ഒരു സംഭാഷണത്തി​ന്റെ സമകാലികത

കെ. ദാമോദരൻ വിടവാങ്ങിയിട്ട് ജൂലൈ 3ന് 50 വർഷം തികയുന്നു. താരീഖ് അലിയുമായി നടത്തിയ സംഭാഷണം അമ്പതാം വയസ്സിലേക്കും കടക്കുന്നു. എങ്ങനെയൊക്കെയാണ് കെ. ദാമോദരൻ ചിന്തിച്ചിരുന്നതെന്നും അതെങ്ങനെ കേരള ചിന്തയെ ബാധിച്ചുവെന്നും വിശകലനം ചെയ്യുന്നു. ലണ്ടനില്‍നിന്ന് പുറത്തിറങ്ങുന്ന ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിന്‍റെ 1975 സെപ്റ്റംബര്‍-ഒക്​േടാബര്‍ ലക്കത്തിലാണ് (നമ്പര്‍ 93) താരീഖ് അലി കെ. ദാമോദരനുമായി നടത്തിയ അഭിമുഖം ആദ്യമായി വെളിച്ചംകണ്ടത്. ആഗോളതലത്തില്‍, പരിമിതമായ രീതിയിലെങ്കിലും കാര്യമായ ശ്രദ്ധയും ചര്‍ച്ചയുമുണ്ടായ അഭിമുഖമായിരുന്നു അത്. ഈ സ്മരണകള്‍ പ്രസിദ്ധീകരിച്ച് അധികം താമസിയാതെ...

കെ. ദാമോദരൻ വിടവാങ്ങിയിട്ട് ജൂലൈ 3ന് 50 വർഷം തികയുന്നു. താരീഖ് അലിയുമായി നടത്തിയ സംഭാഷണം അമ്പതാം വയസ്സിലേക്കും കടക്കുന്നു. എങ്ങനെയൊക്കെയാണ് കെ. ദാമോദരൻ ചിന്തിച്ചിരുന്നതെന്നും അതെങ്ങനെ കേരള ചിന്തയെ ബാധിച്ചുവെന്നും വിശകലനം ചെയ്യുന്നു.

ലണ്ടനില്‍നിന്ന് പുറത്തിറങ്ങുന്ന ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിന്‍റെ 1975 സെപ്റ്റംബര്‍-ഒക്​േടാബര്‍ ലക്കത്തിലാണ് (നമ്പര്‍ 93) താരീഖ് അലി കെ. ദാമോദരനുമായി നടത്തിയ അഭിമുഖം ആദ്യമായി വെളിച്ചംകണ്ടത്. ആഗോളതലത്തില്‍, പരിമിതമായ രീതിയിലെങ്കിലും കാര്യമായ ശ്രദ്ധയും ചര്‍ച്ചയുമുണ്ടായ അഭിമുഖമായിരുന്നു അത്. ഈ സ്മരണകള്‍ പ്രസിദ്ധീകരിച്ച് അധികം താമസിയാതെ കെ. ദാമോദരന്‍ അന്തരിക്കുകയും ചെയ്തു (ജൂലൈ 3, 1976). 2025-2026 വര്‍ഷങ്ങള്‍ ആ അർഥത്തില്‍ ഈ അഭിമുഖത്തിന്‍റെ അമ്പത്തൊന്നാം വാര്‍ഷികവും അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ അമ്പതാം വാര്‍ഷികവുമാണ്. ഒരു മലയാളി കമ്യൂണിസ്റ്റ് നേതാവിന്‍റെ സ്മരണകള്‍ എന്നനിലയിലും ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ സവിശേഷ സംഭവങ്ങളോടുള്ള ഒരു മലയാളി ചിന്തകന്‍റെ പ്രതികരണങ്ങളുടെ രാഷ്ടീയരേഖകള്‍ എന്നനിലയിലും ഈ അഭിമുഖം ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്.

മൂന്ന് മലയാള പരിഭാഷകള്‍ ഇതിനകം ഈ അഭിമുഖത്തിനു ഉണ്ടായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. ലഘുലേഖയുടെ രൂപത്തിലുള്ള ആദ്യവിവര്‍ത്തനത്തിന്‍റെ പ്രസാധകര്‍ സൂര്യകാന്തി, കൊടുങ്ങല്ലൂര്‍ ആയിരുന്നു. ‘ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്‍റെ ഓർമക്കുറിപ്പുകള്‍’ എന്ന പേരിലുള്ള ആ ലഘുലേഖയില്‍ വിവര്‍ത്തകന്‍റെ പേരോ പ്രസിദ്ധീകരണ വര്‍ഷമോ ഉണ്ടായിരുന്നില്ല. 2009ല്‍ ഇതേ വിവര്‍ത്തനം മാതൃഭൂമി ആഴ്ചപ്പതിപ്പ് (മേയ് 24) പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ കെ. സച്ചിദാനന്ദനാണ് വിവര്‍ത്തകന്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. 2020ല്‍ സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഇതേ വിവര്‍ത്തനത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷനില്‍ ആദ്യ പ്രസിദ്ധീകരണം 1982 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ വിവര്‍ത്തനം തന്നെയാണ് 2013ല്‍ മാതൃഭൂമി ബുക്സും പ്രസിദ്ധീകരിച്ചത്.

ഈ സ്മരണകളുടെ മറ്റൊരു പ്രധാന വിവര്‍ത്തനം 1990ൽ കെ. ദാമോദരന്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ചതാണ് –‘ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പ്’. പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസാധകര്‍. സി. അച്യുതമേനോന്‍ ആണ് ഇതിന്‍റെ ആമുഖം എഴുതിയിരിക്കുന്നത്. വിവര്‍ത്തകന്‍ ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ, അത് അച്യുതമേനോന്‍തന്നെയാവാനുള്ള സാധ്യതയുണ്ട്. ഈ സ്മരണകളുടെ മറ്റൊരു വിവര്‍ത്തനം ഒരു ‘ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പ്’ എന്ന പേരില്‍ കെ. ദിലീപ് 2014ല്‍ നിര്‍വഹിച്ചതാണ്. ട്രേഡ് യൂനിയന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രഭാത് ബുക്ക് ഹൗസ് വഴി ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന്‍റെ കോപ്പി എനിക്ക് ലഭ്യമായിട്ടില്ല.

അച്യുതമേനോന്റെ വിമര്‍ശനങ്ങള്‍

ആമുഖത്തില്‍ അച്യുതമേനോന്‍ അഭിമുഖത്തിലെ രണ്ട് പരാമര്‍ശങ്ങളുടെ പേരില്‍ കെ. ദാമോദരനെ ശക്തിയായി വിമര്‍ശിക്കുന്നുണ്ട്. (1) ഒന്ന് ജനകീയയുദ്ധ തീസിസുമായി ബന്ധപ്പെട്ടതാണ്. ജനകീയയുദ്ധ സിദ്ധാന്തത്തോടുള്ള എതിർപ്പ് കാരണമാവണം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയംമാറ്റത്തെത്തുടര്‍ന്ന് നേതാക്കളെയെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ മോചിപ്പിച്ചിട്ടും തന്നെ കുറെക്കാലംകൂടി തടവില്‍ സൂക്ഷിച്ചുവെന്നും അങ്ങനെ ഏറ്റവും ഒടുവിൽ ജയില്‍ മോചിതനായ വ്യക്തി താനാണെന്നുമുള്ള അഭിമുഖത്തിലെ കെ. ദാമോദരന്റെ അവകാശവാദം തെറ്റാണെന്ന് സി. അച്യുതമേനോൻ പറയുന്നു. ഇത് വസ്തുതാപരമായി തെറ്റാണെന്ന് സൂചിപ്പിച്ചുകൊണ്ട് അച്യുതമേനോൻ, ഇതിന് വിരുദ്ധമായ ചില തെളിവുകളിലേക്ക് വിരൽചൂണ്ടുന്നുണ്ട്.

ദാമോദരന്റെ മോചനത്തിനു ശേഷവും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ, ഒപ്പം ഇ.പി. ഗോപാലൻ എന്നിവർ ജയിലിൽത്തന്നെ തുടരുകയായിരുന്നു എന്ന് ഇ.പി. ഗോപാലൻ തനിക്കയച്ച ഒരു സ്വകാര്യ കത്തിൽ സൂചിപ്പിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ദാമോദരന്റെ ഓർമ ശരിയല്ലെന്ന് എൻ.ഇ. ബാലറാമും മറ്റ് ചിലരും തന്നോട് പറഞ്ഞിരുന്നതായും അച്യുതമേനോൻ കൂട്ടിച്ചേർക്കുന്നു.

എന്നാല്‍, അച്യുതമേനോൻ ഇവിടെ അവതരിപ്പിക്കുന്ന ബദല്‍ തെളിവുകളും കേട്ടുകേൾവിയെയും പിൽക്കാലത്തെ ഓർമപ്പെടുത്തലുകളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന വസ്തുതയും അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ, ദാമോദരന്റെ സ്വന്തം സാക്ഷ്യപ്പെടുത്തലിനേക്കാൾ ഈ വിവരണങ്ങൾക്ക് എന്തുകൊണ്ട് മുൻഗണന നൽകണം എന്ന് മനസ്സിലാക്കുക പ്രയാസമാണ്. തീർച്ചയായും, ദാമോദരനോ അല്ലെങ്കിൽ മറ്റുള്ളവരോ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.

