ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി വിരമിച്ചു. എന്തായിരുന്നു അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തി? ഈ കലുഷ കാലത്ത് അദ്ദേഹം എങ്ങനെയാണ് പ്രവർത്തിച്ചത്? നീതിന്യായത്തിലെ ജാതിയും അനീതികളും എന്താണ്? –വിശകലനം
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി വിരമിക്കുമ്പോൾ, ആറു മാസത്തെ അദ്ദേഹത്തിന്റെ കാലഘട്ടത്തെ നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് അത്ര തെളിമയോടെയായിരിക്കില്ല. ദലിത് വിഭാഗത്തിൽനിന്നും പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. ഭൂരിപക്ഷ രാഷ്ട്രീയം അധികാരം കൈയാളുന്ന ഘട്ടത്തിൽ, ഏകാധിപത്യ പ്രവണതകൾ ശക്തമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, താൻ ഒരു അംബേദ്കറൈറ്റ് ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ ആ പദവിയിൽ എത്തുന്നതിനെ പലരും വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. പൗരാവകാശങ്ങളും ഫെഡറലിസവും ശക്തിപ്പെടുമെന്നും, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട അധികാരത്തെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് കോടതി കാണിക്കുമെന്നും ചിലരെങ്കിലും വിചാരിച്ചു.
എന്നാൽ, കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. നിർണായക സന്ദർഭങ്ങളിൽ കേന്ദ്ര എക്സിക്യൂട്ടിവിനോടും കോർപറേറ്റ് താൽപര്യങ്ങളോടും ചേർന്നുനിന്ന, കൊളീജിയം സംവിധാനത്തിൽ രഹസ്യാത്മകതയും സ്വജനപക്ഷപാതവും കൂടുതൽ ദൃശ്യമായ, ‘മാസ്റ്റർ ഓഫ് ദ റോസ്റ്റർ’ എന്ന നിലക്ക് നീതിതേടുന്നവരെ നിരാശരാക്കുന്ന തലത്തിലേക്ക് കോടതി മാറുന്നതാണ് നാം കണ്ടത്. പ്രസംഗങ്ങളിൽ, ജസ്റ്റിസ് ഗവായി എപ്പോഴും പറയാറുള്ള ഭരണഘടനാ ധാർമികതയുടെയും അംബേദ്കർ മുന്നോട്ടുവെച്ച വിശാല ജനാധിപത്യ വീക്ഷണത്തിന്റെയും കണ്ണടയിലൂടെ, വിവിധ കോടതി വിധികളിലൂടെ, ഔദ്യോഗിക സ്ഥിതിവിവര കണക്കുകളിലൂടെ, ഭരണഘടനാ വിദഗ്ധരുടെ നിരീക്ഷണങ്ങളിലൂടെ, ഈ കാലഘട്ടത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി പ്രസക്തമാകുന്നത് കേവലം വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല. തുല്യരിൽ മുതിർന്നയാൾ എന്ന നിലക്ക് ചീഫ് ജസ്റ്റിസിനുള്ള ഭരണപരമായ ചുമതലയുടെ നിർവഹണവും, വിവിധ കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകളെ നിശ്ചയിക്കാനുള്ള അധികാരവും ഭരണഘടനാ കോടതികളിലേക്ക് ന്യായാധിപരെ നിയമിക്കുകയും സ്ഥലം മാറ്റങ്ങൾക്ക് ശിപാർശ ചെയ്യുകയും ചെയ്യുന്ന കൊളീജിയത്തിന്റെ പ്രവർത്തനവും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത്, മാറ്റം വരുത്തിയ ചിഹ്നത്തിന് പകരം സുപ്രീംകോടതിയുടെ പഴയ ചിഹ്നം തന്നെ പുനഃസ്ഥാപിച്ചത്, കോടതി വരാന്തയിലെ രണ്ടര കോടിയുടെ എയർ കണ്ടീഷനിങ് ഉപേക്ഷിച്ചത്, മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈവശം വെച്ചുകൊണ്ടിരുന്ന ബംഗ്ലാവ് തിരികെ പിടിച്ചത്, സുപ്രീംകോടതിയിൽ നിയമനങ്ങളിൽ എസ്.സി/എസ്.ടി സംവരണം കൊണ്ടുവന്നത്, അങ്ങനെ പേരുദോഷങ്ങൾ മാറ്റിയെടുക്കാനുള്ള ചില ശ്രമങ്ങൾ ഉണ്ടാകുന്നു എന്ന തോന്നൽ സൃഷ്ടിക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ, ആറുമാസം പിന്നിടുമ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല.
