ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ പലവിധത്തിലുള്ള വക്താവും പ്രയോക്താവുമായിരുന്ന മന്ദാകിനി നാരായണനെക്കുറിച്ചുള്ള ഒാർമകളുടെ കഴിഞ്ഞ ലക്കം തുടർച്ച
മരണത്തിൽനിന്നുള്ള തിരിച്ചുവരവ് പിന്നെയുള്ള അഞ്ച് വർഷം (2001- 2006 ) മാ എന്ന മന്ദാകിനി നാരായണൻ ആഘോഷമാക്കി. മായെ കൂട്ടി സിനിമകൾക്ക് പോകുന്നത് അന്നത്തെ കൂട്ടായ്മയുടെ പതിവായിരുന്നു. പ്രകാശം പരത്തുന്ന ഒരു ജീവിതാസക്തിയായിരുന്നു മായിൽ പിന്നീട് കണ്ടത്. മായുടെ മരണക്കിടക്കയിലെ അനുഭവം ഞാനാ സമയത്ത് ‘മാതൃഭൂമി’യുടെ ‘ആരോഗ്യമാസിക’യുടെ അതിജീവനം വിഷയമാക്കിയുള്ള പ്രത്യേക പതിപ്പിൽ എഴുതി. മായുടെ അനുഭവങ്ങൾ മറവിക്ക് വിട്ടുകൊടുക്കരുതെന്നും അത് ഡോക്യുമെന്റ് ചെയ്യണമെന്നുമുള്ള വിചാരം കൂട്ടുകാർക്കുണ്ടായ കാലമായിരുന്നു അത്.
2002ൽ കോഴിക്കോട്ട് കൈരളി-ശ്രീ തിയറ്ററിൽ ‘അന്വേഷി’യുടെ മുൻകൈയിൽ നടന്ന വിമൻസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പെൺസിനിമയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് ഒരു പുതിയ പാത വെട്ടിത്തുറന്നിരുന്നു. തുടർച്ചകൾ ഇല്ലാതെ പോയ ഒരു ചരിത്രമാണത്. അതിന്റെ ഫെസ്റ്റിവൽ ബുക്ക് ഇന്നും ഒരപൂർവ മാതൃകയാണ്.
2002ലാണ് ‘മാതൃഭൂമി’ ബോംബെ എഡിഷൻ തുടക്കമിടുന്നത്. അതിന്റെ മുന്നോടിയായി മന്ദാകിനി നാരായണന്റെ ബോംബെ അനുഭവം ആസ്പദമാക്കി ഒരു ദീർഘ അഭിമുഖം തയാറാക്കാൻ ‘മാതൃഭൂമി’ എന്നെ ചുമതലപ്പെടുത്തി. അത് മായെക്കൊണ്ട് സമ്മതിപ്പിക്കൽ ഒരു വലിയ പണിതന്നെയായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് അതിന് ഒരു തലവെട്ടി പ്രസ്ഥാനമെന്ന പ്രതിച്ഛായ ഉണ്ടാക്കിയ ‘മാതൃഭൂമി’, ‘മനോരമ’ പത്രങ്ങളോട് ഒരുകാലത്തും മാ ക്ക് ഒരനുഭാവവും ഇല്ലായിരുന്നു.
പൊലീസിനോടുള്ള അതേ നിലപാടായിരുന്നു മാ ക്ക് ‘മാതൃഭൂമി’യോടും ‘മനോരമ’യോടും. എന്നാൽ, മരണത്തിൽനിന്നുള്ള തിരിച്ചുവരവും അജിതയുടെയും യാക്കൂബിന്റെയും സ്നേഹനിർബന്ധവും എല്ലാം ചേർന്നു മാറിയ സാഹചര്യത്തിൽ മാ ജീവിതം പറയാൻ സമ്മതിച്ചു. രണ്ടു ദിവസം തുടർച്ചയായി അത് ‘മാതൃഭൂമി’ ബോംബെ എഡിഷന്റെ പ്രത്യേക സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചു. അത്രയും അനുഭവങ്ങൾ മാ മറ്റൊരിക്കലും കൂട്ടുകാർക്ക് മുന്നിൽ തുറന്നുകാട്ടിയിരുന്നില്ല.
