ബാ​​​പ്പു​​​വി​​​ന്റെ സ്വ​​​ന്തം എ​​​സ്ത​​​ർ

1917 ജ​നു​വ​രി ആ​റ്. എ​സ്ത​റു​ടെ ശി​ഷ്ട​ജീ​വി​തം അ​ടി​മു​ടി മാ​റ്റി​ത്തീ​ർ​ക്കാ​ൻ തു​ട​ക്ക​മാ​യ ദി​വ​സം. അ​ന്നാ​യി​രു​ന്നു ടാ​ഗോ​റി​ന്റെ ഉ​പ​ദേ​ശ​പ്ര​കാ​രം ക​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് തീ​വ​ണ്ടി​മാ​ർ​ഗം ആ​ൻ​ മേ​രി​യും എ​സ്ത​റും അ​ഹ്മ​ദാ​ബാ​ദി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് നേ​രെ കൊ​ച്ച്റ​ബി​ലെ സ​ത്യ​ഗ്ര​ഹാ​ശ്ര​മ​ത്തി​ലേ​ക്ക്. സ​ന്തോ​ഷ​പൂ​ർ​വം ഗാ​ന്ധി ഡെ​ന്മാ​ർ​ക്കി​ൽ​നി​ന്നു​ള്ള അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു.3. കൊച്ച്റബ് ആശ്രമം ഇന്ത്യയിലെത്തുന്നകാലത്ത് എസ്തർ കേട്ടറിഞ്ഞിരുന്ന ഒരേ ഒരു പ്രമുഖ ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോർ മാത്രം. 1913ൽ സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യത്തെ...

1917 ജ​നു​വ​രി ആ​റ്. എ​സ്ത​റു​ടെ ശി​ഷ്ട​ജീ​വി​തം അ​ടി​മു​ടി മാ​റ്റി​ത്തീ​ർ​ക്കാ​ൻ തു​ട​ക്ക​മാ​യ ദി​വ​സം. അ​ന്നാ​യി​രു​ന്നു ടാ​ഗോ​റി​ന്റെ ഉ​പ​ദേ​ശ​പ്ര​കാ​രം ക​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് തീ​വ​ണ്ടി​മാ​ർ​ഗം ആ​ൻ​ മേ​രി​യും എ​സ്ത​റും അ​ഹ്മ​ദാ​ബാ​ദി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് നേ​രെ കൊ​ച്ച്റ​ബി​ലെ സ​ത്യ​ഗ്ര​ഹാ​ശ്ര​മ​ത്തി​ലേ​ക്ക്. സ​ന്തോ​ഷ​പൂ​ർ​വം ഗാ​ന്ധി ഡെ​ന്മാ​ർ​ക്കി​ൽ​നി​ന്നു​ള്ള അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

3. കൊച്ച്റബ് ആശ്രമം

ഇന്ത്യയിലെത്തുന്നകാലത്ത് എസ്തർ കേട്ടറിഞ്ഞിരുന്ന ഒരേ ഒരു പ്രമുഖ ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോർ മാത്രം. 1913ൽ സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ അദ്ദേഹമായിരുന്നതാണ് കാരണം. അതിനാൽ, കൽക്കത്തയിൽ പോയി ടാഗോറിന്റെ ശാന്തിനികേതൻ സന്ദർശിക്കുക എന്നത് ആദ്യമേ നിശ്ചയിച്ചതാണ്. അവിടെ ചെന്നപ്പോൾ ടാഗോർ ആൻ മേരിയോടും എസ്തറോടും പറഞ്ഞു: “നിർബന്ധമായും നിങ്ങൾ അഹ്മദാബാദിൽ പോയി ഒരാളെ കാണണം. മോഹൻദാസ് ഗാന്ധി. തെക്കേ ആഫ്രിക്കയിൽനിന്ന് ഈയിടെ മടങ്ങിയെത്തിയ ബാരിസ്റ്ററാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് മാത്രമല്ല, ജീവിതത്തെക്കുറിച്ചു തന്നെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ആൾ.” എസ്തർക്ക് ആളെ അറിയില്ലായിരുന്നെങ്കിലും ആൻ മേരി മുമ്പ് ഒരിക്കൽ ഗാന്ധിയെ കണ്ടിട്ടുണ്ടായിരുന്നു. 1915ൽ തെക്കേ ആഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ ഗാന്ധിക്ക് നൽകിയ ഒരു സ്വീകരണയോഗത്തിലായിരുന്നു അത്. പക്ഷേ, അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിവുണ്ടായിരുന്നില്ല.

1915 ജനുവരിയിൽ തെക്കേ ആഫ്രിക്ക വിട്ട് സ്ഥിരമായി ഇന്ത്യയിലെത്തിയ ദിവസങ്ങളിലൊന്നിൽതന്നെ ഗാന്ധി കസ്തൂർബയുമൊത്ത് ശാന്തിനികേതനിൽ എത്തിയിരുന്നു. ആഫ്രിക്കയിൽ തന്റെ സുഹൃത്തായിരുന്ന ഇംഗ്ലീഷുകാരനായ ആംഗ്ലിക്കൻ സഭാ മിഷനറി സി.എഫ്. ആൻഡ്രൂസിന്റെ ക്ഷണപ്രകാരമായിരുന്നു അത്. ടാഗോറിന്റെയും സുഹൃത്തായിരുന്ന ആൻഡ്രൂസ് അന്ന് അവിടെ അധ്യാപകനാണ്. ആദ്യതവണ ഗാന്ധി ചെല്ലുമ്പോൾ ടാഗോർ യാത്രയിലായിരുന്നു. ഗാന്ധി അവിടെയായിരുന്നപ്പോഴാണ് അദ്ദേഹം ഏറ്റവും ആദരിച്ചിരുന്ന ഗുരു, ഗോപാലകൃഷ്ണ ഗോഖലെയുടെ നിര്യാണം. ഒരാഴ്ച മുമ്പ് മാത്രമാണ് കസ്തൂർബാക്കൊപ്പം പുണെയിലെത്തി അദ്ദേഹം ഗോഖലെയെ സന്ദർശിച്ചത്. ഗുരുവിന്റെ മരണവാർത്ത അറിഞ്ഞ് ദുഃഖാർത്തനായ ഗാന്ധി ഉടൻതന്നെ സംസ്കാരത്തിൽ പങ്കെടുക്കാൻ വീണ്ടും പുണെക്കു പോയി. ടാഗോറിനെ കാണാനായി തിരിച്ചു വീണ്ടും ശാന്തിനികേതനിലെത്തിയ ഗാന്ധിയും കസ്തൂർബയും ഒരാഴ്ചയോളം അവിടെ തങ്ങി. പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവരും തമ്മിൽ രൂപംകൊണ്ട ആഴത്തിലുള്ള ആത്മീയസൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