ആരോപണങ്ങൾ അവസാനിക്കാത്ത കൊളീജിയം
1993ലെ സെക്കൻഡ് ജഡ്ജസ് കേസിലൂടെയാണ് ഭരണഘടനാ കോടതികളിലേക്കുള്ള ന്യായാധിപ നിയമനത്തിന് കൊളീജിയം സംവിധാനം രൂപവത്കൃതമാകുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇത് കൊണ്ടുവന്നതെങ്കിലും, തുടർന്നങ്ങോട്ട് സുതാര്യതയില്ലായ്മയും സ്വജനപക്ഷപാതവും ഭരണകൂടത്തിന്റെ രഹസ്യ ഇടപെടലുകളും കൊളീജിയം പ്രവർത്തനത്തിന്റെ ഭാഗമാകുന്നതായി നമ്മൾ കണ്ടു. ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തിൽ കൊളീജിയം അധഃപതനത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ചേർന്നുവെന്ന് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ എഴുതുന്നു. ‘Chief in his Chiefdom’ എന്നാണ് അദ്ദേഹം നടത്തിയ പ്രയോഗം.
ബോംബെ ഹൈകോടതിയിലെ ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ടാണ് പകൽവെളിച്ചംപോലെ വ്യക്തമായ ഒരു ആരോപണം ഉയർന്നുവന്നത്. ജസ്റ്റിസ് ഗവായിയുടെ വളരെ അടുത്ത ബന്ധുവായ, മരുമകൻ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, രാജ് ദാമോദർ വക്കോഡെയെ, ഹൈകോടതി ജഡ്ജി ആക്കുന്നതിനുള്ള കൊളീജിയം ശിപാർശയായിരുന്നു അത്. ഗവൺമെന്റാകട്ടെ അത്ഭുതകരമായ വേഗതയിൽ നാമനിർദേശം അംഗീകരിക്കുകയും, ഉടൻതന്നെ അദ്ദേഹം ഹൈകോടതി ജഡ്ജിയായി സ്ഥാനമേൽക്കുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട പല നിർദേശങ്ങളും മാസങ്ങളോളമോ വർഷങ്ങളോളമോ വെച്ചുതാമസിപ്പിക്കുന്ന എക്സിക്യൂട്ടിവ് ആണ് ഇക്കാര്യത്തിൽ ദ്രുതഗതിയിൽ തീരുമാനമെടുത്തത്.
നിയമന ശിപാർശ അംഗീകരിച്ച കൊളീജിയം മീറ്റിങ്ങിൽ ജസ്റ്റിസ് ഗവായി പങ്കെടുത്തിരുന്നില്ലെങ്കിലും കൊളീജിയം അധ്യക്ഷൻ അദ്ദേഹമാണ് എന്ന കാര്യം നിഷേധിക്കാനാവില്ല. അതുമാത്രമല്ല, അദ്ദേഹം സേവനമനുഷ്ഠിച്ച ബോംബെ ഹൈകോടതി, പ്രത്യേകിച്ചും അതിന്റെ നാഗ്പൂർ ബെഞ്ചിൽനിന്ന്, അനുപാതരഹിതമായ തരത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുതിർന്ന പലരെയും, വനിതാ ജഡ്ജിമാർ ഉൾപ്പെടെ, മറികടന്നാണ് പ്രസ്തുത ഹൈകോടതിയിൽനിന്നും നിയമനങ്ങൾ നടന്നത്. അവഗണിക്കപ്പെട്ട ജസ്റ്റിസ് രേവതി മോഹിത് ദേരെ, നിശ്ചയമായും സുപ്രീംകോടതിയിൽ എത്തേണ്ടതായിരുന്നു എന്ന്, മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിങ് എഴുതുന്നുണ്ട്.
ജസ്റ്റിസ് വിപുൽ എം. പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയ കൊളീജിയം നടപടിയാണ് അധഃപതനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അദ്ദേഹം സീനിയോറിറ്റിയിൽ 57ാമനായിരുന്നുവെന്ന്, ‘സുപ്രീംകോർട്ട് ഒബ്സർവർ’ ചൂണ്ടിക്കാണിക്കുന്നു. കോടതിയിലെ സ്ത്രീ പ്രാതിനിധ്യത്തെ സഹായിക്കുമായിരുന്ന, മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടെ മറികടന്നാണ് ഗുജറാത്ത് ഹൈകോടതിയിൽനിന്നുമുള്ള ഇദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്ത് ഹൈകോടതിയിൽനിന്നും പട്നയിലേക്ക് സ്ഥലംമാറ്റിയ ഉടനെയായിരുന്നു ഈ നിയമനം. ഈ വിഷയത്തിൽ, സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്ന, കൊളീജിയം മീറ്റിങ്ങിൽ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ നിയമനം കോടതിയുടെ പ്രതിച്ഛായക്ക് കോട്ടം ചെയ്യുമെന്നായിരുന്നു അഭിപ്രായം. എന്നാൽ, കൊളീജിയം അത് അവഗണിക്കുകയായിരുന്നു. ശിപാർശ ചെയ്തു രണ്ടു ദിവസത്തിനകം, യൂനിയൻ ഗവൺമെന്റ് ആ ഫയൽ അംഗീകരിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സുപ്രീംകോടതിയിലെ സീനിയോറിറ്റി പരിശോധിച്ചാൽ 2031ൽ ചീഫ് ജസ്റ്റിസ് ആകേണ്ട ആളാണ് ജസ്റ്റിസ് പഞ്ചോളി. ഇതിനെ “ഒരു വ്യവസ്ഥിതിയുടെ തകർച്ച” എന്നാണ് ഇന്ദിര ജയ് സിങ് വിശേഷിപ്പിച്ചത്. ഭരണകൂടത്തിന് താൽപര്യമുള്ള ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുകയാണ് കൊളീജിയം ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുന്നു.
