മരണപ്പേടി മനുഷ്യസഹജം അതുകൊണ്ട്, മാലോകത്തെ മാരക കുറ്റമായി കൊലപാതകം. അതിലൊരു മുൻകൂർ ജാമ്യവും തിരുകിയിട്ടുണ്ട് –ആവശ്യത്തിന് ഏതു ജീവനുമെടുക്കാം, മനുഷ്യന്റെയൊഴികെ, ധർമന്യായം: കൊന്നാൽ പാപം തിന്നാൽ തീരും. അപ്പോൾ തക്കൊല? ഉയിര് ആരുടേതായാലും –സ്വന്തമോ അന്യമോ– കൊല കുറ്റം തന്നെ. ഇത് മതങ്ങളും മതേതര രാഷ്ട്രീയവുമുണ്ടാക്കിയ പോറ്റുനിയമം, ജീവിതത്തിന്റെ. ഭദ്രമാണോ അതിന്റെ നൈതികയുക്തി? വദനാർബുദം വിഴുങ്ങിയപ്പോൾ വൈദ്യനോട് േഫ്രായ്ഡ് കെഞ്ചിയത് ഒന്നു തീർത്തുതരാനാണ് –വേദനയല്ല, ജീവിതം. 21 മില്ലി മോർഫിൻ കുത്തി ഡോ. മാക്സ് ഷൂർ ജീവകാരുണ്യം കാട്ടി. ഇന്നായിരുന്നേൽ കൊലക്കുറ്റത്തിന് അഴിയെണ്ണിയേനേ, ഭിഷക്ക്– ദയാവധം...
മരണപ്പേടി മനുഷ്യസഹജം അതുകൊണ്ട്, മാലോകത്തെ മാരക കുറ്റമായി കൊലപാതകം. അതിലൊരു മുൻകൂർ ജാമ്യവും തിരുകിയിട്ടുണ്ട് –ആവശ്യത്തിന് ഏതു ജീവനുമെടുക്കാം, മനുഷ്യന്റെയൊഴികെ, ധർമന്യായം: കൊന്നാൽ പാപം തിന്നാൽ തീരും. അപ്പോൾ തക്കൊല? ഉയിര് ആരുടേതായാലും –സ്വന്തമോ അന്യമോ– കൊല കുറ്റം തന്നെ. ഇത് മതങ്ങളും മതേതര രാഷ്ട്രീയവുമുണ്ടാക്കിയ പോറ്റുനിയമം, ജീവിതത്തിന്റെ. ഭദ്രമാണോ അതിന്റെ നൈതികയുക്തി? വദനാർബുദം വിഴുങ്ങിയപ്പോൾ വൈദ്യനോട് േഫ്രായ്ഡ് കെഞ്ചിയത് ഒന്നു തീർത്തുതരാനാണ് –വേദനയല്ല, ജീവിതം. 21 മില്ലി മോർഫിൻ കുത്തി ഡോ. മാക്സ് ഷൂർ ജീവകാരുണ്യം കാട്ടി. ഇന്നായിരുന്നേൽ കൊലക്കുറ്റത്തിന് അഴിയെണ്ണിയേനേ, ഭിഷക്ക്– ദയാവധം നിയമമാക്കിയ അപൂർവം ദേശങ്ങളിലൊഴിെക.
‘‘മരണം എന്ന അജ്ഞാത ദേശത്തേയ്ക്കുള്ള പ്രവേശനവഴി ഒരു പീഡനമുറിയാകുന്നത് എത്രയോ ഭയാനകം, വേദനയിൽ ഞെരിയുന്ന ഉടമ്പിൽനിന്നുള്ള മോചനമല്ലേ നന്ന്, ഉറങ്ങുമ്പോലെ ശാന്തമായ മടക്കയാത്ര?’’ ചോദിച്ചത് ആർതർ കെസ്ലർ, എഴുത്തുകാരൻ. കഴിച്ചത് പാർകിൻസൺസിനുള്ള വടകം, പത്തിരട്ടി. തീർത്തത് 77 തികഞ്ഞ ജന്മം, പ്രസിദ്ധം.
ദേഹപീഡകളിൽ നിന്നുള്ള മുക്തിമാർഗമാണ് ഇതൊക്കെ. പീഡ ദേഹിക്കാണെങ്കിലോ?
...മമ പ്രണയലതിക തഴയ്ക്കുവാൻ
മരണശാഖയിൽത്തന്നെ പടരണം...
