തിയ്യ-മുസ്‍ലിം സമുദായങ്ങളുടെ സ്വത്വസംഘര്‍ഷങ്ങള്‍

പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതീവിജയ’ത്തെക്കുറിച്ച് ആഴ്ചപ്പതിപ്പിൽ (ലക്കം 1444) ഡോ. സബ്ന കെ എഴുതിയ ‘കീഴാള നവോത്ഥാനത്തെ ‘സരസ്വതീവിജയം’ അട്ടിമറിച്ചതെങ്ങനെ?’ എന്ന ലേഖനത്തിനോടുള്ള വിയോജന പഠനമാണിത്. നോവലിലെ മുസ്‍ലിം വിദ്വേഷത്തെ എങ്ങനെയാണ് ക​ാണേണ്ടത്, അന്നു നിലവിലിരുന്ന മുസ്‍ലിം-ഈഴവ സംഘർഷങ്ങളെ എങ്ങനെയാണ് ഇന്ന് വിലയിരുത്തേണ്ടത് എന്നിവയിൽ ലേഖകൻ ബദൽവാദങ്ങൾ ഉന്നയിക്കുന്നു.

1892ല്‍ രചിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതീവിജയ’ത്തെക്കുറിച്ച് ‘കീഴാള നവോത്ഥാനത്തെ സരസ്വതീവിജയം അട്ടിമറിച്ചതെങ്ങനെ?’ എന്ന ശീര്‍ഷകത്തില്‍ ഡോ. സബ്ന കെ എഴുതിയ ഒരു കുറിപ്പ് മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 2025 ഒക്ടോബര്‍ 27 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രാഹ്മണ്യത്തിനും ജാതിമർദനങ്ങള്‍ക്കുമെതിരായ നവോത്ഥാനാശയങ്ങള്‍ പങ്കുവെക്കുന്ന നോവലായി വിലയിരുത്തപ്പെടുന്ന ‘സരസ്വതീവിജയ’ത്തിന്‍റെ കീഴാളവായന എത്രകണ്ട് ശരിയായിരുന്നുവെന്ന സന്ദേഹമാണ് ലേഖനം മുന്നോട്ടുവെക്കുന്നത്. അതിലെ പ്രധാന പ്രമേയങ്ങള്‍ താഴെ പറയുന്നു:

സ്മൃതി നിയമങ്ങളുടെ പൊള്ളത്തരത്തെയും മനുഷ്യവിരുദ്ധതയെയും ജാതിബോധത്തെയും തുറന്നുകാട്ടുന്ന ‘സരസ്വതീവിജയം’ കീഴാള നവോത്ഥാനത്തിന് വെളിച്ചം പകരുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാല്‍, കീഴാളപഠനത്തിന്‍റെ സമീപന രീതികളെ മുന്‍നിര്‍ത്തി ‘സരസ്വതീവിജയ’ത്തെ വായിച്ചാല്‍ ഇപ്പറഞ്ഞ കീഴാളവായനകള്‍ എത്രകണ്ട് ശരിയായിരിക്കുമെന്ന സന്ദേഹമുയരും. സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വിശകലനംചെയ്തുകൊണ്ട് സമൂഹഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന അധികാര സംവിധാനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് കീഴാളപഠനത്തിന്‍റേത്. അങ്ങനെ വരുമ്പാള്‍ കീഴാള ജനവിഭാഗത്തിൽപെടുന്ന മുസ്‍ലിംകളെ ‘സരസ്വതീവിജയം’ എങ്ങനെയാണ് ഉള്‍ക്കൊണ്ടത് എന്ന് പരിശോധിക്കേണ്ടതാണ്.

കൊളോണിയലിസവും മിഷനറി പ്രവര്‍ത്തനങ്ങളും നിര്‍മിച്ചെടുത്ത സമത്വബോധത്തിലൂന്നിനിന്നാണ് കാലങ്ങളായി നിലനിന്നിരുന്ന അസമത്വത്തിന്‍റെ പ്രത്യയശാസ്ത്രത്തെ നോവലിസ്റ്റ് എതിരിടുന്നത്. അങ്ങനെ നോക്കുമ്പോള്‍ നോവലിലെ മുസ്‍ലിം പ്രതിനിധാനം യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയല്ല, പ്രശ്നവത്കരിക്കുകയാണ് ചെയ്യുന്നത്. മാപ്പിളമാരെ പ്രശ്നക്കാരെന്ന തീര്‍പ്പിലേക്ക് കുഞ്ഞമ്പു എത്തിക്കുന്നുമുണ്ട്. കൊളോണിയലിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത മുസ്‍ലിംകളെക്കുറിച്ചുള്ള വ്യാജ പ്രതിനിധാനങ്ങളിലൂടെ രൂപംകൊണ്ട പൊതുബോധത്തിന്‍റെ സ്വാധീനത്താലാണ് ഇത്തരമൊരു സമീപനം നോവലിസ്റ്റ് സ്വീകരിക്കുന്നത്.

