അവസാനിക്കാത്ത ചരിത്രം

ഭൂതകാലമല്ല ചരിത്രം; കാലക്രമത്തിൽ അടുക്കിവെച്ച ഭൂതകാല സംഭവങ്ങളുടെ ശേഖരവുമല്ല. സവിശേഷവും താരതമ്യേന നവീനവുമായ ഒരു ആവിഷ്കാരഗണമാണ് ചരിത്രം. കൃത്യമായ അതിരുകൾക്കകത്ത് പ്രവർത്തിക്കുന്ന ഈ ജ്ഞാനഘടനയിലേക്ക് ഭൂതകാലസംഭവങ്ങളെക്കൂടി ഉൾച്ചേർത്തുകൊണ്ടാണ് മനുഷ്യചരിത്രം എന്ന ദീർഘാധ്യായം ഇന്ന് നമ്മൾ നിർമിച്ചെടുക്കുന്നത്. സംസ്കാരചരിത്രത്തിന്റെ ആരംഭം മുതലുള്ള മനുഷ്യകഥയെ അൽപം മാറിനിന്ന് നമ്മൾതന്നെ മനസ്സിലാക്കുന്നതങ്ങനെയാണ്. സന്ദർഭങ്ങളുടെയും സംഭവങ്ങളുടെയും തിരഞ്ഞെടുപ്പിലും പ്രാധാന്യക്രമത്തിലും ഊന്നലിലും വ്യത്യസ്തസംഭവങ്ങളുടെ പരസ്പരനിർണയപ്രകൃതത്തെ വിശദീകരിക്കുന്നതിലുമെല്ലാം കൈക്കൊള്ളുന്ന...

ഭൂതകാലമല്ല ചരിത്രം; കാലക്രമത്തിൽ അടുക്കിവെച്ച ഭൂതകാല സംഭവങ്ങളുടെ ശേഖരവുമല്ല. സവിശേഷവും താരതമ്യേന നവീനവുമായ ഒരു ആവിഷ്കാരഗണമാണ് ചരിത്രം. കൃത്യമായ അതിരുകൾക്കകത്ത് പ്രവർത്തിക്കുന്ന ഈ ജ്ഞാനഘടനയിലേക്ക് ഭൂതകാലസംഭവങ്ങളെക്കൂടി ഉൾച്ചേർത്തുകൊണ്ടാണ് മനുഷ്യചരിത്രം എന്ന ദീർഘാധ്യായം ഇന്ന് നമ്മൾ നിർമിച്ചെടുക്കുന്നത്. സംസ്കാരചരിത്രത്തിന്റെ ആരംഭം മുതലുള്ള മനുഷ്യകഥയെ അൽപം മാറിനിന്ന് നമ്മൾതന്നെ മനസ്സിലാക്കുന്നതങ്ങനെയാണ്. സന്ദർഭങ്ങളുടെയും സംഭവങ്ങളുടെയും തിരഞ്ഞെടുപ്പിലും പ്രാധാന്യക്രമത്തിലും ഊന്നലിലും വ്യത്യസ്തസംഭവങ്ങളുടെ പരസ്പരനിർണയപ്രകൃതത്തെ വിശദീകരിക്കുന്നതിലുമെല്ലാം കൈക്കൊള്ളുന്ന രീതികളുടെ വിഭിന്നതകളാണ് ചരിത്രരചനാശാസ്ത്രത്തിന്റെ (Historiography) വ്യത്യസ്തപദ്ധതികൾക്കടിസ്ഥാനം. ഇന്ത്യാ ചരിത്രപഠനത്തെ സംബന്ധിച്ച് കേംബ്രിഡ്ജ്, ദേശീയവാദം, മാർക്സിസ്റ്റ്, കീഴാളം, ഹിന്ദുത്വം എന്നിങ്ങനെയുള്ള പലതരം സ്കൂളുകളായി ഇത് മാറുന്നു.