-അരമുഴം പൂമാലയിട്ട് ഒരുമുഴം കയറിൽ തൂങ്ങി, ഇടപ്പള്ളി. പ്രണയനൈരാശ്യം, ‘റൊമാന്റിക് ഔട്സൈഡർ’... അപഗ്രഥനപ്പെരുമഴ പെയ്ത്തോടു പെയ്ത്ത്, അന്നും ഇന്നും. പെയ്യട്ടെ, കുറ്റകൃത്യമല്ല പ്രണയം; നഷ്ടപ്രണയംപോലും. കിട്ടാത്ത മുന്തിരിപ്പഴം പുളിക്കുമെന്നു പറയാൻ കൗശലമില്ലാത്തോർക്ക് കിട്ടാപ്പഴം മധുമധുരം തന്നെ, ‘ബ്രേക്കപ്പ്’ പറഞ്ഞ് ‘ഫ്രണ്ട്സാ’യി പാക്കപ്പ് ചെയ്യുന്ന ഉത്തരാധുനിക വൈരാഗിയല്ലാത്തോർ കിട്ടാക്കനി അച്ചുതണ്ടാക്കിയ ലോകത്തിന് യവനികയിട്ടുപോകും –കയറെങ്കിൽ കയറ്, െറയിലെങ്കിൽ െറയില്.
പോഴന്റെ കിറുക്കെന്നു പരിഹസിക്കാം. നിൽക്ക് നിൽക്ക്... ആർക്കാണതില്ലാത്തത്? കടത്തിന്റെ, മാനക്കേടിന്റെ, പരാജയപ്പേടിയുടെ, വിയോഗത്തിന്റെ, വിശ്വാസത്തിന്റെ... എന്തിന്റെയെല്ലാം പേരിലുണ്ട് ആത്മഹത്യ. െവച്ചവസാനിപ്പിക്കാൻ ഒരുമ്പെട്ട സാഹചര്യമൊന്നു മാറിയാൽപ്പിന്നെ ഒരുമ്പെടാത്ത കൃത്യങ്ങൾ, അങ്ങനൊരു മാറ്റത്തിന് ഇടം തരിമ്പുമില്ലെന്ന തോന്നലിന്റെ നെറുകയിലാവും അറ്റകൈ. പട തോറ്റ്, ശത്രുസേന വളഞ്ഞിരിക്കെയാണ് അതു ചെയ്തത്, ഫ്യൂെററും ദളവയും. പ്രേരണയും പര്യന്തവും സമാനം. എന്നിട്ടും വ്യാഖ്യാനം; ഹിറ്റ്ലർ വില്ലൻ, വേലുത്തമ്പി വീരൻ!
പ്രത്യക്ഷ പ്രേരണകളുടെ അസാന്നിധ്യം തക്കൊലയുടെ വ്യാഖ്യാനം കൂടുതൽ ധൂമനമാക്കും. എഴുപതുകളിലെ പ്രതീതിവസന്തത്തിന്റെ ചോരച്ചോപ്പിൽ പേനയും ബ്രഷും മുക്കിയ പലർ ജീവിതത്തിന് സ്വയം വിരാമമിട്ടു, പലവിധം. സുബ്രഹ്മണ്യദാസ്, സനിൽദാസ്, ഗുഹൻ, കൃഷ്ണകുമാർ... അണയാച്ചുടലയിലെ ആ കനലോർമകൾ നെഞ്ചിൻകോണിൽ പേറുന്നോരുണ്ടിന്നും. മലയാളത്തിനൊരു സിൽവിയ പ്ലാത് ഇല്ല. എങ്കിലുമുണ്ട്. രാജലക്ഷ്മി, കഥയിൽ; നന്ദിത, കവിതയിൽ. ഒരു ഡേവിഡ് ഫോസ്റ്റർ വാലസ് ഇന്നോളമില്ല. എന്നാലുമുണ്ട്, ‘‘മരണത്തിനപ്പുറം എന്താണെന്നറിയണമെന്ന അഹന്ത’’യോടെ ജന്മം മതിയാക്കിയ ടി.പി. കിഷോർ.
