പത്തുരൂപാ മായാജാലത്തിൽ വീണ മമതയും തോറ്റ ജനതയും വാഴുന്ന അധികാരിയും!

പശ്ചിമ ബംഗാളിൽ ബി.ജെ.പി ലക്ഷ്യം കണ്ടിരിക്കുന്നു. 15 വർഷത്തെ മമത ബാനർജിയുടെ ഭരണം അവസാനിച്ചു. ഈ വിജയത്തിനും പരാജയത്തിനും പിന്നിലെന്താണ്? ഇടതുപക്ഷം തിരിച്ചുവരുകയാണോ? ബംഗാളിൽ ദീർഘകാലമായി താമസിക്കുന്ന കഥാകൃത്തും നോവലിസ്റ്റുമായ ലേഖകന്റെ വിശകലനം. വെയിലും മഴയും മാറി മാറി കിട്ടുന്ന വൈശാഖ മാസത്തെ പുതുവർഷാരംഭമായിട്ടാണ് ബംഗാൾ കലണ്ടർ കണക്കാക്കുന്നത്. പുതിയ കാര്യങ്ങൾ തുടങ്ങാനും ചെയ്യാനും നല്ല മാസമായിട്ടാണ് ഏപ്രിൽ മധ്യം മുതൽ മേയ് മധ്യം വരെയുള്ള വൈശാഖത്തെ വിശ്വാസികൾ പരിഗണിക്കുന്നതും. അങ്ങനെ നോക്കുമ്പോൾ നല്ല നേരത്താണ് ബംഗാൾ മണ്ണിൽ ബി.ജെ.പി ഭരണത്തുടക്കം കുറിച്ചിരിക്കുന്നത്. 2026 ഏപ്രിലിൽ...

പശ്ചിമ ബംഗാളിൽ ബി.ജെ.പി ലക്ഷ്യം കണ്ടിരിക്കുന്നു. 15 വർഷത്തെ മമത ബാനർജിയുടെ ഭരണം അവസാനിച്ചു. ഈ വിജയത്തിനും പരാജയത്തിനും പിന്നിലെന്താണ്? ഇടതുപക്ഷം തിരിച്ചുവരുകയാണോ? ബംഗാളിൽ ദീർഘകാലമായി താമസിക്കുന്ന കഥാകൃത്തും നോവലിസ്റ്റുമായ ലേഖകന്റെ വിശകലനം.

വെയിലും മഴയും മാറി മാറി കിട്ടുന്ന വൈശാഖ മാസത്തെ പുതുവർഷാരംഭമായിട്ടാണ് ബംഗാൾ കലണ്ടർ കണക്കാക്കുന്നത്. പുതിയ കാര്യങ്ങൾ തുടങ്ങാനും ചെയ്യാനും നല്ല മാസമായിട്ടാണ് ഏപ്രിൽ മധ്യം മുതൽ മേയ് മധ്യം വരെയുള്ള വൈശാഖത്തെ വിശ്വാസികൾ പരിഗണിക്കുന്നതും. അങ്ങനെ നോക്കുമ്പോൾ നല്ല നേരത്താണ് ബംഗാൾ മണ്ണിൽ ബി.ജെ.പി ഭരണത്തുടക്കം കുറിച്ചിരിക്കുന്നത്. 2026 ഏപ്രിലിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 15 വർഷം ഭരിച്ച ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്ര സും മമത ബാനർജി സർക്കാറും വീണു. 294 സീറ്റുള്ള സംസ്​ഥാനത്ത് 80 സീറ്റിലേക്ക് പാർട്ടി ഒതുങ്ങി. 206 സീറ്റിന്‍റെ നേട്ടവുമായി ഭാരതീയ ജനത പാർട്ടി ആദ്യമായി ബംഗാളിൽ അധികാരമുറപ്പിച്ചു.

