ലീല

കളി ഒരവതരണമാണ്. അവതരിപ്പിക്കുക എന്നാൽ, അക്ഷരാർഥംതന്നെ ‘കൺമുന്നിൽ വെക്കുക’ എന്നല്ലേ? നേർമുന്നിൽ ഹാജരുള്ളത് കാണാം, കേൾക്കാം, തൊടാം, നുകരാം, തൽക്ഷണം അനുഭവിക്കാം യഥാർഥ സമയത്തിൽ. കളിയായി തോന്നാം. ആവശ്യങ്ങളാണ് ജീവിതത്തെ ജീവനയോഗ്യമാക്കുക. അനാവശ്യങ്ങളാണ് അതിന് വിലമതിപ്പുണ്ടാക്കുക. ജീവിതത്തിൽ പാടേ അരക്ഷിതനായിരുന്നു ഗുഹാമനുഷ്യൻ. കല തീർത്തും അനാവശ്യമായ ചുറ്റുപാട്. കലക്ക് ഒട്ടും യോജ്യമായിരുന്നില്ല അയാളുടെ പാർപ്പിടം. എന്നിട്ടും ആ പൂതലിച്ച ചുവരുകളിൽ അയാൾ ചിത്രമെഴുതി. ജീനുകൾ പകർത്തിപ്പോവുക–അതാണ് ജീവിയുടെ വംശപരമായ അടിസ്ഥാനാവശ്യം. പ്രത്യുൽപാദനത്തിന് അനിവാര്യമേയല്ല പ്രണയം. എന്നിട്ടും...

കളി ഒരവതരണമാണ്. അവതരിപ്പിക്കുക എന്നാൽ, അക്ഷരാർഥംതന്നെ ‘കൺമുന്നിൽ വെക്കുക’ എന്നല്ലേ? നേർമുന്നിൽ ഹാജരുള്ളത് കാണാം, കേൾക്കാം, തൊടാം, നുകരാം, തൽക്ഷണം അനുഭവിക്കാം യഥാർഥ സമയത്തിൽ.

കളിയായി തോന്നാം. ആവശ്യങ്ങളാണ് ജീവിതത്തെ ജീവനയോഗ്യമാക്കുക. അനാവശ്യങ്ങളാണ് അതിന് വിലമതിപ്പുണ്ടാക്കുക. ജീവിതത്തിൽ പാടേ അരക്ഷിതനായിരുന്നു ഗുഹാമനുഷ്യൻ. കല തീർത്തും അനാവശ്യമായ ചുറ്റുപാട്. കലക്ക് ഒട്ടും യോജ്യമായിരുന്നില്ല അയാളുടെ പാർപ്പിടം. എന്നിട്ടും ആ പൂതലിച്ച ചുവരുകളിൽ അയാൾ ചിത്രമെഴുതി. ജീനുകൾ പകർത്തിപ്പോവുക–അതാണ് ജീവിയുടെ വംശപരമായ അടിസ്ഥാനാവശ്യം. പ്രത്യുൽപാദനത്തിന് അനിവാര്യമേയല്ല പ്രണയം. എന്നിട്ടും മനുഷ്യൻ പ്രണയിക്കുന്നു. അതിന്റെ പേരിൽ ജീവൻപോലും കൊടുക്കുന്നു, എടുക്കുന്നു. ഇങ്ങനെ നീളുന്ന അനാവശ്യങ്ങളുടെ പട്ടികയിലാണ് കളിയും. കളിച്ചില്ലെന്നുവെച്ച് ഒരു ചുക്കുമില്ല. എന്നിട്ടും മനുഷ്യൻ കളിക്കുന്നു. എന്തേ?

കൽമഷമൊഴിഞ്ഞ കളി നമ്മെ മോചിപ്പിക്കുന്നു, ജയാപജയങ്ങളുടെ പിടിയിൽനിന്ന്. അങ്ങനെ, ജീവിതം ചമയ്ക്കുന്ന തടവറയിൽനിന്നുള്ള വിടുതിയാവുമത്. മത്സരബുദ്ധിയില്ലാത്ത കളി അയുക്തികമായ അധ്വാനമെന്നു പറയും, ബുദ്ധിയുള്ള പ്രയോജനവാദികൾ. കാരണം, മെയ്യും മനസ്സും മറന്നുള്ള ലീലയിൽ നഷ്ടപ്പെടുത്തുന്നതിന്റെയൊക്കെ ഉപയോഗസാധ്യത എത്രയോ വലുതാണ്. നഷ്ടപ്പെടുത്തുന്നത് നമ്മെത്തന്നെയാണ്. കളിയിൽ മുഴുകി സ്വയം വെടിയുമ്പോൾ നമ്മൾ കണ്ടെത്തുകയാണ് നിമിഷത്തെ, അതിന്റെ അത്ഭുതലോകത്തെ. ആ ലോകത്തങ്ങ് ലയിച്ചുചേരുകയാണ് കളിയിൽ, അതിന്റെ ആസ്വാദനത്തിൽ.

