മാർച്ച് 3ന് വിടപറഞ്ഞ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണനെ ഓർമിക്കുകയാണ് ലേഖകൻ. പ്രത്യയശാസ്ത്രപരമായ ദർശനവിശുദ്ധിയും ജ്ഞാനാധിഷ്ഠിതമായ ബൗദ്ധികവ്യാപാരത്തിന്റെ തീവ്രതയും ശരിയായ തോതിൽ സമ്മേളിച്ചതായിരുന്നു ഉണ്ണികൃഷ്ണന്റെ ജീവിതമെന്ന് എഴുതുന്നു. ആറാം തവണ തുടർച്ചയായി വടകരയിൽ മത്സരിക്കാനെത്തിയ കെ.പി. ഉണ്ണികൃഷ്ണനെതിരെ പ്രവർത്തകർക്കിടയിൽ അടക്കിപ്പിടിച്ച ചില മുറുമുറുപ്പുകൾ ഉയർന്നപ്പോൾ എന്താണ് പ്രശ്നമെന്ന് സ്ഥാനാർഥി ആരാഞ്ഞു. ജയിച്ചു പോയാൽ എം.പി വീണ്ടും മണ്ഡലത്തിലെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിനാണെന്ന പരാതി വ്യാപകമായുണ്ടെന്ന വിശദീകരണമുണ്ടായി. പരാതി...
മാർച്ച് 3ന് വിടപറഞ്ഞ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണനെ ഓർമിക്കുകയാണ് ലേഖകൻ. പ്രത്യയശാസ്ത്രപരമായ ദർശനവിശുദ്ധിയും ജ്ഞാനാധിഷ്ഠിതമായ ബൗദ്ധികവ്യാപാരത്തിന്റെ തീവ്രതയും ശരിയായ തോതിൽ സമ്മേളിച്ചതായിരുന്നു ഉണ്ണികൃഷ്ണന്റെ ജീവിതമെന്ന് എഴുതുന്നു.
ആറാം തവണ തുടർച്ചയായി വടകരയിൽ മത്സരിക്കാനെത്തിയ കെ.പി. ഉണ്ണികൃഷ്ണനെതിരെ പ്രവർത്തകർക്കിടയിൽ അടക്കിപ്പിടിച്ച ചില മുറുമുറുപ്പുകൾ ഉയർന്നപ്പോൾ എന്താണ് പ്രശ്നമെന്ന് സ്ഥാനാർഥി ആരാഞ്ഞു. ജയിച്ചു പോയാൽ എം.പി വീണ്ടും മണ്ഡലത്തിലെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിനാണെന്ന പരാതി വ്യാപകമായുണ്ടെന്ന വിശദീകരണമുണ്ടായി. പരാതി പരിമിതമാണെന്ന് ഉറപ്പുവരുത്തി ഉണ്ണികൃഷ്ണൻ പറഞ്ഞു: ‘‘കൂടക്കൂടെ വന്നിരുന്നുവെങ്കിൽ പരാതികളുടെ പ്രളയമാകുമായിരുന്നു.’’ പക്ഷേ, അക്കുറി ഉണ്ണികൃഷ്ണനെ വടകര തുണച്ചില്ല. പിന്നീട് രാഷ്ട്രീയത്തിന്റെ ശൈലിയും വ്യാകരണവും മാറി. പാർലമെന്ററി രാഷ്ട്രീയത്തിൽ ഉണ്ണികൃഷ്ണനെപ്പോലുള്ളവർ അപരിചിതരും അപ്രസക്തരുമായി.
എൺപത്തിയൊമ്പതാമത്തെ വയസ്സിൽ ഉണ്ണികൃഷ്ണൻ വിടവാങ്ങിയപ്പോൾ പഴയകാലത്തെ അടയാളപ്പെടുത്തുന്ന ശരറാന്തലുകളിലൊന്ന് അണയുകയായിരുന്നു. മദിരാശിയിലെ പ്രസിദ്ധമായ ക്രിസ്ത്യൻ കോളജിലും പ്രസിഡൻസി കോളജിലും വിദ്യാഭ്യാസം കഴിഞ്ഞ് ബോംബെയിൽ ആർ.കെ. കരഞ്ചിയയുടെ പ്രസിദ്ധമായ ടാബ്ലോയ്ഡ് വാരിക ബ്ലിറ്റ്സിൽ റിപ്പോർട്ടറായി ചേർന്ന ഉണ്ണികൃഷ്ണനെ പത്രപ്രവർത്തകനെന്ന നിലയിലാണ് ഞാൻ ആദ്യം അറിയുന്നത്. രണ്ടാം ലോകയുദ്ധത്തിൽ പ്രശസ്തമായിത്തീർന്ന സർവസംഹാരിയായ ജർമൻ വ്യോമാക്രമണമാണ് ബ്ലിറ്റ്സ്ക്രീഗ്. അതിൽനിന്നാണ് ബ്ലിറ്റ്സ് എന്ന പേരുണ്ടായത്. ഉണ്ണികൃഷ്ണന്റെ രീതികളും അങ്ങനെയായിരുന്നു.