മുസ്‍ലിംകളെ അപരവത്കരിക്കുന്ന വ്യാജ പ്രതിനിധാനത്തിന്‍റെ ബലതന്ത്രം വിശദമാക്കുന്ന ലേഖനം തുടര്‍ന്ന് കീഴാളര്‍ക്കൊപ്പം വിമോചനം സാധ്യമാകേണ്ട മുസ്‍ലിംകളെ അപരിഷ്കൃതരായി ചിത്രീകരിക്കുന്നതിലെ വൈരുധ്യം വെളിപ്പെടുത്തുന്നു. ഈ വൈരുധ്യം വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതുകൊണ്ടാണ് ‘സരസ്വതീവിജയ’ത്തിലെ തോൽപിക്കപ്പെടുന്ന മുസ്‍ലിമിനെ നമ്മുടെ എഴുത്തുകാര്‍ വിജയിയായി പ്രഖ്യാപിക്കുന്നത്. ‘സരസ്വതീവിജയം’ വിചാരണചെയ്യുന്നത് ബ്രാഹ്മണ്യത്തെയല്ല കീഴാളരായ മുസ്‍ലിംകളെത്തന്നെയാണെന്നും കീഴാള നവോത്ഥാനത്തെ അട്ടിമറിക്കുന്ന പ്രയത്നംതന്നെയായി ഇത് മനസ്സിലാക്കണമെന്നും പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

തന്‍റെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി സബ്ന ഈ നോവലിലെ വിദ്വേഷപരമായ മുസ്‍ലിം സൂചനകളെ മലബാറിലെ മുസ്‍ലിം അപരവത്കരണത്തിന്‍റെ പൊതു പശ്ചാത്തലത്തിലാണ് വായിക്കുന്നത്. അതോടു ചേര്‍ന്നുനിന്നുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവായ പോത്തേരി കുഞ്ഞമ്പുവിനെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ലളിതവത്കരിക്കപ്പെട്ട ഈ ഫ്രെയിംവര്‍ക്കിനുള്ളിലെ വായന, പോത്തേരി കുഞ്ഞമ്പുവിനെയും നോവലിനെയും മതസംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ എഴുത്തുകാരിയെ നിര്‍ബന്ധിക്കുന്നു. കൂട്ടത്തില്‍ കീഴാളരുടെ മതപരിവര്‍ത്തന ശ്രമത്തെ സവര്‍ണ-ദേശീയതാവാദ വീക്ഷണകോണില്‍ പരിശോധിക്കുകയുംചെയ്യുന്നു.

ഇത്തരമൊരു വിമര്‍ശനം മുന്നോട്ടുവെക്കുമ്പോള്‍ അതിനർഥം പോത്തേരി കുഞ്ഞമ്പു തന്‍റെ നോവലില്‍ മുസ്‍ലിംവിരുദ്ധ ആഖ്യാനശൈലി സ്വീകരിച്ചിട്ടില്ലെന്നല്ല. മറിച്ച്, ഇവയെ നാം ഇന്നു കരുതുന്ന ‘മതപരമായ’ അര്‍ഥത്തിലല്ല, കൊളോണിയല്‍ കാലത്തെ സമുദായങ്ങള്‍ക്കിടയിലുള്ള വിവിധങ്ങളായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വായിക്കണമെന്നാണ്. ഈ ലേഖനം അത്തരമൊരു ഫ്രെയിംവര്‍ക്കാണ് മുന്നോട്ടുവെക്കുന്നത്. ബാസല്‍ മിഷന്‍റെ ചരിത്രം, മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍, തിയ്യരടക്കമുള്ള കീഴാളരുടെ മതംമാറ്റവും അഭിലാഷങ്ങളും പ്രതീക്ഷകളും, പോത്തേരി കുഞ്ഞമ്പുവിനെപ്പോലുള്ള തിയ്യ ബുദ്ധിജീവികളുടെ രാഷ്ട്രീയ-സാമുദായിക ചിന്തകള്‍, മലബാറിലെ പ്രധാന നഗരങ്ങളോട് ചേര്‍ന്നു വളര്‍ന്നുവന്ന തിയ്യ സമ്പന്നരും വ്യാപാരികളായ മാപ്പിളമാരും തമ്മില്‍ രൂപംകൊണ്ട സംഘര്‍ഷങ്ങള്‍... ഇത്തരം വൈവിധ്യമാര്‍ന്ന ബലതന്ത്രങ്ങള്‍ക്കുള്ളിലായിരുന്നു ഈ നോവലിനെയും കുഞ്ഞമ്പുവിനെയും വായിക്കേണ്ടിയിരുന്നത്. കാരണം ഈ സംഘര്‍ഷഭൂമികയിലാണ് ഇത്തരമൊരു നോവല്‍ സാധ്യമായതു തന്നെ.

