ജാ​തി​ക്കൊ​ല: ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന ‘പ്ര​ബു​ദ്ധ​ത’

വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ ദു​രൂ​ഹ​മ​ര​ണം വി​വി​ധ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ജാ​തി എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നു​ത​ന്നെ​യാ​ണ് അ​തി​ൽ പ്ര​ധാ​നം. ജാ​തി​ക്കൊ​ല​ക​ൾ എ​ന്തു​കൊ​ണ്ട് ന​ട​ക്കു​ന്നു. പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​വും ന​വ ഹി​ന്ദു​ത്വ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം, ഒ​ന്ന് അ​ദൃ​ശ്യ​സാ​ന്നി​ധ്യ​മാ​യും മ​റ്റൊ​ന്ന് രാ​ഷ്ട്രീ​യാ​ധി​കാ​ര​മാ​യും ശ​ക്തി​പ്പെ​ടു​ന്നു എ​ന്ന​താ​ണ്. അ​ദൃ​ശ്യ​മാ​യ ജാ​തി​യു​ടെ (പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വം) ഇ​ട​പെ​ട​ൽ പു​രോ​ഗ​മ​ന​മു​ഖ​മ​ണി​ഞ്ഞ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​യോ​ഗി​ക്കാ​ൻ...

വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ ദു​രൂ​ഹ​മ​ര​ണം വി​വി​ധ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ജാ​തി എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നു​ത​ന്നെ​യാ​ണ് അ​തി​ൽ പ്ര​ധാ​നം. ജാ​തി​ക്കൊ​ല​ക​ൾ എ​ന്തു​കൊ​ണ്ട് ന​ട​ക്കു​ന്നു.

പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​വും ന​വ ഹി​ന്ദു​ത്വ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം, ഒ​ന്ന് അ​ദൃ​ശ്യ​സാ​ന്നി​ധ്യ​മാ​യും മ​റ്റൊ​ന്ന് രാ​ഷ്ട്രീ​യാ​ധി​കാ​ര​മാ​യും ശ​ക്തി​പ്പെ​ടു​ന്നു എ​ന്ന​താ​ണ്. അ​ദൃ​ശ്യ​മാ​യ ജാ​തി​യു​ടെ (പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വം) ഇ​ട​പെ​ട​ൽ പു​രോ​ഗ​മ​ന​മു​ഖ​മ​ണി​ഞ്ഞ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു. കേ​ര​ളം​പോ​ലെ പ്ര​ബു​ദ്ധ​മാ​യ, ന​വോ​ത്ഥാ​ന​പ​ര​മാ​യ മു​ന്നേ​റ്റം ന​ട​ന്ന ഒ​രി​ട​ത്ത് അ​വ​യെ എ​തി​ർ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ നേ​ടി​യ സാം​സ്കാ​രി​ക ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും. ഈ ​സാം​സ്കാ​രി​ക മേ​ൽ​ക്കോ​യ്മ നി​ർ​മി​ക്ക​പ്പെ​ട്ട​ത് ന​വോ​ത്ഥാ​ന മൂ​ല്യ​ബോ​ധ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​തി​ലും സ​വ​ർ​ണ​ത​യു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്. അ​വി​ടെ​യാ​ണ് ജാ​തി എ​തി​ർ​ക്ക​പ്പെ​ടാ​തെ​ത​ന്നെ ത​ക​ർ​ക്ക​പ്പെ​ടും എ​ന്നൊ​രു മി​ഥ്യാ​ധാ​ര​ണ കേ​ര​ള​ത്തി​ലെ മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ മൗ​ന​സ​മ്മ​ത​ത്തോ​ടെ ഉ​ണ്ടാ​ക്കി​ത്തീ​ർ​ത്ത​ത്. അ​തൊ​രു പൊ​തു​ബോ​ധ​മാ​ണ്. അ​തേ​സ​മ​യം, പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​മാ​വ​ട്ടെ അ​തി​ന്റെ സ​വ​ർ​ണാ​ധി​കാ​ര ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ജാ​തി​യെ സൂ​ക്ഷ്മ​വും സ്ഥൂ​ല​വു​മാ​യി പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്നു.

