും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കലാകാരന്മാരെയും പൊതുപ്രവര്‍ത്തകരെയും വിലക്കെടുക്കുകയാണ് അക്ഷരാർഥത്തില്‍ ടി.എം.സി ചെയ്തത്. ചെറുപ്പക്കാരുടെ കൂട്ടങ്ങളെ ‘ക്ലബുകള്‍’ എന്ന പേരിട്ടു വിളിക്കുകയും അവര്‍ക്ക് ഗ്രാന്‍റുകളും ഫണ്ടുകളും നല്‍കുകയും ചെയ്ത് ടി.എം.സിയുടെ അനൗദ്യോഗിക ഗുണ്ടാസംഘങ്ങളും പാര്‍ട്ടി ബ്രാഞ്ചുകളുമാക്കി മാറ്റി.
കഴിഞ്ഞ മൂന്നു ടേമുകളിലായി ടി.എം.സിക്ക് ഭരണം നേടിക്കൊടുത്തതിലും ഭരണം ഉറപ്പിച്ചുനിര്‍ത്തിയതിലും അഴിഞ്ഞാടാനും ഏത് ആക്രമം കാണിക്കാനും അനുവാദമുള്ള ഈ ഗുണ്ടാ ചെറുപ്പക്കാരുടെ പങ്ക് ചെറുതല്ല. നിരന്തരം സര്‍ക്കാര്‍ പരിപാടികളും പെന്‍ഷനും നല്‍കി കലാകാരന്മാരെ കൂടെ നിര്‍ത്തിയ ടി.എം.സി ആത്മാഭിമാനവും കഴിവുമുള്ള കലാകാരന്മാരെയും കലാപ്രവര്‍ത്തകരെയും അവഗണിക്കുകയും ക്രമേണ അവരുടെ നിലനിൽപ് പ്രതിസന്ധിയിലാക്കുകയും ചെയ്തു. നിലവില്‍ ബംഗാളിലെ ചലച്ചിത്രമേഖല അതിന്‍റെ പ്രൗഢി കൈവിട്ടുകഴിഞ്ഞു. കഴിവുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ മുംബൈയിലേക്ക് കളം മാറ്റി. സംസ്ഥാനത്ത് നില്‍ക്കുന്നവരാകട്ടെ കോർപറേറ്റുകളുടെയും ബിനാമികളുടെയും പണാധിപത്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകക്കുകയും ചെയ്യുന്നു. അത് മേല്‍ക്കൈയുണ്ടായിരുന്ന ഉപരിവർഗത്തിലെ ബുദ്ധിജീവികളില്‍ കാര്യമായ സ്വാധീനമായിട്ടുണ്ട്. എന്നാല്‍, മമതയും ടി.എം.സിയും കൈയൂക്കുകൊണ്ട് അതിനെയും അമര്‍ച്ചചെയ്യുന്നു.
കൊല്‍ക്കത്ത നഗരവാസികളുടെ വലിയ പ്രതിസന്ധി വര്‍ഷങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുന്നേ വന്നുകയറി ബംഗാളികളായവരുടെ പില്‍ക്കാലതലമുറയുണ്ടാക്കുന്ന സ്വത്വനഷ്ടങ്ങളാണ്. ഒപ്പം തനിബംഗാളികളുടെ പിന്മുറക്കാരുടെ വിദേശ കുടിയേറ്റങ്ങളും. അഞ്ചോളം അയല്‍സംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല, പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍നിന്നും വ്യാപകമായ കുടിയേറ്റം ബംഗാളിലേക്കുണ്ടായിട്ടുണ്ട്. എന്നാലും എല്ലാവരെയും ഉള്‍ക്കൊള്ളാനും വലിയ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാനും സമീപഭൂതകാലം വരെ ബംഗാളികള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ചുവടുറപ്പിക്കല്‍, സംസ്ഥാന രാഷ്ട്രീയത്തിലെ ഇടതുരാഷ്ട്രീയ സംഘടനകളുടെ മുനയൊടിയല്‍, ടി.എം.സിയുടെ അധികാരരാഷ്ട്രീയ സ്വാധീനം തുടങ്ങിയ ഘടകങ്ങളാല്‍ സംജാതമായത് ഉത്തരേന്ത്യന്‍ ജീവിതമാതൃകയും രാഷ്ട്രീയമാതൃകയുമാണ്. അതാണ് ഇന്ന് ബംഗാളില്‍ നടപ്പാകുന്നത്. ഉദാഹരണത്തിന് ഹോളി, ഗണപതി പൂജ തുടങ്ങിയ ആഘോഷങ്ങളുടെ പ്രാധാന്യപ്പെടല്‍, പൊതുചടങ്ങുകളിലേക്ക് കൂടുതലായി കയറിവന്ന ഹിന്ദു ആചാരങ്ങളുടെ സാന്നിധ്യം തുടങ്ങിയവ.
ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരങ്ങളിലും സംസ്ഥാനരാഷ്ട്രീയത്തിലും ശ്രദ്ധ പതിപ്പിച്ച മുന്‍കാല ബംഗാളി നേതാക്കളെല്ലാം വിദേശ വിദ്യാഭ്യാസ പരിചയമുള്ളവരും ഉന്നതനിലയില്‍ പഠനം പൂര്‍ത്തിയാക്കി ഏറ്റവും ഉയര്‍ന്ന പദവികളിലും ജോലികളിലും ഇരുന്ന് രാഷ്ട്ര സേവനവും സമുദായ സേവനവും നടത്തിയിട്ടുള്ളവരുമാണ്. രാജ്യം ശ്രദ്ധിച്ച യൂനിവേഴ്സിറ്റികള്‍, മെഡിക്കല്‍ കോളജുകള്‍, പൊലീസിന്‍റെ കുറ്റാന്വേഷണവൈദഗ്ധ്യം, രാഷ്ട്രീയം (ഭരണതന്ത്രജ്ഞരായ നേതാക്കള്‍) ആത്മീയത, സംഗീതം, സാഹിത്യം, സിനിമ. തുടങ്ങിയവയിലെല്ലാം അര്‍ബന്‍ പീപ്ള്‍ അഥവാ കൊല്‍ക്കത്താ നഗരവാസികള്‍ക്ക് ഇടവും പങ്കാളിത്തവുമുണ്ടായിരുന്നു. അല്ലെങ്കില്‍ കൊല്‍ക്കത്തയിലെ എലീറ്റ് പീപ്ള്‍ അഥവാ ഭദ്രലോക് അങ്ങനെയായിത്തീര്‍ന്നതിനു പിന്നില്‍ ഈ വലിയ നിര മഹദ് വ്യക്തികളുടെ സ്വാധീനമുണ്ടായിരുന്നു.
ഇടതു മുന്നണി അധികാരത്തിലിരുന്ന കാലം വരെ ബംഗാളില്‍ പടിപടിയായി വളര്‍ന്നതും നിലനിന്നതും പിന്നീട് അധോമുഖമായി മാറിയതുമായ സകലതും ഇന്നത്തെ നാഗരിക ബംഗാളിയെ നാണിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അവരില്‍ ഭൂരിഭാഗത്തിനും വയസ്സായിരിക്കുന്നു. അവരുടെ അനന്തരതലമുറകള്‍ മനസ്സു മടുത്തും ഗതി നഷ്ടപ്പെട്ടും സംസ്ഥാനം ഉപേക്ഷിച്ചിരിക്കുന്നു. ഗ്രാമങ്ങളിലെയും അതിര്‍ത്തികളിലെയും അതിദരിദ്രരും ദരിദ്രരും ജോലിതേടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുമ്പോള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ യൂറോപ്യന്‍ നഗരങ്ങളിലേക്കും ഡല്‍ഹിയും പുണെയുംപോലുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കും രക്ഷപ്പെടുന്നു. ഇങ്ങനെ രൂപപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ അധഃപതനവും വളര്‍ച്ച നഷ്ടവും സംസ്ഥാനത്തെ അക്രമം, അച്ചടക്കമില്ലായ്മ എന്നിവ നിറഞ്ഞതും സ്വൈര ജനജീവിതം ഇല്ലാത്തതുമായി മാറ്റി.