ജുഡീഷ്യറിയിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുറന്നുകാണിക്കുന്നതായിരുന്നു മലയാളികൂടിയായ ജസ്റ്റിസ് അതുൽ ശ്രീധരന്റെ ട്രാൻസ്ഫർ. ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട ജസ്റ്റിസ് അതുൽ, തന്റെ മകൻ അഭിഭാഷക വൃത്തി ആരംഭിച്ചതിനെ തുടർന്ന് ജമ്മു-കശ്മീരിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയ വ്യക്തിയാണ്. പിന്നീട് മധ്യപ്രദേശ് ഹൈകോടതിയിലേക്ക് എത്തിയ അദ്ദേഹത്തെ കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഛത്തിസ്ഗഢ് ഹൈകോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി കൊളീജിയം നിർദേശിച്ചു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ, ‘ഗവൺമെന്റിന്റെ താൽപര്യ പ്രകാരം’ അദ്ദേഹത്തെ അലഹബാദ് ഹൈകോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊളീജിയം തീരുമാനമെടുത്തു. കൊളീജിയം പ്രമേയത്തിൽ തന്നെ ‘പുനഃപരിശോധിക്കാനുള്ള ഗവൺമെന്റിന്റെ അഭ്യർഥന മാനിച്ച് ജസ്റ്റിസ് അതുൽ ശ്രീധരനെ, ഛത്തിസ്ഗഢ് ഹൈകോടതിക്കുപകരം, അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാൻ നിർദേശിക്കുന്നു’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
നിരുപദ്രവകരമായ ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിതെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. അലഹബാദിൽ അദ്ദേഹം സീനിയോറിറ്റി പ്രകാരം ഏഴാമനാണ്. മധ്യപ്രദേശ് ഹൈകോടതിയിൽ രണ്ടാമനായിരുന്നു. ഛത്തിസ്ഗഢിൽ മൂന്നാമനും. അലഹബാദിലേക്ക് മാറിയതോടെ അദ്ദേഹത്തിന് ഹൈകോടതി കൊളീജിയത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. പൗരാവകാശങ്ങളോടും ജനാധിപത്യമൂല്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു ന്യായാധിപന് ജുഡീഷ്യറിയിൽ ഭരണപരമായ സ്വാധീനം ഉണ്ടായിരിക്കില്ലെന്നുവന്നു.
ഒരു ദലിത് എന്ന നിലക്കുള്ള തന്റെ സാമൂഹികസ്ഥാനം എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ആളാണ് ജസ്റ്റിസ് ഗവായി. ആർ.കെ. സഭർവാൾ കേസിലെ നിർദേശങ്ങൾക്കനുസൃതമായി, സുപ്രീംകോടതിയിൽ പട്ടികജാതി/പട്ടികവർഗ ജീവനക്കാർക്കുവേണ്ടി റോസ്റ്റർ സംവിധാനം നടപ്പാക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ പ്രാധാന്യമർഹിക്കുന്ന, കൊളീജിയത്തിന്റെ പ്രവർത്തനത്തിൽ, ഈ കരുതൽ ഉണ്ടായില്ല. സുപ്രീംകോടതിയിലേക്കോ, ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കോ, ഒരു വനിതാ ജഡ്ജിയെ പോലും നിയമിച്ചില്ല. പട്ടികവർഗ/ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് ഒരാൾപോലും പുതിയതായി സുപ്രീംകോടതിയിൽ എത്തിയില്ല. കണക്കുകൾ പരിശോധിച്ചാൽ, സുപ്രീംകോടതിയിലെ പിന്നാക്ക പ്രാതിനിധ്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. അംബേദ്കറൈറ്റ് എന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം അതിശയിപ്പിക്കുന്നതാണ്.