ഈ ​പ്ര​യോ​ഗ​വ​ത്ക​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടു​ന്ന ജാ​തി​മ​നു​ഷ്യ​രെ പ്ര​ത്യ​ക്ഷ​ത്തി​ൽ ജാ​തി​യു​ടെ പേ​രി​ൽ പു​റ​ന്ത​ള്ളു​ന്ന​താ​യി പൊ​തു​സ​മൂ​ഹ​ത്തി​ന് തോ​ന്നു​ക​യി​ല്ല. ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്ന് ജാ​തി അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന് പ​റ​യു​ന്ന​ത് ഇ​ത്ത​രം പൊ​തു​ബോ​ധ​മ​ണ്ഡ​ല​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്. അ​ത്ത​രം ഒ​രി​ട​ത്ത് മേ​ൽ​ജാ​തി മ​നു​ഷ്യ​ർ സ​വ​ർ​ണ​രാ​യി ജീ​വി​ക്കു​മ്പോ​ഴും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ ഇ​ട​ങ്ങ​ളി​ലെ തു​റ​ന്ന ഇ​ട​പെ​ട​ൽ​കൊ​ണ്ട് ന​മ്മ​ൾ ജാ​തി​യെ എ​ന്നോ പു​റ​ന്ത​ള്ളി​യ​വ​രാ​ണ് എ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ക്കും. അ​വ​ർ ജാ​തി​മ​നു​ഷ്യ​ർ​ക്ക് ഒ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും, അ​വ​രെ കെ​ട്ടി​പ്പി​ടി​ക്കും. അ​ങ്ങ​നെ ന​മു​ക്ക് ജാ​തി​യി​ല്ല എ​ന്ന പ്ര​ത്യ​ക്ഷ പ്ര​ച്ഛ​ന്ന​ത​ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും പ്ര​സ​രി​പ്പി​ക്കും.

നിതിൻ രാജിന്റെ ദൂരൂഹമരണത്തിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോളജിന് മുന്നിൽ നടത്തിയ ​പ്രതിഷേധം

അ​തേ​സ​മ​യം, അ​വി​ടെ​നി​ന്നാ​ണ് ഒ​രു വി​ഭാ​ഗം (സ​വ​ർ​ണ താ​ൽ​പ​ര്യ​മു​ള്ള​വ​ർ) എം.​എ​ൽ.​എ​യു​ടെ​യും എം.​പി​യു​ടെ​യും ഡോ​ക്ട​റു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഉ​ന്ന​ത ബ്യൂ​റോ​ക്രാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ​യും പ​ര​മ്പ​രാ​ഗ​ത ജാ​തി ബ്രാ​ഹ്മ​ണി​ക്ക​ൽ​ബോ​ധ​ത്തെ വീ​ണ്ടെ​ടു​ക്കു​ന്ന​ത്. അ​വ ഹി​ന്ദു​ത്വ​ത്തെ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തും ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന​തും ദ​ലി​ത് പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ൽ ശ​ക്തി​പ്പെ​ട്ടു​വ​രു​ന്ന ധൈ​ഷ​ണി​ക ജ്ഞാ​ന​സ​മ്പ​ത്തി​നെ​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ജാ​തി​ക്കൊ​ല​യി​ട​മാ​ക്കു​ന്ന​തി​ന് കാ​ര​ണം, അ​താ​ണ്. അ​തി​ന്റെ നി​ര​വ​ധി​യാ​യ തെ​ളി​വു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ളം നാം ​ക​ണ്ട​താ​ണ്. അ​പ്പോ​ഴും അ​ത്ത​രം ജാ​തി​ക്കൊ​ല​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഒ​രി​ട​മാ​ണ് കേ​ര​ളം എ​ന്നൊ​രു പൊ​തു​ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു.

ജാ​തി മാ​റി വി​വാ​ഹം​ചെ​യ്ത യു​വാ​ക്ക​ളെ കൊ​ല​ചെ​യ്തും സി​ദ്ധാ​ർ​ഥ​നെ​പ്പോ​ലെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തും ആ ​ധാ​ര​ണ​യെ കേ​ര​ളം നേ​ര​ത്തേ​യും തി​രു​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ അ​ത് നി​തി​ൻ രാ​ജി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ, വേ​റി​ട്ട കേ​ര​ളം എ​ന്ന പൊ​തു​വി​ചാ​ര​ത്തെ അ​ത് സ്വ​യം റ​ദ്ദു​ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ത്ത​രം ജാ​തി​ക്കൊ​ല​ക​ൾ ഇ​തി​നു​മു​മ്പ് ച​ർ​ച്ച​യാ​യ​താ​ണ്.

