തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്താവും ബി.ജെ.പിയുടെ പ്രകടനം? സാധ്യതകൾ എത്രമാത്രമാണ്? ബി.ജെ.പി കഴിഞ്ഞ വർഷങ്ങളിൽ വോട്ട് ശതമാനം വലിയനിലയിൽ ഉയർത്തിയെങ്കിലും അത് സീറ്റുകളായി മാറുന്നതിനുള്ള സാധ്യതകൾ ഈ തെരഞ്ഞെടുപ്പിൽ തുലോം വിരളമാണെന്ന് ലേഖകൻ എഴുതുന്നു.കേരളത്തിൽ ബി.ജെ.പി വളരുന്നത് അതിവേഗത്തിലാണ് എന്നും നിയമസഭയിൽ നിർണായക ശക്തിയായി മാറുമെന്നും പാർട്ടിയുടെ ദേശീയ നേതൃത്വം പറയാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടെങ്കിലുമായി. സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന്റെ വാതിൽപ്പടിയിൽ നിൽക്കുമ്പോൾ അതുകൊണ്ടുതന്നെ അവർ ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നുമുണ്ട്. ഇക്കുറി നേമത്തും...
തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്താവും ബി.ജെ.പിയുടെ പ്രകടനം? സാധ്യതകൾ എത്രമാത്രമാണ്? ബി.ജെ.പി കഴിഞ്ഞ വർഷങ്ങളിൽ വോട്ട് ശതമാനം വലിയനിലയിൽ ഉയർത്തിയെങ്കിലും അത് സീറ്റുകളായി മാറുന്നതിനുള്ള സാധ്യതകൾ ഈ തെരഞ്ഞെടുപ്പിൽ തുലോം വിരളമാണെന്ന് ലേഖകൻ എഴുതുന്നു.
കേരളത്തിൽ ബി.ജെ.പി വളരുന്നത് അതിവേഗത്തിലാണ് എന്നും നിയമസഭയിൽ നിർണായക ശക്തിയായി മാറുമെന്നും പാർട്ടിയുടെ ദേശീയ നേതൃത്വം പറയാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടെങ്കിലുമായി. സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന്റെ വാതിൽപ്പടിയിൽ നിൽക്കുമ്പോൾ അതുകൊണ്ടുതന്നെ അവർ ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നുമുണ്ട്. ഇക്കുറി നേമത്തും പാലക്കാടും മഞ്ചേശ്വരത്തും എങ്കിലും താമര വിരിയുമെന്ന് ആഗ്രഹിക്കുന്നവരാണ് പാർട്ടിയുടെ നേതൃത്വവും അണികളും. എന്നിരിക്കിലും കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇനിയും ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്ന വഴിയിൽ വരുന്നില്ല എന്നിടത്താണ് ആ പാർട്ടി നേരിടുന്ന യഥാർഥ വെല്ലുവിളി. മുന്നണി രൂപവത്കരണത്തിൽ തുടങ്ങി സ്ഥാനാർഥി നിർണയത്തിൽ വരെ അവർ ചെയ്‌തുകൂട്ടിക്കൊണ്ടിരിക്കുന്നത് വാസ്തവത്തിൽ എതിർപക്ഷങ്ങൾക്ക് ആശ്വാസം പകരുന്നതും ജനത്തിന് ഒരു പുത്തൻ രാഷ്ട്രീയ ശരി മുന്നോട്ടുവെക്കുന്നതുമല്ല.
ആശയപരമായി നേരെ വിപരീത ദിശയിൽ ഉള്ള സി.പി.എമ്മുമായി പാലക്കാട് പോലുള്ള സ്ഥലങ്ങളിൽ അവർ ഡീൽ ഉണ്ടാക്കാൻ നിർബന്ധിതരായി എന്ന മട്ടിലുള്ള ആക്ഷേപങ്ങൾകൂടിയാകുമ്പോൾ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ റൗണ്ടുകളിൽതന്നെ പ്രതിരോധത്തിലാണ്. കേരളത്തിൽ പാർട്ടിയുടെ വളർച്ചയെ കുറിച്ച് വർഷങ്ങളായി പറയപ്പെടുന്ന കഥകൾ വീണ്ടും വിശ്വസനീയതയുടെ കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രനേതൃത്വത്തിന് ഇനിയും മനസ്സിലാകാത്ത കേരളത്തിലെ പാർട്ടി ഘടകത്തെ സംബന്ധിച്ച് വീണ്ടും പുതിയ വിലയിരുത്തലുകൾ നടക്കുകയാണ്.
