നൂ​റ്റാ​ണ്ടി​ന്റെ ന​ട​ക​ളി​ൽ, യാ​ത്രാ​വി​വ​ര​ണം, പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, മാ​തൃ​ഭൂ​മി ബു​ക്സ് 

ഒരു സഞ്ചാരിയുടെ മനസ്സിനൊപ്പം

‘യാത്ര തുടങ്ങുമ്പോൾ വഴികൾ തുറക്കപ്പെടും’ എന്ന, ജലാലുദ്ദീൻ റൂമിയുടെ വരികൾ ആമുഖമായി ചേർത്ത ഒരു പുസ്തകം വന്നിരിക്കുന്നു. ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങളെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുന്ന പി.എസ്. കൃഷ്ണകുമാറിന്റേതാണ് കൃതി. അത് ചരിത്രവും യാത്രയും അനുഭവവും കൂട്ടിക്കലർത്തി ഒരു പ്രത്യേക നിറക്കൂട്ടുണ്ടാക്കിയിരിക്കുകയാണ്. ‘നൂറ്റാണ്ടുകളുടെ നടയില്‍’, ഒരേ സമയം യാത്രയും ചരിത്രയാത്രയും ജീവിതയാത്രയുമാണത്. എന്നാൽ, ഒടുങ്ങാത്ത സൗഹൃദത്തിന്റെ മൂന്നു കുട്ടികളെ പരിചയപ്പെടുത്തുന്ന (അല്‍ അമീനും സുഹൈലും റാഫിയും) വിവരണം കൂടിയാണ്. സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ജനിതകരോഗ ബാധിതനാണ് കൃഷ്ണകുമാർ. ‘അസാധ്യമായി ഒന്നുമില്ല’ എന്നതാണ് ഈ എഴുത്തുകാരന്റെയും പ്രചോദനവാക്യം.

കൃഷ്ണകുമാറിന്റെ കൃഷ്ണമണിയുടെ ചലനത്താൽ അക്ഷരങ്ങളെ വിന്യസിച്ച് എഴുതി പൂര്‍ണതയിലെത്തിച്ച ഈ പുസ്തകം പല അടരുകളുള്ള വിജ്ഞാന ഗ്രന്ഥവുമാണ്. ഒരുക്കം മുതൽ പൂർണം വരെ പതിനാറധ്യായത്തിലൂടെ വൈയക്തികവും ചരിത്രപരവുമായ അനുഭവം പങ്കുവെക്കുന്നു. പുനലൂർ തൂക്കുപാലം, ആദികൈലാസ ക്ഷേത്രം, മീനാക്ഷിക്ഷേത്രം, ആയിരം കൽമണ്ഡപം, ഭൂഗോൾ ചക്ര, താമരക്കുളം, തഞ്ചാവൂർ, രായർ ഗോപുരം, ത്യാഗരാജ സമാധി മന്ദിരം, തിരുവായൂർ ബൃഹദീശ്വര ക്ഷേത്രം, വാസ്തുശിൽപാത്ഭുതമായ ബൃഹദീശ്വര വിമാനം, നിഴൽ വീഴാത്ത ഗോപുരം, കല്ലണൈ ഡാം, രാമനാഥ പുരം, രാമേശ്വരം അബ്ദുൽ കലാം മെമ്മോറിയൽ, പവിഴപ്പുറ്റിനാൽ സമ്പന്നമായ ധനുഷ്കോടി ഇങ്ങനെ ചരിത്രത്തിലൂടെയുള്ള സഞ്ചാരം നമ്മുടെ യാത്ര കൂടിയാവുന്നു.

ചരിത്രമാണ് കൃഷ്ണകുമാറിനിഷ്ട വിഷയം. ‘ചരിത്രം ഓർമകളേക്കാൾ മറവികളാണ് കൂടുതലും സമ്മാനിക്കുന്നത്’ എന്ന് ഒരു സന്ദർഭത്തിൽ ഗ്രന്ഥകാരൻ പറയുന്നു. ചരിത്രവുമായി ബന്ധമുള്ള കാഴ്ചകളെ അക്കാദമിക് താൽപര്യത്തോടെ തന്നെ സമീപിക്കണം എന്ന നിഷ്ഠയുണ്ട് ഈ യാത്രാചരിത്രകാരന്. ചരിത്രത്തെ അനുഭവിപ്പിക്കുക എന്നതാണ് അതാസ്വാദ്യകരമാക്കാനുള്ള ലളിതമായ മാർഗം. അത് അന്വർഥമാക്കുന്നുണ്ട് കൃഷ്ണകുമാർ.