അതിന്‍റെ ഭാഗമായി 19ാം നൂറ്റാണ്ടിന്‍റെ അവസാനവും 20ാം നൂറ്റാണ്ടിന്‍റെ പകുതിയിലും തിയ്യരിലുണ്ടായ വികാസ പരിണാമങ്ങളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മുസ്‍ലിംകളുമായുണ്ടായ സംഘര്‍ഷങ്ങളുമാണ് നാം ആദ്യം പരിശോധിക്കുന്നത്. തുടര്‍ന്ന് ബാസല്‍ മിഷന്‍റെ മതപരിവര്‍ത്തന ശ്രമങ്ങളും തിയ്യരുടെ പ്രതികരണങ്ങളുമാണ്. ഈ പശ്ചാത്തലത്തിലാണ് പോത്തേരി കുഞ്ഞമ്പുവെന്ന എഴുത്തുകാരന്‍റെ ചിന്തയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നത്. കൂട്ടത്തില്‍ കൊളോണിയല്‍ കാലത്ത് തിയ്യ ബൗദ്ധികതയെ അലട്ടിയ ചില പ്രമേയങ്ങളുടെ ചര്‍ച്ചക്കും ഇടംനല്‍കുന്നുണ്ട്. ആ കാലഘട്ടത്തിലെ തിയ്യ ധൈഷണികതയെ മനസ്സിലാക്കാന്‍ ഇത് പ്രയോജനപ്പെടും. ‘സരസ്വതീവിജയ’ത്തിലെ മുസ്‍ലിം വിരുദ്ധതയെക്കുറിച്ച ചര്‍ച്ച അവിടെ ഒതുക്കിനിര്‍ത്താതെ സമാനമായ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ജോസഫ് മൂളിയിലിന്‍റെ ‘സുകുമാരി’ (1897) എന്ന നോവലിനെയും ചേര്‍ത്തു​െവച്ചാണ് ഇതു പരിശോധിക്കുന്നത്. ഇത് തിയ്യ ധൈഷണികതയെക്കുറിച്ചും മുസ്‍ലിം പ്രതിനിധാനത്തെക്കുറിച്ചുമുള്ള കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.

 

സമ്പന്നരും കുലീനരും

തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളിലെ ഈഴവരില്‍നിന്ന് വ്യത്യസ്തമായി 19ാം നൂറ്റാണ്ടിന്‍റെ അവസാനവും 20ാം നൂറ്റാണ്ടിന്‍റെ തുടക്കവും മലബാറിലെ തിയ്യര്‍ക്ക് വികാസത്തിന്‍റെ കാലമായിരുന്നു. കച്ചവടം, നെയ്ത്ത്, മദ്യവ്യവസായം, ബാങ്ക്, ഭൂമിയിന്മേലുള്ള പാട്ടം, സര്‍ക്കാര്‍ ജോലി, കുടിയേറ്റം തുടങ്ങി ഇക്കാലത്ത് വ്യത്യസ്തമേഖലകളിലൂടെ ഇവര്‍ സമ്പത്തും അധികാരവും നേടാന്‍ തുടങ്ങിയിരുന്നു. കണ്ണൂരില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രവര്‍ത്തനം തുടങ്ങി ഏറെക്കഴിയും മുമ്പ് തിയ്യര്‍ കമ്പനിയുടെ പ്രാദേശിക ഉദ്യോഗസ്ഥരായി മാറി. നെല്ല് മുതലായവ മംഗലാപുരത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകളും അവര്‍ക്ക് ലഭിച്ചു. മാടായി കൊറുമ്പന്‍ സുബൈദാര്‍ മുതലായവര്‍ ഉദ്യോഗസ്ഥരായിരുന്നെങ്കില്‍ പുല്ലമ്പില്‍ മൂപ്പനെപ്പോലുള്ളവര്‍ കരാറുകാരായിരുന്നു. ‘‘മാടായി കൊറുമ്പന്‍ സുബയിദാരും പുല്ലമ്പില്‍ ഓമനയമ്പുമൂപ്പന്‍’’ എന്ന് തച്ചോളിപ്പാട്ട് ഇവരെ വരച്ചിടുന്നു. 1853ല്‍ വിക്ടോറിയ രാജ്ഞി അധികാരമേറ്റശേഷം മദ്യവിക്രയത്തില്‍ ഇടപെട്ടും ലേലംകൊണ്ടും തിയ്യര്‍ പണമുണ്ടാക്കി.

മറ്റൊന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുമായി തിയ്യ സ്ത്രീകള്‍ സ്ഥാപിച്ച, താരതമ്യേന അയഞ്ഞ വൈവാഹിക (മൂര്‍ക്കോത്ത് കുമാരന്‍റെ ഭാഷയില്‍ വെപ്പാട്ടികള്‍) ബന്ധങ്ങളാണ്. കണ്ണൂരും തലശ്ശേരിയിലും ഇത്തരം നിരവധി കുടുംബങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. താമസിയാതെ അതൊരു സാമുദായികപ്രശ്നമായി മാറി. ബ്രിട്ടീഷ് ബന്ധമുള്ള തിയ്യ കുടുംബങ്ങളെ സമുദായഭ്രഷ്ടരാക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ നിരവധി കുടുംബങ്ങള്‍ സമുദായത്തിനു പുറത്തായി. ഇവരുടെ പിന്‍തലമുറ പാശ്ചാത്യ രാജ്യങ്ങളില്‍ പോയി ബിരുദം സമ്പാദിക്കുകയും കൊളോണിയല്‍ സര്‍വീസുകളില്‍ ഇടംപിടിക്കുകയും ചെയ്തതോടെ സമുദായം മാറിച്ചിന്തിച്ചു. മൂര്‍ക്കോത്ത് കുമാരന്‍ ഇടപെട്ടാണ് ഇവരുടെ ഭ്രഷ്ട് നീക്കംചെയ്യുന്നത് (മൂര്‍ക്കോത്ത് കുഞ്ഞപ്പ, 1975, പേജ് 16).

