വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടാ​ല്‍ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ക്ക് പി​ന്നെ​യെ​ന്ത് പ്ര​സ​ക്തി?

സംസ്​ഥാന ചലച്ചിത്ര പുരസ്​കാര പ്രഖ്യാപനങ്ങളിൽ എന്താണ്​ ശരിക്കും നടക്കുന്നത്​? രചനാവിഭാഗം പുരസ്​കാരങ്ങളിലെ വീഴ്​ചകളും കുറവുകളും പരിശോധിച്ച്​ ലേഖകൻ ചില ബദൽ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു.വാ​സു​മേ​നോ​ന്‍: അ​ല്ല വാ​ര്യ​ര് മാ​ഷേ... ഈ ​പ​ത്മ​ശ്രീ ഇ​ങ്ങ​നെ ത​ട്ടി​പ്പീ​സാ​യി​ട്ട് വാ​ങ്ങ​ണ​തും നേ​രാ​യ മാ​ര്‍ഗ​ത്തി​ല്‍ കി​ട്ട​ണ​തും ത​മ്മി​ല്‍ ക​ണ്ടാ​ല്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സ​മു​ണ്ടാ​വോ?അ​ച്യു​ത വാ​ര്യ​ര്‍: അ​തി​പ്പോ, അ​ധ്വാ​നി​ക്കു​ന്ന​വ​ന്റെ കൈ​യി​ലാ​യാ​ലും മോ​ഷ്ടാ​വി​ന്റെ കൈ​യി​ലാ​യാ​ലും പ​ണ​ത്തി​ന് ഒ​രേ നി​റ​വും രൂ​പ​വു​മാ​ണ്. പ​ക്ഷേ, ഒ​ന്ന്...

സംസ്​ഥാന ചലച്ചിത്ര പുരസ്​കാര പ്രഖ്യാപനങ്ങളിൽ എന്താണ്​ ശരിക്കും നടക്കുന്നത്​? രചനാവിഭാഗം പുരസ്​കാരങ്ങളിലെ വീഴ്​ചകളും കുറവുകളും പരിശോധിച്ച്​ ലേഖകൻ ചില ബദൽ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു.

വാ​സു​മേ​നോ​ന്‍: അ​ല്ല വാ​ര്യ​ര് മാ​ഷേ... ഈ ​പ​ത്മ​ശ്രീ ഇ​ങ്ങ​നെ ത​ട്ടി​പ്പീ​സാ​യി​ട്ട് വാ​ങ്ങ​ണ​തും നേ​രാ​യ മാ​ര്‍ഗ​ത്തി​ല്‍ കി​ട്ട​ണ​തും ത​മ്മി​ല്‍ ക​ണ്ടാ​ല്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സ​മു​ണ്ടാ​വോ?

അ​ച്യു​ത വാ​ര്യ​ര്‍: അ​തി​പ്പോ, അ​ധ്വാ​നി​ക്കു​ന്ന​വ​ന്റെ കൈ​യി​ലാ​യാ​ലും മോ​ഷ്ടാ​വി​ന്റെ കൈ​യി​ലാ​യാ​ലും പ​ണ​ത്തി​ന് ഒ​രേ നി​റ​വും രൂ​പ​വു​മാ​ണ്. പ​ക്ഷേ, ഒ​ന്ന് മ​ടി​യി​ലി​രി​ക്കു​മ്പോ​ള്‍ മ​ന​സ്സിന് സ​ന്തോ​ഷ​മു​ണ്ടാ​വും. മ​റ്റേ​ത്, സൂ​ക്ഷി​ക്കു​ന്ന നേ​രം മു​ഴു​വ​ന്‍ പേ​ടി മാ​റി​ല്ല. ഇ​ത്രേ ല​ളി​താ​യി​ട്ട് എ​നി​ക്ക് പ​റ​ഞ്ഞ് ത​രാ​ന്‍ ക​ഴി​യൂ...

(ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്ത പ്രാ​ഞ്ചി​യേ​ട്ട​ന്‍ & the Saint എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു സം​ഭാ​ഷ​ണം)

കേ​ര​ള സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഓ​രോ വ​ര്‍ഷ​വും മി​ക​ച്ച ച​ല​ച്ചി​ത്ര​ങ്ങ​ള്‍ക്കും ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ ര​ച​ന​ക​ള്‍ക്കും അ​വാ​ര്‍ഡു​ക​ള്‍ ന​ല്‍കി​വ​രു​ന്നു. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ക്കു​ന്ന ജൂ​റി​യു​മാ​ണ് പ്ര​സ്തു​ത അ​വാ​ര്‍ഡു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​വ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക പ​തി​വാ​ണ്. പൊ​തു​സ​മൂ​ഹ​വും അ​വാ​ര്‍ഡു​ക​ള്‍ ല​ഭി​ക്കാ​ത്ത ച​ല​ച്ചി​ത്ര​പ്ര​വ​ര്‍ത്ത​ക​രും അ​വാ​ര്‍ഡ് നി​ര്‍ണ​യ​ത്തെ​പ്പ​റ്റി പ​ല​വ​ട്ടം ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പു​ര​സ്കാ​ര നി​ര്‍ണ​യ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ജൂ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക​യെ​ന്ന കീ​ഴ്വ​ഴ​ക്ക​മാ​ണ് ച​ല​ച്ചി​ത്ര​ലോ​ക​വും കേ​ര​ളീ​യ സ​മൂ​ഹ​വും പൊ​തു​വി​ല്‍ പു​ല​ര്‍ത്തി​പ്പോ​രു​ന്ന​ത്. ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍ ന​ട​ത്തു​ന്ന​തു​പോ​ലെ പൊ​തു​ജ​നാ​ഭി​പ്രാ​യ​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി​യ​ല്ല സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ നി​ര്‍ണ​യി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​തി​നാ​ല്‍ ത​ന്നെ, ജൂ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​റും സ​മൂ​ഹ​വും അം​ഗീ​ക​രി​ക്കു​ന്നു.

എ​ന്നാ​ല്‍, ജൂ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളി​ല്‍ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​യ​മാ​വ​ലി​ക​ള്‍ക്ക് വി​രു​ദ്ധ​മാ​യ ത​ര​ത്തി​ല്‍ അ​ന​ഭി​ല​ഷ​ണീ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​വു​ക​യോ, പാ​ലി​ക്കേ​ണ്ട ന​ട​പ​ടിക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച​യു​ണ്ടാ​വു​ക​യോ ചെ​യ്യു​മ്പോ​ള്‍ പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളു​മു​യ​രു​ക സ്വാ​ഭാ​വി​ക​മാ​ണ്. ഇ​വ പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​വ​രു​ടെ പ​രി​ഭ​വ​മാ​യി മാ​ത്രം ല​ഘൂ​ക​രി​ച്ച് കാ​ണു​വാ​നാ​കി​ല്ല. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന പു​ര​സ്കാ​ര​മെ​ന്ന​ത് ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു ബ​ഹു​മ​തി​യാ​ണ്. അ​വാ​ര്‍ഡ് തു​ക നി​കു​തി​പ്പ​ണ​ത്തി​ല്‍നി​ന്നു​മാ​യ​തി​നാ​ല്‍ പു​ര​സ്കാ​ര നി​ര്‍ണ​യ​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ക​ണി​ശ​വും സു​താ​ര്യ​വു​മാ​യി​രി​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ, സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള നി​യ​മ​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​യി​രി​ക്ക​ണം ജൂ​റി/​അ​ക്കാ​ദ​മി തീ​രു​മാ​ന​ങ്ങ​ള്‍. മ​റ്റൊ​ര​ർഥ​ത്തി​ല്‍, പു​ര​സ്കാ​ര നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജൂ​റി​യു​ടെ തീ​രു​മാ​നം ഏ​താ​നും വ്യ​ക്തി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പാ​യി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ത​ന്നെ അ​പേ​ക്ഷാ ഫോ​റം, ജൂ​റി റി​പ്പോ​ര്‍ട്ട്, തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​നി​മ/​ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ ര​ച​ന എ​ന്നി​വ​യി​ലെ ഉ​ള്ള​ട​ക്കം തു​ട​ങ്ങി​യ​വ​യി​ല്‍ ക​ട​ന്നു​കൂ​ടാ​വു​ന്ന സാ​ങ്കേ​തി​ക പി​ഴ​വു​ക​ള്‍ അ​തീ​വ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ലെ ര​ച​നാ​വി​ഭാ​ഗം അ​വാ​ര്‍ഡ് നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020, 2021, 2022 വ​ര്‍ഷ​ങ്ങ​ളി​ലെ ജൂ​റി തീ​രു​മാ​ന​ങ്ങ​ളി​ല്‍ സം​ഭ​വി​ച്ച സാ​ങ്കേ​തി​ക പി​ഴ​വു​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ മു​ന്നില്‍ ഈ ​ലേ​ഖ​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് (2020ന് ​മു​മ്പുള്ള വ​ര്‍ഷ​ങ്ങ​ളി​ലെ പു​ര​സ്കാ​ര നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ലേ​ഖ​ക​ന്റെ പ​ക്ക​ലി​ല്ല. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷവ​ഴി ആ​ര്‍ക്കും അ​ത് സ​മ്പാ​ദി​ക്കാ​വു​ന്ന​തേ​യു​ള്ളൂ). സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി ഔ​ദ്യോ​ഗി​ക​മാ​യി ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍, ആ​ദ്യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ര​ച​നാവി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍, ച​ല​ച്ചി​ത്ര വി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ളു​ടെ താ​ര​ത്തി​ള​ക്ക​ത്തി​ല്‍ ര​ച​നാവി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും മു​ന്നി​ല്‍ അ​പ്ര​സ​ക്ത​മാ​കാ​റാ​ണ് പ​തി​വ്. അ​തി​നാ​ല്‍ ത​ന്നെ, ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന പ​രാ​തി​ക​ളും സാ​ങ്കേ​തി​ക പി​ഴ​വു​ക​ളും യു​ക്ത​മാ​യ വി​ധ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ക​യോ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല.

2020ലെ ​ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര നി​ര്‍ണ​യ​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്?

