പറയും, മൗനം വിദ്വാന് ഭൂഷണം. ആ പഴഞ്ചൊല്ലിൽ പതിരുണ്ട്. ഇവിടെ, മൗനിയാകുന്നത് മിണ്ടാൻ ഒന്നുമില്ലാഞ്ഞല്ല, ഒരുപാടുള്ളതുകൊണ്ടാണ്. അതത്രയും മിണ്ടിക്കൊടുത്തിട്ട് ഫലമില്ലെന്നുകണ്ടാണ്. പക്ഷേ, മിണ്ടാതിരിക്കലല്ല മൗനം. ഹതശൂന്യതയുമല്ല. നിശ്ശബ്ദതയുടെ പ്രപഞ്ചത്തിൽ പൂണ്ടിരിക്കലാണ്. ശബ്ദങ്ങൾ അതിൽ വിലയംകൊണ്ടിരിക്കയാണ്. ഉപ്പ്, കടലിലെന്നോണം.
പേരോർമയില്ല, വുഡി അലന്റെ ഏതോ പടം. അതിലെ ഒരു സംഭാഷണച്ചിന്ത് മറവിയേൽക്കാതെ ഇന്നും മനസ്സിൽ; ‘‘നിശ്ശബ്ദതയാണ് ദൈവം, അതനുഭവിച്ചറിയാം, മനുഷ്യൻ നാവൊന്നടക്കുമെങ്കിൽ.’’
എങ്ങനെയാ അനുഭവിക്കുക?
ഒന്നേയുള്ളൂ വഴി: സ്വയം നാവടക്കുക. അതിന് സംസാരത്തിൽനിന്നു വേറിടണം -തനിയെ, താനേ. കഴിയുമോ?
ഉരിയാടാനുള്ള ത്വര മനുഷ്യന്റെ ഉടപ്പിറപ്പാണ്. അസ്പഷ്ടശബ്ദശകലങ്ങളിൽ ഇയമ്പിത്തുടങ്ങി പേശുവഴക്കത്തിലേക്ക് ഇഴുകിച്ചേരുകയാണ് ക്രമേണ. അങ്ങനെ ശബ്ദസാഗരത്തിന്റെ പ്രജയും ഇരയുമാകുന്നു, മനുഷ്യൻ. ഉരിയാട്ടമാണ് ഉയിരിന്റെ തെളിവെന്നവൻ ഉറപ്പിക്കയായി, സ്വയം. പിന്നെങ്ങനെ കൈവിടും ആ പ്രാണനാഡി?
പറയും, മൗനം വിദ്വാന് ഭൂഷണം. ആ പഴഞ്ചൊല്ലിൽ പതിരുണ്ട്. ഇവിടെ, മൗനിയാകുന്നത് മിണ്ടാൻ ഒന്നുമില്ലാഞ്ഞല്ല, ഒരുപാടുള്ളതുകൊണ്ടാണ്. അതത്രയും മിണ്ടിക്കൊടുത്തിട്ട് ഫലമില്ലെന്നു കണ്ടാണ്. പക്ഷേ, മിണ്ടാതിരിക്കലല്ല മൗനം. ഹതശൂന്യതയുമല്ല. നിശ്ശബ്ദതയുടെ പ്രപഞ്ചത്തിൽ പൂണ്ടിരിക്കലാണ്. ശബ്ദങ്ങൾ അതിൽ വിലയംകൊണ്ടിരിക്കയാണ്. ഉപ്പ്, കടലിലെന്നോണം.
ആദ്യമായി കാടു കാണാൻ പോയ േനരം. ഏതാനും നാൾ കാടകത്ത്. കൂട്ടിനൊരു ചെറു ചങ്ങാതിക്കൂട്ടമുണ്ടായിട്ടും മുഴച്ചുനിന്നത് നിശ്ശബ്ദത. ഒപ്പം കരുതിയ പാഥേയമായിരുന്നില്ലത്. അതിഥികൾക്ക് ആതിഥേയ കരുതിെവച്ചതായിരുന്നു. കൂട്ടരെല്ലാം അതേറ്റുവാങ്ങി മൗനികളായി. സംസാരശബ്ദം കഷ്ടി, അത്യാവശ്യ വിനിമയത്തിനുമാത്രം. അൽപവാക്കുകൾക്കുേപാലും കുശുകുശുപ്പിന്റെ പടുതി. അല്ലാത്തപ്പോൾ നാവടങ്ങാത്ത പലരും ഇപ്പോൾ വല്മീകത്തിലായ മട്ട്. സമ്മർദമൊന്നുമില്ലാതെ, പ്രേരണയേതുമില്ലാതെ അതൊരു പുത്തൻ സ്വാഭാവികതയായി.
