അധികാര വികേന്ദ്രീകരണം ഇങ്ങനെയൊക്കെ മതിയോ?

സംസ്ഥാനം വീണ്ടും ഒരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നിലാണ്. എന്നാൽ, അധികാര വികേന്ദ്രീകരണം എന്ന ആശയം എത്രമാത്രം നടന്നിട്ടുണ്ട്? എന്തുകൊണ്ട് കാര്യക്ഷമമായില്ല? എന്താണ് ബദൽ? –വിശകലനം. തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയ പ്രസ്​ഥാനങ്ങളൊക്കെ തിരക്കിലാണ്. നിലവിലെ ഭരണസമിതി തങ്ങൾ നടത്തിയ വികസന നേട്ടങ്ങളെ എണ്ണമിട്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണനേതൃത്വത്തിലെത്താൻ കഴിയാതിരുന്നവർ അഥവാ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റവർ, ജനങ്ങൾ വോട്ടുനൽകി ഭരണം നൽകിയിട്ടും ഒന്നും നടപ്പാക്കാൻ കഴിയാതെ പരാജയപ്പെട്ടതിന്റെ...

സംസ്ഥാനം വീണ്ടും ഒരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നിലാണ്. എന്നാൽ, അധികാര വികേന്ദ്രീകരണം എന്ന ആശയം എത്രമാത്രം നടന്നിട്ടുണ്ട്? എന്തുകൊണ്ട് കാര്യക്ഷമമായില്ല? എന്താണ് ബദൽ? –വിശകലനം.

തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയ പ്രസ്​ഥാനങ്ങളൊക്കെ തിരക്കിലാണ്. നിലവിലെ ഭരണസമിതി തങ്ങൾ നടത്തിയ വികസന നേട്ടങ്ങളെ എണ്ണമിട്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണനേതൃത്വത്തിലെത്താൻ കഴിയാതിരുന്നവർ അഥവാ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റവർ, ജനങ്ങൾ വോട്ടുനൽകി ഭരണം നൽകിയിട്ടും ഒന്നും നടപ്പാക്കാൻ കഴിയാതെ പരാജയപ്പെട്ടതിന്റെ തെളിവുകൾ നിരത്തിക്കൊണ്ടിരിക്കുന്നു. വോട്ടു ചെയ്തു എന്നതൊഴികെ മറ്റൊന്നിനും കാര്യമായ പങ്കാളികളാകാതിരുന്ന പൊതുജനം നിർവികാരതയോടെ എല്ലാം കണ്ടും കേട്ടും നടക്കുന്നു. എങ്കിലും അവർക്കിടയിൽ ഒരാവേശമുണ്ട്. തങ്ങളുടെ സ്വന്തക്കാരും സ്​നേഹിതരും അയൽപക്കക്കാരും തമ്മിലുള്ള മത്സരമാണല്ലോ നടക്കുന്നത്! അതുകൊണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി മത്സരത്തെ കാണാനാണ് ഭൂരിപക്ഷവും ശ്രമിക്കുന്നത്. പ്രാദേശിക വികസനത്തിൽ കക്ഷിരാഷ്ട്രീയം ഇടപെടേണ്ടെന്ന് പണ്ടേ മൂത്തവർ പറഞ്ഞു​െവച്ചിട്ടുണ്ടല്ലോ.

1990ലെ സാക്ഷരതാ പ്രസ്​ഥാനം കേരളീയ സാമൂഹിക ചലനാത്മകതയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നതായിരുന്നു അതിന്റെ നേട്ടം. കക്ഷിരാഷ്ട്രീയത്തിനതീതമായി അക്ഷരാഭ്യാസമില്ലാത്തവരും ഉള്ളവരും ഒന്നിച്ചണിനിരന്നു. നാട്ടിലെ കൗമാരക്കാർ അടക്കമുള്ളവർ. അക്ഷരം പഠിക്കാൻ കഴിയാതിരുന്നവരെ അക്ഷരലോകത്തെത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. കവികൾ കവിതകളെഴുതി. കഥാകൃത്തുക്കൾ പുതിയ കഥകളുണ്ടാക്കി. അധ്യാപക ​േശ്രഷ്ഠന്മാർ പാഠപുസ്​തകങ്ങളുണ്ടാക്കി. നാടകകൃത്തുക്കൾ നാടകങ്ങൾ നിർമിച്ചവതരിപ്പിച്ചു. അങ്ങനെ അക്ഷരാർഥത്തിൽ നാടിന്റെ ഒരു സാമൂഹിക ഉത്തരവാദിത്തം നാട്ടുകാർ ഒന്നിച്ച് ഏറ്റെടുത്തതിന്റെ വിജയമായിരുന്നു സാക്ഷരതായജ്ഞം.