ആൻ മേരിയുടെയും എസ്തറുടെയും ഡെന്മാർക്ക് ഉൾപ്പെടുന്ന സ്കാൻഡിനേവിയയിൽ ഗാന്ധി അന്ന് അറിയപ്പെട്ടിരുന്നേയില്ല. തെക്കേ ആഫ്രിക്കയിൽ ഇന്ത്യൻ സമൂഹത്തിനുവേണ്ടി നടത്തിയ സമരങ്ങളിലൂടെ അവിടെയും ഇംഗ്ലണ്ടിലും ഇന്ത്യയിലും അദ്ദേഹത്തിനു ലഭിച്ച പേരും പ്രശസ്തിയും യൂറോപ് ആകെ വ്യാപിച്ചിരുന്നില്ല. പക്ഷേ, ടാഗോറിൽനിന്ന് ഗാന്ധിയെ കേട്ടറിഞ്ഞ ആൻ സന്ദർശനത്തിനു അനുമതി തേടിക്കൊണ്ട് അദ്ദേഹത്തിന് കത്തെഴുതി. ഡിസംബർ കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും എത്താൻ അറിയിച്ചുകൊണ്ടായിരുന്നു ഗാന്ധിയുടെ മറുപടി.

* * *

ഇന്ത്യയിലെത്തിയശേഷം തന്റെ നാടായ ഗുജറാത്തിൽ തന്നെ താമസമുറപ്പിക്കാൻ തെക്കേ ആഫ്രിക്കയിൽവെച്ച് ഗാന്ധി ഉറപ്പിച്ചിരുന്നു. ആഫ്രിക്കയിലെ തന്റെ ആശ്രമങ്ങളുടെ മാതൃകയിൽ ഒരു പുതിയ ആശ്രമം സ്ഥാപിക്കണം. അത് പ്രമുഖ തുണിമിൽ നഗരമായി വളർന്ന അഹ്മദാബാദിൽ സബർമതി തീരത്താകണമെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. പക്ഷേ, ആഗ്രഹിച്ച പത്ത് ഏക്കറെങ്കിലും ഭൂമി കിട്ടാൻ വൈകുമെന്നതിനാൽ ഒരു വാടകക്കെട്ടിടത്തിൽ താൽക്കാലിക ആശ്രമം ആരംഭിച്ചു. ജീവൻലാൽ ദേശായി എന്ന ബാരിസ്റ്ററിന്റെ ബംഗ്ലാവ്. സബർമതിക്ക് അക്കരെ കൊച്ച്റബ് എന്ന ഗ്രാമത്തിലായിരുന്നു രണ്ട് നിലകളിലായി ഒരു ഡസനിലേറെ മുറികളുള്ള ആ മന്ദിരം.

1915 ജൂലൈ 20ന് ഏതാനും അനുയായികളുമായി പുതിയ ആശ്രമത്തിൽ താമസം ഉറപ്പിച്ച അന്നുതന്നെ ഗാന്ധി അന്തേവാസികൾക്കായി ഒരു നിയമാവലി തയാറാക്കി. തെക്കേ ആഫ്രിക്കയിലെ തന്റെ രണ്ട് ആശ്രമങ്ങളുടെ മാതൃകയായിരുന്നു ഗാന്ധി സ്വീകരിച്ചത്. പക്ഷേ, സത്യഗ്രഹാശ്രമം എന്ന് ഗാന്ധി പേരിട്ട ഇവിടെ ജീവിതം മുഴുവൻ മാതൃരാജ്യത്തെ സേവിക്കാൻ അന്തേവാസികളെ പ്രാപ്തരാക്കുകയായിരുന്നു മുഖ്യലക്ഷ്യം. എല്ലാവരും വ്യക്തിപരമായ ആറ് പ്രധാന പ്രതിജ്ഞകൾ കൈക്കൊള്ളണം. സത്യം, അഹിംസ, ബ്രഹ്മചര്യം എന്നിവ പാലിക്കുക, മോഷ്ടിക്കാതിരിക്കുക, ഭൗതികമായ ഒന്നും സ്വന്തമാക്കാതിരിക്കുക, ഭക്ഷണം നിയന്ത്രിക്കുക. ചർക്കയിൽ സ്വയം നൂല് നൂറ്റു നിർമിച്ച വസ്ത്രങ്ങൾ മാത്രം ധരിക്കുക, അയിത്താചാരത്തിനെതിരെ സ്വയം സമർപ്പിക്കുക എന്നിവയും അന്തേവാസികൾക്കുള്ള നിബന്ധനകളായി. കുട്ടികൾക്ക് മാതൃഭാഷയിൽ ബോധനമുള്ള ഒരു വിദ്യാലയവും ആരംഭിച്ചു.

പുലർച്ചെ നാലുമണിക്ക് കുട്ടികളടക്കം മുപ്പതോളം വരുന്ന എല്ലാ അന്തേവാസികളും ഉറക്കമുണരണം. കുളി കഴിഞ്ഞുള്ള സമൂഹപ്രാർഥനയിൽ നാലു മതങ്ങളിൽ -ഹിന്ദു, ക്രിസ്ത്യൻ, പാർസി, മുസ്‍ലിം- നിന്നുള്ള കീർത്തനങ്ങൾ ചൊല്ലും. തുടർന്ന് പ്രഭാതഭക്ഷണം. ബാക്കിസമയം പുരുഷന്മാർ കായിക ജോലികളിലും സ്ത്രീകൾ ഭക്ഷണശാലയിലും കുട്ടികൾ പഠനത്തിലും ചെറിയ ജോലികളിലും വ്യാപൃതരാകും. സായാഹ്ന ഭക്ഷണശേഷം വീണ്ടും പ്രാർഥനായോഗം. കുട്ടികൾ ഒമ്പതു മണിയോടെയും പ്രായപൂർത്തിയായവർ പത്തു മണിയോടെയും ഉറങ്ങും.