നാട്ടിൽ മടങ്ങിയെത്തിയതും കളം മാറി, എങ്ങും ചിലപ്പ് നിരന്തരം. മനുഷ്യരുടെ, യന്തിരങ്ങളുടെ, ജീവചലനങ്ങളുടെ. മുമ്പ് അതൊക്കെ സഹനീയമായിരുന്നു. കാടനുഭവശേഷം പക്ഷേ അതിനൊക്കെ അസ്വാഭാവികത. ഒച്ച, ദേഹനീരു വറ്റിക്കുമ്പോലെ. സംസാരം വല്ലാതെകണ്ട് ക്ഷീണിപ്പിക്കുന്നെന്ന പരിഭവം, മുൻവാചാലർ ചിലർക്ക്. ടി.വി ചാനലുകളിൽ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു വാമഴ, ചറപറ. കീശഫോണുകൾ തുരുതുരെ ചൊരിയുന്നുണ്ടായിരുന്നു സൊറമാരി, കുണുകുണെ. ‘‘മടങ്ങിപ്പോയാലോ?’’ കൂട്ടരിൽ ചിലർ അങ്ങനെപോലും കൊതിച്ചു. പക്ഷേ, ജീവിതം നാട്ടിലിട്ട നങ്കൂരം പിഴാൻ മടി, ബന്ധച്ചങ്ങലകളുടെ പിടി. എന്താണീ ത്രാസത്തിനു പിന്നിൽ?
കാട്ടിലായിരിക്കെ, അറിയാതെ ആണ്ടുപോവുന്നു ഗാഢമായൊരു നിശ്ശബ്ദതയിൽ. പ്രകൃതിയുടെ ജീവനക്രിയകൾക്ക് മനസ്സുകൊടുക്കാൻ വഴിതുറക്കുന്നു, കൃത്രിമ ന്യായീകരണം ഒന്നുമില്ലാതെ തന്നെ -തത്ത്വശാസ്ത്രങ്ങളുടെയോ പ്രകൃതിപ്രേമത്തിന്റെയോ ഒന്നും. വാചികപ്പേശിന്റെ ജീവന ധർമം (ജീവിച്ചിരിക്കുന്നെന്ന തോന്നലുറപ്പിക്കൽ) ഇവിടെ അസംഗതമാവുന്നു. വാസ്തവത്തിൽ, സംസാരത്തോടുള്ള അന്ധബാധയല്ലേ മനുഷ്യർക്കിടെ പ്രതിബന്ധങ്ങൾ പടുക്കുന്നത് -ശബ്ദവിനിമയം പണിയുന്ന ബന്ധങ്ങളെല്ലാമിരിക്കെയും? നിശ്ശബ്ദതയുടെ ഇടം നൃശൂന്യമെന്നും അവിടന്ന് ഒന്നുമുണ്ടാവില്ലെന്നുമുള്ള ധാരണ പാകുന്ന പ്രതിബന്ധങ്ങൾ. മൗനം വാചാലമെന്നൊക്കെ മോടിവാക്കോതും, മൗനഭയം പുലർത്തിക്കൊണ്ടുതന്നെ. വാക്കിൻമേട ചികഞ്ഞ പഴയൊരു പേന നുള്ളിത്തന്നതോർമിച്ചാൽ, ‘‘സംസാരം ഹൃദയം തകർക്കുന്ന മൗഢ്യം, വാക്കുകളുടെ.’’ (ഫോക്നെർ).