2020ലെ ​ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​റി​യാ​യി പ്ര​വ​ര്‍ത്തി​ച്ച​ത് ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍ (ചെ​യ​ര്‍മാ​ന്‍), ഡോ. ​മു​ര​ളീ​ധ​ര​ന്‍ ത​റ​യി​ല്‍ (അം​ഗം), ഡോ. ​ബി​ന്ദു മേ​നോ​ന്‍ (അം​ഗം), ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​ജോ​യ് സി (​വോ​ട്ട​വ​കാ​ശ​മി​ല്ലാ​ത്ത മെ​ംബ​ര്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ്. പ്ര​സ്തു​ത വ​ര്‍ഷം പു​ര​സ്കാ​ര നി​ര്‍ണ​യ​ത്തി​നാ​യി ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വി​ധേ​യ​മാ​യ​ത് 15 പു​സ്ത​ക​ങ്ങ​ളും 23 ലേ​ഖ​ന​ങ്ങ​ളു​മാ​ണ്. വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലൂ​ടെ ല​ഭ്യ​മാ​യ വി​വ​ര​മ​നു​സ​രി​ച്ച് 2021 സെ​പ്റ്റം​ബ​ര്‍ 28ന് ​ശേ​ഷ​മാ​ണ് മൂ​ന്ന് ജൂ​റി അം​ഗ​ങ്ങ​ള്‍ക്കും പു​ര​സ്കാ​ര​ത്തി​നാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട ര​ച​ന​ക​ള്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി ല​ഭ്യ​മാ​ക്കി​യ​ത്. 2021 ഒ​ക്ടോ​ബ​ര്‍ 16ന് ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ളി​ല്‍ ര​ച​നാ​വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥം, മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം എ​ന്നി​വ​യി​ല്‍ ഒ​ന്ന് വീ​തം പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ന​ല്‍കി​യി​ട്ടു​ള്ള​ത് (പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍ശം/​അ​വാ​ര്‍ഡ് 2020ല്‍ ​ര​ച​നാ​വി​ഭാ​ഗ​ത്തി​ല്‍ ന​ല്‍കി​യി​ട്ടി​ല്ല). ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള തീ​യ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ 15 ദി​വ​സ​ത്തി​ല്‍ താ​ഴെ സ​മ​യദൈ​ര്‍ഘ്യ​ത്തി​ലാ​ണ് ജൂ​റി അം​ഗ​ങ്ങ​ള്‍ 15 പു​സ്ത​ക​ങ്ങ​ളും 23 ലേ​ഖ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​കു​ന്നു. പു​ര​സ്കാ​ര​ത്തി​നാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട കൃ​തി​ക​ള്‍ വി​ശ​ദ​മാ​യി വാ​യി​ച്ച് പ​രി​ശോ​ധി​ക്കു​വാ​ന്‍ 15 ദി​വ​സ​ങ്ങ​ള്‍ പോ​ലും ആ​വ​ശ്യ​മി​ല്ലാ​യെ​ങ്കി​ല്‍ ജൂ​റി അം​ഗ​ങ്ങ​ളു​ടെ വി​ശ​ക​ല​നം എ​ത്ര​മാ​ത്രം ഉ​പ​രി​പ്ല​വ​വും ശു​ഷ്ക​വു​മാ​യി​രി​ക്കു​മെ​ന്ന് അ​നു​മാ​നി​ക്കാം.


ഇ​തോ​ടൊ​പ്പം ഉ​ന്ന​യി​ക്ക​പ്പെ​ടേ​ണ്ട ഗൗ​ര​വ​മു​ള്ള മ​റ്റൊ​രു വി​ഷ​യ​മാ​ണ് ജൂ​റി തയാറാക്കി​യ റി​പ്പോ​ര്‍ട്ടി​ല്‍ ക​ട​ന്നു​കൂ​ടി​യ അ​ക്ഷ​ന്ത​വ്യ​മാ​യ പി​ഴ​വു​ക​ള്‍. 2020ലെ ​മി​ക​ച്ച ച​ല​ച്ചി​ത്രലേ​ഖ​ന​മാ​യി ജൂ​റി തിര​ഞ്ഞെ​ടു​ത്ത​ത് ജോ​ണ്‍ സാ​മു​വ​ലി​ന്റെ ‘അ​ടൂ​രി​ന്റെ അ​ഞ്ച് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍’ എ​ന്ന സൃ​ഷ്ടി​യാ​ണ്. പ്ര​സ്തു​ത ലേ​ഖ​നം 2020 ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ 7, 14 എ​ന്നീ തീ​യ​തി​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ‘സ​മ​കാ​ലി​ക മ​ല​യാ​ളം’ വാ​രി​ക​യു​ടെ ല​ക്ക​ങ്ങ​ളി​ല്‍ മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ ലേ​ഖ​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ഭാ​ഗ​മാ​യ ‘അ​ടൂ​രി​ന്റെ അ​ഞ്ച് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍’ എ​ന്ന ഭാ​ഗ​ത്തി​ല്‍ ‘കൊ​ടി​യേ​റ്റം‘ എ​ന്ന ചി​ത്ര​ത്തി​ലെ ശ​ങ്ക​ര​ന്‍കു​ട്ടി​യെ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ ലേ​ഖ​ക​ന്‍ പ​രി​ശോ​ധി​ക്കു​ന്നു. ‘ഭൂ​ത​കാ​ല​ത്തി​ന്റെ ക്ഷ​മാ​പ​ണം’ എ​ന്ന ഭാ​ഗ​ത്തി​ല്‍ ‘എ​ലി​പ്പ​ത്താ​യ​’ത്തി​ലെ ഉ​ണ്ണി​ക്കു​ഞ്ഞ്, ‘മു​ഖാ​മു​ഖ​’ത്തി​ലെ ശ്രീ​ധ​ര​ന്‍ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് വി​ശ​ദ​പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ലേ​ഖ​ന​ത്തി​ന്റെ മൂ​ന്നാം ഭാ​ഗ​മാ​യ ‘അ​ജ​യ​നും കു​ഞ്ഞു​ണ്ണി​യും’ യ​ഥാ​ക്ര​മം അ​ന​ന്ത​രം എ​ന്ന ചി​ത്ര​ത്തി​ലെ അ​ജ​യ​ന്‍, ‘ക​ഥാ​പു​രു​ഷ​ന്‍’ എ​ന്ന സി​നി​മ​യി​ലെ കു​ഞ്ഞു​ണ്ണി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കു​ന്നു. മ​റ്റൊ​ര​ർഥ​ത്തി​ല്‍, മി​ക​ച്ച ലേ​ഖ​ന​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ​ജോ​ണ്‍ സാ​മു​വ​ലി​ന്റെ ‘അ​ടൂ​രി​ന്റെ അ​ഞ്ച് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍’ എ​ന്ന ലേ​ഖ​നപ​ര​മ്പ​ര ‘കൊ​ടി​യേ​റ്റം’, ‘എ​ലി​പ്പ​ത്താ​യം’, ‘മു​ഖാ​മു​ഖം’, ‘അ​ന​ന്ത​രം’, ‘ക​ഥാ​പു​രു​ഷ​ന്‍’ എ​ന്നീ അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, 2020ല്‍ ​മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​ന​മാ​യി പ്ര​സ്തു​ത ലേ​ഖ​നം ക​ണ്ടെ​ത്തി​യ ജൂ​റി ലേ​ഖ​ന​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ര്‍ട്ടി​ല്‍ പ​രാ​മ​ര്‍ശി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: “ ‘സ്വ​യം​വ​രം’, ‘കൊ​ടി​യേ​റ്റം’, ‘എ​ലി​പ്പ​ത്താ​യം’, ‘മു​ഖാ​മു​ഖം’, ‘അ​ന​ന്ത​രം’ എ​ന്നീ ചി​ത്ര​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി​യു​ള്ള ഈ ​വി​ശ​ദ​പ​ഠ​നം മൗ​ലി​ക നി​രീ​ക്ഷ​ണ​ങ്ങ​ൾകൊ​ണ്ടും വി​ശ​ക​ല​ന​രീ​തികൊ​ണ്ടും ഭാ​ഷാ​ശൈ​ലി​കൊ​ണ്ടും മി​ക​വ് പു​ല​ര്‍ത്തു​ന്നു.