‘‘അക്ഷരജ്ഞാനം അറിവല്ല, അറിവിന്റെ രക്ഷാകവാടമാണെന്നോർക്കുക’’ എന്ന മുല്ലനേഴി കവിത കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലും അലയടിച്ചു. പുതിയ ഒരു രാഷ്ട്രീയ അവബോധം ചെറുപ്പക്കാരിലുണ്ടാക്കി. ഇപ്പോൾ ചെറുപ്പക്കാരെ പൊതുപ്രവർത്തനത്തിന് കിട്ടാനില്ല എന്നതാണല്ലോ നമ്മുടെ വേവലാതി. എന്നാൽ സാക്ഷരതായജ്ഞത്തിനു നേതൃത്വംകൊടുത്തത് 16 മുതൽ 40 വയസ്സു വരെയുള്ള ചെറുപ്പക്കാർ ആയിരുന്നു.

ഇതിന്റെ വിജയപരിസരത്തുനിന്നാണ് 1995ൽ പി.എൽ.ഡി.പി എന്ന േപ്രാജക്ടും 1996ൽ ജനകീയാസൂത്രണവും ആരംഭിക്കുന്നത്. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിൽനിന്ന് ആരംഭിച്ച ജനകീയാസൂത്രണം കേരളം മുഴുവൻ വ്യാപിക്കുകയായിരുന്നു. ഇന്നുവരെ ആസൂത്രണ സമിതി എന്നാൽ കേന്ദ്രസർക്കാറിനും സംസ്​ഥാന സർക്കാറുകൾക്കും മാത്രമുള്ള ഒന്നായിരുന്നു. അധികാര വികേന്ദ്രീകരണത്തെത്തുടർന്ന് ജില്ലയിലും ബ്ലോക്കിലും നഗരസഭയിലും കോർപറേഷനുകളിലും ഗൗരവമാർന്ന ഭരണസമിതികളും ആസൂത്രണ സമിതികളും നിലവിൽ വന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം ആവേശഭരിതമായിരുന്നു. സംസ്​ഥാന ആസൂത്രണ ബോർഡ് ഗ്രാമത്തിലേക്ക് ഇറങ്ങിവരുന്ന കാഴ്ചയാണ് കണ്ടത്. തദ്ദേശ സ്വയംഭരണ മന്ത്രിയെക്കാൾ ജനങ്ങൾക്ക് പരിചയവും അടുപ്പവും ആസൂത്രണ ബോർഡ് അംഗങ്ങളുമായുണ്ടായി. അവരുടെ നേതൃത്വത്തിൽ അക്ഷരാർഥത്തിൽ വിദ്യാസമ്പന്നരുടെയും വിദഗ്ധരുടെയും പ്രാദേശിക അനുഭവസമ്പന്നരുടെയും ഒരു സേന തന്നെ നിലവിൽവന്നു. അവർ സന്നദ്ധപ്രവർത്തകരായ സാമൂഹിക പ്രവർത്തകരായി മാറുകയായിരുന്നു.

