ഇന്നിശ

പാട്ട് കൊത്തുപണി ചെയ്യുകയാണ് സമയത്തിന്മേൽ. താളമാണ് ഈ ശിൽപവേലയുടെ വീതുളി. ആവർത്തനംകൊണ്ട് അത് ക്രമം ചമയ്ക്കുന്നു, ക്രമം രൂപത്തെയും. ഇവ്വിധം, സംഗീതരൂപം മൊത്തത്തിലേ ഒരു ബൃഹദ്താളം. അതു കേൾക്കുന്ന മനസ്സുകളും സമയത്തെ ഘടനപ്പെടുത്തുകയാണ്, ആവർത്തനം പ്രതീക്ഷിച്ചുകൊണ്ട്, ഏറക്കുറെ അബോധപരമായി വിരിയുന്നതാണീ സിരാവൃത്തി. മാധവനിൽ രാധ വൃന്ദാവനസാരംഗി ഉണർത്തുന്നതിനും ഏറെ മുമ്പ്. ജയദേവകവിയിൽ അഷ്ടപദി ഉണരുന്നതിനും കൊല്ലം അരലക്ഷം മുമ്പ്. സ് ലൊവീനിയയിലെ ഏതോ ഗുഹാമനുഷ്യൻ തച്ച കരടിയുടെ തുടയെല്ലൊരു പുല്ലാങ്കുഴലാക്കി. അതിനും കൊല്ലം രണ്ടര ലക്ഷം മുമ്പേറായുണ്ട് തമ്പേറുകൾ... ആഫ്രിക്കയിൽ, കാക്കസസിൽ, ചീനത്ത് –ഈ...

പാട്ട് കൊത്തുപണി ചെയ്യുകയാണ് സമയത്തിന്മേൽ. താളമാണ് ഈ ശിൽപവേലയുടെ വീതുളി. ആവർത്തനംകൊണ്ട് അത് ക്രമം ചമയ്ക്കുന്നു, ക്രമം രൂപത്തെയും. ഇവ്വിധം, സംഗീതരൂപം മൊത്തത്തിലേ ഒരു ബൃഹദ്താളം. അതു കേൾക്കുന്ന മനസ്സുകളും സമയത്തെ ഘടനപ്പെടുത്തുകയാണ്, ആവർത്തനം പ്രതീക്ഷിച്ചുകൊണ്ട്, ഏറക്കുറെ അബോധപരമായി വിരിയുന്നതാണീ സിരാവൃത്തി.

മാധവനിൽ രാധ വൃന്ദാവനസാരംഗി ഉണർത്തുന്നതിനും ഏറെ മുമ്പ്. ജയദേവകവിയിൽ അഷ്ടപദി ഉണരുന്നതിനും കൊല്ലം അരലക്ഷം മുമ്പ്. സ് ലൊവീനിയയിലെ ഏതോ ഗുഹാമനുഷ്യൻ തച്ച കരടിയുടെ തുടയെല്ലൊരു പുല്ലാങ്കുഴലാക്കി. അതിനും കൊല്ലം രണ്ടര ലക്ഷം മുമ്പേറായുണ്ട് തമ്പേറുകൾ... ആഫ്രിക്കയിൽ, കാക്കസസിൽ, ചീനത്ത് –ഈ ഊരുപേരുപോലും ഉരുത്തിരിയും മുമ്പേ.

സംഗീതമെന്തേ സാർവത്രികമായി, ഭൂഗോളത്ത്?

മനുഷ്യന്റെ കാര്യം മാത്രമെടുക്കാം. പടച്ചോനെ വാഴ്ത്താൻ, പടക്ക് വീറേകാൻ, പരേതരെ അടക്കാൻ... എല്ലാത്തിനു മെന്തേ പാട്ട്, പണ്ടേക്ക് പണ്ടേ? പരിണാമവഴി ചികഞ്ഞ ഡാർവിൻ കൊരുത്തതു പക്ഷേ, അവിടെങ്ങുമല്ല: ‘‘ആദിമനുഷ്യൻ ഈണവും താളവുംകൊണ്ട് ഇണയെ ആകർഷിക്കാൻ തുനിഞ്ഞത് അടുപ്പം പ്രകടിപ്പിക്കാൻ മറ്റൊന്നും പോരാഞ്ഞിട്ടാവണം...’’ (ദ ഡിസെന്റ് ഓഫ് മാൻ). വശീകരിക്കാനുള്ള ഉപാധിയാണീ മനംമയക്കിയെന്ന്.

