‘ജാതി ഉന്മൂലന’ത്തിന്റെ 90 വര്‍ഷങ്ങള്‍

ജാതിക്കെതിരെ ഏറ്റവും ശക്തമായ പ്രതികരണങ്ങളിൽ ഒന്നാണ് അംബേദ്കർ രചിച്ച ‘ജാതി ഉന്മൂലനം’ എന്ന കൃതി. ആ രചനക്ക് 90 വയസ്സാകുന്നു. എന്തായിരുന്നു ആ കൃതിയുടെ രാഷ്ട്രീയ-സാമൂഹിക സംഭാവന, പ്രസക്തി? ജാതി സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നമായി ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ ഇടപെടുന്ന സന്ദര്‍ഭത്തിലാണ് അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ പുറത്തിറങ്ങിയിട്ട് 90 വർഷം തികയുന്നത്. അന്നുവരെ നിലനിന്നിരുന്ന/നിലനിര്‍ത്തിയ ജാത്യാധികാര നിർമിതികളെ ചോദ്യംചെയ്യുന്നു എന്നതിനാലാണ് ‘ജാതി ഉന്മൂലനം’ (Annihilation of caste) എന്ന അംബേദ്കറുടെ വിഖ്യാത കൃതി അത് അവതരിപ്പിക്കേണ്ട സ്ഥലത്ത് പ്രസംഗിക്കാനോ തുടര്‍ന്ന് അക്കാലത്ത്...

ജാതിക്കെതിരെ ഏറ്റവും ശക്തമായ പ്രതികരണങ്ങളിൽ ഒന്നാണ് അംബേദ്കർ രചിച്ച ‘ജാതി ഉന്മൂലനം’ എന്ന കൃതി. ആ രചനക്ക് 90 വയസ്സാകുന്നു. എന്തായിരുന്നു ആ കൃതിയുടെ രാഷ്ട്രീയ-സാമൂഹിക സംഭാവന, പ്രസക്തി?

ജാതി സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നമായി ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ ഇടപെടുന്ന സന്ദര്‍ഭത്തിലാണ് അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ പുറത്തിറങ്ങിയിട്ട് 90 വർഷം തികയുന്നത്. അന്നുവരെ നിലനിന്നിരുന്ന/നിലനിര്‍ത്തിയ ജാത്യാധികാര നിർമിതികളെ ചോദ്യംചെയ്യുന്നു എന്നതിനാലാണ് ‘ജാതി ഉന്മൂലനം’ (Annihilation of caste) എന്ന അംബേദ്കറുടെ വിഖ്യാത കൃതി അത് അവതരിപ്പിക്കേണ്ട സ്ഥലത്ത് പ്രസംഗിക്കാനോ തുടര്‍ന്ന് അക്കാലത്ത് അച്ചടിക്കാനോ കഴിയാതിരുന്നത്. ഈ കൃതിയുടെ രാഷ്ട്രീയമാണ് അത്തരമൊരു സാഹചര്യത്തെ സൃഷ്ടിച്ചത്. വിശാലമായ ആശയപ്രചാരണത്തിന്‍റെ ആവശ്യകതയെ മുന്നില്‍ കണ്ട അംബേദ്കര്‍ സ്വന്തം ചെലവില്‍ ആ കൃതി അച്ചടിച്ച് വിതരണം ചെയ്തു.

പുസ്തകം ഇറങ്ങിയ കാലത്തെപ്പോലെ ഇന്നും ഇന്ത്യയിലെ വരേണ്യ നിർമിത പൊതുമണ്ഡലത്തിലും ദലിത് കീഴാള സമൂഹങ്ങള്‍ക്കിടയിലും പുരോഗമന പക്ഷക്കാര്‍ക്കിടയിലും ഈ കൃതി സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം നല്‍കുന്നുണ്ട്. ഇത്തരം കൃതികള്‍ പുനര്‍വായനകള്‍ക്ക് വിധേയമാക്കേണ്ട സാമൂഹിക സന്ദര്‍ഭമാണ് സമകാലിക ഇന്ത്യയുടേത്. മോദിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ഹിന്ദുത്വ അജണ്ടകള്‍ (ഘര്‍വാപസി, ഗോവധ നിരോധനം, പൗരത്വഭേദഗതി ബില്‍, ലേബര്‍കോഡ്, എസ്.ഐ.ആർ, വിവിധ ഭരണഘടനാ ഭേദഗതികള്‍ക്കുള്ള ശ്രമം) നടപ്പാക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ജാതി ഉന്മൂലനത്തിന്‍റെ വായനകള്‍ വീണ്ടും പ്രസക്തമാകുന്നത്.