നക്സൽ ബാരിയല്ല മന്ദാകിനി നാരായണനെ സൃഷ്ടിച്ചത്, സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ അവരിൽ കുടികൊണ്ട സ്വാതന്ത്ര്യത്തോടുള്ള തീരാത്ത അഭിനിവേശമാണ് അവരെ കമ്യൂണിസ്റ്റുകാരിയായും നക്സലൈറ്റും ചിത്രകാരിയും കവിയും സംഗീത വിദ്യാർഥിയുമൊക്കെയായി മാറ്റിയത് എന്ന് ആ അഭിമുഖം ബോധ്യപ്പെടുത്തി. കുന്നിക്കൽ നാരായണൻ എന്ന വലിയ പ്രതിച്ഛായക്ക് മുന്നിൽ മന്ദാകിനി നാരായണൻ പിൻവാങ്ങിനിന്നത് അവരുടെ കരുത്തുകൊണ്ട് കൂടിയായിരുന്നു എന്നാണ് വിചാരിക്കേണ്ടത്. അത്രയും ഇതിഹാസ തുല്യമായ ജീവിതമായിരുന്നു മായുടേത്.
സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനി ജാംബേക്കറുമായി അടുത്തബന്ധമായിരുന്നു മന്ദാകിനിക്ക്. സുഹാസിനി ജർമനിയിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്നപ്പോഴാണ് ഒളിവിൽ ഇന്ത്യയിലെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ബോംബെയിലെ നേതാവായിരുന്ന ജാംബേക്കറുടെയും സുഹാസിനിയുടെയും സാഹസിക ജീവിതമാണ് മന്ദാകിനിയെ വശീകരിക്കുന്നത്. നാൽപതുകളുടെ മധ്യത്തിൽ ബോംബെ ഖേത്വാടിയിൽ ആർ.കെ ബിൽഡിങ്ങിൽ കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്തെത്തിയിരുന്ന ബി.ടി. രണദിവെ, ഡാങ്കെ, ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ എന്നിവർ മന്ദാകിനിയുടെ ലോകം വിപുലമാക്കി.
കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയ കാലത്ത് ബാബാ ഗുരുമുഖ് സിങ്ങും അജയഘോഷും പി.സി. ജോഷിയുമായിരുന്നു മായുടെ നേതാക്കൾ. കോളജ് പഠനകാലത്ത് ബി.ടി. രണദിവെയുടെ സഹോദരി അഹല്യ രങ്കണേക്കറും പി.ബി. രങ്കേണക്കറുമായി അടുത്ത ചങ്ങാത്തമുണ്ടായിരുന്നു. എം.ആർ. ദേശായി, നീരാ ദേശായി തുടങ്ങിയ ട്രോട്സ്കി പക്ഷപാതികളുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു.
1947 ആഗസ്റ്റ് 14ന് രാത്രി ടോർച്ച് ലൈറ്റുകളുമായി ബോംബെ തെരുവിലിറങ്ങിയാണ് മന്ദാകിനിയും കൂട്ടരും ബ്രിട്ടീഷുകാരുടെ പിന്മാറ്റം ആഘോഷമാക്കിയത്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടിയാണ് മന്ദാകിനിയും കുന്നിക്കൽ നാരായണനും തമ്മിലുള്ള വിവാഹം നടത്തുന്നത്. താലിയോ മാലയോ മറ്റാചാരങ്ങളോ ഒന്നും അന്നത്തെ കമ്യൂണിസ്റ്റുകാർക്ക് ചിന്തിക്കാൻപോലുമാകില്ലായിരുന്നു എന്ന് മാ പറഞ്ഞു.