പ്രദേശത്തെ അറിഞ്ഞുള്ള വികസന പരിപാടികൾ എന്നതായിരുന്നു ലക്ഷ്യം. ഇന്ന് കേരളം അതിദരിദ്രമുക്തമായെങ്കിൽ അതിന്റെ തുടക്കം ജനകീയാസൂത്രണം തന്നെയാണ്. കുടുംബശ്രീ അതിന്റെ സന്തതിയാണ്. സ്​ത്രീകളുടെ പൊതുരംഗപ്രവേശനം സാധ്യമാക്കിയത് അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവുമാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കേരളത്തിലെ സ്​കൂളുകളുടെ ഭൗതിക സാഹചര്യത്തിലുണ്ടാക്കിയ മാറ്റങ്ങൾ മറ്റേതൊരു സംസ്​ഥാനത്തെയും അസൂയ സൃഷ്​ടിക്കുന്നതായിരുന്നു. 2000ത്തിനു മുമ്പ് വിദ്യാസമ്പന്നമായ കേരളത്തിൽ പൊതുരംഗത്തെ സ്​ത്രീപ്രാതിനിധ്യം ലജ്ജിപ്പിക്കുന്നതായിരുന്നു. മറ്റു സംസ്​ഥാനങ്ങളെക്കാൾ വളരെയേറെ പിറകിലായിരുന്നു നമ്മൾ. പുരുഷാധിപത്യത്തിന്റെ എല്ലാ തിന്മകളും പേറുന്ന സമൂഹത്തിൽനിന്നും പ്രാതിനിധ്യത്തിലെങ്കിലും വലിയ മാറ്റങ്ങളുണ്ടായി. ആരോഗ്യരംഗത്തും ഇൻഫ്രാസ്​ട്രക്ചറൽ രംഗത്തും കുതിച്ചുചാട്ടംതന്നെ ഉണ്ടായി. കച്ചാർ റോഡിൽനിന്നും ടാറിട്ട റോഡിലേക്കും അവിടെനിന്നും കോൺക്രീറ്റ് റോഡിലേക്കുമുള്ള മാറ്റം ചെറുതല്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് സാന്ദ്രതയുള്ള സംസ്​ഥാനം കേരളമാണ്.

പ്രാദേശിക വികസനത്തെ മുന്നോട്ടു കൊണ്ടുപോകാൻ ‘കില’ എന്ന, ഗവേഷണത്തിനും പരിശീലനത്തിനും വേണ്ടിയുള്ള സ്​ഥാപനംതന്നെയുണ്ടായി. അതിനുമുമ്പ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കേരള ശാസ്​ത്ര സാഹിത്യ പരിഷത്തും ഐ.ആർ.ടി.സിയും കോസ്റ്റ്ഫോർഡും ആയിരുന്നു.

പ്രാദേശിക വികസനത്തിന് നേതൃത്വം നൽകുമാറ് തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളെ ഒരുക്കിയെടുക്കാൻ നൂറുകണക്കിന് ഗവൺമെന്റ് ഓർഡറുകളാണ് സർക്കാർ പുറത്തിറക്കിയത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പി.ഡബ്ല്യു.ഡി എന്നീ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെ അധികാരം വർധിച്ചു. ജനങ്ങളുടെ ഏറ്റവും അടുത്ത ഭരണകൂട കേന്ദ്രം എന്ന തോന്നൽ ജനങ്ങൾക്കും ഭരണനേതൃത്വത്തിനുമുണ്ടായി. നിലവിലുള്ള പരിമിതിക്കുള്ളിൽനിന്നുകൊണ്ട് സാമൂഹിക പുരോഗതിയുടെ പുത്തൻ ചുവടുറപ്പുകളുമായി മുന്നോട്ടുപോകാൻ ജനകീയാസൂത്രണത്തിന് കഴിഞ്ഞിട്ടുണ്ട്. കാർഷികരംഗത്തും മാലിന്യസംസ്​കരണരംഗത്തും പുത്തൻ മാതൃകകളുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം, സംസ്​കാരം, ആരോഗ്യം എന്നീ രംഗങ്ങളിൽ വലിയ ഉണർവു സൃഷ്​ടിക്കാൻ അധികാര വികേന്ദ്രീകരണ പ്രസ്​ഥാനത്തിലൂടെ നമുക്ക് കഴിഞ്ഞു.

എന്നാൽ, നമ്മുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും പൂരകമാവുംവിധമാണോ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും മുന്നോട്ടുപോവുന്നത്? അയൽക്കൂട്ടം, ഗ്രാമസഭ എന്നീ താ​ഴെത്തട്ടിലെ ജനാധിപത്യ സംവിധാനങ്ങളെ നമ്മൾ തളർത്തി കിടപ്പിലാക്കിയില്ലേ? പല പോരായ്മകൾ ആരോപിക്കാമെങ്കിലും ഗുണഭോക്തൃ സമിതി എന്ന സംവിധാനത്തെത്തന്നെ നമ്മൾ വിസ്​മരിച്ചുകഴിഞ്ഞില്ലേ? നാട്ടിലെ മനുഷ്യവിഭവങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കാതിരുന്നതിനാൽ വികസനരംഗത്ത് മാതൃകകൾ സൃഷ്​ടിക്കാൻ കഴിയാതെ ചട്ടപ്പടി വികസന പരിപാടികളിലേക്ക് തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾ മാറിയില്ലേ?

തെരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ കഴിഞ്ഞു എന്നല്ലാതെ തദ്ദേശ ഭരണനിർവഹണരംഗത്ത് ജനം, ജനാധിപത്യം എന്നീ സുന്ദരസ്വപ്നങ്ങൾക്ക് കാര്യമായ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. ഗ്രാമസഭകൾ നമുക്ക് ഇന്നൊരു ശല്യമാണ്. ഒരു വർഷം നാല് ഗ്രാമസഭകൾ നടത്തിത്തീർക്കാനുള്ള ബദ്ധപ്പാട് ചെറുതല്ല. ചട്ടത്തിൽ എഴുതി​െവച്ചതുകൊണ്ടു മാത്രമാണ് ഗ്രാമസഭകൾ നടക്കുന്നത്. അതിൽ കഴിയുന്നത്ര ജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുമാറ് അവരുടെ സമയത്തിനും സാഹചര്യത്തിനും നടത്തണമെന്ന ചിന്തപോലും നമുക്കില്ല. ഉദ്യോഗസ്​ഥരെ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ മാത്രമേ ലഭിക്കൂ എന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽ ഗ്രാമസഭ നടത്തിത്തീർക്കുകയാണ് ചെയ്യുന്നത്.

അങ്ങനെ സർഗാത്മക ജനാധിപത്യത്തിന്റെ പരീക്ഷണശാലകൾ ആകേണ്ടിയിരുന്ന ഗ്രാമസഭകളെ ഉദ്യോഗസ്​ഥ കേന്ദ്രീകൃതമാക്കി നമ്മൾ. ജനങ്ങളിൽ ജനാധിപത്യം, മതനിരപേക്ഷത, തുല്യത, സഹാനുഭൂതി എന്നീ മൂല്യങ്ങളെ ഉണർത്തിക്കൊണ്ടുവരാനുള്ള അവസരത്തെയാണ് നമ്മൾ ഇല്ലാതാക്കിക്കളഞ്ഞത്. വൈദഗ്ധ്യവും മറ്റു സാമൂഹിക അറിവുകളുമുള്ള മനുഷ്യർ ഒന്നുചേർന്ന് തങ്ങളുടെ പ്രദേശത്തെ വികസനോന്മുഖമാക്കുക എന്ന ലക്ഷ്യമാണ് തകർന്ന് തരിപ്പണമായത്. പണ്ടത്തെ പഴഞ്ചൊല്ലുപോലെ ‘ഞാനും എന്റെ തട്ടാനും’ എന്ന നിലയിലേക്ക് ഗ്രാമസഭകൾ മാറി. ഗ്രാമസഭകളെ ക്രിയാത്മകമാക്കാനുള്ള പരിശീലനങ്ങൾ കില മുറക്കു നൽകിയെങ്കിലും അതൊന്നും നടക്കില്ല എന്ന മനോഭാവത്തോടെയാണ് ജനപ്രതിനിധികളിൽ മിക്കവരും പെരുമാറിയിരുന്നത്.

50 ശതമാനം സ്​ത്രീ സംവരണവും മറ്റു പ്രാതിനിധ്യങ്ങളുമുള്ള ഭരണസംവിധാനമാണെങ്കിലും പലരും മുൻകാല സാമൂഹിക-രാഷ്ട്രീയ പരിചയമോ പാരമ്പര്യമോ ഉള്ളവരായിരുന്നില്ല. തെരഞ്ഞെടുപ്പിൽ നിൽക്കാനും മത്സരിച്ച് വിജയിക്കാനും കാണിക്കുന്ന ശുഷ്കാന്തിയൊന്നും ഭരണരംഗത്ത് പ്രതിഫലിപ്പിക്കാനായില്ല. പ്രശ്നങ്ങളെ പഠിക്കാനും പ്രാദേശിക വികസനത്തിന് തനിക്ക് ലഭിച്ച അവസരമായും തന്റെ തെരഞ്ഞെടുപ്പു വിജയത്തെ ആരും വ്യക്തിപരമായി കണ്ടില്ല. ഒഴുക്കിനൊത്തു നീന്തുക എന്ന നയമാണ് ഭൂരിപക്ഷവും കൈക്കൊണ്ടത്. അവരെ വിജയിപ്പിച്ച രാഷ്ട്രീയ പാർട്ടികളും അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയില്ല. കൃഷി ഓഫിസ്​, മൃഗാശുപത്രി, പൊതുജനാരോഗ്യകേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രി, ഗവ. യു.പി സ്​കൂൾ എന്നിവയൊക്കെ പ്രാദേശിക ഗ്രാമപഞ്ചായത്തുകളുടെ കീഴിലാണെങ്കിലും ഈ രംഗത്ത് സ്വതന്ത്രമായി തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുള്ള ഒരധികാരവും ഗ്രാമപഞ്ചായത്തുകൾക്കില്ല. കൃഷിവകുപ്പുകൾ വഴി വിതരണംചെയ്യുന്ന നടീൽവസ്​തുക്കളുടെയും വളത്തിന്റെയും കേവലം വിതരണാധികാരം മാത്രമാണ് ഗ്രാമപഞ്ചായത്തുകൾക്കുള്ളത്.