തിയ്യ കുടുംബങ്ങളില്‍ 19ാം നൂറ്റാണ്ടില്‍ കണ്ടുവന്നിരുന്ന ഇത്തരം അയഞ്ഞ ‘വെപ്പാട്ടി’ സമ്പ്രദായം നിയമസംവിധാനത്തിനുള്ളിലേക്ക് കൊണ്ടുവരണമെന്ന് ഇക്കാലത്തുതന്നെ പോത്തേരി കുഞ്ഞമ്പു വാദിച്ചിരുന്നു. ഒരു കച്ചവട സമൂഹമായി മാറാനുള്ള ശ്രമത്തിനിടയില്‍ മലബാറിലെ തിയ്യര്‍ക്കിടയില്‍ ‘പര്യം ചെയ്യുക’ പോലുള്ള വിവാഹരീതികള്‍ നിലവില്‍വന്നിരുന്നു. യാത്ര പോകുന്ന സമയത്ത് ചില വീടുകള്‍ താവളങ്ങളാക്കുകയും അവിടെയൊരു സ്ത്രീയെ ‘പര്യംചെയ്യുക’യുമാണ് തിയ്യര്‍ ചെയ്തിരുന്നത് (മൂര്‍ക്കോത്ത് കുഞ്ഞപ്പ, 1975, പേജ് 32). ഇതും കുഞ്ഞമ്പുവിന്‍റെ അഭിപ്രായങ്ങളെ സ്വാധീനിച്ചിരിക്കാം. ഈ ചരിത്രവസ്തുതകള്‍ സൂക്ഷ്മമായി പരിഗണിക്കാതെയായിരിക്കണം കുഞ്ഞമ്പുവിന്‍റെ ഈ നിര്‍ദേശത്തെ പി. പവിത്രന്‍ (2022) തന്‍റെ ലേഖനത്തില്‍ വല്ലാതെ കളിയാക്കുന്നത്.

20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മധുവര്‍ജനം വലിയൊരു രാഷ്ട്രീയ പരിപാടിയായി പടര്‍ന്നുപിടിച്ചിരുന്നെങ്കിലും അക്കാലത്തെ പ്രമുഖരില്‍ പലരും പണം സ്വരൂപിച്ചിരുന്നത് കള്ളു കച്ചവടത്തിലൂടെയും മറ്റ് അനുബന്ധ വ്യവസായങ്ങളിലൂടെയുമാണ്. വ്യവസായങ്ങള്‍ക്കും ചെറിയ കച്ചവടങ്ങള്‍ക്കും കടംകൊടുക്കാന്‍ സി. കൃഷ്ണനെപ്പോലുള്ളവര്‍ 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബാങ്കുകളും സ്ഥാപിച്ചു. ഇക്കാലത്തുതന്നെ തിയ്യര്‍ നഗരങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടുവാനും ഗ്രാമീണമേഖലയിലെ തൊഴിലുകള്‍ വിട്ടെറിഞ്ഞ് നഗരങ്ങളില്‍ ചേക്കേറാനും തുടങ്ങിയിരുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ സാമൂഹിക പദവിയെ കുറിച്ചുള്ള ചര്‍ച്ച മൂര്‍ക്കോത്ത് കുമാരന്‍റെ വസുമതി നോവലിലുണ്ട്. ചുരുക്കത്തില്‍ 19ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ കൊളോണിയല്‍ അധികാരികളുമായ ബന്ധവും പ്രാദേശികതലത്തിലാണെങ്കിലും ബ്രിട്ടീഷുകാരുമായുള്ള വൈവാഹികബന്ധവും സമ്പര്‍ക്കവും –തിയ്യര്‍ക്കിടയില്‍ ഒരു സവിശേഷ കുലീനവിഭാഗത്തെ സൃഷ്ടിച്ചു.

മാപ്പിളമാരും തിയ്യരും

പടിപടിയായി വളര്‍ന്നുവന്ന തിയ്യരിലെ സമ്പന്നരെ സംബന്ധിച്ചിടത്തോളം അവരുടെ തൊട്ടടുത്ത എതിരാളികള്‍ മാപ്പിളമാരായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം 19ാം നൂറ്റാണ്ടിൽതന്നെ ശക്തമായിരുന്നു. 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ അത് ഒന്നുകൂടി വര്‍ധിച്ചു. നഗരങ്ങളിലെ തിയ്യ-മാപ്പിള മത്സരത്തിന്‍റെ ഏകദേശ ചിത്രം ദിലീപ് മേനോന്‍ (1997) വരച്ചിടുന്നുണ്ട്. പല ഈഴവ പ്രമുഖരും മാപ്പിളമാരുടെ വാണിജ്യ താല്‍പര്യങ്ങളില്‍ ഇടപെടുന്നുവെന്ന പരാതി 1915 കാലത്ത് വ്യാപകമായി ഉയര്‍ന്നിരുന്നതായി സി. കൃഷ്ണന്‍ സൂചിപ്പിക്കുന്നുണ്ട്.