2002ൽ തന്നെയാണ് സി.എസ്. വെങ്കിടേശ്വരൻ മായെക്കുറിച്ച് ‘മാതാ ടു മാ’ എന്ന ഡോക്യുമെന്ററിയെടുക്കുന്നത്. പാപ്പാത്തിയും മായും ഒന്നിച്ചുള്ള ഒരു ദൃശ്യത്തിലാണ് ആ ഡോക്യുമെന്ററി അവസാനിക്കുന്നത് എന്നാണ് ഓർമ. അപ്പോഴേക്കും മായുടെ അടുത്ത തലമുറയിലെ അടുത്ത കൂട്ടുകാരികളിലൊരാളായിമാറിയിരുന്നു ഞങ്ങളുടെ മകൾ പാപ്പാത്തിയും. കുറച്ചു കൂടുതൽ ദിവസം പാപ്പാത്തിയെ കണ്ടില്ലെങ്കിൽ എന്നെയോ ദീദിയെയോ മാ ഫോൺ ചെയ്യുമായിരുന്നു: ‘‘എന്താ അവളുടെ അമ്മൂമ്മക്ക് അവളെ കാണണ്ടേ’’ എന്ന്. ഞങ്ങളുടെ കല്യാണത്തലേന്ന് രണ്ടു വീട്ടിലും ഒരുപോലെ എത്തി അനുഗ്രഹങ്ങൾ തന്ന മാ പാപ്പാത്തിയുടെ ഓരോ പിറന്നാൾ കൂടിച്ചേരലിനും ഒപ്പമുണ്ടായിരുന്നു.
ഞങ്ങളുടെ വിവാഹത്തിന് എത്രയോ മുമ്പ് തന്നെ മായുടെ കൂട്ടുകാരികളിൽ ദീദിയുമുണ്ടായിരുന്നു. അജിത വഴിയായിരുന്നു ആ ബന്ധം. ദീദി ആ കാലം ഓർക്കുന്നത് ഇങ്ങനെയാണ്:
‘‘എൺപതുകളുടെ മധ്യത്തിൽ ഫെമിനിസം എന്ന സ്വപ്നം മലയാളത്തിൽ പൊട്ടിമുളച്ചു തുടങ്ങിയ കാലത്ത് അജിതേച്ചിയെയാണ് വെളിച്ചമായി മുന്നിൽ കണ്ടത്. സുമംഗലക്കുട്ടി ടീച്ചർ കോഴിക്കോട് ഗവ. ആർട്സ് കോളജിലേക്ക് സ്ഥലം മാറിയെത്തിയത് വലിയൊരു പെൺകൂട്ടിന്റെ തുടക്കമായിരുന്നു. അജിതേച്ചി പകർന്നുതന്ന ചുവടുെവപ്പുകളുടെ അതേ ഭാഷയായിരുന്നു തൃശൂരിൽനിന്നും ഞങ്ങളെ തേടി എത്തിയ സാറ ടീച്ചറുടെയും സുമംഗലക്കുട്ടി ടീച്ചറുടെയും ചുവടുെവപ്പുകൾക്കും. സാറ ടീച്ചർ വന്നത് ചൊൽക്കാഴ്ചയുമായാണ്. അതാണ് എന്റെ തലമുറക്ക് നൃത്തച്ചുവടുകൾ തിരിച്ചുതന്നത്. മീഞ്ചന്തയിലെ എന്റെ വീട്ടിൽ െവച്ചായിരുന്നു റിഹേഴ്സൽ.
മലയാളത്തിലെ ആദ്യ ഫെമിനിസ്റ്റ് പുസ്തകം, ഇന്ദിര
‘‘ഉണർന്നെണീക്കുക സോദരി...’’
സാറ ടീച്ചർ പുതിയൊരു പാട്ടല്ല, പാട്ടിലൂടെ പുതിയൊരു ലോകമാണ് പഠിപ്പിച്ചുതന്നത്.
‘‘നൃത്തം ചവിട്ടുമ്പോൾ മുലകൾ ഇളകാതെ നോക്കേണ്ട. അത് തോന്നിയതു പോലെ ഇളകിമറിയട്ടെ’’ എന്ന് സാറ ടീച്ചർ ഞങ്ങളെ തിരുത്തിയത് എന്നന്നേത്തേക്കുമുള്ള ഒരു തിരുത്തായിരുന്നു: വെറും മുലകളല്ല ഞങ്ങൾ എന്ന ഉയിർത്തെഴുന്നേൽപായിരുന്നു ആ ചൊൽക്കാഴ്ച. മലയാളി ഫെമിനിസത്തിന്റെ അന്താരാഷ്ട്ര മാർച്ചിങ് സോങ്ങിന് അത് അടിത്തറയിട്ടു എന്നു പറയാം. അതേ ചൊൽക്കാഴ്ച അതേസമയത്ത് തൃശൂരിലും പട്ടാമ്പിയിലും കൂട്ടുകാർ ഏറ്റുചൊല്ലി. അതൊരു ബലമായിരുന്നു. ഒറ്റക്കല്ല, ഒറ്റക്കാവില്ല എന്നതിന്റെ. പിൽക്കാലം അതിന്റെ തെളിവായി തെളിഞ്ഞൊഴുകി.