തീർച്ചയായും കേരളത്തിൽ അങ്ങോളമിങ്ങോളം ബി.ജെ.പിയുടെ വോട്ട് ശതമാനം മാന്യമായി ഉയർന്നിട്ടുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് ചില നഗരപ്രദേശങ്ങളിൽ അവരുടെ സ്വാധീനം മാന്യമായി വർധിച്ചിട്ടുമുണ്ട്. തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചതും തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തതുംപോലുള്ള സമീപകാല നേട്ടങ്ങളും ശ്രദ്ധേയമാണ്. എങ്കിലും, ഈ കൈവരിച്ച മുന്നേറ്റം ഒന്നും എളുപ്പത്തിൽ നിയമസഭ സീറ്റുകളായി മാറാൻ സാധ്യത കുറവാണ് എന്നിടത്താണ് പ്രശ്നം. സംസ്ഥാനത്ത് അധികാരത്തിലേക്കുള്ള സംഘ്പരിവാറിന്റെ ദൂരം മുമ്പുണ്ടായിരുന്ന രീതിയിൽ അതേപടി തുടരുന്നു. ഘടക കക്ഷികളെ കണ്ടെത്തുന്നതിലും സ്ഥാനാർഥി പട്ടിക തയാറാക്കുന്നതിലും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും എല്ലാമുണ്ടായ പരാജയങ്ങൾ പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.
ഏറെ സാധ്യതകൾ ഉണ്ടായിരുന്ന ശബരിമല സ്വർണപ്പാളി വിവാദംപോലും മുതലാക്കാൻ പാർട്ടിക്ക് കഴിയാത്തവിധം കോൺഗ്രസ് അത് ഏറ്റെടുക്കുകയും ചെയ്തു. മതം പറഞ്ഞും സങ്കുചിതത്വവും വെറുപ്പും ആഘോഷിച്ചുമുള്ള ഒരു രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല എന്ന സത്യം ഇവക്കെല്ലാം മുകളിലായി നിൽക്കുന്നുമുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയ ഈ രാഷ്ട്രീയ ഭൂമികയിൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വളരാൻ വലിയ പരിമിതികളുമുണ്ട്. കേന്ദ്ര സർക്കാർ നയങ്ങളെയും പരിപാടികളെയും യഥാർഥ്യബോധത്തോടെ വീക്ഷിക്കുന്ന വോട്ടർമാരാണ് കേരളത്തിലുള്ളത് എന്നതും വലിയൊരു പ്രശ്നമാണ്. ഇറാനിലെ അമേരിക്കൻ കുറ്റകൃത്യങ്ങളും യുദ്ധവും മുതൽ പാചകവാതക ലഭ്യതയിലെ അലംഭാവങ്ങൾ വരെയുള്ള വിഷയങ്ങളിൽ ബി.ജെ.പി കേന്ദ്രനേതൃത്വവും കേന്ദ്ര സർക്കാറും കാണിക്കുന്ന കുറ്റകരമായ വിധേയത്വങ്ങൾക്ക് എല്ലാം രാഷ്ട്രീയമായ മറുപടി പറയേണ്ടിവരുന്നത് എപ്പോഴും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനാണ്. ഈ വൈരുധ്യമാണ് നിലവിൽ ബി.ജെ.പിയുടെ കേരള രാഷ്ട്രീയത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വെല്ലുവിളിയായി ഉയരുന്നത്.