മാർക്സിസ്റ്റ് ചരിത്രകാരനാണ് ഡോ. കെ.എൻ. പണിക്കർ. ചരിത്രപഠനപ്രക്രിയയിൽ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ രീതിശാസ്ത്രമാണ് ഡോ. കെ.എൻ. പണിക്കർ പിന്തുടരുന്നതെന്ന് വിശേഷിച്ചു പറയേണ്ടതില്ല. ചരിത്രപരമായ ഭൗതികവാദത്തിന്റെ പ്രയോഗസാക്ഷ്യങ്ങളാണ് അദ്ദേഹമെഴുതിയ ‘കൾചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ’, ‘ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ’, ‘കൾചർ ഐഡിയോളജി ആൻഡ് ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്‌നസ് ഇൻ കൊളോണിയൽ ഇന്ത്യ’, ‘കമ്യൂണൽ ത്രെട്ട് സെക്കുലർ ചലഞ്ച്’, ‘കണ്ടംപററി ഇന്ത്യ: കൾചർ ആൻഡ് പൊളിറ്റിക്സ്’, ‘ഇന്ററോഗേറ്റിങ് കൊളോണിയൽ മോഡേണിറ്റി’ തുടങ്ങിയ നിരവധിയായ ഗ്രന്ഥങ്ങൾ.

ഭൗതികാസ്പദങ്ങളെ പ്രഥമവും പ്രധാനവുമായി കരുതിക്കൊണ്ടാണ്, സ്വാഭാവികമായും, പണിക്കർ തന്റെ അന്വേഷണം വികസിപ്പിക്കുന്നത്. അതേ സമയം, പ്രത്യക്ഷ ഭൗതികവാദപരമായ നോട്ടങ്ങളെ മുറിച്ചുകടന്നുകൊണ്ട്, ആശയങ്ങളുടെ ഭൗതികശേഷിയെ ഉൾക്കൊള്ളാൻ പാകത്തിൽ തുറന്നുകിടക്കുന്ന ഘടനയാണ് പണിക്കരുടെ ചരിത്രാന്വേഷണ മണ്ഡലത്തിന്റേത്. ഭാവനയുടെയും ചിന്തയുടെയും ഉൽപന്നങ്ങളായ കല-സാഹിത്യ സൃഷ്ടികളെ ചരിത്രപഠനത്തിന്റെ മുഖ്യമായ ഉപാദാനങ്ങളിലൊന്നായി പണിക്കർ കരുതുന്നത് അതുകൊണ്ടാണ്.

സമകാല ഇന്ത്യയുടെ ചരിത്രവിജ്ഞാനീയത്തിന് എന്നതുപോലെ സംസ്കാരചരിത്രത്തിനും കൈവന്ന വലിയ ഉപലബ്ധികളായി കെ.എൻ. പണിക്കരുടെ ചരിത്രപഠനങ്ങൾ മാറുന്നത് സംസ്കാരം എന്ന പരികൽപനക്ക് ആ പഠനങ്ങളിൽ കൈവന്ന അധിക ഊന്നൽമൂലമാണ്. ദൈനംദിന ജീവിതവ്യവഹാരങ്ങളുടെ അടിത്തറയിന്മേൽ കെട്ടിപ്പൊക്കുന്ന വർണാഭമായ മേൽപ്പുരയാണ് സംസ്കാരം എന്ന് ഡോ. പണിക്കർ കരുതുന്നില്ല. ഭൗതികവാദചിന്തയിൽപ്പോലും ദശകങ്ങളോളം ആധിപത്യം ചെലുത്തിയ ഈ നിലപാടിനോട് വളരെ മുമ്പേ കണക്കുതീർത്ത് പിരിഞ്ഞിരുന്നു ഈ പണ്ഡിതൻ. ‘‘സംസ്കാരം സാധാരണ കാര്യങ്ങളാണ്’’ (Culture is Ordinary) എന്ന റെയ്മണ്ട് വില്യംസ് വാക്യത്തെ അനുഭവബോധ്യമായിത്തന്നെ ഉൾക്കൊണ്ടതിന്റെ പ്രത്യക്ഷമാണ് പണിക്കരുടെ ഏതെഴുത്തും. ‘സാംസ്കാരിക ഭൗതികവാദം’ (Cultural materialism) എന്ന പരികൽപനയെ ചരിത്രപഠനത്തിന്റെ രീതിപദ്ധതിയായുപയോഗിച്ചവരിൽ പ്രധാനിയായും ബൗദ്ധികചരിത്രത്തിന്റെ ഏറ്റവും സമർഥനായ പ്രയോക്താവായും പണിക്കർ വിലയിരുത്തപ്പെടുന്നത് ഇതോടൊപ്പം ചേർത്താണ് മനസ്സിലാക്കേണ്ടത്.