ആ ഓർമകളത്രയും പടുതിരിയാളി നിൽപ്പതിനു കാരണം അവരുടെ കല, രാഷ്ട്രീയം, അമ്മാതിരി ബഹിർസ്ഫുരണങ്ങളില്ലാത്ത എത്രയോ ജന്മങ്ങൾ ആ വഴിക്ക് സ്വയം തിരികെടുത്തി, കെടുത്താനാവാതെ പലരും കെട്ടതിനൊക്കുമേ. അപ്രശസ്തി കൊണ്ടാടില്ലാരും. എന്നുവെച്ച്, ഒരാത്മഹത്യയും പാഴല്ല മനശ്ശാസ്ത്രത്തിന് –മനസ്സിനെ അത്രയ്ക്കങ്ങട് പിടിയില്ലാത്ത ആ ‘ശാസ്ത്ര’ത്തിന്. അതങ്ങനെയായതിൽ അതിശയമില്ല. സിരാപ്രപഞ്ചത്തിന്റെ കഷ്ടി 30 ശതമാനമേ ഇന്നും മനുഷ്യന് അനാവൃതമായിട്ടുള്ളൂ. എഴുപതും തമോരാശിയായ ഉരുപ്പടിക്കുമേലുള്ള രാഗവിസ്താരമാണ് മനോവിശ്ലേഷണീയം. ലക്ഷണമൊത്ത ഇരുട്ടിൽത്തപ്പാണ് വ്യാഖ്യാനങ്ങൾ, നിഗമനങ്ങൾ. ദുരൂഹതക്ക് മേലുള്ള ഊഹവും പോഹവും, അഴലു പുതലിച്ച അഴകോടെ അത് സാഹിത്യമാക്കുന്നവർ വേറെയും.
തന്നത്താൻ തീർത്തവർ തപാലയക്കാറില്ല. തീർക്കും മുമ്പത്തെ കുറിമാനങ്ങളിലാണ് ശേഷിപ്പോരുടെ അന്വേഷണസാഹിത്യമത്രയും, പിന്നെ, ജീവിച്ചിരുന്നപ്പോഴത്തെ ഓർമകളുടെ കരകരപ്പിലും. കാവടിച്ചിന്തിന്റെ ചാരുതയാർന്നൊരു പുസ്തകമുണ്ട്, ‘ആത്മഹത്യ’ (ഷാനവാസ് എം.എ, എൻ.പി. സജീഷ്). ആത്മഹത്യയുടെ പര്യായംപോലെ, അതിന്റെ ഉപശീർഷകം: ‘ജീവിതംകൊണ്ടു മുറിവേറ്റവന്റെ വാക്ക്’ ആ മാറ്റച്ചുരിക പുണർന്നുള്ള അവതാരികയും, മേതിൽ രാധാകൃഷ്ണന്റെ –തീമലയുടെ സൂനാമിയായി അക്ഷരാർഥത്തിൽ കത്തിയമർന്ന സിൽവിയ പ്ലാത്തിന്റെ പോസ്റ്റ്മോർട്ടം (എത്രയോ അറവുകാർ ഇത്ര കാലമായി നടത്തിപ്പോരുന്ന ശവത്തിൽക്കുത്ത്). എത്തും പിടിയുമൊഴിഞ്ഞ് എവിടൊക്കെയോ മുട്ടിയും തട്ടിയും അതങ്ങനെ: ആരുടെയും ചേതമല്ലത്, സാരഥ്യത്തിനു വഴങ്ങാത്ത ശകടമാണ് ആത്മഹത്യ. അങ്ങനൊരു ഇടവേറുണ്ട് മരണവും ഭാഷയും തമ്മിൽ.
ഭാഷയിലൂടെയാണ് മരണം എന്ന ആശയത്തിന്റെ പിറവി, മനുഷ്യനിൽ. ഭാഷക്ക് മുമ്പുണ്ടായിരുന്നത് ജീവിതത്തിന്റെ ഉൺമ മാത്രമാണ്. ഉദാഹരണത്തിന് കടൽ. അതൊട്ടും വ്യതിരിക്തമല്ലാത്ത പ്രതിഭാസമായിരുന്നു, ‘കടൽ’ എന്ന പേരു വീഴുംമുമ്പ്. ‘വ്യതിരിക്തം’ എന്നോ ‘പ്രതിഭാസം’ എന്നോ പറഞ്ഞാൽ അന്നേരം ശരിയാവുമായിരുന്നില്ല –ഈ വാക്കുകളും ഭാഷ പെറ്റതാണല്ലോ. അപ്പോൾ, ഭാഷക്ക് മുമ്പത്തെ ഉൺമകൾ ഭാഷാതീതം. മരണവും ഇതേവിധം, ജീവിതത്തിൽനിന്നു വേറിട്ട ഉൺമയായിരുന്നില്ല. കടലിന് ആ പേരിലൂടെ ഒരു പ്രാതിനിധ്യമുണ്ടാവുമ്പോൾ പഴയ ഉൺമയിൽനിന്ന് വിച്ഛേദനം സംഭവിക്കുന്നു. അതേവിധം ജീവിതത്തിൽനിന്ന് വേറിട്ടു, മരണവും. അർഥമുണ്ടാക്കാൻ ഇങ്ങനെ ഏതു വാക്കിനും ഉച്ചരിക്കുംമുമ്പ് ഒരുതരം ശതബലി വേണ്ടിവരുന്നു, സത്യത്തിന്റെ സമഗ്രതയിൽനിന്നുള്ള മുറിഞ്ഞടരൽ.