പുറമേക്ക് എല്ലാം സാധാരണ​േപാലെയായിരുന്നെങ്കിലും അകമേ ഉറപ്പിച്ചെടുത്ത തീരുമാനത്തിന്‍റെ ശാന്തതയിലായിരുന്നു ബംഗാളിലെ വോട്ടർമാർ എന്ന് മനസ്സിലായത് ഫലം പുറത്തുവന്നപ്പോഴാണ്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ 15,105 വോട്ടിന് മമത ബാനർജി പരാജയപ്പെട്ടു. പഴയ തൃണമൂലുകാരനും മമതയുടെ അനുയായിയുമായിരുന്ന സുവേന്ദു അധികാരി രണ്ടാമതും മമതയെ മാളത്തിൽ കയറി തോൽപിച്ച് സംസ്​ഥാനത്തിന്‍റെ അധികാരിയായി. ഇനി മറിച്ച് ജനം വിധിയെഴുതുന്നതുവരെ ബംഗാൾ വാഴാൻ പോകുന്നത് ബി.ജെ.പിയാണ്.

എതിരാളികളും പ്രതിയോഗികളും അനുയായികളും ‘ദീദി’ എന്നു വിളിക്കുന്ന മമതക്ക് സംസ്​ഥാനത്തെ വിവരങ്ങളെടുക്കാൻ ചില തനി വഴികളുണ്ട്. അവർക്ക് ഉദ്യോഗസ്​ഥരെയോ പാർട്ടി നേതാക്കളെയോ അത്രകണ്ട് വിശ്വാസമില്ല. അതത് സ്​ഥലത്ത് ചെല്ലുമ്പോൾ അവിടെയുള്ള പ്രാദേശിക പത്രലേഖകരെയാണ് മമത നേരിൽ കാണുക. അല്ലെങ്കിൽ അതുപോലുള്ള അടിസ്​ഥാന വർഗക്കാരുടെ ഫോണിലേക്ക് നേരിട്ടുവിളിക്കും. അവർ പറയുന്ന ചെറിയ കാര്യങ്ങളിലൂടെ ജനമനസ്സും താൽപര്യവും മമത നേരിട്ടുമനസ്സിലാക്കും. തനിക്കുമീതെ വളരാൻ യാതൊന്നിനെയും അനുവദിക്കാതെ മമത ഒന്നരപ്പതിറ്റാണ്ട് തേർവാഴ്ച നടത്തിയത് ഇത്തരം നീക്കങ്ങളിലൂടെയാണ്. ഇടതുപക്ഷത്തെ അടിച്ചൊതുക്കി ഭരണത്തിൽ വരാൻ സാധിച്ചതോടെയും ഇടതുപക്ഷത്തെ വളരാൻ വിടാതെ ചവിട്ടിപ്പിടിച്ചപ്പോഴും ഒടുങ്ങാത്ത ആത്മവിശ്വാസമായിരുന്നു മമത പുലർത്തിയിരുന്നത്.

പാർട്ടിയിലുള്ള സ്​ത്രീപ്രാധാന്യം, എല്ലായ്പോഴും സ്​ഥാനാർഥികളായി സ്​ത്രീകൾക്ക് നൽകിയ മുൻഗണന, സ്​ത്രീകൾക്കും പെൺകുട്ടികൾക്കും കൊടുത്ത സൗജന്യങ്ങൾ, സമ്മാനങ്ങൾ, വാഗ്ദാനങ്ങൾ, കാളിയുടെ അനുഗ്രഹത്താൽ നാരീശക്തി ആർജിച്ചതെന്ന് ആരാധകർ നൽകിയ പരിവേഷം... ഇങ്ങനെ പലതായിരുന്നു മമതയുടെ ആത്മവിശ്വാസത്തിന് പിന്നിൽ. 2021ലെ തെരഞ്ഞെടുപ്പ് മമതക്കും പാർട്ടിക്കും നിർണായകമായി. കഷ്​ടിച്ച് നിൽക്കാനെങ്കിലും കഴിയുന്ന സി.പി.എം സ്വന്തമായി നിവർന്നുനിൽക്കാൻ കഴിവില്ലാതെ വിഷമിക്കുന്ന കോൺഗ്രസിനോട് കൂട്ടുകൂടി ബംഗാൾ രാഷ്ട്രീയത്തിൽനിന്നും നാണംകെട്ട് മാഞ്ഞുപോയ തെരഞ്ഞെടുപ്പായിരുന്നു അത്. 294 സീറ്റുള്ള ബംഗാളിൽ വെറും 77 സീറ്റ് സ്വന്തമാക്കി ബി.ജെ.പി മുഖ്യപ്രതിപക്ഷ കക്ഷിയായി. അപ്പോഴും മമത ശങ്കിച്ചില്ല, അടുത്ത തെരഞ്ഞെടുപ്പിലെ വൈശാഖ സന്ധ്യ തന്നെ പരാജയപ്പെടുത്തുമെന്ന്.