മാധ്യമപ്രവർത്തകനെന്ന നിലയിൽ ഉണ്ണികൃഷ്ണന്റെ പ്രശസ്തി മങ്ങിപ്പോയത് അദ്ദേഹം ദീർഘകാലം പാർലമെന്ററി പ്രവർത്തനത്തിൽ വ്യാപൃതനായതുകൊണ്ടാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ലേഖനങ്ങൾ പതിവായി വായിച്ചുകൊണ്ടിരുന്ന ആളിന്റെ സാക്ഷ്യമാണിത്. 1959ൽ ഇന്ദിര ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ 23 വയസ്സുമാത്രമുള്ള ഉണ്ണികൃഷ്ണൻ അവരുടെ അടുത്ത വലയത്തിലായി. ഇന്ദിര ഗാന്ധിയുടെ വളർച്ചയിൽ ഉണ്ണികൃഷ്ണന്റെ ഉപദേശവും നിർദേശവുമുണ്ടായി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയമായ ഉയർച്ചയിൽ ഇന്ദിര ഗാന്ധിയുടെ സ്നേഹപൂർവമായ കരുതലുണ്ടായി. ലീല ദാമോദര മേനോന്റെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥിത്വം പിൻവലിപ്പിച്ചുകൊണ്ടായിരുന്നു 1971ൽ 35കാരനായ ഉണ്ണികൃഷ്ണന്റെ വടകരയിലേക്കുള്ള വരവ്. താരതമ്യത്തിന് ഇന്നൊരാളെ ചൂണ്ടിക്കാണിക്കാനില്ലാത്ത വിധം കേരള രാഷ്ട്രീയത്തിലെ കരുത്തുള്ള വനിതയായിരുന്നു ലീല. അവരെയാണ് ഡൽഹിയിൽനിന്നെത്തിയ അപരിചിതൻ ഗാലറിയിലേക്കൊതുക്കിയത്.
കടപ്പാട് വിധേയത്വമല്ലെന്നും വിധേയത്വം വിമർശനത്തിനു തടസ്സമാകരുതെന്നുമുള്ള പക്ഷക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. അടിയന്തരാവസ്ഥയുടെ പാരമ്യത്തിൽ തുർക്മാൻ ഗേറ്റിൽ ഇടിച്ചുനിരത്തലും വെടിവെപ്പും ഉണ്ടായപ്പോൾ ഇന്ദിര ഗാന്ധിയെ നേരിട്ടു കണ്ട് പ്രതിഷേധമറിയിച്ച ആളാണ് ഉണ്ണികൃഷ്ണൻ. അപ്പോഴേക്കും സഞ്ജയ് ഗാന്ധിയുടെ സ്വാധീനത്തിൽ ഇന്ദിര ഗാന്ധി അന്ധയും ബന്ധിതയുമായിക്കഴിഞ്ഞിരുന്നു. സഞ്ജയ് ഗാന്ധിക്കെതിരെയുള്ള ആക്ഷേപവുമായി ചെന്ന ഉണ്ണികൃഷ്ണൻ ജയിലിലാകാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. 1966ൽ മൊറാർജി ദേശായിക്കെതിരെ കരുക്കൾ നീക്കി പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ദിര ഗാന്ധിയുടെ പ്രവേശം സുഗമമാക്കിയവരുടെ കൂട്ടത്തിലായിരുന്നു ഉണ്ണികൃഷ്ണൻ.