 

മലനാടും ഇടനാടും തീരപ്രദേശവും കേരളത്തിലുണ്ടെങ്കിലും ഇത്തരം ഭൂമിശാസ്​ത്ര പ്രത്യേകതകൾക്ക് അനുസൃതമായി കാർഷികനയം രൂപപ്പെടുത്താൻ നമുക്കായിട്ടില്ല. കാലാകാലങ്ങളിൽ ഉൽപാദനക്ഷമതയുള്ള വിത്തുകളും തൈകളും വിതരണംചെയ്യാൻപോലും നമുക്ക് കഴിയുന്നില്ല. കർഷകർ നേരിടുന്ന ഒരു പ്രധാനപ്രശ്നം കീടങ്ങളുടെ ആക്രമണമാണ്. അതിന് പരിഹാരം കാണാൻ കൃഷിഭവന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ അത്തരം സ്​ഥാപനങ്ങൾ ഉള്ളതുകൊണ്ട് എന്തു കാര്യം എന്നാണ് കർഷകർ ചോദിക്കുന്നത്. കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് പര്യാപ്തമാകുംവിധം കൃഷിഭവനുകളെ എന്തുകൊണ്ട് മാറ്റിയെടുക്കാൻ കഴിയുന്നില്ല?

പൊതുജനാരോഗ്യ സംരക്ഷണമാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്തം. ഡോക്ടറും മരുന്നും ആശുപത്രിയും മാത്രമല്ല. ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടായി എന്നത് സത്യവുമാണ്. നമ്മുടെ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ജീവിതശൈലീരോഗങ്ങളെയും പകർച്ചവ്യാധികളെയും നിയന്ത്രിക്കാൻ പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് എത്രമാത്രം കഴിയുന്നുണ്ട് എന്നുചിന്തിക്കേണ്ടതുണ്ട്. അതിനെ നേരിടാൻ കഴിയുന്നവിധത്തിൽ ഗ്രാമപഞ്ചായത്തുകളെ ഒരുക്കിയെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ആശാ വർക്കർമാർ മാത്രം വിചാരിച്ചാൽ കഴിയുന്ന കാര്യമല്ല ഇത്. അശരണർക്കും വയോജന പരിപാലനരംഗത്തും നിയമങ്ങളും നയങ്ങളുമുണ്ടെങ്കിലും പല കാര്യങ്ങളിലും നടപടികളാകുന്നില്ല എന്നത് നമുക്കറിയാവുന്നതാണ്. ഈ രംഗത്തെ ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ ഗ്രാമപഞ്ചായത്തുകൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? നിരവധി നിർദേശങ്ങളും പരിശീലനങ്ങളും മുകളിൽനിന്ന് താഴേക്ക് വരുന്നുണ്ടെങ്കിലും ജനകീയമായി ഇവ നടപ്പാക്കാൻ പഞ്ചായത്തുകൾക്കാവുന്നില്ല.