മറ്റൊരു വഴിക്ക് ഇതിലും പച്ചക്ക് ഇതേ നേര് പറഞ്ഞ മറ്റൊരാളുണ്ട്, മോറിസ് പോണ്ടി: ‘‘സെസാനു ശേഷമുള്ള ചിത്രകല കാണുമ്പോൾ (ശവ) സംസ്കാരത്തിൽ പങ്കെടുത്തശേഷം സംസാരത്തിലേക്ക് തിരിച്ചെത്തിയപോലെ തോന്നുന്നു. ഉപമേയം വിട്ട് ഉപമാനം മാത്രം നോക്കൂ -മരണമുഖത്ത് ആശ്ലേഷിച്ച മൂകതയിൽനിന്ന് മിണ്ടാട്ടത്തിന്റെ ബഹളിമയിലേക്കുള്ള മടക്കമെന്ന്! അതിലുണ്ട് സാരസർവസ്വം. പുലർച്ചയുടെ സാക്ഷ്യമായി മനുഷ്യൻ കരുതുന്ന സംസാരം സത്യത്തിൽ അവന്റെ സ്ഥായിയല്ല. ആരുഢം നിശ്ശബ്ദതയാണ്. അതിൽനിന്നുള്ള വ്യതിയാനമാണ് സംസാരം. അഥവാ, നിശ്ശബ്ദതയാണ് നമ്മുടെ സ്വാഭാവികനില. പക്ഷേ, നമുക്കെപ്പഴും നേരു പിഴയ്ക്കുന്നു -മൗനം മരിപ്പെന്ന് ധരിച്ചുവശാവുന്നു.
ശ്രദ്ധിക്കിലറിയാം, നിശ്ശബ്ദത ഒറ്റയൊറ്റ ജീവികളുടെ വൈയക്തിക മൗനമല്ല. പ്രകൃതിയുടെ സാധാരണ പ്രകൃതമാണ്. ശബ്ദത്തിന്റെ വിപരീതമല്ലത്. നിശ്ശബ്ദതക്കുള്ളിലാണ് ശബ്ദങ്ങളത്രയും നിർലീനമാവുക. കടലിന്റെ നിരുദ്ധമായ നിശ്ശബ്ദത ഭേദിക്കാൻ അലറുന്ന അലമാലകൾക്കാവുമോ? മനുഷ്യഭാഷയുടെ അസാന്നിധ്യത്തേക്കാൾ അതി ബൃഹത്താണ് പ്രകൃതിയുടെ ഈ സാന്ദ്രഭാഷ. സർവം ഉൾപ്പേറുന്ന ആലിംഗനത്തിന്റെ അംഗരൂപമാണതിന്. നിരന്തരം ഉതിരുന്ന, എന്നാൽ ഉൾപ്പിടിക്കൊതുങ്ങാത്ത, ഓജസ്സിന്റെ ആശ്ലേഷം.
വിനിമയ ശൂന്യതയല്ലിത്, പ്രകൃതിയുടെ സജീവ ക്ഷണിതമാണ്. സൗമ്യം, പക്ഷേ ശക്തം. ആ വിളിക്ക് മനം കൊടുക്കുക എന്നാൽ നിർമല ശ്രദ്ധക്ക് വിധേയമാകലാണ്. ഈ അർപ്പണത്തിലാണ് നാം നിശ്ശബ്ദതയിലാഴുക. ആണ്ടുപോവുന്നത് ആഴത്തിലേക്കാണ്. അവിടെ കാത്തിരിപ്പുണ്ട്, വളരെ വളരെ വ്യത്യസ്തമായൊരു വാസന്ത സ്പർശം. മറുത്തു ധരിക്കേണ്ട, മായികമൊന്നുമില്ലതിൽ. മനുഷ്യനടങ്ങുന്ന സ്വാഭാവികലോകത്തിന്റെ സാന്നിധ്യം അപ്പടിയുണ്ട് ആ സ്പർശത്തിൽ. ഉലകം ചുറ്റി കാടറിഞ്ഞ ആ ആഫ്രിക്കോനാതിരി, ലോറൻസ് വാൻഡെർ പോസ്റ്റ്. അയാൾ കുറിക്കുന്നുണ്ട് ഒരു പെരുമഴക്കാലത്ത് ജപ്പാനിലെ ഹൊകൈഡോയിൽ ചങ്ങാതിക്കൊപ്പം ചുറ്റിയതിെന്റ വിശേഷം. പിന്നെ, നനവുണക്കാൻ ഒരു പീടികയിൽ ഓടിക്കയറിയത്. അവിടെ ഒരു മുറിയുടെ പിൻകോണിൽനിന്ന് തിടുക്കനെ - ‘‘...ഒരു പക്ഷി പാടിത്തുടങ്ങുന്നു.