മാസ്റ്റർ ഓഫ് ദ റോസ്റ്റർ
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഏറ്റവും വിമർശന വിധേയമായ അധികാരമാണ്, മാസ്റ്റർ ഓഫ് ദ റോസ്റ്റർ എന്ന നിലക്ക് കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ നിശ്ചയിക്കാനും, കേസുകൾ എപ്പോൾ കേൾക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം. ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത്, ഏറ്റവും മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ വാർത്തസമ്മേളനം നടത്തി പ്രതിഷേധിച്ചത് പ്രധാനമായും ഈ അധികാരത്തിന്റെ വിവേചനപരമായ ഉപയോഗത്തിനെതിരെയാണ്. ആരുടെ ബെഞ്ച് ഏത് കേസ് എപ്പോൾ കേൾക്കണം എന്ന് തീരുമാനിക്കുന്നതിലൂടെ വിവിധ വിഷയങ്ങളുടെ അന്തിമഫലം എങ്ങനെയായിരിക്കും എന്ന് പരോക്ഷമായി തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് വന്നുചേരുന്നു. ഇത് കോടതിയുടെ വിശ്വാസ്യതയെ തന്നെ കളങ്കപ്പെടുത്തുന്ന സംഗതിയായി വിലയിരുത്തപ്പെടുന്നു. എന്നാൽ, ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തിൽ, പരോക്ഷമായ നിയന്ത്രണവും വിട്ട്, നേരിട്ടുള്ള ഇടപെടലുകളിലേക്ക് കാര്യങ്ങൾ എത്തിയെന്നു കാണാം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, വമ്പിച്ച പരിണിതഫലങ്ങൾ ഉണ്ടായേക്കാവുന്ന കേസുകളിൽ കോടതിയുടെ ഒഴിഞ്ഞുമാറ്റമാണ്. രാഷ്ട്രീയ പ്രശ്നങ്ങളുള്ള കേസുകൾ പരിഗണിക്കാതെ, വിധിപറയാതെ, മാറ്റിമാറ്റിവെച്ച് ഭരണകൂട നടപടികൾ തുടരാൻ അനുവദിക്കുന്ന തന്ത്രമാണിത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ വിശകലനം ചെയ്യേണ്ട കേസുകൾ മുതൽ ഏറ്റവും ഒടുവിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധന സംബന്ധിച്ച കേസിൽ വരെ ജസ്റ്റിസ് ഗവായി കാണിച്ച മെല്ലെപ്പോക്ക് നയം വിമർശിക്കപ്പെടേണ്ടതാണ്. പലപ്പോഴും വലിയ പ്രാധാന്യമില്ലാത്ത കേസുകളിൽ പെട്ടെന്നുതന്നെ ഭരണഘടനാ ബെഞ്ചുകൾ വരെ രൂപവത്കരിച്ചത് തീർപ്പാക്കുന്ന അനുഭവമുണ്ട്. ജില്ല ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കേസിൽ നമ്മൾ അതു കണ്ടതാണ്.
വോട്ടർപട്ടികയുടെ തീവ്ര പരിശോധനക്കെതിരായി സമർപ്പിക്കപ്പെട്ട ഹരജികൾ പരിശോധിക്കാം. ജനാധിപത്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും ഇലക്ഷൻ കമീഷന്റെ അധികാരപരിധി, പൗരത്വം തെളിയിക്കാനുള്ള ബാധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നത്, വോട്ടർപട്ടിക പുതുക്കൽ പൗരത്വ രജിസ്റ്റർ നിർമാണമായി മാറുന്നത്, വലിയതോതിൽ വോട്ടവകാശങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യത, അങ്ങനെ പലതരത്തിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയെതന്നെ ചോദ്യംചെയ്യുന്ന പ്രക്രിയയായി ഇത് മാറുന്നതിനെക്കുറിച്ചും ഗൗരവതരമായ ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, അടിയന്തരമായി അതിൽ തീർപ്പുകൽപിക്കേണ്ടതാണെന്ന തോന്നൽ, കോടതിക്കുണ്ടായില്ല. എസ്.ഐ.ആറിന് പരിഗണിക്കുന്ന രേഖകളിൽ ആധാർ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ളതൊക്കെയായിരുന്നു വലിയ തർക്കമായി കോടതി പരിഗണിച്ചത്. യഥാർഥ പ്രശ്നങ്ങൾ അവഗണിക്കുകയും, ഇലക്ഷൻ കമീഷൻ തങ്ങൾക്ക് തോന്നിയതുപോലെ പരിപാടി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. മുമ്പ് ആധാർ കേസിലും, കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട കേസുകളിലും, അന്നത്തെ ഹേബിയസ് കോർപ്പസ് ഹരജികളിലും, നോട്ടുനിരോധനം സംബന്ധിച്ച കേസിലുമൊക്കെ നമ്മളിത് കണ്ടതാണ്.