സംഘര്‍ഷത്തിന്‍റെ ഒരു ഘട്ടത്തില്‍ പള്ളികളുടെ മുമ്പാകെ വാദ്യം മുഴക്കുന്നതുമായി ബന്ധപ്പെട്ട് മാപ്പിളമാരും തിയ്യരും തമ്മില്‍ തര്‍ക്കംവരെയുണ്ടായി. 1915 ഫെബ്രുവരിയില്‍ തലശ്ശേരിയില്‍ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വാദ്യഘോഷത്തിന്‍റെ പേരില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തതായും കാണുന്നുണ്ട്. ഇതേ കാലത്ത് ജഗന്നാഥ ക്ഷേത്ര ഉത്സവത്തിന് മാപ്പിളമാര്‍ക്ക് വിലക്കുണ്ടായിരുന്നു. അതിനു പുറമെ മാപ്പിളമാരും തിയ്യരും ഇടപെട്ട ചില മതംമാറ്റക്കേസുകളും ഉയര്‍ന്നുവന്നു. മാപ്പിളമാരുമായി കലശലായ പ്രശ്നങ്ങളുണ്ടായിരുന്ന ബ്രിട്ടീഷുകാരുമായി തിയ്യ പ്രമുഖര്‍ക്കുണ്ടായിരുന്ന ‘അടുപ്പം’ മാപ്പിളമാരില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ പോന്നതായിരുന്നു. 1921ലെ മലബാര്‍ കലാപകാലത്ത് സി. കൃഷ്ണന്‍റെ ‘മിതവാദി’യെ ബ്രിട്ടീഷ് പ്രോപഗണ്ട പത്രമായാണ് മാപ്പിളമാര്‍ കണക്കാക്കിയത്.

തിയ്യര്‍ക്കും മാപ്പിളമാര്‍ക്കുമിടയില്‍ വലിയ സംഘര്‍ഷം രൂപപ്പെട്ടിരുന്നുവെന്നുതന്നെയാണ് ഇതുവരെ പറഞ്ഞതിന്‍റെ സാരം. എന്നാല്‍, ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും സ്വഭാവം എന്തായിരുന്നുവെന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനം. ഹിന്ദു-മുസ്‍ലിം മതവിഭാഗങ്ങളെന്ന നിലയിലല്ല, മുന്നിലെത്താന്‍വേണ്ടി പരിശ്രമിക്കുന്ന രണ്ടു കീഴാള സമുദായങ്ങളെന്ന നിലയിലാണ് തിയ്യരും മുസ്‍ലിംകളും പരസ്പരം മത്സരിച്ചത്. ഈ മത്സരമായിരുന്നു അവരുടെ പ്രതികരണത്തിന്‍റെ സ്വഭാവം തീരുമാനിച്ചത്. എന്നാല്‍, അങ്ങനെയല്ലാത്ത വിഭാഗങ്ങളും ഇക്കാലത്ത് മലബാറിലെ തിയ്യര്‍ക്കിടയിലുണ്ടായിരുന്നു. അവരിലൊരാളായിരുന്നോ കുഞ്ഞമ്പുവെന്ന് പരിശോധിച്ചാലേ ‘മാപ്പിളവിരോധ’ വായനയെ വേറിട്ടു മനസ്സിലാക്കാനാവൂ.

 

മതപരിവര്‍ത്തനവും മിഷനറിമാരും

1839 ഏപ്രില്‍ 12നാണ് ഗുണ്ടര്‍ട്ട് തലശ്ശേരി ഇല്ലിക്കുന്നില്‍ താമസമാരംഭിച്ചത്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ തിരുവിതാകൂര്‍ കൊച്ചി രാജ്യത്തുള്ള ഈഴവരേക്കാള്‍ മലബാറിലെ തിയ്യര്‍ മുന്നോട്ടുപോയിരുന്നെങ്കിലും ജാതീയ വിവേചനത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തിയ്യരുള്‍പ്പെടെ നിരവധി പേര്‍ ബാസല്‍ മിഷന്‍ വഴി ക്രൈസ്തവരായി മാറി. ഓരോ ബാസല്‍ മിഷന്‍ കേന്ദ്രത്തോടനുബന്ധിച്ചും സ്ഥാപിക്കപ്പെട്ട വ്യവസായ, വിദ്യാഭ്യാസ, മാധ്യമ, ആരോഗ്യ സ്ഥാപനങ്ങള്‍ മതപരിവര്‍ത്തിതര്‍ക്ക് അറിവും തൊഴിലും സേവനവും നല്‍കി.

1893ലെ കണക്കനുസരിച്ച് മലബാറിലെ ആകെ മതപരിവര്‍ത്തിതരില്‍ 45 ശതമാനവും തിയ്യരായിരുന്നു. 28.4 ശതമാനം പേര്‍ ചെറുമരായിരുന്നു. നായന്മാര്‍ ആകെയുള്ളതിന്‍റെ 4.9 ശതമാനം മാത്രമേ വരൂ. ഏതാനും മുസ്‍ലിംകളും മതപരിവര്‍ത്തനം നടത്തിയെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു (ജയപ്രകാശ് രാഘവയ്യ, 2018, പേജ് 60).