 

ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​വെ​ച്ച് ആ​ത്മ​ഹ​ത്യ​ചെ​യ്ത രോ​ഹി​ത് വെ​മു​ല​യു​ടെ​യും മും​ബൈ​യി​ലെ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി പാ​യ​ൽ ത​ഡ്‍വി​യു​ടെ​യും മാ​താ​പി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ധാ​ന നി​ർ​ദേ​ശം ഉ​ണ്ടാ​യ​ത്. അ​തു​പ്ര​കാ​രം നി​ർ​മി​ക്ക​പ്പെ​ട്ട യു.​ജി.​സി ച​ട്ടം ജാ​തി​ക്കൊ​ല​ക​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട​താ​ണ്. യു.​ജി.​സി, പാ​ർ​ല​മെ​ന്റ് സ​മി​തി​ക്കും സു​പ്രീം​കോ​ട​തി​ക്കും കൈ​മാ​റി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 118.4 ശ​ത​മാ​നം ജാ​തി​വി​വേ​ച​ന​ത്തി​ന്റെ ഇ​ട​പെ​ട​ൽ വ​ർ​ധി​ച്ച​താ​യി വ്യ​ക്ത​മാ​കു​ന്നു. 2019 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ 704 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും 1553 കോ​ള​ജു​ക​ളി​ൽ​നി​ന്നും തു​ല്യാ​വ​സ​ര സെ​ല്ലു​ക​ൾ എ​സ്.​സി-​എ​സ്.​ടി സെ​ല്ലു​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം 1160 പ​രാ​തി​ക​ളാ​ണ് കി​ട്ടി​യ​ത്.

അ​ത് ഓ​രോ വ​ർ​ഷ​വും കൂ​ടി​വ​രു​ന്ന​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2019-2020ൽ 173, 2020-2021​ൽ 182, 2021-2022ൽ 186, 2022-2023​ൽ 241. ഈ ​ക​ണ​ക്ക് പ്ര​കാ​രം ഓ​രോ വ​ർ​ഷ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി​ട്ട് വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്തു​കൊ​ണ്ട് ജാ​തി വി​വേ​ച​ന​ത്തി​ന്റെ ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന​തി​ന്റെ കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന്, പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ത്വ​ത്തി​ന്റെ (സ​വ​ർ​ണ​ത​യു​ടെ) ഭാ​ഗ​മാ​യ​വ​രാ​ണ് അ​വി​ട​ത്തെ അ​ധ്യാ​പ​ക​ർ എ​ന്ന​താ​ണ്.

ബ്രാ​ഹ്മ​ണി​ക്ക​ൽ മൂ​ല്യ​ബോ​ധ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന അ​ധ്യാ​പ​ക​ന് അ​യാ​ൾ ആ​ർ​ജി​ച്ചെ​ടു​ത്ത ജ്ഞാ​ന​ബോ​ധം​കൊ​ണ്ട് അ​യാ​ൾ​ക്കു​ള്ളി​ലെ ജാ​തി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​റി​വി​നേ​ക്കാ​ൾ മു​ക​ളി​ലാ​ണ് അ​യാ​ളി​ലെ ജാ​തി. അ​താ​ക​ട്ടെ, മ​നു​സ്മൃ​തി​യു​ടെ ഘ​ട​ന​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​മ്പോ​ൾ അ​വ​ർ​ണ​നാ​യ മ​നു​ഷ്യ​ന് വി​ദ്യ​ന​ൽ​കു​ക എ​ന്നു​ള്ള​ത് അ​യാ​ളു​ടെ ജാ​തീ​യാ​സ്തി​ത്വ​ത്തെ സ്വ​യം നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ത​ന്റെ മു​ന്നി​ലി​രി​ക്കു​ന്ന ദ​ലി​ത​നാ​യ (വെ​ളു​ത്ത നി​റ​മി​ല്ലാ​ത്ത/​അ​പ​രി​ഷ്കൃ​ത​നാ​യ) വി​ദ്യാ​ർ​ഥി​ക്ക് അ​റി​വു​നേ​ടാ​നു​ള്ള അ​ർ​ഹ​ത​യി​ല്ല എ​ന്ന ചി​ന്ത അ​യാ​ളു​ടെ ജാ​തി അ​യാ​ളെ നി​ര​ന്ത​രം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു സ്ഥാ​പ​ന​ത്തി​ൽ അ​യാ​ൾ​ക്ക് വി​ദ്യാ​ർ​ഥി​യെ നേ​രി​ട്ട് പു​റ​ന്ത​ള്ളാ​ൻ ക​ഴി​യി​ല്ല. പ​ക​രം മാ​ന​സി​ക​മാ​യ പീ​ഡ​നം, മ​റ്റു കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ജാ​തി​പ​റ​ഞ്ഞ് ത​ള​ർ​ത്തു​ക, സം​വ​ര​ണാ​നു​കൂ​ല്യം ഞ​ങ്ങ​ളു​ടെ ഔ​ദാ​ര്യ​മാ​ണ്, യോ​ഗ്യ​ത​യി​ല്ലാ​ത്ത​യി​ട​ത്താ​ണ് എ​ത്തി​പ്പെ​ട്ട​ത് തു​ട​ങ്ങി​യ മാ​ന​സി​ക പീ​ഡ​നം മു​ഖാ​ന്ത​രം ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ നി​ര​ന്ത​ര​മാ​യി ത​ള​ർ​ത്തു​ക. ഇ​ത് ക്ലാ​സ് മു​റി​യി​ൽ കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ർ​ഷ​ബോ​ധം ചെ​റു​ത​ല്ല.