ആരംഭിച്ച് മൂന്നു മാസത്തിനകംതന്നെ ആശ്രമം ഒരു വലിയ വിവാദത്തിൽപെട്ടു. ഗാന്ധി അയിത്താചരണത്തിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും തെക്കേ ആഫ്രിക്കയിൽ അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ, സ്വന്തം രാജ്യത്ത് അദ്ദേഹം അത് പ്രയോഗവത്കരിച്ച ആദ്യ സന്ദർഭംതന്നെ വലിയ കോലാഹലത്തിന് വഴിമരുന്നിട്ടു. വർണാശ്രമവ്യവസ്ഥയെ ഗാന്ധി അപ്പോഴും തിരസ്കരിച്ചിരുന്നില്ല. പക്ഷേ, തന്റെ സുഹൃത്ത് എ.വി. തക്കറുടെ ഒരു നിർദേശം ഗാന്ധിയുടെ ഉറക്കം നഷ്ടപ്പെടുത്തിക്കളഞ്ഞു. ‘അയിത്തജാതിക്കാരായ’ ഒരു കുടുംബത്തെ ഗാന്ധിയുടെ ആശ്രമത്തിൽ അന്തേവാസികളായി സ്വീകരിക്കണമെന്നായിരുന്നു തക്കറുടെ നിർദേശം. ഇത് വലിയ ബഹളത്തിനിടയാക്കുമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. പക്ഷേ കുറച്ചു ദിവസത്തെ ആലോചനക്ക് ശേഷം അദ്ദേഹം ആ നിർദേശം സ്വീകരിച്ചു. 1916 സെപ്റ്റംബർ 11നു ദാഫ്ദ ദുധഭായി, ഭാര്യ ദാനിബെഹൻ, അവരുടെ കുഞ്ഞുമകൾ ലക്ഷ്മി എന്നിവർ ഉൾപ്പെട്ട ‘അന്ത്യജ കുടുംബത്തെ’ ഗാന്ധി അന്തേവാസികളായി സ്വീകരിച്ചു.

 

ഗാന്ധി പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു പ്രത്യാഘാതം. അന്തേവാസികളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നു. അതിൽ മുഖ്യം കസ്തൂർബാ അടക്കമുള്ള ഗാന്ധിയുടെ ബന്ധുക്കളിൽനിന്നായിരുന്നു. “അവരിവിടെ താമസിക്കുകയാണെങ്കിൽ ഞാൻ ആശ്രമം വിട്ട് എന്റെ വീട്ടിൽ പോകും”, കസ്തൂർബാ ഭർത്താവിനോട് പറഞ്ഞു. എന്നാൽ, അങ്ങനെയാകട്ടെ, നമുക്ക് സുഹൃത്തുക്കളായി പിരിയാമെന്നായിരുന്നു ഗാന്ധിയുടെ മറുപടി. ഞെട്ടിപ്പോയ കസ്തൂർബാ പിന്നെ മിണ്ടിയില്ല. ഗാന്ധിയുടെ അനന്തരവൻ മഗൻലാൽ ഗാന്ധിയും ഭാര്യയും ആശ്രമം വിട്ടുപോയി. ആശ്രമത്തിലെ പൊതുകിണറിൽനിന്ന് വെള്ളമെടുക്കുന്നതിൽനിന്ന് ദാനിബെഹനെ അന്തേവാസികൾ വിലക്കിയപ്പോൾ എന്നാൽ തനിക്കും അതിൽനിന്നുള്ള വെള്ളം വേണ്ടെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ആശ്രമത്തിന്റെ പ്രധാന ധനസഹായിയായിരുന്ന തുണിമിൽ ഉടമ മംഗൾദാസ് ഗിർധർദാസ് സാമ്പത്തികസഹായം നിർത്തിയതായി പ്രഖ്യാപിച്ചു.

അതോടെ, ആശ്രമത്തിന്റെ നിലനിൽപ് ഭീഷണിയിലായിത്തീർന്നു. പക്ഷേ, ഗാന്ധി കുലുങ്ങിയില്ല. മാത്രമല്ല, അപ്പോഴേക്കും ഇക്കാര്യം അറിഞ്ഞ പുരോഗമനവിശ്വാസിയായിരുന്ന മറ്റൊരു തുണിമിൽ വ്യവസായി -അംബാലാൽ സാരാഭായി- ആശ്രമത്തിന്റെ ചെലവുകൾ നേരിടാനുള്ള സാമ്പത്തികസഹായമെത്തിക്കുകയും ചെയ്തു. ഗാന്ധിയെ ഒരിക്കൽ മാത്രമേ സാരാഭായി മുമ്പ് കണ്ടിരുന്നുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ വിഷമം അറിഞ്ഞ് ആശ്രമത്തിന്റെ പടിവാതിൽ വരെ എത്തി പതിമൂവായിരം രൂപ അദ്ദേഹം കൈമാറി. ആശ്രമത്തിന്റെ രണ്ടു വർഷത്തെ ചെലവുകൾക്ക് അത് പര്യാപ്തമായി. ഗാന്ധിയും സാരാഭായിയും തമ്മിൽ ഉടലെടുത്ത ദീർഘവും സംഭവബഹുലവുമായ സൗഹൃദത്തിനും അന്ന് തുടക്കംകുറിച്ചു. ഇങ്ങനെ വലിയ വെല്ലുവിളികളും അവക്കെതിരെ ഗാന്ധിയുടെ ഉറച്ച നിലപാടും ശ്രദ്ധേയമായ നാളുകളിലായിരുന്നു ആൻ മേരിയുടെയും എസ്തറുടെയും ആശ്രമസന്ദർശനം. 1917 ജനുവരി ആറ്. എസ്തറുടെ ശിഷ്ടജീവിതം അടിമുടി മാറ്റിത്തീർക്കാൻ തുടക്കമായ ദിവസം. അന്നായിരുന്നു ടാഗോറിന്റെ ഉപദേശപ്രകാരം കൽക്കത്തയിൽനിന്ന് തീവണ്ടിമാർഗം ആൻമേരിയും എസ്തറും അഹ്മദാബാദിൽ എത്തിയത്. തുടർന്ന് നേരെ കൊച്ച്റബിലെ സത്യഗ്രഹാശ്രമത്തിലേക്ക്.