മുൻകാലങ്ങളിൽ എല്ലാം എന്നപോലെ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം രണ്ടു മുന്നണികൾക്കിടയിൽ മാത്രമായി തന്നെ കേന്ദ്രീകരിക്കപ്പെടുന്ന അവസ്‌ഥയാണിപ്പോഴും. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രൂപപ്പെടുന്ന ശക്തമായ മത്സരം മൂന്നാം ശക്തിയായി മാറാനുള്ള ബി.ജെ.പിയുടെ ഇടം വളരെയധികം പരിമിതപ്പെടുത്തുന്നുണ്ട്. ബി.ജെ.പി കഴിഞ്ഞ വർഷങ്ങളിൽ വോട്ട് ശതമാനം വലിയ നിലയിൽ ഉയർത്തിയെങ്കിലും അത് സീറ്റുകളായി മാറാനുള്ള സാധ്യതകൾ ഈ തെരഞ്ഞെടുപ്പിൽ തുലോം വിരളമാണ്. വിജയസാധ്യതയെ അടിസ്ഥാനമാക്കി വോട്ടർമാർ തീരുമാനമെടുക്കുന്ന മണ്ഡലങ്ങളിൽപോലും ശക്തരായ സ്‌ഥാനാർഥികളുടെയും രാഷ്ട്രീയതന്ത്രങ്ങളുടെയും അഭാവം ബി.ജെ.പിക്കുണ്ട്. ദേശീയതലത്തിൽ ബി.ജെ.പി നടപ്പാക്കി വിജയിച്ച ഏതാണ്ട് എല്ലാ തന്ത്രങ്ങളും കേരളത്തിൽ അതേരീതിയിൽ ആവർത്തിച്ചാൽ വിജയിക്കില്ല എന്നത് ബി.ജെ.പി ഏറ്റവും ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
മത അധിഷ്ഠിതമായ ധ്രുവീകരണത്തിന് ഇവിടെ സാധ്യതകൾ കുറവുമാണ്. കേരളത്തിലെ മുസ്‍ലിം സമൂഹം സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ ആഴത്തിൽ ഉൾപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവരെ അന്യവത്കരിക്കുന്ന രീതിയിലുള്ള ശ്രമങ്ങൾ ഇവിടെ വിജയിക്കാൻ പാടാണ്. അത്തരത്തിലുണ്ടായ ശ്രമങ്ങൾ പലപ്പോഴും ബി.ജെ.പിക്ക് പ്രതികൂലമായ ഫലമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹവുമായി വലിയ അളവിലുള്ള രാഷ്ട്രീയ-തെരഞ്ഞെടുപ്പ് ബന്ധം ശക്തിപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചിട്ടുണ്ടെങ്കിലും, അത് ഇനിയും നിർണായകവും ശാശ്വതവുമായ രാഷ്ട്രീയ പിന്തുണയായി മാറിയിട്ടില്ല.
യു.ഡി.എഫുമായുള്ള ദീർഘകാല ബന്ധം, എൽ.ഡി.എഫ് സർക്കാറുകളിൽനിന്നും സമീപകാലത്ത് ലഭിച്ച ഉദാരതകൾ തുടങ്ങിയവയെല്ലാം ക്രൈസ്തവ നേതൃത്വങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നു. മണിപ്പൂർ കലാപങ്ങളും ദേശീയതലത്തിലുള്ള ന്യൂനപക്ഷ വേട്ട ഉണ്ടാക്കിയ ബി.ജെ.പിയുടെ മോശം പ്രതിച്ഛായയും ക്രൈസ്തവ വിശ്വാസികളെയും പിന്തിരിപ്പിക്കുന്നു. ക്രൈസ്തവരെ കൂടെ കൂട്ടാതെ കേരളത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനാകില്ല എന്ന തിരിച്ചറിവിലാണ് ഇന്ന് മോദി പോലും.
വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും അവരുടെ സ്വകാര്യ രാഷ്ട്രീയ പാർട്ടിയായ ബി.ഡി.ജെ.എസും ചേർന്ന സഖ്യം ഈഴവ സമൂഹത്തിൽനിന്ന് വലിയ തോതിൽ പിന്തുണ നേടിക്കൊടുക്കുമെന്ന പ്രതീക്ഷ മുമ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ബി.ജെ.പിക്ക് ഇല്ല. ഈഴവരെ സംബന്ധിച്ച കണക്കുകൂട്ടൽ ഒട്ടും ഫലിച്ചിട്ടില്ല. ഈഴവ സമൂഹം എന്നും രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ്. മതത്തിന് അതീതമായ രാഷ്ട്രീയവഴികൾ തേടുന്നവരാണ്. ബി.ഡി.ജെ.എസ് ഇനിയും ശക്തമായ ഒരു വോട്ടുബാങ്കായി മാറിയിട്ടില്ല. ബി.ജെ.പിക്ക് ഉള്ളിൽതന്നെ ഈ സഖ്യത്തിന് മുമ്പ് കൊടുത്തിരുന്ന പ്രാധാന്യം ഇപ്പോഴില്ല. തുഷാറിനെയൊന്നും അവർ പഴയപോലെ കാര്യമായി എടുക്കുന്നുമില്ല.
കിഴക്കമ്പലത്തെ ചാരിറ്റി പ്രവർത്തനങ്ങൾ ആസ്പദമാക്കി വളർന്ന ട്വന്റി 20 ഒരു വ്യത്യസ്ത മാതൃക അവതരിപ്പിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ജില്ലക്ക് പുറത്ത് സ്വാധീനം വളരെ കുറവാണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി രാഷ്ട്രീയം സംസ്ഥാനതലത്തിൽ ഒട്ടും സ്വീകാര്യവും ആകുന്നില്ല. ബി.ജെ.പിയുമായി ഇപ്പോൾ മുന്നണി ബന്ധം ഉണ്ടാക്കിയെങ്കിലും ആ സഹകരണം എവിടെയും വലിയ രാഷ്ട്രീയമാറ്റമായി മാറിയിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽപോലും ആ പാർട്ടി വലിയ ഒരു തമാശയായി മാറുകയാണ് ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളുടെ വ്യക്തിപരമായ ഇമേജും സ്വാധീനവും നിർണായകമാണ്. സി.പി.എമ്മിനും കോൺഗ്രസിനും ശക്തമായ പ്രാദേശിക നേതൃനിരയുള്ളപ്പോൾ, ബി.ജെ.പിക്ക് പല മണ്ഡലങ്ങളിലും ഈ നിലയിലേക്ക് എത്തിച്ചേരാനായിട്ടില്ല.
ദേശീയ വിഷയങ്ങൾ മുൻനിർത്തിയുള്ള പ്രചാരണം സംസ്ഥാനതലത്തിൽ എല്ലായ്പോഴും ആഗ്രഹിക്കുന്ന അർഥത്തിൽ പ്രതികരണം സൃഷ്ടിക്കുന്നില്ല. കേരളത്തിലെ വോട്ടർമാർ സംസ്ഥാന രാഷ്ട്രീയത്തെ സ്വതന്ത്രമായി വേറിട്ട പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുന്നവരാണ്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ രാഷ്ട്രീയ ആരോപണം തെരഞ്ഞെടുപ്പ് ചർച്ചകളിൽ ശ്രദ്ധനേടുന്നത് -സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഒരു ‘ഡീൽ’ ഉണ്ടെന്നത്.
ചില മണ്ഡലങ്ങളിൽ സി.പി.എം ബി.ജെ.പിയെ നേരിട്ട് ശക്തമായി ആക്രമിക്കുന്നില്ല എന്നത് വസ്തുതയാണ്. അതുപോലെ വേറെ ചിലയിടങ്ങളിൽ ബി.ജെ.പി സി.പി.എമ്മിനെതിരെ മിതമായ നിലപാട് സ്വീകരിക്കുന്നു. ഈ സാഹചര്യത്തിൽ, ബി.ജെ.പിയുടെ സാന്നിധ്യം യു.ഡി.എഫിന്റെ വോട്ടുകൾ വിഭജിക്കാനായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് സതീശന്റെ ആരോപണത്തിന്റെ ഉള്ളടക്കം. യു.ഡി.എഫ് വാദിക്കുന്നത്, ഈ ‘മൂന്നാം ശക്തി’ യഥാർഥത്തിൽ സി.പി.എമ്മിന് പരോക്ഷമായി ഗുണകരമാണെന്നാണ്. എന്നാൽ, സി.പി.എം ഈ ആരോപണം തള്ളിക്കളയുന്നു. ബി.ജെ.പിതന്നെയാണ് അവരുടെ പ്രധാന രാഷ്ട്രീയ എതിരാളി എന്നും, ഈ തരത്തിലുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അവർ പറയുന്നു.