പക്ഷേ, നെഹ്റുവിന് ഫിറോസ് ഗാന്ധി എന്നപോലെയായി പിന്നീട് ഇന്ദിരക്ക് ഉണ്ണികൃഷ്ണൻ. ശരീരപ്രകൃതത്തിൽ ഫിറോസും ഉണ്ണികൃഷ്ണനും തമ്മിൽ നല്ല സാമ്യമുണ്ടായിരുന്നു. ലോക്സഭയിൽ സ്പീക്കർ അനന്തശയനം അയ്യങ്കാരുടെ പിന്തുണയോടെ ഫിറോസ് ഗാന്ധി എഴുന്നേൽക്കുമ്പോൾ പ്രധാനമന്ത്രി നെഹ്റുവിന് ഉൾക്കിടിലം ഉണ്ടാകുമായിരുന്നു. ഉണ്ണികൃഷ്ണന്റെ കാലത്തെ സ്പീക്കർ ബൽറാം ഝാക്കർ പ്രധാനമന്ത്രിയുടെ വിധേയനായിരുന്നു. നരേന്ദ്ര മോദിക്ക് ഓം ബിർല എന്നപോലെയായിരുന്നു ഇന്ദിര ഗാന്ധിക്ക് ബൽറാം ഝാക്കർ. പ്രതികൂലമായ അവസ്ഥയിലും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കാൻ ഉണ്ണികൃഷ്ണനു കഴിഞ്ഞിരുന്നു.
കുവോ എണ്ണയിടപാടുമായി ബന്ധപ്പെട്ട് ഒട്ടാവിയോ ക്വത്റോച്ചി എന്ന പേര് പാർലമെന്റിൽ ആദ്യം പരാമർശിച്ചത് ഉണ്ണികൃഷ്ണനായിരുന്നു. പിന്നീട് ആ പേര് ബോഫോഴ്സുമായി ബന്ധപ്പെട്ടും നാം കേട്ടു. മർമത്തിൽ തൊട്ടാൽ അകലുന്നതിന് അധികസമയം വേണ്ട. 1978ൽ അദ്ദേഹം ശരദ് പവാറിന്റെ കോൺഗ്രസ്-എസിലെത്തി. ബോഫോഴ്സ് കത്തിയപ്പോൾ എണ്ണയൊഴിക്കാൻ ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു. അതോടെ, സോണിയ ഗാന്ധിക്കും അദ്ദേഹം അനഭിമതനായി. വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ നാഷനൽ ഫ്രണ്ടിനു രൂപം കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഉണ്ണികൃഷ്ണൻ. വി.പി. സിങ്ങിന്റെ മന്ത്രിസഭയിൽ പതിനൊന്ന് മാസം അദ്ദേഹം കാബിനറ്റ് മന്ത്രിയായിരുന്നു.
കേരളത്തിൽനിന്ന് കേന്ദ്ര മന്ത്രിസഭയിലേക്ക് ഉയർത്തപ്പെടുന്നവർ കേരളത്തിനുവേണ്ടി എന്തു ചെയ്തുവെന്ന ചോദ്യം പൊതുവെ ഉയരാറുണ്ട്. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ റെയിൽവേ വികസനത്തിനുവേണ്ടി നടത്തിയ ചില ഇടപെടലുകളുടെ പേരിൽ ഒ. രാജഗോപാൽ ഇപ്പോഴും ഒാർമിക്കപ്പെടുന്നു. ജനതാ മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്ന മധു ദണ്ഡവതെയുടെ കാലത്താണ് ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽവേ കേരളത്തിൽ സാധ്യമായത്. അതിനു സമാനമായ സംഭാവനയാണ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെന്നനിലയിൽ ഉണ്ണികൃഷ്ണൻ നടത്തിയത്.
മൊത്തത്തിൽ രാജ്യത്തിനുവേണ്ടി ചെയ്യുന്നതാണെങ്കിലും കേരളത്തിനു പ്രത്യേകമായി പ്രയോജനപ്പെടുന്ന നിരവധി കാര്യങ്ങൾ ഉണ്ണികൃഷ്ണന്റെ കണക്കുപുസ്തകത്തിലുണ്ട്. ദേശീയപാതാ വികസനത്തിന്റെ അന്തിമഘട്ടത്തിൽ കേരളം എത്തിനിൽക്കുമ്പോൾ അതിനു തുടക്കമിട്ടത് വി.പി. സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണനായിരുന്നു എന്ന് നാം ഓർക്കണം. ഒരു കാലത്ത് അംഗപരിമിതരുടെയും നിരാശ്രയരുടെയും ആശ്രയമായി മാറിയ എസ്.ടി. ഡി/ഐ.എസ്.ഡി ബൂത്തുകൾ കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണന്റെ സംഭാവനയാണ്. പശ്ചിമേഷ്യ കേരളത്തിന്റെ എക്സ്റ്റൻഷനാണ്. അവിടെ നടക്കുന്നതെല്ലാം നമ്മെ ബാധിക്കുന്നു.