പുതുകാല പരിണാമജ്ഞൻ ജഫ്രി മില്ലർ ആചാര്യന്യായം വികസിപ്പിച്ചു. ജാസിലും റോക്കിലും സിംഫണികളിലും പാട്ടുകാരുടെതന്നെ പ്രിയമളന്നിട്ട് ആളങ്ങ് നിരുവിച്ചു, പാട്ടിനമേതിലും പെണ്ണിന്റെ പത്തിരട്ടി പേറ് നടത്തുക ആണാണെന്ന്. മൗലികസൃഷ്ടിയുടെ ഉൽപാദനപാരമ്യം മുപ്പതാം വയസ്സിന് ചുറ്റിലാണെന്ന്. ഓർക്കണം, ഇതേ പരിസരമാണ് പ്രത്യുൽപാദനശേഷിയുടെയും പുഷ്കലദശ. മില്ലർ ഉപസംഹരിച്ചതിങ്ങനെ: ‘‘സഫലരായ സംഗീതജ്ഞർ സാധാരണയിൽ കവിഞ്ഞ് വിഷയാസക്തരാണ്.’’ (ദ മേറ്റിങ് മൈൻഡ്).

അതിലൊരു അപശ്രുതിയില്ലേ, ഇണയെ ഉന്നമിടു​ന്നതാണ് ഈണമൂലമെന്ന നിഗമനത്തിൽ? മനുഷ്യന്റെ ജനിതകത്തിലെങ്ങുമില്ല അങ്ങനൊരു മൂലാധാരം. എന്നും എവിടെയും കുഞ്ഞുറങ്ങാറ് അമ്മയുടെ താരാട്ടിലാണ്, സകല പാട്ടിന്റെയും അമ്മയായ താലാട്ടിൽ. അന്നോളം പാടാത്തോളും പെറ്റുണർന്നാൽ മൂളിപ്പോവുന്നു അവളുടെ ‘ഓമനത്തിങ്കൾ കിടാവോ...’ കുറിഞ്ഞിയും നീലാംബരിയും നവറോജുമൊന്നും തിരിയാത്തോൾക്കും അതുപോലൊന്നങ്ങ് തോന്നിപ്പോവുകയാണ്. (അല്ലെങ്കിലും പാട്ടേതും അങ്ങനല്ലേ– തോന്നിവരണം.) ഇണയോടാണ് ഈണത്തിന് ജനിതകബന്ധമെങ്കിൽ രതിസ്രവങ്ങൾ ഉറന്നിട്ടില്ലാത്ത ശിശുക്കളും അതിൽ രമിക്കുവതെന്തേ?

ജീവന് ഇമ്പമരുളുന്ന നിസർഗശക്തി ഉള്ളടക്കുന്നുണ്ട്, ഭാഷയേതിലും താരാട്ട്. ജീവശാസ്ത്രം വാദിക്കും, ഗർഭപാത്രത്തിലെ സുഖദമായ ഒരുയലുണ്ടല്ലോ,അതിന്റെ ആട്ടലയമാണ് താരാട്ടും പകരുന്നതെന്ന്. അതിലൊരു ശരിയുണ്ട്, പിശകൽപം ഇല്ലാതെയുമില്ല. മനുഷ്യനെ മയക്കുന്ന എല്ലാത്തരം പാട്ടും അമ്മ തുടക്കമിട്ടതാണെങ്കിൽ ആ സാധർമ്യത്തിന് ഉൺമയുണ്ടായേനെ.പോപ്പിനും റാപ്പിനും ഹെവിമെറ്റലിനും താരുണ്യം നെഞ്ചുകൊടുക്കുന്നത് അമ്മത്താവഴിക്കല്ല.

സാമാന്യമായ ജനിതകഘടകങ്ങൾ അത്രകണ്ടൊരു അനുകൂലന വ്യഗ്രതയുള്ളവയല്ല. ഉടമ്പിനത്ര നന്നല്ല വെണ്ണ. എങ്കിലും അതിനോടൊരു ചാർച്ച കൊതിക്കയാണ് രസന. നൈസർഗികമല്ല ഈ കൊതി, മറ്റു ചിലതിൽ നിന്നൂറിയതാണ് –മധുരത്തോടും കൊഴുപ്പിനോടും മറ്റുമുള്ള സഹജ പ്രതിപത്തിയിൽനിന്ന്. വെണ്ണ ഇവിടൊരു തലതിരിവാണ്, അതിന്റെ രുചിനാരേതോ തലച്ചോറിനെ ഇക്കിളിപ്പെടുത്തുന്നു. ആ വശ്യവലയത്തിൽ ഒരാനന്ദം കാണുന്നു.