സന്തോഷപൂർവം ഗാന്ധി ഡെന്മാർക്കിൽനിന്നുള്ള അതിഥികളെ സ്വീകരിച്ചു. രൂപത്തിലും ഭാവത്തിലും അവർക്ക് തീർത്തും അപരിചിതമായ ഇടവും വ്യക്തികളും സംസ്കാരവും. പ്രത്യേകിച്ച് ഇന്ത്യയിൽ പുതുതായെത്തിയ ഇരുപത്തെട്ടുകാരി എസ്തറിന്. എന്നിട്ടും കരുണാമയമായ കണ്ണുകളും വലിയ നാസികയും മുയൽചെവിയുമൊക്കെയായിട്ടുള്ള ആ ഇരുണ്ടു മെലിഞ്ഞ മധ്യവയസ്കനെ കണ്ട മാത്രയിൽതന്നെ തന്റെ ഉള്ളിൽ എന്തോ സംഭവിക്കുന്നതായി എസ്തറിന് തോന്നി. സന്തോഷത്തിന്റെയും ശാന്തിയുടെയുമായ ഒരു ഇളംതെന്നൽ തന്നെ തഴുകിയോ? ഏറെനാളായി തേടുന്ന ദിവ്യസാന്നിധ്യം താൻ അനുഭവിക്കുകയാണോ? എസ്തറിന് ഒന്നും വ്യക്തമായില്ല. പക്ഷേ, ഏതോ ഒരു അദൃശ്യശക്തി തന്നെ കരുണാപൂർവം ആശ്ലേഷിക്കുന്നതായി അവൾക്ക് തോന്നി. വിദേശ അതിഥികളുടെ വിശ്രമത്തിനും ഭക്ഷണത്തിനുമൊക്കെ സൗകര്യങ്ങൾ ഒരുക്കാൻ ഗാന്ധി തന്നെ ഓടിനടന്നു. അടുക്കളയിൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ആശ്രമത്തിലെ രീതി. വെള്ളക്കാരികൾക്ക് ആദ്യത്തെ അനുഭവം. ആൻ മേരിക്ക് അത് അത്ര സൗകര്യപ്രദമായിരുന്നില്ല. പക്ഷേ, എസ്തറിന് ഒന്നും പ്രശ്നമായില്ല. ആൻ മേരി ആ ദിവസങ്ങൾ പിന്നീട് ഓർത്തു:

“ഞങ്ങളെല്ലാവരും അടുക്കളയിൽ നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചത്. ലളിതവും വൃത്തിയുള്ളതുമായ ഭക്ഷണം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം അത്ര പിടിച്ചില്ല. എനിക്കു മാത്രമല്ല ആശ്രമത്തിലെ അതിഥികളായ മറ്റ് പല ഹിന്ദുക്കൾക്കുപോലും. അധികരുചികളൊന്നും ചേർക്കാതെ ഒരു പ്രത്യേക രീതിയിൽ പാചകംചെയ്തതായിരുന്നു അത്. പക്ഷേ, എന്റെ സഹപ്രവർത്തകക്ക് ഒന്നും പ്രശ്നമായില്ല. ആരുമായും, പ്രത്യേകിച്ചും ഇന്ത്യക്കാരുമായി, അടുത്തിടപഴകാൻ അവൾക്ക് അസാധാരണ സിദ്ധിതന്നെ ഉണ്ടായിരുന്നു. ആയിടെമാത്രം ആ രാജ്യത്ത് എത്തിയവളായിട്ടും അവളെ തങ്ങളിൽ ഒരാളായി അവരും കണ്ടു. അഞ്ചുമണിക്ക് മുമ്പ് എല്ലാവർക്കും ഒപ്പം ആ മിഷനറി മിസിയും ഒരു പ്രയാസവുമില്ലാതെ എഴുന്നേറ്റു. അതേസമയം, അവളെക്കാൾ പ്രായമേറിയ ഞാൻ ആകട്ടെ ആ പരുക്കൻ കിടക്കയിൽ തളർന്നവശയായി തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്യാസം എനിക്ക് ഒട്ടും പറ്റിയതായി തോന്നിയില്ല…”

ആൻ മേരിക്കും എസ്തറിനും ഗാന്ധി ഒരു സമ്പൂർണ വിസ്മയമായി. ഇന്ത്യയിലെ അടിയുറച്ച ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും ഒക്കെ പറ്റി നന്നായറിയുന്ന അവർക്ക് അങ്ങനെ തോന്നിയതിൽ അത്ഭുതമില്ല. ഉറച്ച സനാതന ഹിന്ദുവായിരിക്കെതന്നെ തൊട്ടുകൂടായ്മയെ അടിമുടി ചെറുക്കുന്ന ആൾ. അദ്ദേഹം ഹരിജനം എന്നു വിളിച്ച അയിത്തജാതിക്കാരെ ആശ്രമത്തിൽ എല്ലാവർക്കുമൊപ്പം താമസിപ്പിക്കുന്നതും അവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതും മാത്രമല്ല, അവരുപയോഗിച്ച ​ശൗചാലയങ്ങൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുന്ന ആൾ. ആശ്രമത്തിലെ എല്ലാ ജോലിയിലും പങ്കെടുക്കും. രാവിലെ എല്ലാവരും കഴിച്ചശേഷം മാത്രം ഒരു കൊച്ചു തടിപ്പിഞ്ഞാണത്തിൽ ദിവസത്തിൽ ഒരുനേരം മാത്രം ഭക്ഷണം. എല്ലാവരും ആശ്രമത്തിൽ തുല്യർ. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യവും സ്നേഹവായ്പും മിഷനറി വനിതകൾക്ക് ആകർഷകമായി. “ഓർമവെച്ച കാലം മുതൽ ഞാൻ സ്വപ്നം കണ്ട ആദർശവ്യക്തിത്വത്തിന്റെ ആൾരൂപം”, എസ്തർ മനസ്സിൽ കരുതി.

ആശ്രമത്തിൽ കഴിഞ്ഞ മൂന്നു ദിവസവും ഗാന്ധിയുമായി ദീർഘനേരം ലോകത്തെല്ലാ കാര്യങ്ങളെയും പറ്റി ആ മിഷനറിമാർ സംസാരിച്ചു. ഗാന്ധിയുടെ ആശയലോകത്തോട് അവർക്ക് വലിയ മതിപ്പ് തോന്നി. പ്രത്യേകിച്ചും “ആദ്യം മനുഷ്യൻ, പിന്നെ ക്രിസ്ത്യാനി” എന്ന് വിശ്വസിച്ച ഡെന്മാർക്കിലെ ഗ്രുണ്ട് വി പുരോഹിതൻ ആവിഷ്കരിച്ച സമാന്തര വിദ്യാഭ്യാസത്തിന്റെ വക്താക്കളായ അവർക്ക് ഗാന്ധിയൻ വിദ്യാഭ്യാസ ആശയങ്ങളോട് വളരെ അടുപ്പം തോന്നി. ക്രിസ്തീയ മതപ്രചാരണത്തിനും ദരിദ്രസേവനത്തിനും വിദ്യാഭ്യാസ പ്രവർത്തനത്തിനും പ്രതിജ്ഞാബദ്ധരായി ഇന്ത്യയിലെത്തിയ മിഷനറിമാരുടെ മനസ്സിൽ ആശ്രമസന്ദർശനത്തോടെ ഗാന്ധിയുടെ രാഷ്ട്രീയ-സാമൂഹിക ആശയങ്ങൾക്കും ആദ്യമായി ഇടം ലഭിച്ചു.