മറ്റൊന്ന് സുപ്രീംകോടതി വിധികളുടെ അന്തിമത്തത്തെയും, ജുഡീഷ്യൽ അച്ചടക്കത്തെയും അട്ടിമറിക്കുന്ന റോസ്റ്ററിലെ ഇടപെടലുകളും, ചീഫ് ജസ്റ്റിസ് നേരിട്ടുള്ള അപ്പീൽ നടപടികളുമാണ്. ‘ഇൻട്രാ കോർട്ട് അപ്പീൽ’ എന്നാണ് ഇന്ദിര ജയ്സിങ് ഇതിനെ വിശേഷിപ്പിച്ചത്. വ്യവസായ സ്ഥാപനങ്ങളുടെ പാരിസ്ഥിതിക അനുമതിയായി ബന്ധപ്പെട്ട കേസ് പെട്ടെന്ന് മനസ്സിലാകുന്ന ഉദാഹരണമാണ്. പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് മുൻകൂർ പ്രാബല്യത്തോടെ അനുമതി നൽകാൻ കഴിയില്ലെന്ന, ജസ്റ്റിസ് ഓക, ജസ്റ്റിസ് ഉജ്ജുൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് റദ്ദ് ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഓക വിരമിക്കുന്നതുവരെ കാത്തിരുന്നതിനുശേഷം, ചീഫ് ജസ്റ്റിസ് ഗവായി, ജസ്റ്റിസ് ഭുയാൻ, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരെയും കൂടെ ചേർത്ത് ഒരു മൂന്നംഗ ‘പുനഃപരിശോധന’ ബെഞ്ച് രൂപവത്കരിക്കുകയായിരുന്നു.
ഇതുവഴി പുനഃപരിശോധന പ്രക്രിയയുടെ സ്വഭാവംതന്നെ അട്ടിമറിക്കപ്പെട്ടു. സാധാരണഗതിയിൽ പുനഃപരിശോധന ഹരജികൾ വന്നാൽ, വിധിയിൽ ഒറ്റനോട്ടത്തിൽ സ്പഷ്ടമാവുന്ന തെറ്റുകളുണ്ടെന്ന് ചേംബറിൽവെച്ച് നടക്കുന്ന പ്രത്യേക ഹിയറിങ്ങിൽ ബോധ്യപ്പെടണം, അതിനുശേഷമാണ് ഓപൺ ഹിയറിങ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ചേംബറിൽ വെച്ചുതന്നെ പുനഃപരിശോധന ഹരജികൾ തള്ളിക്കളയുകയാണ് പതിവ്. അല്ലെങ്കിൽ അത്രമേൽ പ്രധാനപ്പെട്ട തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടാവണം. ആധാർ കേസിലൊക്കെ പ്രത്യക്ഷത്തിലുള്ള വസ്തുതാപരമായ പിഴവുകളും അയുക്തിയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുപോലും ഹരജി പരിഗണിച്ചില്ല. എന്നാൽ, ഇവിടെ ചേംബറിലെ പ്രത്യേക പരിശോധന കൂടാതെതന്നെ, ഓപൺ കോർട്ടിൽ വാദം കേൾക്കുകയും, പഴയ വിധി പിൻവലിക്കുകയും ചെയ്തു. ജസ്റ്റിസ് ഭുയാൻ വിയോജിപ്പ് രേഖപ്പെടുത്തി. “a step in a retrogression” എന്നാണ് അദ്ദേഹം കുറിച്ചത്.
വിധിയിലെ, പിശകുകൾ ഒന്നും പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടില്ല. പ്രത്യക്ഷത്തിലുള്ള തെറ്റുകൾ ഒന്നുമില്ലാതെ റിവ്യൂ ഹരജി അംഗീകരിക്കപ്പെട്ടത് എങ്ങനെയെന്നുപോലും വ്യക്തമല്ല. എന്നാൽ, മുൻകാല പ്രാബല്യത്തോടെയുള്ള അനുമതികൾ നിഷേധിച്ചാൽ, വ്യവസായ സംരംഭകർക്കുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസിന് താൽപര്യമുണ്ടെങ്കിൽ, അതിശക്തരായ കോർപറേറ്റുകൾക്ക് പുതിയ റിവ്യൂ സംവിധാനം വരെ ഉണ്ടാക്കാൻ കഴിയുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
തെരുവ് നായ്ക്കളെ സംബന്ധിച്ച, കോടതി തീരുമാനത്തെ, പുതിയൊരു ബെഞ്ച് രൂപവത്കരിച്ച്, മൃദുപ്പെടുത്തിയ നടപടി. ജില്ല ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കേസിൽ പെട്ടെന്നുണ്ടായ തീരുമാനങ്ങൾ അങ്ങനെ പല കാര്യങ്ങളിലും ജുഡീഷ്യൽ അച്ചടക്കത്തിനും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായ സമീപനം ഉണ്ടായിട്ടുള്ളതായി കാണാം. പല കേസുകളിലും ഓരോന്നായി പരിശോധിച്ചാൽ ശരിയായ ഇടപെടലുകൾ ആണെന്ന് തോന്നാമെങ്കിലും, നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയിൽ, ഐച്ഛികമായ ഇത്തരം ഇടപെടലുകൾ ദോഷകരമായി ഭവിക്കും.
