ഇടതിന്​ പ്രശ്നഭരിതമായ ശതാബ്ദി

ലോക്​സഭാ തെരഞ്ഞെടുപ്പ്​ പലതുകൊണ്ടും ഇടതുപക്ഷത്തിനും പ്രധാനമാണ്. ദേശീയപദവി നിലനിർത്തുക എന്ന ബാധ്യത സി.പി.എമ്മിനുണ്ട്​. അതിനേക്കാൾ ബി.ജെ.പിക്ക്​ ബദൽ സാധ്യമാക്കുക എന്നതിലും. എന്താണ്​ ശതാബ്​ദി വർഷത്തിൽ കമ്യൂണിസ്റ്റ്​ പാർട്ടികൾ നേരിടുന്ന പ്രതിസന്ധിയും സാധ്യതകളും?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായി രൂപംകൊണ്ടിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന വർഷമാണ് 2025. ഉത്തർപ്രദേശിലെ കാൺപൂരിൽ 1925ൽ ചേർന്ന സമ്മേളനത്തിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനനം. പാർട്ടിയുടെ നൂറാം വാർഷികവേളയിൽ അതി​ന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി പ്രസ്ഥാനത്തെ...

ലോക്​സഭാ തെരഞ്ഞെടുപ്പ്​ പലതുകൊണ്ടും ഇടതുപക്ഷത്തിനും പ്രധാനമാണ്. ദേശീയപദവി നിലനിർത്തുക എന്ന ബാധ്യത സി.പി.എമ്മിനുണ്ട്​. അതിനേക്കാൾ ബി.ജെ.പിക്ക്​ ബദൽ സാധ്യമാക്കുക എന്നതിലും. എന്താണ്​ ശതാബ്​ദി വർഷത്തിൽ കമ്യൂണിസ്റ്റ്​ പാർട്ടികൾ നേരിടുന്ന പ്രതിസന്ധിയും സാധ്യതകളും?

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായി രൂപംകൊണ്ടിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന വർഷമാണ് 2025. ഉത്തർപ്രദേശിലെ കാൺപൂരിൽ 1925ൽ ചേർന്ന സമ്മേളനത്തിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനനം. പാർട്ടിയുടെ നൂറാം വാർഷികവേളയിൽ അതി​ന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി പ്രസ്ഥാനത്തെ തുറിച്ചുനോക്കുകയാണ്. ഇന്ത്യയിൽ ദേശീയ പാർട്ടി പദവിയുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടിയെങ്കിലും ഈ ശതാബ്ദി വേളയിൽ ഉണ്ടാകുമോ എന്നതാണ് വെല്ലുവിളി. ഇപ്പോൾ ദേശീയ തെരഞ്ഞെടുപ്പ് കമീഷ​ന്റെ ഈ അംഗീകാരമുള്ള ആറ് കക്ഷികളിൽ ഒരേ ഒരു ഇടതുപക്ഷപാർട്ടി –സി.പി.​​െഎ (എം)– മാത്രമേ ഉള്ളൂ. സി.പി.ഐയുടെ ദേശീയ പാർട്ടി പദവി കമീഷൻ കഴിഞ്ഞ വർഷമാണ് റദ്ദാക്കിയത്. 2019ലെ തെരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കിയായിരുന്നു ആ തീരുമാനം. തൃണമൂൽ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും ദേശീയപദവിയും സി.പി.ഐക്കൊപ്പം റദ്ദാക്കപ്പെട്ടു.