ബാസല്‍ മിഷന്‍കാരുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ ധാരാളം തര്‍ക്കങ്ങള്‍ക്ക് കാരണമായി. അതിന് ഒരു കാരണം അവര്‍ ഉപയോഗിച്ചിരുന്ന തന്ത്രങ്ങളും സങ്കേതങ്ങളുമാണ്. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു രേഖയാണ് 1863ല്‍ തത്തമംഗലത്ത് കീഴാള കുടുംബത്തില്‍ ജനിച്ച് ബാസല്‍ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സാമുവല്‍ അമ്പാട്ടിന്‍റെ ആത്മകഥാപരമായ കുറിപ്പ് (ഡോ. കെ.കെ.എന്‍. കുറുപ്പ്, 2009). ബാസല്‍ മിഷന്‍ അധികാരികളുടെ ആവശ്യപ്രകാരമാണ് സാമുവല്‍ ഇതയച്ചത്. ഉപദേശിപ്പണിക്കിടയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചും സംവാദങ്ങളെക്കുറിച്ചും വിശ്വാസാചാരങ്ങളെ ഉപദേശികള്‍ പരിഹസിച്ചതിനെക്കുറിച്ചും ധാരാളം വിവരങ്ങള്‍ ഇവയിലുണ്ട്. യാത്രചെയ്യുന്നതിനിടയില്‍ മുത്തപ്പന്‍ തെയ്യത്തിന്‍റെ അധിവാസകേന്ദ്രമായ പയ്യര്‍മലയിലെത്തിയതും അവിടെ കണ്ട ‘ദുര്‍വിശ്വാസ’ങ്ങളെക്കുറിച്ചും എഴുതുന്നുണ്ട്. ഇവര്‍ക്ക് ‘അജ്ഞത’ വേണ്ടുവോളമുണ്ടെന്നാണ് സാമുവല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രേതബാധക്ക് പ്രത്യേകം വശംവദരായ സമുദായമെന്ന് തിയ്യരെ മലബാര്‍ മാന്വല്‍ വിശേഷിപ്പിക്കുന്നതും തെയ്യാട്ടത്തെ മുന്‍നിര്‍ത്തിയാണ് (ലോഗന്‍, 2022, പേജ് 116).

തങ്ങളെ ഒഴിവാക്കാന്‍ മാപ്പിളമാര്‍ നടത്തുന്ന ഭീതിപടര്‍ത്തുന്ന കുപ്രചാരണങ്ങളെക്കുറിച്ചുള്ള സാമുവലിന്‍റെ വിവരണം രസകരമാണ്. അക്കാലത്ത് പടര്‍ന്നുപിടിച്ച പ്ലേഗിനെതിരെയുള്ള കുത്തിവെപ്പിനെ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കിടയിലാണത്രെ ഇത് പ്രചരിപ്പിക്കപ്പെട്ടത്: ആണുങ്ങളുടെ കൈയില്‍നിന്നും പെണ്ണുങ്ങളുടെ കാലില്‍നിന്നും ഓരോ ഞരമ്പു വലിച്ചെടുത്ത് ‘കുപ്പായക്കാര്‍’ അവിടെ മരുന്നുകുത്തും. മൂന്നാം നാള്‍ മരണമാണ്. മഹാറാണിക്ക് വയസ്സായി. ആളുകളുടെ എണ്ണം വര്‍ധിച്ചു. ജനസംഖ്യ കുറെ ഇല്ലാതായില്ലെങ്കില്‍ അവര്‍ നാടുമുടിക്കും. അതുകൊണ്ട് അവരെ ഇല്ലാതാക്കാനുള്ള ഉപായമായിരുന്നുവത്രേ കുത്തിവെപ്പ്. തങ്ങളെ ബഹിഷ്കരിക്കാന്‍ മാപ്പിളമാര്‍ ഈ കഥ ഉപയോഗിച്ചുവെന്നാണ് സാമുവല്‍ എഴുതുന്നത്. (ഡോ. കെ.കെ.എന്‍. കുറുപ്പ് (2009), പേജ് 45). മാജിക് ലാന്‍റേണ്‍ ഉപയോഗിച്ച പ്രസംഗങ്ങള്‍ ചില ‘മാപ്പിള’മാര്‍ അലങ്കോലമാക്കിയ സംഭവവിവരങ്ങളും ധാരാളമുണ്ട്. ഉപദേശികളുമായി രമ്യതയില്‍ കഴിഞ്ഞ മാപ്പിളമാരുടെ വിവരങ്ങളും കുറവല്ല.

മുസ്‍ലിംകളടക്കമുള്ള തദ്ദേശീയരുടെ സംസ്കാരത്തെ പരിഹസിക്കുന്ന മിഷന്‍ ഉപദേശികള്‍ക്കെതിരെ മക്തി തങ്ങള്‍ നടത്തിയ പ്രതിരോധത്തിന്‍റെ രേഖകളാണ് ‘കഠോരകുഠാരം’, ‘തണ്ടാന്‍ കണ്ഠമാല’, ‘തണ്ടാന്‍റെ കൊണ്ടാട്ട ചെണ്ട’ തുടങ്ങിയ കൃതികള്‍. ഇതിലെ ‘തണ്ടാന്‍’ പരിവര്‍ത്തിത ക്രൈസ്തവ ഉപദേശിയാണ് (കെ.കെ. മുഹമ്മദ് അബ്ദുല്‍കരീം, 2021).

