തന്നനം

പിന്നണി പാട്ടുകൾ ഭാവഗീതങ്ങളാണ്, മനുഷ്യഭാവങ്ങൾക്ക് ജീവനും വ്യാഖ്യാനവും പകരുന്നവ. അതുകൊണ്ടുതന്നെ വരികൾക്ക് പ്രാധാന്യം വേണ്ടിവരുന്നു. അപ്പോൾ തോന്നാം പുതിയ പടങ്ങളിലെ ജിമിക്കിപ്പാട്ടുകളോ? അവിടെ വരികൾ അപ്രസക്തം, തള്ളിയാർക്കാനുള്ള താ​ളക്കൊഴുപ്പു മതി. മലയാളിക്കൊരു പാട്ടുണ്ടോ, തനതു സംഗീതം? -ചോദ്യം പഴയത്, പഴകാത്തതും. പതിവുത്തരം ഒന്നുണ്ട്: സോപാനം. അതും പഴയത്, പക്ഷേ, പതിരില്ലാതില്ല. പണ്ടേതന്നെ ഇന്ത്യൻ മണ്ണിലുള്ള മാർഗസംഗീതത്തിന്റെ തുടർച്ച മാത്രമല്ലേ അത്- നൂറ്റാണ്ടൊമ്പത് മുന്നം ജയദേവ കവിയുടെ അഷ്ടപദി വഴിക്ക് കേരളക്കരയിൽ കയറിപ്പറ്റിയത്? ഇന്നും ഇടയ്ക്ക മുട്ടി സോപാനം മൂളുന്നതിലെ...

പിന്നണി പാട്ടുകൾ ഭാവഗീതങ്ങളാണ്, മനുഷ്യഭാവങ്ങൾക്ക് ജീവനും വ്യാഖ്യാനവും പകരുന്നവ. അതുകൊണ്ടുതന്നെ വരികൾക്ക് പ്രാധാന്യം വേണ്ടിവരുന്നു. അപ്പോൾ തോന്നാം പുതിയ പടങ്ങളിലെ ജിമിക്കിപ്പാട്ടുകളോ? അവിടെ വരികൾ അപ്രസക്തം, തള്ളിയാർക്കാനുള്ള താ​ളക്കൊഴുപ്പു മതി.

മലയാളിക്കൊരു പാട്ടുണ്ടോ, തനതു സംഗീതം?

-ചോദ്യം പഴയത്, പഴകാത്തതും.

പതിവുത്തരം ഒന്നുണ്ട്: സോപാനം. അതും പഴയത്, പക്ഷേ, പതിരില്ലാതില്ല. പണ്ടേതന്നെ ഇന്ത്യൻ മണ്ണിലുള്ള മാർഗസംഗീതത്തിന്റെ തുടർച്ച മാത്രമല്ലേ അത്- നൂറ്റാണ്ടൊമ്പത് മുന്നം ജയദേവ കവിയുടെ അഷ്ടപദി വഴിക്ക് കേരളക്കരയിൽ കയറിപ്പറ്റിയത്? ഇന്നും ഇടയ്ക്ക മുട്ടി സോപാനം മൂളുന്നതിലെ സങ്കേതപ്പതിവിനുണ്ടോ അതിൽനിന്ന് മാറ്റം വല്ലതും കാര്യമായി? ഉടൻ വരും തടസ്സഹരജി: ‘മഞ്ജുതര’. ക്ഷമിക്കണം, ചികഞ്ഞുചെന്നാൽ അപ്പറഞ്ഞതും അഷ്ടപദിയുടെ ആമാടപ്പെട്ടിയിൽ നിന്നെടുത്തൊരു പാലയ്ക്കാമാല.

ഇപ്പറഞ്ഞ ‘ആഢ്യ’ സംഗീത പൈതൃകത്തിനും എത്രയോ മുമ്പേയുണ്ടിവിടെ ആട്ടവും പാട്ടും. സംഘകാലത്ത് ഐന്തിണകൾ പാൽക്കടലായിരുന്നില്ലേ, പാട്ടിന്റെ? ജീവിതം ഉൽസോലിയാക്കിയ തിണകളിൽ അതങ്ങനെ പൊലിച്ചപ്പോൾ പാട്ടുമൊഴിയത്രയും പഴന്തമിഴ്. തായ്മൊഴിക്ക് അവകാശം പറയാം ഏതു കുളന്തൈക്കും. തമിഴ്പെറ്റ മലയാളത്തിന് വിശേഷിച്ചും. എങ്കിലും...