1936ല്‍ ആദ്യ പതിപ്പായി പുറത്തിറങ്ങിയ ‘ജാതി ഉന്മൂലന’ത്തിന്‍റെ തലക്കെട്ടിനെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോഴുമുണ്ട്. പേരിലെ മലയാള പരിഭാഷയെ സംബന്ധിച്ചാണിത്. ‘ജാതി ഉന്മൂലന’മാണോ ‘ജാതിനിർമൂലന’മാണോ എന്നതാണ് തര്‍ക്കപ്രശ്നം. ഈ കൃതിയുടെ പുനര്‍വായനക്ക് ഇത്തരം പ്രശ്നങ്ങള്‍ ഒരു തടസ്സമാകുന്നില്ല. കീഴാള, ദലിത് സമൂഹത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേല്‍ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കല്‍ സമൂഹം അടിച്ചേല്‍പിച്ചതെന്ന് ആഴത്തിലുള്ള പഠനങ്ങളിലൂടെ അംബേദ്കര്‍ കണ്ടെത്തുകയായിരുന്നു. ഒരു ആധിപത്യമെന്ന നിലയില്‍ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവര്‍ണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്‍റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കര്‍ കണ്ടത്.

ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിട്ടും ‘ജാതി ഉന്മൂലന’ത്തെ മറികടക്കാന്‍ അവക്കൊന്നും ഇപ്പോഴും കഴിയുന്നില്ല. ഗാന്ധിക്കുപോലും ‘ഹരിജനി’ല്‍ ഈ കൃതിക്കെതിരെ ലേഖനം എഴുതേണ്ടി വന്നതും ഈ അർഥത്തിലാണ്. ‘ജാതി ഉന്മൂലന’ത്തെക്കുറിച്ച് ഏതെങ്കിലും സമയത്ത് ചര്‍ച്ച ഉയര്‍ന്നുവന്നാല്‍ അത് വലിയ സംവാദത്തിന്‍റെ സാധ്യതകളെയാണ് തുറന്നുവെക്കുന്നത്. ഒരു പുസ്തകത്തെ അത്രമാത്രം ഭയക്കുന്ന ഒരു പിന്തിരിപ്പന്‍ സമൂഹം ഇന്ത്യയിലുണ്ട് എന്നതാണ് യാഥാർഥ്യം. ഇത്തരത്തില്‍ ജാതി ഉന്മൂലനം ഏതെങ്കിലും തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതാണ് ഈ പുസ്തകത്തിന്‍റെ വിജയവും.