കളി ഒരവതരണമാണ്. അവതരിപ്പിക്കുക എന്നാൽ, അക്ഷരാർഥംതന്നെ ‘കൺമുന്നിൽ വെക്കുക’ എന്നല്ലേ? നേർമുന്നിൽ ഹാജരുള്ളത് കാണാം, കേൾക്കാം, തൊടാം, നുകരാം, തൽക്ഷണം അനുഭവിക്കാം. യഥാർഥ സമയത്തിൽ യഥാർഥ സാന്നിധ്യത്തോടെ സംഭവിക്കുന്ന ഊർജലീല അത് മനസ്സിന് പകരുന്ന ചലനത്തിന്റെ സ്വർഗീയതയിലാണ് കളിയുടെ അഴക്, വശ്യത.

കളി നേരിൽ കളിക്കുമ്പോൾ, കാണുമ്പോൾ പാടേ കവർന്നെടുക്കപ്പെടുകയാണ് നാം-വിസ്മയകരമായ തൽക്ഷണതയിലേക്ക്. നിത്യജീവിതപ്പതിവുകളിൽനിന്ന്, ക്ഷണികമെങ്കിലും ഹർഷോന്മാദത്തിലേക്ക്. ‘സാന്നിധ്യം’ ഇവിടെ സവിശേഷ രൂപമൊന്നുമല്ല. കാരണം, കണ്ണ് അഞ്ചിക്കുകയാണത്, മനസ്സ് മയക്കുകയും. അന്നേരം രൂപക്ലിപ്തത അപ്രസക്തം, നേരനുഭവത്തിനപ്പുറം നൂഴ്ന്ന് അർഥം തിരയേണ്ട കാര്യവുമില്ല. ലീലാനുഭവത്തിൽ പൂണ്ടടങ്കം മുഴുകുക, അതിനപ്പുറം ഒന്നുമില്ല. അല്ലെങ്കിൽ, ചോദിച്ചുനോക്ക് ഓടിക്കളിക്കുന്ന കുട്ടികളോട്.

കളിയെ സാമൂഹിക ജീവിതത്തോട് വിമർശമുനയിൽ കോർക്കുന്ന പതിവുണ്ട്, നവീനചിന്തകർക്ക്. മികച്ച ഉദാഹരണം അഡോനോ. വ്യവസായ സമൂഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളും അനീതികളും കളി പ്രതിഫലിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നു-അങ്ങനെയാണ് ടിയാന്റെ ഉളിക്കുത്ത്: ‘‘ബൂർഷ്വാ അസ്തിത്വത്തിന്റെ പിടിവിടാ പ്രവർത്തനവും അതിന്റെ യുക്തിസമർഥനവും ആധുനിക കളികളിൽ കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സ്പോർട്സ് കളിയല്ല, ആചാരമാണ്. അതിന് വിധേയരായവർ സ്വന്തം വിധേയത്വത്തെ ആഘോഷിക്കുകയാണ്’’ (Dialectic and Enlightenment/Theodor Adorno).

സാംസ്കാരിക വ്യവസായത്തിന്റെ ശ്വാസംമുട്ടിക്കുന്ന നീളൻ വ്യാളിക്കരങ്ങളാണ് അഡോനോക്ക് കളിയേതും. ആൾക്കൂട്ട ജനപ്രിയതയുടെ അധിപഗണം സ്വന്തം ആധിപത്യക്കരുത്തിന്റെ അസ്തിവാരമായി കളിയെ വസൂലാക്കുന്നെന്ന്. ഏറ്റവും ജനപ്രിയ കളിയായ ഫുട്ബാളിനെത്തന്നെ ഉദാഹരിക്കുന്നു അദ്ദേഹം: ‘‘ഒഴിവുനേര വിനോദമായാണ് കാൽപന്തുകളി കടന്നുവരുന്നത്. വാസ്തവത്തിലത് തൊഴിലിന്റെ നിഴൽരൂപേണയുള്ള തുടർച്ച മാത്രമാണ്-തൊഴിൽ പ്രക്രിയക്ക് വേണ്ടുന്ന പെരുമാറ്റത്തിന്റെ മൂശയിലുള്ളത്.’’