SMA ബാധിതർക്ക് അതിജീവനത്തിനും ക്ഷേമത്തിനും പ്രവർത്തിക്കുന്ന ‘മൈൻഡിന്റെ (MIND)സജീവ ഭാരവാഹിയാണ് എഴുത്തുകാരൻ. മൈൻഡിൽ 130 കുട്ടികളുടെ കൂട്ടമുണ്ട്. 700നുമേൽ ആളുകൾ സംഘടനയുടെ ഭാഗമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. പത്മശ്രീ എസ്. രാമകൃഷ്ണൻ സ്ഥാപിച്ച അമർ സേവാസംഘത്തെപ്പറ്റിയും ഒരിടം എന്ന സ്വപ്നപദ്ധതിയെപ്പറ്റിയും പുസ്തകത്തിലുണ്ട്. ശാരീരിക പരിമിതിയുണ്ട് എന്ന തങ്ങളുടേതല്ലാത്ത ഒറ്റക്കാരണത്താൽ കിട്ടാതെ പോകുന്നത് ഭരണ ഘടനാ ലംഘനമെന്നു വിളിക്കാം എന്നും പറയുന്നുണ്ട് പുസ്തകത്തിൽ.

കൃഷ്ണകുമാർ കാണുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവും സംസ്കാരവുമെല്ലാം വിവിധ ഉപാധികളിലൂടെ അന്വേഷിച്ച് മനസ്സിലാക്കി അതും എഴുതുകയാണ്. നാടിന്റെ രുചിയും അഭിരുചിയും തിരിച്ചറിഞ്ഞ് നമ്മെ രുചിപ്പിക്കുന്ന പ്രതിഭാവിലാസമാണ് ശ്രദ്ധേയം. സാന്ദർഭികമായി കഥകൾ ചേർത്ത് മധുരം കൂട്ടാനുള്ള പ്രത്യേക വിരുതും ആഖ്യാതാവിനുണ്ട്. സ്വയം വിമർശനാത്മകമായി കാര്യങ്ങളെ വിശദീകരിക്കാനുള്ള വലിയ മനസ്സ് ഈ സഞ്ചാരിക്കുണ്ട്. വെറും സ്ഥിതിവിവരക്കണക്കുകൾ നിരത്തുകയല്ല, സാഹിത്യ കൃതികളിലെയും സിനിമകളിലെയും സന്ദർഭങ്ങൾ യഥോചിതം ഉപയോഗിച്ച് സരസമാക്കുന്നുണ്ട് എഴുത്തുകാരൻ. ‘കാവേരിക്ക് എത്രയോ കഥകളുണ്ടാവും, അതിലൊന്നൂളിയിട്ടാൽ എത്രയോ വിശ്വസാഹിത്യത്തിന് പിറവി കൊടുക്കാൻ നമുക്കു കഴിയും’ എന്ന വാക്യം ശ്രദ്ധേയമാണ്. സാധാരണ വായനക്കാരൻ പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്ത നര്‍മം കലർന്ന ഭാഷാശൈലിയിലൂടെയാണ് ആഖ്യാനം മുന്നേറുന്നത്.

ആദ്യം സഞ്ചാരിയുടെ മനസ്സിലാണ് യാത്രയുണ്ടാകേണ്ടത്. ഈ മനോയാത്രയാണ് പിന്നീട് സാക്ഷാൽ യാത്രയായി സാക്ഷാത്കരിക്കുന്നത്. സമയക്ലിപ്തതയിൽ ഓരോ കാര്യവും നടത്തി മുന്നേറണം. സഞ്ചാരി+സമയം=സന്തോഷം എന്ന ഒരു സൂത്രവാക്യത്തിലേക്കാണ് യാത്രികൻ നമ്മെ കൊണ്ടെത്തിക്കുന്നത്. വ്യത്യസ്ത ദേശീയപാതകൾ, ഡ്രൈവിങ് എന്ന കല, തിമിംഗിലത്തിന്റെ ആത്മഹത്യ,

സിനിമ, സംഗീതം, സാഹിത്യം, വിശ്വാസം, തത്ത്വചിന്ത, രാഷ്ട്രീയം, ചരിത്രം, ധനതത്ത്വം എന്നിവയൊക്കെ കൂടാതെ മൊഴിമുത്തുകൾ പോലെ പെറുക്കിയെടുക്കാവുന്ന എത്രയോ വാക്യങ്ങളുമുണ്ട് ഈ കൃതിയിൽ. അതിൽ ചിലത്:

‘അധികാരം ഭ്രമമാണ്. അത് ബാധിച്ചാൽ തത്ത്വങ്ങളും ചിന്തകളുമൊക്കെ നിഴൽ വെട്ടങ്ങളിൽപ്പോലും പിന്നെ ഉണ്ടാകില്ല.’