‘ജാതി ഉന്മൂലനം’ രചിക്കാനിടയായ സാഹചര്യത്തിനു പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. ഹിന്ദുമതത്തില്‍ പരിഷ്കരണം വേണമെന്ന ആശയം മുന്നോട്ടുവെച്ച് ആര്യസമാജത്തിലെ പുരോഗമന ചിന്താഗതിക്കാരാല്‍ രൂപവത്കൃതമായ സംഘടനയാണ് ജാത്-പാത് തോഡക് മണ്ഡല്‍. ഈ സംഘടനയുടെ വാര്‍ഷിക സമ്മേളത്തില്‍ പ്രഭാഷണം നടത്താന്‍ 1935 ഡിസംബറില്‍ അംബേദ്കറെ ക്ഷണിച്ചു. സംഘടനയുടെ സെക്രട്ടറി സന്ത് റാം മണ്ഡലാണ് അംബേദ്കറെ പരിപാടിയിലേക്ക് വിളിച്ച് കത്തയച്ചത്. ആദ്യം അംബേദ്കര്‍ ഇത് നിരസിച്ചെങ്കിലും മണ്ഡലിന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ക്ഷണം സ്വീകരിച്ചു. 1936 ഏപ്രില്‍-മേയ് മാസങ്ങളിലായാണ് പരിപാടി നിശ്ചയിച്ചത്. പ്രഭാഷണം നേരത്തേ മാധ്യമങ്ങള്‍ക്കു നല്‍കേണ്ടതിനാല്‍ അതിന്‍റെ കോപ്പി അയച്ചുകൊടുക്കാന്‍ മണ്ഡല്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ പ്രഭാഷണത്തിന്‍റെ കരട് അച്ചടിച്ച് അയച്ചുകൊടുത്തു. ആദ്യഭാഗം വായിച്ച് അനുകൂലമായി പ്രതികരിച്ചെങ്കിലും അവസാനഭാഗത്തെ അംബേദ്കറിന്‍റെ നിരീക്ഷണങ്ങളോട് മണ്ഡലിന് യോജിക്കാന്‍ കഴിഞ്ഞില്ല. പ്രഭാഷണത്തിലെ ‘വേദം’ എന്ന പദവും ‘മതംമാറ്റ’വുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും മാറ്റണമെന്ന് മണ്ഡല്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ അതിന് തയാറായില്ല. അങ്ങനെ സമ്മേളനം നടന്നില്ല.

ജാതിവ്യവസ്ഥയെ ചോദ്യംചെയ്യുന്ന സംഘടനയാണ് അവരുടേതെങ്കിലും ഹിന്ദുമതത്തിനെതിരായ അംബേദ്കറുടെ നിലപാട് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ ക്ഷണം നിരസിച്ചെങ്കിലും അംബേദ്കര്‍ ‘ജാതി ഉന്മൂലന’ത്തിന്‍റ പ്രവര്‍ത്തനത്തില്‍നിന്നും പുറകോട്ടുപോകാന്‍ തയാറായില്ല. കൃതി സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1936 മേയ് മാസത്തില്‍ കൃതിയുടെ ആദ്യ പ്രതി അച്ചടിച്ച് അംബേദ്കര്‍ വിതരണം നടത്തി. ദലിത്-കീഴാള സമൂഹങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശത്തോടെയാണ് ഈ കൃതിയെ സ്വീകരിച്ചത്. തുടര്‍ന്ന് നിരവധി പതിപ്പുകള്‍ വിവിധ ഭാഷകളിലായി പുറത്തിറങ്ങി. ഇന്ത്യയുടെ സാംസ്കാരിക മണ്ഡലത്തില്‍ ഈ കൃതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ വളരെ പ്രസക്തമായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിരവധി പേര്‍ രംഗത്തുവന്നു.

 

സന്ത് റാം മണ്ഡൽ

1936ല്‍ അംബേദ്കറെ ഖണ്ഡിച്ചുകൊണ്ട് ‘ഹരിജനി’ല്‍ രണ്ടു ലക്കങ്ങളിലായി ഗാന്ധി ലേഖനമെഴുതി. അതിന് അംബേദ്കര്‍ ദീര്‍ഘമായ മറുപടിയാണ് നല്‍കിയത്. ജാതി ഉന്മൂലനത്തിന്‍റെ രണ്ടാം പതിപ്പില്‍ അങ്ങനെ ഇവര്‍ തമ്മിലുള്ള സംവാദവും അദ്ദേഹം ഉള്‍പ്പെടുത്തി. ജാതിവ്യവസ്ഥയുടെ തീഷ്ണമായ അനുഭവങ്ങളില്‍ ദലിത്-കീഴാള സമൂഹങ്ങള്‍ ജീവിക്കുന്ന ഘട്ടത്തിലാണ് ‘ജാതി ഉന്മൂലനം’ എന്ന കൃതി പുറത്തിറങ്ങുന്നത്. അതാണ് അത്രമാത്രം കൃതിയെ സ്വീകരിക്കാന്‍ സാഹചര്യമൊരുക്കിയത്. അതുകൊണ്ടുതന്നെ അംബേദ്കറെപ്പോലെ ഇന്ത്യന്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ഇത്രമാത്രം ആഴത്തില്‍ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത മറ്റാരുമില്ല. അംബേദ്കര്‍ പറയുന്നു:

‘‘ജാതിവ്യവസ്ഥയെപ്പോലെ അവമതിക്കുന്ന സാമൂഹിക സംഘടന സമ്പ്രദായം മറ്റൊന്നുണ്ടാവാനിടയില്ല. ഈ ജാതിയെന്നത് ഉപയോഗപ്രദമായ പ്രവര്‍ത്തനത്തില്‍നിന്ന് ആളുകളെ അകറ്റുന്ന, തളര്‍ത്തുന്ന, അശക്തരാക്കുന്ന വ്യവസ്ഥയാണ്.’’ (ജാതി ഉന്മൂലനം) അതുകൊണ്ടാണ് ജാതി ഉന്മൂലനമെന്ന കാഴ്ചപ്പാട് അംബേദ്കര്‍ മുന്നോട്ടുവെച്ചത്.

അംബേദ്കറിന് മറുപടിയായി ഗാന്ധി പറയുന്നു: ഞാന്‍ കരുതുന്നത് ഹിന്ദു സമൂഹത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അത് ജാതിവ്യവസ്ഥയില്‍ സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ്. ഇതാണ് ജാതിയെ സംബന്ധിച്ച് ഗാന്ധിയുടെ കാഴ്ചപ്പാട്. എന്നാല്‍, എല്ലാ ജാതികളെയും തുല്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജാതികള്‍ നിലനില്‍ക്കുന്നിടത്തോളം ജാതി ബഹിഷ്കൃതരുമുണ്ടാകും. ജാതിവ്യവസ്ഥയുടെ നശീകരണമല്ലാതെ മറ്റൊന്നിനും ജാതി ബഹിഷ്കൃതരെ മോചിപ്പിക്കാനാവില്ല’’ എന്നായിരുന്നു അംബേദ്കറുടെ മറുപടി. അതിന് മുന്നില്‍ ഗാന്ധിയുടെ നിലപാട് പതറുകയായിരുന്നു.

എഴുതപ്പെട്ട കാലത്തില്‍വെച്ചുതന്നെ മരിച്ചുപോകാതെ ഒരു കൃതി ഇന്നും വായനയുടെ മണ്ഡലത്തില്‍ സംവാദത്തിന് കാരണമാകുന്നു എന്നതുതന്നെയാണ് ‘ജാതി ഉന്മൂലന’ത്തിന്‍റെ പ്രാധാന്യം. സമകാലികാവസ്ഥയില്‍ പുനര്‍വായനകളാണ് കൃതികളെ ഓർമയിലേക്ക് കൊണ്ടുവരുന്നത്. പുനര്‍വായന എന്നാല്‍ ആ കൃതിയെ വീണ്ടും കേവല പാരായണത്തിന് വിധേയമാക്കുക എന്നതുമാത്രമല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് വിശകലനം ചെയ്യുക എന്നതാണ്. ഈ കൃതി എഴുതപ്പെട്ട കാലത്തില്‍നിന്ന് വ്യത്യസ്തമായി സാമൂഹിക വ്യവസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ജാതി ഉന്മൂലനം എന്ന കൃതി ഏതു സമൂഹത്തെയാണോ അഡ്രസ് ചെയ്തത് അവരുടെ ജീവിതത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ജാതി ഉന്മൂലനത്തിലൂടെ പുതിയൊരു ജനാധിപത്യ വ്യവസ്ഥിതി സൃഷ്ടിക്കാന്‍ കഴിഞ്ഞോ എന്ന വലിയ ചോദ്യം ഇന്നും പ്രസക്തമാണ്. ആ അർഥത്തില്‍ ഈ കൃതി വീണ്ടും സംവാദങ്ങളെ സാധ്യമാക്കുന്നുണ്ട്.