ഇതേവിധം അയുക്തിക വലയങ്ങളുടെ മട്ടിലാണ് സംഗീതത്തിന്റെയും അനുകൂലന മൂല്യം. മെലഡി നോക്കൂ –വികാര വിനിമയത്തിനുള്ള നിത്യസാധാരണ ചേരുവ തന്നെയാണതിൽ. അല്ലാത്തപ്പോൾ സാദാ ശബ്ദങ്ങൾ മാത്രമായവ പക്ഷേ, മെലഡിയിൽ നാദത്തിന്റെ അഴകുള്ള നീട്ടങ്ങളാവുന്നു. സാധാരണ തലത്തിൽ അവക്കില്ലാതിരുന്ന ഒരു ലയസുഖം ഇപ്പോൾ അവയിൽനിന്നുതന്നെ ഉതിരുന്നു. കാതിലെത്തുന്ന ശബ്ദങ്ങളെ അപ്പപ്പോൾ മനസ്സിലാക്കിത്തരുന്ന പണിയാണ് മസ്തിഷ്കത്തിന്. ആളുകളുടെ ഒച്ചകൾക്കിടെ ഒരു ജന്തുവിന്റെ മുരൾച്ച തിരിച്ചറിയാൻ നാം പാടുപെടും. എന്നിരിക്കെ, പലതരം ശബ്ദങ്ങൾ ഊടുംപാവുമിടുന്ന പാട്ടുകച്ചേരി എങ്ങനെ അനുഭവിക്കാനാവുന്നു?

വാക്കിന് വഴങ്ങാത്ത കലയാണ് സംഗീതം. അതുതന്നെയാണ് അതിനെ ഏറ്റവും കരുത്തുറ്റ കലയാക്കുന്നതും –ജീവിപ്പതിന്റെ ഹർഷോന്മാദത്തിനുള്ള ആത്യന്തിക ഭാഷ. ആ പൊരുൾ ആറ്റിക്കുറുക്കിയ ഒരു നിർവചനമുണ്ട്, തത്ത്വചിന്തക സൂസൻ ലാംഗറുടെ: ‘‘സമയത്തിനുള്ളിലെ അനുഭൂതികളുടെ പരീക്ഷണശാലയാണ് സംഗീതം.’’ (ഫീലിങ് ആൻഡ് ഫോം).

സമയത്തിന്റെ ചലനമാണ് ജീവിതം. സംഗീതത്തിനുള്ള അസംസ്കൃത വിഭവമാണ് സമയം. മെലഡിയുടെയും താളത്തിന്റെയും അസ്തിവാരമെന്നതിനൊപ്പം അത് പാടുന്നോർക്കും കേൾക്കുന്നോർക്കുമുള്ള സ്വസ്ഥിദാനംകൂടിയാണ്. കാരണം, അനിശ്ചിതവും അസ്ഥിരവുമായ ജീവിതത്തിന് അനിവാര്യമായ ഒരഭയരാശി ഒരുക്കിത്തരുന്നുണ്ടത്. ജീവിതമെന്ന സമയപ്രവാഹത്തിലെ ചില ചില നിമിഷങ്ങളിലാണ് പാട്ട് നമ്മെ സന്ധിക്കാറ്. ഉടനെയത് നമ്മിലേക്ക് കയറുന്നു, ആ നിമിഷങ്ങളെ വിപുലീകരിക്കുന്നു. അങ്ങനെയാണത് സമയത്തെ കൈകാര്യം ചെയ്യുന്നത്. മറ്റു കലകൾക്ക് ഈ ജീവിതത്തറിയുടെ ഒരു കോണുപോലും തികച്ചും കവരാനാവില്ല, കൂടിപ്പോയാൽ ഒന്നോ രണ്ടോ ഇഴക്കെട്ട്, അത്രതന്നെ.