അനുച്ഛേദം 143: ഗവർണറുടെ അധികാരങ്ങൾ
ഒരുപക്ഷേ, ചീഫ് ജസ്റ്റിസ് ഗവായിയുടെ കാലഘട്ടത്തെ ചരിത്രം ഓർത്തെടുക്കുന്നത് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീംകോടതിവിധി സംബന്ധിച്ച, ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയായിരിക്കും. 2025 മേയ് മാസത്തിൽ, തമിഴ്നാട് ഗവൺമെന്റ് സമർപ്പിച്ച ഹരജിക്കുമേൽ, ഭരണഘടനയുടെ അനുച്ഛേദം 200, 2001 എന്നിവ വ്യാഖ്യാനിച്ച്, ഗവർണർക്കോ രാഷ്ട്രപതിക്കോ, നിയമസഭ പാസാക്കിയ ഒരു നിയമത്തിനുമേൽ അനന്തകാലം അടയിരിക്കാനാവില്ലെന്ന് വിധിയെഴുതുകയും, രാഷ്ട്രപതിക്കും ഗവർണർക്കും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. മാത്രമല്ല, ദീർഘകാലമായി ഗവർണർ തടഞ്ഞുവെച്ചുകൊണ്ടിരുന്ന ചില ബില്ലുകൾ, അനുച്ഛേദം 142 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നൽകിയതായി കണക്കാക്കാമെന്ന തീരുമാനവുമെടുത്തു.
ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം പ്രസിഡന്റ് സുപ്രീംകോടതിയോട് ഉപദേശം തേടുകയാണ്. ഉന്നയിച്ച 14 ചോദ്യങ്ങളിൽ 11 എണ്ണവും തമിഴ്നാട് കേസിൽ കോടതി തീരുമാനമെടുത്ത കാര്യങ്ങളാണ്. സുപ്രീംകോടതി വിധിപറഞ്ഞ ഒരു കാര്യത്തിൽ പിന്നീട് അഭിപ്രായം ഉന്നയിക്കേണ്ടതുണ്ടോ എന്ന പ്രധാനപ്പെട്ട ഒരു നിയമപ്രശ്നം അവിടെ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്, അഭിപ്രായം പറയുന്ന ബെഞ്ചിനും അത് ബാധകമാണ്. അനുച്ഛേദം 143 മുഖേനയുള്ള അഭിപ്രായത്തിന് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അത് ഗവൺമെന്റിന് അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം. വാദപ്രതിവാദങ്ങൾക്കുശേഷം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുപോലെയല്ല ഇത്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടോ എന്ന പ്രശ്നം ഉണ്ടായിരുന്നു. കാവേരി റഫറൻസ് കേസിൽ ഉൾപ്പെടെ, സുപ്രീംകോടതിയും ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. കോടതി ഉത്തരവുകളിലൂടെയോ മറ്റോ പ്രസിഡന്റിന് ഇതിനോടകം വ്യക്തത വന്നിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ഉപദേശം തേടാനാവുക, തീർപ്പുകൽപിച്ച നിയമ വിഷയങ്ങൾ പുനഃപരിശോധിക്കാൻ വേണ്ടി ഇത് ഉപയോഗിക്കാൻ കഴിയില്ല എന്നായിരുന്നു നിലപാട്.