ഇപ്പോൾ സി.പി.എമ്മിന്റെ ഈ പദവിയും തുലാസിലാണ്. ഇൗ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പാ​കും സി.പി.എ​മ്മി​ന് ആ ​പ​ദ​വി നി​ല​നി​ർ​ത്താ​നാ​കു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​കു​ക. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ന്താ​യാ​ലും ഉ​ട​ൻത​ന്നെ അ​ത് സി.പി.എമ്മി​ന്റെ ​ദേ​ശീ​യ​ പാ​ർ​ട്ടി പ​ദ​വി​യെ ബാ​ധി​ക്കി​ല്ല. എങ്കിലും 2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പാ​കു​മ്പോ​ഴും അ​ത് നി​ല​നി​ർ​ത്താ​ൻ നി​ർ​ണാ​യ​ക​മാ​കും ഇ​പ്പോ​ഴ​ത്തെ ഫ​ലം. അ​തു​കൊ​ണ്ടുത​ന്നെ പൊ​തു​വെ ഇ​ട​തുപ​ക്ഷ​ത്തി​ന്റെ​യും പ്ര​ത്യേ​കി​ച്ച് സി.പി.എ​മ്മി​ന്റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഈ ​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​ന് അ​സ്തി​ത്വ​പ​ര​മാ​യിത​ന്നെ വി​ധി​നി​ർ​ണാ​യ​ക​മാ​കു​ന്നു.

തെരഞ്ഞെടുപ്പും പാർലമെന്ററി പ്രവർത്തനവുമൊക്കെ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയ വിപ്ലവപാതയിലെ പ്രത്യയശാസ്ത്രപരവും പ്രയോഗപരവുമായ താൽക്കാലിക അടവുമാത്രമാണെന്നും അതിനാൽ ദേശീയ പാർട്ടി പദവിക്കൊക്കെ വലിയ പ്രാധാന്യമില്ലെന്നും മറ്റും പാർട്ടി തള്ളിയേക്കാം. രാജ്യത്ത് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരമുള്ള അമ്പതിലേറെ കക്ഷികളിൽ ആറെണ്ണത്തിനു മാത്രമേ ദേശീയപദവിയുള്ളൂ എന്നും പ്രമുഖ കക്ഷികളായ തൃണമൂലിനും എൻ.സി.പിക്കുമൊന്നും പദവി ഇല്ലെന്നും വാദിക്കാം.

പക്ഷേ, ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജനപിന്തുണയുടെ ഏറ്റവും പ്രധാന അളവുകോലാണ് പാർട്ടിയുടെ ഈ പദവി എന്നത് നിസ്തർക്കമാണ്. അതിനാൽതന്നെ ഇത് നഷ്ടമാകുന്നത് പാർട്ടിയുടെ അന്തസ്സിന് സൃഷ്ടിക്കുന്ന തിരിച്ചടി നിസ്സാരമല്ല. പദവി നഷ്ടമാകുന്നതോടെ പ്രവർത്തന സൗകര്യങ്ങൾ ഇല്ലാതാകുന്നത് വേറെ. പാർട്ടിയുടെ ശതാബ്ദിയിലാണ് ഈ സ്ഥിതി എന്നത് അതിലേറെ പരിതാപകരം. 1951-52ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ 16 സീറ്റ് മാത്രമേ കിട്ടിയുള്ളൂ എങ്കിലും മത്സരിച്ച 53 പാർട്ടികളിൽ ഏറ്റവും സീറ്റ് ലഭിച്ച രണ്ടാമത്തെ വലിയ പാർട്ടിയായത് സി.പി.​​െഎ ആയിരുന്നുവെന്നതും ഓർക്കണം.

2004ൽ നേടിയ 59 സീറ്റ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു. അന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യത്തെ (യു.പി.എ) അധികാരമേറ്റുന്നതിൽ മാത്രമല്ല ആ സർക്കാറിന്റെ ഒട്ടേറെ പുരോഗമനപരമായ നടപടികളുടെ രൂപവത്കരണത്തിലും സി.പി.എം നിർണായക പങ്കുവഹിച്ചു. 1990കളിൽ സോവിയറ്റ് ചേരിയുടെ തകർച്ചയോടെ ലോകരാജ്യങ്ങളിൽനിന്നെല്ലാം കമ്യൂണിസ്റ്റ് പാർട്ടികൾ അപ്രത്യക്ഷമായ ശേഷവും തല ഉയർത്തിനിന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ലോകശ്രദ്ധയും ലഭിച്ചു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥക്കുള്ളിൽനിന്നുകൊണ്ട് സജീവമായും നിർണായകമായും ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നതിന്റെ അസുലഭ മാതൃകയായും ഇന്ത്യയിലെ കമ്യൂണിസ്റ്റ് അനുഭവം വിലയിരുത്തപ്പെട്ടു.

