സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്ന ഒരു കമീഷൻ സ്വന്തം നിലക്ക് ചെയ്യേണ്ട പ്രവർത്തനമാണ് സ്വന്തം ടീമിനെ വെച്ച് ആറുമാസംകൊണ്ട് രാഹുൽഗാന്ധി ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വോട്ട് കൊള്ളയെ കുറിച്ചുള്ള അവലോകനം. കമീഷൻ ആർക്കോ വേണ്ടി പലതും മറച്ചുവെക്കുകയാണെന്നും വ്യക്തമാക്കുന്നു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പല്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആഗ്രഹിക്കുന്നതെന്ന് രാഹുലിനെ മാത്രമല്ല രാജ്യത്തെ തന്നെയും ബോധ്യപ്പെടുത്തുന്നതായിരുന്നു രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയ വാർത്താസമ്മേളനത്തിൽ ഒരു മുറിയുടെ മൂലയിൽ ഏഴടി പൊക്കത്തിൽ നാം...
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്ന ഒരു കമീഷൻ സ്വന്തം നിലക്ക് ചെയ്യേണ്ട പ്രവർത്തനമാണ് സ്വന്തം ടീമിനെ വെച്ച് ആറുമാസംകൊണ്ട് രാഹുൽഗാന്ധി ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വോട്ട് കൊള്ളയെ കുറിച്ചുള്ള അവലോകനം. കമീഷൻ ആർക്കോ വേണ്ടി പലതും മറച്ചുവെക്കുകയാണെന്നും വ്യക്തമാക്കുന്നു.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പല്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആഗ്രഹിക്കുന്നതെന്ന് രാഹുലിനെ മാത്രമല്ല രാജ്യത്തെ തന്നെയും ബോധ്യപ്പെടുത്തുന്നതായിരുന്നു രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയ വാർത്താസമ്മേളനത്തിൽ ഒരു മുറിയുടെ മൂലയിൽ ഏഴടി പൊക്കത്തിൽ നാം കണ്ട വോട്ടർ പട്ടികകളുടെ കെട്ടുകൾ. കേവലം കൈവിരലിൽ വെക്കാവുന്ന ഒരു ചിപ്പിനകത്ത് നിമിഷനേരംകൊണ്ട് കൈമാറാവുന്നതും രാഹുലിന്റെ വാക്കുകൾ കടമെടുത്താൽ 30 സെക്കൻഡുകൾകൊണ്ട് പരിശോധിച്ച് തീരാവുന്നതുമായിരുന്ന ഡേറ്റയാണ് പരിശോധന ദുസ്സഹമാക്കുന്ന ഹാർഡ് കോപ്പികളായി പ്രിന്റെടുത്ത് അവയിലെ ഓരോ പേരും അത്രയും പട്ടികകളിലെ മറ്റു നാമങ്ങളുമായി തട്ടിച്ചുനോക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് കമീഷൻ സ്വന്തംനിലക്ക് നടത്തേണ്ട ഒരു പരിശോധന അവർ സഹകരിക്കാത്തതുകൊണ്ടു മാത്രം ആറുമാസമെടുത്ത് ചെയ്യേണ്ടിവന്നതിന്റെ രേഖാമൂലമുള്ള തെളിവുകളായി മാറി അത്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്ന ഒരു കമീഷൻ സ്വന്തംനിലക്ക് ചെയ്യേണ്ട പ്രവർത്തനമാണല്ലോ സ്വന്തം ടീമിനെ വെച്ച് ആറുമാസംകൊണ്ട് രാഹുൽ ഗാന്ധിക്ക് ചെയ്യേണ്ടിവന്നത്.