” അ​താ​യ​ത്, ലേ​ഖ​ന​ത്തി​ല്‍ പ​ഠ​ന​വി​ധേ​യ​മാ​യ ക​ഥാ​പു​രു​ഷ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്റെ പേ​ര് ജൂ​റി റി​പ്പോ​ര്‍ട്ടി​ല്‍നി​ന്നു ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും പ​ഠ​ന​വി​ധേ​യ​മാ​കാ​ത്ത ‘സ്വ​യം​വ​രം’ എ​ന്ന സി​നി​മ​യു​ടെ പേ​ര് പ്ര​സ്തു​ത റി​പ്പോ​ര്‍ട്ടി​ല്‍ ക​ട​ന്നു​കൂ​ടുക​യും ചെ​യ്തി​രി​ക്കു​ന്നു​വെ​ന്ന​ത് ജൂ​റി​യു​ടെ മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന്റെ സാ​ധു​ത​യെ ചോ​ദ്യം ചെ​യ്യു​വാ​ന്‍ പ​ര്യാ​പ്ത​മാ​യ വി​ഷ​യ​മാ​ണ്. ഇ​വ ചൂ​ണ്ടി​ക്കാ​ണി​ച്ചും ലേ​ഖ​ന​ത്തി​ല്‍ എ​വി​ടെ​യാ​ണ് ‘സ്വ​യം​വ​രം’ എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​പ​ഠ​നം ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും ചോ​ദി​ച്ചു ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​യി​ന്മേ​ല്‍ അ​ക്കാ​ദ​മി ന​ല്‍കി​യ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​ണ്: “ ‘സ്വ​യം​വ​രം’ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നെ​ക്കു​റി​ച്ച് ലേ​ഖ​ന​ത്തി​ല്‍ പ​രാ​മ​ര്‍ശ​മു​ണ്ട്. പേ​ജ് ന​മ്പ​ര്‍ 28, ല​ക്കം 29, 2020 ന​വം​ബ​ര്‍ 30.” ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ മ​റു​പ​ടി​യി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​തും പ്ര​സ്തു​ത ല​ക്ക​ത്തി​ല്‍ ‘സ്വ​യം​വ​ര’ത്തി​ലെ നാ​യ​ക​നെ​ക്കു​റി​ച്ച് പ​രാ​മ​ര്‍ശി​ച്ചി​ട്ടു​ള്ള ‘വി​ശ​ദ​പ​ഠ​നം’ ഇ​പ്ര​കാ​ര​മാ​ണ്: “ ‘സ്വ​യം​വ​ര​’ത്തി​ലെ വി​ശ്വ​ത്തെ​പ്പോ​ലെ സ്നേ​ഹ​സ​മ്പ​ന്ന​ന്‍.” മൂ​ന്ന് ല​ക്ക​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ലേ​ഖ​ന​ത്തി​ല്‍ ‘സ്വ​യം​വ​രം’ എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ട​ന്നി​ട്ടു​ള്ള ഒ​റ്റ വാ​ച​ക​ത്തി​ലു​ള്ള ഏ​ക പ​രാ​മ​ര്‍ശ​മാ​ണ് മു​ക​ളി​ല്‍ ഉ​ദ്ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​വ​ലം ഒ​രു വാ​ക്യ​ത്തി​ല്‍ ഒ​തു​ങ്ങിനി​ല്‍ക്കു​ന്ന പ​രാ​മ​ര്‍ശ​ത്തെ വി​ശ​ദ​പ​ഠ​ന​മെ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ന്ന ജൂ​റി​യും അ​വ​യെ പ​ണി​പ്പെ​ട്ട് ന്യാ​യീ​ക​രി​ക്കു​ന്ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും പൊ​തു​സ​മൂ​ഹ​ത്തോ​ട് എ​ന്താ​ണ് പ​റ​യു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്? കൂ​ടാ​തെ, ‘സ്വ​യം​വ​രം’ നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണെ​ന്ന​തും അ​തി​ലെ അ​ഭി​ന​യ​ത്തി​ന് ശാ​ര​ദ​ക്ക് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന​തും കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് (ലേ​ഖ​ന​ത്തി​ന്റെ ശീ​ര്‍ഷ​കം ‘അ​ടൂ​രി​ന്റെ അ​ഞ്ച് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍’ എ​ന്ന​താ​ണെ​ന്ന് ഓ​ര്‍ക്കു​ക) ജൂ​റി​യു​ടെ​യും അ​ക്കാ​ദ​മി​യു​ടെ​യും ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ വീ​ഴ്ച എ​ത്ര​മാ​ത്രം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​ത്.

മ​റ്റൊ​രു സാ​ങ്കേ​തി​ക പി​ഴ​വും റി​പ്പോ​ര്‍ട്ട് തയാറാക്കു​മ്പോ​ള്‍ ജൂ​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജൂ​റി അം​ഗ​ങ്ങ​ള്‍ ഒ​പ്പുെവ​ച്ച​തും അ​വ​രു​ടെ കൈ​പ്പ​ട​യി​ല്‍ എ​ഴു​തി തയാറാക്കി​യ​തു​മാ​യ അ​വാ​ര്‍ഡ് ശി​പാ​ര്‍ശ​യി​ല്‍ മി​ക​ച്ച ലേ​ഖ​ന​ത്തി​ന്റെ പേ​രാ​യി നി​ർദേ​ശി​ച്ചി​രി​ക്കു​ന്ന​ത് ‘അ​ടൂ​രി​ന്റെ അ​ഞ്ച് നാ​യ​ക​ര്‍’ എ​ന്നാ​ണ്. ​ജോ​ണ്‍ സാ​മു​വ​ലി​ന്റെ ‘അ​ടൂ​രി​ന്റെ അ​ഞ്ച് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍’ എ​ന്ന ലേ​ഖ​ന​ത്തി​ന്റെ ശീ​ര്‍ഷ​കം റി​പ്പോ​ര്‍ട്ടി​ലേ​ക്ക് പ​ക​ര്‍ത്തി​യെ​ഴു​തി​യ​പ്പോ​ള്‍പോ​ലും ജൂ​റി ചി​ല മു​ന്‍വി​ധി​ക​ളോ​ടെ അ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​കു​ന്നു. എ​ന്നാ​ല്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി “ഇ​രു ശീ​ര്‍ഷ​ക​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ർഥ​വ്യ​ത്യാ​സ​മി​ല്ല” എ​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് വി​വ​രാ​വ​കാ​ശരേ​ഖ​യി​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന പു​ര​സ്കാ​രം ഒ​രു ഔ​ദ്യോ​ഗി​ക രേ​ഖ​യാ​ണെ​ന്ന​തും ജൂ​റി റി​പ്പോ​ര്‍ട്ടി​ല്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ള്ള (ശീ​ര്‍ഷ​ക​ത്തി​ല്‍) പി​ഴ​വ് നി​സ്സാ​ര​മാ​ണെ​ന്ന ത​ര​ത്തി​ല​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും ഒ​രു സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മ​ന​സ്സി​ലാ​ക്കി​യി​ല്ല എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. മി​ക​ച്ച ലേ​ഖ​ന​ത്തി​ന്റെ ശീ​ര്‍ഷ​കംപോ​ലും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ജൂ​റി​യു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

2020ലെ ​ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ല്‍ക്കു​ന്ന മ​റ്റൊ​രു ആ​ക്ഷേ​പം ജൂ​റി ചെ​യ​ര്‍മാ​നും ജൂ​റി അം​ഗ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന മാ​ര്‍ക്കി​ലെ വ​ലി​യ അ​ന്ത​ര​മാ​ണ്. വൈ​യ​ക്തി​ക​മാ​യ വാ​യ​നാ​നു​ഭ​വ​വും മൂ​ല്യ​നി​ര്‍ണ​യരീ​തി​ക​ളു​മാ​ണ് മൂ​വ​രും പു​ല​ര്‍ത്തു​ന്ന​തെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കു​മ്പോ​ള്‍ത​ന്നെ, ര​ണ്ട് ജൂ​റി അം​ഗ​ങ്ങ​ള്‍ പ​ല ലേ​ഖ​ന​ങ്ങ​ള്‍ക്കും ന​ല്‍കി​യ മാ​ര്‍ക്കും ചെ​യ​ര്‍മാ​ന്‍ പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍ ന​ല്‍കി​യ മാ​ര്‍ക്കും ത​മ്മി​ല്‍ പ​ല​പ്പോ​ഴും 25ലേ​റെ മാ​ര്‍ക്കി​ന്റെ അ​ന്ത​ര​മു​ണ്ട്. ഒ​രു ലേ​ഖ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലാ​ക​ട്ടെ, ഈ ​അ​ന്ത​രം 40 മാ​ര്‍ക്കി​ലേ​റെ​യാ​ണ്. ഇ​തൊ​രു സാ​ങ്കേ​തി​ക പി​ഴ​വാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാനാ​കി​ല്ലെ​ങ്കി​ലും സാ​മാ​ന്യ​യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​തും ജൂ​റി​യു​ടെ നൈ​തി​ക​ത, സു​താ​ര്യ​ത എ​ന്നി​വ​ക്ക് കോ​ട്ടം വ​രു​ന്ന​തു​മാ​യ ന​ട​പ​ടി​യാ​ണി​ത്. ജൂ​റി അം​ഗ​ങ്ങ​ള്‍ക്കു​ള്ള ഓ​ണ​റേ​റി​യം, യാ​ത്രാ​ബ​ത്ത, താ​മ​സം, ഭ​ക്ഷ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 36,304 രൂ​പ അ​ക്കാ​ദ​മി ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ത​ന്നെ, ഇ​വ​രി​ല്‍നി​ന്നും പ​ക്ഷ​പാ​ത​ര​ഹി​ത​വും ഉ​ത്ത​ര​വാ​ദി​ത്തപൂ​ര്‍ണ​വു​മാ​യ മൂ​ല്യ​നി​ര്‍ണയം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു.

2021ലെ ​ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​ നി​ര്‍ണ​യ​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്?

2021ലെ ​ര​ച​നാ​വി​ഭാ​ഗം ജൂ​റി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ച്ച​ത് വി.​കെ. ജോ​സ​ഫ് (ചെ​യ​ര്‍മാ​ന്‍), ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ന്‍ (അം​ഗം), മ​നി​ല സി. ​മോ​ഹ​ന്‍ (അം​ഗം) എ​ന്നി​വ​രാ​ണ്. മു​ന്‍വ​ര്‍ഷ​ത്തെ ര​ച​നാ​വി​ഭാ​ഗം ജൂ​റി തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സാ​ങ്കേ​തി​ക​വും നൈ​തി​ക​വു​മാ​യ ത​ല​ത്തി​ല്‍ ആ​ക്ഷേ​പ​ങ്ങ​ളു​യ​ര്‍ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യോ​ടെ 2021ലെ ​ജൂ​റി പ്ര​വ​ര്‍ത്തി​ച്ചു​വെ​ന്ന് ക​രു​താ​വു​ന്ന​താ​ണ്. എ​ന്നാ​ല്‍, മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥം, മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള ജൂ​റി പ​രാ​മ​ര്‍ശം എ​ന്നി​വ യ​ഥാ​ക്ര​മം നേ​ടി​യ പ​ട്ട​ണം റ​ഷീ​ദി​ന്റെ ‘ച​മ​യം’, ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ ച​ര്‍ച്ച​ക​ള്‍ക്ക് വ​ഴി​തു​റ​ക്കു​ന്നു.