1990ൽ കോഴിക്കോട്ട് ദേവഗിരി കോളജിൽ െവച്ച് ഇന്ത്യയിലെ സ്ത്രീവിമോചന സംഘടനകളുടെ ദേശീയ സമ്മേളനം നടക്കുന്ന വേളയിലാണ് മായുമായി ഏറ്റവും അടുക്കുന്നത്. ഞാനന്ന് ദേവഗിരി കോളജിലെ വിദ്യാർഥിനിയായിരുന്നതുകൊണ്ടുതന്നെ എല്ലാവരും അന്നെന്റെ അതിഥികൾകൂടിയായിരുന്നു. പല നാടുകളിൽനിന്നെത്തിയ അതിജീവിതമാർ നേരിട്ട ‘ബലാത്സംഗ’ അനുഭവങ്ങൾ സദസ്സിന് മുമ്പാകെ പരിഭാഷപ്പെടുത്തലായിരുന്നു സമ്മേളനം എന്നെ ഏൽപിച്ച ചുമതല.
ഓരോരുത്തരും മുറിവുകളുടെ ഭാഷയിൽ സംസാരിച്ചു. പിന്നെ സമ്മേളനത്തിന്റെ അവസാനമെത്തിയപ്പോൾ ഓരോരുത്തരും എല്ലാം മറന്ന് നൃത്തംെവച്ചു. അത്രയും ആവേശത്തോടെ, സ്വാതന്ത്ര്യത്തോടെ മുമ്പൊരിക്കലും ആരും അങ്ങനെ പാട്ടു പാടി നൃത്തം െവച്ചിരുന്നില്ല. ആൺ നോട്ടങ്ങളിൽനിന്നുള്ള ഒരു വിമോചനമായിരുന്നു ആ പാട്ടും നൃത്തവും. രാത്രിയും പകലുകളും പല ഭാഷകളിൽ സ്വപ്നം കണ്ടു നടന്നു.
ലോകമിതാ ഉടൻ കീഴ്മേൽ മറിയാൻ പോകുന്നു എന്ന വിശ്വാസം സിരകളിൽ ഇരച്ചുകയറി. അത്രയും ചോരത്തിളപ്പായിരുന്നു എല്ലാവർക്കും. മാ യെ ആ നൃത്തച്ചുവടുകൾക്കിടയിൽ െവച്ചാണ് ഞാനാദ്യം കണ്ടുമുട്ടുന്നത്. അത് പിന്നെ കൈകൾ കോർത്ത് തെരുവിൽ പ്രകടനമായി മാറി. ആരും ആരെയും നയിക്കുന്നില്ലായിരുന്നു. എല്ലാവരും സ്വയം നയിക്കുകയായിരുന്നു.’’
മായുടെ ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ മാത്രമാണിപ്പോഴും ബാക്കിനിൽക്കുന്നത്. അതിലൊന്നിൽ കാമറയുടെ കണ്ണിൽ മാ അല്ല ഫോക്കസിൽ. എന്നാൽ, മായുടെ നോട്ടം ഇന്നും കാണാം. പാപ്പാത്തിക്ക് രണ്ട് വയസ്സുള്ളപ്പോളെടുത്ത ചിത്രമാണത്. സുഹൃത്ത് വി.പി. പ്രവീൺകുമാർ എടുത്ത ചിത്രം.
പത്തു മണിക്കൂർ ഷൂട്ട് ചെയ്ത ‘മാതാ ടു മാ’യുടെ 70 മിനിറ്റ് നീണ്ട ആദ്യ പതിപ്പ് കണ്ട് മായുടെ പ്രതികരണം എന്തെന്നറിയാൻ കൂട്ടുകാർ ആകാംക്ഷാപൂർവം കാത്തുനിന്നു. മാ, ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘ഇറ്റ്സ് ഫാർസിക്കൽ! എന്തൊരു പ്രഹസനം എന്ന്!’’ ആ പ്രതികരണവും ഷൂട്ട് ചെയ്ത് വെങ്കിടി ഡോക്യുമെന്ററിയുടെ ഭാഗമാക്കി മാറ്റി. മായുടെ മഹത്ത്വമാണ് ആ പ്രതികരണമെന്ന് സേതു ഏട്ടൻ പറഞ്ഞു. തന്നെക്കുറിച്ച് ഒരാൾക്ക് തന്നെ പറയേണ്ടിവരുന്നത് കാണേണ്ടിവരുന്നതിന്റെ ‘ചളിപ്പ്’ മാ അനുഭവിച്ചിരുന്നോ? ഉണ്ടാകാം.