എന്നാൽ, കൃത്യമായ രേഖാമൂലമുള്ള തെളിവുകളുടെ അഭാവത്തിൽ, ചരിത്രപരമായി ആരുടെ ഓർമയാണ് കൂടുതൽ കൃത്യമെന്ന് നിസ്സംശയം നിർണയിക്കുക സാധ്യമല്ല. മാത്രമല്ല, ദാമോദരന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ എടുത്ത വിരുദ്ധനിലപാടിനെക്കുറിച്ചാണ്. അതിനെ നേരിട്ട് അച്യുതമേനോന്‍ തള്ളിക്കളയുന്നില്ല. ഇതേക്കുറിച്ച് അച്യുതമേനോന്‍ പറയുന്നത്: “ദാമോദരന്‍ ഇങ്ങനെ പറഞ്ഞത് തന്‍റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ നിമിത്തം അന്നത്തെ പാര്‍ട്ടിനേതൃത്വം തന്നെ ബലിയാടാക്കി എന്ന് വരുത്തിത്തീര്‍ക്കാനാണെന്നു സ്പഷ്ടം” എന്നാണ് (പേജ് 8).

എന്നാല്‍ അഭിമുഖത്തിലെ പ്രസ്തുത ഭാഗത്ത് പാര്‍ട്ടിക്കെതിരെയുള്ള ദുസ്സൂചനകള്‍ ഒന്നുമില്ല. അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് എന്തൊക്കെ നിലപാടുകളാണ് ഉള്ളതെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് അധികാരികള്‍ക്ക് നിശ്ചയമുണ്ടായിരുന്നു എന്നതാണ് ഇത് വെളിവാക്കുന്നത് എന്നാണ്. കൃത്യമായിത്തന്നെ ദാമോദരന്‍ അത് പറഞ്ഞിട്ടുമുണ്ട്: “നിലപാട് മാറ്റത്തിന് പിന്നാലെ യുദ്ധത്തെ അനുകൂലിച്ച മിക്ക കമ്യൂണിസ്റ്റുകാരെയും മോചിപ്പിച്ചു. എന്നാൽ, എന്നെ ഉൾപ്പെടെ ചിലരെ ജയിലിൽതന്നെ പാര്‍പ്പിച്ചു.

ജയിലില്‍നിന്ന് ആരെ മോചിപ്പിക്കണമെന്നും ആരെ ഉള്ളിൽ പാര്‍പ്പിക്കണമെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായി അറിയാമായിരുന്നു.” ഇതെങ്ങനെയാണ് പാര്‍ട്ടിനേതൃത്വത്തിനെതിരെയുള്ള വിമര്‍ശനമായി അച്യുതമേനോന്‍ മനസ്സിലാക്കുന്നത്‌ എന്നത് ദുരൂഹമാണ്. അല്ലെങ്കില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് നേതൃത്വം വിവരം ചോര്‍ത്തിക്കൊടുത്തു എന്നാണ് ദാമോദരന്‍ പറയാന്‍ ശ്രമിക്കുന്നത് എന്ന് ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടിവരും. അങ്ങനെ അച്യുതമേനോന് അഭിപ്രായമുണ്ടാവാന്‍ ഇടയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

പി. കൃഷ്ണപിള്ള

രണ്ടാമത്തെ വിമര്‍ശനം കൂടുതല്‍ ഗൗരവമുള്ളതാണ്. ജനാധിപത്യമാർഗങ്ങളിലൂടെ നേടിയെടുത്ത അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളില്‍ നടന്ന സംവാദത്തെക്കുറിച്ചുള്ള കെ. ദാമോദരന്റെ വിവരണം തീര്‍ത്തും തെറ്റായതാണെന്ന് അച്യുതമേനോൻ പറയുന്നു. 1957ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചതിനുശേഷം, ഇ.എം.എസ് ഉൾപ്പെടെയുള്ള നേതൃത്വത്തിനിടയിലെ പ്രബലമായ വീക്ഷണം, കേരളത്തിൽ തൊഴിലാളിവർഗം തെരഞ്ഞെടുപ്പ് വിജയത്തിലൂടെ സമാധാനപരമായി അധികാരം പിടിച്ചെടുത്തു എന്നതായിരുന്നുവെന്നും, സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പാതയുടെ ഏറ്റവും മികച്ച മാതൃകയായി കേരളം മാറിയെന്നുമായിരുന്നെന്നും ദാമോദരൻ പറയുന്നുണ്ട്.

ലോകത്ത് മറ്റെവിടെയും നടക്കാത്ത ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമായാണ് ഇത് വീക്ഷിക്കപ്പെട്ടതെന്നും, കൂടാതെ ആഗോളതലത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവിദിശയെ ഇത് സൂചിപ്പിക്കുന്നതായും നേതൃത്വം കരുതി എന്നുമാണ് ദാമോദരന്‍ പറയുന്നത്. എന്നാല്‍ ഭരണകൂടം അടിസ്ഥാനപരമായി മുതലാളിത്തമായിത്തന്നെ നിലനിൽക്കുന്നുവെന്നും, അങ്ങനെയല്ലെന്ന തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത് അപകടകരമാണെന്നും വാദിച്ചുകൊണ്ട് താൻ ഈ നിലപാടിനെ എതിർത്തതായി ദാമോദരൻ പ്രസ്താവിക്കുന്നുണ്ട്. വളരെ കുറച്ചു സഖാക്കൾ മാത്രമാണ് തന്റെ വീക്ഷണത്തെ പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ, അച്യുതമേനോൻ ഈ വ്യാഖ്യാനത്തെ ശക്തമായി തള്ളിക്കളയുന്നു. സംസ്ഥാന കമ്മിറ്റിയിലെയും കേന്ദ്രകമ്മിറ്റിയിലെയും എല്ലാവർക്കും ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും’ (State and Revolution) എന്ന പുസ്തകത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ച് പൂർണമായ അറിവുണ്ടായിരുന്നുവെന്നും, ഇന്ത്യൻ യൂനിയനിലെ ഒരൊറ്റ സംസ്ഥാനത്തിൽ അധികാരം നേടുന്നത് ഭരണകൂടാധികാരം പിടിച്ചെടുക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കാൻമാത്രം ആരും അത്ര നിഷ്കളങ്കരല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. താൻ കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നതിനാൽ, ഇരുസമിതികളിലും ഇത്തരമൊരു ഔദ്യോഗിക ചർച്ച ഒരിക്കലും നടന്നിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്ന് അച്യുതമേനോൻ അവകാശപ്പെടുന്നു. ഇത് ശരിയാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കും തോന്നുന്നത്. അത്തരം അടിസ്ഥാനധാരണകള്‍ അന്നത്തെ നേതൃത്വത്തിനുണ്ടായിരുന്നില്ല എന്നുകരുതാന്‍ ന്യായമില്ല.

 

അതേസമയംതന്നെ, ദാമോദരന്റെ ഈ ഓർമകളെ അച്യുതമേനോന്‍ പൂർണമായി തള്ളിക്കളയുന്നുമില്ല. ഏതെങ്കിലും സഖാവ് ചർച്ചക്കായി അത്തരമൊരു വിഷയം അനൗദ്യോഗികമായി ഉന്നയിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും, അപ്പോൾ ദാമോദരന്‍ പറയുന്നതില്‍നിന്ന് വ്യത്യസ്തമായി, പാർട്ടി ഭരണകൂടാധികാരം പിടിച്ചെടുത്തിട്ടില്ലെന്നുതന്നെ നേതൃത്വം വ്യക്തമാക്കിക്കൊടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം കരുതുന്നു. കൂടാതെ, താൻ പങ്കെടുക്കാതിരുന്ന ഏതെങ്കിലും കമ്മിറ്റി യോഗത്തിൽ അജോയ് ഘോഷിന്റെ സാന്നിധ്യത്തിൽ ഒരുപക്ഷേ ഇത്തരമൊരു ചർച്ച നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം കുറിക്കുന്നു.

ഭരണകൂടാധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് ദാമോദരൻ ആരോപിക്കുന്ന തരത്തിലുള്ള ഒരു പ്രബലവീക്ഷണം സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര കമ്മിറ്റിയോ ഒരിക്കലും പുലർത്തിയിരുന്നില്ലെന്ന് അച്യുതമേനോൻ ഉറപ്പിച്ചുപറയുന്നു. ഒരു പക്ഷേ അത്തരത്തിലൊരു യൂഫോറിയ അക്കാലത്ത് നിലനിന്നിരുന്നതിനെക്കുറിച്ച്, “ബൂര്‍ഷ്വാ നിരൂപകരുടെ ദുഷിച്ച സ്ഥിരം തലക്കെട്ടുകൾക്ക് മറുപടിയായി കമ്യൂണിസ്റ്റ് ആവേശക്കാര്‍ ‘നെഹ്രുവിന് ശേഷം നമ്പൂതിരിപ്പാട്!’ എന്ന് മറുപടി നൽകിത്തുടങ്ങി” എന്ന് ദാമോദരന്‍ പറയുന്നുണ്ട്. ഒരുപക്ഷേ, ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഓര്‍മകളുടെ ഭാഗമായാവാം, നേതൃത്വത്തിന്‍റെ നിലപാടിനെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ധാരണ അദ്ദേഹത്തിന്‍റെ ചിന്തയില്‍ കടന്നുകൂടിയത്.

അപ്രകാശിത ഭാഗങ്ങളുടെ പ്രസിദ്ധീകരണം

പുതിയ വായനക്കാര്‍ക്കും ആഗോള കമ്യൂണിസ്റ്റ് ചരിത്രത്തില്‍ തൽപരരായവര്‍ക്കുംകൂടി ഉപകാരപ്രദമായ വിശദീകരണ കുറിപ്പുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു പുതിയ വിവര്‍ത്തനം ഈ സ്മരണകള്‍ക്ക് ആവശ്യമുണ്ട് എന്നെനിക്ക് ആദ്യ വിവര്‍ത്തനം വായിച്ച സമയം മുതല്‍ തോന്നിയിരുന്നു. സാവധാനമെങ്കിലും ആ പ്രയത്നം ഞാന്‍ ആരംഭിച്ചിരുന്ന സമയത്താണ് 2025 മേയ് മാസത്തില്‍ വേഴ്സോ ബുക്സിന്‍റെ ബ്ലോഗില്‍ താരീഖ് അലിയുടെ ഒരു കുറിപ്പ് കാണുന്നത്. 1975ല്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അന്നത്തെ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ എഡിറ്റര്‍ വിട്ടുകളഞ്ഞ ചില ചോദ്യങ്ങള്‍ ഇപ്പോഴത്തെ എഡിറ്റര്‍ അദ്ദേഹത്തിന് തിരിച്ചുനല്‍കിയെന്നും അവ പ്രസിദ്ധീകരിക്കുകയാണെന്നുമായിരുന്നു ആ കുറിപ്പ്.