2021 മുതൽ 2026 വരെയുള്ള കാലത്ത് അധികാരം പിടിക്കാനായി സുവേന്ദു അധികാരിയുടെയും ബി.ജെ.പിയുടെ ബംഗാൾ ഇൻ ചാർജ് ധർമേന്ദ്ര പ്രധാന്‍റെയും നേതൃത്വത്തിലുള്ള സംഘം നടത്തിയ നീക്കങ്ങൾ ഒന്നായിരുന്നില്ല, പലതായിരുന്നു. ജനങ്ങൾക്കിടയിൽ തൃണമൂലിനോടുള്ള അകൽച്ചയും അമർഷവും ശരിയായ വിധത്തിൽ മനസ്സിലാക്കുകയാണ് ബി.ജെ.പി ചെയ്തത്. അതിലേക്ക് തങ്ങളുടെ അജണ്ടയും പദ്ധതികളും കൂട്ടിക്കലർത്തിയപ്പോൾ ബി.ജെ.പിക്ക് അധികാരത്തിലെത്താനുള്ള വഴി സുഗമമായി. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് നടത്തുന്ന പോർവിളികളോ എതിരഭിപ്രായങ്ങളോ ഭരണത്തിനെതിരായ പ്രതിപക്ഷത്തിന്‍റെ സാധാരണ നീക്കങ്ങൾ മാത്രമായി. ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള ഡാർജിലിങ്, ജയ്പാൽഗുരി, മാൽഡ എന്നീ വടക്കൻ മേഖലകൾക്കൊപ്പം തൃണമൂലിന്‍റെ ശക്തികേന്ദ്രങ്ങളായ ഹൗറ, നാദിയ, 24 പർഗാനസ്​ ജില്ലകൾ എന്നീ തെക്കൻ മേഖലകളിലും ബി.ജെ.പി പ്രവർത്തനം ഊർജിതമാക്കി.

കൂടാതെ, നഗരകേന്ദ്രീകൃത മേഖലകളിൽ കൂടുതലായി ശ്രദ്ധയൂന്നി. പരമാവധി ഹിന്ദു വോട്ടുകളെ ഏകീകരിപ്പിച്ചു. സ്​ത്രീ സുരക്ഷ നഷ്​ടപ്പെട്ട സംസ്​ഥാനമാണ് ബംഗാളെന്ന് ആർ.ജി കർ മെഡിക്കൽ കോളജിലെ വനിത ഡോക്ടറുടെ ബലാത്സംഗത്തെയും കൊലപാതകത്തെയും മുൻനിർത്തി പ്രചാരണം കൊഴുപ്പിച്ചു. ഇരയുടെ അമ്മയായ രത്ന ദേബ്നാഥിനെ ബി.ജെ.പി സ്​ഥാനാർഥിയാക്കി സ്​ത്രീ വോട്ടുകളിൽ വിള്ളലുണ്ടാക്കി. അതുവരെ മമതക്കൊപ്പം നിന്ന സ്​ത്രീകളുടെ മനസ്സ് മാറാൻ തുടങ്ങി. തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടി സ്​ത്രീകൾക്ക് സുരക്ഷയില്ലാതാക്കുന്ന സംസ്​ഥാനത്ത് സ്​ത്രീ സുരക്ഷാ പദ്ധതികൾ നടപ്പാക്കാൻ സർക്കാറിനാവില്ലെന്ന് ബി.ജെ.പി അവരെ ധരിപ്പിച്ചു.

ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ബംഗാളിൽ ദേശീയ സുരക്ഷ അങ്ങേയറ്റം പ്രധാനപ്പെട്ടതാണെന്ന ധാരണ ജനങ്ങളിലുണ്ടാക്കി. ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയിൽ വലിയ വെല്ലുവിളിയും തലവേദനയുമുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിച്ചു. ന്യൂനപക്ഷപ്രീണനം നടത്തിവരുന്ന മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ അയഞ്ഞ നിലപാടാണ് എടുക്കുന്നതെന്ന പ്രതീതിയുണ്ടാക്കി. സന്ദേശ്കാലി, വനിത ബില്ലിനോടുള്ള എതിർപ്പ്, സംസ്​ഥാനത്ത് സ്​ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചത്, തൃണമൂൽ അനുയായികൾ ഉൾപ്പെട്ട അതിക്രമങ്ങൾ... അങ്ങനെ വീണുകിട്ടിയ അവസരങ്ങളൊന്നും പാഴായിപ്പോകാതിരിക്കാനും തെരഞ്ഞെടുപ്പുവരെ ആളിക്കത്തിക്കാനും ബി.ജെ.പി ജാഗ്രത കാണിച്ചു.

 

മമത ബാനർജി

യുവാക്കളിലെ തൊഴിലില്ലായ്മയും തൊഴിലിനായി കുടിയേറ്റം നടത്തേണ്ട അവരുടെ അവസ്​ഥയും അസംഘടിത തൊഴിലാളികളെ കൂടെനിർത്താനുള്ള ശ്രമങ്ങളും ബി.ജെ.പി തുടർന്നു. തൃണമൂലിന്‍റെ ശക്തികേന്ദ്രങ്ങളായ തെക്കൻ ജില്ലകളിലേക്ക് കടന്നുകയറാൻ സാധിച്ചാൽ അത് നേട്ടമാകുമെന്ന് ബി.ജെ.പി മനസ്സിലാക്കിയിരുന്നു. ഫലം വന്നപ്പോൾ കൊൽക്കത്ത നഗരം, ഹൗറ, ഹൂഗ്ലി, നോർത്തും സൗത്തും അടങ്ങുന്ന 24 പർഗാനാസ്​ ജില്ലകൾ അടങ്ങുന്ന തെക്കൻ ഭാഗങ്ങൾ പിടിച്ചെടുത്ത് തൃണമൂലിനെ ബി.ജെ.പി ഞെട്ടിച്ചു. ബി.ജെ.പി ആദ്യമായി ബംഗാൾ മണ്ണ് പിടിച്ചതിന്‍റെ വഴികൾ വ്യക്തമാണ്.

ഇനി തൃണമൂലിന്‍റെ ഭാവി എന്തായിരിക്കും. അതന്വേഷിക്കേണ്ട കാര്യമേയില്ലെന്നതാണ് വാസ്​തവം. അധികാരം നഷ്​ടപ്പെട്ടാൽ ബംഗാളിൽ യാതൊന്നും ചെയ്യാനില്ല എന്ന പരമാർഥം പണ്ട് കോൺഗ്രസിനെയും പിന്നീട് ഇടതുകക്ഷികളെയും കണ്ടു മനസ്സിലാക്കിയിട്ടുള്ള മമതക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ബലമുള്ള പ്രത്യയശാസ്​ത്രമോ ഉറച്ച പാർട്ടി ഘടനയോ ഒന്നും തൃണമൂലിനില്ല. മമത ബാനർജി എന്ന ഒരേയൊരു നേതാവിനെ ചുറ്റിപ്പറ്റി വളരുന്ന പാർട്ടി മാത്രമാണത്. അധികാരം നഷ്​ടപ്പെട്ടാൽ തൃണമൂൽ അനുയായികൾ ഒരു മടിയുമില്ലാതെ ബി.ജെ.പിക്കൊപ്പം ചേരും. താൻ ഇടതുഭരണം പിടിച്ചെടുത്തപ്പോൾ മർദിച്ചും ഭീഷണിപ്പെടുത്തിയും ഇടതുവോട്ടർമാരെ തനിക്കൊപ്പം ചേർത്തതുപോലെ തന്‍റെ അനുയായികളെ ബി.ജെ.പി കൊണ്ടുപോകുന്നതും മമതക്ക് കാണേണ്ടിവരും. വെറും 80 സീറ്റുമായി ഇഴയുന്ന തൃണമൂലിന് അണികളെ കൂടെനിർത്താൻ സാധിക്കുകയില്ല.