ക്രിമിനൽ ഗൂഢാലോചകരും തെളിവ് നശിപ്പിക്കുന്നവരും
വിചാരണവേളകളിലും വാദം കേൾക്കലിനിടയിലും കേസുമായി ബന്ധപ്പെട്ട വസ്തുതകളും നിയമവശങ്ങളും ആരെങ്കിലും ഉയർത്തി കാണിച്ചാൽ രാജ്യത്തെ ഭരണഘടന കോടതികൾ നടത്തുന്ന ഒരു പ്രയോഗമുണ്ട്. കേസ് തീർപ്പാക്കുന്ന കാര്യത്തിൽ കോടതിയെ സഹായിക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് കോടതി പറയുക. അതിനവരെ പ്രശംസിക്കുകയുംചെയ്യും. ഇനി അതുപോലൊരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ കാര്യമെടുക്കുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ നീതിപൂർവകവും സുതാര്യവുമാണെന്ന് ബോധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവ് കമീഷന്റെ മാത്രം പക്കലുള്ള രേഖകൾ ആവശ്യപ്പെടുമ്പോൾ അത് കൊടുക്കാൻ കൂട്ടാക്കുന്നില്ല എന്ന് മാത്രമല്ല കൊടുക്കുന്ന രേഖകൾതന്നെ ഒരിക്കലും വായിക്കാനാവാത്ത പരുവത്തിൽ ആക്കി മാറ്റുക കൂടിയാണ് കമീഷൻ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമോ നീതിപൂർവകമോ അല്ലെന്നും അങ്ങനെയാകണമെന്ന് കമീഷന് ഒട്ടും താൽപര്യമില്ലെന്നുംകൂടിയാണ് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞുകാണുന്നത്. രണ്ടു പ്രശ്നങ്ങളാണ് ഇതുയർത്തുന്നത്.
ഇതിനകം അട്ടിമറിക്കപ്പെട്ടു കഴിഞ്ഞ ഒരു പ്രക്രിയയിൽ കമീഷന്റെ കൈകളും ശുദ്ധമല്ല എന്നതാണ് അതിലൊന്ന്. ആ അട്ടിമറി രാഹുൽ പറഞ്ഞതുപോലെ ഒരു ക്രിമിനൽ കുറ്റകൃത്യമായി പരിഗണിക്കുകയാണെങ്കിൽ അത്തരമൊരു കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കുക കൂടിയാണ് കമീഷൻ ചെയ്യുന്നത്. രാഹുൽ പറഞ്ഞപോലെ വോട്ടർ പട്ടികകൾ രാജ്യത്തിന്റെ സ്വത്ത് ആണെങ്കിൽ മെഷീനുകൾക്ക് വായിക്കാൻ കഴിയാത്തവിധം പൂട്ടിട്ട് ഒരു മനുഷ്യനും പരിശോധിക്കാനാവാത്ത തരത്തിൽ അതിനെ മാറ്റിയെടുക്കുന്നത് തെളിവ് നശിപ്പിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ്? സുതാര്യതയും വിശ്വാസ്യതയുമാണ് കമീഷൻ ആഗ്രഹിക്കുന്നതെങ്കിൽ വോട്ടർ പട്ടികകൾ തുറന്ന പുസ്തകമാക്കി ജനങ്ങൾക്ക് മുമ്പിൽ മലർത്തിവെക്കുകയായിരുന്നുവല്ലോ വേണ്ടിയിരുന്നത്. അതിന് കമീഷന് ധൈര്യം വരാത്തത് എന്തുകൊണ്ടാണ്? തങ്ങളുടെ തന്നെ തട്ടിപ്പ് പുറത്താകുന്ന തെളിവായി അത് മാറും എന്നതുകൊണ്ടാണ് വോട്ടർ പട്ടികകൾക്ക് കമീഷൻ പൂട്ടിട്ടതെന്ന് രാഹുൽ ആരോപിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ കമീഷന്റെ കൈയിൽ ഒന്നുമില്ല. മറിച്ച്, ആരോപണത്തെ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കമീഷന്റെ ഭാഗത്തുനിന്ന് ധാരാളമുണ്ട് താനും. അതിലൊന്നാണ് പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസത്തിനകം നശിപ്പിക്കും എന്ന വിചിത്രമായ കമീഷൻ തീരുമാനം.
വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും പോളിങ് ബൂത്തുകളിൽ നടന്നത്
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വൈകീട്ട് അഞ്ചു മണിക്കും രാത്രി 8 മണിക്കും ഇടയിൽ ചില ബൂത്തുകളിൽ മാത്രം അഭൂതപൂർവമായ തരത്തിൽ വോട്ടുയന്ത്രങ്ങളിൽ വോട്ടുകൾ നിറഞ്ഞതിന്റെ കാരണം കണ്ടെത്താൻ പ്രതിപക്ഷം നടത്തിയ ശ്രമം പരാജയപ്പെട്ടത് ഈ തെളിവ് നശിപ്പിക്കൽ വഴിയാണെന്ന് രാഹുൽ പറയുന്നു. വൈകീട്ട് അഞ്ചു മണിക്ക് ശേഷം ആൾപെരുമാറ്റം ഇല്ലാത്ത ബൂത്തുകളിൽപോലും പൊടുന്നനെ ക്രമാതീതമായ തരത്തിൽ വോട്ടുകൾ വന്നു വീണതായി കമീഷൻ അവസാനം പുറത്തുവിട്ട ഡേറ്റകളിൽനിന്ന് വ്യക്തമാകുന്നു. അങ്ങനെയെങ്കിൽ അതൊന്ന് അറിയണമല്ലോ എന്ന നിലക്കാണ് അത്തരം ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിച്ചത്.
എന്നാൽ, തീർത്തും സാങ്കേതികമായിരുന്നു കമീഷന്റെ തടസ്സവാദം. മുമ്പൊരു കേസിലെ കോടതിവിധി ചൂണ്ടിക്കാട്ടി സി.സി.ടി.വി ദൃശ്യങ്ങളുടെ സ്വകാര്യത പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് വലിയൊരു വോട്ടു തട്ടിപ്പ് പുറത്തുവരുന്നതിന് തടയിടുകയാണ് കമീഷൻ ചെയ്തത്. സി.സി.ടി.വി ചോദിച്ച് പ്രതിപക്ഷം കോടതിയിൽ എത്താൻ തുടങ്ങിയതോടെ എെന്നന്നേക്കുമായി ഇത്തരം ഒരു ചോദ്യം വരാതിരിക്കാനുള്ള നടപടിയും കമീഷൻ എടുത്തു. അങ്ങനെയാണ് ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞും 45 ദിവസത്തിനകം സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കുമെന്ന തീരുമാനം കമീഷൻ എടുത്തതെന്നും രാഹുൽ പറയുന്നുണ്ട്.
വോട്ടുകൊള്ളക്കെതിരെ പ്രിയങ്ക ഗാന്ധി എം.പി ഡൽഹിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കമീഷൻ തെളിവുകൾ നശിപ്പിക്കുന്നതെന്തിന്?
വോട്ടർ പട്ടികകളിലെ ക്രമക്കേടുകളും തട്ടിപ്പുകളും ഓരോന്നോരോന്നായി ചൂണ്ടിക്കാണിക്കാൻ തുടങ്ങിയപ്പോൾ വളരെ ലളിതമായി പരിശോധിക്കാമായിരുന്ന ഡിജിറ്റൽ വോട്ടർ പട്ടികകൾ ‘മെഷീൻ റീഡബിൾ വേർഷൻ’ അല്ലാതാക്കി മാറ്റി പൂട്ടിട്ടതും പോളിങ്ബൂത്തുകളിൽ കാണാത്ത വോട്ടുകൾ വോട്ടുയന്ത്രങ്ങളിൽ എങ്ങനെ നിറഞ്ഞുവെന്ന് അറിയാൻ സി.സി.ടി.വി ഫൂട്ടേജുകൾ ചോദിച്ചപ്പോൾ അവ നൽകാനാവില്ലെന്ന് പറഞ്ഞ് 45 ദിവസത്തിനകം നശിപ്പിക്കുമെന്ന തീരുമാനമെടുത്തതും എന്തിനായിരുന്നു?