സോപാനത്തിലേക്ക് തന്നെ ഒന്നൂടെ ചുഴിഞ്ഞുനോക്കൂ. അഷ്ടപദിക്കും തൂത്തുമായ്ക്കാനാവില്ലതിൽ ദ്രാവിഡ സംഗീതത്തിന്റെ തുടിയും തുടിപ്പും- ഇന്നിശ, പുറനീര, കാനക്കുറിഞ്ഞി... പ്രാചീന ദ്രാവിഡ രാഗങ്ങൾ മങ്ങിപ്പോയിട്ടില്ല ഇടയ്ക്കപ്പാട്ടിലും.

സാമഗീതത്തിന്റെ പാട്ടുപെട്ടിയുമായി കുതിരമേൽ മലയും പുഴയും താണ്ടി ആര്യർ ഇങ്ങെത്തും മുമ്പേയുണ്ടിവിടെ ദ്രാവിഡ സംഗീതം. സാക്ഷിപറയും ഹാരപ്പൻ സംസ്കൃതി. 20ാം നൂറ്റാണ്ടാദ്യം ഉദ്ഖനനം നടന്ന പ്രദേശത്തിന്റെ പേര് അവിടെ തെളിഞ്ഞുകിട്ടിയ പ്രാഗ്സംസ്കൃതിക്ക് മൊത്തത്തിലങ്ങ് പതിച്ചുപോയതാണ്. അല്ലാതെ ഹാരപ്പയെ ചുറ്റിപ്പറ്റി മാത്രമുണ്ടായിരുന്ന സംസ്കാരമൊന്നുമല്ലത്. ആര്യാധിനിവേശത്തിനും പണ്ടേക്കു പണ്ടേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപിച്ചിരുന്ന ജനസഞ്ചയത്തെക്കുറിച്ച (ദ്രാവിഡം) അറിവാണ് ഹാരപ്പയും മോഹൻ ജൊദാരോയും പകർന്നത്. സത്യത്തിൽ, ഇന്ത്യനസ്തിവാരം ദ്രാവിഡമാണ്, ആർഷമല്ല.

ഇരുമ്പ് കണ്ടെത്തിയ ശേഷമാണ് നാടോടികളായ ആര്യർ സ്ഥിരവാസികളാവുന്നത്- നിബിഡവനമായിരുന്ന ഗംഗാതടങ്ങൾ വെട്ടിത്തെളിച്ച്. തദ്ദേശ ജനതകളെ കൊന്നും തുരത്തിയും അവർ ഇന്ത്യാദേശത്ത് ആദ്യത്തെ കോളനിവത്കരണം നടത്തിയപ്പോൾ പ്രാന്തവത്കരിക്കപ്പെട്ടവരാണ് ശാക്യരും ബ്രജരും ദസ്യുക്കളും മറ്റും. വടക്ക് സ്ഥിരവാസമുറപ്പിച്ച കോളനി പ്രഭുക്കൾ വിന്ധ്യന് തെക്കോട്ട് നീങ്ങിയില്ല. അതുകൊണ്ട് തെന്നിന്ത്യയിൽ ദ്രാവിഡ സമൂഹങ്ങൾതന്നെ തുടർന്നു. (തുറകളിൽ അഥവാ ജലാശയ മുഖങ്ങൾക്കു ചുറ്റിലായി വികസിച്ചവർ തുറവിടർ. തുറവിടത്തെ സംസ്കൃത ഭാഷയാണ് ‘ദ്രാവിഡ’മാക്കിയത്) നാടോടി സഹജമായി ആട്ടവും പാട്ടുമൊക്കെ ആര്യർ പുലർത്തിപ്പോന്നു. അവരുടെ സാമസംഗീതം ഇന്ത്യയിലും തഴച്ചു. എന്നാൽ, അതിനു മുമ്പുതന്നെ ദ്രാവിഡർക്കുണ്ടായിരുന്നു, അവരുടെ സംഗീതം. അതൊട്ടും ‘പ്രാകൃത’മായിരുന്നില്ല താനും. തെളിവുണ്ട്-

സപ്തസ്വരങ്ങൾ ആവിഷ്കരിക്കുംമുമ്പ് ആർഷർക്ക് (സാമസംഗീതത്തിൽ) സ്വരങ്ങൾ അഞ്ചേയുള്ളൂ. അതിനും മുമ്പേയുണ്ടിവിടെ സ്വരമേഴ്, ദ്രാവിഡത്തിൽ അവക്ക് വ്യതിരിക്തമായ വിളിപ്പേരും: കുറൾ (സ), തുത്തം (രി), കൈനി​െളെ (ഗ), ഉഴൈ (മ), ഇള്ളി (പ), വിളറി (ധ), താരം (നി).