അന്റോണിയോ ഗ്രാംഷിയുടെ സൈദ്ധാന്തിക സമീക്ഷകളെ ചരിത്രാന്വേഷണത്തിന്റെ മണ്ഡലത്തിൽ സഫലമായി പ്രയോഗിച്ചു എന്നത് പണിക്കരുടെ എഴുത്തിനെ കൂടുതൽ ജൈവസ്വഭാവമുള്ളതാക്കുന്നു. ഉൽപാദനോപാധികളോ ഉൽപാദനശക്തികളോ അല്ല ഉൽപാദനബന്ധങ്ങളാണ് ആത്യന്തികമായി ഒരു സമൂഹത്തിന്റെ ധാർമികനിലവാരത്തെ നിർണയിക്കുന്നതെന്നും നിലനിൽക്കുന്ന ഉൽപാദനബന്ധങ്ങളെ പുനരുൽപാദിപ്പിക്കുന്ന പ്രത്യയശാസ്ത്ര ഉപാധികളെ അഴിച്ചുപണിയാതെ പുതിയൊരു സമൂഹത്തിന്റെ നിർമാണപ്രക്രിയ സാധ്യമല്ലെന്നുമുള്ള അറിവിലാണ് ഡോ. പണിക്കരുടെ ജ്ഞാനാന്വേഷണം വേരാഴ്ത്തിയിരിക്കുന്നത്. സാഹിത്യാവിഷ്കാരങ്ങളിലൂടെ പകർന്നുകിട്ടുന്നത്, ആനുഭൂതികമായാണെങ്കിലും, പ്രത്യയശാസ്ത്രജ്ഞാനം തന്നെയെന്നുള്ള ബോധ്യം ചരിത്രകാരനായ പണിക്കരെ പിന്നെയും പിന്നെയും സാഹിത്യപഠനത്തിന്റെ മണ്ഡലത്തിലേക്കെത്തിക്കുന്നു.

ഭൂതകാലത്തിലെയും വർത്തമാനത്തിലെയും ജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ സന്ദർഭങ്ങളെ വെളിപ്പെടുത്താനുതകുന്ന പലവിധ ആവിഷ്കാരങ്ങളിൽ ഒന്നുമാത്രമാണ് ചരിത്രമെന്നും ഇതരജ്ഞാനഗണങ്ങളെക്കൂടി പരിഗണിക്കാതെ അതതു കാലത്തിന്റെ യാഥാർഥ്യത്തെ, അതിന്റെ സങ്കീർണപ്രകൃതത്തെയും പ്രഹേളികാസ്വഭാവത്തെയും വിശദീകരിക്കുക സാധ്യമല്ലെന്നുമുള്ള അറിവിന്റെ നിദർശനങ്ങളായി പണിക്കരുടെ എഴുത്തുകൾ മാറുന്നതങ്ങനെയാണ്. സമൂഹരൂപവത്കരണ പ്രക്രിയയെ സംബന്ധിച്ചിടത്തോളം ഭൗതികലോകത്തിലെ ചലനങ്ങളോളം തന്നെ പ്രധാനമാണ് ഭാവനാമണ്ഡലത്തിലെ ഇളക്കങ്ങളുമെന്ന് ഈ ചരിത്രകാരൻ കരുതി; ഒരുപക്ഷേ, തന്റെ കാലത്ത് പ്രവർത്തിച്ച ഏതു ചരിത്രാന്വേഷിയേക്കാളുമധികം ഗൗരവത്തോടെ.