തന്നെക്കുറിച്ച് മാത്രം പറയുന്ന അഭിമുഖങ്ങളുടെയും ആത്മകഥകളുടെയും പ്രവാഹങ്ങൾക്കിടയിൽ ഒരായുഷ്കാലം പറയുന്നതിനേക്കാൾ പറയാതിരിക്കുന്നതിൽ ഊന്നിയ മാക്ക് സ്വയം പറയുന്നത് കണ്ടിരിക്കേണ്ടിവന്നതിൽ പൊള്ളിപ്പോയിട്ടുണ്ടാകാം. ‘ചിത്രഭൂമി’യിലെ എന്റെ ‘നോയ്സ്’ എന്ന കോളത്തിൽ അതൊരു മാ അനുഭവമായി കയറിവന്നു. ഓർമകൾ എഴുതണമെന്ന നിർബന്ധങ്ങളോട് മാ എന്നും സ്നേഹപൂർവം വിയോജിച്ചിട്ടേ ഉള്ളൂ. പിന്നെയൊരിക്കൽ മാ തന്റെ ഡയറിയിൽ ചില കുറിപ്പുകൾ എഴുതുന്നുണ്ടെന്നറിഞ്ഞപ്പോൾ അത് ആത്മകഥയായി എഴുതണമെന്ന ആവശ്യവും അവർ നിരാകരിച്ചു.
മരണത്തെക്കുറിച്ചും മായോട് സംസാരിക്കാമായിരുന്നു. അങ്ങനെ ഒരുദിവസം മായോട് ഞങ്ങൾ സ്വത്ത് ചോദിച്ചു. മാ മരിച്ചാൽ മായുടെ സ്വത്തിൽ ഞങ്ങൾ കൂട്ടുകാർക്കും അവകാശമുണ്ട് എന്ന് പറഞ്ഞു. സ്വകാര്യസ്വത്തിലേ വിശ്വസിക്കാത്ത മായുടെ സ്വത്തിന്റെ അവകാശികൾ എങ്ങനെ സഖാവ് അജിതയും ഗാർഗിയും മാത്രമാകും എന്നാണ് ഞാൻ ഉന്നയിച്ചത്.
മന്ദാകിനി നാരായണൻ മകൾ അജിതക്കൊപ്പം -1952ലെ ചിത്രം
‘‘ശരിയാണ്’’, മാ പറഞ്ഞു, ‘‘നിനക്കൊന്നുമില്ല, എന്നാൽ പാപ്പാത്തിക്ക് അവകാശപ്പെട്ടതാണ് എന്റെ ഡയറിക്കുറിപ്പുകൾ. അവൾക്കുവേണ്ടി, അവളുടെ തലമുറക്ക് വേണ്ടിയാണ് ഞാൻ ഓർമകൾ എഴുതുന്നത്’’ എന്ന്.
എന്റെ ഓർമയിൽ ഈ സംഭാഷണം നടക്കുമ്പോൾ ചേവായൂർ ‘ഹരിതക’ത്തിലെ മായുടെ വീട്ടിൽ അന്നത്തെ സ്ഥിരം മാ കൂട്ടായ്മയായ അജിത, യാക്കൂബ്, ഗാർഗി, ക്ലിന്റ്, അശോകൻ, മീര, മുകുന്ദനുണ്ണി, ഡോ. സുരേഷ്, മോഹന, ഡോ. കൃഷ്ണകുമാർ, ഡോ. ഗീത, ഷുഹൈബ്, സബിത എന്നിവർക്കൊപ്പം പാപ്പാത്തിയും ദീദിയുമുണ്ട്. പാപ്പാത്തിയെ പിറന്നനാൾ മുതൽ വളർത്തിയ അവളുടെ അമ്മൂമ്മമാരിൽ മായുമുണ്ട്. അങ്ങനെ മാ ആ ഡയറിയുടെ മരണാനന്തര അവകാശം പാപ്പാത്തിക്ക് എന്ന പ്രഖ്യാപനം കൂട്ടച്ചിരിയോടെ എല്ലാവരും ആസ്വദിക്കുകയും ചെയ്തു.