അടിസ്ഥാനപരമായി ഇടത് മനസ്സുള്ള ജനതയാണ് ബംഗാളി. അതിനു കാരണമായി, അവരെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളായ സംഗീതം, തത്ത്വചിന്ത, ആത്മീയത, കല, സാഹിത്യം, ദേശീയനേതാക്കളുടെ സ്വാധീനം എന്നിവ പറയാന്‍ സാധിക്കും. രവീന്ദ്രനാഥ ടാഗോര്‍, കാസി നസ്റുൽ ഇസ്‍ലാം, ബങ്കിം ചന്ദ്ര ചതോപാധ്യായ, ശരത് ചന്ദ്ര ചതോപാധ്യായ, മൈക്കിള്‍ മധുസൂദന്‍ ദത്ത, നേതാജി സുഭാഷ് ചന്ദ്രബോസ്, രാജാറാം മോഹന്‍ റായ്, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, അരബിന്ദോ ഘോഷ്, ശൈഖ് മുജീബുര്‍റഹ്മാന്‍, സ്വാമി വിവേകാന്ദന്‍, ആചാര്യ ജഗദീഷ് ചന്ദ്രബോസ്, ആചാര്യ പ്രഫുല്ല ചന്ദ്ര റേ, അമര്‍ത്യ സെന്‍, സത്യജിത് റായി, പണ്ഡിറ്റ് രവിശങ്കര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശാരദാദേവി, മദര്‍ തെരേസ, ബീഗം റുഖിയ ഇങ്ങനെ അനവധി മഹാസാരഥികളുടെ കരുത്തില്‍ രൂപപ്പെട്ടുവന്ന മഹത്തായതും ബഹുശാഖികളുള്ളതും സഹിഷ്ണുതയുള്ളതുമായ സംസ്കാരമാണ് ബംഗാള്‍ സംസ്കാരം എന്നപേരില്‍ ഇന്ത്യയിലുടനീളം അറിയപ്പെട്ടിരുന്നത്. അതിനെ നിലനിര്‍ത്തുന്നതിലും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിലും ജാഗ്രത കാണിച്ചുപോന്നത് മുഖ്യമായും ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മറ്റ് മുന്നണി കക്ഷികളുമാണ്. അതിനാണ് ടി.എം.സി വിള്ളല്‍ വീഴ്ത്തിയതും അതിനെ ഏറ്റെടുത്ത് ബി.ജെ.പി വലിയ മുറിവുകളാക്കാന്‍ നോക്കുന്നതും.
ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ചരിത്രമാണ് ബംഗാളിനുള്ളത് എന്നതാണ് ഭയപ്പെടുത്തുന്ന വര്‍ത്തമാനകാല രാഷ്ട്രീയം. അതിന് സഹായകമാകുന്ന വിധത്തില്‍ ക്രമസമാധാനനിലയെയും ആഭ്യന്തര സുരക്ഷയെയും തകർക്കുന്ന ഭരണമാണ് ടി.എം.സി കാഴ്ച വെക്കുന്നതും. മുന്‍കാല തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നാമനിർദേശപത്രിക സമര്‍പ്പിക്കാന്‍ എതിര്‍സ്ഥാനാർഥികള്‍ക്ക് അവസരം കൊടുക്കാതെ എതിരില്ലാതെ ജയിച്ചും എതിര്‍സ്ഥാനാർഥികളുണ്ടായിരുന്നിടത്ത് സര്‍ക്കാര്‍ സംവിധാനവും പാര്‍ട്ടി സംവിധാനവും ഗുണ്ടായിസവും ഉപയോഗിച്ചും ടി.എം.സി മൃഗീയഭൂരിപക്ഷം നേടുകയും ചെയ്തിട്ടാണ് ഭരണം നിലനിര്‍ത്തിയിട്ടുള്ളത്. ഈ സാഹചര്യം നേരിട്ടു മനസ്സിലാക്കുന്ന അവശേഷിക്കുന്ന ഭദ്രലോകും ബംഗാള്‍ ഗ്രാമവാസികളും ഇടതുമുന്നണി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ആ ആഗ്രഹം വെറും ആഗ്രഹം മാത്രമാണെന്ന് പാര്‍ട്ടിക്കും അണികള്‍ക്കും അറിയാം. കാരണം ഭയമാണ്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ടി.എം.സി. അവരെ എതിരിടാന്‍ സാധിക്കുക ബി.ജെ.പിക്കുമാത്രമാണ്.