മുറി പാടേ നിശ്ശബ്ദതയിലകപ്പെട്ടു. അത്രക്ക് സുന്ദരം, സുവ്യക്തം, ആധികാരികം ആ പാടൽ. കണ്ണുകൾ ഈറനണിഞ്ഞുപോയി, ചങ്ങാതിയുടെയും... എത്രനേരം അതു പാടിയെന്നറിയില്ല, പക്ഷേ ആ നിശ്ശബ്ദത മുറിഞ്ഞതേയില്ല. ഒരൊറ്റ സ്പൂണോ ഗ്ലാസോ കപ്പോ ഇടപെട്ടില്ല, ഒച്ചകൊണ്ട്. കുശിനിയിൽനിന്ന് പണിക്കാരുടെയോ പാത്രങ്ങളുടെയോ കലമ്പലൊന്നും വന്ന് ഭംഗമുണ്ടാക്കിയില്ല. ഒരിടതടവിനും ഇടമില്ലാത്തത്ര സമയരഹിതമായിരുന്നു ആ നിമിഷങ്ങൾ. കാരണം, മാനസികമായ സകല ബാധകളിൽനിന്നും മുക്തമായിരുന്നു ആ സമയമാത്രകൾ, നിറഞ്ഞുനിന്നത്, ഒരു കുഞ്ഞുപക്ഷിയുടെ കുഞ്ഞുടമ്പിൽ നിക്ഷേപിച്ച സൃഷ്ടിയുടെ ഇച്ഛ മാത്രം. ഹൃദയം തൊണ്ടയിലെടുത്ത് സ്വന്തം ഉൺമയുടെ പൂർണാർഥം ആ ജീവി വീണ്ടെടുക്കുമ്പോലെ...’’ (Yet Being Someone Other).
കാടരികത്തെ ആ പീടികമുറിയിൽ സ്വന്തം ഉൺമയുടെ അർഥപൂർണിമ അനുഭവിച്ചറിയുകയായിരുന്നു ആ ചങ്ങാതികൾ. ഏതു ജീവിതത്തിലും അന്തർഹിതമായ അതിന്റെ അഴകിനൊരു ആർജവമുണ്ട് -നേരിന്റെ, നിറവിന്റെ.
പറവകൾക്കു മാത്രമല്ല മേഘഭാരമുള്ള നാദങ്ങൾ. കാട്ടിൽ മാത്രമല്ല നാട്ടിലും മുഴങ്ങുന്നുണ്ടത്, കാതു കൊടുക്കിലറിയാം. മാങ്കൊമ്പിലിരുന്ന് അയൽക്കിളികളോടു കയർക്കുന്ന അണ്ണാറക്കണ്ണന്റെ ശ്ചിൽ... ശ്ചിൽ...., എച്ചിൽപ്പറ്റ് പങ്കിടാൻ കൂട്ടരെ വിളിക്കുന്ന കാകന്റെ സ്ക്രാ... സ്ക്രാ..., അന്തിക്കൂരാപ്പിന് പാടത്തുറസ്സിൽ പകർന്നാടുന്ന മാക്രികളുടെ ബേക്രോം... ബേക്രോം..., ഉറക്കച്ചടവിലായ രാമാനം നിറക്കുന്ന ചീവീടുകളുടെ ച്റീ...ച്റീ... എല്ലാം ഉതിരുന്നത് ഒരേ നാഭിയിൽനിന്ന്: നിശ്ശബ്ദത. കാതൊരുക്കി, മനമോർത്താൽ അറിയും, മനുഷ്യനാദങ്ങളെ മനുഷ്യേതര നിനാദങ്ങൾ കണ്ടുമുട്ടുകയാണ്, വാക്കഴിഞ്ഞ അഴിമുഖത്ത്. ശ്രവണപുടങ്ങൾ ഏറ്റുവാങ്ങുന്ന അവയുടെ സ്വരവ്യഞ്ജനങ്ങൾ ജീവിതത്തിന്റേതുതന്നെ -ജീവന സ്വാർഥങ്ങളിൽ പൂണ്ട് നമ്മൾ കാതേകാതെ വിട്ടവ. ഈ അനുഭവത്തിനുണ്ടോ യുക്തമായ വാക്ക്? കണ്ടെത്തിയാലും പൊലിക്കുമോ സക്തമായ ധ്വനി?