നിലവിൽ ടി.എം.സി ടിക്കറ്റിൽ ജയിച്ച എം.എൽ.എമാർ തന്നെ കൂറുമാറി ബി.ജെ.പിക്കൊപ്പം മന്ത്രിസഭയിൽ ചേരുമോ എന്ന് വരും നാളുകളിൽ കണ്ടറിയാം. ശിഷ്​ട രാഷ്ട്രീയജീവിതം ഇൻഡ്യാ സഖ്യത്തിന് സമർപ്പിക്കാനും ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം നടത്താനുമാവും ഇനി മമത ശ്രമിക്കുക. ബംഗാളിൽ പാർട്ടിയെ വളർത്താനോ അധികാരത്തിലെത്താനോ മമതക്കിനി കഴിയുമെന്ന് തോന്നുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ വന്ന് ‘ജാൽ മൂടി’ തിന്ന് നടത്തിയ നാടകം സകല ബംഗാളികളും കണ്ടതാണ്. പക്ഷേ അതൊരു നാടകമായി അംഗീകരിക്കാൻ ബംഗാളികൾ തയാറായില്ല എന്നിടത്തേക്ക് ബംഗാളിയുടെ രാഷ്ട്രീയ യുക്തിബോധത്തെ മന്ദീഭവിപ്പിക്കാൻ ബി.ജെ.പിയുടെ രാഷ്ട്രീയനീക്കങ്ങൾക്ക് സാധിച്ചു. വിക്രം ഷാ എന്ന ജാൽ മൂടി വിൽപനക്കാരന് ഇന്ത്യൻ പ്രധാനമന്ത്രി പത്തുരൂപ കൊടുക്കുന്നത് പ്രചാരണതന്ത്രമാണെന്ന് വിശ്വസിക്കാൻ നാഗരികനോ വിദ്യാസമ്പന്നനോ തയാറായേക്കുമെങ്കിലും സാധാരണ മനസ്സുള്ള സാധാരണക്കാരൻ അതിനെ അതിവൈകാരികതയോടെയാണ് സമീപിച്ചത്. ലേശം സവാളയും പച്ചമുളകും ചേർത്തിളക്കി അൽപം മസാലപ്പൊടി വിതറുന്ന ‘പൊരി’യാണ് ജാൽ മൂടി എന്നത്. ശരാശരി ബംഗാളിയുടെ അരിയാഹാരം അതാണ്. ഗരിയാഹട്ടും ലാൽബസാറും പുരാ ബസാറും അടങ്ങുന്ന നഗരഭാഗങ്ങളിലെ ജാൽ മൂടി കച്ചവടക്കാർ ബി.ജെ.പിയിൽ ആകൃഷ്​ടരായത് വെറും പത്തുരൂപ മന്ത്രവാദത്തിലൂടെയാണ്.

ഗംഗാനദീതടമാകെ കാവിയണിയിച്ച രാഷ്ട്രീയനാടകരംഗത്തിന് പിന്നിലെ ചെലവ് കേവലം പത്തുരൂപ മാത്രമല്ല, ചിട്ടയായി നടത്തിയ പ്രവർത്തനങ്ങൾ കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഒരു ഡസനിലധികം കേന്ദ്രമന്ത്രിമാർ, ആറ് സംസ്​ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങിയവരൊക്കെ നേരിട്ട് ബംഗാളിൽ പ്രചാരണത്തിനെത്തി. അമിത് ഷാ അടിക്കടി ബംഗാൾ സന്ദർശിച്ചും ക്യാമ്പ് ചെയ്തും തെരഞ്ഞെടുപ്പുനീക്കങ്ങൾ നിയന്ത്രിച്ചും പദ്ധതികൾ മെനഞ്ഞും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു എന്ന് മമത പരിതപിച്ചിട്ടും പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. സംസ്​ഥാനം മുമ്പ് കാണാത്ത വിധം കേന്ദ്രസേനയെ വിന്യസിച്ചും ബൂത്തുകളുടെയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെയും നിയന്ത്രണം കർശനമാക്കിയും വോട്ടെടുപ്പ് നടന്നു. ഏജന്‍റുമാർ കൗണ്ടർ വിട്ടു പുറത്തുപോകരുതെന്ന് നിർദേശിച്ചും സ്​േട്രാങ് റൂമുകൾക്ക് കാവലേർപ്പെടുത്തിയും രാപ്പകൽ പരിസരം നിരീക്ഷിച്ചും മമത തെളിയിക്കാൻ നോക്കിയത് വോട്ടിങ് മെഷീനിലെ ക്രമക്കേടുകളടക്കം അവർ ആരോപിച്ച കാര്യങ്ങളെയാണ്.