അതേസമയം, ബാസല്‍ മിഷന്‍ നടത്തിയ മതപരിവര്‍ത്തന സംരംഭത്തെ കേരളത്തിന്‍റെ പൊതു പശ്ചാത്തലത്തില്‍ വിമര്‍ശിക്കുന്നതിലും അപാകതകളുണ്ട്. ഒരു പരിധിവരെ ജാതിയെ ചേറ്റിക്കളയുന്നതില്‍ വിജയിച്ച ചുരുക്കം മിഷനറി സംഘങ്ങളിലൊന്നാണ് അത്. ഒരിക്കല്‍ ‘കേരളത്തിലെ ജാതിവ്യവസ്ഥിതി’ എന്ന ശീര്‍ഷകത്തില്‍ പി.കെ. ബാലകൃഷ്ണന്‍ വിവേകോദയത്തില്‍ മൂന്നു ലക്കങ്ങളിലായി (വിവേകോദയം, നവംബര്‍ 30, 1975) ഒരു ലേഖനം എഴുതി. മതപരിവര്‍ത്തിതരിലെ ജാതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മൂര്‍ക്കോത്ത് കുഞ്ഞപ്പ ഡിസംബര്‍ 28ലെ ലക്കത്തില്‍ ‘ക്രിസ്ത്യാനികളുടെ ജാതിമനോഭാവം’ എന്ന ശീര്‍ഷകത്തില്‍ ഇതിനൊരു മറുപടി എഴുതി. ബാസല്‍ മിഷനെ വ്യത്യസ്തമായി കാണണമെന്നായിരുന്നു കുഞ്ഞപ്പയുടെ വാദം. എങ്ങനെ ബാസല്‍ മിഷന്‍കാര്‍ തങ്ങളുടെ സംഘത്തില്‍നിന്ന് ജാതിവിവേചനത്തെ ഒഴിച്ചുനിര്‍ത്തിയെന്നും അദ്ദേഹം വിശദീകരിച്ചു (വിവേകോദയം, ഡിസംബര്‍ 28, 1975).

 

മതപരിവര്‍ത്തനവും കീഴാളരും

കേരളീയ സന്ദര്‍ഭത്തില്‍ മതംമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സവര്‍ണ കാഴ്ചപ്പാടുകളില്‍നിന്നുകൊണ്ടാണ് മിക്കവാറും ആഖ്യാനംചെയ്യപ്പെടാറുള്ളത്. കീഴാള ആത്മാക്കളെ തേടിയിറങ്ങിയ മിഷനറിമാരെക്കുറിച്ചുള്ള കഥകളായിരുന്നു ഈ ആഖ്യാനങ്ങളുടെ കേന്ദ്രസ്ഥാനത്ത്. മതംമാറിയവരുടെ ‘നിര്‍വാഹകത്വം’ പരിഗണിക്കപ്പെടാറില്ല. മതംമാറ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യ തൃഷ്ണകളുടെയും ആത്മീയാന്വേഷണങ്ങളുടെയും സ്വാതന്ത്ര്യ പ്രതീക്ഷകളുടെയും പങ്കും മറച്ചുവെക്കപ്പെട്ടു. മിഷനറിമാരെ തേടിയിറങ്ങിയ തദ്ദേശീയരുടെ കഥകള്‍ക്കും വേണ്ടത്ര ശ്രദ്ധകിട്ടിയില്ല.

1854ല്‍ ബാസല്‍ മിഷന്‍റെ കണ്ണൂര്‍ സെന്‍റര്‍ വഴി ക്രിസ്ത്യാനിയായവരില്‍ ഒരാള്‍ സായ്പന്മാരുടെ മലയാളം മുന്‍ഷിയും തിയ്യനുമായ മൂളിയില്‍ രാമോട്ടി ഗുരുക്കളാണ്. മതം മാറിയതറിഞ്ഞ കുടുംബം വലിയ ബഹളം കൂട്ടിയെങ്കിലും പിന്നീട് പിന്തിരിഞ്ഞു. ഗുണ്ടര്‍ട്ടിന്‍റെയും യാക്കോബ് രാമവര്‍മന്‍റെയും കീഴില്‍ പരിശീലനം നേടി എബ്രഹാം മൂളിയില്‍ എന്ന പേരും സ്വീകരിച്ച് അദ്ദേഹം ഉപദേശിയായി. ‘സുകുമാരി’ നോവല്‍ എഴുതിയ ജോസഫ് മൂളിയില്‍ അദ്ദേഹത്തിന്‍റെ മകനാണ്.

രാമോട്ടി ഗുരുക്കളുടെ അനുഭവം ഒറ്റപ്പെട്ടതല്ല. സ്വാതന്ത്ര്യത്തിലേക്കുള്ള ഏകവഴിയായി ക്രൈസ്തവത സ്വീകരിച്ച സ്ത്രീകളും യുവാക്കളും അതുണ്ടാക്കിയ സംഘര്‍ഷങ്ങളും അടങ്ങിയതാണ് ഓരോ മിഷന്‍റെയും ചരിത്രം. ബാസല്‍ മിഷന്‍റെ നെട്ടൂര്‍ കേന്ദ്രത്തില്‍നിന്ന് മതം മാറിയ ആദ്യത്തെ 14 പേരില്‍ ഒരു തിയ്യത്തിയും അവരുടെ മകളും അടങ്ങുന്നു. സ്വമേധയാ മതം മാറാന്‍ തീരുമാനിച്ച ഒരു മുക്കുവ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ അമ്മയും സഹോദരിയും നിലത്ത് കിടന്നുരുണ്ടും മുടിപറിച്ചെറിഞ്ഞും സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം നിരവധി സൂചനകള്‍ നല്‍കുന്നു. എന്നിട്ടും പിന്തിരിയുന്നില്ലെന്ന് കണ്ടപ്പോള്‍ ആളെ കൂട്ടി വന്ന് ഭീഷണിപ്പെടുത്തി. നുണ പറഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പരാജയപ്പെട്ട് മണ്ണുവാരിയെറിഞ്ഞ് ശപിച്ച് ഇറങ്ങിപ്പോയി. ഇങ്ങനെ മതംമാറാനെത്തിയവര്‍ തങ്ങളുടെ കുടുംബവുമായി ഇടഞ്ഞതിന്‍റെ ധാരാളം സൂചനകള്‍ മിഷന്‍ ചരിത്രത്തിലുണ്ട്. തിയ്യരടക്കമുള്ള കീഴാളര്‍ സ്വന്തം താല്‍പര്യങ്ങളുടെ കൂടി ഭാഗമായാണ് ക്രൈസ്തവത സ്വീകരിച്ചത്. ജാതീയമായ അസ്വാതന്ത്ര്യങ്ങളില്‍നിന്നുള്ള മോചനമായും അവരതിനെ മനസ്സിലാക്കി. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് പോത്തേരി കുഞ്ഞമ്പു തന്‍റെ ജീവിതം ആരംഭിച്ചതും ‘സരസ്വതീവിജയം’ എന്ന നോവല്‍ എഴുതുന്നതും.