ചരിത്രപഠനങ്ങൾക്കിടയിലെ സാന്ദർഭികപരാമർശങ്ങൾ എന്നതിലുപരി സാഹിത്യകൃതികളെ സവിശേഷമായി വിശകലനം ചെയ്യുന്ന ധാരാളമെഴുത്തുകൾ ഡോ. പണിക്കരുടേതായി നമുക്ക് ലഭിച്ചത് യാദൃച്ഛികമല്ല. -സാഹിത്യം: സാമൂഹികമാറ്റത്തിന്റെ ചരിത്രം, നോവൽ: അധിനിവേശ ആഖ്യാനമെന്ന നിലയിൽ തുടങ്ങി നിരവധി ലേഖനങ്ങളിൽ പണിക്കർ വിശദീകരിക്കുന്നത് സാഹിത്യവും ചരിത്രവും തമ്മിലുള്ള ബന്ധമാണ്. സാഹിത്യത്തെ യാഥാർഥ്യത്തിന്റെ കേവലമായ പ്രതിഫലനമായോ പ്രതിനിധാനമായോ കാണുന്ന യാന്ത്രികഭൗതികവാദപരമായ സമീപനത്തിന്റെ ഉടൽരൂപങ്ങളായിത്തീരുന്നില്ല ഈയെഴുത്തുകൾ എന്നതും പ്രധാനമാണ്. ചരിത്രപഠനത്തിന്റെയെന്നപോലെ സൗന്ദര്യവിശകലനത്തിന്റെയും ഭൗതികവാദരീതിശാസ്ത്രത്തെ എത്രമേൽ സൂക്ഷ്മമായുൾക്കൊണ്ടിരുന്നു ഡോ. പണിക്കർ എന്ന് അദ്ദേഹത്തിന്റെ സാഹിത്യപഠനങ്ങൾ തെളിയിക്കുന്നു.

 

കെ.എൻ. പണിക്കരോടൊപ്പം ലേഖകൻ

‘പുതിയ സാംസ്കാരികാഭിരുചിയുടെ നിർമിതി: 19ാം നൂറ്റാണ്ടിലെ ഒരു മലയാള നോവലിന്റെ വായന’ എന്ന പണിക്കരുടെ ലേഖനം നോക്കുക. അധിനിവേശം രൂപവത്കരിച്ച സാംസ്കാരിക സന്ദർഭത്തിന്റെ പശ്ചാത്തലത്തിൽ ‘ഇന്ദുലേഖ’ എന്ന നോവലിനെ വായിക്കാനും കേരളത്തിന്റെ സാംസ്കാരികാഭിരുചിയുടെ നിർമാണത്തിൽ അതു ചെലുത്തിയ സ്വാധീനത്തെ മനസ്സിലാക്കാനുമുള്ള ശ്രമമാണ് ഈ ലേഖനം. പണിക്കർ എഴുതുന്നു: ‘‘പരമാധികാരത്തിനായി മാറ്റത്തിന്റെയും നൈരന്തര്യത്തിന്റെയും ശക്തികൾ പോരടിക്കുന്ന ഒരു നായർ തറവാടാണ് ഈ നോവലിന്റെ പ്രപഞ്ചം. കുടുംബത്തിന്റെ വിഭവങ്ങളിന്മേലും അതുവഴി മറ്റംഗങ്ങളുടെ ജീവിതത്തിന്മേലും നിയന്ത്രണാധികാരം പ്രയോഗിക്കുന്ന കാരണവരായ പഞ്ചുമേനോനാണ് നോവലിൽ നൈരന്തര്യത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നത്.

സ്നേഹസമ്പന്നനും ശുദ്ധനുമായിരുന്നെങ്കിലും, പരമ്പരാഗതപ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നതിനാൽ, കുടുംബത്തിലെ യുവതലമുറയുടെ അഭിലാഷങ്ങളോട് വിമുഖത പുലർത്തുകയും തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളോട് നിർമമത പുലർത്തുകയും ചെയ്തു അദ്ദേഹം. പഞ്ചുമേനോനും നോവലിലെ നായകനായ മാധവനും തമ്മിൽ തറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചു നടന്ന വഴക്കിനെക്കുറിച്ചുള്ള സൂചനയോടെയാണ് നോവൽ ആരംഭിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് തറവാട്ടിലെ ആൺകുട്ടികളിലൊരാളെ മദ്രാസിലേക്കയക്കണമെന്ന് മാധവൻ ആഗ്രഹിച്ചിരുന്നു. കാരണവർക്ക് അക്കാര്യത്തിൽ സമ്മതമില്ലായിരുന്നു. കുടുംബത്തിലെ വിഭവങ്ങളുടെ വിതരണവുമായി മാത്രം ബന്ധപ്പെട്ടതായിരുന്നില്ല വഴക്ക്. നിലവിലുള്ള സ്ഥിതിയും മാറ്റവും തമ്മിലുള്ള സംഘർഷത്തെ പ്രതീകവത്കരിക്കുന്നതായിരുന്നു അത്. മലബാർ സമൂഹം 19ാം നൂറ്റാണ്ടിലെ സാംസ്കാരിക സാഹചര്യത്തോട് നടത്തിയ പ്രതികരണങ്ങളുടെ വിവിധ മാർഗങ്ങളെ കണ്ടെത്താനുള്ള സൂക്ഷ്മപരിശോധനയെന്ന നോവലിന്റെ കേന്ദ്രപ്രമേയത്തിനു മുമ്പുള്ള തിരനോട്ടം മാത്രമായിരുന്നു അത്.