വാക്ക് വാക്ക് വാക്ക്... മനുഷ്യനെന്നും അതിന്റെ പിന്നാലെയാണ്. ഈ മണ്ടലൊന്നു മതിയാക്കാനാവുമോ, വല്ലപ്പോഴെങ്കിലും? എങ്കിൽത്തന്നെ എത്രനേരമിരിക്കാം മിണ്ടാട്ടമില്ലാണ്ട്?
ഒരുത്തരമിങ്ങനെ: ഒറ്റക്കിരിപ്പോളം.
ഒറ്റക്കല്ലെങ്കിലോ? ഒപ്പമുള്ളോരുടെ ഇതേ ശേഷി ആശ്രയിച്ചിരിക്കും ഫലം. മൗനത്തിന്റെ ഉയിരറിഞ്ഞിട്ടില്ലാത്തോർക്ക് അതെന്നും വീർപ്പുമുട്ടാണ്. മിണ്ടിപ്പറഞ്ഞിരിക്കാൻ ആളില്ലെങ്കിൽ ഫോണെടുക്കും, അവിടത്തെ പ്രവാസലോകത്ത് മനസ്സഴിച്ചുവിടും. ഒന്നുമൊത്തില്ലെങ്കിൽ തന്നത്താൻ പിറുപിറുക്കെയങ്കിലും. ഉരിയാട്ടിലേ ഉയിരുള്ളൂ -ആ വിചാരവഴക്കമാണ് കെണി, തടസ്സം -നിശ്ശബ്ദതയുടെ നാദം കേൾപ്പതിന്. ശബ്ദരഹിതമാണ് നിശ്ശബ്ദതയെന്ന ധാരണയിലാണ് കെണിക്ക് കുരുക്കേറുക. സത്യത്തിൽ, അപരിചിതമായകൊണ്ട് നിശ്ശബ്ദത നിർജീവമെന്ന് കരുതിപ്പോകയല്ലേ? ഏകാന്തരാവൊന്നിൽ അരണ്ട കവിമനസ്സ് മന്ത്രിച്ചപോലെ,
‘‘വാക്കും അർഥവുമില്ലാത്ത നിശ്ശബ്ദതയുടെ
ഇരുണ്ട സംഗീതംമാത്രം’’ (ഒരു ദിനാന്ത്യക്കുറിപ്പ്/ ബാലചന്ദ്രൻ ചുള്ളിക്കാട്)
നേരുതന്നെ, തീർത്തും വ്യത്യസ്തംതന്നെയാണത്, പരിചിത ശബ്ദങ്ങളിൽനിന്ന്, പതിവു കേൾവികളിൽനിന്ന്. പ്രശ്നമപ്പോൾ അപരിചിതത്തോടുള്ള പേടിയാണെന്നു വരുന്നു. പേടി, അനുഭവത്തെ ചെറുക്കും. അതിനു മുഖംകൊടുക്കാൻ മനം മടിക്കും. അങ്ങനെ, പരിചിതങ്ങളുടെ 0-വട്ടത്തിൽ കരുങ്ങിക്കിടക്കും, മനുഷ്യൻ.