2ജി റഫറൻസ് (Natural Resources Allocation Reference) കേസിലും ഇതായിരുന്നു നിലപാട്. എന്നാൽ, അതൊക്കെ അവഗണിച്ച് ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഉപദേശക ബെഞ്ച് കാര്യങ്ങൾ പുനഃപരിശോധിക്കുകയാണ് ഉണ്ടായത്. ഗവൺമെന്റിന്റെ ചോദ്യങ്ങളിൽ ഫലത്തിൽ, തീർപ്പുകൽപിച്ച നിയമപ്രശ്നങ്ങളുടെ പുനഃപരിശോധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നിരിക്കെ, “വിധി തിരുത്താനോ പിൻവലിക്കാനോ മാറ്റിത്തീർക്കാനോ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല” എന്ന കുയുക്തിയാണ്, കോടതി ഉപദേശത്തിന് ന്യായമായി കണ്ടെത്തുന്നത്. അങ്ങനെയെങ്കിൽ നാളെ “പാർലമെന്റിന് ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാൻ കഴിയുമോ?” എന്നൊരു ചോദ്യം ചോദിച്ചാൽ കേശവാനന്ദ ഭാരതീ കേസിലെ വിധി മറികടക്കാൻ കഴിയുമെന്നു വരില്ലേ? ജുഡീഷ്യൽ അച്ചടക്കത്തെയും കോടതിവിധികളുടെ അന്തിമത്തത്തെയും അട്ടിമറിക്കുകയാണ് ഈ റഫറൻസ്. ഗവൺമെന്റുകൾക്ക്, സാധാരണഗതിയിൽ ലഭ്യമായ റിവ്യൂ, ക്യുറേറ്റിവ് പെറ്റീഷനുകൾക്കു പുറമെ, തങ്ങൾക്ക് ഇഷ്ടമില്ലാത്ത കോടതിവിധികളെ അട്ടിമറിക്കുന്നതിന് പുതിയൊരു വാതിൽ തുറന്നുകൊടുക്കുകയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ഏതു കേസിലും, വിശാല ബെഞ്ച് രൂപവത്കരിച്ച് വിധികളെ പുനഃപരിശോധിക്കാം എന്നുവരുന്നു.
ഫെഡറലിസത്തിനെതിരെ
ഡോ. അംബേദ്കർ ഏറ്റവും കൂടുതൽ വിലമതിച്ച മൂല്യങ്ങളിലൊന്ന് ഭരണഘടനയിൽ സംരക്ഷിക്കപ്പെടുന്ന ഫെഡറലിസമാണ്. അംബേദ്കറൈറ്റ് എന്നവകാശപ്പെടുന്ന ഒരാൾ, ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന കാഴ്ചയാണ് മുകളിൽ വിശദീകരിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയുടെയും കാബിനറ്റിന്റെയും ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ട ഭരണഘടനാപരമായ തലവൻ മാത്രമാണ് ഗവർണർ, അല്ലാതെ ഒരു സമാന്തര ഭരണകൂടമല്ല. അത്തരത്തിൽ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ ഉയർത്തിപ്പിടിച്ച ഒരു കോടതിവിധിയെ, കേട്ടുകേൾവിയില്ലാത്ത നടപടികളിലൂടെ ഫലത്തിൽ റദ്ദ് ചെയ്ത നടപടി, ഭരണഘടനാ കോടതികൾ ഭരണകൂട കോടതികളായി മാറിയിരിക്കുന്നു എന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ്. സമഗ്രമായ വാദവിചാരങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഒരു ഉത്തരവിനെക്കുറിച്ച് ‘അഭിപ്രായം’ പറയാനും വിമർശിക്കാനും തയാറാവുക വഴി നാളിതുവരെ ഇല്ലാത്ത ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ജസ്റ്റിസ് ഗവായി, ഈ വിധിയെ സ്വദേശിവിധി എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വിദേശ വിധിപോലും ഉദ്ധരിക്കാതെയാണ് രചിച്ചിട്ടുള്ളതെന്ന്! കോമൺ-ലോ കീഴ്വഴക്കങ്ങൾ അനുസരിച്ച്, എക്സിക്യൂട്ടിവിന് വഴങ്ങുന്ന ഷിമിറ്റിയന്‍ ന്യായവാദങ്ങൾ നിരത്തുന്ന, ഇംഗ്ലീഷിൽ എഴുതിയ വിധിന്യായങ്ങൾ സ്വദേശിയാണെന്ന് പറയുന്നത് അപഹാസ്യമാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായി നമ്മൾ പരിഗണിക്കുന്ന ജ്ഞാനോദയ മൂല്യങ്ങളെ നിഷേധിച്ചുകൊണ്ട്, സ്വദേശിയായ സനാതന ധാർമികതയെകൂടി ഉൾപ്പെടുത്തണമെന്ന് എന്നാണാവോ ബഹുമാനപ്പെട്ട കോടതിക്ക് തോന്നുന്നത്?
ഈദി അമീൻ നീതി!