ശ്രുതിക്ക് ഈ തദ്ദേശ പ്രാചീനർ ‘അലഹ്’ എന്നു ചൊല്ലി. രാഗരൂപങ്ങൾക്ക് ‘പൺ’ എന്നും. ഇന്നില്ലാത്ത തരം മറ്റൊരു കൂട്ടം രാഗരൂപങ്ങൾ കൂടിയുണ്ടായിരുന്നു അവർക്ക്- ‘തിറം’. രാഗനാമങ്ങൾ നോക്കിയാലോ? ഇന്നത്തെ ‘ഭൂപാള’ത്തിന്റെ ഛായയുള്ള ആദിദ്രാവിഡരാഗം (തെറ്റിദ്ധരിക്കേണ്ട, കർണാട്ടിക്കല്ല) പുറനീർമൈ. ശങ്കരാഭരണത്തിന്റെ ആദിമാതാവ് പഴംപഞ്ചുകം. ചെന്തുരുട്ടി എന്നു കേട്ടാൽ കർണാട്ടിക്കും ഹിന്ദുസ്താനിയും ഒരേപോലെ ചുളിക്കും, നെറ്റി. എന്നാൽ, ഇരുവർക്കും സ്വന്തമായ ‘മധ്യമാവതി’ക്ക് സംഗതി ചുളിയില്ല, അത്രക്കാണ് അതിന് ചെന്തുരുട്ടിയോടുള്ള കടപ്പാട്. യദുകുലകാംബോജി പാടുന്നോർക്ക് അറിയുമോ ശെവ്വഴി? ഒരുപക്ഷേ, സോപാനക്കാർ ചിലർക്കെങ്കിലുമറിയും, തങ്ങളുടെ എരിക്കിലക്കാമോദരിക്ക് യദുകുല കാബോജിയോടുള്ള സാമ്യം. അപ്പോഴും പറയാനിടയില്ല, ഇതിനൊക്കെ ‘ശെവ്വഴി’യോടുള്ള സാധർമ്യം. തനി ദ്രാവിഡ ഉറവകൾ തെളിയുന്ന ശേഷിപ്പുകൾ ഇനിയുമുണ്ട് സോപാനത്തിൽ-പുറമീര പോലെ, കാനക്കുറിഞ്ഞി പോലെ. എന്ത് ചെയ്യാം കഥകളിപ്പദങ്ങൾ കർണാടക സംഗീതത്തിന്റെ ഭക്തവത്സലരായി പാട്ടുസുഖം തേടിപ്പോയപ്പോൾ സോപാനവും തിരിഞ്ഞു അതേ സുഖവഴിക്ക്.

അപ്പോൾ സോപാനമാണോ നമ്മുടെ തനത് പാട്ട്? മറ്റൊരു പഴഞ്ചൊല്ല് കണക്കാണിത്; മലയാളിക്ക് തനതു നാടകമുണ്ടോ? അതിൻമേൽ പിടിച്ചുള്ള സാഹസം ഒരു പ്രസ്ഥാനം തന്നെയായിത്തീർന്നു ജി. ശങ്കരപ്പിള്ളയും ശ്രീകണ്ഠൻ നായരും വയലായും കാവാലവുമൊക്കെ സിര പുകച്ചു. എന്നിട്ടും തനത് നാടകം ഇന്നും മലയാളിയുടെ തിരുവരങ്ങത്തെ മരീചിക. തനത് സംഗീതത്തിന്റെ കഥയും തഥൈവ. നാടൻപാട്ടുണ്ട്, നാടക പ്പാട്ടുണ്ട്, സിനിമാപാട്ട് ഉണ്ട്, നാടോടിയും മാപ്പിളയും വടക്കനും തെക്കനും ഭരണിപ്പാട്ടും വരെയുണ്ട്. ഈ മാരിവില്ലിൽ എവിടെയാണ് മലയാണ്മ?

ആഘോഷങ്ങളുടെ അരങ്ങാണ് പാട്ടിനെ ആദ്യം ജനകീയമാക്കുന്നത്. വയൽപ്പാട്ടും കഥാകാലക്ഷേപം, കഥാപ്രസംഗം , വി​ല്ലടിച്ചാൻപാട്ട്, മാപ്പിളപ്പാട്ട്, നാടകം... ആൾക്കൂട്ട ജനപ്രീതിയുടെ നങ്കൂരം സിനിമ കവർന്നതോടെ പിന്നണിപ്പാട്ടായി ഒരുമാതിരിപ്പെട്ട മലയാളിയുടെ പാട്ട്. ആദ്യകാല ചലച്ചിത്രങ്ങൾ നിറയെ ഹിന്ദി, തമിഴ് പാട്ടുകളുടെ പകർപ്പായിരുന്നു. പിന്നെ സ്വന്തം ഇൗണത്തിൽ നടുവൊന്ന് നിവർത്തിയപ്പോഴും നട്ടെല്ല് ശാസ്ത്രീയ സംഗീതം വക.