മനുഷ്യന് സങ്കൽപിക്കാവുന്നതിൽവെച്ച് ഏറ്റം അമൂർത്തമായ ആശയം ഐന്ദ്രികസത്തയാണ്. അത് ആവിഷ്കരിക്കാനാവുക ഏത് വിനിമയമാധ്യമത്തിനാണ്? ചിത്രകലക്ക് കഴിയില്ല. കാരണം, വരയുടെയും വർണത്തിന്റെയും ആവൃത്തിക്കുള്ളിൽ അതിനെ പിടിച്ചിടാനാവില്ല. ശിൽപകലക്ക് കഴിയില്ല. കാരണം, സ്വതവേതന്നെ രൂപാത്മകമായ മൂർത്തത പേറുന്നുണ്ട് ശിൽപം. സാഹിത്യത്തിന് തീരെയും കഴിയില്ല. കാരണം, കഴിഞ്ഞുപോയതിന്റെ ആഖ്യാനവും വ്യാഖ്യാനവുമാണത്– ഒരിനം ചരിത്രമെഴുത്ത്.

തൽക്ഷണതയിൽ നിരന്തരം ചലിക്കുന്നത് വാക്കിൻപിടിയിൽ ഒതുങ്ങില്ല. അതുകൊണ്ടുതന്നെ കവിതപോലും ഇക്കാര്യത്തിൽ വിഫലം. വെള്ളിടി, അക്ഷമ, പ്രണയപ്പിണർ... അങ്ങനെയങ്ങനെ വർത്തമാന നിമിഷങ്ങളുടെ അനുസ്യൂതത്തിലാണ് ആ സത്തയുടെ കുടിപാർപ്പ്. മറിച്ച്, ഒരൊറ്റ നിമിഷത്തിൽ മാത്രമായിരുന്നേൽ അതിനെ വരക്കയോ വാർക്കയോ കുറിക്കയോ ചെയ്യാമായിരുന്നു. തൽക്ഷണ നിമിഷപരമ്പരയി​െല നിവാസം അതിനൊരു ഇതിഹാസ പ്രകൃതമേകുന്നു. ചുരുക്കിയാൽ അതിന്റെ ആവിഷ്കരണ സാധ്യത ഒരൊറ്റ മാധ്യമത്തിലേക്ക് ചുരുങ്ങുന്നു –സംഗീതം.

പേശും പാട്ടും സംബോധന ചെയ്യുന്നത് കൂട്ടത്തിൽ സ്ഥൈ​ ര്യം കൂടിയ ഇന്ദ്രിയത്തെയാണ് –കാത്. അവിടെയാണ് പാട്ട് സമയരേഖയെ ഉല്ലംഘിക്കുന്നത്, പേശിനത് കഴിയാതെ പോകുന്നതും. നേരാണ്, അമൂർത്താശയങ്ങൾ ഭാഷയും കൈകാര്യം ചെയ്യാറുണ്ട്. പക്ഷേ, അതിൽ ഐന്ദ്രികത കേവലമായ ഉപകരണ തലത്തിലേക്ക് ചുരുക്കപ്പെടുന്നു, പലപ്പോഴും നിരാകരിക്കപ്പെടുന്നു. സംഗീതം പക്ഷേ, ഭാഷയെ വെല്ലുന്നു, തൽക്ഷണതയുടെ വിനിമയത്തിൽ. അതുതന്നെയാണ് അതിന്റെ മൂർത്തഫലവും. സംഗീതത്തിൽ രൂപം ഉള്ളാലേതന്നെ സമയഭരിതം. സമയത്തിനത് ആകൃതിയേകുന്നു.

ഉദാഹരണമായി, നമ്മൾ ഒരു പാട്ടിലൂടെ ചലിക്കുമ്പോൾ ആ പോക്കിനൊരു വേഗവും രീതിയുമുണ്ടാവും –മുന്നോട്ടായുന്നതെപ്പോൾ, പിന്നാക്കമെപ്പോൾ, വികസിക്കുവതെപ്പോൾ, ചുരുങ്ങുവതെപ്പോൾ... സമയബോധത്തിന്റെ ഈ മെയ്‍വഴക്കമാണ് പാട്ടിന്റെ കാമ്പ്, സമയജീവിയായ നമ്മിലുണ്ടാക്കുന്ന അഴവിന്റെ മർമം ജീവിതത്തിന്റെ സാധാരണതലത്തിലെ സമയഘടന നോക്കൂ –സെക്കൻഡുകൾ മിനിറ്റുകളാവുന്നു, മിനിറ്റുകൾ മണിക്കൂറുകളാവുന്നു, ഇന്ന് നാളെയാവുന്നു... ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള അഴിഞ്ഞുപോക്കാണവിടെ. സംഗീതത്തിൽ പ​​​േക്ഷ, നാദത്തിൽനിന്ന് വേർപെടുന്നില്ല നേരം. സമയംതന്നെയാണതിന്റെ സ്വത്വം. സമയമൂശ ചവിട്ടിക്കുഴച്ചുണ്ടാക്കിയ ഉരുവാണ് സംഗീതം.