വിട്ടുകളഞ്ഞ ചോദ്യോത്തരങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ആ ചോദ്യോത്തരങ്ങളില്‍ ഉണ്ടായിരുന്നു. ഉടന്‍തന്നെ ഞാന്‍ ആ അഭിമുഖഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ‘ട്രൂകോപ്പി തിങ്കി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ പ്രസിദ്ധീകരിച്ചതും മാറ്റി​െവച്ചതുമടക്കമുള്ള അഭിമുഖം, അതിന്‍റെ സമഗ്രതയില്‍ ലോക കമ്യൂണിസത്തിന്‍റെയും കേരള മാര്‍ക്സിസത്തിന്‍റെയും വിഭിന്നവശങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ സഹായിക്കുന്ന അടിസ്ഥാനരേഖകളിലൊന്ന് എന്നനിലയില്‍ ആഗോള, ദേശീയ, പ്രാദേശികരംഗങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ ചിന്തയും പ്രയോഗവും മുന്നോട്ടുവെക്കുന്ന ഒരു വായനസമൂഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

കേരളത്തിലെയും ഇന്ത്യയിലെയും മാർക്സിസ്റ്റ് ബൗദ്ധിക-രാഷ്ട്രീയ ചരിത്രത്തിൽ കെ. ദാമോദരന് ഒരു നിർണായക സ്ഥാനമാണുള്ളത്‌. അദ്ദേഹം കേവലം ഒരു സംഘാടകനോ പാർട്ടി പ്രവർത്തകനോ മാത്രമായിരുന്നില്ല, മറിച്ച് മലയാള പൊതുമണ്ഡലത്തിൽനിന്ന് ഉയർന്നുവന്ന ഏറ്റവും ഉന്നതരായ മാർക്സിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇറക്കുമതിചെയ്ത പ്രത്യയശാസ്ത്രരൂപങ്ങളെ അമിതമായി ആശ്രയിച്ചിരുന്ന കാലത്ത്, അതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍പോലും, ആ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ മാർക്സിസത്തെ ഇന്ത്യൻ സമൂഹത്തിന്‍റെ –പ്രത്യേകിച്ച് കേരളത്തിന്‍റെ– ചരിത്രപരവും ദാർശനികവും സാഹിത്യപരവും സാംസ്കാരികവുമായ സാഹചര്യങ്ങളിലേക്ക് പരിഭാഷപ്പെടുത്താനും ശ്രമിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന സംഭാവന.

കേരളത്തിലെ കമ്യൂണിസത്തെ ഒരു രഹസ്യ പ്രത്യയശാസ്ത്രധാരയിൽനിന്ന് ഒരു ജനകീയ രാഷ്ട്രീയപ്രസ്ഥാനമാക്കി മാറ്റാൻ സഹായിച്ച ആദ്യ തലമുറയിൽപ്പെട്ടയാളായിരുന്നു ദാമോദരൻ. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയവർക്കൊപ്പം പില്‍ക്കാല കൊളോണിയൽ കാലഘട്ടത്തിൽ കോൺഗ്രസ്-സോഷ്യലിസ്റ്റ് പശ്ചാത്തലത്തിലൂടെ തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

 

അന്‍റോണിയോ ഗ്രാംഷി,താരീഖ് അലി 

ദാമോദരന്‍ ചിന്തകളുടെ രാഷ്ട്രീയ സന്ദര്‍ഭം

എന്നാൽ, അദ്ദേഹത്തിന്‍റെ പ്രാധാന്യം സംഘടനാ രാഷ്ട്രീയത്തിനും അപ്പുറമായിരുന്നു. ഇന്ത്യൻ ദർശനങ്ങളെയും സംസ്‌കാരത്തെയും സാഹിത്യത്തെയും ഒരു മാർക്‌സിസ്റ്റ്-ഭൗതികവാദ കാഴ്ചപ്പാടിലൂടെ ഗൗരവമായി സമീപിച്ച ആദ്യത്തെ മലയാളിചിന്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ബൗദ്ധികപാരമ്പര്യങ്ങളെ കേവലം ആത്മീയമെന്നോ നിഗൂഢമെന്നോ കണക്കാക്കി തള്ളിക്കളഞ്ഞ കൊളോണിയൽ-മോഡേണിസ്റ്റ് രീതികളിൽനിന്ന് വ്യതിരിക്തമായി, ഇന്ത്യൻ ചിന്തകൾക്കുള്ളിലെ ഭൗതികവാദപരവും യുക്തിസഹവും സാമൂഹികാധിഷ്ഠിതവുമായ തലങ്ങളെ വീണ്ടെടുക്കാൻ ദാമോദരൻ ശ്രമിച്ചു.

ഇന്ത്യാചരിത്രത്തെയും ഇന്ത്യയുടെ ദാര്‍ശനിക പശ്ചാത്തലത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അന്വേഷണങ്ങൾ അവയുടെ ഭൗതികാടിസ്ഥാനങ്ങള്‍ തേടുന്ന, മാർക്സിസത്തെ ഇന്ത്യൻ ദാർശനിക പാരമ്പര്യങ്ങളുമായുള്ള, സംവാദത്തിലേക്കു നയിക്കുന്ന, ആദ്യ സംരംഭങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യന്‍ ആശയവാദ സമീപനങ്ങളുടെയും ഭൗതികവാദ സമീപനങ്ങളുടെയും അടിവേരുകളെ, അവയുടെ ചരിത്രപരമായ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കാനുള്ള ധീരമായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരേസമയം ചരിത്രകാരനും ചിന്തകനും രാഷ്ട്രീയപ്രവര്‍ത്തകനും ആയിരിക്കുക എന്ന മാര്‍ക്സിസ്റ്റ്‌ നേതൃത്വദൗത്യം ഗൗരവത്തോടെ ഏറ്റെടുത്ത അപൂർവം ചില സൈദ്ധാന്തികരില്‍ ഒരാളായിരുന്നു അദ്ദേഹം.

കേരളത്തെ സംബന്ധിച്ചിടത്തോളം, സവിശേഷമായ ഒരു മലയാള മാർക്സിസ്റ്റ് ബൗദ്ധിക സംസ്കാരം രൂപപ്പെടുത്തുന്നതിൽ ദാമോദരൻ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിൽ മാർക്സിസത്തെ നാടകം, സാഹിത്യവിമർശനം, പുരോഗമന സാഹിത്യം, തത്ത്വചിന്ത, ജനകീയ രാഷ്ട്രീയ വിദ്യാഭ്യാസം എന്നിവയുമായി ബന്ധിപ്പിച്ച ഒരു രാഷ്ട്രീയ-സാഹിത്യ പൊതുമണ്ഡലം സൃഷ്ടിക്കാൻ അദ്ദേഹത്തിന്‍റെ നിരന്തരമായ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ‘പാട്ടബാക്കി’ എന്ന നാടകം മലയാളത്തിലെ പുരോഗമന-കമ്യൂണിസ്റ്റ് സാംസ്കാരിക ഇടപെടലുമായി ബന്ധപ്പെട്ട ആദ്യകാല രാഷ്ട്രീയ നാടകങ്ങളിൽ ഒന്നായിമാത്രം കാണേണ്ടതല്ല. കാരണം, അത് സൃഷ്ടിച്ചത് ഒരു ഭാവുകത്വപരിണാമമാണ്.

രാഷ്ടീയവും കലയും തമ്മിലുള്ള ബന്ധത്തെ, അതിന്‍റെ സങ്കീർണതകളില്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും കേരളീയ പൊതുമണ്ഡലം തയാറാവുന്നത് ‘പാട്ടബാക്കി’യിലൂടെയാണ്. മാസികകൾ, വിവർത്തനങ്ങൾ, പ്രസംഗങ്ങൾ, പഠനക്ലാസുകൾ, പ്രഭാഷണങ്ങള്‍ ലേഖനങ്ങള്‍, കുറിപ്പുകള്‍, ലഘുലേഖകള്‍, തൂലികാനാമങ്ങളിലുള്ള രചനകള്‍ എന്നിവയിലൂടെയൊക്കെ നിരന്തരം മാർക്സിസം, സോവിയറ്റ് സാഹിത്യം, സാമ്രാജ്യത്വവിരുദ്ധ ചിന്തകൾ, സോഷ്യലിസത്തെക്കുറിച്ചുള്ള സംവാദങ്ങൾ എന്നിവയുമായി തലമുറകളെത്തന്നെ പരിചയപ്പെടുത്തിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍വഹിച്ചത്. സങ്കീർണമായ സൈദ്ധാന്തികാശയങ്ങളെ അവയുടെ ഗാംഭീര്യം ചോർന്നുപോകാതെയും മുദ്രാവാക്യങ്ങളായി ചുരുക്കാതെയും മലയാളത്തിൽ ആശയവിനിമയം നടത്താനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിന്‍റെ രചനകളുടെ സവിശേഷതയായിരുന്നു.