ഭാഷയെ ഉപജീവിക്കുന്ന എഴുത്തുകാരാണ് ഈ വിച്ഛേദനത്തിന്റെ ഏറ്റവും വലിയ ഇരകൾ –ഉൺമയ്ക്കു മുന്നിൽ അന്യവത്കരിക്കപ്പെടുന്നോർ എന്ന നിലക്ക്. ഭാഷയുടെ ഈ വേർപെടുത്തൽ അവരെ യാഥാർഥ്യത്തിന്റെ നേരനുഭവത്തിൽനിന്നകറ്റുന്നു. ഫിക്ഷൻ ചമയ്ക്കുമ്പോഴാകട്ടെ, അകലം അധികരിക്കുന്നു. ഉൺമയുടെ ഭൂമികയിൽ ഭാവനാലോകം പ്രേതലോകമാണ്. അതുകൊണ്ടുതന്നെ യാഥാർഥ്യത്തോട് അടുക്കാൻ എഴുത്തുകാർ സാധാരണയിൽക്കവിഞ്ഞ് മുങ്ങിയാഴേണ്ടിവരുന്നു –അനുഭവിക്കാൻ, അതാവിഷ്കരിക്കാൻ. എന്നുവെച്ച്, ആണ്ടുപോകലിനൊരു പരിധിയില്ലേ? സമ്പൂർണ മുങ്ങാംകുഴിക്ക് ഉപാധി ഒന്നേയുള്ളൂ –നിശ്ശബ്ദത. അതുപക്ഷേ അന്ത്യമാണ്, എഴുത്താളിന്റെ.
നമ്മൾ പൊതുവേ ആത്മഹത്യയെ കാണുന്നത് രണ്ടു വിധത്തിലാണ്. ഒന്ന്, സാമൂഹിക-മാനസിക പ്രശ്നമായി. ഈ വാവട്ടത്തിൽ ചേരുവ പലതുണ്ട് –സാമ്പത്തികത്തകർച്ച, സമൂഹഭ്രഷ്ട്, ബന്ധങ്ങളിലെ ഒറ്റപ്പെടൽ, മനോരോഗം, മാരകദീനം, മാനനഷ്ടം... രണ്ട്, അതിഭൗതികത്തിന്റെ തലത്തിൽ. അവിടെ ചാർത്ത് മറ്റൊന്നാണ്: ഉൺമ, പ്രാതിനിധ്യം, ബോധം, അസംബന്ധം... സമീപനം ഏതായാലും സാമാന്യചേരുവ ഒരെണ്ണമുണ്ടാവും –ജീവിതത്തിന്റെ ‘നിരർഥകത’. അതിനെ കണക്കിലെടുക്കുന്ന രീതികൾ വ്യത്യസ്തം. മനോപ്രശ്നമായി ഗണിക്കുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരമാവും നോക്കിക്കാണുക –മൂല്യത്തിന്റെ, പ്രസക്തിയുടെ, അങ്ങനെ എന്തിന്റെയെങ്കിലും അടിസ്ഥാനത്തിൽ. ആ സമീപനത്തിലൊരു ശുഭാപ്തിവിശ്വാസമുണ്ടാവും. കാരണം, ജംഗമമാണ് ജീവിതാവസ്ഥകൾ, അവ മാറ്റാനാവും. നേർവിപരീതമാണ് അതിഭൗതിക സമീപനം. നിരർഥകതയെ അർഥധ്വനിയുടെ അടിസ്ഥാനത്തിൽ മാത്രം കാണുന്ന ഈ നോക്കിൽ സ്വാഭാവികമായും കലർന്നിരിക്കും ഒരു വിഷാദഛവി. മനുഷ്യനും ഭാഷക്കുമിടയിലെ, ഭാഷക്കും ലോകത്തിനുമിടയിലെ സ്ഥാവരാവസ്ഥകൾ പകരുന്ന ഇരുളിമ. ഈ രണ്ടർഥങ്ങളുടെ സംയോഗമാണ് ആത്മഹത്യയെ ദാർശനിക പ്രശ്നമാക്കുന്നത്, അതിനു പ്രേരണായ സകല പ്രായോഗിക പ്രശ്നങ്ങൾക്കെല്ലാമപ്പുറം.