സ്​പെഷൽ ഇ​ന്റൻസിവ് റിവിഷൻ (Special Intensive Revision –SIR) സംസ്​ഥാനത്ത് നടപ്പാക്കിയതിലെ ചില അപാകതകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത് വരും ദിവസങ്ങളിലെ വിശകലനങ്ങളിലൂടെയേ ഉറപ്പിക്കാനാവൂ. എസ്​.ഐ.ആറിൽ നഷ്​ടപ്പെട്ട 27 ലക്ഷം വോട്ടുകളുടെ കാര്യമാണ് പറയുന്നത്. അതെന്തുതന്നെയായാലും ബംഗാളിൽ ജനങ്ങൾ മമതയെ വെറുത്തുതുടങ്ങിയിരുന്നു എന്നത് സത്യമാണ്. ഭവാനിപൂർ എന്ന സ്വന്തം മണ്ഡലത്തിന് മമത ബാനർജി എന്നോ അന്യയായിക്കഴിഞ്ഞിരുന്നു എന്നതാണ് അവരുടെ തോൽവി വ്യക്തമാക്കുന്നത്. ഇടതുമുന്നണിയെ തുടച്ചുമാറ്റുന്നതിന് തുടക്കമിട്ട എല്ലാ സമരങ്ങളും പ്രക്ഷോഭങ്ങളും മമത ആരംഭിച്ചത് ഭവാനിപൂരിൽനിന്നായിരുന്നു.

പിന്നീട് അധികാരമുറച്ചതോടെ മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും ജനബന്ധം ഭവാനിപ്പൂരിൽ നഷ്​ടമായി. രണ്ടു തെരഞ്ഞെടുപ്പുകൾക്കുമുമ്പ് കേവലം മൂന്നു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇന്ന് സംസ്​ഥാനം പിടിച്ചടക്കുന്നിടത്തേക്ക് വളർന്നതിനു പിന്നിൽ എസ്.ഐ.ആറും കേന്ദ്രസേനയുടെ സഹായവും കേന്ദ്രത്തിലെ രാഷ്ട്രീയാധികാരവും ഒക്കെ കാരണമായിട്ടുണ്ടാകാമെങ്കിലും മുഖ്യകാരണം മമതയും അവരുടെ പാർട്ടിയും പ്രവർത്തനങ്ങളുംതന്നെയാണ്.

 

ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തൃണമൂൽ പ്രവർത്തകന്റെ നിരാശ

ബംഗാൾ രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഇങ്ങനെ

ബംഗാളിൽ മറ്റു പാർട്ടികളുടെ നിലയെന്താണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്​ രണ്ടും ആം ജനത ഉന്നയാൻ പാർട്ടി (എ.ജെ.യു.പി) രണ്ടും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഒന്നും ഓൾ ഇന്ത്യ സെക്കുലർ ഫ്രണ്ട് (എ.ഐ.എസ്​.എഫ്) ഒന്നും നേടിയ​തൊഴിച്ചാൽ മറ്റു പാർട്ടികൾക്കോ സ്വതന്ത്രർക്കോ ബി.ജെ.പിയുടെ വിജയപ്രവാഹത്തിൽ ഒന്നും ചെയ്യാനായിട്ടില്ല. എന്നാൽ, ശ്രദ്ധേയമായ കാര്യമുണ്ട്. അത് ബംഗാൾ മണ്ണിലേക്കുള്ള സി.പി.എമ്മിന്‍റെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളാണ്. ഈ തെരഞ്ഞെടുപ്പിലും പാർട്ടി നിലം തൊടില്ല എന്നു പലരും പറഞ്ഞിടത്താണ് ഒരിടത്ത് ജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞത്.