486 പു​റ​ങ്ങ​ളി​ലാ​യി തയാറാക്കി​യി​ട്ടു​ള്ള പ​ട്ട​ണം റ​ഷീ​ദി​ന്റെ ‘ച​മ​യം’ എ​ന്ന പു​സ്ത​കം 7 അ​ധ്യാ​യ​ങ്ങ​ളാ​യാ​ണ് വി​ഭ​ജി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​യി​ല്‍ മൂ​ന്ന് അ​ധ്യാ​യ​ങ്ങ​ളാ​ണ് സി​നി​മ​യി​ലെ ‘ച​മ​യം’ എ​ന്ന വി​ഷ​യം പ്ര​തി​പാ​ദി​ക്കു​ന്ന​ത് (ഹോ​ളി​വു​ഡി​ലെ മേ​ക്ക​പ്പ്, വെ​ള്ളി​ത്തി​ര​യി​ലെ വേ​ഷ​പ്പ​ക​ര്‍ച്ച​ക​ള്‍, എ​ന്റെ നാ​ട​ക-​സി​നി​മാ​നു​ഭ​വ​ങ്ങ​ള്‍ എ​ന്നീ അ​ധ്യാ​യ​ങ്ങ​ളാ​ണ് സി​നി​മാ ​ബാ​ന്ധ​വ​മു​ള്ള​വ). മ​റ്റു​ള്ള അ​ധ്യാ​യ​ങ്ങ​ള്‍ ച​മ​യ​ക​ല​യു​ടെ പൊ​തു​വാ​യ സാ​ങ്കേ​തി​ക​ത, ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളി​ലെ​യും നാ​ട​ക​ത്തി​ലെ​യും ച​മ​യം, മ​റ്റ് പ്ര​മു​ഖ ച​മ​യ ക​ലാ​കാ​ര​ന്മാ​ര്‍ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ചചെ​യ്യു​ന്ന​വ​യാ​ണ്. സി​നി​മ​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍ശി​ക്കു​ന്ന അ​ധ്യാ​യ​ങ്ങ​ളാ​ക​ട്ടെ, പ​ട്ട​ണം റ​ഷീ​ദി​ന്റെ വ്യ​ക്ത്യ​നു​ഭ​വ​ങ്ങ​ളു​ടെ പ​ക​ര്‍ത്തെ​ഴു​ത്ത് മാ​ത്ര​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ള്‍, നാ​ട​കം തു​ട​ങ്ങി ഇ​ത​ര ക​ലാ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​മ​യ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ര്‍ശി​ക്കു​ന്ന​തി​നോ​ടൊ​പ്പം സി​നി​മ​യി​ലെ ച​മ​യ​ക​ല​യും പ​രാ​മ​ര്‍ശ​വി​ധേ​യ​മാ​കു​ന്ന ഗ്ര​ന്ഥ​മാ​ണ് മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​മാ​യി ജൂ​റി ക​ണ്ടെ​ത്തി​യ​തെ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണ്.

മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള ജൂ​റി പ​രാ​മ​ര്‍ശം നേ​ടി​യ ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്ന പു​സ്ത​ക​ത്തി​ലെ ഉ​ള്ള​ട​ക്കം അ​ല്‍പം​കൂ​ടി വി​വാ​ദ​മാ​യേ​ക്കാ​വു​ന്ന​താ​ണ്. 1928ലാ​ണ് ജെ.​സി. ഡാ​നി​യേ​ല്‍ സം​വി​ധാ​നം ചെ​യ്ത ‘വി​ഗ​ത​കു​മാ​ര​ന്‍’ ആ​ദ്യ​പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ​തെ​ന്നാ​ണ് കേ​ര​ള സ​ര്‍ക്കാ​റി​ന്റെ​യും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ​യും ഔ​ദ്യോ​ഗി​ക ഭാ​ഷ്യം. എ​ന്നാ​ല്‍ പ്ര​സ്തു​ത ചി​ത്ര​ത്തി​ന്റെ ആ​ദ്യ​പ്ര​ദ​ര്‍ശ​നം 1930ലാ​ണ് ന​ട​ന്ന​ത് എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗം ച​രി​ത്ര​കാ​ര​ന്മാ​രു​മു​ണ്ട്. ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്ന പു​സ്ത​ക​ത്തി​ലെ തെ​ളി​വു​ക​ളും സൂ​ച​ന​ക​ളും 1930ലാ​ണ് വി​ഗ​ത​കു​മാ​ര​ന്റെ ആ​ദ്യ​പ്ര​ദ​ര്‍ശ​നം ന​ട​ന്ന​തെ​ന്ന വാ​ദ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്. ത​ന്റെ വാ​ദം സ്ഥാ​പി​ക്കാനാ​വ​ശ്യ​മാ​യ പ​ത്ര​വാ​ര്‍ത്ത​ക​ള്‍, നോ​ട്ടീ​സു​ക​ള്‍ എ​ന്നി​വ പു​സ്ത​ക​ത്തി​ല്‍ അ​ദ്ദേ​ഹം തെ​ളി​വു​ക​ളാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ മി​ക​ച്ച ച​ല​ച്ചി​ത്ര ര​ച​ന​ക​ള്‍ക്ക് ദേ​ശീ​യ-സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ള്ള​വ​രും മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യും അം​ഗ​മാ​യി​ട്ടു​ള്ള ജൂ​റി​യും കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി അം​ഗീ​ക​രി​ച്ച പു​സ്ത​ക​ത്തി​ലെ വി​ഗ​ത​കു​മാ​ര​ന്റെ ആ​ദ്യ പ്ര​ദ​ര്‍ശ​ന വ​ര്‍ഷം സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ വ​ള​രെ ഗൗ​ര​വ​മേ​റി​യ​താ​ണ്. മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളു​ടെ​യും ലേ​ഖ​ന​ങ്ങ​ളു​ടെ​യും ഉ​ള്ള​ട​ക്ക​ത്തോ​ട് ജൂ​റി​ക്കോ അ​ക്കാ​ദ​മി​ക്കോ ആ​ഭി​മു​ഖ്യ​മി​ല്ല എ​ന്ന വാ​ദം ഉ​യ​ര്‍ത്താ​നാ​കി​ല്ല. കാ​ര​ണം, ച​ല​ച്ചി​ത്ര അ​വാ​ര്‍ഡി​ന്റെ നി​യ​മാ​വ​ലി​ക​ളി​ല്‍ അ​ത്ത​ര​മൊ​രു പ​രാ​മ​ര്‍ശ​മി​ല്ല. കൂ​ടാ​തെ, ഒ​രു കൃ​തി​യു​ടെ ഉ​ള്ള​ട​ക്കം, ഭാ​ഷ, അ​വ​ത​ര​ണ ശൈ​ലി എ​ന്നി​വ​യെ മു​ന്‍നി​ര്‍ത്തി ന​ട​ത്തു​ന്ന മൂ​ല്യ​നി​ര്‍ണ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ച​ല​ച്ചി​ത്ര ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​രം ന​ല്‍കു​ന്ന​ത്. അ​തി​നാ​ല്‍ത്ത​ന്നെ, ത​ങ്ങ​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള ഇ​ത്ത​രം പി​ഴ​വു​ക​ളു​ടെ ധാ​ര്‍മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം അ​ക്കാ​ദ​മി​ക്കും ജൂ​റി അം​ഗ​ങ്ങ​ള്‍ക്കും മാ​ത്ര​മാ​ണ്. മ​റ്റൊ​ര​ർഥത്തി​ല്‍, മ​ല​യാ​ള സി​നി​മ​യു​ടെ അം​ഗീ​കൃ​ത ച​രി​ത്ര​ത്തെ റ​ദ്ദ് ചെ​യ്യു​ന്ന ന​ട​പ​ടി​യി​ലേ​ക്കാ​ണ് 2021ലെ ​ര​ച​നാ​വി​ഭാ​ഗം ജൂ​റി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ നീ​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്ന​തി​ല്‍ തെ​റ്റി​ല്ല.


ഇ​തോ​ടൊ​പ്പം സൂ​ചി​പ്പി​ക്കേ​ണ്ട മ​റ്റൊ​രു വി​ഷ​യ​മാ​ണ് ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ള്‍ക്കാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട കൃ​തി​ക​ളു​ടെ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി എ​ടു​ത്ത ദൈ​ര്‍ഘ്യം. 2021ല്‍ ​മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി അ​ക്കാ​ദ​മി ജൂ​റി അം​ഗ​ങ്ങ​ള്‍ക്ക് കൈ​മാ​റി​യ​ത് 24 പു​സ്ത​ക​ങ്ങ​ളും 53 ലേ​ഖ​ന​ങ്ങ​ളു​മാ​ണ്. ചെ​യ​ര്‍മാ​ന്‍ വി.​കെ. ജോ​സ​ഫ് 29 ദി​വ​സ​ങ്ങ​ൾകൊണ്ടും ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ന്‍ 30 ദി​വ​സ​ങ്ങ​ൾകൊണ്ടും മ​നി​ല സി. ​മോ​ഹ​ന്‍ 24 ദി​വ​സ​ങ്ങ​ൾകൊ​ണ്ടു​മാ​ണ് 24 പു​സ്ത​ക​ങ്ങ​ളും 53 ലേ​ഖ​ന​ങ്ങ​ളും വാ​യി​ച്ച് മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യെ​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​ണ്. ഇ​ത്ര കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍കൊ​ണ്ട് ഇ​ത്ര​യ​ധി​കം കൃ​തി​ക​ള്‍ എ​പ്ര​കാ​ര​മാ​ണ് വി​ല​യി​രു​ത്തി​യ​ത് എ​ന്ന​ത് ദു​രൂ​ഹ​മാ​ണ്.

ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് മ​റ്റൊ​രു സാ​ങ്കേ​തി​ക​പ്പി​ഴ​വ് നി​ല​നി​ല്‍ക്കു​ന്ന​തും വെ​ളി​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ന്റെ നി​യ​മാ​വ​ലി​യി​ല്‍ ഇ​ത്ത​ര​മൊ​രു പ​രാ​മ​ര്‍ശ​മു​ണ്ട്: “ത​ർജ​മ, സം​ഗ്ര​ഹം, എ​ഡി​റ്റ് ചെ​യ്ത​ത് തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ള്‍ക്കും ലേ​ഖ​ന​ങ്ങ​ള്‍ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ര്‍ഹ​ത​യു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല” (ഭാ​ഗം VI (2)). 2021 ജ​നു​വ​രി​യി​ല്‍ ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ന്‍സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്ന ഗ്ര​ന്ഥം 2020 ഒ​ക്ടോ​ബ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ‘Broken Dreams’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ ത​ർജ​മ​യാ​ണ്. ഇ​രു​ കൃ​തി​ക​ളും ര​ചി​ച്ച​ത് ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ത​ന്നെ​യാ​ണെ​ങ്കി​ലും സാ​ങ്കേ​തി​ക​മാ​യി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ പു​ര​സ്കാ​രം നേ​ടി​യ ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്ന മ​ല​യാ​ളം കൃ​തി ‘Broken Dreams’ എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ന്റെ വി​വ​ര്‍ത്ത​ന​മാ​ണെ​ന്ന് ഏ​തൊ​രാ​ള്‍ക്കും പ്രാ​ഥ​മി​ക​മാ​യ വാ​യ​ന​യി​ല്‍ത്ത​ന്നെ ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണ്. ത​ർജമ ചെ​യ്യ​പ്പെ​ട്ട കൃ​തി​ക​ള്‍ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കി​ല്ലാ​യെ​ന്ന നി​യ​മം നി​ല​നി​ല്‍ക്കു​മ്പോ​ള്‍ത​ന്നെ ഇ​ത്ത​ര​മൊ​രു സാ​ങ്കേ​തി​ക പി​ഴ​വ് സം​ഭ​വി​ച്ച​തി​ന്റെ ധാ​ര്‍മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് മാ​ത്ര​മാ​ണ്. ത​ർജ​മ, ഇം​ഗ്ലീ​ഷി​ലു​ള്ള പു​സ്ത​ക​ത്തി​ന്റെ പു​നഃ​പ്ര​സി​ദ്ധീ​ക​ര​ണം എ​ന്നീ ര​ണ്ട് സാ​ധ്യ​ത​ക​ള്‍ മാ​ത്ര​മാ​ണ് ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ ‘ന​ഷ്ടസ്വ​പ്ന​ങ്ങ​ള്‍’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന് ബാ​ധ​ക​മാ​യി​ട്ടു​ള്ള​തെ​ന്നി​രി​ക്കെ, ഇ​ത്ത​ര​മൊ​രു സാ​ങ്കേ​തി​ക​പ്പി​ഴ​വ്/ നി​യ​മലം​ഘ​നം അ​ക്കാ​ദ​മി പ​രി​ശോ​ധി​ക്കാ​ത്ത​ത് ഗൗ​ര​വ​മേ​റി​യ പ്ര​ശ്ന​മാ​ണ്.

2022ലെ ​ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര നി​ര്‍ണ​യ​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്?

മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം, മി​ക​ച്ച ച​ല​ച്ചി​ത്രഗ്ര​ന്ഥം എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ ഓ​രോ ജൂ​റി​യെ സം​ബ​ന്ധി​ച്ചും വ്യ​ത്യ​സ്ത മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യി​രി​ക്കും പ്ര​വ​ര്‍ത്തി​ക്കു​ക. അ​തി​നാ​ൽത​ന്നെ, ഇ​ത്ത​ര​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ജൂ​റി ഇ​വ വി​ല​യി​രു​ത്തു​വാ​ന്‍ ത​ക്ക വി​ഷ​യ​പ​രി​ജ്ഞാ​നം നേ​ടി​യ​വ​രാ​യി​രി​ക്കേ​ണ്ട​തു​ണ്ട്. മ​റ്റൊ​ര​ർഥ​ത്തി​ല്‍, ച​ല​ച്ചി​ത്രസം​ബ​ന്ധി​യാ​യ ര​ച​ന​ക​ള്‍ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജൂ​റി​ക്ക് ച​ല​ച്ചി​ത്ര നി​രൂ​പ​ണം, ച​ല​ച്ചി​ത്ര പ​ഠ​നം തു​ട​ങ്ങി​യ മേ​ഖ​ല​യെ​ക്കു​റി​ച്ച് ധാ​ര​ണ ഉ​ണ്ടാ​വേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. മി​ക​ച്ച ച​ല​ച്ചി​ത്ര ര​ച​ന​ക്കുള്ള പു​ര​സ്കാ​ര നി​ര്‍ണ​യ സ​മി​തി​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ പ​ലത​വ​ണ സാ​ഹി​ത്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ ജൂ​റി ചെ​യ​ര്‍മാ​ന്‍/ അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​താ​യി കാ​ണാ​വു​ന്ന​താ​ണ്. മ​ല​യാ​ള​ത്തി​ലെ ച​ല​ച്ചി​ത്ര നി​രൂ​പ​ണം/ പ​ഠ​നം ഗൗ​ര​വ​ത​ര​മാ​യ ഒ​രു ശാ​ഖ​യാ​യി വി​ക​സി​ക്കു​ന്ന​തി​നു മു​മ്പ് ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ വ്യാ​പ​ക​മാ​യി​രു​ന്നു. എ​ന്നാ​ല്‍, മി​ക​ച്ച പു​രോ​ഗ​തി​യാ​ര്‍ജി​ച്ച മ​ല​യാ​ള​ത്തി​ലെ ച​ല​ച്ചി​ത്ര നി​രൂ​പ​ണ​ത്തി​ന്റെ​യും പ​ഠ​ന​ത്തി​ന്റെ​യും ഭാ​വു​ക​ത്വ​പ​രി​ണാ​മ​ത്തെ കാ​ലി​ക​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ ഇ​ത​ര മേ​ഖ​ല​യി​ലെ പ്രാ​വീ​ണ്യം മ​തി​യാ​കാ​തെ വ​രു​മെ​ന്ന​തി​ല്‍ ത​ര്‍ക്ക​മി​ല്ല. ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2022ലെ ​ര​ച​നാ​വി​ഭാ​ഗം ജൂ​റി​യു​ടെ നി​യ​മ​നംത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​യി വ​രു​ന്ന​ത്.

2022ലെ ​ര​ച​നാ​വി​ഭാ​ഗം ജൂ​റി​യാ​യി പ്ര​വ​ര്‍ത്തി​ച്ച​ത് കെ.​സി. നാ​രാ​യ​ണ​ന്‍ (ചെ​യ​ര്‍മാ​ന്‍), കെ. ​രേ​ഖ (അം​ഗം), എം.​എ. ദി​ലീ​പ് (അം​ഗം) എ​ന്നി​വ​രാ​യി​രു​ന്നു. ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​നാ​യി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​യ​മാ​വ​ലി​യി​ല്‍ ജൂ​റി നി​യ​മ​ന​ത്തി​നായി ചേ​ര്‍ത്തി​ട്ടു​ള്ള ഭാ​ഗം ഇ​പ്ര​കാ​ര​മാ​ണ്: “ചെ​യ​ര്‍മാ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​റ്റ് മൂ​ന്ന് അം​ഗ​ങ്ങ​ളും സി​നി​മ​യെ​പ്പ​റ്റി പ​രി​ജ്ഞാ​ന​മു​ള്ള മ​ല​യാ​ളം എ​ഴു​ത്തു​കാ​രോ ച​ല​ച്ചി​ത്ര നി​രൂ​പ​ക​രോ ആ​യി​രി​ക്ക​ണം” (Kerala State Awards for Malayalam Films & Writings on Cinema-2022, പു​റം: 11, III (5)). ഈ ​നി​യ​മ​ത്തി​ലെ ഒ​രു ഭാ​ഗം ചി​ല അ​വ്യ​ക്ത​ത​ക​ള്‍ അ​വ​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യെ​പ്പ​റ്റി പ​രി​ജ്ഞാ​ന​മു​ള്ള മ​ല​യാ​ളം എ​ഴു​ത്തു​കാ​ര്‍ എ​ന്ന ഭാ​ഗം പ​ലമ​ട്ടി​ല്‍ വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന​താ​ണ്. ത​ന്റെ ര​ച​നാ​മേ​ഖ​ല​യി​ല്‍ ച​ല​ച്ചി​ത്ര നി​രൂ​പ​ണം/​പ​ഠ​നം ഉ​ള്‍പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തും എ​ന്നാ​ല്‍ ചി​ല​പ്പോ​ഴെ​ങ്കി​ലും സി​നി​മ ക​ണ്ടി​ട്ടു​മു​ള്ള ഒ​രു വ്യ​ക്തി​യെ സി​നി​മ​യെ​ക്കു​റി​ച്ച് പ​രി​ജ്ഞാ​ന​മു​ള്ള എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മോ? ജൂ​റി അം​ഗ​ങ്ങ​ളു​ടെ ച​ല​ച്ചി​ത്ര പ​രി​ജ്ഞാ​നം പ​രി​ശോ​ധി​ക്കാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സ്വീ​ക​രി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​വാം?

ഇ​വി​ടെ ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ന്റെ തീ​വ്ര​ത മ​ന​സ്സി​ലാക്കാന്‍ 2022ലെ ​ര​ച​നാ​വി​ഭാ​ഗം ജൂ​റി​യു​ടെ മു​ന്നി​ലെ​ത്തി​യ കൃ​തി​ക​ളും അ​വ പ​രി​ശോ​ധി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ജൂ​റി​യു​ടെ പ​രി​ജ്ഞാ​ന​വും താ​ര​ത​മ്യം ചെ​യ്താ​ല്‍ മ​തി​യാ​കും. മി​ക​ച്ച ച​ല​ച്ചി​ത്ര ര​ച​ന​ക്കുള്ള ദേ​ശീ​യ-​സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ പ​തി​മൂ​ന്ന് അ​പേ​ക്ഷ​ക​രും ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ ര​ച​നാ​മേ​ഖ​ല​ക​ളി​ല്‍ കാ​ല​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ​യും കൃ​തി​ക​ള്‍ ഇ​ത്ത​വ​ണ പു​ര​സ്കാ​ര​ത്തി​നാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു (പു​ര​സ്കാ​ര​ല​ബ്ധി യോ​ഗ്യ​ത​യു​ടെ മാ​ന​ദ​ണ്ഡ​മാ​യി ലേ​ഖ​ക​ന്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ല). എ​ന്നാ​ല്‍, സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര നേ​ട്ട​ത്തി​ന്റെ മി​ക​വി​ല്‍ ജൂ​റി​യി​ല്‍ നി​യ​മി​ത​രാ​യ​വ​ര്‍ ച​ല​ച്ചി​ത്രസം​ബ​ന്ധി​യാ​യ എ​ന്തെ​ങ്കി​ലും ഗൗ​ര​വ​മു​ള്ള പു​സ്ത​ക​ങ്ങ​ളോ ലേ​ഖ​ന​ങ്ങ​ളോ ര​ചി​ച്ച​താ​യി കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലി​ല്ല. അ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ജൂറിയുടെ നിയമനപ്രക്രിയ അ​ക്കാ​ദ​മി​യു​ടെ നി​യ​മാ​വ​ലി​യു​ടെ ലം​ഘ​നംകൂ​ടി​യാ​യി മാ​റു​ന്നു (സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര നി​ര്‍ണ​യ​ത്തി​നാ​യി ച​ല​ച്ചി​ത്ര നി​രൂ​പ​ക​രെ​യോ/ ഗ​വേ​ഷ​ക​രെ​യോ പൊ​തു​വി​ല്‍ നി​യ​മി​ച്ച​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടി​ല്ല. സാം​സ്കാ​രി​ക ഔ​ന്ന​ത്യ​ത്തി​ന്റെ തു​ലാ​സി​ല്‍ സാ​ഹി​ത്യം എ​ന്നും സി​നി​മ​യേ​ക്കാ​ള്‍ സ്വീ​കാ​ര്യ​മാ​ണ​ല്ലോ!).