സമാധാനവും പഴയ ബംഗാള്‍ സംസ്കാരവും തിരികെ വരണമെന്നാഗ്രഹിക്കുന്ന, ബംഗാളിയെ ബംഗാളിയാക്കിയിരുന്ന മൂല്യങ്ങളെല്ലാം സംസ്ഥാനത്ത് നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന വോട്ടര്‍മാര്‍ ഇന്ന് നിശ്ശബ്ദരാണ്. അവര്‍ കണ്ണീരോടെ, ജീവനെ ഭയന്ന് ടി.എം.സിക്ക് വോട്ടുചെയ്യുന്നു. ദുർഗയുടെ പ്രതിരൂപമായി ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം പയറ്റുന്ന മമത ബാനര്‍ജിയുടെ മയക്കുപൊടിയില്‍ വീണുകഴിഞ്ഞ ഒട്ടുമുക്കാലും സ്ത്രീകള്‍ രാഷ്ട്രീയമായിട്ടല്ല, വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്ന കുഴപ്പവുമുണ്ട്. കിട്ടുന്ന സൗജന്യങ്ങളിലും നേട്ടങ്ങളിലും അവര്‍ ഒന്നടങ്കം മമതയുടെ ഒപ്പം നില്‍ക്കുന്നു. ഇതിനെ അടയാളപ്പെടുത്താനും തിരുത്താനും കഴിയുന്നത് ഇടതുപക്ഷത്തിനാണെങ്കിലും വാസ്തവത്തില്‍ ഈ തെരഞ്ഞെടുപ്പ് ബംഗാള്‍ ഇടതുമുന്നണിയുടെ കന്നിതെരഞ്ഞെടുപ്പാണെന്ന് സമ്മതിക്കേണ്ടിവരും. 2016 ഉം 2021 ഉം കോണ്‍ഗ്രസിനൊപ്പം മത്സരിച്ച് ജനങ്ങളോട് പരാജയപ്പെട്ട ഇടതുമുന്നണി, പ്രത്യേകിച്ചും സി.പി.എം, ബംഗാളില്‍ രണ്ടാംഘട്ട പാര്‍ട്ടി പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്.
2011ലെ തോല്‍വിയോടെ എന്തുചെയ്യണമെന്നറിയാതെ പ്രതിപക്ഷത്തേക്ക് ഒതുങ്ങിപ്പോകുകയും പ്രതിപക്ഷത്തിരുന്നും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് ദിശയില്ലാതെ നീങ്ങുകയും ഒടുവില്‍ കടുംപിടിത്തങ്ങളും ശീലങ്ങളും ഒഴിവാക്കിയും യാഥാർഥ്യങ്ങളോട് മനസ്സില്ലാമനസ്സോടെ പൊരുത്തപ്പെട്ടും പോരാട്ടത്തിനിറങ്ങുന്ന പാര്‍ട്ടിയായി ഇന്നത്തെ ബംഗാളിലെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. യുവാക്കളെ സംഘടിപ്പിച്ചും യുവ നേതൃത്വത്തിലൂടെയും പ്രാഥമിക പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി മുന്നേറാന്‍ ശ്രമിക്കുന്നതിന്‍റെ ഫലം ഈ തെരഞ്ഞെടുപ്പില്‍ അറിയാം. കഴിഞ്ഞ തവണത്തെ അഞ്ചുശതമാനം വോട്ടുനില ഉയര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും ഏതാനും സീറ്റുകള്‍ പിടിച്ചാല്‍പ്പോലും അത് പാര്‍ട്ടിയുടെ തിരിച്ചുവരവിന്‍റെ സൂചനയായി കാണാനാവും.