 

തിയ്യ ധൈഷണികതയിലെ സംഘര്‍ഷങ്ങള്‍

1857ല്‍ ജനിക്കുകയും 1919ല്‍ മരിക്കുകയുംചെയ്ത പോത്തേരി കുഞ്ഞമ്പു തിയ്യ സമുദായത്തിലെ നേരത്തേ വിശദീകരിച്ച കാലത്തെയാണ് പ്രതിനിധാനം​െചയ്യുന്നത്. ഇക്കാലത്തെ തിയ്യ ധൈഷണികതയുടെ മുഴുവന്‍ ചിന്താവൈവിധ്യങ്ങളും സംഘര്‍ഷങ്ങളും കുഞ്ഞമ്പുവിലും കാണാം. കേരളത്തിലെ ഈഴവ, തിയ്യ പ്രസ്ഥാനങ്ങളുടെ ചരിത്രം ഏകമാനമല്ല. അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോള്‍ മലബാറിലെ പത്ത് താലൂക്കുകളില്‍ തിയ്യരായിരുന്നു ശിരസ്തദാര്‍മാര്‍. ഡോക്ടര്‍ പരീക്ഷ ജയിച്ച ഡോ. പല്‍പ്പുവിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ജോലി നിരസിക്കുമ്പോള്‍ തിയ്യനായ ഡോ. അയ്യത്താന്‍ ഗോപാലന്‍ കോഴിക്കോട്ടെ ആശുപത്രിയുടെ സൂപ്രണ്ടാണ്. ചരിത്രസാഹചര്യങ്ങളിലുള്ള സവിശേഷതകളാണ് അവയുടെ രാഷ്ട്രീയചരിത്രത്തിലും വ്യത്യാസം വരുത്തിയത്.

19ാം നൂറ്റാണ്ടില്‍ മലബാറില്‍ ദേശീയ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ നായന്മാര്‍ക്കും ബ്രാഹ്മണര്‍ക്കുമൊപ്പം തിയ്യരും പങ്കെടുത്തു. 1887ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍പ്പോലും ഒരു തിയ്യന്‍ പങ്കെടുത്തു. തിരുവിതാംകൂറിലെ ഈഴവര്‍ തിയോസഫിക്കല്‍ സൊസൈറ്റിയെ പോലുള്ള പ്രസ്ഥാനങ്ങളെ സവര്‍ണ ദേശീയവാദ സംരംഭമായിക്കണ്ട് സംശയിക്കുകയും വിമര്‍ശിക്കുകയുംചെയ്തപ്പോള്‍ മലബാറിലെ തിയ്യര്‍ ഇത്തരം സംഘടനകളില്‍ ആവേശത്തോടെ പങ്കെടുത്തു. 1898ല്‍ കോഴിക്കോട്ട് ബ്രഹ്മസമാജം ശാഖക്ക് തുടക്കമിട്ടതുപോലും ഒരു തിയ്യനാണ്. തിയോസഫിക്കല്‍ സൊസൈറ്റിയിലും തിയ്യര്‍ സജീവമായി.

ഇത്തരം പ്രസ്ഥാനങ്ങളുടെ സ്വാധീനം നാരായണഗുരുവിന്‍റെ ക്ഷേത്രപ്രതിഷ്ഠാച്ചടങ്ങുകളെ അലങ്കോലമാക്കാവുന്നിടത്തോളം ശക്തമായിരുന്നു. തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര സ്ഥാപന സമയത്ത് തിയ്യര്‍ രണ്ട് ചേരിയിലായിരുന്നു. കണ്ണന്‍ വക്കീലിന്‍റെയും കൊറ്റിയത്ത് രാമുണ്ണി വക്കീലിന്‍റെയും നേതൃത്വത്തില്‍ ബ്രഹ്മസമാജത്തെ അനുകൂലിച്ചിരുന്നവര്‍ ക്ഷേത്രപ്രതിഷ്ഠാ വിരോധികളായിരുന്നു. ഒടുവില്‍ കാലേക്കൂട്ടി സ്ഥലത്തെത്തിയ നാരായണഗുരുവാണ് ക്ഷേത്രവിരോധികളെ ഒതുക്കി ക്ഷേത്രപ്രതിഷ്ഠ നടത്തിയത്.

(തുടരും)

Tags:    
News Summary - Identity conflicts between the Hindu-Muslim communities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.