ആർക്കൊക്കെയോ വേണ്ടി കമീഷന് പലതും മറച്ചുവെക്കാനുണ്ട് എന്നാണിത് വ്യക്തമാക്കുന്നത്. അത് ആർക്കുവേണ്ടിയാണെന്ന് ഏത് കൊച്ചുകുട്ടിക്കും ഉത്തരം നൽകാവുന്ന തരത്തിൽ വളരെ ലളിതമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ പവർ പോയന്റ് പ്രസന്റേഷനിലൂടെ ജനത്തെ ബോധ്യപ്പെടുത്താൻ രാഹുലിനായി. യഥാർഥത്തിൽ രാജ്യം മുഴുക്കെയുള്ള തെരഞ്ഞെടുപ്പ് അട്ടിമറി എന്ന മഞ്ഞുമലയുടെ ഒരറ്റം കാണിക്കുക മാത്രമാണ് രാഹുൽ ചെയ്തത്. രാജ്യത്താകെയുള്ള 543 ലോക്സഭാ മണ്ഡലങ്ങളിൽപെട്ട ഒരു മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ ഒരു നിയമസഭാ മണ്ഡലത്തിലെ മാത്രം വോട്ടർ പട്ടികകളാണ് ആറുമാസമെടുത്ത് രാഹുൽ പരിശോധിച്ചത്. അതിനായി രാഹുൽ നടത്തിയ ഹോംവർക്കുകൊണ്ടാണ് ആ വെളിപ്പെടുത്തൽ കുടം തുറന്നുവിട്ട ഭൂതം കണക്കെ രാജ്യാതിർത്തികൾ ഭേദിച്ച് അന്തർദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചർച്ചയായി മാറിയത്. അതിന്റെ അലയൊലികൾ അടുത്തെങ്ങും അടങ്ങുമെന്ന് തോന്നുന്നുമില്ല.
കുറ്റബോധമില്ലാത്ത കമീഷൻ
തെരഞ്ഞെടുപ്പ് പ്രക്രിയ ഒട്ടുമേ സുതാര്യമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ വാർത്ത സമ്മേളനത്തോടുള്ള കമീഷന്റെ കുറ്റബോധമില്ലാത്ത പ്രതികരണം. രാഹുൽ അക്കമിട്ട് ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടും എന്ന് പറയുന്നതിന് പകരം അതിലെ അക്ഷരത്തെറ്റുകളും സ്ഖലിതങ്ങളും സൂക്ഷ്മദർശിനി ഉപയോഗിച്ച് നോക്കി പരിശോധനയുടെ ആധികാരികതക്കും രാഹുലിന്റെ വിശ്വാസ്യതക്കും മേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്താനുള്ള പരിശ്രമത്തിലായിരുന്നു കമീഷൻ. എന്നാൽ, ആ നീക്കങ്ങൾ എല്ലാം പാളി. ഉന്നയിച്ച പരാതികൾ സത്യപ്രസ്താവന നടത്തി ഒപ്പിട്ടു നൽകൂ എന്ന് ആവശ്യപ്പെട്ട കമീഷനോട് താൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത് സത്യപ്രസ്താവനയായി എടുത്താൽ മതിയെന്ന് രാഹുൽ തിരിച്ചടിച്ചു. വാർത്തസമ്മേളനത്തിൽ കാണിച്ച തെളിവുകൾ ഒന്നും തന്റേതല്ല എന്നും കമീഷന്റെ രേഖകളാണെന്നും അതിനാൽ താൻ സാക്ഷ്യപ്പെടുത്തേണ്ട കാര്യമേ ഇല്ലെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു.