ഇന്ത്യൻ സമൂഹത്തിന്‍റെ വിപ്ലവസാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിലും ദാമോദരൻ പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തി. യൂറോപ്യൻ മാതൃകകളെ കൊളോണിയൽ സാഹചര്യങ്ങളിലേക്ക് അതേപടി പകർത്തിവെക്കുന്ന യാന്ത്രിക മാർക്സിസ്റ്റ് രീതികളിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ബൂർഷ്വാസിയുടെ ആപേക്ഷികമായ സ്വയംഭരണാധികാരം (relative autonomy), ജാതിയുടെ സങ്കീർണതകൾ, ദേശീയതയുടെ ചരിത്രപരമായ പങ്ക് എന്നിവക്കുള്ള സവിശേഷമായ പ്രാധാന്യം ഉള്‍ക്കൊള്ളുന്നവയായിരുന്നു അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍. അദ്ദേഹത്തിന്‍റെ പിൽക്കാല ചിന്തകളിൽ, ഇന്ത്യൻ കമ്യൂണിസത്തിന്‍റെ പരാജയങ്ങളെക്കുറിച്ച് അദ്ദേഹം കടുത്ത ഭാഷയിൽ ആത്മവിമര്‍ശനങ്ങളും വിമര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. കോമിന്‍റെണിന്‍റെ (Comintern) മൂന്നാം കാലഘട്ടത്തിലെ വിഭാഗീയത, സോവിയറ്റ് നിർദേശങ്ങളോടുള്ള അന്ധമായ വിധേയത്വം, പാർലമെന്ററി അവസരവാദം, ജനകീയാധികാരത്തിന്‍റെ വേദികൾ വികസിപ്പിക്കുന്നതിലെ പരാജയം എന്നിവ അദ്ദേഹത്തെ ആഴത്തില്‍ ചിന്തിപ്പിച്ച വിഷയങ്ങളാണ്.

സ്റ്റാലിനിസത്തെയും സോവിയറ്റ് സോഷ്യലിസത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സ്വയംവിമർശനാത്മകമായ വിലയിരുത്തലുകൾ, സോഷ്യലിസത്തോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ ജനാധിപത്യപരവും മാനവികവുമായ മാർക്സിസത്തിലേക്ക് നീങ്ങിയ ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായി അദ്ദേഹത്തെ മാറ്റിയിരുന്നു. ആഗോള മാർക്സിസ്റ്റ് സംവാദങ്ങളോടുള്ള അദ്ദേഹത്തിന്‍റെ തുറന്ന സമീപനമായിരുന്നു ദാമോദരന്‍റെ ബൗദ്ധിക പാരമ്പര്യത്തിന്‍റെ മറ്റൊരു പ്രധാന വശം.

തന്‍റെ തലമുറയിലെ പല കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നും വ്യത്യസ്തമായി, സിനോ-സോവിയറ്റ് തർക്കം, വിയറ്റ്നാം അനുഭവം, വിമത മാർക്സിസ്റ്റുകൾ, ട്രോട്സ്കി, ലൂക്കാച്ച് (Lukacs), ഗ്രാംഷി (Gramsci), യൂറോപ്യൻ ന്യൂ ലെഫ്റ്റ്, 1968 മേയ് മാസത്തെ ചലനങ്ങൾ എന്നിവയെ അദ്ദേഹം വിമർശനാത്മകമായി സമീപിച്ചു. ഇത് അദ്ദേഹത്തിന്‍റെ പിൽക്കാല രചനകൾക്കും ചിന്തകൾക്കും അസാധാരണമായ ഒരു ബൗദ്ധികതലം പ്രദാനം ചെയ്തുവെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഉദ്യോഗസ്ഥാധിപത്യപരമായ കേന്ദ്രീകരണത്തിലൂടെയോ സെൻസർഷിപ്പിലൂടെയോ പ്രത്യയശാസ്ത്രപരമായ ആരാധനയിലൂടെയോ സോഷ്യലിസത്തിന് നിലനിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖസ്ഥാനമാണ് ദാമോദരനുള്ളത്.

എങ്കിലും, ദാമോദരന്‍റെ ബൗദ്ധികപദ്ധതി അപൂർണമായിരുന്നു. അദ്ദേഹം മാത്രമല്ല അതിനു ഉത്തരവാദി. സ്റ്റാലിനിസത്തെയും പാർലമെന്ററി പരിമിതവാദത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചപ്പോഴും, പോസ്റ്റ്‌-കൊളോണിയൽ ജനാധിപത്യ സമൂഹങ്ങളിൽ സോഷ്യലിസ്റ്റ് പരിവർത്തനത്തിനായുള്ള വ്യക്തമായ ഒരു ബദൽതന്ത്രം ആവിഷ്കരിക്കുന്നതിന് സംഭാവനചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അത്തരമൊരു ദേശീയ വിപ്ലവ-ബൗദ്ധിക-സൈദ്ധാന്തിക സാഹചര്യം രൂപംകൊണ്ടില്ല എന്നത് അദ്ദേഹത്തിന്‍റെ മാത്രം പരിമിതിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ ചിന്തകൾ ജനാധിപത്യ മാർക്സിസത്തിലേക്കും സോഷ്യലിസ്റ്റ് ഹ്യൂമനിസത്തിലേക്കും നീങ്ങിയെങ്കിലും, പൂർണമായി വികസിപ്പിച്ചെടുത്ത സംഘടനാപരമോ സൈദ്ധാന്തികമോ ആയ രാഷ്ട്രീയമാതൃകയിലേക്ക് അതൊരിക്കലും സ്വീകരിക്കപ്പെട്ടില്ല.

 

കാൾ മാർക്സ്,ലെനിൻ

ആ അർഥത്തിൽ, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മാർക്സിസത്തിനുള്ളിലെ ഒരു അപൂർണതയെയും അതേസമയം ആഴത്തിലുള്ള ഒരു പ്രതിസന്ധിയെയും പ്രതിനിധാനംചെയ്യുന്നതാണ്. മറ്റൊരുവിധത്തില്‍ ചിന്തിച്ചാല്‍, ഇന്ത്യൻ കമ്യൂണിസത്തിന്‍റെ ബൗദ്ധികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടാത്ത ഒരു സ്ഥാനമാണ് കെ. ദാമോദരനുള്ളത്. നിശിതമായ പാർട്ടി ചട്ടക്കൂടുകളില്‍ ഒതുങ്ങിനിന്ന പല കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നും വ്യത്യസ്തമായി, മാർക്സിസത്തോടും സോഷ്യലിസത്തോടും അങ്ങേയറ്റം പ്രതിബദ്ധത പുലർത്തിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലെ സ്റ്റാലിനിസത്തിന്‍റെയും പാർലമെന്ററി പരിമിതവാദത്തിന്‍റെയും ഉദ്യോഗസ്ഥാധിപത്യ വൈകല്യങ്ങളുടെയും അപൂർവമായ ഒരു ആഭ്യന്തര വിമർശകനായി അദ്ദേഹം മാറി എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതത്തോടെയേ കാണാന്‍ കഴിയൂ.

ദാമോദരനും ഹിന്ദുത്വ വിമര്‍ശനവും

ഒരു മാർക്സിസ്റ്റ് ബുദ്ധിജീവി എന്നനിലയിൽ കെ. ദാമോദരന്‍റെ ഏറ്റവും മൗലികമായ സംഭാവനകളിലൊന്ന് വേദങ്ങൾ, ഉപനിഷത്-വേദാന്ത പാരമ്പര്യങ്ങൾ, ബുദ്ധമതം, ലോകായത ഭൗതികവാദം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ദർശനങ്ങളുമായും ഇന്ത്യൻ ചിന്താധാരയിലെ ആത്മീയ-ഭൗതികവാദ ധാരകൾ തമ്മിലുള്ള സംഘർഷങ്ങളുമായും അദ്ദേഹം നടത്തിയ നിരന്തരമായ സംവാദങ്ങളായിരുന്നു. ക്ലാസിക്കൽ ഇന്ത്യൻ തത്ത്വചിന്തകളെ കേവലം ആത്മീയമായ മിഥ്യാധാരണകളായി തള്ളിക്കളയാതെ വ്യത്യസ്തമായി, പ്രത്യയശാസ്ത്ര മണ്ഡലത്തിൽ ഫലപ്രദമായി ഇടപെടുന്നതിന് ഇന്ത്യൻ നാഗരികതയുടെ ദാർശനിക അടിത്തറകളെ ഗൗരവമായി സമീപിക്കണമെന്ന് ദാമോദരൻ വിശ്വസിച്ചു.

ഇന്ത്യൻ ബൗദ്ധികചരിത്രം ഒരിക്കലും ഏകശിലാത്മകമല്ലെന്നും മറിച്ച് യുക്തിവാദം, ഭൗതികവാദം, നിരീശ്വരവാദം, ആത്മീയവാദം എന്നീ പാരമ്പര്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സംഘർഷങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടതാണെന്നും അദ്ദേഹം തന്‍റെ കൃതികളിലൂടെ വിശദീകരിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണ്യ തത്ത്വചിന്തയിൽ വേരൂന്നിയ ആത്മീയ-സാമൂഹികഘടനകളെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾതന്നെ, ലോകായതവും ബുദ്ധമത യുക്തിവാദവുംപോലുള്ള അടിച്ചമർത്തപ്പെട്ട പാരമ്പര്യങ്ങളെ വീണ്ടെടുക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.

ഏറ്റവും പ്രധാനമായി, 1970കളോടെ ആർ.എസ്.എസും (R.S.S) അതിന്‍റെ അനുബന്ധ സംഘടനകളും കോൺഗ്രസിനെതിരെയുള്ള പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ ശക്തമാക്കുകയും ഹിന്ദുത്വരാഷ്ട്രീയത്തെ ഒരു വിപുലമായ സാമൂഹികപ്രസ്ഥാനമായി വളർത്തുകയും ചെയ്തപ്പോൾ, ഹിന്ദുത്വം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി ഉയർന്നുവരുമെന്ന് മറ്റാരേക്കാളും മുമ്പേ ദാമോദരൻ മനസ്സിലാക്കിയിരുന്നു. കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയോ സാമ്പത്തിക വിമർശനത്തിലൂടെയോമാത്രം അതിനെ പ്രതിരോധിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ആത്മീയ-ദാര്‍ശനിക പാമ്പര്യത്തെ ഇത്രയും സമഗ്രമായി പരിശോധിക്കാന്‍ അദ്ദേഹം തയാറായത്.