ഗാന്ധിയും ആ രണ്ട് വെള്ളക്കാരികളും തമ്മിലുള്ള സൗഹൃദം അതിവേഗം വളർന്നു. ഇരുവരും ഗാന്ധിയുടെ ആരാധികകളാകാൻ അധികം വൈകിയില്ല. എന്നാൽ, എസ്തറിന് തോന്നിയ അടുപ്പം ബുദ്ധിക്കും യുക്തിക്കും വിശദീകരിക്കാനാവുന്നതിനും അതീതമായിരുന്നു. തികച്ചും ആത്മീയമായ അനുഭൂതിയുടെ തലത്തിലുള്ളതായിരുന്നു അത്. എസ്തർ കൂട്ടുകാരിക്ക് എഴുതി. “ആൻ മേരി പെറ്റേഴ്സൺ ഇന്ത്യയിലെ വിവിധ വിദ്യാലയങ്ങൾ സന്ദർശിക്കാൻ എന്നെയുംകൂട്ടി യാത്ര തിരിച്ചു. അങ്ങനെയാണ് ഞങ്ങൾ ഗാന്ധിയെ കാണുന്നത്. ആ കൂടിക്കാഴ്ചയോടെയാണ് എന്റെ പ്രസ്ഥാനത്തോടുള്ള എന്റെ അസംതൃപ്തിയുടെയും അസ്വസ്ഥതയുടെയും തുടക്കം. ഞാൻ അദ്ദേഹത്തിൽ എത്രയും ആകൃഷ്ടയായിത്തീർന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ചെറുപ്പം മുതൽ ഞാൻ ആരാധിച്ചവ തന്നെയായിരുന്നു.”

 

ആൻ​ േമരി,ത​രം​ഗ​മ്പാ​ടി തീ​ര​ത്ത് 1706ൽ ​ഡെ​ന്മാ​ർ​ക്കി​ൽനി​ന്നു​ള്ള ആ​ദ്യ​ത്തെ മി​ഷ​നറി​മാ​ർ ക​പ്പ​ലി​റ​ങ്ങി​യ ഇ​ടം

ഗാന്ധിക്കൊപ്പം ചെലവഴിച്ച, ആശ്രമത്തിലെ മൂന്നു ദിവസത്തിനുശേഷം ആനും എസ്തറും പോയത് ബോംബെക്കാണ്. പക്ഷേ, ആ മൂന്നു ദിവസംകൊണ്ടുതന്നെ എസ്തർ മറ്റൊരാളായിക്കഴിഞ്ഞിരുന്നു. ബോംബെയിൽ എത്തിയ ഉടൻ അവൾ ഗാന്ധിക്ക് തന്റെ ആദ്യ കത്ത് അയച്ചു. തനിക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്നു ദിവസങ്ങളാണ് ആശ്രമത്തിൽ ചെലവഴിച്ചതെന്നും അവിടെനിന്ന് വിട്ടതുമുതൽ കടുത്ത നഷ്ടബോധം തന്നെ അലട്ടുന്നെന്നും അവൾ എഴുതി. കത്തുകളിലൂടെ ദശാബ്ദങ്ങൾ നീണ്ട ഒരു അനിർവചനീയ ബന്ധത്തിന്റെ ആരംഭമാകും അതെന്നും എസ്തർ അന്ന് കരുതിയില്ല. ഗാന്ധി ആരാണ് തനിക്ക് എന്നും എസ്തർ ചിന്തിക്കാതിരുന്നില്ല. സഹോദരനോ അച്ഛനോ ഗുരുവോ അതോ കൂട്ടുകാരനോ അതോ അവരെല്ലാവരും ചേർന്ന ഒരാളോ?

പിറ്റേന്നുതന്നെ വന്ന ഗാന്ധിയുടെ മറുപടി എസ്തറിനെ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തിച്ചു.

അഹ്മദാബാദ് ജനുവരി 11, 1917

പ്രിയ എസ്തർ,

ബോംബെയിൽനിന്ന് അയച്ച നിങ്ങളുടെ കുറിപ്പ് കിട്ടിയതിൽ വളരെ സന്തോഷം. നിങ്ങൾ പോയതിനുശേഷം നിങ്ങൾ രണ്ട് പേരെയും ഞങ്ങൾ വല്ലാതെ മിസ് ചെയ്യുന്നുവെന്നു ഉറപ്പിച്ച് പറയാം. നിങ്ങൾ ഞങ്ങൾക്ക് അതിഥികളായിരുന്നില്ല, കുടുംബാംഗങ്ങൾതന്നെയായിരുന്നു. മിസ് പെറ്റേഴ്സൺ വീണ്ടും ക്ഷീണമൊക്കെ മാറി ഉഷാറായിക്കാണുമല്ലോ.

രണ്ടുപേർക്കും സ്നേഹാശംസകൾ.

ആത്മാർഥതയോടെ

എം.കെ. ഗാന്ധി

ഹ്രസ്വമെങ്കിലും ഗാന്ധിയുടെ സ്നേഹസ്പർശമാർന്ന ആ കത്ത് എത്ര തവണയാണ് എസ്തർ വായിച്ചതെന്ന് കണക്കില്ല. ഉടൻ വീണ്ടും എഴുതാതിരിക്കാനും അവൾക്കായില്ല. ആശ്രമത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ താൻ അനൽപമായ ശാന്തി കണ്ടെത്തിയെന്നും ഇനിയും വരാൻ അനുവദിക്കണമെന്നുമൊക്കെ അവൾ എഴുതി. ജോലിയുടെ ഭാഗമായി തമിഴ് പഠിക്കുന്ന കാര്യവും അവൾ അറിയിച്ചു. ആശ്രമത്തിൽ കണ്ടുമുട്ടിയ ഗാന്ധിയുടെ ഏറ്റവും ഇളയ മകനെ -പതിനേഴുകാരനായ ദേവദാസ്- പറ്റിയും എസ്തർ സ്നേഹപൂർവം അന്വേഷിച്ചു. തനിക്ക് നൽകിയ ആശ്രമനിയമാവലിയുടെ പ്രതി കുറച്ചുനാൾകൂടി സൂക്ഷിക്കാനും അവൾ അനുവാദം ചോദിച്ചു.