’’ മെക്കാളെയും ബെന്റിക്കും രൂപപ്പെടുത്തിയ ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലീഷ് അനുകൂലികളും പാരമ്പര്യവാദികളും തമ്മിൽ നടക്കുന്ന വാഗ്വാദങ്ങളിലൂടെ പ്രത്യക്ഷമായ സാംസ്കാരികാന്തരീക്ഷം എന്നിവയെല്ലാം ചേർന്ന് ചന്തുമേനോനെപ്പോലുള്ള ഉൽപതിഷ്ണുക്കളിലുണ്ടാക്കിയ ഇംഗ്ലീഷനുകൂല മനോഘടനയാണ് ‘ഇന്ദുലേഖ’ എന്ന നോവലിലെ ജീവിതബോധത്തെ നിർണയിച്ചത്. കേരളീയാധുനികതയുടെ ചേരുവകളെയും അധിനിവേശത്തിന്റെ സൂക്ഷ്മപ്രയോഗങ്ങളെയുമെല്ലാം മനസ്സിലാക്കാനുതകുന്ന ഒരു ആഖ്യാനമായി ‘ഇന്ദുലേഖ’ എന്ന നോവൽ നമുക്കു മുന്നിൽ നിവർത്തിയിടുകയാണ് കെ.എൻ. പണിക്കർ. ഒരു ഭാവനാസഞ്ചയം ഒരേസമയം ചരിത്രത്തിന്റെ ഉൽപന്നമായും നിർമാണവസ്തുവായും മാറുന്നതെങ്ങനെയെന്ന് ഈ പഠനം കാട്ടിത്തരുന്നു.

സാംസ്കാരിക ദേശീയത എന്ന പരികൽപനയെ മുൻനിർത്തിയുള്ള സൂക്ഷ്മവിചിന്തനങ്ങളാണ് ഡോ. കെ.എൻ. പണിക്കരുടെ ഇന്ത്യാചരിത്രപഠനത്തിന്റെ മുഖ്യപ്രമേയങ്ങളിലൊന്ന്. ഇന്ത്യൻ ഫാഷിസ്റ്റുകൾ അവരുടെ രാഷ്ട്രസങ്കൽപത്തിന്റെ ന്യായീകരണയുക്തിയായി അവതരിപ്പിക്കുന്ന സാംസ്കാരിക ദേശീയതയുടെ സൂഷ്മരാഷ്ട്രീയമെ​ന്തെന്നും ആധുനികവും മതനിരപേക്ഷവുമായ ഒരു രാഷ്ട്രഘടനക്ക് ഏതേതെല്ലാം വിധങ്ങളിൽ അത് പരിക്കേൽപിക്കുന്നുവെന്നും പണിക്കർ വിശദീകരിക്കുന്നു. സംസ്കാരത്തെ മതവുമായിമാത്രം ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതിന്റെ നിരർഥകതയും അപകടവും ബോധ്യപ്പെടുത്താൻ നിരന്തരം പരിശ്രമിച്ചു അദ്ദേഹം.