പക്ഷേ മഹാശയാ, പ്രാക്തനമാണ് കളി. പ്രാചീന ശിലായുഗർപോലും കളിയാടിയിരുന്നു -ഫ്രാൻസിൽ ഇന്നുമുള്ള ലാസോ (Lascaux) ഗുഹകളിലെ 17,000 കൊല്ലം പഴകിയ ചുവർഛായകൾ സാക്ഷി. അന്ന് ഏതായാലും ബൂർഷ്വയില്ല, മുതലാളിത്തം തീരെയും. ആ മനുഷ്യർ ആഘോഷിച്ചത് ‘വിധേയത്വ’ത്തെയുമല്ല. ഇക്കാല ധൈഷണിക ലോകത്താണ് അമ്മാതിരി കസർത്തുകൾ. (ആ സിരാലോകത്ത് ലീലകൾ ഇനിയും ചരിത്രബാല്യം താണ്ടിയിട്ടില്ലതാനും). ശരിയാണ്, നവീനകാലേ കളികൾ പലതും മനുഷ്യന്റെ എരണംകെട്ട ആർത്തികളുടെ വിളനിലമാകാറുണ്ട്. വിശേഷിച്ചും ‘പ്രഫഷനൽ’ കളിയരങ്ങിൽ. എ.ടി.പിയും ഫിഫയും ഐ.സി.സിയുമൊക്കെ പണമദത്തിൽ വിരാജിക്കുമ്പോഴും കളി നെഞ്ചുവിരിച്ചുനിൽക്കുന്നുണ്ട്, മുതലിന്റെയും അഴിമതിയുടെയും കമ്പോള മലീമസങ്ങളുടെയും വിമാനവീകരണ ശക്തികൾക്കു വിലങ്ങനെ–കഠിനാധ്വാനങ്ങളുടെയും ഹൃദയവികാരങ്ങളുടെയും നിർമല പൊലിമയായിക്കൊണ്ട്. ഉടലിന്റെയും ഉള്ളിന്റെയും ആളലായിക്കൊണ്ട്. രാഷ്ട്രീയ വ്യവസ്ഥിതി ഏതിനമായാലും കളിക്ക് മനുഷ്യനിലുള്ള വിലാസദീപ്തി നിഷേധിക്കാനാവില്ല.

കളിയെപ്പറ്റി ഓർക്കുന്ന നിമിഷം മനസ്സിൽ ഉണരുവതെന്താണ്?

–രസം, ഉല്ലാസം, ഉന്മേഷം, ആനന്ദം. അത് സാർവലൗകികമായ പ്രതികരണമാണ്. സ്വമേധയാ, ഇഷ്ടത്തോടെ നടത്തുന്ന സവിശേഷ പെരുമാറ്റം. സ്വേദനവും ആസ്വാദനവുമാണത്. നേരിൽ കളിച്ചില്ലെങ്കിൽപ്പോലും ആരും പങ്കെടുക്കുന്നുണ്ട് കളിയിൽ, അതിന്റെ കാഴ്ച വഴിയെങ്കിലും. അടങ്കം മുഴുകുന്ന കാഴ്ചയും പങ്കാളിത്തമല്ലേ?

മനുഷ്യന് മാത്രമുള്ളതല്ലല്ലോ കളി. തൊട്ടരികത്തെ ഉദാഹരണം കാക്ക. അവരുടെ കളികളെപ്പറ്റി ഗവേഷണങ്ങൾ പലതുണ്ട്. ഏഴു ലീലാരീതികൾതന്നെ ചികഞ്ഞെടുത്തിട്ടുണ്ട് ഗവേഷകർ: വസ്തുക്കൾ ഒളിപ്പിക്കുക, പറക്കുമ്പോൾ സൂത്രങ്ങളിറക്കുക, കുളിക്കുമ്പോൾ വെള്ളം ചപ്പുക, ചരിവുകളിലൂടെ ഊർന്നിറങ്ങുക, ചുമ്മാ തൊണ്ടകാറുക, ചില്ലകളിൽ കിഴുക്കാംപാട് തൊങ്ങിയാടുക... ഇതൊക്കെത്തന്നെയില്ലേ മനുഷ്യലീലകളിലും?