രാഹുൽ ചൂണ്ടിക്കാണിച്ച ചിത്രമില്ലാത്ത വോട്ടുകളുടെ ഉടമസ്ഥരെ കൊണ്ടുവന്ന് വെളിപ്പെടുത്തൽ തെറ്റാണെന്ന് സ്ഥാപിക്കാനായിരുന്നു കമീഷന്റെയും ബി.ജെ.പിയുടെയും അവരെ തുണക്കുന്ന മാധ്യമങ്ങളുടെയും പിന്നീടുള്ള നീക്കം. വോട്ടർ പട്ടികയിൽ ചിത്രം നൽകാതിരുന്നതായി രാഹുൽ ചൂണ്ടിക്കാണിച്ച വോട്ടുകളുടെ ഉടമസ്ഥരായി ബി.ജെ.പിയും കമീഷനും ഉയർത്തിക്കാണിച്ച വോട്ടർമാർക്ക് രണ്ടോ അതിലധികമോ എപിക് നമ്പറുകൾ ഉണ്ടെന്നും ചുരുങ്ങിയത് രണ്ട് ബൂത്തുകളിൽ എങ്കിലും അവർക്ക് വ്യാജ വോട്ടുകൾ ഉണ്ടെന്നും സമാന്തര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പുറത്തുകൊണ്ടുവന്നു. സർക്കാറിനൊപ്പം നിൽക്കുന്ന ഇന്ത്യ ടുഡേ ചാനൽ ബംഗളൂരുവിലെ 80 വോട്ടുകൾ ഉള്ള ഒറ്റമുറി വീട് ഗ്രൗണ്ട് റിപ്പോർട്ടിലൂടെ കാണിക്കുക കൂടി ചെയ്തതോടെ കമീഷനും ബി.ജെ.പിക്കും പിടിച്ചുനിൽക്കാൻ വയ്യാതായി. എന്നിട്ടും രാഹുൽ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ പരാതികൾക്ക് തെളിവ് തരൂ എന്ന് നിർലജ്ജം ആവർത്തിച്ച് സ്വയം നാണം കെടുകയാണ് കമീഷൻ.
തെളിവില്ലാതാക്കിക്കൊണ്ടിരുന്ന തെരഞ്ഞെടുപ്പ് അട്ടിമറികൾ
ഒരു രാജ്യത്തിന്റെ ജനഹിതംതന്നെ പൂർണമായും അട്ടിമറിച്ച് ജയിക്കേണ്ടവരെ തോൽക്കുന്നവരും തോൽക്കേണ്ടവരെ ജയിക്കുന്നവരും ആക്കി മാറ്റുന്ന പ്രക്രിയയായി തെരഞ്ഞെടുപ്പ് മാറുമ്പോൾ കോടതികളിൽപോലും അവ പിടികൂടപ്പെടാതിരിക്കാനുള്ള ഉപായങ്ങളെ കുറിച്ചാണ് കമീഷൻ ആലോചിക്കുന്നത്. അട്ടിമറികളും ക്രമക്കേടുകളും പ്രതിപക്ഷം ആരോപിക്കുന്ന ഘട്ടങ്ങളിലെല്ലാം ആ ആരോപണങ്ങൾ തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കുന്നതിന് പകരം സാങ്കേതികമായ മറുപടികൾ നൽകി ഒഴിഞ്ഞുമാറുകയും അതേ സാങ്കേതികത്വംവെച്ച് പരാതി ഉന്നയിച്ചവരെ കേസുകളിൽ കുടുക്കുകയുംചെയ്യുന്ന സമീപനമാണ് ഈയടുത്ത കാലങ്ങളായി കമീഷൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വോട്ടുയന്ത്രങ്ങളിലെ കൃത്രിമംതൊട്ട് വോട്ടർ പട്ടികകളിലെ അട്ടിമറി വരെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള വിഷയങ്ങളിൽ എല്ലാംതന്നെ ‘ഷൂട്ട് ദ മെസഞ്ചർ’ എന്ന നയമാണ് നിർഭാഗ്യവശാൽ കമീഷൻ കൈക്കൊണ്ടിട്ടുള്ളത്.