അ​വി​ടെ​നി​ന്നും അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന ഏ​കാ​ന്ത​ത​യും ഒ​റ്റ​പ്പെ​ട​ലും ഭാ​വി​യി​ലേ​ക്കു​ള്ള അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ള​ർ​ത്തു​ന്നു. ഇ​ങ്ങ​നെ ത​ള​രു​ന്ന കു​ട്ടി​ക​ളി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും പ്ര​ഹ​ര​ങ്ങ​ൾ ഏ​ൽ​പി​ക്കാ​ൻ, അ​ക്കാ​ദ​മി​ക് രീ​തി​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട മാ​ർ​ക്ക് നി​ഷേ​ധി​ച്ചും അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​തോ​ടു​കൂ​ടി പ​ഠി​ച്ച് വ​ള​രാ​നു​ള്ള താ​ൽ​പ​ര്യം അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങു​ന്നു. അ​ങ്ങ​നെ ഉ​ന്ന​ത​പ​ദ​വി​ക​ളി​ലും ഇ​ട​ങ്ങ​ളി​ലും എ​ത്തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സു​ക​ളി​ൽ​ത​ന്നെ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്നു. 2016 ജ​നു​വ​രി​യി​ൽ ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല വ​ള​പ്പി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത രോ​ഹി​ത് വെ​മു​ല ഇ​ത്ത​രം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ മ​ർ​ഡ​റി​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്.

പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും ശ​ക്തി​പ്പെ​ടു​ന്ന കൊ​ല

സ​മൂ​ഹ​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ജാ​തി നി​ല​നി​ൽ​ക്കു​മ്പോ​ൾ, അ​തി​നെ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. ജ​യി​ലി​ലെ ജാ​തി​വി​വേ​ച​നം ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ജാ​തി​മേ​ൽ​ക്കോ​യ്മ പ്ര​ശ്ന​വ​ത്ക​രി​ക്കു​ന്ന​ത് സാ​മൂ​ഹി​ക ജ്ഞാ​ന​മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ്. ഇ​ത് തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യും യു.​ജി.​സി​യും പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​യ​ത്. അ​തു​പ്ര​കാ​രം കാ​മ്പ​സു​ക​ളി​ൽ തു​ല്യ​താ​സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് തു​ട​ക്ക​മാ​യി. അ​തു​പ്ര​കാ​ര​മു​ള്ള ച​ട്ട​ങ്ങ​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ശി​ക്ഷാ​ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ​ചെ​യ്യു​ന്നു​ണ്ട്.

ഈ ​സ​മി​തി​യി​ൽ സ്ഥാ​പ​ന​ത്തി​ന്റെ മേ​ധാ​വി​ത​ന്നെ​യാ​ണ് അ​ധ്യ​ക്ഷ​ൻ. സ​മി​തി​ക​ളി​ൽ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ, സ്ത്രീ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കും കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 24 മ​ണി​ക്കൂ​ർ ഹെ​ൽ​പ് ലൈ​നു​ക​ളും ഓ​ൺ​ലൈ​ൻ പ​രാ​തി സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്ക​ണം. പ​രാ​തി ല​ഭി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​ന​കം സ​മി​തി യോ​ഗം ​ചേ​രേ​ണ്ട​താ​ണ്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ 15 പ്ര​വൃ​ത്തി​ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും വേ​ണം. അ​തി​നു​ശേ​ഷം 7 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഈ ​ച​ട്ട​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ച​ട്ട​ങ്ങ​ൾ സു​പ്രീം​കോ​ട​തി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സ്റ്റേ​ചെ​യ്യു​ക​യു​ണ്ടാ​യി. അ​തി​ന് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത് ജ​ന​റ​ൽ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ഈ ​ച​ട്ട​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു എ​തി​ർ​പ്പു​മാ​യി കോ​ട​തി​യി​ൽ എ​ത്തി​യ​താ​ക​ട്ടെ മേ​ൽ​ജാ​തി​യി​ൽ​പ്പെ​ട്ട സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​ണ്. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ് മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ച​ട്ടം സ്റ്റേ ​ചെ​യ്ത​ത്. പ​ല​പ്പോ​ഴും ഇ​ത്ത​രം നി​യ​മ​നി​ർ​മാ​ണ​ത്തി​ന്റെ ആ​വ​ശ്യം കേ​ര​ള​ത്തി​ൽ ഉ​ണ്ടോ എ​ന്ന് ന​മ്മ​ൾ ചി​ന്തി​ച്ചി​ട്ടു​ണ്ട്. സ്റ്റേ ​ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും ഈ ​ബി​ൽ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യി​ലേ​ക്കാ​ണ് നി​തി​ൻ രാ​ജി​ന്റെ ആ​ത്മ​ഹ​ത്യ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