‘സ്നേഹം എന്റെ ഉള്ളിലുണ്ടല്ലോ എന്ന പറച്ചിലല്ല, അനുഭവിപ്പിക്കലാണ് പ്രധാനം.’

‘നമ്മുടെ ദൈവസങ്കൽപങ്ങളെല്ലാം ഒന്നു പൊളിച്ചെഴുതേണ്ടതാണ്.’

‘ശ്വാസമെടുത്തുവിടുന്ന ഒരു നിമിഷം മാത്രമാണല്ലോ നമ്മുടേതായിട്ടുള്ളത്.’

യാത്രകളോളം വലിയ പാഠപുസ്തകമില്ലെന്നും ഓരോ യാത്രയും ഓരോ സർവകലാശാലയാണ് തുറന്നിടുന്നതെന്നും യാത്രയിൽ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും സഞ്ചാരസാഹിത്യകാരൻ പറയുന്നു. യാത്രാ പ്രതിസന്ധികളിലെ ഹരം ഈ യാത്രികൻ ആസ്വദിക്കുകയാണ് ചെയ്യുന്നത്.

വീൽചെയർ കടക്കാവുന്ന ഹോട്ടൽ മുറികളും വാഷ്റൂമുകളും എത്ര അനിവാര്യമെന്ന് ഈ സഞ്ചാരക്കുറിപ്പിലൂടെ കടന്നുപോകുമ്പോഴേ നമുക്കറിയൂ. പരിമിതികളെ മറന്ന് ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ പറ്റുന്ന സന്ദർഭങ്ങൾ പലതും കൃതിയിൽ വരുന്നുണ്ട്. പനി കലശലായിട്ടും മനഃശക്തിയോടെ ലക്ഷ്യങ്ങളെ കീഴടക്കുന്ന ഒരു പോരാളിയെയും നാം കാണുന്നു. നില തെറ്റിയാല്‍ താങ്ങിനിർത്താൻ നീണ്ടുവരുന്ന ഒരു കൈയുടെ സാന്നിധ്യത്തെ പ്രതീക്ഷിച്ചാണ് തന്റെ ജീവിതം ഇങ്ങനെ സാർഥകമാകുന്നതെന്ന് കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ‘ഞാന്‍ അനുഗൃഹീതനാണ്’ എന്ന് ശങ്കയേതുമില്ലാതെ പറയാൻ അദ്ദേഹത്തിനു കഴിയുന്നതുമങ്ങനെയാണ്. അച്ഛന്റെയും സഹോദരിയുടെയും അകാല വേർ പാട് കൃഷ്ണകുമാറിനെ തകർത്തെങ്കിലും ശ്രീലതാമ്മയുടെയും സുഹൃത്തുക്കളുടെയും കരുതൽ ഇവിടെവരെ എത്തിച്ചു. മനുഷ്യന്‍ മനുഷ്യനെ ചേര്‍ത്തുപിടിക്കേണ്ടതെങ്ങനെയെന്നും വെളിവാക്കുന്നു. ഒരു മോട്ടിവേഷന്‍ ക്ലാസിലെന്നവണ്ണം കാര്യങ്ങൾ വിശദീകരിക്കുന്ന ഘട്ടങ്ങളേറെയുണ്ട്. എഴുത്തുകാരൻ നിർത്തുന്നയിടത്തുനിന്ന് വായനക്കാരൻ ആരംഭിക്കണമെന്ന കൃഷ്ണകുമാർ പക്ഷം നമുക്കും സ്വീകരിക്കാം. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കെന്നപോലെ ഏതുതരം വായനക്കാരനും പ്രചോദനമേകും ഈ പുസ്തക വായന.

തയാറാക്കിയത്: ശശിധരൻ കുണ്ടറ

Tags:    
News Summary - With the mind of a traveler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.