ബി.ജെ.പിയും ഇത്തരം ആരോപണങ്ങളെ രാഷ്ട്രീയ പ്രചാരണമായി കാണുന്നു. എങ്കിലും, ഈ വിവാദം ചില മണ്ഡലങ്ങളിൽ രാഷ്ട്രീയ ചർച്ചയെ എങ്കിലും നല്ലനിലയിൽ സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച്, ബി.ജെ.പി ശക്തമായ സാന്നിധ്യം പുലർത്തുന്ന മണ്ഡലങ്ങളിൽ വോട്ട് വിഭജനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സംശയങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും നേതൃത്വപ്രശ്നങ്ങളും ബി.ജെ.പിയുടെ സംഘടനാശക്തിയെ സംസ്ഥാനത്ത് കാര്യമായി ബാധിക്കുന്നുണ്ട്.
സ്ഥാനാർഥി നിർണയവും സഖ്യ ക്രമീകരണങ്ങളും സംബന്ധിച്ച അസംതൃപ്തി ചില മണ്ഡലങ്ങളിൽ വ്യാപകമായി പ്രകടമാണ്. കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥയുടെ അടിസ്ഥാന ഘടകം രണ്ടു മുന്നണിയുള്ള സംവിധാനമാണ്. എൽ.ഡി.എഫും യു.ഡി.എഫും ദീർഘകാലമായി സാമൂഹിക-രാഷ്ട്രീയ അടിത്തറ ഉറപ്പിച്ചിട്ടുള്ളവയാണ്. ഈ ഘടനയിൽ മൂന്നാം ശക്തിക്ക് വളരാൻ വലിയ വെല്ലുവിളികളുണ്ട്. കേരളത്തിൽ ബി.ജെ.പി സമീപ കാലങ്ങളിൽ അവഗണിക്കാനാകാത്ത ശക്തിയായി മാറിയിട്ടുണ്ട്. എന്നാൽ, അധികാരത്തിലേക്കുള്ള ദൂരം ഇപ്പോഴും പഴയ മട്ടിൽതന്നെ നിൽക്കുന്നു. മതധ്രുവീകരണം ഉണ്ടാക്കുന്ന ഫലങ്ങൾ പരിമിതമാണ്. ക്രിസ്ത്യൻ സമൂഹത്തോട് അടുക്കാനുള്ള ശ്രമം ഫലം കണ്ടിട്ടില്ല. സഖ്യങ്ങൾ പ്രതീക്ഷ നൽകുന്നില്ല.
സംഘടനാപരമായ പ്രശ്നങ്ങൾ കുറെക്കൂടി സങ്കീർണമായി തുടരുന്നു. പുതിയ വിവാദങ്ങൾ പാർട്ടി ഉയർത്തുന്ന രാഷ്ട്രീയ ചർച്ചകളെതന്നെ വഴിമാറ്റിവിടുന്നു. ഈ സാഹചര്യത്തിൽ, ബി.ജെ.പിയുടെ മുന്നേറ്റം കേരളത്തിൽ യാഥാർഥ്യമാണെങ്കിലും, അത് നിയമസഭയിലെ സീറ്റുകളായി മാറ്റുന്നത് ഒട്ടും എളുപ്പമല്ല. കേരളത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ അവർക്ക് കൂടുതൽ രാഷ്ട്രീയ പുനർവിചാരം ആവശ്യമാണ്. കേരളത്തിന്റെ സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ ഘടന മനസ്സിലാക്കാതെ ഈ തെരഞ്ഞെടുപ്പു മതിൽ മറികടക്കുക എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.