പക്ഷേ, 2014ലെ മോദി പ്രതിഭാസത്തോടൊപ്പം കൊടിയേറിയ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സമവാക്യങ്ങളെല്ലാം അട്ടിമറിച്ചു. മറ്റെല്ലാ രാഷ്ട്രീയ കക്ഷികൾക്കും വലിയ തിരിച്ചടിയായി. ബി.ജെ.പി നയിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന് 336 സീറ്റും കോൺഗ്രസ് നയിച്ച യു.പി.എ സഖ്യത്തിന് 59 സീറ്റും. ആദ്യ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘത്തിന് ലഭിച്ചത് മൂന്നും കോൺഗ്രസിന് മാത്രം 364ഉം സീറ്റ് ആയിരുന്നുവെന്ന് ഓർക്കുക.

2014ൽ ഇടതുപക്ഷത്തിനാകെ പതിനൊന്ന് സീറ്റ്. 1951-52ൽ സി.പി.​​െഎക്കും ജനസംഘത്തിനും ഏറക്കുറെ തുല്യമായിരുന്നു വോട്ട് ശതമാനമെന്നതും കൗതുകകരം. മൂന്നു ശതമാനത്തിലേറെയായിരുന്നു അത്. അവിടെനിന്ന് 2014ൽ എത്തിയപ്പോൾ ബി.ജെ.പിയുടെ വോട്ട് ശതമാനം 31 ശതമാനത്തിലേക്കും കോൺഗ്രസിന്റേത് 44 ശതമാനത്തിൽനിന്ന് 19 ശതമാനത്തിലേക്കും തലകുത്തി. 2019ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സി.പി.എമ്മിനും (3) സി.പി.​​െഎക്കും (2) കൂടി വെറും അഞ്ച് സീറ്റ്. കോൺഗ്രസിന്റെ സീറ്റ് അമ്പതായും യു.പി.എയുടെ മൊത്തം 117 ആയും കൂപ്പുകുത്തി.

തീർച്ചയായും കോൺഗ്രസിന്റെ പതനമാണ് ആനുപാതികമായി കൂടുതൽ ദയനീയം. ബി.ജെ.പിയുടെ ഏറ്റവും മുഖ്യ എതിരാളിയെന്നനിലക്ക് അത് സ്വാഭാവികം. പക്ഷേ, ദേശീയ പദവി നഷ്ടമെന്ന വെല്ലുവിളി ദേശീയതലത്തിൽ സാന്നിധ്യമുള്ള കോൺഗ്രസിന് തൽക്കാലമില്ല. എന്തായാലും കമ്യൂണിസ്റ്റ് പാർട്ടികളുടെയും കോൺഗ്രസിന്റെയുമൊക്കെ ഈ തളർച്ച സ്വന്തം സംഘടനാ ദൗർബല്യങ്ങളിലേറെ വലതു രാഷ്ട്രീയത്തിന്റെയും അതിന്റെ മൂല്യപരവും സാമൂഹികപരവും സാമ്പത്തികവുമായ പുതിയ വേലിയേറ്റത്തിന്റെ ഭാഗമാണ് എന്നത് സത്യമാണ്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന പ്രത്യയശാസ്ത്ര പ്രതിയോഗിയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ശതാബ്ദി 2025ൽ തന്നെയാണെന്നത് യാദൃച്ഛികമാകാം. ഇടതുപക്ഷം ചരിത്രത്തിലേറ്റവും ദുർബലമായിരിക്കുന്ന വേളയിലാണ് ആർ.എസ്​.എസ്​ നയിക്കുന്ന ഇന്ത്യൻ വലതുപക്ഷം അതിന്റെ ഏറ്റവും ശക്തി സമ്പാദിച്ചിരിക്കുന്നത് എന്നത് യാദൃച്ഛികമല്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ശതാബ്ദിയിൽ ദേശീയ രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് തള്ളപ്പെടുന്ന അതേ വേളയിൽതന്നെ ഏറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലായിരുന്ന ആർ.എസ്​.എസ്​ അതിന്റെ ശതാബ്ദിയിൽ തങ്ങളുടെ സങ്കുചിതമായ ദീർഘകാല ലക്ഷ്യങ്ങൾ ഒന്നൊന്നായി സാക്ഷാത്കരിക്കുന്നു.

പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതൽ രൂപംകൊണ്ട ഇന്ത്യ എന്ന ആശയത്തിനുതന്നെ ഏറ്റവും അപായകരമായ ഇന്നത്തെ സ്ഥിതി എങ്ങനെ നേരിടണമെന്ന പ്രതിപക്ഷത്തിന്റെ ആലോചനകൾക്കും പ്രയോഗങ്ങൾക്കുമുള്ള പ്രസക്തി ഇതോടെ നഷ്ടമാകുന്നില്ലല്ലോ. മാത്രമല്ല, അടിയന്തരാവസ്ഥയടക്കം ഒരുകാലത്തും ഇല്ലാത്ത തരം നഗ്നമായ ജനാധിപത്യ വിരുദ്ധ നടപടികളാണ് ഇന്ന് അഴിച്ചുവിട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു. പ്രതിപക്ഷത്തുനിന്നുള്ള മുഖ്യമന്ത്രിമാരെപ്പോലും തടവിലാക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം അഴിമതിവിരുദ്ധ നടപടികളെന്ന പേരിൽ അധികാര ദുർവിനിയോഗം നടത്തുന്നു. അവർക്കെതിരെ അറസ്റ്റ് ഭീഷണി മുഴക്കി സ്വന്തം ചാക്കിൽ കയറ്റുന്നു.

തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾപോലും പ്രതിപക്ഷ കക്ഷികളുടെ സാമ്പത്തിക സ്രോതസ്സുകൾ കൊട്ടിയടക്കുന്നു. അഴിമതിയുടെ കൂത്തരങ്ങായ തെരഞ്ഞെടുപ്പ് ബോണ്ട് വഴി കള്ളക്കാശ് വാരുന്നു. ബിസിനസുകാരെ ഭയപ്പെടുത്തി പണം പിടുങ്ങുന്നു. ഇങ്ങനെ ജനാധിപത്യത്തിലെ അടിസ്ഥാനപരമായ മിനിമം മര്യാദകൾപോലും പാലിക്കാത്ത മറ്റൊരു കാലമുണ്ടായിട്ടില്ല. എല്ലാ ആഗോള ജനാധിപത്യ സൂചികകളിലും തറപറ്റിയ ഇന്ത്യ ലോകത്തിനു മുന്നിൽ പരിഹാസ്യമാകുന്നു.