പശ്ചിമേഷ്യ യുദ്ധത്തിന്റെ എരിതീയിലാകുമ്പോൾ നാം 1990ലെ ഗൾഫ് യുദ്ധത്തെക്കുറിച്ചോർക്കുന്നു. അന്ന് അനിശ്ചിതമായ അപകടാവസ്ഥയിലായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രമന്ത്രിയെന്ന നിലയിൽ ഉണ്ണികൃഷ്ണനായിരുന്നു. വിദേശകാര്യമന്ത്രിയായിരുന്ന ഐ.കെ. ഗുജ്റാലിന് ആലോചിക്കാൻ കഴിയാതിരുന്ന ബൃഹത്പദ്ധതിയാണ് ഉണ്ണികൃഷ്ണൻ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയത്. മൊത്തം 1.76 ലക്ഷം ഇന്ത്യക്കാരെ ജോർഡൻ മരുഭൂമി കടത്തി അമ്മാൻ വഴി ദുബൈയിലെത്തിച്ച് മുംബൈയിലേക്കുള്ള അപകടരഹിതമായ യാത്ര സാധ്യമാക്കി. അത്തരം ഒഴിപ്പിക്കലും കര പറ്റിക്കലും ചരിത്രത്തിൽ അപൂർവമായി സാധ്യമാകുന്നതാണ്. പണത്തിന്റെ കാര്യം പറഞ്ഞ് ഉദ്യോഗസ്ഥർ പദ്ധതിയെ എതിർത്തപ്പോൾ ജീവന്റെ മൂല്യം പണത്തിനുപരിയാണെന്ന് ബോധ്യപ്പെടുത്തി അദ്ദേഹം കാബിനറ്റിന്റെ അംഗീകാരം നേടുകയായിരുന്നു.
പ്രത്യയശാസ്ത്രപരമായ ദർശനവിശുദ്ധിയും ജ്ഞാനാധിഷ്ഠിതമായ ബൗദ്ധികവ്യാപാരത്തിന്റെ തീവ്രതയും ശരിയായ തോതിൽ സമ്മേളിച്ചതായിരുന്നു ഉണ്ണികൃഷ്ണന്റെ ജീവിതം. കോൺഗ്രസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സോണിയ ഗാന്ധി അസാധാരണമായ രീതിയിൽ വാചാലയായപ്പോൾ ഒരു ചാനൽ ചർച്ചയിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു: The lady protests too much. ‘ഹാംലെറ്റി’ൽനിന്നുള്ള പ്രസിദ്ധമായ ഉദ്ധരണിയാണ് അനായാസം ഉണ്ണികൃഷ്ണന്റെ നാവിലെത്തിയത്.
സ്വന്തം അപരാധത്തെക്കുറിച്ചുള്ള ബോധ്യം നിഷേധത്തിന്റെ വീര്യം കൂട്ടുന്നുവെന്നാണ് പരാമർശിതവാക്യത്തിന്റെ അർഥം. തിരുവനന്തപുരത്ത് ‘മാതൃഭൂമി’യുടെ സംവാദ പരിപാടിയിലായിരുന്നു ഞാൻ അവസാനമായി ഉണ്ണികൃഷ്ണനോടൊപ്പം പങ്കെടുത്തത്. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മോഡറേറ്ററില്ലാതെ ഞങ്ങൾ രണ്ടുപേരും സംസാരിക്കുന്ന പരിപാടിയിൽ എന്റെ സാന്നിധ്യം മറന്ന് ഉണ്ണികൃഷ്ണൻ മുഴുവൻ സമയവും സംസാരിച്ചു. സംസാരം ഗംഭീരം; പക്ഷേ സ്ഥലകാലവിഭ്രാന്തിയിൽ അദ്ദേഹം അകപ്പെട്ടുവോ എന്ന് സംശയം തോന്നി. ഇലകൊഴിയുന്ന കാലമെത്തുമ്പോൾ വടവൃക്ഷങ്ങൾ അങ്ങനെ ആകുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.