വോട്ടുയന്ത്രങ്ങളിലേക്ക് കൃത്രിമം പിടിക്കാൻ ഇറങ്ങിയവരെ വോട്ടുയന്ത്ര മോഷണത്തിന്റെ കുറ്റം ചുമത്തി കേസുകളിൽ കുടുക്കിയ കമീഷൻ വോട്ടർ പട്ടിക അട്ടിമറിയെ കുറിച്ച് പഠനം നടത്തി വെളിപ്പെടുത്തിയവരെ ഡേറ്റ മോഷ്ടിച്ചെന്ന് ആരോപിച്ച് കേസിൽ കുടുക്കിയ കഥയും നമുക്കു മുന്നിലുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് കമീഷൻ തയാറാക്കിയ വോട്ടർ പട്ടികയിൽ 4.34 ലക്ഷം വ്യാജ വോട്ടുകൾ കണ്ടെത്തിയപ്പോൾ ആ വോട്ടുകൾ ചേർത്തവരെയും അതിനൊത്താശ ചെയ്ത ബൂത്ത് ലെവൽ ഓഫിസർമാരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം വസ്തുതകൾ പുറത്തുകൊണ്ടുവന്നയാളെ കേസിൽ കുരുക്കി ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തത് കേരളത്തിലാണ്. കമീഷൻ നൽകിയ പരാതിയിൽ ആയിരുന്നു ഇതെന്നാലോചിക്കണം.
ആ വ്യാജ വോട്ടുകളത്രയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർ പട്ടികകളിൽ അവശേഷിച്ചിരുന്നോ എന്ന് ചികഞ്ഞുനോക്കാൻപോലും ആരും ധൈര്യപ്പെടാത്ത ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് കമീഷൻ അതിലൂടെ ചെയ്തത്. അത്തരമൊരു ഭീതിയുടെ അന്തരീക്ഷം ഇല്ലാതാക്കാനും വാർത്താസമ്മേളനംകൊണ്ട് രാഹുലിന് കഴിഞ്ഞു. അതിന്റെ ബഹിർസ്ഫുരണമാണ് രാഹുൽ ഗാന്ധി തുറന്നുവിട്ട ഭൂതമായി കേരളത്തിലെ തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭ മണ്ഡലങ്ങളെ ഇപ്പോൾ സന്നിവേശിച്ചിരിക്കുന്നത്. അവയിൽ പലതും പരാതികളായി പൊലീസിൽ എത്തിക്കഴിഞ്ഞു.
ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി അറസ്റ്റിലായപ്പോൾ, വോട്ടുകൊള്ളക്കെതിരെ ഇൻഡ്യ മുന്നണിയുടെ പ്രതിഷേധം
വല്ലതും ചെയ്യുക അല്ലെങ്കിൽ മരിക്കുക
സുതാര്യതയില്ലാത്ത നിഗൂഢമായ ഒന്നാക്കി ജനാധിപത്യ പ്രക്രിയയെ മാറ്റി അക്ഷരങ്ങളിൽ മാത്രം ജനാധിപത്യം അവശേഷിക്കുന്ന ഏകാധിപത്യ ഭരണകൂട സംവിധാനത്തിലേക്ക് ഇന്ത്യയെ ആസൂത്രിതമായി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാഹുലിന്റെ അണുബോംബ് സർക്കാറിനും കമീഷനും മേൽ പതിച്ചിരിക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ട നടപ്പാക്കാൻ സംയുക്ത പാർലമെന്ററി സമിതി തട്ടിക്കൂട്ടി എതിരെ വീഴുന്ന വോട്ടുകൾ ഓരോന്നും വോട്ടർ പട്ടികകളിൽനിന്ന് വെട്ടിമാറ്റി ഇനിയൊരു 50 കൊല്ലത്തേക്ക് രാജ്യം തങ്ങൾ തന്നെ ഭരിക്കും എന്ന് വീമ്പിളക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാഹുൽ വോട്ടർ പട്ടികയിലെ ഭൂതത്തെ തുറന്നുവിട്ടിരിക്കുന്നത്.
രാഹുലിന് മാത്രമല്ല, രാജ്യം ഭരിക്കുന്ന കക്ഷിക്കും ഉറക്കമില്ലാത്ത നാളുകൾ സമ്മാനിച്ച വെളിപ്പെടുത്തലാണിത്. ലക്ഷ്യത്തിലെത്താൻ ഏതു മാർഗവും തെരഞ്ഞെടുക്കുന്നവർ ഇനി എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്നു കാണണം. അതിനെയൊക്കെ മറികടക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കുകയുള്ളൂ. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ പറയുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.