ബി.ജെ.പി നേടിയ 206 സീറ്റിനുമുന്നിൽ എൺപതിലൊതുങ്ങിയ തൃണമൂലിനെക്കാൾ ഭേദപ്പെട്ടതാണ് ഒരിടത്തെങ്കിലും നിലവിൽ പൊരുതി നേടിയ വിജയം. മുഹമ്മദ് മുസ്​താഫിജുർ റാൻ മത്സരിച്ച ഡോംകൽ മണ്ഡലത്തിൽ വൻഭൂരിപക്ഷത്തിൽ പാർട്ടി ജയിക്കുമെന്നത് പലരും മുന്നേ പറഞ്ഞ കാര്യമായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമ്പാവൂരിൽവന്ന് ബംഗാളികളെ കണ്ട് വോട്ട് ചോദിച്ച മുഹമ്മദ് മുസ്​താഫിജുർ റാനെ ചില മലയാളികളെങ്കിലും ഓർക്കുന്നുണ്ടാവും. വിജയിച്ചത് ഒരിടത്താണെങ്കിലും മത്സരിച്ച മിക്കവാറും മണ്ഡലങ്ങളിൽ മൂന്നാം സ്​ഥാനത്തേക്കുയരാൻ ഇത്തവണ സി.പി.എമ്മിനായിട്ടുണ്ട്. മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും മീതെ വോട്ടുകൾ ശേഖരിക്കാനും പല സി.പി.എം സ്​ഥാനാർഥികൾക്കും കഴിഞ്ഞിട്ടുമുണ്ട്. അവിടെയെല്ലാം കോൺഗ്രസിന് സമാഹരിക്കാൻ കഴിഞ്ഞത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ്.

കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ തോൽവി മാത്രമല്ല, ജനം നൽകിയ ദുർബല പിന്തുണയും കോൺഗ്രസിന്‍റെ സംസ്​ഥാനരാഷ്ട്രീയത്തിലെ ജീർണത വ്യക്തമാക്കുന്നു. ഫറാക്കയിൽ മൊട്ടബ് ഷേക്കും റണ്ണാഗറിൽ ജുൽഫിക്കർ അലിയുമാണ് കോൺഗ്രസിന് രണ്ട് സീറ്റ് നേടിക്കൊടുത്തത്. മറ്റു മിക്കയിടങ്ങളിലും തുച്ഛമായ വോട്ടുനേടി കോൺഗ്രസിന് സമാധാനിക്കേണ്ടതായി വന്നു. സി.പി.എം ബംഗാളിൽ നിശ്ശബ്ദമായി മുന്നേറുന്ന ചിത്രം തെളിയുന്നത് ഈ സാഹചര്യത്തിലാണ്. വരും കാലങ്ങളിൽ കോൺഗ്രസോ തൃണമൂൽ കോൺഗ്രസോ ആയിരിക്കില്ല, നിശ്ശബ്ദമായ പ്രവർത്തനത്തിലൂടെ വേരുറപ്പിക്കുന്ന സി.പി.എം ആയിരിക്കും സംസ്​ഥാനരാഷ്ട്രീയത്തിൽ ചർച്ചയാകാൻ പോകുന്നത്.

നവമാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങളും പാർട്ടിയുടെ വനിതാമുഖമായും പുതിയ പോരാളികളായും ഉയർത്തിക്കാണിച്ചത് മീനാക്ഷി മുഖർജി, അഫ്രീൻ ബീഗം, ദീപ്സിത ധർ എന്നിവരെയായിരുന്നു. വിജയിക്കാനായില്ലെങ്കിലും ഉത്തർപാറയിൽ മീനാക്ഷി മുഖർജിക്കും (49,820 വോട്ടുകൾ) ഉത്തര ഡംഡമിൽ ദീപ്സിത ധറിനും (38,428) കരുത്തുറ്റ പോരാട്ടം കാഴ്ച വെക്കാനായിട്ടുണ്ട്. എന്നാൽ, അതുപോലൊരു നേട്ടം ബാലിഗഞ്ച് മണ്ഡലത്തിൽ നിന്ന അഫ്രീൻ ബീഗത്തിന് (7185) നേടാനായുമില്ല. ആംതയിൽ ജോഷിമുദ്ദീൻ മല്ലിക്കിന് (സി.പി.എം) 23,193 വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് അവിടെ 2350 വോട്ടേ നേടാനായുള്ളൂ.