ഇതൊക്കെയായിട്ടും അടിയന്തരാവസ്ഥയിലെ സ്വേച്ഛാധികാരത്തിനെതിരെ മറ്റ് ഭിന്നതകൾ മറന്നുകൊണ്ട് ഒന്നിച്ച പ്രതിപക്ഷമോ നേതൃത്വമോ മിനിമം പൊതു പരിപാടിയോ ഇന്നും സത്യമായിട്ടുമില്ല. മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരായ നിരയിൽ ഭീകരമായ ഏറ്റുമുട്ടലുകൾ തുടരുന്നു. മറ്റിടങ്ങളിൽ ജയസാധ്യത ഉറപ്പല്ലാത്തതിനാൽ പ്രതിപക്ഷനിരയുടെ മുഖ്യനേതാവ് ബി.ജെ.പിയോട് ഏറ്റുമുട്ടുന്നതിന് പകരം കേരളത്തിലെത്തി ‘ഇൻഡ്യ’ മുന്നണിയിലെ സഖ്യകക്ഷിയായ ഇടതുപക്ഷത്തെ തന്നെ നേരിടുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ കക്ഷികൾ സംസ്ഥാനങ്ങളിൽ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി ഇല്ലായിരുന്നതാകാം അന്നത്തെ പ്രതിപക്ഷ ഐക്യത്തിന്റെ നിദാനം. എല്ലാ കക്ഷികൾക്കും സ്വന്തം നിലനിൽപ് വളരെ പ്രധാനമായതിനാൽ കോൺഗ്രസ് സി.പി.എമ്മിന് വേണ്ടിയോ മറിച്ചോ പരിധി വിട്ട് ഒത്തുതീർപ്പ് ചെയ്യണമെന്ന വാദവും നിലനിൽക്കുന്നതല്ല.

 

സി.പി.എം ജനറൽ​ സെക്രട്ടറി സീതാറാം യെച്ചൂരി

ദേശീയ പദവിയുടെ സാംഗത്യം

ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്യണം. ഇപ്പോൾ അവയിൽ ആറെണ്ണത്തിന് ദേശീയപദവിയും 57 എണ്ണത്തിന് സംസ്ഥാനപദവിയുമുണ്ട്. ബാക്കിയുള്ള 2597 പാർട്ടികൾ രജിസ്റ്റർ ചെയ്തവയെങ്കിലും അംഗീകാരമില്ലാത്തവ എന്ന ഗണത്തിൽപെടുന്നു. ദേശീയ പദവിയുള്ള പാർട്ടികൾ ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്, സി.പി.എം എന്നിവക്കു പുറമെ മേഘാലയ കേന്ദ്രമായ നാഷനൽ പീപ്പിൾസ് പാർട്ടി എന്നിവയാണ്.

തെരഞ്ഞെടുപ്പ് കമീഷൻ ഒരു പാർട്ടിക്ക് ദേശീയപദവി നൽകുന്നതിന് മൂന്ന് മാനദണ്ഡങ്ങളുണ്ട്. ഇവയിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും പാലിക്കാനായാൽ പദവി ലഭ്യമാകും. 1. കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടിയായി അംഗീകാരം. 2. നാല് സംസ്ഥാനങ്ങളിലെങ്കിലും തൊട്ടുമുമ്പ് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ നടന്ന തെരഞ്ഞെടുപ്പുകളിൽ ആറ് ശതമാനം വോട്ടും കുറഞ്ഞത് നാല് ലോക്സഭാ സീറ്റുകളും നേടിയിരിക്കണം. 3. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽനിന്നായി ആകെ ലോക്സഭാ സീറ്റുകളുടെ മൂന്ന് ശതമാനമെങ്കിലും (11 സീറ്റ് ) ഉണ്ടാകണം.

ഈ മൂന്ന് ഉപാധികളിൽ ആദ്യത്തേതിന്റെ ബലത്തിൽ മാത്രമാണ് ഇന്ന് മൂന്ന് ലോക്സഭ സീറ്റ് മാത്രമുള്ള സി.പി.എം ദേശീയപദവി നിലനിർത്തുന്നത്. കേരളം, ബംഗാൾ, ത്രിപുര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവിയുള്ളത്. 2029ലെ പൊതു തെരഞ്ഞെടുപ്പു വരെ ഇതിന് കാലാവധിയുമുണ്ട്. പക്ഷേ, ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലെയും സംസ്ഥാന പദവി ഉള്ള സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെയും ഫലം ഇത് നിലനിർത്താൻ നിർണായകമാണ്. അതിലേക്ക് വഴിയേ വരാം.