അതിനും അടുത്ത ദിവസംതന്നെ ഗാന്ധിയുടെ മറുപടി വന്നു.

* * *

അഹ്മദാബാദ്

ജനുവരി 15, 1917

പ്രിയ എസ്തർ,

നിങ്ങളുടെ കത്ത് കിട്ടിയതിലും മിസ് പെറ്റേഴ്സൻ ജലദോഷത്തിൽനിന്ന് പൂർണമായും മുക്തയായെന്നറിഞ്ഞതിലും വളരെ സന്തോഷം. ആശ്രമത്തിൽ നിങ്ങൾക്ക് ശാന്തി ലഭിച്ചെന്നറിഞ്ഞതിൽ വളരെ സന്തോഷം. തീർച്ചയായും നിങ്ങളെ രണ്ടു പേരെയും ഞങ്ങൾ കുടുംബമായിതന്നെ കണക്കാക്കുന്നു. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇവിടെ വരാം. ദേവദാസ് ഒരു നല്ല കുട്ടിയാണ്. അവനാണ് ഇനി തെക്കേ ആഫ്രിക്കക്ക് പോകുന്നത്. അവൻ അവിടെ മികച്ച ജീവിതം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പോകാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഇവിടെ അച്ചടിശാലയിൽ അവൻ കമ്പോസിറ്റിങ് പരിശീലനം നേടുന്നുണ്ട്.

പഠനത്തിൽ ആത്മാർഥമായി മുഴുകാനും അതിനായി ഉടൻ തന്നെ തമിഴിൽ സംസാരിക്കാനും നിനക്ക് കഴിയുമെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിയമാവലി എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുകൊള്ളുക. തിരിച്ചയക്കാൻ ധൃതിപ്പെടേണ്ട.

സ്നേഹപൂർവം

നിങ്ങളുടെ

എം.കെ. ഗാന്ധി

എസ്തറിന്റെ സന്തോഷം പൂർണമായി. മാത്രമല്ല, തന്റെ ജീവിതംതന്നെ തിരുത്തിയെഴുതാൻ അവൾ തീരുമാനിച്ചു. ഗാന്ധിക്കൊപ്പമുള്ള ആശ്രമജീവിതമാണ് തനിക്ക് ഏറ്റവും പ്രിയങ്കരവും സാർഥകവുമാവുക എന്ന് അവൾക്ക് തോന്നിത്തുടങ്ങി. എസ്തർ തിരുക്കോയിലൂരിൽ മടങ്ങിയെത്തിയപ്പോഴേക്കും മറ്റൊരാളായിക്കഴിഞ്ഞിരുന്നു. ഖാദിവസ്ത്രം ധരിക്കാൻ മാത്രമല്ല, സസ്യാഹാരി ആകാനും അവൾ നിശ്ചയിച്ചു. തിരുക്കോയിലൂരിലും ഗാന്ധി ആശ്രമത്തിലെ നിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ എസ്തർ ആരംഭിച്ചു. മറ്റൊരു സുപ്രധാന മാറ്റവും അവളിൽ ഉടലെടുത്തു. മിഷനറി സൊസൈറ്റിയിൽതന്നെ അവൾക്ക് താൽപര്യം കുറഞ്ഞുതുടങ്ങി. ഇനി എന്നാണ് അഹ്മദാബാദിലേക്ക് പോവുക എന്നതായി ചിന്ത. ഇതിനിടെ എസ്തറും ഗാന്ധിയുമായുള്ള കത്തുകൾ ഏറക്കുറെ ദിവസംതോറുമെന്ന നിരക്കിൽ തുടർന്നു. ജീവിതം, ദർശനം, രാഷ്ട്രീയം എല്ലാം ആ കത്തുകളിൽ വിഷയമായി.

ഗാന്ധിക്കാകട്ടെ, തെക്കേ ആഫ്രിക്കയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മില്ലി പൊലാകിനോടെന്നപോലെ അടുപ്പം എസ്തറിനോട് തോന്നി. 1904ൽ ജൊഹാനസ്ബർഗിൽ മുപ്പത്തഞ്ചുകാരനായ ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു 22 വയസ്സുള്ള പത്രപ്രവർത്തകനായിരുന്ന ഹെൻറി പൊലാകിന്റെ ഭാര്യ. സസ്യഭക്ഷണം തുടങ്ങി റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയോടും ഇംഗ്ലീഷ് ദാർശനികനായ ജോൺ റസ്കിനോടും ഉള്ള ആരാധന അടക്കം ഗാന്ധിയുടെ ആശയങ്ങളോട് പൂർണയോജിപ്പായിരുന്നു പൊലാകിന്. വൈകാതെ ഗാന്ധിക്കും കുടുംബത്തിനും ഒപ്പം അദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് ഫീനിക്സ് ആശ്രമത്തിലും അന്തേവാസിയായ പൊലാക് അദ്ദേഹത്തിന്റെ ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രത്തിന്റെ അധിപരുമായിത്തീർന്നു.

വിവാഹശേഷം പൊലാകിനൊപ്പം മില്ലിയും ഗാന്ധികുടുംബത്തിനൊപ്പമായിരുന്നു താമസം. സഹോദരനിർവിശേഷമായ ഉറ്റബന്ധമായിരുന്നു മില്ലിയും ഗാന്ധിയുമായും രൂപപ്പെട്ടത്. ലിംഗഭേദമോ പ്രായഭേദമോ ഇല്ലാത്ത സംശുദ്ധ സ്നേഹത്തിൽ വിശ്വസിച്ചിരുന്ന ഗാന്ധിയുടെയും മില്ലിയുടെയും പരസ്പരബന്ധത്തെ പ്രണയമായി തന്നെ ചിലരൊക്കെ വിലയിരുത്തി. മറ്റുള്ളവർ പലവിധം വ്യാഖ്യാനിക്കുന്ന തരത്തിൽ ഗാന്ധിയുമായുള്ള തീവ്രമായ സൗഹൃദത്തിലേർപ്പെട്ട പാശ്ചാത്യ യുവതികളിൽ ആദ്യത്തെയാളായിരുന്നു മില്ലി. ഹെൻറിയുടെ സഹോദരി മോഡ് പൊലാക് ആയിരുന്നു തെക്കേ ആഫ്രിക്കയിലെ ദിനങ്ങളിൽ ഗാന്ധിയുടെ സെക്രട്ടറി. അവൾക്ക് പക്ഷേ അദ്ദേഹത്തോട് പ്രണയത്തിനടുത്ത ആരാധനതന്നെയായിരുന്നു. ഒരിക്കൽ തന്നിൽനിന്ന് ചുംബനം പ്രതീക്ഷിച്ച പ്രണയപരവശയായ മോഡിനെക്കുറിച്ച് ഗാന്ധി ഹെന്റിക്ക് തന്നെ എഴുതി.