50 ശതമാനം സംവരണം, കുടുംബശ്രീ, ആശാ വർക്കർമാർ, തൊഴിലുറപ്പു പദ്ധതി, മാലിന്യനിർമാർജന പദ്ധതികൾ എന്നിവ സ്​ത്രീ മുന്നേറ്റങ്ങളെ സഹായിക്കുകയും പൊതുരംഗത്ത് സ്​ത്രീസാന്നിധ്യം വർധിപ്പിക്കുകയുംചെയ്ത പദ്ധതികളാണ്. സ്​ത്രീസാന്നിധ്യം എന്നതുപോലെ വളരെ പ്രധാനപ്പെട്ടതാണ് യുവസാന്നിധ്യവും. യുവസാന്നിധ്യം എല്ലാ രംഗത്തും വർധിപ്പിക്കുന്ന വിധത്തിൽ പരിപാടികളുണ്ടാകും. നാടിന്റെ വികസനരംഗത്ത് യുവാക്കളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിയണം. പ്രഥമശുശ്രൂഷാ പരിശീലനം, ആതുരസേവനരംഗം, വയോജനപരിപാലനം, നീന്തൽ, സ്​പോർട്സ്​, കല-സംസ്​കാരം എന്നീ രംഗങ്ങളിലെ നേതൃത്വം യുവതീയുവാക്കൾക്ക് നൽകാൻ കഴിയണം. പൊതുജനസേവന തൽപരരായ യുവാക്കളെ സൃഷ്​ടിച്ചെടുക്കാൻ പഞ്ചായത്തുകൾക്ക് കഴിയണം.

അംഗൻവാടികൾ പോലെത്തന്നെ ബാലസേവന കേന്ദ്രങ്ങൾ എല്ലാ വാർഡ്തലങ്ങളിലും ഉണ്ടാകണം. 5 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികളുടെ സമഗ്ര വികസനമാകണം ലക്ഷ്യം. സ്​കൂൾപഠനം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് സ്​കൂളിന് പുറത്തുള്ള പഠനമെന്ന കാഴ്ചപ്പാട് വികസിക്കണം.

ഗ്രാമപഞ്ചായത്തുകളിൽ ചില കണക്കുകളുടെ സൂക്ഷിപ്പും ചില കാര്യങ്ങളിൽ ചില ലക്ഷ്യങ്ങളുമുണ്ടായിരിക്കും. ഉദാഹരണമായി, പഞ്ചായത്തിന്റെ ജി.ഡി.പി കണക്കാക്കാൻ കഴിയണം. പഞ്ചായത്തിൽ ഒരു വർഷം ഉൽപാദിപ്പിച്ച ധാന്യങ്ങൾ എത്ര? കിഴങ്ങുവർഗങ്ങൾ എത്ര? പഴവർഗങ്ങൾ എത്ര, നാണ്യവിളകൾ എത്ര? പച്ചക്കറി എത്ര? മുട്ടയെത്ര? മത്സ്യം എത്ര? മാംസം എത്ര? പാൽ എത്ര തുടങ്ങിയ കാര്യങ്ങളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ചുവെക്കാൻ കഴിയണം. പഞ്ചായത്തിൽ ഒരു വർഷം ഉണ്ടായ തൊഴിൽ എത്രയെന്ന് കണ്ടെത്താൻ കഴിയണം. ഇത്തരത്തിൽ ശാസ്​ത്രീയമായ കണക്കെടുപ്പിലൂടെ പഞ്ചായത്തിന്റെ സാമ്പത്തിക സർവേ ഉണ്ടാക്കാൻ കഴിയുമോ? ഇതനുസരിച്ചുള്ള പഞ്ചായത്ത് ബജറ്റിന്റെ സാധ്യതകൾ പരിശോധിക്കാമോ? പഞ്ചായത്തിനാവശ്യമായ കാർഷികോൽപന്നങ്ങളിൽ എത്ര ശതമാനം ഉൽപാദിപ്പിക്കാൻ കഴിയും? അതിനൊരു പദ്ധതി തയാറാക്കാമോ?