അധികാരശ്രേണികളും (hierarchy) ദേശീയതയും നാഗരികമിത്തുകളും രാഷ്ട്രീയമായി സമാഹരിക്കപ്പെടുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കമ്യൂണിസ്റ്റുകള്‍ക്കും ജനാധിപത്യവാദികള്‍ക്കും നേരിടേണ്ടിവരുമെന്നത് അദ്ദേഹം മുന്‍കൂട്ടി കാണുകയായിരുന്നു. അതിനാൽ, ഇന്ത്യൻ തത്ത്വചിന്തയെ ഒരു മാർക്സിസ്റ്റ്-ജനാധിപത്യ ചട്ടക്കൂടിനുള്ളിൽനിന്ന് വിമർശനാത്മകമായി പുനർവ്യാഖ്യാനിക്കാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമം കേവലം ഒരു അക്കാദമിക് വ്യായാമമായിരുന്നില്ല; മറിച്ച് സാംസ്കാരിക ദേശീയതക്കും ഹിന്ദു ഭൂരിപക്ഷാധിപത്യത്തിനും സാധുത നൽകുന്ന ദാർശനിക സമീപനങ്ങളെ വെല്ലുവിളിക്കാനുള്ള പരിശീലനംകൂടിയായിരുന്നു.

ഇന്ത്യൻ തത്ത്വശാസ്ത്രത്തെ ചരിത്രപരമായ ഭൗതികവാദത്തിന്‍റെ (historical-materialist), വിചാരമാതൃകയിലൂടെ പുനർവ്യാഖ്യാനിക്കാൻ ശ്രമിച്ചുകൊണ്ട് കെ. ദാമോദരൻ ഈ രംഗത്ത് വലിയൊരു സംഭാവനയാണ് നൽകിയത്. അദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ കൃതിയായ ‘ഇന്ത്യൻ തോട്ട്: എ ക്രിട്ടിക്കൽ സർവേ’ (Indian Thought: A Critical Survey), ഇന്ത്യൻ തത്ത്വശാസ്ത്രത്തെ തികച്ചും ആത്മീയവും കാലാതീതവും ഏകീകൃതവുമായ ഒരു പാരമ്പര്യമായിമാത്രം അവതരിപ്പിക്കുന്ന മുഖ്യധാരാ പ്രവണതയെ വെല്ലുവിളിച്ചു. അതിനുപകരം, ബ്രാഹ്മണ്യ വിവരണങ്ങളിൽ പലപ്പോഴും പാർശ്വവത്കരിക്കപ്പെട്ടിരുന്ന ലോകായതം/ചാർവാകം, ബുദ്ധമതം, ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ, വൈവിധ്യമാർന്ന ഇതര (heterodox) ദാർശനിക പ്രവണതകൾ എന്നിവയിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട്, ഇന്ത്യൻ ബൗദ്ധികചരിത്രത്തിലെ ഭൗതികവാദ-ആശയവാദ ധാരകൾ തമ്മിലുള്ള സംഘർഷങ്ങൾ മനസ്സിലാക്കുന്നതിന് ദാമോദരൻ മുൻഗണന നൽകി.

ഹിന്ദുത്വവിമർശനത്തിൽ ദാമോദരന്റെ കൃതിക്കുള്ള പ്രാധാന്യം, ഇന്ത്യൻ സംസ്‌കാരത്തെയോ, ഹിന്ദു ദേശീയതയെയോ ഏകശിലാത്മകമായ (monolithic) നാഗരികസത്തയായി കാണാൻ അദ്ദേഹം വിസമ്മതിച്ചു എന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദാർശനിക പാരമ്പര്യങ്ങളെ ജാതി, അധ്വാനം, മതം, വർഗരൂപവത്കരണം, രാഷ്ട്രീയാധികാരം എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ചരിത്രപരമായ പോരാട്ടങ്ങളിലേക്ക് ചേർത്തുവെച്ചുകൊണ്ട്, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായ സാംസ്കാരിക എസൻഷ്യലിസത്തിന്റെ (cultural essentialism) അടിത്തറയെ അദ്ദേഹം തകർക്കുകയായിരുന്നു. സവിശേഷവും ശുദ്ധവുമായ ഒരു ഹിന്ദുസ്വത്വത്തിന് പകരമായി, ഇന്ത്യൻ ബൗദ്ധികചരിത്രം രൂപപ്പെട്ടത് ആഭ്യന്തരമായ വൈരുധ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വിനിമയങ്ങളിലൂടെയുമാണെന്ന് അദ്ദേഹത്തിന്റെ രചനകൾ തുറന്നുകാട്ടി.

ഭൗതികവാദപരവും വിയോജിപ്പുള്ളതുമായ പാരമ്പര്യങ്ങളെ ദാമോദരൻ വീണ്ടെടുത്തത്, ഇന്ത്യൻ ദാർശനികചരിത്രത്തെ മുഴുവൻ ഒരു ഏകീകൃത ദേശീയവിവരണത്തിലേക്ക് മാറ്റിയെടുക്കാനുള്ള ഹിന്ദുത്വശ്രമങ്ങൾക്കെതിരെയുള്ള ശക്തമായ ബൗദ്ധികപ്രതിരോധം കൂടിയായിരുന്നു. ഈ അർഥത്തിൽ, അദ്ദേഹത്തിന്റെ സമീപനങ്ങള്‍ കേവലം മാർക്സിസ്റ്റ് ചരിത്രരചന എന്നനിലയിൽ മാത്രമല്ല, ഇന്ത്യൻ നാഗരികതയുടെ ബഹുസ്വരത, വൈവിധ്യം, സംഘർഷഭരിതമായ ജാതിവ്യവസ്ഥ എന്നിവയെ വിശകലനംചെയ്യുന്ന ദാര്‍ശനിക മാതൃകയായും ഇന്നും നിലകൊള്ളുന്നു.

 

എ.കെ.ജി

താരീഖ് അലിയുടെ അഭിമുഖവും ദാമോദരന്റെ രാഷ്ട്രീയചിന്തകളും

നേരത്തേ സൂചിപ്പിച്ചതുപോലെ, 1975ൽ താരീഖ് അലി (Tariq Ali) നടത്തിയതും ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിൽ (New Left Review) പ്രസിദ്ധീകരിച്ചതുമായ അഭിമുഖവും, അതില്‍ ചേര്‍ക്കാതെ വിട്ടിരുന്ന ചില ഭാഗങ്ങൾ ഈ അടുത്തകാലത്ത്‌ താരീഖ് അലി ‘വേർസോ ബുക്സ്’ (Verso Books) വെബ്‌ പേജില്‍ പ്രസിദ്ധീകരിച്ചതും (9 May 2025) ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്‍റെ കേവലമായ സ്മരണകള്‍ എന്നതിലുപരി സ്വയംവിമർശനത്തിന്‍റെയും സൈദ്ധാന്തിക ചിന്തകളുടെയും രാഷ്ട്രീയ പുനർവിചിന്തനത്തിന്‍റെയും അസാധാരണമായ രേഖകളാണ്. കമ്യൂണിസ്റ്റ് പാരമ്പര്യത്തിനുള്ളിൽനിന്ന് തന്നെയാണ് ഇവ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

ദാമോദരന്‍റെ നിരീക്ഷണങ്ങൾ പ്രധാനമാകുന്നത് അവ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ജീവിതാനുഭവങ്ങളിൽനിന്ന് ഉയർന്നുവന്നതുകൊണ്ടാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രൂപവത്കരണത്തിൽ പങ്കാളിയാവുകയും തടവുശിക്ഷ അനുഭവിക്കുകയും തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും സംഘടിപ്പിക്കാൻ സഹായിക്കുകയുംചെയ്ത അദ്ദേഹം, തന്‍റെ യൗവനത്തിൽ സ്റ്റാലിനിസത്തെ പ്രതിരോധിച്ചിരുന്നുവെങ്കിലും പിന്നീട് സോവിയറ്റ് യാഥാസ്ഥിതികതയുടെ അഗാധമായ പരിമിതികൾ ഘട്ടംഘട്ടമായി തിരിച്ചറിഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധരായ ലിബറലുകളുടെ വിമർശനങ്ങളിൽനിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ മാർക്സിസത്തിനുള്ളിൽനിന്ന് തന്നെയായിരുന്നു.