‘സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയം: രണ്ട് പ്രക്ഷേപപഥങ്ങൾ’ എന്ന പഠനത്തിൽ പണിക്കർ എഴുതി- ‘‘മതാധിഷ്ഠിതമായ സാംസ്കാരിക ദേശീയത എത്ര ദുർബലമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ അമ്പതുവർഷത്തെ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം. ഉദാഹരണമായി, പൊതുവായ ഒരു മതസ്വത്വമുണ്ടായിട്ടുകൂടി പാകിസ്താന് അതിന്റെ വിവിധ പ്രദേശങ്ങളെ ഒന്നിച്ചുനിർത്താനായില്ല. ബംഗ്ലാദേശത്തിന്റെ വിട്ടുപോകൽ മതവും സംസ്കാരവും തമ്മിലെ വ്യത്യാസം വ്യക്തമാക്കുന്നു. വേർപിരിയലിനുള്ള മുന്നേറ്റത്തെ പ്രചോദിപ്പിച്ചത് പ്രധാനമായും സാംസ്കാരികപ്രശ്നങ്ങളാണ്. പാകിസ്താന്റേതിൽനിന്ന് കുറെക്കൂടി വ്യത്യസ്തമാണ് ഇന്ത്യൻ അനുഭവം. അത് സംസ്കാരവും മതവും തമ്മിലെ വ്യത്യാസങ്ങളെ ആഴത്തിൽ ഉറപ്പിക്കുന്നു. ബഹുമതാത്മകവും ബഹുസാംസ്കാരികവുമായ ജനസംഖ്യാ ചിത്രമാണ് ഉള്ളതെങ്കിലും, ആഭ്യന്തര സംത്രാസങ്ങളെ അതിജീവിച്ച് ഒരു ജനാധിപത്യരാഷ്ട്രമായി നിലനിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരിക്കുന്നു.

 

അന്റോണിയോ ഗ്രാംഷി,ക്രിസ്റ്റഫർ ഹിൽ

ഇത് സാധ്യമായത് മതേതരവും പ്രവിശ്യാ സംബന്ധിയുമായ ദേശീയതയുടെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ രാഷ്ട്രതന്ത്രം വികസിക്കപ്പെട്ടത് എന്നതിനാലാണ്.’’ ‘സംസ്കാരവും പ്രത്യയശാസ്ത്രവും’, ‘സംസ്കാരവും ബോധവും ആധുനിക ഇന്ത്യയിൽ’, ‘ഒരു പ്രരൂപമാറ്റം’ എന്നിങ്ങനെ നിരവധി ലേഖനങ്ങളിലൂടെ പല തലങ്ങളിൽ പണിക്കർ ഈ പ്രമേയത്തെ വിശദീകരിക്കുകയും അതുവഴി ഇന്ത്യൻ ദേശീയതയെ ചരിത്രപരമായി നിർവചിക്കാൻ ശ്രമിക്കുകയും ചെയ്തു. കൊളോണിയൽ ആധുനികതയെയും ഇന്ത്യൻ നവോത്ഥാനത്തെയും കേരളീയ നവോത്ഥാനത്തെയും മറ്റും വിശകലനം ചെയ്തുകൊണ്ടുള്ള പണിക്കരുടെ പഠനങ്ങൾ ഓരോ പരികൽപനയുടെയും ഉള്ളിലെ വൈരുധ്യങ്ങളെയും വിടവുകളെയും ആ പരികൽപനകളുടെ ചരിത്രസഞ്ചാരത്തെയും ബോധ്യപ്പെടുത്തിത്തരുന്നതായിരുന്നു. കേവലമെന്നും ഏകമുഖമെന്നും കരുതുന്ന ഒരാശയം ഒരേസമയംതന്നെ -തീർച്ചയായും പലകാലങ്ങളിലായും- എത്രതരം ജീവിതമാണ് ജീവിച്ചുതീർക്കുന്നത് എന്ന് ഈ പഠനങ്ങളിലൂടെ അറിയാനാവും.

ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയിൽ അറിവിനെ ഒരു അധിനിവേശമാധ്യമമായി ഉപയോഗിച്ചതെങ്ങനെയെന്ന് കെ.എൻ. പണിക്കർ പലപ്പോഴായി വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരും ദേശീയവാദികളും വർഗീയവാദികളും അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽനിന്നുള്ള ചിലരും മതകലാപമായും മാപ്പിള ലഹളയായുമൊക്കെ പല നിലകളിൽ വിശദീകരിച്ച ഒരു ചരിത്രസന്ദർഭത്തെ ശാസ്ത്രീയയുക്തികളുടെ പിൻബലത്തിൽ മാറ്റി സ്ഥാനപ്പെടുത്താൻ കെ.എൻ. പണിക്കർ നടത്തിയ പരിശ്രമമാണ് Against Lord and State: Religion and Peasant Uprisings in Malabar എന്ന പുസ്തകം.