നവീന സാംസ്കാരിക പഠനങ്ങളുടെ പ്രാരംഭകനായ ഡച്ച് ചരിത്രകാരൻ ഹുയിസിംഗ. അദ്ദേഹം നിർണായകമായൊരു കാഴ്ച പതിക്കുന്നുണ്ട്, കളിക്കുമേൽ: ‘‘കളി സംസ്കാരമുണ്ടാക്കുന്നു... മിത്തിലും ആചാരത്തിലുമാണ് പരിഷ്കൃത ജീവിതത്തിന്റെ ഏറ്റം വലിയ ത്വരകളുടെ പ്രഭവം. ക്രമവും ചിട്ടയും, വാണിഭവും ലാഭവും, കലയും തച്ചും, കവിതയും സംഗീതവും, ശാസ്ത്രവും വിവേകവും–എല്ലാം വേരിടുന്നത് കളിയുടെ പ്രാഗ്ഭൂവിലാണ്.’’ (ഹോമോ ലൂഡെൻസ്/ യോഹാൻ ഹുയിസിംഗ).

സംസ്കരിച്ചത് അഥവാ, പരിഷ്കൃതം. അതുമാത്രമാണ് ആധുനിക സംസ്കാരത്തിന് ‘സാര’മുള്ളതാവുക, സമ്മതമാവുക. അല്ലാത്തത് കാടത്തം അഥവാ മൃഗതുല്യം എന്ന് വിവക്ഷ. കാട് മൃഗത്തിന് (അപരിഷ്‍കൃതം) പതിച്ചുകൊടുത്തല്ലോ പരിഷ്കാരികൾ. കാട്ടിലാണെങ്കിൽ കളിയത്രയും കാക്കയുടെ മാതിരി –വിശേഷിച്ചൊരു കാരണമോ ഉദ്ദേശ്യമോ ഇല്ലാത്ത കുസൃതി, കാട്ടിക്കൂട്ടൽ. ചുരുക്കത്തിൽ, പരിഷ്കൃതരുടേതാവുമ്പോൾ മാത്രം കളി ‘സൃഷ്ടിപരം’. എന്നുവെച്ചാൽ, കളിയും സംസ്കാരവുമൊക്കെ അർഥവത്തായ ആനന്ദാനുഭവമാവുക സംസ്കൃതരുടെ മാത്രം സവിശേഷയോഗമെന്ന്. അ​േ​പ്പാൾ, ‘അസംസ്കൃതർ’ ആനന്ദിക്കുന്നില്ലേ, പിന്നെന്തിന് അവർ കളിക്കുന്നു?

സംസ്കാരം പല ജനവിഭാഗങ്ങളെയും അച്ചടക്കപ്പെടുത്തിയിട്ടുണ്ട്. നിസർഗതയെ അടക്കുകയാണ് അച്ചടക്കത്തിന്റെ പ്രാഥമികം. മേൽശക്തിയുള്ളോർ മറ്റുള്ളോരെ അടക്കുന്നു. ആ കരുത്തില്ലാത്തോർ മ്ലേച്ഛർ എന്നാണ് എല്ലാത്തരം ആധിപത്യത്തിന്റെയും സാംസ്കാരിക യുക്തിതന്നെ –കാടരെ നാടരാക്കുക, നാഗരികരാക്കുക. ഈ പ്രത്യയശാസ്ത്ര യുക്തിയുടെ ഉപാധികൾ സമാനമാണ്– അടക്കേണ്ടവരുടെ കഴുത്തിൽ കോളനിശക്തികൾ വെച്ചത് വെടിക്കോപ്പ്, വർണാശ്രമ ശക്തികൾ വെച്ചത് മതക്കോപ്പ്.

 

ആധുനികചിന്ത എല്ലാ സന്ദർഭങ്ങളിലും യുക്തിഭദ്രവും നിയമാനുസൃതവുമായ ലീലാഭാവത്തിന്റെ നീട്ടലായാണ് കളികളെ കണക്കാക്കുന്നത്. ഏതു കളിയും മനുഷ്യന് നിയന്ത്രിത സ്വാതന്ത്ര്യം മാത്രം അനുവദിക്കുന്നു. അതുകൊണ്ടാണ് കളിയേതും സാമൂഹികക്രമത്തെ പ്രതിഫലിപ്പിക്കുന്നെന്നു പറയുന്നത്. വികാരത്തെ യുക്തിക്ക് വിപരീതമായി കണക്കാക്കുന്ന ഏതു സാമൂഹികക്രമവും ശ്രേണീയതയെ സാധൂകരിച്ച് പുലർത്തും–മേലും കീഴും, ഉടമയും അടിമയും എന്നങ്ങനെ. തുല്യതക്കായുള്ള ഏതു പോരാട്ടത്തെയും ഈ ചുറ്റുവട്ടത്തിൽ അക്രമമായി എളുപ്പത്തിൽ ചാപ്പയടിക്കാനാവും–യുക്തിപരതയുടെ പേരിൽ. ഇത്തരം കൽപിത യുക്തിയുടെ കാക്കിരൂപങ്ങൾ ഹൃദയവൈകാരികതയെ തച്ചമർത്തുന്ന കാലത്താണ് ഇന്നും മനുഷ്യൻ.