 

ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​യാ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി നി​തി​ൻ രാ​ജ് ഭീ​ക​ര​മാ​യ ജാ​തീ​യ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ​താ​യി പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഡോ​ക്ട​ർ റാം, ​സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ശേ​ഷം കാ​മ്പ​സി​ലെ മ​റ്റു കു​ട്ടി​ക​ളും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും ജാ​തി, നി​റം, സാ​മൂ​ഹി​ക​പ​ദ​വി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സ​വ​ർ​ണാ​ധി​കാ​രം പേ​റി​ന​ട​ക്കു​ന്ന വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​ന്നം​വെ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി പ​രീ​ക്ഷ​യി​ൽ​നി​ന്നു​പോ​ലും മാ​റ്റി​നി​ർ​ത്തു​ന്നു. ക്ലാ​സ് മു​റി​ക​ൾ​ക്കു​ള്ളി​ൽ എ​ന്തു​കൊ​ണ്ട് ഉ​യ​ർ​ന്ന ജാ​തി​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ ഈ ​രീ​തി​യി​ൽ പെ​രു​മാ​റു​ന്നു? ഇ​വി​ടെ​നി​ന്നാ​ണ് ജാ​തി എ​ന്ന അ​ധി​കാ​രം അ​തി​നു​ള്ളി​ൽ സ്ഥാ​പ​ന​വ​ത്ക​രി​ച്ച ജ്ഞാ​ന​സ​മ്പ​ത്തി​ന്റെ ജ​ന​കീ​യ​വ​ത്ക​ര​ണം പ്ര​ശ്ന​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ ഡോ​ക്ട​മാ​രാ​യോ എ​ൻ​ജി​നീ​യ​ർ​മാ​രാ​യോ ശാ​സ്ത്ര​ജ്ഞ​രാ​യോ അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​ർ മാ​റേ​ണ്ട​തി​ല്ല. കാ​ര​ണം, ശ്രേ​ണീ​ബ​ദ്ധ​മാ​യ ജാ​തി​ഘ​ട​ന​യി​ൽ ക്ഷ​ത്രി​യ​ന് കീ​ഴി​ലു​ള്ള മ​നു​ഷ്യ​രെ​യൊ​ന്നും മ​നു​ഷ്യ​രാ​യി സ​വ​ർ​ണ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. നൂ​റ്റാ​ണ്ടു​ക​ളാ​യി പു​റ​ന്ത​ള്ള​പ്പെ​ട്ട ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ജ്ഞാ​ന​സ​മ്പാ​ദ​ന​ത്തി​ലൂ​ടെ മു​ഖ്യ​ധാ​ര​യി​ൽ വ​രാ​നു​ള്ള കീ​ഴ്ജാ​തി മ​നു​ഷ്യ​രു​ടെ ക​ഴി​വി​നെ ശാ​രീ​രി​ക​മാ​യി​ത്ത​ന്നെ ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട​താ​ണെ​ന്ന് സ​വ​ർ​ണാ​ധി​കാ​ര ജാ​തി​ഭൂ​ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു.