സോഷ്യലിസം ഒരു വിമോചനപദ്ധതിയെന്ന നിലയിൽ പരാജയപ്പെട്ടതല്ല, മറിച്ച് ഇന്ത്യയുടെ കൃത്യമായ ചരിത്രപരവും സാമൂഹികവുമായ സാഹചര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നതിൽ താനുള്‍പ്പടെയുള്ള നേതൃത്വത്തിനുണ്ടായ പരാജയമാണ് ഇന്ത്യൻ കമ്യൂണിസത്തെ പ്രതിസന്ധിയിലാക്കിയതെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്. കോമിന്‍റെണിന്‍റെ ‘മൂന്നാം കാലഘട്ട’ത്തിലെ സി.പി.ഐയുടെ തീവ്രവിഭാഗീയത, ഇന്ത്യൻ ബൂർഷ്വാസിയുടെ ആപേക്ഷികമായ സ്വയംഭരണാധികാരവും കരുത്തും മനസ്സിലാക്കുന്നതിലെ പോരായ്മകൾ, സോവിയറ്റ് നയങ്ങളെ യാന്ത്രികമായി അനുകരിക്കുന്നത്, അതിവാമപക്ഷ നിലപാടുകൾക്കും പാർലമെന്ററി അവസരവാദത്തിനും ഇടയിലുള്ള ആവർത്തിച്ചുള്ള ചാഞ്ചാട്ടങ്ങൾ എന്നിവയെ വലിയ ചരിത്രപരമായ പരാജയങ്ങളായി അദ്ദേഹം അടയാളപ്പെടുത്തുന്നു

ദാമോദരന്‍റെ ചിന്തകളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വശം, പിൽക്കാലത്ത് അന്താരാഷ്ട്രതലത്തിൽ ‘ന്യൂ ലെഫ്റ്റ് ’ (New Left) പ്രസ്ഥാനത്തിന്‍റെ പ്രധാന പ്രമേയങ്ങളായി മാറിയ വിഷയങ്ങളോടുള്ള അദ്ദേഹത്തിന്‍റെ ആദ്യകാലത്തെ സംവേദനക്ഷമതയാണ്. ഇത്തരം ചർച്ചകൾ കേരളത്തിലോ ഇന്ത്യയിലോ സ്വാധീനം ചെലുത്തുന്നതിന് എത്രയോ മുമ്പുതന്നെ, ജനാധിപത്യപരമായ പങ്കാളിത്തം, ഉദ്യോഗസ്ഥാധിപത്യ സോഷ്യലിസത്തിന്‍റെ പരിമിതികൾ, പാർട്ടി നേതൃത്വത്തെ തൊഴിലാളിവർഗബോധത്തിന്‍റെ സാകല്യമായി കണക്കാക്കുന്നതിലെ അപകടങ്ങൾ, സ്വതന്ത്രമായ ജനകീയാധികാരവേദികളുടെ ആവശ്യം, സോഷ്യലിസത്തിനുള്ളിലെ സാംസ്കാരികവും ബൗദ്ധികവുമായ തുറന്ന സമീപനത്തിന്‍റെയും ആഭ്യന്തര വിമർശനത്തിന്‍റെയും പ്രാധാന്യം എന്നിവയൊക്കെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

1957-59 കാലത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍, അവയുടെ എല്ലാ പരിമിതികളോടെയും, ശ്രദ്ധേയമാണ്. എല്ലാ കമ്യൂണിസ്റ്റ് വിഭാഗങ്ങളും ഒരു പരിധിവരെ അദ്ദേഹത്തോട് യോജിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. തെരഞ്ഞെടുപ്പ് വിജയം എന്നത് ഭരണകൂടാധികാരം പിടിച്ചെടുക്കലല്ലെന്ന് അദ്ദേഹം വാദിച്ചു; കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വന്നാലും മുതലാളിത്ത ഭരണകൂട സംവിധാനങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലിയിലെ അനുഭവം, യൂറോകമ്യൂണിസം, മുതലാളിത്ത ഭരണകൂടത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് വികസിച്ചുവന്ന പാർലമെന്ററി സോഷ്യലിസത്തിനെതിരെയുള്ള മാർക്സിസ്റ്റ് വിമർശനങ്ങളെ മുൻകൂട്ടി കാണുന്നതായിരുന്നു ദാമോദരന്‍റെ ഈ ഉൾക്കാഴ്ച. എന്നാല്‍, ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ, ഇക്കാര്യത്തില്‍ അക്കാലത്തെ പാർട്ടി നേതൃത്വത്തിന് തെറ്റായ ധാരണകളാണ് ഉണ്ടായിരുന്നതെന്ന ദാമോദരന്റെ നിലപാട് സി. അച്യുതമേനോന്‍ തിരുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര കമ്യൂണിസവുമായുള്ള ഇടപെടലുകളും ദാമോദരന്‍റെ ബൗദ്ധിക പരിവർത്തനത്തെ രൂപപ്പെടുത്തി. പാസ്റ്റർനാക് അഫയറിനെക്കുറിച്ച് (Pasternak affair) നികിത ക്രൂഷ്ചേവുമായി നടത്തിയ ചർച്ചകൾ, ഹോചിമിൻ ഉൾപ്പെടെയുള്ള വിയറ്റ്നാം നേതാക്കളുമായുള്ള ആശയവിനിമയം, സിനോ-സോവിയറ്റ് തർക്കകാലത്ത് ചൗ എൻലായിയുമായുള്ള (Zhou Enlai) കൂടിക്കാഴ്ചകൾ, 1968 മേയ് മാസത്തിനുശേഷം യൂറോപ്യൻ ന്യൂ ലെഫ്റ്റിലെയും വിമത മാർക്സിസ്റ്റുകളിലെയും നേതാക്കളുമായുള്ള സമ്പർക്കം എന്നിവ അദ്ദേഹത്തെ കൂടുതൽ തുറന്നതും വിമർശനാത്മകവും ജനാധിപത്യപരവുമായ മാർക്സിസ്റ്റ് ചിന്താപദ്ധതിയിലേക്ക് നയിച്ചു.

മാർക്സിസത്തെ ഉപേക്ഷിക്കാതെതന്നെ സോവിയറ്റ് സോഷ്യലിസത്തിനുള്ളിലെ ദേശീയതാപരമായ വൈകല്യങ്ങളെയും സെൻസർഷിപ്പിനെയും ഉദ്യോഗസ്ഥാധിപത്യത്തെയും ബൗദ്ധികസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനെയും ഒഴിവാക്കേണ്ട പ്രവണതകളായി അദ്ദേഹം തിരിച്ചറിഞ്ഞു. ട്രോട്സ്കി, ലൂക്കാച്ച്, റോസ ലക്സംബർഗ്, ഗ്രാംഷി എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിന്തകൾ സ്റ്റാലിനിസ്റ്റ് ചിന്താരീതികളിൽനിന്നുള്ള വലിയൊരു വിട്ടുപിരിയലിനെ വെളിപ്പെടുത്തുന്നു. ഒരു യാഥാസ്ഥിതികതക്ക് പകരം മറ്റൊന്ന് പ്രതിഷ്ഠിക്കുന്നതിനല്ല അടിച്ചമർത്തപ്പെട്ട മാർക്സിസ്റ്റ് പാരമ്പര്യങ്ങളുടെ വിമർശനാത്മകമായ വീണ്ടെടുപ്പിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

1968ൽ അലക്സാണ്ടർ ഡുബ്ചെക്കിന്റെ നേതൃത്വത്തിൽ നടന്ന പരിഷ്കരണ പ്രസ്ഥാനത്തെത്തുടർന്നും, ‘മാനുഷിക മുഖമുള്ള സോഷ്യലിസത്തിന്’ നാഷനൽ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചതിനും ശേഷമാണ് സോവിയറ്റ് യൂനിയൻ അവിടെ സൈനിക ഇടപെടൽ നടത്തിയത്. ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളില്‍ തീവ്രമായ ചർച്ചകൾക്ക് വഴിതെളിച്ചു. ദാമോദരനും ഏതാനും സഖാക്കളും ചേർന്ന് ന്യൂഡൽഹിയിലെ ചെക്കോസ്ലോവാക്യൻ എംബസിയിൽനിന്ന് രേഖകൾ ശേഖരിക്കുകയും സോവിയറ്റ് നടപടിയെ എതിർക്കുകയും ചെയ്തു. നാഷനൽ കൗൺസിലിനുള്ളിൽ അഭിപ്രായങ്ങൾ കൃത്യമായി വിഭജിക്കപ്പെട്ടിരുന്നു: സോവിയറ്റ് അനുകൂലചേരിക്ക് തുടക്കത്തിൽ നേരിയ ഭൂരിപക്ഷമുണ്ടായിരുന്നു, എന്നാൽ കൂടുതൽ ചർച്ചകൾക്കുശേഷം വിട്ടുനിന്ന രണ്ട് അംഗങ്ങൾകൂടി വിമര്‍ശകരോടൊപ്പം ചേർന്നതോടെ അവർക്ക് മേൽക്കൈ ലഭിച്ചു.\

ട്രോട്സ്കി,ലൂക്കാച്ച്

 

പരാജയം ഒഴിവാക്കാൻവേണ്ടി, ഉടനടി വോട്ടെടുപ്പ് നടത്താതെ മൂന്നുമാസത്തെ പാർട്ടിതല ചർച്ചകൾ അനുവദിക്കാമെന്നും പ്രസക്തമായ എല്ലാ രേഖകളും വിതരണം ചെയ്യാമെന്നും പാർട്ടി നേതൃത്വം ഉറപ്പുനൽകിയെങ്കിലും ആ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ല. നാലുമാസങ്ങൾക്ക് ശേഷം, സോവിയറ്റ് പ്രതിനിധികളുടെയും പാർട്ടി സംവിധാനത്തിന്റെയും വിപുലമായ സ്വാധീനശ്രമങ്ങൾക്ക് ഒടുവിൽ, സോവിയറ്റ് നിലപാടിനെ പിന്തുണക്കുന്നവർ കൗൺസിലിൽ ഭൂരിപക്ഷം നേടി.

ഈ കാലയളവിൽ, സോവിയറ്റ് ഇടപെടലിനെ വിമർശിച്ചുകൊണ്ട് സി.പി.ഐ അനുകൂലികൾ എഴുതിയ ലേഖനങ്ങൾ ഉൾപ്പെടുത്തി “ചെക്കോസ്ലോവാക്യ എങ്ങോട്ട്?” (Whither Czechoslovakia?) എന്നൊരു പുസ്തകം ദാമോദരൻ ഒരു തൂലികാനാമത്തിൽ എഡിറ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്ന് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇവിടെ അദ്ദേഹം പരാമർശിച്ചിരിക്കുന്ന പുസ്തകം ‘പി.കെ. സുന്ദരം’ എന്ന തൂലികാനാമത്തില്‍ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ഇടപെടലിനെക്കുറിച്ച് ഇന്ത്യൻ ഇടതുപക്ഷത്തിനിടയിൽ നടന്ന സംവാദങ്ങളുടെ ഭാഗമായി കെ. ദാമോദരൻ എഡിറ്റ്‌ ചെയ്ത പുസ്തകമാണ്. പുസ്തകത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയും, തുടർന്ന് പാർട്ടി അദ്ദേഹത്തെ ഔദ്യോഗികമായി ശാസിക്കുകയും ചെയ്തു. കൂടാതെ പാർട്ടി അംഗങ്ങൾ ആ പുസ്തകം വായിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തു.