18 പു​സ്ത​ക​ങ്ങ​ള്‍, 44 ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ കെ.​സി. നാ​രാ​യ​ണ​ന്‍ 26 ദി​വ​സംകൊ​ണ്ടും കെ. ​രേ​ഖ 27 ദി​വ​സംകൊ​ണ്ടും എം.​എ. ദി​ലീ​പ് 29 ദി​വ​സംകൊ​ണ്ടു​മാ​ണ് മൂ​ല്യ​നി​ര്‍ണ​യം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ജൂ​റി ചെ​യ​ര്‍മാ​ന്‍ കെ.​സി. നാ​രാ​യ​ണ്‍, അം​ഗ​മാ​യ കെ. ​രേ​ഖ എ​ന്നി​വ​ര്‍ പ​ല ലേ​ഖ​ന​ങ്ങ​ള്‍ക്കും പു​സ്ത​ക​ങ്ങ​ള്‍ക്കും ന​ല്‍കി​യ മാ​ര്‍ക്കി​നേ​ക്കാ​ള്‍ ഇ​രു​പ​ത് മാ​ര്‍ക്കി​ലേ​റെ കു​റ​വാ​ണ് മ​റ്റൊ​രു ജൂ​റി അം​ഗ​മാ​യ എം.​എ. ദി​ലീ​പ് ന​ല്‍കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ജൂ​റി അം​ഗ​ങ്ങ​ളു​ടെ നി​യ​മ​നംപോ​ലും സം​ശ​യാ​സ്പ​ദ​മാ​യി​ത്തീ​രു​ന്നു. സി​നി​മ​യെ​ക്കു​റി​ച്ച് ഗൗ​ര​വ​ത​ര​മാ​യ ര​ച​നാ​പ്ര​ക്രി​യ​യി​ല്‍ ഏ​ര്‍പ്പെ​ടാ​ത്ത​വ​രും സാ​ഹി​ത്യ​ര​ച​നാ മേ​ഖ​ല​യി​ലെ പ്രാ​വീ​ണ്യം കൈ​മു​ത​ലാ​ക്കി ജൂ​റി അം​ഗ​ങ്ങ​ളാ​യി നി​യ​മി​ത​രാ​യ​വ​രും വി​ധി​യെ​ഴു​തേ​ണ്ട​താ​ണോ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ലെ ര​ച​നാ​വി​ഭാ​ഗം എ​ന്ന​ത് പ്ര​സ​ക്ത​മാ​യ ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

ഒ​ളി​ച്ചുക​ട​ത്ത​ലു​ക​ള്‍, തി​ര​സ്കാ​ര​ങ്ങ​ള്‍

സ​ര്‍ക്കാ​റിനുവേ​ണ്ടി ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി തയാറാക്കു​ന്ന​തും പു​ര​സ്കാ​രനി​ര്‍ണ​യ​വും വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​തും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യാ​ണ്. അ​തി​നാ​ൽത​ന്നെ, ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി​ക​ളി​ല്‍ കാ​ത​ലാ​യ പ​രി​ഷ്ക​ര​ണം ന​ട​പ്പാക്കു​വാ​നു​ള്ള അ​ധി​കാ​ര​വും അ​ക്കാ​ദ​മി​യി​ല്‍​ നിക്ഷി​പ്ത​മാ​ണ്. എ​ന്നാ​ല്‍, ചി​ല​രു​ടെ വ്യ​ക്തി​താ​ൽപ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാനും മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ മ​റ​ക്കാനു​മാ​യി മാ​ത്രം അ​ക്കാ​ദ​മി​യു​ടെ പു​ര​സ്കാ​ര നി​യ​മാ​വ​ലി​യി​ല്‍ 2020ല്‍ ​ചി​ല പ​രി​ഷ്കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​ത്തി​ല്‍ വ​രു​ത്തി​യ ര​ണ്ട് മാ​റ്റ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

1) 2019 വ​രെ നി​ല​നി​ന്നി​രു​ന്ന ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് നി​യ​മാ​വ​ലി​യി​ല്‍ ഭാ​ഗം VI (2)ല്‍ ​ഇ​പ്ര​കാ​രം പ​രാ​മ​ര്‍ശി​ച്ചി​രി​ക്കു​ന്നു: “ത​ർജ​മ, സ​മാ​ഹാ​രം, സം​ഗ്ര​ഹം, എ​ഡി​റ്റ് ചെ​യ്ത​ത് തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ള്‍ക്കും ലേ​ഖ​ന​ങ്ങ​ള്‍ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ര്‍ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.” എ​ന്നാ​ല്‍, 2020ല്‍ ​പു​ര​സ്കാ​ര​ങ്ങ​ള്‍ക്കു​ള്ള നി​യ​മാ​വ​ലി പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ മേ​ല്‍ സൂ​ചി​പ്പി​ച്ച വ്യ​വ​സ്ഥ​യി​ല്‍നി​ന്ന് ‘സ​മാ​ഹാ​രം’ എ​ന്ന വാ​ക്ക് മാ​ത്രം നീ​ക്കംചെ​യ്തു. അ​താ​യ​ത്, 2020 മു​ത​ല്‍ ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ള്‍ മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് വ​രു​ന്നു. അ​തി​ന​ർഥം, 2019 വ​രെ നി​ല​നി​ന്നി​രു​ന്ന നി​യ​മ​പ്ര​കാ​രം ലേ​ഖ​ന സ​മാ​ഹാ​ര​ങ്ങ​ള്‍ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​മ​ല്ല എ​ന്നാ​ണ്. എ​ന്നാ​ല്‍, മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള പു​ര​സ്കാ​രം 2019ന് ​മു​മ്പ് നേ​ടി​യ കേ​ര​ള​ത്തി​ലെ പ​ല പ്ര​മു​ഖ നി​രൂ​പ​ക​രും നി​യ​മ​വി​രു​ദ്ധ​മാ​യി ലേ​ഖ​ന സ​മാ​ഹാ​ര​ങ്ങ​ള്‍ക്കാ​ണ് അ​ത് നേ​ടി​യെ​ടു​ത്ത​ത് (അ​ത്ത​ര​ത്തി​ല്‍ 2019 വ​രെ നി​യ​മവി​രു​ദ്ധ​മാ​യ ത​ര​ത്തി​ല്‍ ലേ​ഖ​ന​സ​മാ​ഹാ​ര​ത്തി​ന് മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​വ​രു​ടെ പേ​ര് ഈ ​ലേ​ഖ​ന​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. മാ​ന്യ​വാ​യ​ന​ക്കാ​ര്‍ക്ക് അ​വ വി​ക്കി​പീ​ഡി​യ​യി​ല്‍ പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്). ഇ​ത്ത​ര​മൊ​രു കാ​പ​ട്യം മ​റ​യ്ക്കു​ന്ന​തി​നും ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ള്‍ തു​ട​ര്‍ന്ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നു​മാ​യാ​ണ് നി​യ​മാ​വ​ലി​യി​ല്‍നി​ന്ന് ‘സ​മാ​ഹാ​രം’ എ​ന്ന വാ​ക്ക് മാ​ത്രം നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.

മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ അ​വാ​ര്‍ഡ് നേ​ടി​യ കൃ​തി​ക​ള്‍കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി മ​റ്റൊ​രു വ​ര്‍ഷം ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് ഒ​ര​പേ​ക്ഷ​ക​ന്‍ സ​മ​ര്‍പ്പി​ക്കാ​തി​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ള്‍ അ​വാ​ര്‍ഡ് പ​രി​ഗ​ണ​ന​യി​ല്‍നി​ന്ന് 2020 വ​രെ ഒ​ഴി​വാ​ക്കി നി​ര്‍ത്തി​യി​രു​ന്ന​ത്. ഒ​രേ ലേ​ഖ​ന​ത്തി​ന് ര​ണ്ട് വ​ര്‍ഷ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ പു​ര​സ്കാ​രം നേ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ധാ​ര​ണ​യി​ന്മേ​ലാ​ണ് ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ള്‍ മു​മ്പ് ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം, ചേ​ര്‍ത്ത് വാ​യി​ക്കേ​ണ്ട മ​റ്റൊ​രു വി​ഷ​യം, സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മിത​ന്നെ പു​ര​സ്കാ​രനി​ര്‍ണ​യം ന​ട​ത്തു​ന്ന കേ​ര​ള സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍ഡു​ക​ളു​ടെ നി​യ​മാ​വ​ലി​യി​ല്‍ ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന പ​രാ​മ​ര്‍ശം തു​ട​രു​ന്നു​വെ​ന്ന​താ​ണ്. ആ​യ​തി​നാ​ല്‍, ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് പ​രി​ഗ​ണ​ന​യി​ല്‍ മാ​ത്രം ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത് ചി​ല​രു​ടെ വ്യ​ക്തി​താ​ൽപ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​വാ​നു​ള്ള കു​ത്സി​ത ശ്ര​മ​മാ​യി മാ​ത്ര​മേ കാ​ണു​വാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.