മതത്തെ മാത്രം മുൻനിർത്തിയോ സാമ്പത്തിക ഘടകങ്ങളെ മാത്രം മുൻനിർത്തിയോ ഉള്ള നോട്ടങ്ങളിൽനിന്നും അത്തരം വിശദീകരണങ്ങളിൽനിന്നും ഈ സന്ദർഭത്തെ മോചിപ്പിക്കുകയും കാർഷികാടിസ്ഥാനത്തിലേക്കുകൂടി അതിനെ വികസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ‘മലബാർ കലാപ’മായി പണിക്കർ അതിനെ അടയാളപ്പെടുത്തുന്നത്. മലബാർ കലാപത്തിൽ പ്രവർത്തിച്ച പ്രത്യയശാസ്ത്രമെന്ത് എന്നാരായുകയും ചെയ്യുന്നു പണിക്കർ. പുസ്തകം പറയുന്നു -‘‘സാമ്പത്തികാസംതൃപ്തി ഹിന്ദുക്കൾക്കും മാപ്പിളമാർക്കും പൊതുവായിരുന്നു എന്നതുകൊണ്ട്, മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹിക-പ്രത്യയശാസ്ത്ര മാധ്യസ്ഥമാണ് കലാപത്തിന്റെ നിർണായകഘടകമായിത്തീർന്നത്. ഇതിന്റെ സ്വാധീനം ഹിന്ദുക്കളിൽ നിഷേധാത്മകമായിരുന്നപ്പോൾ മാപ്പിളമാരിൽ അത് വളരെ തീക്ഷ്ണമായിരുന്നു. ഹിന്ദുക്കളുടെ നിശ്ശബ്ദതക്കും മാപ്പിളമാരുടെ തീവ്രപ്രതികരണത്തിനും ഇതാണ് വിശദീകരണം. ഹിന്ദുക്കൾ താരതമ്യേന നിഷ്ക്രിയരായി നിലകൊണ്ടു എന്നത് മാപ്പിളമാരെ കലാപത്തിലേക്കു നയിച്ചതെന്ത് എന്നതിനെക്കുറിച്ച് സൂചന തരുന്നുണ്ട്.’’

‘‘ഇടതുപക്ഷം ശക്തമാണ് എന്നതുകൊണ്ട് കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം വേരുപിടിക്കില്ല എന്ന വിശ്വാസം അമിതമായ ആത്മവിശ്വാസമാണ്. വർഗീയതയുടെ പ്രവർത്തനരീതി വേറെയാണ്. നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ അടിത്തട്ടിൽ ഇപ്പോൾത്തന്നെ ഹിന്ദു വർഗീയത പിടിമുറുക്കിക്കഴിഞ്ഞു. അനുകൂലമായ സാഹചര്യം ഒത്തുവന്നാലുടൻ അത് ഒരു രാഷ്ട്രീയശക്തിയായി വളരും.’’ പതിനാറു വർഷം മുമ്പ്, മുഖാമുഖം ഇരുന്ന് സംസാരിക്കുമ്പോൾ, ഡോ. കെ.എൻ. പണിക്കർ പറഞ്ഞതാണ്. ഇന്ന്, രാഷ്ട്രീയഹിന്ദുത്വം രാഷ്ട്രാധികാരം കൈക്കൊള്ളുകയും ദേശീയതയുടെ പ്രച്ഛന്നവേഷമണിഞ്ഞും അല്ലാതെയും ഹിന്ദുവർഗീയത ഇന്ത്യ മുഴുവൻ പിടിമുറുക്കുകയും ഒറ്റപ്പെട്ട തുരുത്തുപോലെ തുടരുന്ന കേരളത്തെ ലക്ഷ്യമിട്ട് ഹിന്ദുത്വഫാഷിസം പലതലങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുമ്പോൾ, അപായസൈറൺപോലെ മുഴങ്ങുന്ന വാക്കുകളായി ഡോ. കെ.എൻ. പണിക്കർ നമുക്കിടയിൽ തുടരുന്നു; ഭൗതികവിയോഗത്തിനുശേഷവും.