സംസ്ഥാന പാർട്ടി പദവിക്കുള്ള തെരഞ്ഞെടുപ്പ് കമീഷൻ മാനദണ്ഡങ്ങൾ എന്തെന്ന് പരിശോധിക്കാം. അവ നാലെണ്ണമാണ്. പദവി ലഭിക്കാൻ ഏതെങ്കിലും ഒന്ന് പാലിച്ചാൽ മതി. 1. നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് ശതമാനം വോട്ടും രണ്ട് സീറ്റും. 2. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് ശതമാനമെങ്കിലും വോട്ടും ഒരു സീറ്റും. 3. നിയമസഭയിൽ ആകെ സീറ്റിന്റെ മൂന്ന് ശതമാനം. 4. ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ എട്ട് ശതമാനം നേടുക. കേരളത്തിൽ സി.പി.​​െഎ, മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് (എം) എന്നിവയാണ് ഇന്ത്യയിൽ സംസ്ഥാന പാർട്ടി പദവിയുള്ള 57 എണ്ണത്തിൽപെട്ടവ.

എന്തൊക്കെയാണ് ഈ പദവികൾകൊണ്ടുള്ള പ്രയോജനം? ദേശീയ പദവിയുള്ള പാർട്ടികൾക്ക് അവരുടെ സ്ഥാനാർഥികൾക്ക് ഇന്ത്യയിലെവിടെയും അവർക്ക് മാത്രമായി അനുവദിക്കുന്ന ചിഹ്നം ഉപയോഗിക്കാം. ദേശീയപദവി പോയാൽ പിന്നെ മരപ്പട്ടിയെയും ഈനാംപേച്ചിയെയുമൊക്കെ ചിഹ്നമാക്കേണ്ടിവരുമെന്ന എ.കെ. ബാലന്റെ ഉത്കണ്ഠക്കു പിന്നിൽ ഇതാണ്. സംസ്ഥാനപദവി ഉള്ള പാർട്ടികൾക്ക് ആ അംഗീകാരമുള്ള സംസ്ഥാനത്ത് എല്ലായിടത്തും തങ്ങൾ തെരഞ്ഞെടുക്കുന്ന ചിഹ്നം ഉപയോഗിക്കാം. ദേശീയ-സംസ്ഥാന പദവികൾ ഇല്ലെങ്കിലും കമീഷനിൽ രജിസ്റ്റർ ചെയ്തതും അംഗീകാരമുള്ളവയുമായ പാർട്ടികൾക്കും ആകാശവാണി/ ദൂരദർശൻ എന്നിവയിലൂടെ തെരഞ്ഞെടുപ്പ് പ്രഭാഷണത്തിനുള്ള അവകാശം, സ്റ്റാർ കാമ്പയ്നർമാർക്ക് അനുവാദം തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ബാക്കിയുള്ള പാർട്ടികളാണ് കമീഷനിൽ രജിസ്റ്റർ ചെയ്തെങ്കിലും അംഗീകാരമില്ലാത്ത പാർട്ടികൾ. ഈ ഗണത്തിൽപെട്ട രണ്ടായിരത്തഞ്ഞൂറിലേറെ പാർട്ടികളിലാണ് മൂന്ന് കേരള കോൺഗ്രസുകൾ.

 