അതത്ര ചെറിയ സംഗതിയല്ല, ശാസ്ത്രീയ രാഗങ്ങൾക്ക് ജനകീയ വശ്യതയേകിയ ഭഗരീഥയത്നം. ഉദാഹരണത്തിന് മുപ്പതിൽപരം പാട്ട് നെയ്തു ദേവരാജൻ ഒരൊറ്റ രാഗത്തിൽ- മോഹനം. മുപ്പതും മുപ്പതായി വേറിട്ട് നിൽക്കുന്ന സർഗചാതുരിയോടെ.

 

മലയാളി സ്വയമറിയാതെ കലാ സംഗീതത്തിന്റെ ലാളനയിൽ ലയിക്കുകയായിരുന്നു, ശാസ്ത്രീയ ശിക്ഷണമേതുമില്ലാതെ. ‘‘സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ...’’ നമ്മുടെ ഹൃദയമുരുക്കുന്നത് കാപി രാഗമാണോ? ‘‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ...’’ നമ്മെ തരളിത ഗാത്രരാക്കുന്നത് ദേശിരാഗമാണോ? അതൊന്നും ജനസാഗരത്തിന് അറിയില്ല അറിയേണ്ട കാര്യമില്ല. അടങ്കം അനുഭവിക്കാൻ അശിച്ചിടക്കും കഴിയുന്നിടത്താണ് പാട്ടി​ന്റെ മാന്ത്രികം. അരനൂറ്റാണ്ടോളം മലയാളി ആ വഴിയെ തഴച്ചു. അനന്തരം തഴമ്പുകൾ തച്ച് പ്രകടമായ വഴിമാറ്റം നടത്തിയ റഹ്മാനിൽപോലും അന്തർലീനമായത് മേപ്പടി ശാസ്ത്രീയതയുടെ തായ് വേര്- സിന്ത സൈസറിന്റെ ചെട്ടിമിടുക്കുകൊണ്ട് സഞ്ചാരീ വഴികൾക്ക് പ്രച്ഛന്നവേഷം ചാർത്തുമെങ്കിലും. സമ്പ്രദായങ്ങൾ ഊരിയെറിഞ്ഞ് നാദധ്വനിയിലും ഈണവിധാനത്തിലും കാതൽവ്യതിയാനം വരുത്തിയെങ്കിലും പോകപ്പോകെ സ്വയമനുകരിച്ചു റഹ്മാൻ ആ പുതുവഴി പിൻപറ്റിയോരും. വിപ്ലവ മേതിന്റെയും അനന്തര വിധി ഇതിനും- യാന്ത്രികത.

പിന്നണി പാട്ടുകൾ ഭാവഗീതങ്ങളാണ്, മനുഷ്യഭാവങ്ങൾക്ക് ജീവനും വ്യാഖ്യാനവും പകരുന്നവ. അതുകൊണ്ടുതന്നെ വരികൾക്ക് പ്രാധാന്യം വേണ്ടിവരുന്നു. അപ്പോൾ തോന്നാം പുതിയ പടങ്ങളിലെ ജിമിക്കിപ്പാട്ടുകളോ? അവിടെ വരികൾ അപ്രസക്തം, തള്ളിയാർക്കാനുള്ള താ​ളക്കൊഴുപ്പു മതി. ജലദോഷപ്പനിയുടെ നാദപശിമയിൽ റഹ്മാനീ മ​​ൂശയിലുള്ള കോടപ്പാട്ടുകളോ? അവിടെയും വരികൾ അപ്രസക്തം, ‘മൂഡി’ന്റെ അന്തരീക്ഷസൃഷ്ടി മതി. ഇതൊരുചോടുമാറ്റമാണ്, ഭാവഗാനങ്ങളിൽ നിന്നുള്ള പരിണാമം.