2006ൽ മാ പോയി. മരിച്ചു എന്ന് എഴുതാൻ കൈ ഇപ്പോഴും വഴങ്ങാത്ത മരണങ്ങളിൽ മായുമുണ്ട്. ‘അന്വേഷി’ക്ക് അക്കാലത്ത് അന്വേഷി ന്യൂസ് ലെറ്ററാണുള്ളത്. 2007 നവംബർ-ഡിസംബർ ലക്കം ന്യൂസ് ലെറ്റർ മാ പതിപ്പായി ഇറക്കി. അതിൽ മാ യെക്കുറിച്ച് ഒരു ഓർമക്കുറിപ്പ് എഴുതിയിരുന്നു: ‘ഓർക്കാൻ വിസമ്മതിച്ച മാ’. അജിത, ദീദി, സാവിത്രി, അനിത, ഗിരിജ, അംബിക, ജാൻസി എന്നിവരായിരുന്നു അന്നത്തെ ന്യൂസ് ലെറ്റർ ടീം.
2007ൽ ‘മരിക്കാത്ത താളുകൾ -മന്ദാകിനി നാരായണന്റെ ഓർമക്കുറിപ്പുകൾ’ എന്ന പേരിൽ മായുടെ ഡയറിക്കുറിപ്പുകൾ ഗിരിജ എഡിറ്റ് ചെയ്ത് പരിഭാഷപ്പെടുത്തി വിമൻസ് ഇൻപ്രിന്റ് പ്രസിദ്ധീകരിച്ചു. ആ ഓർമക്കുറിപ്പുകളുടെ അസംഖ്യം തിരഞ്ഞെടുപ്പ് സാധ്യതകളുടെ ഒരു സാധ്യതതന്നെയായിരുന്നു അത്. അത് പ്രധാനമാണ്. എന്നാൽ, മറ്റു സാധ്യതകളും അതിലുണ്ടാകാം എന്ന് അത് വായിച്ചപ്പോൾ തോന്നിയിരുന്നു. മാ പറഞ്ഞ ഒസ്യത്തനുസരിച്ച് അത് പാപ്പാത്തിക്കായിരുന്നല്ലോ കിട്ടേണ്ടിയിരുന്നത് എന്നും അതെല്ലാവരും മറന്നുവല്ലോ എന്നൊരു ഖേദം കുറേക്കാലം എനിക്കുണ്ടായിരുന്നു.
2009ൽ ‘മായുടെ കത്തുകൾ’ മാതൃഭൂമി ബുക്സ് പുറത്തിറക്കി. ജയിലിൽനിന്നും പുറത്തുവന്ന മാ ജയിലിനുള്ളിലെ അജിതക്ക് അയക്കുന്ന ആ കത്തുകൾ 1972- 1977 കാലത്തെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളാൽ സമൃദ്ധമാണ്. ഗ്രാംഷിയുടെ ‘പ്രിസൺ നോട്ട് ബുക്കി’ൽ എന്നപോലെ ‘ബുദ്ധിയുടെ അശുഭാപ്തിവിശ്വാസവും ഇച്ഛാശക്തിയുടെ ശുഭാപ്തിവിശ്വാസവും’ നിറഞ്ഞ മായുടെ ഏറ്റവും പ്രധാന രചനയാണിത്.
മലയാളം വാരിക പത്രാധിപ സമിതി അംഗം സജി ജെയിംസ് ആണ് പുസ്തകം സമാഹരിക്കുന്നത്. 2004ൽ സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പിലേക്ക് മായെക്കുറിച്ച് എഴുതാനുള്ള സജിയുടെ അന്വേഷണമാണ് ഈ കത്തുകളെ ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് എത്തിച്ചത്. ഡോ. സുരേഷ് കുമാറിൽനിന്ന് പുസ്തകം ഏറ്റുവാങ്ങിയത് ദീദിയായിരുന്നു.