എല്ലാവരും വ്യായാമംചെയ്യുന്ന ഒരു പഞ്ചായത്ത്, എല്ലാവർക്കും ഡിജിറ്റൽ സാക്ഷരതയുള്ള പഞ്ചായത്ത്, എല്ലാവരും വായനശാലകളിൽ അംഗങ്ങളാകുന്ന പഞ്ചായത്ത്, മദ്യവും മയക്കുമരുന്നും ഉപയോഗിക്കാത്ത ഗ്രാമപഞ്ചായത്ത്, സന്തോഷ ഇൻഡക്സ്​ ഉയർന്നുനിൽക്കുന്ന പഞ്ചായത്ത്, വികസനമെന്നാൽ എല്ലാവർക്കും സന്തോഷം നൽകുന്ന സാഹചര്യം സൃഷ്​ടിക്കുന്ന അവസ്​ഥയാണെന്ന് തിരിച്ചറിയുന്ന പഞ്ചായത്ത്, ഏതെങ്കിലും ഒരു കലയിൽ പ്രാവീണ്യമുള്ളവരുടെ പഞ്ചായത്ത്... ഇങ്ങനെ ഗ്രാമപഞ്ചായത്തിന്റെ വികസനത്തെക്കുറിച്ച് സ്വപ്നംകാണുകയും അതിനു പ്രായോഗിക പദ്ധതിആവിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന പഞ്ചായത്ത്. ഇങ്ങനെയൊരു ചിന്തയെങ്കിലും മുന്നോട്ടുവെക്കാൻ കഴിയാതിരുന്നാൽ അധികാര വികേന്ദ്രീകരണത്തിന് എന്ത് അർഥമാണുള്ളത്?

 

ഇന്ത്യയിലെ ഇന്നത്തെ അവസ്​ഥ അധികാര വികേന്ദ്രീകരണത്തെ ഒരുതരത്തിലും അനുകൂലിക്കുന്നില്ല എന്നതാണ് സത്യം. നാട്ടിലെ റോഡും സ്​കൂളും ആരോഗ്യകേന്ദ്രങ്ങളടക്കം പ്രധാനമന്ത്രിയുടെ പേരിലും നിയന്ത്രണത്തിലും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഭരണഘടനയിലെ ഫെഡറലിസം മുന്നോട്ടുവെക്കുന്ന സമാന്തര കേന്ദ്ര-സംസ്​ഥാന ബന്ധങ്ങൾ ഇന്ന് നിലനിൽക്കുന്നില്ല. മുകളിൽനിന്ന് താഴോട്ട് എന്ന അധികാരസങ്കൽപത്തെ ശക്തമായി നിലനിർത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. 73-74 ഭരണഘടനാ ഭേദഗതിയിലെ ആത്യന്തികലക്ഷ്യം താഴേനിന്ന് മുകളിലേക്ക് എന്നതായിരുന്നു. താഴെയുള്ള ഗവൺമെന്റുകൾക്ക് പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾ മേൽത്തട്ടിലേക്ക് നൽകുക എന്ന സമീപനം. ഇന്ന് ആരും ഇത് പറയുകപോലും ചെയ്യുന്നില്ല. തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്ക് പൊതുവെ പരിമിതമായ ധനസ്വരൂപണ മാർഗങ്ങളേയുള്ളൂ. മുകളിൽനിന്ന് വരുന്ന പ്ലാൻഫണ്ട് നോക്കിയാണ് അവരുടെ ആസൂത്രണ പദ്ധതികൾ തയാറാക്കുന്നത്.

സമയത്തിന് ഫണ്ട് വന്നില്ലായെങ്കിൽ ആസൂത്രണം തഥൈവ. ഇതുകൂടാതെ, കേന്ദ്രസർക്കാറുകളുടെ ശക്തമായ നിയന്ത്രണത്തോടെയുള്ള മിഷൻ പദ്ധതികൾകൂടിയാകുമ്പോൾ അധികാര വികേന്ദ്രീകരണമെന്നത് കേൾക്കാൻ സുഖമുള്ള ഒരു വാക്കായിമാത്രം പരിണമിക്കുന്നു. തെരഞ്ഞെടുപ്പ് എന്നാൽ കേവലം രണ്ടോ മൂന്നോ പ്രധാന രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള അധികാരത്തിനു വേണ്ടിയുള്ള മത്സരം മാത്രമായി കാണരുത്. പ്രാദേശിക ഭരണത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെങ്കിലും പ്രാദേശിക ഭരണത്തിലേറുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. തങ്ങളുടെ പ്രദേശത്തെക്കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും പദ്ധതികൾ ആസൂത്രണംചെയ്യാനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശേഷിവേണം. ആ അധികാരത്തിനും വിഭവങ്ങൾ ലഭ്യമാക്കാനുള്ള അവകാശത്തിനും ഇൗ തെഞ്ഞെടുപ്പ് ഓരോരുത്തരം പ്രയോജനപ്പെടുത്തണം.

Tags:    
News Summary - Local government and elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.