കലയേതിനും വേണം ഒരാന്തരിക ഭൂമിക, സംസ്കാരത്തിന്റെ. അതിലായിരിക്കെ, പഠിച്ചില്ലെങ്കിലും ഉള്ളിലുണ്ടാവും വ്യാകരണം, പാട്ടിന്റെ. മാതൃഭാഷയുടെ വ്യാകരണം നവശിശുവിൽ സഹജമായിരിക്കുമ്പോലെ. വ്യാകരണമല്ല പാട്ട് അതില്ലെങ്കിൽ പക്ഷേ ആസ്വാദനം നടക്കില്ല. നാടൻപാട്ടിനും പിന്നണിപ്പാട്ടിനുമെല്ലാമുണ്ടത്. ചിലതിൽ കലാസംഗീതത്തിന്റെ പ്രത്യയങ്ങളും ഉപസർഗങ്ങളും കൂടുതലുണ്ടാവും, ചിലതിൽ കുറഞ്ഞും. നാടൻപാട്ടിന് ശാസ്ത്രീയ സാങ്കേതങ്ങളില്ല. എന്നാൽ ‘ഉറവി’ലെ കുട്ടപ്പൻ മാഷോട് ചോദിച്ചുനോക്കൂ, ശാസ്ത്രീയ നിയമങ്ങളെ വഴിപോക്കരാക്കി പാട്ട് എങ്ങനെ നിറവോടെ പുലരുമെന്ന് പാടിക്കാട്ടിത്തരും. അവയിൽ നിഴലിടുക താളങ്ങളാണ്. പ്രകൃതിയിൽ പണിയെടുക്കുന്നോർ മനസ്സിന് അഴവ് കണ്ടെത്തിയ വഴിക്കാണ് അത് ഉറന്നത്.

 

ലാളിത്യം മുഖമുദ്ര (ലാളിത്യമില്ലെങ്കിൽ വാമൊഴി പകർച്ച പ്രയാസം) പദ്ധതി നേർമയുള്ളത്. സ്വരസ്ഥാനങ്ങൾ പരമിതം- രണ്ടു മുതൽ അഞ്ചുവരെ. പ്രതിമധ്യമം ഇല്ലേയില്ല. താളവട്ടം ഓർമിപ്പിക്കാൻ ചൊൽക്കെട്ടുണ്ട്. നാദമാകട്ടെ പേച്ചുമിനുക്കേതുമില്ലാതെ തനി ​ഗ്രാമ്യം. ലോകമെങ്ങുമുണ്ട് ഈ മട്ട്. താരാട്ട് തൊട്ട് ഒപ്പാരിവരെ വിശാലമാണ് അതിന്റെ മലയാളിപ്പതിപ്പും -അനുഷ്ഠാനപരമോ അല്ലാത്തതോ. ഏതിലും ആധാരം താളം. ഭഗോതിപ്പാട്ടിൽ താളപ്രസ്ഥാരംകൊണ്ടുള്ള വാഗ്വാദംപോലുമുണ്ട്, പാടർക്കിടയിൽ. ചുരുക്കമി​ത്രമാത്രം; സാമാന്യജനത്തിന് താളം വേണം, വാക്കും. ഒരു പരിധിയോളം അർഥവും. കലാസംഗീതം പക്ഷേ നാദോപാസനയാണ്, അതിൽ ഇപ്പറഞ്ഞതൊക്കെ ആത്യന്തികമായി അപ്രസക്തം അപ്പോഴും പഴയ ചോദ്യം മിച്ചം; നമുക്കുണ്ടോ തനത് പാട്ട്?

പറഞ്ഞുവന്നാൽ ഒരു പാട്ടും ആരുടേതുമല്ല എല്ലാവരുടേതുമാണ്. പ്രകൃതിയെ അനുകരിച്ച് പകർത്തിയെഴുത്തിന്റെ ഉടമസ്ഥത പ്രകൃതിക്കാണെന്ന് വേണമെങ്കിൽ പറഞ്ഞുവെക്കാം. പ്രകൃതിപെറ മനുഷ്യ​െന്റ ഉടമസ്ഥതയിൽ എന്നപോലെ. പകർത്തലിന്റെ വൈഭവം അവകാശപ്പെടാം, മനുഷ്യന്. പകർച്ചയുടെ തുടർച്ചമാത്രമാണ് പാട്ടിലെ വേഷപ്പകർച്ചകൾ. കിഴക്കനും പടിഞ്ഞാറനും; നാടനും ശാസ്ത്രീയവും, ഫ്യൂഷനും ഫിഷനുമൊക്കെ. അതുകൊണ്ട് മലയാളിക്ക് മാത്രമായൊരു പാട്ടില്ല മറ്റാർക്കും മാത്രമായി ഒന്നില്ലാത്തപോലെ. ഉള്ളതൊക്കെ നമ്മുടേതാണ്; മറ്റുള്ളോരുടേതുമാണ്.

Tags:    
News Summary - the art of background music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-06 02:00 GMT