മൃഗമായാലും മനുഷ്യമൃഗമായാലും പ്രകടമാക്കുന്നൊരു പൊതു പെരുമാറ്റ വട്ടമുണ്ട്: ക്രമം, ക്രമഭംഗം, ചലനം, മാറ്റം, താളം, ചടുലത, ലയം, ആനന്ദ വിരേചനം... കളിയെ നിയന്ത്രിത ആചരണമായി കണക്കാക്കുമ്പോൾ ഈ സ്വതന്ത്രഭാവങ്ങളൊക്കെ രണ്ടാംകിടയാവുന്നു. നേരാണ്, കളിനേരങ്ങൾ പാറിപ്പോകുന്നവ തന്നെ, നൈമിഷികം. അപ്പോഴുമുണ്ട് ആ ക്ഷണഭംഗുരതക്കൊരു സവിശേഷത–ഉടലും ഉള്ളും ഇഴചേർക്കുന്ന സ്വരൈക്യം. നമ്മുടെ ആന്തരികതയുടെ ഗാഢഭാഗമാണ് കളി എന്നതൊരു ജീവശാസ്ത്രപരമായ വസ്തുതയാണ്. ഐന്ദ്രികതയുടെ വികാസത്തിലെ ഗണ്യമായ പടി. പറഞ്ഞുവന്നാൽ, അത് നമ്മുടെ യുക്തിന്യായ ചിന്തയുടെ അടിസ്ഥാന പ്രേരകവുമാവും. അത് ‘നാഗരികരു’ടെ മാത്രമല്ല ‘കാടരു’ടെയും ബോധഭാഗംതന്നെ. ‘പരിഷ്കൃത’രുടെ ഭാവം പക്ഷേ, അത് മറ്റുള്ളോർക്കില്ലെന്നാണ്, ഈ വിചാരം പ്രാകൃതമെന്ന് സമ്മതിക്കയുമില്ല!

കളിയിലെ ഒരു മർമഘടകം വിട്ടുകളയുകയാണ് ആധുനിക ചിന്തകരെല്ലാം: യാദൃച്ഛികത, കളിയേതിലുമുണ്ട് ചൂതാട്ടം, അറിഞ്ഞുകൊണ്ടുള്ള അപായമെടുപ്പ്. മാറാട്ടവും അയുക്തികതയും വിഡ്ഢിത്തം വരിക്കലുമൊക്കെ പല സംസ്കാരങ്ങളിലെയും ലീലാരീതികളിലുമുണ്ട്. ഇത്തരം മനോഭാവങ്ങൾ ആധുനിക മത്സരസങ്കൽപത്തെ ഹനിക്കുന്നു. കഴിവിനെ (മെറിറ്റ്) ആധാരമാക്കിയ നവീന കളിഘടനയെ കൊഞ്ഞനംകുത്തുന്നു. മറക്കരുത്, യുക്തിക്കും ചിന്തക്കും ഇടയിലൊരു ചിരിപ്പിക്കുന്ന വിടവുണ്ട് ആധുനികമായ ഏതു സമീപനത്തിലും.

കളി, മനുഷ്യന് കളമൊരുക്കുന്നത് മനുഷ്യൻ ഒരുക്കുന്ന കളിക്കളങ്ങളിലല്ല, ഉടലുകളുടെ, ഇടങ്ങളുടെ ചലനങ്ങളുടെ, ഇംഗിതങ്ങളുടെ, അവയുടെ വിപരീതങ്ങളുടെ ഒക്കെ കൂടിക്കളി. അതു പകരുന്ന ലാവണ്യാനന്ദത്തിലാണ് കളിക്കളമൊരുക്കുന്നത്–കളിക്കാർക്കും കാണികൾക്കും. അവിടെ ബൂർഷ്വയും പ്രോലിറ്റേറിയറ്റുമില്ല. ആധിപത്യവും വിധേയത്വവുമില്ല. പ്രഫഷനലും അമച്വറുമില്ല. മദവും മാത്സര്യവുമില്ല. ഇപ്പറഞ്ഞതിന്റെയെല്ലാം നിരാസമാണ് ലീല. അല്ലെങ്കിൽ ചോദിച്ചുനോക്ക്, മണ്ണിൽ പൂന്തിവിളയാടുന്ന കുട്ടികളോട്.

Tags:    
News Summary - play the game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-30 02:00 GMT