പക്ഷേ, അതിനകം ബ്രഹ്മചര്യ പ്രതിജ്ഞ സ്വീകരിച്ചിരുന്ന ഗാന്ധിക്ക് മറ്റേതൊരു സ്നേഹബന്ധത്തിൽനിന്നും വ്യത്യസ്തമായിരുന്നില്ല പ്രണയംപോലും. മാംസനിബദ്ധമല്ലാത്ത സ്നേഹമാണ് സ്വതന്ത്രവും സംശുദ്ധവുമെന്ന് ഗാന്ധി വിശ്വസിച്ചു. പുരുഷന്റെയും സ്ത്രീയുടെയും വ്യത്യസ്ത ലിംഗസ്വത്വത്തിൽതന്നെ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. താൻ ഒരു പുരുഷൻ മാത്രമല്ല, സ്ത്രീയുമാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയിലെ പുരുഷത്വത്തെക്കാൾ സ്ത്രീത്വത്തെയാണ് എത്രയും വിശ്വാസത്തോടെയും തീവ്രമായും അദ്ദേഹത്തിന്റെ ആരാധികമാർ പലരും സ്നേഹിച്ചതത്രേ. അദ്ദേഹത്തിൽ അച്ഛനെയും സഹോദരനെയും മാത്രമല്ല അമ്മയെയും സഹോദരിയെയും കണ്ട സ്ത്രീകൾ ധാരാളം.

ദിവസങ്ങൾകൊണ്ട് എസ്തറും ഗാന്ധിയും ദീർഘകാല സുഹൃത്തുക്കളെപ്പോലെയായി. ഗാന്ധിയെ താൻ സ്വന്തം സഹോദരനായി കാണുന്നുവെന്ന് എഴുതി എസ്തർ. ആ ബഹുമതി നന്ദിയോടെ ഏറ്റെടുക്കുന്നുവെന്നായിരുന്നു മറുപടി. ഒപ്പം പ്രിയപ്പെട്ടവരെ പരമാവധി ചൂഷണം ചെയ്യുന്നതിനു പേരുകേട്ടവനാണ് താനെന്ന് തമാശരൂപത്തിൽ പറഞ്ഞുകൊണ്ട് ഗാന്ധി എസ്തറിന് ഒരു ചുമതല ഏൽപിച്ചു. തെക്കേ ആഫ്രിക്കയിലെ തന്റെ പ്രിയ സുഹൃത്ത് മില്ലിയുടെ സഹോദരിയും തന്റെ സുഹൃത്തുമായ സെസിലിയ ഗ്രഹാമും അവരുടെ സഹോദരിയുടെ മക്കളും ഇന്ത്യയിൽ എത്തുന്നുണ്ടെന്നും കൊടുംചൂടിൽനിന്ന് രക്ഷപ്പെടാൻ അവർക്ക് മദിരാശി പ്രവിശ്യയിലെ കുളിരാർന്ന നീലഗിരിക്കുന്നുകളിൽ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കണമെന്നുമായിരുന്നു ഗാന്ധിയുടെ ആവശ്യം. അപ്പോഴേക്കും ഗാന്ധി ഇന്ത്യയിൽ എത്തിയശേഷം നയിക്കുന്ന ആദ്യ പ്രക്ഷോഭത്തിന് കളമൊരുങ്ങിയിരുന്നു.

ശ്രീരാമന്റെയും സീതാദേവിയുടെയും ശ്രീബുദ്ധന്റെയും ഒക്കെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യപ്രദേശമായിരുന്നു ബിഹാറിലെ ചമ്പാരൻ. പക്ഷേ, ബ്രിട്ടീഷ് ഭരണകാലം അവിടത്തെ കർഷകർക്ക് മഹാദുരിതകാലമായി. പ്രത്യേകിച്ചും പ്രദേശത്തെ നീലം കൃഷിക്കാർ ബ്രിട്ടീഷുകാരായ തോട്ടം ഉടമകളുടെ കടുത്ത ചൂഷണത്തിനിരയായി. കർഷകരെ നിർബന്ധിച്ചാണ് നീലം കൃഷി ചെയ്യിപ്പിച്ചിരുന്നത്. ഒന്നാം ലോകയുദ്ധത്തോടെ ആഗോളതലത്തിൽ നീലത്തിന് വലിയതോതിൽ ആവശ്യം വർധിച്ചു. കൊള്ളലാഭത്തിനുള്ള അവസരം മുന്നിൽക്കണ്ട് ഉൽപാദനം കുത്തനെ വർധിപ്പിക്കാൻ തോട്ടം ഉടമകൾ പാവപ്പെട്ട കർഷകരുടെ മേൽ അമിതമായ സമ്മർദം ചെലുത്തി. കൂലിയിൽ ഒരു വർധനയും ഇല്ലാതെ അമിതമായ അധ്വാനഭാരത്തിനിരയായ അവരുടെ ജീവിതം നരകതുല്യമായി. കർഷകരുടെ പ്രതിഷേധങ്ങളെ ക്രൂരമർദനം അഴിച്ചുവിട്ട് അമർച്ചചെയ്യുകയായിരുന്നു തോട്ടം ഉടമകളുടെയും അവരുടെ വിനീതദാസരായ പൊലീസുകാരുടെയും നയം.