ഡൽഹിയിലെ സി.പി.എം ആസ്​ഥാനം

ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകടനം വേണ്ടത്ര മെച്ചമായില്ലെങ്കിലും ഇപ്പോഴത്തെ സംസ്ഥാന പദവിയുടെ കാലാവധി അവസാനിക്കുന്ന 2029 ആകുമ്പോഴും നാല് സംസ്ഥാനങ്ങളിൽ അത് നിലനിർത്തിയാൽ സി.പി.എമ്മിന് ദേശീയപദവി നഷ്ടമാകില്ല. അതിനുള്ള സാധ്യത എന്താണ്? 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും 2028ൽ നടക്കുന്ന ത്രിപുരയിലും (കഴിഞ്ഞ തവണ 26 ശതമാനം വോട്ട്) ആറ് ശതമാനം വോട്ടും രണ്ട് സീറ്റും കിട്ടാൻ വലിയ വിഷമമില്ല. അതിനാൽ, സംസ്ഥാന പദവിക്ക് അവിടെ പ്രശ്നമുണ്ടാകാനിടയില്ല. 2024ൽ അടുത്ത തെരഞ്ഞെടുപ്പുള്ള തമിഴ് നാട്ടിൽ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം നോക്കിയാൽ ഡി.എം.കെക്ക് ഭീഷണിയില്ല. അതിനാൽ സഖ്യകക്ഷിയായ സി.പി.എമ്മിനും.

അവശേഷിച്ച നാലാം സംസ്ഥാനമായ ബംഗാളിലെ കാര്യം മാത്രമേ അനിശ്ചിതമായുള്ളൂ. അടുത്തകാലം വരെ സി.പി.എമ്മിന്റെ ഏറ്റവും ഭദ്രമായ കോട്ടയിലാണിതെന്നതും ശ്രദ്ധേയം. കേരളത്തിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് രണ്ടാം വരവ് സാധ്യമാക്കിയ 2021ലെ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എം നേരിട്ടത് ചരിത്രത്തിലേറ്റവും വലിയ തകർച്ച. കോൺഗ്രസ​ുമായി സഖ്യമുണ്ടായിട്ടും ഒരൊറ്റ സീറ്റ് കിട്ടിയില്ല. വോട്ട് ശതമാനം വെറും 4.73 ശതമാനം. 2026ൽ വരുന്ന അടുത്ത തെരഞ്ഞെടുപ്പിൽ ഇന്ന് സി.പി.എം അവകാശപ്പെടുന്ന തിരിച്ചുവരവ് സാധ്യമായില്ലെങ്കിൽ സംസ്ഥാന പാർട്ടി പദവി ബംഗാൾ ഉൾക്കടലിൽ പതിക്കും.

മറ്റൊരു സംസ്ഥാനത്തും ആവശ്യമായ ആറ് ശതമാനം അസാധ്യമായതിനാൽ അതോടെ ദേശീയപദവിയും മുങ്ങും. ഇതൊക്കെ ഒഴിവാകാനുള്ള ഏകവഴി ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 11 സീറ്റുകൾ നേടുകയാണ്. കഴിഞ്ഞതവണ സി.പി.എം മത്സരിച്ച 69 സീറ്റുകളിൽ എത്രയെണ്ണത്തിലാണ് ഇക്കുറി സ്ഥാനാർഥികളുണ്ടാകുക എന്ന് അവസാന തീരുമാനമായിട്ടില്ല. 2019ൽ മൂന്ന് സീറ്റിൽ ഒതുങ്ങിയെങ്കിലും ഇക്കുറി 11 എണ്ണം എന്നത് തീരെ അസാധ്യമാകണമെന്നില്ല.

ഇന്ത്യയടക്കം ലോകമാകെ വലതുപക്ഷം മേധാവിത്വം വർധിപ്പിക്കുന്ന വർത്തമാനകാലത്ത് സി.പി.എമ്മിന്റെയും മറ്റ് ഇടതു കക്ഷികളുടെയും തളർച്ചയിൽ വലിയ അസ്വാഭാവികതയില്ല. എങ്കിലും കാലം ചെല്ലുന്തോറും കൂടുതൽ കൂടുതൽ പരിതാപകരമായി വരുന്ന അവസ്ഥയെക്കുറിച്ച് പ്രസ്ഥാനത്തിന്റെ ശതാബ്ദി വേളയിലെങ്കിലും പ്രത്യയശാസ്ത്രപരവും പ്രയോഗപരവുമായി വിശദവും നിശിതവുമായ ഒരു ആത്മപരിശോധന അസ്ഥാനത്താകില്ല.

Tags:    
News Summary - weekly article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.