അക്രമം നിറഞ്ഞതോ കുറഞ്ഞതോ, തഴുതിട്ട മുറിയുടെ സ്വകാര്യതയിലോ റെയിൽപാളത്തിന്റെ തുറസ്സിലോ, ഉപാധി എന്തുമാവട്ടെ –കേവല ഭൗതികത്തിനപ്പുറമുള്ളതിനെ ചോദ്യംചെയ്യാതെ വിടുന്നില്ല ഒരാത്മഹത്യയും. മറ്റേതു കൃത്യത്തേക്കാളും വിശദീകരണം ആവശ്യപ്പെടുന്ന മനുഷ്യവൃത്തിയാണത്. മറ്റെല്ലാ കൃത്യങ്ങളുടെയും വിശദാംശങ്ങൾ നമുക്ക് കണ്ടെത്താനാവും –കൃത്യം ചെയ്തവരിൽനിന്നോ സാഹചര്യത്തെളിവുകളിൽനിന്നോ. പക്ഷേ, ആത്മഹത്യ –അവിടെ ആഖ്യാനങ്ങൾ വഴിപിഴക്കും, വ്യാഖ്യാനങ്ങൾ കുഴമറിയും. കാരണം, ചെയ്തയാളെ ചെയ്തിയുടെ കാരണങ്ങളിൽനിന്നും അവയെക്കുറിച്ച അന്വേഷണത്തിൽനിന്നും മുറിച്ചുമാറ്റുന്ന ഏകകൃത്യമാണത്. ഏത് ആത്മഹത്യാക്കുറിപ്പിലും ഉള്ളടക്കത്തിൽ ഉള്ളതിനപ്പുറം ഒന്നുമില്ലെന്നു പറയാനാവുമോ?
‘‘ഇനി ജീവിച്ചിട്ടു കാര്യമില്ല. അതിനാൽ ഞാൻ അവസാനിപ്പിക്കുന്നു.’’ ഇമ്മട്ടിൽ നീളുന്ന കടലാസു കഷണം അല്ലെങ്കിൽ ഡിജിറ്റൽക്കുറി. എത്ര നീണ്ടതായാലും ഒരു വരിയുടെയെങ്കിലും കുറവുണ്ടാവുമതിന്. ഈ അപൂർണതയാണ് ദുരൂഹതയുടെ ജീവൻ. സത്യത്തിൽ, എഴുതിയവരുടെയല്ല വായിക്കുന്നവരുടെ എഴുത്താണ് ആത്മഹത്യാ കുറിപ്പ്. വായിക്കുന്നവർ സദാ ചോദിച്ചുകൊണ്ടിരിക്കും; ഒരേ ചോദ്യം: ‘‘എന്തുകൊണ്ട്?’’ തൃപ്തിപ്പെടുത്തുന്ന ഒരുത്തരമേകണമെങ്കിൽ അനന്തതയോളം നീളണം കുറിപ്പ്. അത്രടം തന്നെ നീളും ചോദ്യവും. അഥവാ, ആത്മഹത്യക്കുമില്ല സന്ദേഹമരണം.