1973ൽതന്നെ മാർച്ച് 8ന്റെ വനിതാ ദിനത്തിന്റെ പ്രാധാന്യം മാ ആ കത്തുകളിലൊന്നിൽ അജിതയെ ഓർമിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യാശകൾ കത്തുകളിൽ പലയിടത്തായി കടന്നുവരുന്നുണ്ട്.
ഇന്ദിരയും ഭാസുരേന്ദ്ര ബാബുവും
‘‘കാലം മാറി. ഇപ്പോൾ സ്ത്രീയും പുരുഷനും തുല്യരാണ്. പുരുഷസഖാക്കൾക്ക് നേടിയെടുക്കാവുന്നതൊക്കെ സ്ത്രീസഖാക്കൾക്കും നേടിയെടുക്കാനാവും’’ എന്ന മാവോയുടെ പ്രത്യാശ മായും ഹൃദയത്തിലേറ്റുന്നുണ്ട്. എന്നാൽ, സ്വന്തം ജീവിതകാലത്ത് തന്നെ ചെങ്കൊടിയേന്തിയ ചൈനയും മുതലാളിത്ത പാതയിലേക്ക് ചെന്നെത്തിയതിന്റെ വേദന മാ ഹൃദയത്തിലേറ്റിയിരുന്നു.
‘ചൈനീസ് ചെയർമാൻ നമ്മുടെ ചെയർമാൻ’ എന്ന് വിശ്വസിച്ച് ജീവിച്ച രാഷ്ട്രീയമായിരുന്നു നക്സലൈറ്റായ കാലത്തെ മായുടെ പരിമിതി. തെറ്റുപറ്റാത്ത ദൈവംപോലത്തെ വിഗ്രഹമായിരുന്നു ആ തലമുറക്ക് മാവോ. മാവോയും ചൈനയും വഴി പിഴക്കില്ല എന്നത് മായുടെ മാത്രമല്ല ആ തലമുറയുടെതന്നെ ഒരു വിശ്വാസമായിരുന്നു. 1976ൽ മാവോയുടെ മരണത്തോടെ അതിന്റെ തകർച്ച ലോകം കണ്ടുതുടങ്ങി.
മാവോയുടെ ചൈനയെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ ഒരായുഷ്കാലം ഹൃദയത്തിൽ സൂക്ഷിച്ച അവസാനത്തെ ഉട്ടോപ്പിയയുടെ പതനമായിരുന്നു. അതാണ് മായെ പിന്നീട് വർഷങ്ങളോളം നിശ്ശബ്ദയാക്കിയത് എന്നുവേണം വിചാരിക്കാൻ. ഫെമിനിസമായിരുന്നു അവസാന പ്രതീക്ഷ. പിന്നെ അതും പിന്നിട്ട് സംഗീതവും. തത്ത്വചിന്തകനും സംഗീതജ്ഞനുമായ മുകുന്ദനുണ്ണിയായിരുന്നു മായുടെ സംഗീതഗുരു. ലോകത്തിന്റെ വേദനകളിൽനിന്നുള്ള വിടുതലും മുക്തിയും മായുടെ സംഗീതത്തോടുള്ള പ്രണയത്തിൽ കാണാമായിരുന്നു.
ഈ വരുന്ന ഡിസംബർ 16ന് മാ വിട പറഞ്ഞിട്ട് 17 വർഷം പിന്നിടും. മായുടെ ഓർമ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്നും ഊർജമാണ്. ‘ഫെമിനിസങ്ങൾ’ പലരീതികളിൽ വളരുന്നത് പിന്നെ ലോകം കണ്ടു. ഇത്തിരി ആകാശത്തിനുവേണ്ടിയുള്ള ആ പോരാട്ടങ്ങൾക്ക് ഇന്ന് പല മുഖങ്ങളുണ്ട്. പല പേരുകളും പല ഓർമകളുമുണ്ട്. ‘പ്രചോദന’, ‘ചേതന’, ‘ബോധന’, ‘മാനുഷി’, ‘അന്വേഷി’, ‘സ്ത്രീവേദി’, ‘വിങ്സ്’, ‘പെൺകൂട്ട്’, ‘ഡബ്ല്യു.സി.സി...’ പ്രചോദനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന, മരിക്കാത്ത നക്ഷത്രമായി മായുടെ ഓർമ ഇപ്പോഴും വഴികാട്ടുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.