‘ജാതി ഉന്മൂലന’വും അംബേദ്കറൈറ്റുകളും

‘ജാതി ഉന്മൂലനം’ എന്ന കൃതിയെക്കുറിച്ച് പ്രഭാഷണം നടത്തുകയും എഴുതുകയും ചെയ്യുന്ന അംബേദ്കറൈറ്റുകള്‍ പ്രായോഗിക ജീവിതത്തില്‍ ജാതി ഉന്മൂലനത്തിന് എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്നത് വിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്. ജാതിക്കെതിരെ നിലപാട് സ്വീകരിക്കുന്ന പുരോഗമനപക്ഷക്കാരും (കമ്യൂണിസ്റ്റുകള്‍, നക്സലൈറ്റുകള്‍, യുക്തിവാദികള്‍, സ്വതന്ത്രചിന്തകര്‍) ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ വിമര്‍ശനം ബാധകമാണ്. ബ്രാഹ്മണിക അധികാരനിര്‍മിതിയില്‍ രൂപപ്പെട്ട ജാതിയെ പ്രതിരോധിക്കാന്‍ ജാതി പറഞ്ഞുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്ന വാദം അംബേദ്കറൈറ്റുകള്‍ ഉയര്‍ത്താറുണ്ട്. പ്രത്യക്ഷത്തില്‍ ഇത് ശരിയാണെന്ന് തോന്നാമെങ്കിലും സവര്‍ണര്‍ ഉയര്‍ത്തുന്ന ജാതിവാദത്തിന് തുല്യമായ വാദമാണിതെങ്കില്‍ അംബേദ്കറുടെ നിലപാടിന് വിരുദ്ധമാണത്. ജാതി ഉന്മൂലനം ഒരു പ്രായോഗിക പരിപാടിയാണ്.

അത് എഴുത്തിലും പ്രഭാഷണത്തിലും മാത്രം കാണേണ്ട ഒന്നല്ല. മറിച്ച് ജീവിതത്തില്‍ നടപ്പാക്കേണ്ടതാണ്. അതിനർഥം സംവരണംപോലെയുള്ള ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കണമെന്നല്ല. അത്തരം കാര്യങ്ങളെ സ്വീകരിക്കുമ്പോള്‍ ജാത്യാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റി നിര്‍ത്താവുന്നതാണ്. ജാതിബദ്ധവും സ്ത്രീ വിരുദ്ധവും അന്ധവിശ്വാസങ്ങളെ ഉയര്‍പ്പിടിക്കുന്നതുമായ ജാതി, മതാചാരങ്ങളെ തിരസ്കരിക്കുന്നതിലൂടെ മാത്രമേ അംബേദ്കര്‍ മുന്നോട്ടുവെച്ച ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിയൂ. ജാതി ഒരു യാഥാർഥ്യമായിരിക്കെ ജാതിയെ നിർമിച്ചവര്‍ക്കും അതിന് ഇരയാക്കപ്പെട്ടവര്‍ക്കും ജാതി ഉന്മൂലനത്തില്‍ ഒരുപോലെ പങ്കുണ്ട്. ഒരു കൈയില്‍ ‘ജാതി ഉന്മൂലനം’ കൊണ്ടുനടക്കുന്നവര്‍ മറു കൈയില്‍ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ കരുതണം.

=========================

റഫറന്‍സ്

ജാതി ഉന്മൂലനം, ഡോ. ബി.ആര്‍. അംബേദ്കര്‍, (പരിഭാഷ: ആര്‍.കെ. ബിജുരാജ്) ഡി.സി ബുക്സ് കോട്ടയം.

അംബേദ്കര്‍, ഒരു പ്രബുദ്ധ ഇന്ത്യക്കായി, ഗയില്‍ ഓംവെദ്, പെന്‍ഗ്വിന്‍/മനോരമ. പരിഭാഷ: അജയ് പി. മങ്ങാട്ട്

ദലിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം ഡോ. പ്രദീപന്‍ പാമ്പരികുന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ഹിന്ദുമതത്തിന്‍റെ തത്ത്വശാസ്ത്രം, ഡോ. ബി.ആര്‍. അംബേദ്കര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.

ജാതിവ്യവസ്ഥ, റാം മനോഹര്‍ ലോഹ്യ, മാതൃഭൂമി ബുക്സ് കോഴിക്കോട്, പരിഭാഷ: വിനോദ് പയ്യട.

Tags:    
News Summary - Ambedkar’s Timeless Critique Against Brahminical Hegemony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.