 

ജഫ്രി മില്ലർ 

പാട്ട് കൊത്തുപണി ചെയ്യുകയാണ് സമയത്തിന്മേൽ. താളമാണ് ഈ ശിൽപവേലയുടെ വീതുളി. ആവർത്തനംകൊണ്ട് അത് ക്രമം ചമയ്ക്കുന്നു, ക്രമം രൂപത്തെയും. ഇവ്വിധം, സംഗീതരൂപം മൊത്തത്തിലേ ഒരു ബൃഹദ്താളം. അതു കേൾക്കുന്ന മനസ്സുകളും സമയത്തെ ഘടനപ്പെടുത്തുകയാണ്, ആവർത്തനം പ്രതീക്ഷിച്ചുകൊണ്ട്, ഏറക്കുറെ അബോധപരമായി വിരിയുന്നതാണീ സിരാവൃത്തി. ഒട്ടുമേ യാന്ത്രികമല്ലത്; മറിച്ച് സജീവതയുടെ മിടിപ്പാണ്. കാരണം, പ്രതീക്ഷിതങ്ങളൊക്കെ പ്രത്യാശയുടെ ഓരോരോ രൂപങ്ങളാണ്. പ്രത്യാശ ഉടലെടുക്കുകയോ ഉടയുകയോ ചെയ്യാം. ഉടഞ്ഞത് വീണ്ടും ഉറകൂടാം. അപ്പോഴെല്ലാം അതിനൊപ്പം കൂടിക്കളയും ഹൃദയം.

പൈതാഗറസ് സംഗീതത്തെ ഗണിതാത്മകമായി ഘടനപ്പെടുത്തിയത് ഭൂമിയിലെ ആദ്യ അൽഗോരിതം ചമച്ചുകൊണ്ടാണ്.അതറിഞ്ഞാലുമില്ലെങ്കിലും സംഗീതജ്ഞർ ചെയ്തുപോകുന്നത് അടിസ്ഥാനപരമായി രണ്ട് സരള കാര്യങ്ങളാണ് –ക്രമം ചമയ്ക്കുക, ക്രമം പൊളിക്കുക. സർഗാത്മകമായ ഈ തച്ചിൽ ക്രമവും ക്രമഭംഗവും ഉന്നമിടുന്നത് ഒന്നുമാത്രം: ഹൃദയദ്രവീകരണം. തലമുറയോരോന്നിലും സംഗീതജ്ഞർ അത് കണിശസുന്ദരമായി പുലർത്തുന്നു, മനുഷ്യഹൃദയം ദ്രവിച്ചലിയുന്നു –സമയബിന്ദുവിന്റെ അലയാഴിയിൽ.

ഉള്ളിലെ കാണാക്കൊമ്പത്ത് എവിടെയോ കുയിലൊന്ന് കുറുകുന്നു. ദാ കിട്ടിപ്പോയെന്ന് കരുതുമ്പഴേക്കും വിളിപ്പാടകലേക്ക് പാറിപ്പോയിരിക്കും, പറവ –എത്രായിരം വത്സരങ്ങളായി തുടരുന്ന നിത്യലീല. ഇപ്പോഴും മറയത്തുതന്നെ പാട്ടിന്റെ പരംപൊരുൾ. രഹസ്യമറിയാമെന്നു നിനച്ച് സ്വയം കബളിപ്പിക്കാതിരിക്കാം നമുക്ക്. (അന്വേഷണം തുടരുകയുമാവാം), വേരറിയാത്ത എത്രയോ നേരുകളുടെ താരാട്ടാണ് ജന്മത്തെ കാത്തുപോറ്റുന്നത്. പാട്ടി​ന്റെ കൂടണയാനായില്ലെങ്കിലെന്താ, നമുക്ക് പാട്ടുണ്ട് അതിന്റെ സാകല്യസ്പന്ദമുണ്ട് –സമയമരുവിൽ ഉഴലുന്ന മനസ്സിന് മരുപ്പച്ചയായി.

Tags:    
News Summary - rap music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-16 04:30 GMT
access_time 2026-03-02 02:00 GMT
access_time 2026-02-23 05:15 GMT