െപാളിറ്റ് ബ്യൂറോ മെംബറും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീം, മുതിര്‍ന്ന നേതാക്കളായ ബിമന്‍ ബസു, സൂര്‍ജ്യ കാന്ത മിശ്ര, രാം ചന്ദ്ര ഡോം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരൊക്കെ ഉണ്ടെങ്കിലും ഇന്നാവശ്യം മമത ബാനര്‍ജിക്കും അവരുടെ പടക്കും എതിരെ നില്‍ക്കാന്‍ പോന്ന കരുത്തുറ്റ നേതൃത്വമാണ്. മീനാക്ഷി മുഖര്‍ജി, ഐഷി ഘോഷ്, ശ്രീജന്‍ ഭട്ടാചാര്യ, ദീപ്സിത ധര്‍, കലതന്‍ ദാസ് ഗുപ്ത ഉള്‍പ്പെടെയുള്ള യുവപോരാളികളെ മുന്‍നിര്‍ത്തി സി.പി.എം ബംഗാളില്‍ നടത്തുന്ന പോരാട്ടങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബംഗാളികള്‍ കൂടിവരുന്നു എന്നത് സത്യമാണെങ്കിലും അത് വോട്ടാകാന്‍ എത്ര കാലമെടുക്കും എന്നത് പ്രവചിക്കാന്‍ സാധിക്കുന്ന ഒന്നല്ല.
തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടക്കുമ്പോള്‍ അതെത്രത്തോളം സമാധാനപൂര്‍ണവും അച്ചടക്കം നിറഞ്ഞതുമായിരിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ആശങ്കയുണ്ടാക്കുന്നത്. എങ്ങനെയും അധികാരത്തുടര്‍ച്ച സാധ്യമാക്കി ദേശീയ പാര്‍ട്ടിയായി വളരാന്‍ ടി.എം.സിയും ഏതുവിധത്തിലും ഭരണം പിടിക്കാനും അല്ലെങ്കില്‍ 130 സീറ്റെങ്കിലും പിടിക്കാനും ബി.ജെ.പിയും നടത്തുന്ന ശ്രമങ്ങള്‍ ഏതറ്റം വരെയും പോകുമെന്നതില്‍ തര്‍ക്കമില്ല. ഇതിനിടയില്‍ അശാന്തമാകുന്നത് ജനജീവിതമാണ്. സാധാരണക്കാരായ മനുഷ്യര്‍ സമാധാനം മതി എന്ന മട്ടില്‍ ഒരിടത്തേക്കും പോകാനാവാതെ നിശ്ചലരാകുന്നു.
നിലവില്‍ ദരിദ്രർ കൂടുതല്‍ ദരിദ്രരാവുകയും പണവും അധികാരവുമുള്ളവര്‍ കൂടുതല്‍ അതുള്ളവരായി മാറുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിനിടയില്‍ വോട്ടര്‍മാര്‍ക്ക് കിട്ടിയ സൗജന്യങ്ങളും വിഹിതമായും അവിഹിതമായും വിതരണം ചെയ്യപ്പെടുന്ന പണവും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന മത-ദൈവ വിശ്വാസങ്ങളും ഭിന്നിപ്പു രാഷ്ട്രീയവും വർഗീയ പ്രചാരണങ്ങളും മൊത്തത്തില്‍ അന്തരീക്ഷത്തില്‍ കനത്തുനില്‍ക്കുന്ന പലതരം നിശ്ശബ്ദമായ ഭീഷണികളും ബംഗാള്‍ രാഷ്ട്രീയത്തെ പ്രവചനാതീതമാക്കുന്നു. ബംഗാളില്‍ നീലയും വെള്ളയും പടരുമോ അതോ കാവി നിറം പുരളുമോ എന്ന് മേയ് നാലിന് അറിയാം. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ഇടതുപക്ഷം തിരിച്ചുവന്നില്ലെങ്കില്‍ ഈ ബംഗാള്‍ ഇനിയെത്രനാള്‍ എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.