 

വാറൻ ഹേസ്റ്റിങ്,ഇ.പി. തോപ്സൺ

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം ജന്മംനൽകിയ വലിയ ധൈഷണികരിൽ ഡോ. കെ.എൻ. പണിക്കരുമുണ്ട്. സമാനതകളില്ലാത്ത ചരിത്രാന്വേഷണ പരിശ്രമങ്ങളിലൂടെ ഇന്ത്യയിലെമ്പാടുമുള്ള അക്കാദമികവൃത്തങ്ങളിലെ മുൻനിര സാന്നിധ്യമായി വളർന്ന ഒരാൾ. ജെ.എൻ.യു പ്രഫസർ, ചരിത്രപഠന കോൺഗ്രസ് അധ്യക്ഷൻ, ചരിത്രഗവേഷണ കൗൺസിൽ ചെയർമാൻ, സർവകലാശാല വി.സി തുടങ്ങിയ ഉന്നതപദവികൾ പലതു വഹിക്കുമ്പോഴും വർഗീയ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ ശരീരംകൊണ്ടുതന്നെ നിലയുറപ്പിക്കാൻ പണിക്കർ സന്നദ്ധനായി.

സിഖ് വിരുദ്ധ കലാപത്തിന്റെയും ഗുജറാത്തിൽ ഹിന്ദുവർഗീയത നടത്തിയ അതിഭീകരമായ മുസ്‍ലിം വംശഹത്യയുടെയും ബാബരി മസ്ജിദ് തകർക്കലിന്റെയുമെല്ലാം സന്ദർഭങ്ങളിൽ ഇരകളെ കാണാനും സമാശ്വസിപ്പിക്കാനും മാത്രമല്ല, ഇന്ത്യ മുഴുവൻ സഞ്ചരിച്ച് മതേതരകൂട്ടായ്മകളുണ്ടാക്കാനും മതേതര ജീവിതത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധവത്കരിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. ഡി.ഡി. കൊസാംബി, ആർ.എസ്. ശർമ, റോമില ഥാപ്പർ, ഇർഫാൻ ഹബീബ്, ബിപൻ ചന്ദ്ര തുടങ്ങി ഇന്ത്യാ ചരിത്രപഠനത്തെ കൊളോണിയൽ-ദേശീയവാദ ധാരകളിൽനിന്ന് വഴിതിരിച്ചുവിട്ട മഹാരഥന്മാരായ മാർക്സിസ്റ്റ് ചരിത്രകാരന്മാരിലൊരാളായി സ്ഥാനപ്പെട്ട പണിക്കർ ഈ ആക്ടിവിസംകൊണ്ട്, ചിലപ്പോഴെങ്കിലും അവരിലുമുയരെ നിൽക്കുകയും ചെയ്തു.

പൊതുവിടങ്ങളിലെ ആക്ടിവിസം അക്കാദമിക മണ്ഡലത്തിലേക്കും വ്യാപിപ്പിച്ചുകൊണ്ട്, തീവ്രമായ ആർജവത്തോടെ പാഠ്യപദ്ധതി നിർമാണത്തിലിടപെടുകയും കാലടി സംസ്കൃത സർവകലാശാലയുൾപ്പെടെ താൻ ഇടപെട്ട സ്ഥാപനങ്ങളെയെല്ലാം വൈജ്ഞാനികമായി ആധുനീകരിക്കുകയും അതുവഴി, ചരിത്രബോധമുള്ള ഒരു തലമുറയെ നിർമിച്ചെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു ഈ അധ്യാപകൻ. വർത്തമാന ഇന്ത്യയിൽ കൂടുതൽ ശക്തിയോടെ മുന്നേറേണ്ടതുണ്ട് ഈ പ്രവർത്തനം. ഡോ. കെ.എൻ. പണിക്കർ നമ്മളിൽ തുടരേണ്ടത് അങ്ങനെയാണ്. ചരിത്രം അവസാനിക്കുന്നില്ല.

Tags:    
News Summary - KN Panicker Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.