2) 2020ലെ ​നി​യ​മാ​വ​ലി​യി​ല്‍ വ​ന്നി​ട്ടു​ള്ള മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം സ​വി​ശേ​ഷ ശ്ര​ദ്ധ​യ​ര്‍ഹി​ക്കു​ന്നു. 2019 വ​രെ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു സൂ​ച​ന​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്: “മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ച ഏ​റ്റ​വും ന​ല്ല പു​സ്ത​ക​വും ലേ​ഖ​ന​വും പ​രി​ശോ​ധി​ച്ച് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഒ​രു പ്ര​ത്യേ​ക ക​മ്മി​റ്റി സ​ര്‍ക്കാ​ര്‍ രൂ​പവത്ക​രി​ക്കും” (ഭാ​ഗം III (5). എ​ന്നാ​ല്‍, 2020ല്‍ ​പ​രി​ഷ്ക​രി​ച്ച നി​യ​മാ​വ​ലി​യി​ല്‍ പ്ര​സ്തു​ത ഭാ​ഗം ഇ​പ്ര​കാ​രം മാ​റ്റി​യി​രി​ക്കു​ന്നു: “സി​നി​മ​യെ സം​ബ​ന്ധി​ച്ച് മ​ല​യാ​ള ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും ന​ല്ല പു​സ്ത​ക​വും ലേ​ഖ​ന​വും പ​രി​ശോ​ധി​ച്ച് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഒ​രു പ്ര​ത്യേ​ക ക​മ്മി​റ്റി സ​ര്‍ക്കാ​ര്‍ രൂ​പവത്ക​രി​ക്കും.” പ്ര​ത്യ​ക്ഷ​ത്തി​ല്‍ കാ​ത​ലാ​യ അ​ന്ത​ര​മി​ല്ലെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ള്‍ക്കും പു​സ്ത​ക​ങ്ങ​ള്‍ക്കു​മാ​യി 2019 വ​രെ ന​ല്‍കി വ​ന്നി​രു​ന്ന പു​ര​സ്കാ​രം, 2020 മു​ത​ല്‍ മ​ല​യാ​ള ഭാ​ഷ​യി​ല്‍ സി​നി​മ​യെ​പ്പ​റ്റി ര​ചി​ക്കു​ന്ന കൃ​തി​ക​ള്‍ക്ക് ന​ല്‍കാ​വു​ന്ന ത​ര​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്തി​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​തി​ന് കാ​ര​ണ​മാ​യും മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലെ ചി​ല നി​യ​മ​വി​രു​ദ്ധ​മാ​യ തി​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ക​ണ്ടെ​ത്താ​വു​ന്ന​താ​ണ്. വി​ദേ​ശ​ഭാ​ഷാ സി​നി​മ​ക​ളെ​യും ഇ​ത​ര ഇ​ന്ത്യ​ന്‍ ഭാ​ഷാ​ സി​നി​മ​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ര​ചി​ക്ക​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ള്‍ക്കും ഗ്ര​ന്ഥ​ങ്ങ​ള്‍ക്കും 2019 വ​രെ നി​ര​വ​ധി ത​വ​ണ നി​യ​മ​ത്തി​ന​തീ​ത​മാ​യി പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലെ ഇ​ത്ത​ര​മൊ​രു നി​യ​മ​ലം​ഘ​നം മ​റ​ച്ചു​വെക്കാ​നും ചി​ല​രു​ടെ വ്യ​ക്തി​താ​ൽപ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നും നി​യ​മംത​ന്നെ പൊ​ളി​ച്ചെ​ഴു​തു​ന്ന ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യ സ്ഥി​തി​യാ​ണ് അ​ക്കാ​ദ​മി 2020 മു​ത​ല്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന പു​ര​സ്കാ​ര നി​യ​മാ​വ​ലി​യി​ലു​ള്ള​ത്.

3) ച​ല​ച്ചി​ത്ര അ​വാ​ര്‍ഡി​ലെ തി​ര​സ്കാ​ര​ത്തി​ന്റെ​യും ലിം​ഗ​വി​വേ​ച​ന​ത്തി​ന്റെ​യും ചി​ത്രം അ​തി​ഭീ​ക​ര​മാ​ണ്. 1984 മു​ത​ല്‍ മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​ന് പു​ര​സ്കാ​രം ന​ല്‍കിവ​രു​ന്നു. എ​ന്നാ​ല്‍, നാ​ളി​ത് വ​രെ ഒ​രു സ്ത്രീ​ക്ക് മാ​ത്ര​മാ​ണ് പ്ര​സ്തു​ത പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത് (2001ല്‍ ​സു​ധ വാ​ര്യ​ര്‍ ര​ചി​ച്ച ‘അ​നു​ക​ല്‍പ​ന​ത്തി​ന്റെ ആ​ട്ട​പ്ര​കാ​രം’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന് മാ​ത്ര​മാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്, കൂ​ടാ​തെ 2021ല്‍ ​ഷീ​ബ എം. ​കു​ര്യ​ന്റെ ‘ഫോ​ക്ക​സ്: സി​നി​മാ​പ​ഠ​ന​ങ്ങ​ള്‍’ എ​ന്ന പു​സ്ത​ക​ത്തി​ന് ജൂ​റി പ​രാ​മ​ര്‍ശ​വും ല​ഭി​ച്ചി​ട്ടു​ണ്ട്). മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന്റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. 1998 മു​ത​ല്‍ 2022 വ​രെ​യു​ള്ള വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ 1998ല്‍ ​മാ​ത്ര​മാ​ണ് ഒ​രു സ്ത്രീ ​പ്ര​സ്തു​ത പു​ര​സ്കാ​ര​ത്തി​ന് അ​ര്‍ഹ​യാ​യി​ട്ടു​ള്ള​ത് (പി. ​ഗീ​ത​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​വ്. 2017ല്‍ ​ര​ശ്മി ജി, ​അ​നി​ല്‍കു​മാ​ര്‍ കെ.​എ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നെ​ഴു​തി​യ ലേ​ഖ​ന​ത്തി​ന് ജൂ​റി പ​രാ​മ​ര്‍ശം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന​തും സൂ​ചി​പ്പി​ക്കു​ന്നു). മ​ല​യാ​ള സി​നി​മാ​പ​ഠ​നം/ നി​രൂ​പ​ണം ഒ​രു പു​രു​ഷാ​ധി​പ​ത്യ മേ​ഖ​ല​യാ​ണെ​ന്നും മി​ക​ച്ച ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ ര​ച​ന​ക​ളി​ലേ​ര്‍പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍ അ​വി​ടെ അ​ദൃ​ശ്യ​രാ​കു​ന്നു​വെ​ന്നും ഇ​ത് തെ​ളി​യി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ തി​ര​സ്കൃ​ത​രാ​കു​ന്ന പ​ക്ഷം ച​ല​ച്ചി​ത്ര അ​വാ​ര്‍ഡി​ന്റെ ഇ​ത​ര മേ​ഖ​ല​ക​ളാ​യ അ​ഭി​ന​യം, ആ​ലാ​പ​നം, ഡ​ബ്ബിങ് എ​ന്നി​വ​യി​ലെ​ന്നപോ​ലെ ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ ര​ച​ന​ക​ള്‍ക്കും ആ​ണ്‍/​പെ​ണ്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യ​ത്യ​സ്ത പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം.


ചലച്ചിത്ര അക്കാദമി നൽകുന്ന സംസ്ഥാന ടെലിവിഷൻ അവാർഡിനുള്ള 2022 ലെ വിജ്ഞാപനം. ലേഖനസമാഹാരം പുരസ്കാരത്തിനായി പരിഗണിക്കില്ലെന്ന് സൂചിപ്പിച്ചിരിക്കുന്നു

വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടാ​ല്‍ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ക്ക് പി​ന്നെ​യെ​ന്ത് പ്ര​സ​ക്തി?

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​വി​ടെ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഒ​രേസ​മ​യം, സാ​ങ്കേ​തി​ക​വും നൈ​തി​ക​വു​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​യാ​ണ്. ഈ ​ലേ​ഖ​ന​ത്തി​ലു​ട​നീ​ളം ജൂ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​മോ അ​വ​രു​ടെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​ത്തെ​യോ ചോ​ദ്യംചെ​യ്യു​ന്നി​ല്ല. മ​റി​ച്ച്, ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ന​ട​ത്ത​പ്പെ​ടേ​ണ്ട ജൂ​റി തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സം​ഭ​വി​ച്ച സാ​ങ്കേ​തി​ക​വും യു​ക്തി​ര​ഹി​ത​വു​മാ​യ പ്ര​വ​ണ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യെ​ന്ന​താ​ണ് ഈ ​ലേ​ഖ​നം ല​ക്ഷ്യംെവ​ച്ചി​ട്ടു​ള്ള​ത്. താ​ഴെ ന​ല്‍കു​ന്ന നി​ർദേ​ശ​ങ്ങ​ള്‍ ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം:

1) ച​ല​ച്ചി​ത്ര ര​ച​നാ​സം​ബ​ന്ധ​മാ​യ കൃ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​വാ​ന്‍ ച​ല​ച്ചി​ത്ര നി​രൂ​പ​ണ/ പ​ഠ​ന മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​വ​രെ മാ​ത്രം ചു​മ​ത​ല​പ്പെ​ടു​ത്തു​ക. സാ​ഹി​ത്യ മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു​ള്ള ജൂ​റി അം​ഗ​ങ്ങ​ളു​ടെ പ്രാ​വീ​ണ്യം ച​ല​ച്ചി​ത്ര പ​ഠ​ന​ങ്ങ​ളെ വി​ല​യി​രു​ത്താ​ന്‍ പ​ര്യാ​പ്ത​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല എ​ന്ന ബോ​ധ്യം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