അതേസമയം, ദാമോദരന്‍റെ വിമർശനങ്ങൾക്കും പ്രധാനപ്പെട്ട പരിമിതികളുണ്ടായിരുന്നു. സ്റ്റാലിനിസത്തിന്‍റെയും പാർലമെന്ററി കമ്യൂണിസത്തിന്‍റെയും പരാജയങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞുവെങ്കിലും, ഇന്ത്യയെപ്പോലുള്ള പോസ്റ്റ്‌കൊളോണിയൽ ജനാധിപത്യസമൂഹങ്ങൾക്ക് അനുയോജ്യമായ ഒരു ബദൽ വിപ്ലവതന്ത്രത്തെ കുറിച്ചുള്ള സമഗ്രമായ ഒരു സംവാദം വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ പലപ്പോഴും സംഘടനാപരമായ പരിവർത്തനത്തേക്കാൾ നൈതികവും രാഷ്ട്രീയവുമായ തലങ്ങളിൽ ഒതുങ്ങിനിന്നു.

സോവിയറ്റ് കമ്യൂണിസത്തിലെ സ്വേച്ഛാധിപത്യത്തോടും, പൂർണമായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോകുന്നതിനോടും അദ്ദേഹം അങ്ങേയറ്റം സംശയാലുവായിരുന്നു. എങ്കിലും മാവോയിസത്തിൽനിന്നോ ട്രോട്സ്കിസത്തിൽനിന്നോ ഉയർന്നുവന്ന രാഷ്ട്രീയബദലുകളെ സ്വീകരിക്കാൻ അദ്ദേഹം മടിച്ചുനിന്നു. സമകാലിക മുതലാളിത്തത്തിന് കീഴിലുള്ള സോഷ്യലിസ്റ്റ് പരിവർത്തനത്തെക്കുറിച്ച് പൂർണമായ ഒരു സിദ്ധാന്തം ആവിഷ്കരിക്കാതെതന്നെ, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുകൾ ഒരു ജനാധിപത്യ മാർക്സിസ്റ്റ് ഹ്യൂമനിസത്തിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. ഈ അർഥത്തിൽ, പരമ്പരാഗത കമ്യൂണിസത്തിനും പുതിയതായി ഉയർന്നുവന്ന ന്യൂ ലെഫ്റ്റിനും ഇടയിലുള്ള ഒരു പരിവർത്തനഘട്ടത്തെയാണ് അദ്ദേഹത്തിന്‍റെ ചിന്തകൾ പ്രതിനിധാനംചെയ്യുന്നത്.

ദാമോദരന്‍ ചിന്തകളുടെ സമകാലിക പ്രസക്തി

കേരളത്തിലെയും ദേശീയതലത്തിലെയും ആഗോളതലത്തിലെയും മാറുന്ന സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ദാമോദരന്‍റെ സിദ്ധാന്തങ്ങൾക്കുള്ള പ്രസക്തി തള്ളിക്കളയാന്‍ കഴിയുന്നതല്ല. ആധുനിക മാർക്സിസം അഭിമുഖീകരിക്കുന്ന പല സുപ്രധാന വിഷയങ്ങളെയും അദ്ദേഹത്തിന്‍റെ ചിന്തകൾ മുൻകൂട്ടി കണ്ടിരുന്നു: ദേശീയതയും സോഷ്യലിസവും തമ്മിലുള്ള ബന്ധം, കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലെ ഉദ്യോഗസ്ഥാധിപത്യ പ്രവണതകൾ, സോഷ്യലിസം കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ചുരുങ്ങുന്ന അവസ്ഥ, പാർലമെന്ററി സംവിധാനങ്ങൾക്ക് അപ്പുറമുള്ള ജനാധിപത്യ ബഹുജനവേദികളുടെ അനിവാര്യത, രാഷ്ട്രീയ പോരാട്ടത്തിൽ സംസ്കാരത്തിനും പ്രത്യയശാസ്ത്രത്തിനുമുള്ള പ്രാധാന്യം, വിപ്ലവ മാതൃകകൾ മറ്റെവിടെനിന്നെങ്കിലും യാന്ത്രികമായി ഇറക്കുമതി ചെയ്യുന്നതിലെ അപകടങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

അടിച്ചമർത്തലിലൂടെയോ സെൻസർഷിപ്പിലൂടെയോ പാർട്ടി ആരാധനയിലൂടെയോ സോഷ്യലിസത്തിന് നിലനിൽക്കാനാവില്ലെന്ന അദ്ദേഹത്തിന്‍റെ ഉറച്ച നിലപാട്, സ്വേച്ഛാധിപത്യപരമായ പോപ്പുലിസത്തിന്‍റെയും (authoritarian populism) സാങ്കേതിക കേന്ദ്രീകൃതമായ നവലിബറലിസത്തിന്‍റെയും (technocratic neoliberalism) ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തമാണ്.

സമകാലിക മാർക്സിസത്തിന് മുന്നിൽ ദാമോദരന്‍റെ അഭിമുഖങ്ങൾ ഒരു പ്രായോഗിക ചോദ്യംകൂടി ഉയർത്തുന്നുണ്ട്: ലിബറൽ പാർലമെന്ററി സമ്പ്രദായത്തിൽ അലിഞ്ഞുപോകാതെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് എങ്ങനെ ജനാധിപത്യപരമായ തുറന്ന സമീപനം നിലനിർത്താൻ കഴിയും? അതുപോലെ ഉദ്യോഗസ്ഥാധിപത്യപരമായ സ്വേച്ഛാധിപത്യം ആവർത്തിക്കാതെ എങ്ങനെ വിപ്ലവകരമായ പരിവർത്തനം സാധ്യമാകും? സോഷ്യലിസം എന്നത് കേവലം ഒരു ഭരണകൂട പദ്ധതിയോ തെരഞ്ഞെടുപ്പ് ക്രമീകരണമോ മാത്രമല്ലെന്നും, മറിച്ച് അത് നിരന്തരമായ ജനാധിപത്യ പങ്കാളിത്തവും പ്രത്യയശാസ്ത്ര പോരാട്ടവും പുതിയ കൂട്ടായ രാഷ്ട്രീയ രൂപങ്ങളുടെ സൃഷ്ടിയും ഉൾപ്പെട്ടതായിരിക്കണമെന്നും അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.

ആ അർഥത്തിൽ, ദാമോദരൻ തന്‍റെ ചിന്താലോകത്തെ എന്നും സജീവമാക്കി നിലനിര്‍ത്തിയ കമ്യൂണിസ്റ്റ് നേതാവും മാർക്സിസ്റ്റ് ബുദ്ധിജീവിയുമെന്നനിലയില്‍, സമകാലികലോകത്തെ സോഷ്യലിസത്തിന്‍റെ പ്രതിസന്ധികളിലേക്കും സാധ്യതകളിലേക്കും വെളിച്ചംവീശുന്ന, ഒരു പ്രധാന പരിവർത്തന വ്യക്തിത്വമാണ് (transformational figure). വിപ്ലവകരമായ പ്രതിബദ്ധതയെ ബൗദ്ധികമായ തുറന്ന സമീപനവുമായി സമന്വയിപ്പിച്ചു എന്നതാണ് ഇന്നും ദാമോദരനെ പ്രസക്തനാക്കുന്നത്. കൊളോണിയൽ വിരുദ്ധ ദേശീയത, മാർക്സിസ്റ്റ് സിദ്ധാന്തം, ജനാധിപത്യപരമായ വിമർശനം, ഇന്ത്യൻ ദർശനം, സാംസ്കാരികരാഷ്ട്രീയം എന്നിവയെ ഒരു വിമോചന വിചാരമാതൃകയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച കേരളത്തിലെ ചുരുക്കം മാർക്സിസ്റ്റ് ചിന്തകരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ജീവിതവും രചനകളും ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ സാധ്യതകളിലേക്കും പരാജയങ്ങളിലേക്കും ഇന്നും വെളിച്ചംവീശുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളിൽ യഥാർഥ ഉൾപ്പാർട്ടി സംവാദങ്ങളും വിയോജിപ്പുകളോടുള്ള സഹിഷ്ണുതയും ആവശ്യമാണെന്ന് കെ. ദാമോദരൻ ഈ അഭിമുഖത്തിലുടനീളം ആവർത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. സി.പി.ഐയിലെ പിളര്‍പ്പിനു മുമ്പും പിമ്പുമുള്ള സ്വന്തം അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, സ്റ്റാലിനിസ്റ്റ് സ്വാധീനത്തിൽ രൂപപ്പെട്ട ചോദ്യംചെയ്യപ്പെടാത്ത അനുസരണയുടെ സംസ്കാരത്തെ അദ്ദേഹം വിമർശിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ‘‘പാർട്ടി എപ്പോഴും ശരിയായിരുന്നു’’ എന്ന രീതിയോട് അദ്ദേഹത്തിന് വിയോജിപ്പാണുള്ളത്. യഥാർഥത്തില്‍ അദ്ദേഹത്തിന്‍റെ ഈ സമീപനം തെല്ലും മാര്‍ക്സിസ്റ്റ്‌ വിരുദ്ധമല്ല. മറിച്ച്, ഇതൊരു ലെനിനിസ്റ്റ്-ലക്സംബര്‍ഗ്യന്‍ സമന്വയവീക്ഷണം കൂടിയാണ്.