അ​ത് മ​നു​സ്മൃ​തി പ്ര​കാ​രം ശ​രി​യാ​ണ്. പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ നേ​ര​ത്തേ​ത​ന്നെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മ​റ​ക്കു​ള്ളി​ൽ​നി​ന്ന് ചെ​യ്തെ​ങ്കി​ൽ, പു​തി​യ കാ​ല​ത്ത് അ​ത് തു​റ​ന്നു പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ലും കാ​ര​ണ​ങ്ങ​ളു​ണ്ട്. പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വം ന​വ​രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​മാ​യി മാ​റി​യ​തോ​ടു​കൂ​ടി ഭ​ര​ണ​കൂ​ട താ​ൽ​പ​ര്യ​ങ്ങ​ൾ​കൂ​ടി സ​വ​ർ​ണാ​ധി​കാ​ര​ത്തി​ന്റെ സം​ര​ക്ഷ​ക​രാ​യി മാ​റു​ന്നു. 2014ൽ ​മോ​ദി​ അധികാരത്തിലെത്തിയത് പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വ​ത്തി​ന്റെ മ​റ​പി​ടി​ച്ചു​ള്ള ഹിന്ദുത്വ ശ്രമങ്ങളെ തുറന്നരൂപം സ്വീകരിക്കാൻ പ്രേരിപ്പിച്ചു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ളും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പ്പെ​ട്ട​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​കു​മ്പോ​ൾ കീ​ഴ്ജാ​തി മ​നു​ഷ്യ​ർ​ക്ക് കീ​ഴ്പ്പെ​ട്ടു​ത​ന്നെ മു​ന്നോ​ട്ടു​പോ​കേ​ണ്ടി​വ​ന്നു. അ​ത്ത​രം സ​ഹ​ന​ത​ക​ൾ പ​രി​ധി​ക​ൾ വി​ടു​മ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​ഹ​ത്യ​ചെ​യ്യേ​ണ്ട​താ​യി വ​രു​ന്ന​ത്. ഹി​ന്ദു​ത്വ​ത്തെ സം​ബ​ന്ധി​ച്ച് വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ൾ സാം​സ്കാ​രി​ക ദേ​ശീ​യ​വാ​ദ​ത്തി​ന്റെ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ​കൂ​ടി​യാ​ണ്.

കാ​മ്പ​സു​ക​ളി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച ദ​ലി​ത് ധൈ​ഷ​ണി​ക യു​വ​ത്വം ജാ​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഘ​ട​നാ​വാ​ദ​ങ്ങ​ളെ യു​ക്തി​പൂ​ർ​വം പൊ​ളി​ച്ച​ടു​ക്കു​ന്നു​ണ്ട്. ഇ​ത് പാ​ര​മ്പ​ര്യ രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​ത്തി​ന് സ​ഹി​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല. വ​രേ​ണ്യ മ​ധ്യ​വ​ർ​ഗ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ്രാ​ഹ്മ​ണി​ക്ക​ൽ ചി​ന്താ​പ​ദ്ധ​തി​ക​ളെ അ​വ​ർ​ണ യു​വ​ത്വ​ങ്ങ​ൾ ജ്ഞാ​ന​യു​ക്തി​യി​ൽ​ത​ന്നെ ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ പ​ല അ​ധ്യാ​പ​ക​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. പ​ല കാ​മ്പ​സു​ക​ളി​ലും കീ​ഴാ​ള യു​വ​ത്വ​ത്തി​ന്റെ ഇ​ട​പെ​ട​ൽ കേ​വ​ലം ജാ​തി​ക്കെ​തി​രെ മാ​ത്ര​മ​ല്ല.

പു​തി​യ കാ​ല​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തി​നും പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും അം​ബേ​ദ്ക​റി​ന്റെ രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത കാ​മ്പ​സു​ക​ളി​ലെ സം​വാ​ദ​ങ്ങ​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടു​ന്നു​ണ്ട്. 1990ക​ൾ​ക്കു​ശേ​ഷം മ​ണ്ഡ​ൽ ക​മീ​ഷ​ൻ ഉ​യ​ർ​ത്തി​വി​ട്ട ചി​ന്ത​ക​ൾ ഇ​ന്ത്യ​യി​ലെ സ​വ​ർ​ണ യു​വ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കി​യ അ​സ​ഹി​ഷ്ണു​ത ചെ​റു​ത​ല്ല. അ​ത് ന​വ​സാ​മൂ​ഹി​ക പ്ര​ക്രി​യ​യി​ൽ അ​ടി​ത്ത​ട്ട് മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക്കി​യ മാ​റ്റ​ത്തി​ന്റെ​കൂ​ടി ഫ​ല​മാ​യി​രു​ന്നു. അ​തി​ന്റെ തു​ട​ർ​ച്ച​ത​ന്നെ​യാ​ണ് നി​തി​ൻ രാ​ജി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്.