2) ചി​ല വ്യ​ക്തി​ക​ള്‍ ജൂ​റി ചെ​യ​ര്‍മാ​ന്‍/ അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ ആ​വ​ര്‍ത്തി​ച്ച് അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ഇ​ത് സാം​സ്കാ​രി​ക മേ​ഖ​ല​യി​ല്‍ ചി​ല അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും തി​ര​ഞ്ഞെ​ടു​പ്പി​ലെ സു​താ​ര്യ​ത​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

3) ര​ച​നാവി​ഭാ​ഗം ജൂ​റി അം​ഗ​ങ്ങ​ള്‍ നി​ല​വി​ല്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട ര​ച​ന​ക​ള്‍ പ​രി​ശോ​ധി​ച്ചു​വെ​ന്ന് അ​ക്കാ​ദ​മി​ക്കും അ​പേ​ക്ഷ​ക​ര്‍ക്കും ബോ​ധ്യ​മാ​കാന്‍ ത​ക്ക തെ​ളി​വു​ക​ള്‍ ല​ഭ്യ​മ​ല്ല. ആ​യ​തി​നാ​ല്‍, മൂ​ല്യ​നി​ര്‍ണ​യ​ത്തി​നാ​യി സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട എ​ല്ലാ പു​സ്ത​ക​ങ്ങ​ളെ​യും ലേ​ഖ​ന​ങ്ങ​ളെ​യും കു​റി​ച്ച് കു​റ​ഞ്ഞ​ത് ഒ​രു പേ​ജ് റി​പ്പോ​ര്‍ട്ട് ജൂ​റി അം​ഗ​ങ്ങ​ള്‍ തയാറാക്കേ​ണ്ട​തു​ണ്ട്. അ​വ​യി​ല്‍ പു​സ്ത​കം/ ലേ​ഖ​നം എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ​യും/ തി​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​ന്റെ​യും വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളി​ക്കേ​ണ്ട​താ​ണ്. പ​തി​നാ​യി​രം രൂ​പ​യോ​ളം ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന ജൂ​റി​യി​ല്‍നി​ന്ന് സ​ര്‍ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു റി​പ്പോ​ര്‍ട്ട് തേ​ടു​ന്ന​തി​ല്‍ ഒ​രു അ​സ്വാ​ഭാ​വി​ക​ത​യു​മി​ല്ല. ജൂ​റി അം​ഗ​ങ്ങ​ള്‍ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യോ​യെ​ന്ന സം​ശ​യം ദൂ​രീ​ക​രി​ക്കു​ന്ന​തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ രേ​ഖ​യാ​യി​രി​ക്കും ഇ​വ.

4) നി​ല​വി​ല്‍ മൂ​ന്ന് ജൂ​റി അം​ഗ​ങ്ങ​ള്‍ക്കും മൂ​ല്യ​നി​ര്‍ണ​യ​ത്തി​നു​ള്ള പു​സ്ത​ക​ങ്ങ​ള്‍, ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ അ​ക്കാ​ദ​മി കൈ​മാ​റി​യശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ മൂ​വ​രും റി​പ്പോ​ര്‍ട്ട് ന​ല്‍കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍, അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് വി​വ​രാ​വ​കാ​ശ​ രേ​ഖ​യി​ലൂ​ടെ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് ജൂ​റി അം​ഗ​ങ്ങ​ള്‍ കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് എ​ന്ന് പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​മ്പോ​ള്‍ ഓ​രോ അം​ഗ​വും വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലി​ന്റെ സാം​ഗ​ത്യം ന​ഷ്ട​പ്പെ​ടു​ന്നു. ആ​യ​തി​നാ​ല്‍, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പു​ര​സ്കാ​ര നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ല്‍ക്കു​ന്ന ര​ഹ​സ്യസ്വ​ഭാ​വം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും പി​ന്‍പ​റ്റു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. മൂ​വ​രും ന​ല്‍കി​യ മാ​ര്‍ക്ക് കൂ​ട്ടി​നോ​ക്കു​മ്പോ​ള്‍ ഉ​യ​ര്‍ന്ന സ്കോ​ര്‍ ല​ഭി​ക്കു​ന്ന കൃ​തി​ക്ക് പു​ര​സ്കാ​രം ല​ഭ്യ​മാ​ക്കു​ന്ന രീ​തി കൂ​ടു​ത​ല്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​ണ്.

5) ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ങ്കേ​തി​ക​മാ​യ എ​ന്തെ​ങ്കി​ലും പ​രാ​തി ഏ​തെ​ങ്കി​ലും അ​പേ​ക്ഷ​ക​ര്‍ ഉ​ന്ന​യി​ക്കു​ന്ന പ​ക്ഷം, അ​ത് പ​രി​ശോ​ധി​ക്കാന്‍ സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒ​രു അ​പ്പീ​ല്‍ ക​മ്മി​റ്റി രൂ​പവത്ക​രി​ക്കേ​ണ്ട​തു​ണ്ട്. പ​രാ​തി പ​രി​ശോ​ധി​ക്കു​ക​യും അ​വ​യു​ടെ നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നപ​ക്ഷം അ​വാ​ര്‍ഡ് തീ​രു​മാ​ന​ങ്ങ​ളി​ല്‍ യു​ക്ത​മാ​യ വി​ധ​ത്തി​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണ്.


6) അ​വാ​ര്‍ഡ് നി​ര്‍ണ​യ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ജൂ​റി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണ്. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം എ​ന്നി​വ​യി​ല്‍ ജൂ​റി അം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പ് വെ​ളി​പ്പെ​ടു​ത്താ​റി​ല്ല എ​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു നി​ർദേ​ശം ഡോ. ​പി.​കെ. പോ​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച 2018ലെ ​ര​ച​നാ​വി​ഭാ​ഗം ജൂ​റി റി​പ്പോ​ര്‍ട്ടി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത് ഇ​പ്ര​കാ​ര​മാ​ണ്: “ജൂ​റി അം​ഗ​ങ്ങ​ളു​ടെ പേ​രു​വി​വ​രം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നുശേ​ഷം മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന്റെ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തി​ന് ആ​വ​ശ്യ​മാ​ണ്.”

7) ര​ച​നാ​വി​ഭാ​ഗം പു​ര​സ്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍നി​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍, ച​ല​ച്ചി​ത്ര സ​മീ​ക്ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ നി​യ​മ​പ​ര​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ജൂ​റി​യി​ല്‍ വോ​ട്ട​വ​കാ​ശ​മി​ല്ലാ​ത്ത അം​ഗ​മെ​ന്ന നി​ല​യി​ല്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. കാ​ര​ണം, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​ക്കാ​ദ​മി​യു​ടെ എ​ല്ലാ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും എ​ഡി​റ്റ​ര്‍ എ​ന്ന സ്ഥാ​നം വ​ഹി​ക്കു​ന്നു. അ​ത്ത​ര​ത്തി​ല്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ഡി​റ്റ​റാ​യും അ​ക്കാ​ദ​മി​യി​ലെ വി​ദ​ഗ്ധ​രാ​യ പ​ബ്ലി​ക്കേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ച്ചശേ​ഷ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍/ ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് മ​ത്സ​ര​ത്തി​ലു​ള്ള ഇ​ത​ര പ്ര​സാ​ധ​ക​രു​ടെ സൃ​ഷ്ടി​ക​ളേ​ക്കാ​ള്‍ അ​ധി​ക പ​രി​ഗ​ണ​ന/​ യോ​ഗ്യ​ത ല​ഭി​ച്ച​താ​ണ്. ആ​യ​തി​നാ​ല്‍, സം​സ്ഥാ​ന സ​ര്‍ക്കാ​റി​നുവേ​ണ്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ന​ല്‍കു​ന്ന പു​ര​സ്കാ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് പു​ര​സ്കാ​ര നി​ര്‍ണ​യം കൂ​ടു​ത​ല്‍ സു​താ​ര്യ​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​ക്കു​ന്നു.

കേ​ര​ള സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ച​ല​ച്ചി​ത്ര​ങ്ങ​ള്‍ക്കും ച​ല​ച്ചി​ത്രസം​ബ​ന്ധി​യാ​യ ര​ച​ന​ക​ള്‍ക്കും ന​ല്‍കു​ന്ന പു​ര​സ്കാ​രം ഒ​രു സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ന​മാ​ണ്. കേ​വ​ലം സാ​ങ്കേ​തി​ക​വും സ്വ​ജ​ന​പ​ക്ഷ​പാ​തം നി​ല​നി​ര്‍ത്തു​ന്ന​തു​മാ​യ ജൂ​റി​യു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ള്‍ അ​വ​യു​ടെ ശോ​ഭ​ക്ക് മ​ങ്ങ​ലേ​ൽപി​ക്കും. ആ​യ​തി​നാ​ല്‍, കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത​യോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യും ഇ​ത്ത​രം പു​ര​സ്കാ​രനി​ര്‍ണ​യം ന​ട​ക്കേ​ണ്ട​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്റെ യ​ശ​സ്സി​ന് അ​നി​വാ​ര്യ​മാ​ണ്. മാ​ത്ര​വു​മ​ല്ല, പു​ര​സ്കാ​ര നി​ര്‍ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ രേ​ഖ വ​ഴി ഓ​രോ അ​പേ​ക്ഷ​നും വാ​ങ്ങു​ക​യും ന​ട​ന്നി​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ സു​താ​ര്യ​ത ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഓ​രോ പു​ര​സ്കാ​ര​നി​ര്‍ണ​യ​വും കു​റ്റ​മ​റ്റ​തും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യി​രി​ക്ക​ണം, അ​ത് ഉ​റ​പ്പാ​ക്കാ​ന്‍ ഓ​രോ അ​പേ​ക്ഷ​നു​മു​ള്ള സാ​ധ്യ​ത​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം ന​ല്‍കു​ന്ന​ത്. അ​വാ​ര്‍ഡ് നി​ര്‍ണ​യം നി​യ​മ​പ​ര​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ര്‍ക്കാറിന്റെ ഉ​ത്ത​ര​വാ​ദി​ത്തവു​മാ​ണ്.

Tags:    
News Summary - Kerala State Film Awards Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.