രണ്ടാം ലോകയുദ്ധ കാലത്തെ ജനകീയയുദ്ധം എന്ന ലൈൻ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം, ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ഇടപെടൽ തുടങ്ങിയ നിർണായക രാഷ്ട്രീയചോദ്യങ്ങളിലുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾപോലും പാർട്ടിയിലുടനീളം സുസ്ഥിരമായ ജനാധിപത്യ ചർച്ചകളായി വളരാൻ അനുവദിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്നാണ് അദ്ദേഹം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാർട്ടിക്കുള്ളിൽ ആഭ്യന്തര ചർച്ചകൾക്ക് ചെറിയ രീതിയിലെങ്കിലും അവസരമുണ്ടായിരുന്ന നിമിഷങ്ങളെ ദാമോദരൻ പ്രത്യേകം വിലമതിക്കുന്നുണ്ട്. 1940കളിലെ ജയിൽ ചർച്ചകൾ താരതമ്യേന ജനാധിപത്യപരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെ ശ്രേണീപരമായ വ്യത്യാസങ്ങളില്ലാതെ സാധാരണ കേഡർമാർ ചർച്ചകളിൽ പങ്കെടുത്തു. എങ്കിലും ആ ചർച്ചകളും ആത്യന്തികമായി കേന്ദ്രനേതൃത്വത്തിന്റെ (central line) അധികാരത്തിന് കീഴിലായിരുന്നു ഒതുങ്ങിനിന്നത് എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

പിന്നീട്, ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, 1968ലെ ചെക്കോസ്ലോവാക്യയിലേക്കുള്ള സോവിയറ്റ് അധിനിവേശത്തെച്ചൊല്ലിയുള്ള തർക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പാർട്ടിക്കുള്ളിൽ രേഖകളുടെ പരസ്യമായ വിതരണത്തിനും നിയന്ത്രണങ്ങളില്ലാത്ത സംവാദങ്ങൾക്കുംവേണ്ടി അദ്ദേഹം ശക്തമായി വാദിക്കുന്നുണ്ട്. നാഷനൽ കൗൺസിലിൽ ഉടനടി വോട്ട് രേഖപ്പെടുത്തുന്നത് മാറ്റിവെക്കാൻ അദ്ദേഹം സമ്മതിച്ചത്, ‘‘ഈ വിഷയത്തിലുള്ള എല്ലാ രേഖകളും പാർട്ടിയിലുടനീളം ചർച്ച ചെയ്യപ്പെടുന്നത് നല്ലൊരു കാര്യമായിരിക്കും’’ എന്നും ‘‘ഒരു യഥാർഥ സംവാദം ഉണ്ടാകുന്നത് നമുക്ക് നല്ലതേ വരുത്തൂ’’ എന്നും അദ്ദേഹം വിശ്വസിച്ചതുകൊണ്ടാണ്. എങ്കിലും, ഈ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ലെന്നും താനുൾപ്പെടെയുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചവർക്കെതിരെ അച്ചടക്ക നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം നിരാശയോടെ രേഖപ്പെടുത്തുന്നു.

കൂടുതൽ മൗലികമായി പറഞ്ഞാൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചില വിഭാഗങ്ങളിൽ വികസിച്ചുവന്ന സ്വേച്ഛാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുള്ള വിമർശനമാണ് ദാമോദരന്റെ ചിന്തകൾ വെളിപ്പെടുത്തുന്നത്. മാർക്സിസം എന്നത് വ്യക്തിപൂജയിലോ ഉദ്യോഗസ്ഥമേധാവിത്വപരമായ അച്ചടക്കത്തിലോ കെട്ടിപ്പടുത്ത ഒരു പ്രത്യയശാസ്ത്രപരമായ വരട്ടുതത്ത്വവാദമല്ല, മറിച്ച് വിമർശനാത്മകമായ വിലയിരുത്തലുകൾക്ക് വിധേയമാകേണ്ട ഒരു ‘‘സജീവമായ പ്രവർത്തനരീതി’’ (living method) ആയിരിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ലിയോൺ ട്രോട്സ്കി, റോസ ലക്സംബർഗ്, അന്റോണിയോ ഗ്രാംഷി, ജോർജ് ലൂക്കാച്ച് തുടങ്ങിയ വ്യക്തിത്വങ്ങളെ കമ്യൂണിസ്റ്റ് ചരിത്രത്തിൽനിന്ന് തുടച്ചുനീക്കുന്നതിന് പകരം വിമർശനാത്മകമായി പഠിക്കണമെന്ന അദ്ദേഹത്തിന്റെ നിർബന്ധം ബൗദ്ധികമായ തുറന്ന സമീപനത്തോടും ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ വിപുലമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

 

ഈ അർഥത്തില്‍, മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തിന് നൽകിയ സംഭാവനകളിൽ മാത്രമല്ല, മറിച്ച് ആഗോളതലത്തിലും ദേശീയതലത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കടുത്ത അസ്തിത്വ-ദിശാ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഉൾപ്പാർട്ടി ജനാധിപത്യം, വർഗസമരം, ഭൗതികവാദപരമായ വിമർശനം എന്നിവക്കായി അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളിലും കൂടിയാണ് കെ. ദാമോദരന്റെ ഇന്നത്തെ പ്രസക്തി നിലകൊള്ളുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലെ ഉദ്യോഗസ്ഥമേധാവിത്വം (bureaucratisation), വരട്ടുതത്ത്വവാദം (dogmatism), വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നിവയുടെ അപകടങ്ങളെക്കുറിച്ച് ദാമോദരൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാർക്സിസം എന്നത് കേവലം അനുസരണം ആവശ്യപ്പെടുന്ന അടഞ്ഞ ഒരു പ്രത്യയശാസ്ത്ര സംവിധാനമായിരുന്നില്ല; മറിച്ച് വിമർശനാത്മകമായ അന്വേഷണങ്ങളിലും, ജനാധിപത്യപരമായ സംവാദങ്ങളിലും, കൃത്യമായ ചരിത്രയാഥാർഥ്യങ്ങളുമായുള്ള സമ്പർക്കത്തിലും വേരൂന്നിയ ഒരു സജീവമായ പ്രവർത്തനരീതിയായിരുന്നു. പല ഇടതുപക്ഷക്കൂട്ടായ്മകളും സംഘടനാപരമായ കെട്ടിക്കിടപ്പും, ജനകീയ അടിത്തറയുടെ ചോർച്ചയും നേരിടുകയും, മുതലാളിത്തത്തിന്റെ പുതിയ രൂപങ്ങളോടും സ്വത്വരാഷ്ട്രീയത്തോടും (identity politics) സ്വേച്ഛാധിപത്യപരമായ തീവ്രദേശീയതയോടും സർഗാത്മകമായി പ്രതികരിക്കാൻ കഴിയാതെ ഉഴലുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഉൾപ്പാർട്ടി ജനാധിപത്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിരോധം ഏറെ പ്രാധാന്യമർഹിക്കുന്നു.

കേവലം തെരഞ്ഞെടുപ്പ് അല്ലെങ്കിൽ പാർലമെന്ററി കണക്കുകൂട്ടലുകൾക്കുവേണ്ടി വർഗസമരത്തെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന അദ്ദേഹത്തിന്റെ നിർബന്ധവും ഇതേപോലെതന്നെ പ്രധാനപ്പെട്ടതായിരുന്നു. ജനങ്ങളുടെ ആശങ്കകളെയും ഭീതികളെയും ചൂഷണംചെയ്യാൻ തക്കവണ്ണം പുതിയ പ്രത്യയശാസ്ത്രരൂപങ്ങൾ നിർമിച്ചുകൊണ്ട് മുതലാളിത്തം അതിന്റെ ചൂഷണമുറകളെ നിരന്തരം പുനഃക്രമീകരിക്കുന്നുണ്ടെന്ന ബോധ്യം ദാമോദരന് ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്വാധീനത്തിലുള്ള ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്രാപിക്കുന്ന സമകാലിക പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ഭൗതികവാദപരമായ സമീപനത്തിന് പുതിയൊരു പ്രസക്തി കൈവരുന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥയെയും ജാതിപരമായ ആശങ്കകളെയും സാമൂഹികമായ ഭിന്നതകളെയും സാംസ്കാരികവും മതപരവുമായ ഭൂരിപക്ഷാധിപത്യമാക്കി മാറ്റാനാണ് ഹിന്ദുത്വം എപ്പോഴും ശ്രമിക്കുന്നത്. മതവിഭാഗീയതയെ കേവലം ധാർമികമായ കുറ്റപ്പെടുത്തലുകൾകൊണ്ടുമാത്രം നേരിടാൻ കഴിയില്ലെന്നും, മറിച്ച് സമൂഹത്തിലെ വിപുലമായ ഭൗതികവൈരുധ്യങ്ങളുടെ ഭാഗമായി അതിനെ വിശകലനംചെയ്യണമെന്നും ദാമോദരന്റെ സൈദ്ധാന്തിക ഇടപെടലുകള്‍ നമ്മെ ഓർമിപ്പിക്കുന്നു.

അതിനാൽ, നവലിബറൽ മുതലാളിത്തത്തെയും സ്വേച്ഛാധിപത്യപരമായ സാംസ്കാരിക ദേശീയതയെയും ഒരുപോലെ പ്രതിരോധിക്കാൻ ശേഷിയുള്ള, ജനാധിപത്യപരവും പോസ്റ്റ്‌-മതേതരവും ജനകീയവുമായ ഒരു ഇടതുപക്ഷ രാഷ്ട്രീയത്തെ പുനർനിർമിക്കുന്നതിന് അദ്ദേഹത്തിന്റെ ബൗദ്ധിക സംഭാവനകള്‍ അത്യന്തം പ്രസക്തമായി ഇന്നും നിലകൊള്ളുന്നു.

--------------------

സൂചിക

1. പി. ഗോവിന്ദപ്പിള്ള എഴുതിയ കെ. ദാമോദരന്‍: പോരും പൊരുളും എന്ന പുസ്തകത്തില്‍ ഈ കാര്യം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട് (2011, എസ്.പി.എസ്.എസ്)

Tags:    
News Summary - K Damodaran and the Evolutionary Philosophy of Kerala Marxism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.