 

ഡോ. റാം,സം​ഗീ​ത ന​മ്പ്യാ​ർ

ജാ​തി കേര​ളം

ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ​പ്ര​ബു​ദ്ധ​ത​യും വി​ദ്യാ​ഭ്യാ​സ​വും നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ജാ​തീ​യ​ത ഉ​ന്മൂ​ല​ന​രീ​തി​യാ​യി മാ​റു​ന്ന​ത്? കേ​ര​ള​ത്തി​ലെ സാ​മാ​ന്യ​ബോ​ധ​ത്തി​ൽ ജാ​തി​യോ​ടു​ള്ള സ​മീ​പ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് ര​ണ്ടു രീ​തി​യി​ലാ​ണ്. ഒ​ന്ന്, ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ഏ​തൊ​രു വി​ഷ​യ​ത്തെ​യും സ​മീ​പി​ക്കാ​നു​ള്ള വ്യ​ക്തി​ക​ളു​ടെ താ​ൽ​പ​ര്യം. ആ ​താ​ൽ​പ​ര്യ​ത്തി​ൽ ജാ​തി അ​ന്ത​ർ​ലീ​ന​മാ​യി കി​ട​ക്കു​ന്നു എ​ന്ന​താ​ണ് സ​ത്യം. രാ​ഷ്ട്രീ​യ​പ്ര​ബു​ദ്ധ​ത​യി​ലൂ​ടെ ശ​ക്തി​പ്പെ​ട്ട ബു​ദ്ധി​യി​ലും ശ​രീ​ര​ത്തി​ലും ജാ​തി ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ട്.

ഇ​ത് ഏ​തൊ​രു രാ​ഷ്ട്രീ​യ ശ​രീ​ര​ത്തി​ന്റെ​യും ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​ണ്. വ്യ​ക്തി​പ​ര​മാ​യി ചി​ല​ർ അ​തി​നെ മ​റി​ക​ട​ക്കു​മ്പോ​ഴും ബ​ഹു​ഭൂ​രി​പ​ക്ഷ​വും അ​ത്ത​രം ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ക​മ്യൂ​ണി​സ്റ്റ്, സോ​ഷ്യ​ലി​സ്റ്റ്, കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി തു​ട​ങ്ങി​യ എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി ര​ക്ഷ​പ്പെ​ട്ടു​വ​രു​ന്ന​ത്. അ​ങ്ങ​നെ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ ചെ​യ്ത ജാ​തീ​യ അ​ധി​കാ​ര​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു​കൂ​ടി വേ​ണ്ടി​യാ​ണെ​ന്ന പൊ​തു​ബോ​ധം സ​വ​ർ​ണ അ​ധി​കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല കേ​സു​ക​ളും ത​ള്ള​പ്പെ​ടു​ക​യോ ചെ​റി​യ ശി​ക്ഷ​യാ​യി​ത്തീ​രു​ക​യോ ചെ​യ്യു​ന്ന​ത്.

അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ പ​ര​മാ​വ​ധി ച​ർ​ച്ച​യാ​ക്കു​ന്ന​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കു​ള്ള പ​ങ്ക് ചെ​റു​ത​ല്ല. മൂ​ടി​വെ​ക്ക​പ്പെ​ട്ട സ​ത്യ​ങ്ങ​ളെ ഇ​ന്ന് തു​റ​ന്നു പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ടി​ത്ത​ട്ട് മ​നു​ഷ്യ​ർ​ക്കും ല​ഭ്യ​മാ​ണ്. നേ​ര​ത്തേ ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വാ​ദ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു. അ​വി​ടെ ത​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യോ അ​ത്ത​രം സാ​ന്നി​ധ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നോ പൊ​തു​ബോ​ധം ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ന്ന് അ​ത് മാ​റി. ജാ​തി എ​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​ത്തി​ലെ സൂ​ക്ഷ്മ​യി​ട​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും വ്യാ​ഖ്യാ​നി​ക്കാ​ൻ ക​ഴി​വു​ള്ള ദ​ലി​ത് ധൈ​ഷ​ണി​ക പ്ര​തി​ഭ​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്.

സ​ണ്ണി എം. ​ക​പി​ക്കാ​ടും ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​റും കെ.​കെ. ബാ​ബു​രാ​ജും ഒ​ക്കെ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ അ​ധഃ​സ്ഥി​ത പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ളെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് സ​വ​ർ​ണ​ബോ​ധ​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭീ​തി ചെ​റു​ത​ല്ല. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ദ​ലി​ത് ധൈ​ഷ​ണി​ക യു​വ​ത്വം അ​തി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ദ​ലി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നെ അ​ത്ര പെ​ട്ടെ​ന്ന് പാ​ര​മ്പ​ര്യ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല.