ഈ ദണ്ണം ഇരട്ടിക്കും, ആയുസ്സ് മതിയാക്കുന്നത് എഴുത്തുകാരെങ്കിൽ, ശേഷിപ്പായി കിട്ടിയെന്നിരിക്കട്ടെ ഒരു കുറിപ്പ്. ആരാണതിന്റെ കർത്താവ് –ആത്മഹത്യ ചെയ്തയാളോ, അയാളിലെ എഴുത്താളോ? നീഷെയുടെ മനമറുതിക്കുശേഷം (ആത്മഹത്യയല്ല, സംശയിക്കേണ്ട) കൈയെഴുത്തു പ്രതികൾക്കിടയിൽനിന്നൊരു കടലാസുചീളു കിട്ടി. അതിലൊരു കുറിമാനം: ‘‘ഞാനെന്റെ കുട മറന്നു.’’ ഈ പാവം വാചകം പറഞ്ഞുതരുന്നുണ്ടോ, ഉദ്ദിഷ്‍ട കാര്യം? പുതിയ വല്ല കൃതിക്കും തുടക്കമിട്ടതാവുമോ? അതോ പതിവുള്ള നീതിവാക്യങ്ങളിൽ ഒന്നാവുമോ? കുറിച്ചത് -നീഷെയോ, അയാളിലെ എഴുത്തുകാരനോ, ആധുനിക മനുഷ്യന് നീഷെ െവച്ചുപോയ വെല്ലുവിളികളെക്കുറിച്ച ‘കുതിമുള്ളുകളി’ൽ ദറീദ ഉപസംഹരിക്കുന്നുണ്ട്, ആത്യന്തികമായി നിർണയാതീതമാണ് ഈ കുറിമാനത്തിന്റെ ഇംഗിതമെന്ന് (Spurs/J. Derrida). ഏത് ആത്മഹത്യാക്കുറിപ്പിനും ബാധകം ഈ നിഗമനം. പരമലളിതമെന്നു കരുതുന്ന മൃതിക്കുപോലും വരും വെളിപ്പെട്ടതിനപ്പുറം പുതിയ കാരണങ്ങൾ, വെളിച്ചങ്ങൾ, കുമ്പസാരങ്ങൾ. സന്ദേഹം വിരാമമിടുന്നില്ല, ഒരിക്കലും.
ഇനി, ആത്മഹത്യാക്കുറി ഇല്ലെന്നുവെക്കുക. അപ്പോഴും എഴുത്തുകാരുടെ കൃതികളിൽ നാം ചികഞ്ഞുകൊണ്ടിരിക്കും, അതിന്റെ സൂചനക്കുറി. ശവമുറിയിൽ പ്രേതപരിശോധകനെന്നോണം ആത്മഹത്യയിലെ എഴുത്താളിനെ കീറിമുറിക്കും –പരിചയിച്ചവരും അപരിചിതരുമെല്ലാം. പക്ഷേ, കേന്ദ്രകൃത്യത്തിന്റെ ഇംഗിതത്തിന് അതിരുവെക്കാൻ ആർക്കുമാവില്ല. അതുകൊണ്ടുതന്നെ ഇടകിളപ്പിനുമില്ല പരിധി. ഉൾറീകയോടുള്ള പ്രണയത്തീ ആളിക്കത്തിയ വിലാപഗീതി 72ാം വയസ്സിലാണ് ഗെയ്ഥെ കുറിച്ചത് –‘മരിയൻബാദ് എലിജി’. പേനയടച്ച് പിറ്റേനിമിഷം വൃദ്ധൻ കടുംകൈ ചെയ്തിരുന്നെങ്കിൽ? ‘ഫൗസ്റ്റ്’ തൊട്ട് പിന്നോട്ട് ഇളയൗവനബാല്യത്തിലെ ആത്മകഥാപരമായ കന്നി നോവൽ (ദ സോറോസ് ഓഫ് യങ് വെർതെർ) വരെ വിഴുങ്ങിയിട്ട് നമ്മൾ പറയില്ലേ –പ്രണയനൈരാശ്യത്തിന് അയാളെക്കൊണ്ട് അറ്റകൈ ചെയ്യിക്കാതിരിക്കവയ്യെന്ന്? ‘റൊമാന്റിക് ഔട്ട്സൈഡറു’ടെ മുൾക്കിരീടം ആ ഉച്ചിക്കും ചാർത്തില്ലേ സാഹിത്യക്കോടതി? എഴുത്തുകാരുടെ ജീവിതാർഥം അവരുടെ വാക്കുകളിൽ ചികയുന്നത് പാഴ്പ്പണി, പിന്നല്ലേ അവരുടെ മരണത്തിന്റെ പൊരുൾ? വ്യാഖ്യാനംകൊണ്ട് ആത്മഹത്യയെ കൊലപ്പെടുത്താനുള്ള വ്യാക്കൂൺ സ്വയം ചെറുക്കാനാവുമോ നമുക്ക്? മറന്ന കുടയുടെ കുതിര ഞെക്കിനോക്കാതിരിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.