ഇതിനൊരു പരിഹാരം കാണാൻ ചമ്പാരൻ ജില്ലയിലെ കർഷകരുടെ നേതാവ് രാജ് കുമാർ ശുക്ലയും ബിഹാറിലെ പത്രപ്രവർത്തകനായ പീർ മുഹമ്മദ് മുനീസും ആണ് ഗാന്ധിജിയെ കാണാനെത്തിയത്. തെക്കേ ആഫ്രിക്കയിലെ ഗാന്ധിയുടെ സമരങ്ങളെപ്പറ്റി അവർ മനസ്സിലാക്കിയിരുന്നു. പലതവണ ഗാന്ധിയെ കണ്ട് പ്രശ്നങ്ങൾ അറിയിച്ച അവർ ചമ്പാരൻ സന്ദർശിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. 1917 ഏപ്രിലിലായിരുന്നു അത്. ചമ്പാരനിലെത്തിയ ഗാന്ധി കർഷകരുടെ ദുരിതങ്ങൾ നേരിൽ കണ്ട് സ്തബ്ധനായിപ്പോയി. അവരുടെ പ്രക്ഷോഭം ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. കോൺഗ്രസ് പാർട്ടിയുടെ ലഖ്നോ സമ്മേളനം കർഷകരുടെ ആവശ്യങ്ങൾക്കായി പ്രമേയം പാസാക്കി. പക്ഷേ, ഏപ്രിൽ 15നു വൈകീട്ട് സംഘർഷഭരിതമായ ചമ്പാരനിലെ മോതിഹരിയിലെത്തിയ ഗാന്ധിയോട് ഉടൻ സ്ഥലം വിട്ടുപോകാൻ പൊലീസ് നോട്ടീസ് നൽകി. ഇത് തള്ളിയ ഗാന്ധി പിറ്റേന്ന് രാവിലെ ഒരു ആനപ്പുറത്താണ് വനസമാനമായ ചമ്പാരനിലേക്ക് തിരിച്ചത്. അതോടെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു. പക്ഷേ, ഗാന്ധിയുടെ വരവോടെ ചമ്പാരനിലെ സംഘർഷം ഇന്ത്യയാകെ ശ്രദ്ധിച്ചു.

ഡെന്മാർക്കിന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനി തരംഗമ്പാടിയിൽ 1620ൽ പണിത കോട്ട

കോടതിയിൽ ഹാജരായ ഗാന്ധിയോട് എത്രയും വേഗം ചമ്പാരൻ വിട്ട് പോകാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പക്ഷേ, അതിന് കഴിയില്ലെന്നും ചമ്പാരനിൽ താൻ സ്ഥിരതാമസമാക്കുകയാണെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്തുകൊള്ളൂ എന്നുമായിരുന്നു കോടതിമുറിയിൽ നിന്നുകൊണ്ട് തന്നെയുള്ള ഗാന്ധിയുടെ മറുപടി. അമ്പരന്നുപോയ ജഡ്ജി പിന്നീട് മുകളിൽനിന്ന് വന്ന നിർദേശപ്രകാരം ഗാന്ധിക്കെതിരായ നടപടികൾ നിർത്തിവെച്ചു. പിറ്റേദിവസം മുതൽ ഗ്രാമങ്ങൾതോറും സന്ദർശിച്ച് ഗാന്ധിജി കർഷകരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാരംഭിച്ചു. പക്ഷേ, ആ കൊടുങ്കാറ്റ് വീശുന്ന ദിവസങ്ങളിലും തനിക്ക് നിരന്തരം കത്തയച്ചിരുന്ന എസ്തറിനു കൃത്യമായ മറുപടി എഴുതാൻ ഗാന്ധി സമയം കണ്ടെത്തി. ചമ്പാരനിലെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകാൻ കൽപിക്കപ്പെട്ടതിന്റെ തലേന്ന് മോതിഹരിയിൽനിന്ന് ഗാന്ധി എസ്തറിന് എഴുതി.

* * *

മോതിഹരി

ഏപ്രിൽ 17, 1917

എന്റെ പ്രിയപ്പെട്ട എസ്തർ,

ഞാൻ തടവിലാക്കപ്പെടാൻ പോവുകയാണ് എന്ന വാർത്ത എന്നിൽനിന്നുതന്നെ അറിയാൻ നീ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് അറിയാം. തൊഴിലാളികളുടെ പരാതികൾ അന്വേഷിക്കാനാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷേ, ഞാൻ ഇവിടെ പാടില്ലെന്നാണ് അധികൃതരുടെ നിലപാട്. അതുകൊണ്ട് ഉടൻതന്നെ അറസ്റ്റ് ഉണ്ടാവും. ആശ്രമത്തിലെ മി. എമ്മിനോട് ചില രേഖകൾ അയച്ചുതരാൻ പറയുക. അപ്പോൾ നിനക്ക് കാര്യങ്ങൾ പിടികിട്ടും. എന്തായാലും മനഃസാക്ഷിക്കു വേണ്ടി പ്രവർത്തിച്ചതിന് തടവിലാക്കപ്പെടാൻ പോവുകയാണെന്നതിൽ അതീവ സന്തോഷവാനാണ് ഞാൻ.

നിന്റെ സ്വന്തം

(ഞാൻ ഒപ്പ് വെക്കണമെന്ന് നിനക്കുണ്ടെങ്കിൽ)

ബാപ്പു

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രക്ഷോഭത്തിന്റെയും തടവിന്റെയും ഒക്കെ മുന്നിൽ നിൽക്കുമ്പോഴും എസ്തറിന് മറുപടി എഴുതാൻ ഗാന്ധി സമയം കണ്ടെത്തിയെന്നത് മാത്രമല്ല ശ്രദ്ധേയം. ഇരുവരും തമ്മിലുള്ള ബന്ധം ദിനംപ്രതി കൂടുതൽ ഊഷ്മളമായി. തന്നെ ബാപ്പു എന്ന് അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന എസ്തറുടെ അപേക്ഷ സന്തോഷപൂർവം ഗാന്ധി സ്വീകരിച്ചു. പ്രിയ എസ്തർ എന്ന അഭിസംബോധന എന്റെ പ്രിയപ്പെട്ട എസ്തർ എന്നായി. എം.കെ. ഗാന്ധിക്ക് പകരം ബാപ്പു എന്നും ഒപ്പിട്ടു.

ഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം അബദ്ധമാകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സർക്കാർ ആ തീരുമാനം ഉപേക്ഷിച്ചു. മാത്രമല്ല കർഷകപ്രശ്നം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുംചെയ്തു. ഗാന്ധിയുടെ പ്രഥമ പ്രക്ഷോഭം അങ്ങനെ ഒന്നാംവട്ടം വിജയമായി.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.