യുഗാണ്ടൻ ഏകാധിപതിയായിരുന്ന ഈദി അമീന്റെ പാതയിലാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിൽ അഭിപ്രായസ്വാതന്ത്ര്യം എന്ന വിമർശനമാണ് ഭരണഘടനാ വിദഗ്ധനായ ഗൗതം ഭാട്ടിയ ഉന്നയിക്കുന്നത്. ഈദി അമീന്റെ കുപ്രസിദ്ധമായൊരു പ്രസ്താവനയുണ്ട്, “എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ അഭിപ്രായം പറഞ്ഞതിനുശേഷമുള്ള സ്വാതന്ത്ര്യം ഉറപ്പുപറയാനാകില്ല.” അതുപോലെതന്നെ ‘എല്ലാവർക്കും കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ, കോടതിയിൽ എത്തിയതിനുശേഷം സ്വാതന്ത്ര്യം ഉറപ്പുനൽകാനാവില്ല’ എന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയതിനെ പ്രതി അറസ്റ്റിലായ അശോക യൂനിവേഴ്‌സിറ്റി പ്രഫസർ അലി ഖാൻ മുഹമ്മദാബാദിന്റെ അനുഭവമാണ് ഏറ്റവും പുതിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തെ സംരക്ഷിക്കാൻ കോടതി തയാറായില്ലെന്ന് മാത്രമല്ല, ഫേസ് ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തുന്ന അസാധാരണ നടപടിക്കും നമ്മൾ സാക്ഷ്യംവഹിച്ചു. ഭരണഘടനയുടെ അനുച്ഛേദം 19 ഉറപ്പുനൽകുന്ന അവകാശത്തെ സംരക്ഷിക്കുന്നതിനുപകരം പൗരരെ ‘ഉപദേശിക്കാനും’ ഗവണ്മെന്റിനെ സംരക്ഷിക്കാനുമാണ് കോടതി ശ്രമിക്കുന്നത്. ഇത് ജസ്റ്റിസ് ഗവായി തുടങ്ങിവെച്ച പരിപാടി ആണെന്നല്ല, ഈ ലൈൻ തിരുത്താൻ ആവശ്യമായ നടപടികളൊന്നും അദ്ദേഹം സ്വീകരിച്ചില്ല എന്നാണ്. ഉമർ ഖാലിദിന്റേതുൾപ്പെടെ എത്രയെത്ര ജാമ്യാപേക്ഷകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നത്.
ദലിത് ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസിന്റെ ദലിത് പശ്ചാത്തലം, അദ്ദേഹത്തിനെതിരെ അസഹിഷ്ണുതക്കും അധിക്ഷേപങ്ങൾക്കും കാരണമായിട്ടുണ്ട്. “സനാതന ധർമത്തെ അപമാനിക്കാൻ ഞങ്ങൾ അനുവദിക്കില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഭിഭാഷകനായ രാകേഷ് കിഷോർ അദ്ദേഹത്തിനെതിരെ ഷൂ എറിയാൻ ശ്രമിച്ച സംഭവം വരെ ഉണ്ടായി. എന്നിരുന്നാലും, ഈ കാലഘട്ടത്തിൽ നീതിപീഠത്തിന്റെ വിശ്വാസ്യതയിലും സ്വാതന്ത്ര്യത്തിലും ഉണ്ടായിട്ടുള്ളത് പിൻനടത്തം മാത്രമാണ്. കൊളീജിയത്തിന്റെ പ്രവർത്തനത്തിലായാലും, മാസ്റ്റർ ഓഫ് ദി റോസ്‌റ്റർ അധികാര പ്രയോഗത്തിലായാലും വിധിന്യായങ്ങളിലായാലും മെജോറിറ്റേറിയൻ ഏകാധിപത്യ പ്രവണതകളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമവും ഉണ്ടായില്ലെന്ന് മാത്രമല്ല, സാമാന്യമര്യാദകളുടെ സീമകൾപോലും ലംഘിക്കപ്പെടുന്നതായാണ് കാണുന്നത്. പ്രാതിനിധ്യത്തിന്റെ പ്രാധാന്യത്തെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ വ്യക്തിത്വമായിരുന്നിട്ടും ഡോ. അംബേദ്‌കർ മുന്നോട്ടുവെച്ച പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വെളിച്ചം നീതിന്യായ വ്യവസ്ഥിതിയിൽ പ്രകാശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
എക്സിക്യൂട്ടിവിന്റെയും കോർപറേറ്റ് ഭീമന്മാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ദൃശ്യമായത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലത്ത്, ഒരു ദലിതൻ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്നതിന് പ്രതീകാത്മകമായ പ്രാധാന്യമുണ്ട്. എന്നാൽ, ഭരണഘടനാധാർമികത, പൗരാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം, സാമൂഹികനീതി, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ ഭരണകൂട ആക്രമണങ്ങളെ പ്രതിരോധിക്കാൻ തന്റെ മുൻഗാമികളെപ്പോലെ തന്നെ അദ്ദേഹവും തയാറായില്ല എന്നതാണ് വസ്തുത. അതിനുമപ്പുറം, തന്റെ പിൻഗാമിക്ക് അദ്ദേഹം കൈമാറുന്നത് കൂടുതൽ കേന്ദ്രീകൃതമായ, കൂടുതൽ ഭരണകൂട അനുകൂലമായ, ആഭ്യന്തര അച്ചടക്കരാഹിത്യംകൊണ്ട് ദുർബലമായ ഒരു സംവിധാനത്തെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.