ദക്ഷിണ അസൻസോളിൽ സി.പി.എമ്മിന്‍റെ ശിൽപി ചക്രവർത്തി 10,390 വോട്ടു നേടിയപ്പോൾ കോൺഗ്രസിന് 1367 വോട്ടേ നേടാനായുള്ളൂ. അശോക് നഗറിൽ എ.ഐ.എസ്​.എഫിന്‍റെ തപസ്​ ബാനർജിക്ക് 29,493 വോട്ടുകൾ സമാഹരിക്കാനായി. കോൺഗ്രസിന് അവിടെ 1417 വോട്ടുകൾ മാത്രമേ കിട്ടിയുള്ളൂ. ബദൂരിയയിൽ എ.ഐ.എസ്​.എഫിന്‍റെ മുഹമ്മദ് കുത്ബുദ്ദീൻ ഫത്തേഹിന് 49,700 വോട്ടു കിട്ടിയപ്പോൾ കോൺഗ്രസിന് 3651 വോട്ട് മാത്രം കിട്ടി. ബാരാനഗറിൽ സി.പി.എമ്മിന്‍റെ സായന്തൻദീപ് മിത്രക്ക് 18,689 വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 1191 വോട്ടു മാത്രമേ ശേഖരിക്കാനായുള്ളൂ. ഉത്തര ഉലൂബരിയയിൽ സി.പി.എമ്മിന്‍റെ അശോക് ദാലൂയി 14,720 വോട്ട് നേടിയപ്പോൾ കോൺഗ്രസിന്‍റെ കല്യാണി ഹൽദാറിന് 1438 വോട്ടു മാത്രമേ കിട്ടിയുള്ളൂ. ടോളിഗഞ്ചിൽ സി.പി.എമ്മിന്‍റെ പാർഥ പ്രഥിം വിശ്വാസ്​ 30,335 വോട്ടു പിടിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് 1066 വോട്ടുകളാണ്.

സംഘടനാശക്തിയും സംഘടനാതത്ത്വങ്ങള​നുസരിച്ചുള്ള പ്രവർത്തനവുമുള്ള സി.പി.എമ്മിന് തൃണമൂൽ ദുർബലമാകുന്നിടത്ത് ഉയരാൻ കഴിഞ്ഞേക്കും. കഴിഞ്ഞ ഭരണപക്ഷം പുതിയതായി അധികാരമേൽക്കുന്ന സർക്കാറിൽ ഇനി പ്രതിപക്ഷത്തിരിക്കുമെങ്കിലും വരുന്ന തെരഞ്ഞെടുപ്പിൽ ആ സ്​ഥാനത്തിരിക്കാൻ പോകുന്നത് സി.പി.എമ്മായിരിക്കാനാണ് സാധ്യത. ഇത്തവണ പാർട്ടിക്ക് കിട്ടിയ വോട്ടുകളുടെ നേരിയ വർധനയും തൃണമൂലിന്‍റെ തോൽവിയുമാണ് കാരണം. ഗ്രാമങ്ങളിലും നഗരങ്ങളിലും നേതൃഗുണമുള്ള യുവാക്കളെ വളർത്തിയെടുത്തും സാമൂഹികപ്രശ്നങ്ങളിലും പൊതുവായ കാര്യങ്ങളിലും ആർജവത്തോടെ പ്രവർത്തിച്ചും മുന്നോട്ടുനീങ്ങാനായാൽ തൃണമൂലിനെ മറികടന്ന് ബംഗാളിൽ രണ്ടാം സ്​ഥാനത്തേക്ക് വരാൻ സി.പി.എമ്മിനാവും.

വൈശാഖത്തിലെ പ്രഭാതങ്ങളും പ്രദോഷങ്ങളും ഇനിയുമുണ്ടാകും. ബംഗാളിന് ബി.ജെ.പി ഭരണത്തിലൂടെ നേട്ടമാണോ കോട്ടങ്ങളാണോ ഉണ്ടാകാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. പാർട്ടിക്ക് അധികാരമുള്ള സംസ്​ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്ന ബി.ജെ.പി ബംഗാളിനെ കൈയയഞ്ഞ് സഹായിക്കുമെന്ന് കരുതാം. അത് വികസനമായി മാറിയാൽ ബംഗാളിൽ നല്ലൊരു നാളെ പിറക്കും.

Tags:    
News Summary - West Bengal and the election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.