നിശ്ശബ്ദതക്ക് പക്ഷേ മറ്റൊരു തലമുണ്ട് -സമയബോധം നിലയ്ക്കുന്നിടം. ‘അന്നേര’മാണ് അകം മിഴിവു നേടുക. ആ നേരമില്ലാനേരത്ത്. കാരണം, സമയം തത്രമാണ്, വൃഥകളാണ്, ആശനിരാശകളാണ്. തീർത്തും വൈചാരികം. സമയമൊന്നു നിലയ്ക്കുമ്പോൾ ഈ യാതനകളിൽനിന്നു മുക്തമാവുന്നു മനസ്സ് -തൽക്കാലത്തേക്കെങ്കിലും. അതൊരു വിമലീകരണമേകുന്നു കാഴ്ചക്ക്, കേൾവിക്ക്. എങ്ങോ ലയിച്ചലിയുമ്പോലെ. കാലമാത്രകൾ അണുവണു കൊട്ടിക്കയറി ശബ്ദഗോപുരം തീർത്ത് തായമ്പക ഒടുവിലെത്തിക്കുത്തിനിൽക്കുന്ന ആ അറ്റബിന്ദുവുണ്ടല്ലോ -സർവം നിലച്ച അവസാന ഠിം. സമയം സ്തംഭിച്ച നിമിഷം. സെസ്ലാവ് മിലോസ് ഒപ്പിവെച്ചിട്ടുണ്ട് ആ മുഹൂർത്തം:
ഓടുകയായിരുന്നു ഞാൻ
പട്ടുടയാട ഉലഞ്ഞിളകവേ
മുറികളൊന്നൊന്നായ് മാറിമാറി
നിർത്താതെ
ഒരൊടുവാതിലുണ്ടെന്ന്
നിനച്ച്.
അധരങ്ങളുടെ ആകൃതി,
ഒരാപ്പിൾ
ഉടുപ്പിൽ കുത്തിയ പൂവ്-
ഉണ്ടായിരുന്നതത്രമാത്രം
അറിയാനുമെടുക്കാം.
സ്ഥലകാലങ്ങളുടെ സംയോഗരാശിയിലാണ് നാം കഴിഞ്ഞു കൂടുന്നത്. നിമിഷത്തിന്റെ കേവലതയിൽ സകലതും സംഗമിക്കുന്നു. അക്കാര്യം മുന്നേ ചൂണ്ടിത്തന്ന മറ്റൊരാളുണ്ട്, ഒക്ടാവ്യോ പാസ്:
ഒരു നിമിഷത്തേക്ക്, ചിലപ്പോൾ,
നാം കാണുന്നു-
കണ്ണാലല്ല, മനസ്സാ-
കാലം വിശ്രാന്തിയിൽ,
ലോകം പാതി മായുന്നു,
നിരാമയദേശം തെളിയുന്നു.
നിർമലരൂപങ്ങൾ, സാന്നിധ്യങ്ങൾ
അനക്കമറ്റ് പൊന്തിക്കിടക്കുന്നു
നാഴികമേൽ...
പുഴയൊന്ന് നിലയ്ക്കുന്നു.
സമയത്തിന്റെ മറുപുറത്തേക്കുള്ള ജാലകമാണീ നിമിഷം. നിശ്ശബ്ദതയുടെ തുറമുഖത്ത് ഒരുനോക്കു കാണാമത്, മിന്നായം പോലെ. ‘നിത്യത’ എന്നും മറ്റും വാക്കിൻപൂട്ടിട്ട് തളച്ചൊതുക്കരുത്. കാരണം വാക്കുകളെ ഏതു കോലത്തിലുമാക്കാം. മനം മയക്കാൻ, അനുഭവം മായ്ക്കാൻ. വാക്കുകൾ നാമങ്ങൾ മാത്രം. നാമമാത്രമായ ആവരണങ്ങൾ. അവക്കാധാരമായ സിരകൾക്കുപക്ഷേ, ഒരു കാതലുണ്ട് -നിശ്ശബ്ദത. അതുകൊണ്ടാവണം വിസ്ലവാ ഷിംബോർസ്ക പറഞ്ഞിട്ടുപോയത്, നിശ്ശബ്ദത എന്ന് ഉച്ചരിക്കുന്ന മാത്രയിൽ നാമതിനെ ഉച്ചാടനം ചെയ്യുന്നെന്ന്. ഉള്ളം ആ തുറസ്സിലായിരിക്കെ ഉലകം നിറഞ്ഞുകവിഞ്ഞിരിക്കും, ഉരിയാട്ടിന് ഇടം തരിമ്പുമില്ലാത്തോണം. ആ മൂകസ്വരത്തിലാണ് പ്രജ്ഞയുടെ മിണ്ടാട്ടം.
നാവൊന്നടക്കുകിൽ അതനുഭവിക്കാം, ഒരുപക്ഷേ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.