എ​ക്കാ​ല​ത്തും ഉ​ത്ത​രേ​ന്ത്യ​യി​ലെ ജാ​തി​ക്കൊ​ല​ക​ളെ​യും സ​വ​ർ​ണാ​ധി​കാ​ര​ങ്ങ​ളെ​യും ചോ​ദ്യം​ചെ​യ്ത​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ത് ത​ങ്ങ​ൾ​ക്കി​ട​യി​ൽ ജാ​തി​യി​ല്ല എ​ന്ന പൊ​തു​ബോ​ധ​ത്തെ നി​ർ​മി​ച്ചെ​ടു​ത്തു. എ​ന്നാ​ൽ, ജാ​തി അ​ദൃ​ശ്യ​മാ​യി ശ​ക്തി​പ്പെ​ട്ട​ത് സാ​മൂ​ഹി​ക​മാ​യി മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ​മാ​യി കൂ​ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​മു​ദാ​യി​ക​ത കൃ​ത്യ​മാ​യി ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി. ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ൽ ആ​രെ നി​യ​മി​ക്ക​ണം എ​ന്നു​പോ​ലും പ​റ​യാ​ൻ ക​ഴി​യു​ന്ന വി​ധം സാ​മു​ദാ​യി​ക​ത ശ​ക്തി​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​ത്തി​ൽ സ​വ​ർ​ണ​ത​യും അ​വ​ർ​ണ​ത​യും പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് തോ​ന്നി. അ​തി​ന്റെ ഭാ​ഗ​മാ​യി ന​വോ​ത്ഥാ​ന മൂ​ല്യ​ബോ​ധ​ങ്ങ​ളി​ൽ​പോ​ലും പൊ​ളി​ച്ചെ​ഴു​ത്തു​ണ്ടാ​യി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച നി​ല​പാ​ട് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

 

ഇ​തി​നൊ​ക്കെ ജാ​തി​യു​മാ​യി എ​ന്ത് ബ​ന്ധ​മെ​ന്ന് തോ​ന്നാം. ചി​ല സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ശ​ക്തി ന​ൽ​കു​ന്ന​രീ​തി​യി​ൽ രാ​ഷ്ട്രീ​യം ഇ​ട​പെ​ടു​മ്പോ​ൾ രാ​ഷ്ട്രീ​യം തോ​ൽ​ക്കു​ക​യും സാ​മു​ദാ​യി​ക​ത വി​ജ​യി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഹി​ന്ദു​ക്ക​ളെ സം​ബ​ന്ധി​ച്ച് ജാ​തി​യെ മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് സാ​മു​ദാ​യി​ക​ത​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ഇ​ത് സ​മൂ​ഹ​ത്തി​ൽ കു​റ്റ​ക​ര​മാ​യ പ്ര​വ​ണ​ത സൃ​ഷ്ടി​ക്കു​മ്പോ​ൾ അ​തി​ൽ​നി​ന്നും സ്വ​യം മോ​ചി​ത​മാ​കാ​ൻ ഒ​രു സ്ഥാ​പ​ന​ത്തി​നും ക​ഴി​യി​ല്ല. അ​വി​ടെ സ​വ​ർ​ണ ജാ​തി​ക്കാ​ർ​ക്കു​ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്ക​വും അ​ധി​കാ​ര​വും.

ആ ​അ​ധി​കാ​ര​മേ​ൽ​ക്കോ​യ്മ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം കാ​മ്പ​സു​ക​ളി​ൽ ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​മ്പോ​ൾ, അ​തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സം​വി​ധാ​ന​ങ്ങ​ൾ യാ​ത്ര തി​രി​ക്കേ​ണ്ട​ത്. കാ​ര​ണം, നി​തി​ൻ രാ​ജി​ന്റെ ആ​ത്മ​ഹ​ത്യ ആ​ദ്യ​ത്തേ​ത​ല്ല. അ​ത് തു​ട​ർ​ച്ച മാ​ത്ര​മാ​ണ്. ഇ​നി​യും അ​ത്ത​രം തു​ട​ർ​ച്ച​ക​ൾ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. ന​മ്മു​ടെ കാ​മ്പ​സു​ക​ളി​ൽ ജാ​ത്യാ​ചാ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​ക്തി​യു​ള്ള പു​തി​യ രാ​ഷ്ട്രീ​യം രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​ത്ത​രം വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ രീ​തി​യി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​മാ​യി​ത​ന്നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യ​ണം.

Tags:    
News Summary - kannur dental college student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.